ഗുഗിൾ മാറുന്നു, സെർച്ച് റിസൾട്ടുകളിൽ അസലും കച്ചവട സൈറ്റുകളും ഇനി വേർതിരിച്ചറിയാം

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേർതിരിച്ചറിയുന്നത് ഉപയോക്താക്കൾക്ക് ഇനി എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച് പേജിലാണ് ഈ അപ്ഡേഷന്‍ വന്നിരിക്കുന്നത്. 

ഗൂഗിൾ അതിന്റെ സെര്‍ച്ച് റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നൽകും. ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്ന മൊബൈലിലേക്കാണ് ഈ മാറ്റം ഗൂഗിള്‍ ആദ്യം എത്തിക്കുന്നത്. ഉടൻ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാൻ തുടങ്ങും. ബോൾഡിലുള്ള ‘sponsored’ ലേബൽ സൈറ്റ് URL-ന് മുകളിൽ ഒരു പ്രത്യേക വരിയിൽ ദൃശ്യമാകും.

“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച് റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച് രീതി ഉന്നതനിലവാരം പുലർത്തുന്നതും ഉറപ്പാക്കും.  ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. 

സെര്‍ച്ച് റിസല്‍ട്ടില്‍ നിന്നും പെയ്ഡ് സെര്‍ച്ച് റിസല്‍ട്ടുകള്‍ വേർതിരിച്ചറിയാൻ പരിഷ്‌ക്കരണം ഉപയോക്താക്കളെ സഹായിക്കും. ലേബലുകൾക്കൊപ്പം, തിരയൽ ഫലങ്ങളിൽ ഗൂഗിള്‍ സൈറ്റിന്റെ പേരുകൾ പ്രദർശിപ്പിക്കും. ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷയാണ് ഈ പരിഷ്കാരം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

“ഉപയോക്താവിന്‍റെ പ്രതികരണവും, ഗൂഗിളില്‍ പരസ്യം ചെയ്യുന്ന പരസ്യദാതാവിന് ഗുണം ലഭിക്കുന്ന രീതിയും ഒരേ പോലെ പരിഗണിച്ചാണ് സെര്‍ച്ച് ഫലങ്ങളില്‍ ഈ പുതിയ രീതി നടപ്പിലാക്കിയത്. ” ഗൂഗിൾ വക്താവ് പറഞ്ഞു.

അന്ത്യശാസനവുമായി ഗവർണർ വീണ്ടും; സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണം എന്ന് മുന്നറിയിപ്പ്

0

കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്ത്. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ട് ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിർദേശം.

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ നേരത്തെ മറുപടി നൽകിയിരുന്നു . ഇതേത്തുടർന്നാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവർണർ രംഗത്തെത്തിയത്  

ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസിലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളും പിൻവലിക്കപ്പെട്ടവരിൽ ഉൾപ്പെടും. 

പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. 

ഡൽഹി സർവ്വകലാശാല ബിരുദ പ്രവേശനം; മുൻഗണനാ പട്ടിക ഇന്ന്

ബിരുദപ്രവേശനത്തിൻ്റെ മെറിറ്റ് പട്ടിക ബുധനാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തേ അറിയിച്ചത്. സർവകലാശാലയുടെ കീഴിലെ സെയ്‌ന്റ് സ്റ്റീഫൻ കോളേജ് സി.യു.ഇ.ടി.യിലൂടെയുള്ള പ്രവേശനമാനദണ്ഡങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ത്തേക്ക് മാറിയത്.

സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ 70,000 സീറ്റുകളിലേക്കുള്ള പ്രവേശനനടപടികളാണ് ഈ പരീക്ഷയ്ക്ക് കീഴിൽ വരുന്നത്. രണ്ടു ലക്ഷത്തിലധികം അപേക്ഷകരുണ്ട്

പ്രവേശനം ഉറപ്പിക്കാൻ 21-നുമുമ്പ് കോമൺസീറ്റ് അലോക്കേഷൻ സിസ്റ്റം എന്ന യു.ജി. പ്രവേശന പോർട്ടലിലൂടെ തുടർ നപടപടി സ്വീകരിക്കാം. ഓൺലൈനായി ഫീസടയ്ക്കേണ്ട അവസാനതീയതി 24 ആണ്. രണ്ടാംഘട്ട ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. 27 വരെ അഭിപ്രായം അറിയിക്കാം. രണ്ടാംഘട്ട ലിസ്റ്റിലൂടെ പ്രവേശനം നേടുന്നവർക്ക് ഫീസടയ്ക്കേണ്ട അവസാനതീയതി 30.

കേരളത്തിൽ നിന്നും അപേക്ഷകർ കുറഞ്ഞു

രണ്ടേകാൽ ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ബി.കോമിനാണ് ഏറ്റവുംകൂടുതൽ അപേക്ഷ. അപേക്ഷകരിൽ 80 ശതമാനവും സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് വിജയിച്ചവരാണ്.

കേരള ഹയർ സെക്കൻഡറിയിൽനിന്ന് 1847 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞവർഷം ഇത് 4824 ആയിരുന്നു.

ആര്യൻ ഖാനെ ജയിലിലാക്കിയ മയക്കുമരുന്ന് കേസിൽ ക്രമക്കേടെന്ന് റിപ്പോർട്ട്, സമീർ വാങ്കഡെ ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടപടി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസിൽ റെയിഡും അന്വേഷണവും നടത്തിയ സംഘം പ്രതിക്കൂട്ടിൽ. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി കേസിലെ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട്.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് അന്വേഷക സംഘത്തിനെതിരായ കണ്ടെത്തൽ. എന്‍.സി.ബിയിലെ എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേസിൻ്റെ തുടക്കത്തിൽ തന്നെ ചില രാഷ്ട്രീയ സാന്നിധ്യങ്ങൾ പരാമർശിക്കപ്പെട്ടിരുന്നു. ഇടനിലയായി രാഷ്ട്രീയ സമ്പത്തിക താത്പര്യങ്ങളുള്ള ചില വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ എത്തി. ഇവർ കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ നടത്തിയ ഇടപെടലുകളും വാർത്തയായി.

സമീർ വാങ്കഡെ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയും അന്വേഷക സംഘം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ എല്ലാവരും സർവ്വീസിൽ ഇല്ല. കേസിലേത് സാമ്പത്തിക ലക്ഷ്യമായിരുന്നുവോ അതോ രാഷ്ട്രീയ ലക്ഷ്യമായിരുന്നുവോ എന്നത് സംബന്ധിച്ച് പ്രത്യേക പരാമർശം ഇല്ല.

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ ജൂലായില്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു പ്രകാരം വിജിലൻസ് നൽകിയ റിപ്പോട്ടിലാണ് പരാമർശങ്ങൾ.

ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ ലഹരി പിടിച്ചെടുത്തെന്ന് കാണിച്ചാണ് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിലെ ഇടപെടലുകൾ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതോടെ പിന്നീട് എന്‍.സി.ബി. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി.

അന്വേഷണത്തിൽ ഉൾപ്പെട്ട ക്രമക്കേടുകളില്‍ 65-ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ മൂന്നും നാലും തവണ മൊഴിമാറ്റിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഡംബര കപ്പലിലെ ലഹരിക്കേസിന് പുറമേ മറ്റു ചില കേസുകളിലെ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് പുതിയ വിവരം.

വിവാദമായ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറുപ്രതികള്‍ക്കാണ് അന്ന് തുടരന്വേഷണത്തിൽ എന്‍.സി.ബി. ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകമുണ്ടായെന്നുമാണ് എന്‍.സി.ബി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ 26 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.

ലീഗിൽ പച്ചകെടാതെ ഹരിത, മുഈനലി തങ്ങൾ വിമത യോഗത്തിൽ

0

 മുസ്ലിം ലീഗിൽ പച്ച കെടാതെ ഹരിത. കഴിഞ്ഞ ദിവസം നടന്ന ഹരിത പക്ഷയോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സജീവ പങ്കാളിത്തം. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള വിമത യോഗത്തിലാണ് മുഈനലി തങ്ങള്‍ പങ്കെടുത്തത്. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളിലാണ് യോഗം ചേർന്നത്.

ലീഗില്‍ നടപടി നേരിട്ടവരും അസംതൃപ്തരായി തുടരുന്നവരുമായ എണ്‍പതോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈനലി തങ്ങള്‍ക്കു പുറമേ മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം, ജില്ലാ ഭാരവാഹികള്‍, ഹരിത വിഷയത്തില്‍ നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കളും പങ്കെടുത്തു. ദുബായ് കെ.എം.സി.സി നേതാവ് ഇബ്രാഹിം എളറ്റില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയും ഉണ്ടായി.

കഴിഞ്ഞ ജൂലായില്‍ കൊച്ചിയില്‍ നടന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം നടത്തിയതിന് നടപടി നേരിട്ടയാളാണ് കെ.എസ്. ഹംസ. പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് ഇദ്ദേഹത്തെ നീക്കിയതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയിലെ അഴിമതിക്കെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയുമായ വിഷയങ്ങളില്‍ നേതൃത്വത്തിനെതിരേ നിലപാട് എടുത്തിരുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിമത നേതാക്കളുടെ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പുതിയ സംഘടന വിലയിരുത്തപ്പെടുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ഡെമോക്ലീസിന്‍റെ വാളുണ്ടല്ലോ എന്ന കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ കമൻ്റ് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നറുക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റേ ഹർജി. മാവേലിക്കര സ്വദേശി എൻ. വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിൽ കോടതി പക്ഷെ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു.

രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബോർഡിനോട്  ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മേൽശാന്തി നിയമനം ഈ കേസിൻ്റെ അന്തിമ വിധിക്ക് അനുസരിച്ചാകുമെന്നും കോടതി വ്യക്തമാക്കി.

അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് ഉൾപ്പടെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിക്കാരൻ്റെ നറുക്കെടുപ്പിനുള്ള അപേക്ഷ തള്ളിയിരുന്നു. ബോർഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയത് എന്നായിരുന്നു ഹർജിക്കാരാനായ വിഷ്ണു നമ്പൂതിരിയുടെ കോടതി മുമ്പാകെയുള്ള വാദം. 

തുലാമാസ പൂജകൾക്ക് നട തുറന്നു

തുലാമാസ പൂജകൾക്കും മേൽശാന്തിമാരുടെ നറുക്കെടുപ്പിനുമായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു.  ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല. ഒന്നാം തീയതിയായ നാളെ പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പൂജകൾക്ക് ശേഷം രാവിലെ 7:30ന്  പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പ് ആണ് നടക്കുക. തുടർന്ന് മാളികപ്പുറത്ത് മേൽശാന്തിയെ തിരഞ്ഞെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃത്രികേഷ് വർമ്മയും  പൗർണമി വർമ്മയും ആണ്  മേൽശാന്തി മാരെ നറുക്കെടുക്കുക.

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ശനിയാഴ്ചവരെ മഴ മുന്നറിയിപ്പ്

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്ന് ട്രാഫിക് സൌകര്യം പുനസ്ഥാപിച്ചു.

മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രേദശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും ദേശീയ പാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ആദ്യഘട്ടം ഗതാഗതം പുനഃസ്ഥാപിച്ചു.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.  

അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ  ന്യൂനമർദ്ദമായി മാറും. ശനിയാഴ്ച്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദം ആയി മാറുമെന്നും  പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും. 

ഡി.രാജ സി പി ഐ ജനറൽ സെക്രട്ടറി, നേതൃ മാറ്റം ഇല്ല

0

ഡി. രാജ വീണ്ടും സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി. രാജയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയർന്നിരുന്നു. എന്നാല്‍, രണ്ടാം തവണ ജനറല്‍ സെക്രട്ടറിയായി അവസരം നല്‍കാന്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.

നേതൃമാറ്റം വേണമെന്ന ചര്‍ച്ച കേരള ഘടകമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയർത്തിയത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാനായകന്‍ മാറുന്നതാണ് പതിവെന്ന കാമ്പയിനാണ് രാജക്കെതിരെ കേരള ഘടകം ഉയർത്തിക്കൊണ്ടു വന്നത്

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി രാജ തുടരട്ടെ എന്ന സമവായമാണ് ഉണ്ടായത്. കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡിക്ക് പകരക്കാരനായാണ് 2019-ല്‍ ആദ്യമായി ഡി. രാജ സെക്രട്ടറി പദവിയിൽ എത്തിയത്.

എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ‍ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാർ എം പിയും ദേശീയ എക്സിക്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മുൻ മന്ത്രി വി എസ് സുനില്‍ കുമാറിന് കാനം വിഭാഗത്തിന്‍റെ എതിർപ്പിനെ തുടർന്ന് നാഷണല്‍ കൗണ്‍സിലില്‍ ഇടം കിട്ടിയില്ല.

കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അം​ഗങ്ങൾ

കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം  പി, ചിറ്റയം ​ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി 

പി എസ് സി കായിക ക്ഷമതാ പരീക്ഷ മാറ്റി

0

പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുള്ള കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തീരുമാനം.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 18,19,20,21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് പരീക്ഷയാണ് മാറ്റി വെച്ചത്.

എം എൽ എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസും

ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 307, 354 എ വകുപ്പുകള്‍ എംഎല്‍എക്കെതിരെ ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരുന്നു. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.

ഒളിവില്‍ കഴിയുന്ന എംഎല്‍എയെ പൊലീസിന് ഇതുവരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും എത്തിയിരുന്നില്ല.

     അധ്യാപികയെ മര്‍ദിച്ചപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ധരിച്ചതായി പറയുന്ന വസ്ത്രം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ വീട്ടില്‍നിന്നാണ് സംഭവ ദിവസം എംഎല്‍എ ധരിച്ചിരുന്ന ടീഷര്‍ട്ട് കണ്ടെടുത്തത്. മര്‍ദനമേല്‍ക്കുമ്പോള്‍ യുവതി ധരിച്ച വസ്ത്രങ്ങളും പൊലീസ് തെളിവിനായി ശേഖരിച്ചു.

കഴിഞ്ഞ ദിവസം അന്വേഷക സംഘം എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട്ടിലും കടവന്ത്രയിലെ കേന്ദ്രങ്ങളിലും പരിശോധനയ്ക്കെത്തിയിരുന്നു. വീട് അടഞ്ഞുകിടക്കുകയായിരുന്നു. എല്‍ദോസിന്റെ ഭാര്യ, പിഎ, ഡ്രൈവര്‍ എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ചൊവ്വാഴ്ച പരാതിക്കാരിയുമായി എറണാകുളത്തെത്തി തെളിവുകള്‍ ശേഖരിക്കും.