വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാർ ഇടിച്ച് കുഞ്ഞ് മരിച്ചു

0

കൊടുവള്ളിയില്‍ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മയോടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മാതാവ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കുട്ടിയുടെ നേരെ ദിശയിൽ എത്തി ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ കൊടുവള്ളി നെല്ലാംകണ്ടയിലാണ് അപകടമുണ്ടായത്. ഉടന്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം

0

ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതൽ ഈ ദിനം വിദ്യാർത്ഥി ദിനമായി ആചരിച്ചു വരുന്നു.

എ പി ജെ അബ്ദുൾ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായി കാലാവധി പൂർത്തിയാക്കിയതിന് ശേഷം അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ അധ്യാപക ജോലിയിലേക്ക് മടങ്ങി പോയി.

ഹൃദയാഘാതത്തെ തുടർന്ന് 2015 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

കോഴിക്കോട് ടിബിഎസ് ഉടമ ബാലേട്ടൻ മരിച്ചു; വിടപറഞ്ഞത് പ്രസാധക രംഗത്തെ ജീവിത മാതൃക

കോഴിക്കോട്ടെ പ്രസിദ്ധമായ ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ കൂടിയായ ബാലേട്ടൻ എന്നറിയപ്പെട്ട ഇദ്ദേഹം മലയാള പുസ്തക പ്രസാധന മേഖലയിലെ ജീവിത മാതൃകയായി അറിയപ്പെടുന്നു.

പുസ്തകങ്ങൾ വാങ്ങി കാൽ നടയായും സൈക്കിളിലും വില്പന നടത്തിയാണ് ടൂറിങ് ബുസ്റ്റാളിൻ്റെ തുടക്കം. പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി.

പുസ്തക വില്പനയ്ക്കായി ഫാറൂഖ് കോളേജ് വരെയും മാവൂര്‍വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് ‘കണ്ണീരിന്റെ മാധുര്യം’ എന്ന ആത്മകഥയില്‍ മാരാര്‍ രേഖപ്പെടുത്തുന്നുണ്ട്.

1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം.

ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വില്‍പ്പന.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.

ഭാര്യ: സരോജം. മക്കള്‍: എന്‍ ഇ മനോഹര്‍, ഡോ അനിത.

മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍.

സമ്മർദ്ദം താങ്ങാതെ നാടുവിട്ട സി ഐയെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി

0

വയനാട്ടിൽ നിന്ന് കാണാതായ പനമരം സിഐ കെ.എ. എലിസബത്തിനെ വയനാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകുന്നേരം മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ്‌ ഉദ്യോഗസ്ഥയെ പോലീസ് കണ്ടെത്തിയത്‌.

ജോലി സംബന്ധമായ സമ്മർദ്ദം താങ്ങാൻ ആവാതെ റിട്ടയർ ചെയ്ത വനിതാ സുഹൃത്തിനരികെ അഭയം പ്രാപിക്കയായിരുന്നു ഇവർ

പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതാകുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മര്‍ദങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമെന്നാണ് തിരുവനന്തപുരം പോലീസിനോട് എലിസബത്ത് പറഞ്ഞത്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ പോലീസ് മേധാവിയുടെ ക്രൈംകോണ്‍ഫറന്‍സില്‍ എലിസബത്ത് പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം ഗ്രേഡ് എസ്.ഐ. ഒ.എ. ലക്ഷ്മണനെ ഏല്‍പിച്ചാണ് പോയത്. ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി പറയുന്നു. തിങ്കളാഴ്ച രാത്രി വൈകിയും എസ്.എച്ച്. ഒ.യെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥയെ കണ്ടെത്തിയത്‌.

സായിബാബയെ കുറ്റ വിമുക്തനാക്കിയതിന് എതിരെ കേന്ദ്രം വീണ്ടും

0

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ജയിലിൽ അടയ്ക്കപ്പെട്ട ദില്ലി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയെ കുരുക്കാൻ സർക്കാർ വീണ്ടും. പ്രൊഫസറെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ നാളെ കോടതി പരിഗണിക്കും.

ജസ്റ്റിസ് എം ആർ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ പതിനൊന്ന് മണിക്ക് വാദം കേൾക്കും. 

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂ‍ർ ബെഞ്ചാണ് സായിബാബയെയും ഇതേ കേസിൽ തടവിലാക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്.

അറസ്റ്റ് 2014 ൽ

2014 ലാണ് ജിഎൻ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. 

കേസിൽ ജെ എൻ യു വിദ്യാർഥി അടക്കം ആറ് പേർ അറസ്റ്റിലായി. 2017 ൽ യുഎപിഎ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പരോളും ചികിത്സയുമില്ലാതെ

തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരിൽ ഒരാളായ പാണ്ടു നരോത്തെ എച്ച് 1 എൻ 1 ബാധിച്ച് നാഗ്പൂർ സെൻട്രൽജയിലിൽ വച്ച് മരിച്ചിരുന്നു. പോളിയോ ബാധിച്ചു വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിച്ചു. ഇതിനെതിരെ കുടുംബം നിയമ നടപടി തേടേണ്ടി വന്നു. മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തി. അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സായ് ബാബയ്ക്ക് ജാമ്യം അനുവദിച്ചില്ല.

ഒടുവിലാണ് ബോംബെ ഹൈക്കോടതി ഇന്നദ്ദേഹത്തെ കുറ്റവിമുക്തമാക്കിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിയെ സമീപിച്ചു എങ്കിലും സ്റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി വിശദമായ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് നാളെ പരിഗണിക്കുക

ഗ്യാൻവാപിയിലെ ശിവലിംഗ രൂപത്തിൻ്റെ കാലപ്പഴക്കം നിർണയിക്കാനുള്ള ഹരജി തള്ളി

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ട ‘ശിവലിംഗ’ രൂപത്തിൻ്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച വാരാണസി ജില്ലാകോടതിയാണ് ഹര്‍ജിക്കാരായ ഒരു വിഭാഗം ഹിന്ദു പ്രവർത്തകരുടെ ആവശ്യം തള്ളിയത്.

കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് പരിശോധനയും പള്ളിക്ക് ഉള്‍ഭാഗം സീല്‍ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കോടതി പറഞ്ഞു.

കേസില്‍ ഹര്‍ജിക്കാരുടെയും മസ്ജിദ് കമ്മിറ്റിയുടെയും വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പള്ളിസമുച്ചയത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്താനാവില്ലെന്നും അത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി അന്തിമമായി വാദിച്ചത്. തുടര്‍ന്നാണ് ജില്ലാ ജഡ്ജി എ.കെ വിശേഷ് ഹര്‍ജി തള്ളിയത്.

വാരാണസിയില്‍ കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന് തുടർച്ചയായാണ് വിവാദമായ കേസ്. പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ നടത്തിയ അഭിഭാഷകസംഘം നേരത്തേ അവകാശപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നും ഒരു വിഭാഗംഹിന്ദു പ്രവർത്തകർ കോടതിയില്‍ ഹര്‍ജി നല്‍കി.

മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ചതാണ് തര്‍ക്കത്തിലെ പ്രധാന ഹര്‍ജി. ഈ ഹര്‍ജി ആദ്യം പരിഗണിച്ച വാരാണസി സിവില്‍ കോടതിയാണ് കഴിഞ്ഞ മേയ് 16-ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷകകമ്മിഷനെ നിയോഗിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാകോടതിയിലേക്കു മാറ്റിയത്.

ഗ്യാൻവാപി വിവാദം

ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച്  ഹിന്ദു  സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി  സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്‍റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച്  മുതിര്‍ന്ന ജ‍ഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 

ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ സ്ഥലത്താണെന്നും പള്ളിക്കുള്ളില്‍ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള വാദങ്ങളാണ്  ഹർജി നല്‍കിയവർ മുന്നോട്ട് വയ്ക്കുന്നത്.  നിസ്ക്കാരത്തിന് മുൻപ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹ‍ജികൾ നിലനില്‍ക്കുമോ എന്ന വിഷയം ജില്ലാ കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ തനിക്കെതിരേ ഒരു തെളിവുമില്ല. മദ്യപിച്ച് വാഹനം ഓടിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല- എന്ന് ശ്രീറാം വാദിച്ചു.

ഉണ്ടായത് സാധാരണ വാഹനാപകടം മാത്രമാണ്. കെഎം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വാഹനം ഓടിച്ചിട്ടില്ല. എതിരായ കാര്യങ്ങളിൽ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം മുന്നോട്ടുവച്ചത്. ശ്രീറാം തെളിവ് ശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു.

തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

താനല്ല വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ആദ്യം പോലീസിന് നല്‍കിയ മൊഴി. അതും തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരാന്‍ കൃത്യമായ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ രണ്ടാം പ്രതിയായ വഫയുടെ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായതാണ്. രണ്ടു പ്രതികളുടെയും വിടുതല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ ഹര്‍ജികള്‍ ഒക്ടോബര്‍ 19ന് വീണ്ടും കോടതി പരിഗണിക്കും.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതായാണ് പോലീസ് കേസ്.

കെ കെ ശൈലജ ടീച്ചർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

0

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺ​ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്.

കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് ആരോപിച്ചാണ് പരാതി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ കിറ്റ് വാങ്ങിയതിൻ്റെ മറവിൽ വൻ അഴിമതി നടന്നു എന്നുള്ളതായിരുന്നു പ്രധാന ആക്ഷേപം. വിഷയത്തിൽ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം തുടരുന്നതിനിടെയാണ് ഉത്തരവ്.

കെ എം സി എൽ ജനറൽ മാനേജർ ഡോ.ദീലീപിനും ലോകായുക്ത നൊട്ടീസ് അയച്ചു. പി പി ഇ കിറ്റ് വിലകുറച്ച് ലഭിക്കുമായിരുന്നിട്ടും മൂന്നിരിട്ടി വിലയ്ക്ക് വാങ്ങി എന്നാണ് പരാതിയുണ്ടായത്.

ഈ സമയത്തെ കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയിൽ വീണ എസ്.നായർ ഹർജി നൽകിയത്.

ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചു. KMSCL ജനറൽ മാനെജർ അടക്കമുള്ളവർക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

കോവിഡ് കാല പ്രതിരോധം പാളി, ഏറ്റവും അധികം പേർ ദരിദ്രരാക്കപ്പെട്ടത് ഇന്ത്യയിൽ

കോവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര രാജ്യങ്ങൾ എല്ലാം കോവിഡ് പ്രതിസന്ധി ജനങ്ങളുടെ ജീവിത നിലവാരത്തെ തകർക്കുന്നതിനെ പ്രതിരോധിച്ചപ്പോൾ ഇന്ത്യയിൽ ഇത് പാളിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു.

2020 അവസാനത്തോടെ, 7.1 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ മുക്കാൽ പങ്കും ഇന്ത്യയിലാണ്.

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ്‌ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായത്‌. ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട 7.1 കോടി ജനങ്ങളില്‍ 5.6 കോടിയും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020-ല്‍ ചൈന വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടില്ല. എന്നാല്‍ ഇന്ത്യയെ ഇത് ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ അതിജീവന തന്ത്രങ്ങൾ വിജയം കണ്ടപ്പോൾ ഇന്ത്യയിൽ അതു സാധ്യമായില്ല.

 “Poverty and Shared Prosperity 2022” എന്ന പേരിലാണ് ലോക ബാങ്ക് റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. 2020 ഓടെ ഇന്ത്യ കടുത്ത സാമ്പത്തിക ഇടിവിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. നോട്ട് നിരോധനം മുതൽ ഉണ്ടായ പ്രശ്നങ്ങൾ ജന ജീവിതത്തിൽ കോവിഡ് പ്രതിസന്ധിയോടെ ഗുരുതരാവസ്ഥയിൽ എത്തിയ സാഹചര്യമായിരുന്നു. ഇന്ത്യ ഗവൺമെൻ്റ് കഴിഞ്ഞ കുറേ വർഷങ്ങളായി ദാരിദ്ര്യം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നില്ല.

റിപ്പോർട്ട് വായിക്കാം

 “Poverty and Shared Prosperity 2022

റിപ്പോർട്ട്

എൽദോസിൻ്റെ കുറ്റം തെളിഞ്ഞാൽ പുറത്താക്കും, സി പി എം ശൈലിയിൽ തീവ്രത അളക്കാൻ അന്വേഷണ കമ്മീഷൻ പരിപാടിയില്ല – കോൺഗ്രസ് നേതൃത്വം

0

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായി യുവതി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും.

എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണത്തിന് കാത്തിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

ഇത്തരം ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും കെപിസിസിക്ക് ഇല്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. അതൊക്കെ സിപിഎമ്മുകാരുടെ സ്ഥിരം ശൈലിയാണ്. കമ്മീഷനെ വെച്ച് തീവ്രത അളക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. അതിനാണ് കത്ത് കൊടുത്തത്. അദ്ദേഹത്തിന് എന്തെങ്കിലും മനഃപരിവര്‍ത്തനം ഉണ്ടെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യാം. അല്ലെങ്കില്‍ നടപടി എടുക്കും എന്നകാര്യം ഉറപ്പാണ്.

ആരോപണം ശരിയാണെങ്കില്‍ ഒരു ജനപ്രതിനിധിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിയെ പാര്‍ട്ടിയുടെ പ്രവര്‍ത്തന രംഗത്തുനിന്ന് മാറ്റിനിര്‍ത്തുക എന്ന നടപടി എടുക്കും. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിയമനടപടിയെ മറികടക്കാനുള്ള ശ്രമം എന്നതിലപ്പുറം മറ്റു കാരണങ്ങളൊന്നും കുന്നപ്പിള്ളി ഒളിവില്‍ പോയതിലില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കുന്നപ്പിള്ളി ഒളിവില്‍ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിയില്‍നിന്ന് കെപിസിസി വിശദീകരണം ആവശ്യപ്പെടും. അത് സ്വാഭാവിക നീതിയുടെ കാര്യമാണ്. കുന്നപ്പിള്ളിയില്‍നിന്ന് വിശദീകരണം ലഭിക്കുന്നതിനാണ് കാത്തിരിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

സിപിഎം ചെയ്യുന്നതുപോലെ രാഷ്ട്രീയപ്രേരിതമായ ആരോപണമാണെന്ന തരത്തിലുള്ള പതിവ് ആരോപണങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല. ഒരു വിധത്തിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും ശക്തമായുള്ള തീരുമാനം ഒരു രാഷ്ട്രീയപാര്‍ട്ടിയും കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. കെപിസിസി തീരുമാനമെടുക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങളില്‍ ഒരു അര്‍ഥവുമില്ല. ഒരു യുവതി ഗൗരവതരമായ പരാതിയുമായി നില്‍ക്കുമ്പോള്‍ പാർട്ടി അതേ ഗൗരവത്തോടെയാണ് ആ വിഷയത്തെ കാണുന്നതെന്നും സതീശന്‍ വ്യക്തമാക്കി.