ഉദ്യോഗസ്ഥരുടെ ജാതി മത വിചാരണ വേണ്ട; വിവാഹങ്ങൾ റജിസ്റ്റർ ചെയ്യുന്നത് തടസപ്പെടുത്തിയാൽ കർശന നടപടി – മന്ത്രി എം ബി രാജേഷ്

0

വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്.

മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് നൽകണമെന്ന നിർദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബർ 23ന് ഉദ്യോഗസ്ഥർക്ക് നൽകിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിർദേശത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്‌. കർശന നടപടിയുണ്ടാകും. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത്.

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിൻറെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകണം. നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിൻറെ സാധുത നിർണയിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയിട്ടില്ല. രജിസ്ട്രേഷനായി വധൂവരന്മാർ നൽകുന്ന സത്യവാങ്മൂലത്തിൽ മതമോ, വിവാഹം നടന്ന രീതിയോ, രക്ഷിതാക്കളുടെ മതമോ രേഖപ്പെടുത്തേണ്ടതില്ല. പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ഒപ്പം വിവാഹം നടന്നുവെന്ന് തെളിയിക്കാൻ ഗസറ്റഡ് ഓഫിസർ/എംപി/എംഎൽഎ/തദ്ദേശസ്ഥാപന അംഗം ആരെങ്കിലും നൽകുന്ന സാക്ഷ്യപത്രം മതിയാകും.

ഇതല്ലെങ്കിൽ മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിൻറെ പകർപ്പോ, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫിസറുടെ സാക്ഷ്യപത്രമോ തെളിവായി സമർപ്പിക്കാം. വിവാഹത്തിനായി നൽകുന്ന അപേക്ഷകളിലെവിടെയും മതമോ ആചാരമോ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നില്ല. എങ്കിലും സ്കൂൾ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും, പേരും പരിശോധിച്ച് ചില രജിസ്ട്രാർമാർ മതം നിർണയിക്കുന്നതായി ആക്ഷേപമുണ്ട്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരത്ത് തീവണ്ടി എഞ്ചിൻ പാളം തെറ്റി

0

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.

പൊലീസ് എത്തിയാൽ മന്ത്രവാദിനി നഗ്നയാവും, വട്ടെന്ന് പറഞ്ഞ് വിട്ടയക്കും; വാസന്തിമഠത്തിലെ തിരോധാനങ്ങളും അന്വേഷിക്കുന്നു

 മലയാലപ്പുഴയില്‍ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്ത മന്ത്രവാദ ചികിത്സാ കേന്ദ്രത്തിനും നടത്തിപ്പുകാരിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ. മന്ത്രവാദ കേന്ദ്രത്തിലെ രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മലയാലപ്പുഴയിലെ ‘വാസന്തിമഠം’ എന്ന മന്ത്രവാദ ചികിത്സാ കേന്ദ്രം ഇന്ന് നാട്ടുകാർ സംഘടിച്ച് തല്ലി തകർത്തിരുന്നു. പ്രതിഷേധമുണ്ടായതിന് പിന്നാലെ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും(41) പോലീസ് കസ്റ്റഡിയിലാണ്.

പൊലീസും പേടിച്ചു, നാട്ടുകാരെ അകറ്റാൻ കാവൽ ഗുണ്ടകൾ

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും.

ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ‘ചികിത്സ’. പലതവണ പരാതിക്കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

‘ഇവിടെ ആഭിചാരക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് വരുമ്പോഴും എതിര്‍ക്കുന്നവര്‍ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കുന്നതാണ് മന്ത്രവാദിനിയടെ രീതി. മാനസികനില തെറ്റിയ ആളെന്ന പേരിൽ പോലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളേയും കാണാതായ സംഭവം ഇതുവരെ അന്വേഷണ പരിധിയിൽ എത്തിയിട്ടില്ല.

ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കും. ‘സമയം അടുത്തു, .. വരുമ്പോള്‍ പറയാം’ എന്നായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും മന്ത്രവാദിനി ശോഭനയുടെ പ്രതികരണം.

അന്വേഷണം ഉറപ്പു നൽകി എസ് പി

ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവർക്കെതിരേ ലഭിച്ചിരുന്നു. പോലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പത്തനംതിട്ട എസ്പി വ്യക്തമാക്കി.

സൗരവ്‌ ഗാംഗുലി വഴങ്ങിയില്ല, പുറത്താക്കിയത് രാഷ്ട്രീയ പകപോക്കലോ

0

ക്രിക്കറ്റ്‌ താരം സൗരവ്‌ ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റയ നടപടി രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്തത് കാരണമെന്ന് റിപ്പോർട്ട്. ബിജെപിയിൽ ചേരണമെന്ന നിർദേശം ഗാംഗുലി തള്ളിയതാണ് പ്രകോപനമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അടുത്തിടെ കൊൽക്കത്തയിൽ ഗാംഗുലിയുടെ വീട്‌ സന്ദർശിച്ചിരുന്നു.

ഇത് മുൻനിർത്തിയാണ് വിലയിരുത്തൽ. സന്ദർശന സമയത്ത് തന്നനെ ഗാംഗുലി പാർട്ടിയിലേക്ക് എത്തുന്നു എന്ന വാർത്തകളുണ്ടായി. ഗാംഗുലിയെ ഏതുവിധേനയും ബിജെപിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ തന്ത്രം പക്ഷെ വിലപ്പോയില്ല.

ഗാംഗുലി പുറത്ത് മകൻ അകത്ത്

പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഗാംഗുലി പുറത്താക്കപ്പെട്ടപ്പോൾ സെക്രട്ടറി സ്ഥാനത്ത്‌ അമിത്‌ ഷായുടെ മകൻ ജയ്‌ ഷാ തുടരുകയാണ്‌. വൈസ്‌ പ്രസിഡന്റായ കോൺഗ്രസ്‌ നേതാവ്‌ രാജീവ്‌ ശുക്ലയ്‌ക്കും ഇളക്കമില്ല.

ഒരുവട്ടംകൂടി പ്രസിഡന്റായി തുടരാൻ ഗാംഗുലി താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി നേതൃത്വം കടുത്ത നിലപാടെടുത്തു. പ്രസിഡന്റ്‌ സ്ഥാനത്തിനു പകരമായി ഐപിഎൽ ചെയർമാൻ പദവി നൽകാമെന്ന്‌ ഗാംഗുലിയെ അറിയിച്ചതായും വാർത്തയുണ്ടായി.

ഇടതു നേതാക്കളും തൃണമൂലുമായും സൌഹൃദം

എന്നാൽ വാഗ്ദാനം ഗാംഗുലി നിരാകരിച്ചു. ബിസിസിഐ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ബിജെപി ഗാംഗുലിയെ തെറിപ്പിച്ചത്‌ ബംഗാളിലും ദേശീയതലത്തിലും രാഷ്ട്രീയ വിവാദമായി. ഇടതുപക്ഷ പാർടികളും തൃണമൂൽ കോൺഗ്രസും ഈ നടപടിയെ നിശിതമായി വിമർശിച്ചു രംഗത്തെത്തി. നടപടിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ്‌ ബിജെപിയുടെ വിശദീകരണം.

ബംഗാൾ മുഖ്യമന്ത്രിമാരായിരുന്ന ജ്യോതി ബസുവുമായും ബുദ്ധദേവ്‌ ഭട്ടാചാര്യയുമായും ഗാംഗുലിക്ക്‌ അടുത്ത സൗഹൃദമുണ്ടായിരുന്നു. അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്‌ച നടത്തി.


ഹിജാബ് നിരോധന കേസിൽ ഭിന്ന വിധി, വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി

കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്.

കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി.

രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിൽ എത്തിയിരുന്നത്. 10 ദിവസത്തോളം ഈ ഹർജികളിൽ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാൻശു ധൂലിയയും ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. കർണാടക ഹൈക്കോടതി വിധി തള്ളി, ജസ്റ്റിസ് സുധാൻശു ധൂലിയ അപ്പീലുകൾ ശരി വച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കിയത്. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമർശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തെത്തിയ 26 അപ്പീലുകളും അദ്ദേഹം തള്ളി. 

ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. ഈ രീതിയിൽ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ പഠനം നിര്‍ത്തി ടിസി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയിൽ നൽകി. ഹിജാബ് സംസ്കാരത്തിൻറെ ഭാഗമാണെന്നും കപിൽ സിബൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്. 

പ്രധാന നിരീക്ഷണങ്ങൾ

ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരം അല്ല.
  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.
  • സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല.
  • ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ തള്ളുന്നു.

ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ വിധിയിലെ പ്രധാന ഭാഗങ്ങള്‍

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നു.
  • ഹൈക്കോടതി വിധിയും റദ്ദാക്കുന്നു.
  • ഹിജാബ് ധരിക്കല്‍ അനിവാര്യമായ മതാചാരമാണോ എന്ന കാര്യം ഹൈക്കോടതി പരിഗണിച്ചതിനോട് യോജിക്കുന്നില്ല.
  • തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണിത്. അതിന് അപ്പുറം ഒന്നുമില്ല.
  • ഹിജാബ് നിരോധനം പെണ്‍കുട്ടിയുടെ ജീവിതത്തില്‍ എന്തെങ്കിലും മെച്ചമുണ്ടാക്കുമോ? പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമാണ് പരമമായ കാര്യം. അതുകൂടി കണക്കിലെടുത്താണ് വിധി

നിൽക്കകള്ളിയില്ല, മന്ത്രവാദ കേന്ദ്രം വാസന്തിയമ്മ മഠം രാഷ്ട്രീയ യുവജന സംഘടനകൾ ഒത്തു ചേർന്ന് അടിച്ച് തകർത്തു

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. വ്യത്യസ്ത വഴികളിലെ രാഷ്ട്രീയ യുവജന സംഘടനകൾ ഇക്കാര്യത്തിൽ ഒന്നേക്കേണ്ടി വന്നത് കൌതുകമായി. ഗുണ്ടകളുടെ സംരക്ഷണമുള്ള മഠത്തിനെതിരെ പൊലീസിൽ വർഷങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാർ ഹർജി നൽകിയിരുന്നു.

ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്‌.ഐ, യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തി എന്ന ശോഭയെ കസ്റ്റഡിയിലെടുത്തു.

ആറു വർഷമായി തട്ടിപ്പ്, യുവജന സംഘടനകളും പൊലീസും നോക്കിനിന്നു

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ൽ തുടങ്ങിയ തട്ടിപ്പിനെ കുറിച്ച് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷെ ഇതുവരെ നടപടി ഉണ്ടായില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളില്‍നിന്ന് പ്രതിഷേധവും പരാതിയും ഉയര്‍ന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

മാധ്യമങ്ങൾ മാറുമോ, നിയമം വരെ പിരിവ് തുടരുമോ

പത്രമാധ്യമങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രചാരണം നൽകുന്നത്. എന്നതു സംബന്ധിച്ച പരാതിയും വിമർശനവും ശക്തമാവുകയാണ്. ഒരു വിവേചനവും ഇല്ലാതെ ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കാശു വാങ്ങി പ്രസിധീകരിക്കുന്നുണ്ട്. ഇത് പ്രതിസന്ധികളിൽ ഉഴറുന്ന സാധാരണ മനുഷ്യരുടെ വിശ്വാസ്യത നേടാൻ തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

അന്ധവിശ്വാസ നിർമാർജ്ജന നിയമം വരികയാണെങ്കിൽ ഇത്തരം പരസ്യങ്ങൾ പ്രസിധീകരിക്കുന്ന പത്രമാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കാൻ കഴിയും. വാരഫലം എന്ന പേരിൽ ഒക്കെ കോപ്പി പേസ്റ്റ് പത്രപ്രവർത്തനം തുടരുന്ന കാശു പിരിവ് തടയേണ്ടി വരും

പീഡന കേസിൽ പെരുമ്പാവൂർ എം എൽ എ ഒളിവിൽ, ഫോണുകൾ സ്വിച്ച് ഓഫ്

പീഡനകേസ് മുറുകിയതോടെ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ. എം എൽ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളി റദ്ദാക്കി. രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ പരാതി ഗൌരവതരമായി തീർന്നതോടെ മുങ്ങിയിരിക്കുയാണ്. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എൽ എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. രണ്ട് ദിവസമായി പൊതുപരിപാടികൾക്കും എം എൽ എയെ കണ്ടിട്ടില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ലെന്നതാണ് മറ്റൊരു കാര്യം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ എം എൽ എ മാറിനിൽക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ഒന്നിച്ചു നിന്ന വനിതാ നേതാവും സ്ഥലത്തില്ല

അതേസമയം എൽദോസിന്‍റെ നിർദ്ദേശപ്രകാരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ അധ്യാപിക ആരോപിക്കുന്ന പെരുമ്പാവൂരിലെ വനിത കോൺഗ്രസ് നേതാവും വീട്ടിലില്ല. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ഈ വനിത നേതാവ്. ഇവരുടെയും ഭർത്താവിന്‍റെയും ഫോൺ സ്വിച്ച് ഓഫാണ്. പെരുമ്പാവൂർ ഇരിങ്ങോളിലെ എം എൽ എയുടെ ഓഫീസിലേക്ക് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ മാർച്ചുകളുണ്ട്. പക്ഷേ കോൺഗ്രസ് പ്രവർത്തകരടക്കം ആരും ഇങ്ങോട്ട് വരുന്നില്ല.

ഫോൺ മോഷ്ടിച്ചെന്ന് പരാതി, പക്ഷെ എം എൽ എയുടെ ഭാര്യ മൊഴി നൽകിയില്ല

ഇതിനിടെ പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എം എൽ എയുടെ ഭാര്യ പൊലീസിൽ പരാതി നൽകി. ആരോപണം ഉന്നയിക്കുന്ന അധ്യാപിക എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ വഴി കൊടുത്തുവിട്ട പരാതിയിൽ പറയുന്നത്. ഈ ഫോൺ ഉപയോഗിച്ച് എം എൽ എയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് വിളിപ്പിച്ചിട്ടും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എം എൽ എയുടെ ഭാര്യ തയ്യാറായിട്ടില്ല.

കേസ് എടുക്കാൻ വൈകിപ്പിച്ച സി ഐക്ക് സ്ഥലം മാറ്റം

എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. 

ഇതിനിടെ കോൺഗ്രസ് നേതൃത്വവും എം എൽ എയെ കൈ വിട്ടിരുന്നു. അന്വേഷണ കമ്മീഷനെ ഒന്നും വെക്കില്ല. കുറ്റക്കാരൻ എന്നു കണ്ടാൽ ഉടൻ പാർട്ടിയിൽ നിന്നും പുറത്താക്കും എന്നാണ് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.

പലസ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ്  തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എംഎൽഎ ഒളിവിലാണ്.

പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

നോട്ട് നിരോധനം; കേന്ദ്രസർക്കാരിന് എതിരായ കേസിൽ അവസാനം സുപ്രീം കോടതി നൊട്ടീസ് അയച്ചു

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.  കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ. റിസർവ് ബാങ്ക്  ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികൾ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹരജികളിൽ ആരോപിക്കുന്നു. 

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തു.

ജസ്റ്റിസ് എസ്.എ. നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടുന്നതിലെ ലക്ഷ്മണ രേഖയെക്കുറിച്ച് അറിയാമെന്നും എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.

പേരു പഞ്ഞത് കള്ളപ്പണം പിടിക്കാൻ, പക്ഷെ കണക്കുകൾ പാളി

2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു. എന്നാൽ ഏറെക്കാലം ഈ ഹര്‍ജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് മുൻപിലെത്തിയത്. എന്നാൽ ബെഞ്ചിൽ ഉൾപ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികൾ വീണ്ടും പെരുവഴിയിലായി. 

ഒടുവിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ രണ്ട് മാസം മുൻപ് രൂപീകരിച്ച അ‍ഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹര്‍ജികൾ എത്തുകയായിരുന്നു. നോട്ട് നിരോധനം കൂടാതെ മുന്നോക്ക വിഭാഗത്തിന് വരുമാന അടിസ്ഥാനത്തിൽ സംവരണം നൽകാമോ  എന്ന വിഷയവും, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയവും ബെഞ്ച് പരിഗണിക്കും. 

കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരമാണ് ഇന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കാൻ കൃത്യമായ ചട്ടവും നിയമനിര്‍മ്മാണവും വേണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. 1978-ൽ നോട്ട് നിരോധനം നടപ്പാക്കിയത് ഈ രീതിയിലായിരുന്നുവെന്നും ചിദംബരം പറഞ്ഞു. 

നോട്ട് നിരോധിച്ച് ആറു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നതില്‍ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണിയും വാദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.ചിദംബരവും വാദിച്ചു. ഇത്തരത്തിലുള്ള നോട്ട് നിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നും മുന്‍ ധനമന്ത്രികൂടിയായ അദ്ദേഹം വാദിച്ചു.

രാജ്യത്തെ സർവ്വരുടെയും സാമ്പത്തിക ഭദ്രതയെ ഭീഷണിയിലാക്കിയ നിരോധനം

2016 നവംബര്‍ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 എന്നീ കറന്‍സീ നോട്ടുകള്‍ നിരോധിച്ചത്. രാത്രി 8 മണിക്ക് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറാനും ആളുകള്‍ നെട്ടോട്ടമോടിയപ്പോള്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.

പയ്യോളിയിൽ ഉസ്താദിൻ്റെ വീട്ടിൽ മന്ത്രവാദത്തിനെത്തിയയാൾ സ്വർണ്ണവും പണവും കവർന്നു മുങ്ങി

മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്ന് കടന്നു കളഞ്ഞതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാസർ​ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാൻ ഇയാൾ ശ്രമിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

മദ്രസ അധ്യാപകൻ്റെ വീട്ടിൽ നിന്നാണ് 7 പവനും ഒരുലക്ഷം രൂപയും കവർന്നത്. പ്രതി മുഹമ്മദ് ഷാഫി നമസ്കരിക്കാനെന്ന് പറഞ്ഞ് മദ്രസ അധ്യാപകന്റെ കിടപ്പുമുറിയിൽ കടന്നിരുന്നു. ഇതിനിടെ സ്വർണവും പണവും കവരുകയായിരുന്നു എന്നാണ് പരാതി.

മോഷണം ശ്രദ്ധയിൽ വന്നപ്പോൾ മന്ത്രവാദി ഷാഫിയെ വിവരം അറിയിച്ചിരുന്നു. ഇതിന് ശേഷം മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വർണവും പണവും ചാത്തൻമാർ കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറക്കുമ്പോൾ പണം അവിടെയുണ്ടാകുമെന്നും ഇയാൾ അവരോട് പറഞ്ഞു.

ഇതനുസരിച്ച മദ്രസ അധ്യാപകന്റെ ഭാര്യ രണ്ട് ദിവസത്തിന് ശേഷം അലമാര തുറന്നപ്പോഴാണ് ചതി മനസിലാക്കിയത് എന്നും പരാതിപ്പെട്ടു. പയ്യോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സുക്കർബർഗ് 11.9 കോടി ഫോളോവേഴ്സിൽ നിന്നും 9,995 ലേക്ക് താഴ്ന്നു, സോഷ്യൽ മീഡിയയിൽ വിട്ടുപോക്ക്

ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. സോഷ്യൽ മീഡിയ രംഗത്ത് പ്രമുഖർക്ക് പലർക്കും ഈ അനുഭവം ഉണ്ടായതായി വർത്തകൾ ഉണ്ട്. വ്യാജ അക്കൌണ്ടുകൾക്ക് എതിരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് ശുദ്ധീകരണം പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഫലമായ ഡിലീറ്റിങ്ങാണ് പ്രശ്നം എന്ന വിലയിരുത്തൽ ഉണ്ട്.

ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു‌എസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബർ 3, 4 തീയതികളിൽ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.

ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമായാണ് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. യു‌എസ്‌എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.