ഇൻഫോസിസിലെ തൊഴിൽ വിവേചനം; യു എസ് കോടതി കേസ് എടുത്തു

0

ജീവനക്കാരുടെ നിയമനകാര്യത്തില്‍ രാജ്യം വിഭാഗം ലിംഗപരമായ വ്യത്യാസം എന്നിവയുടെ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായുള്ള പരാതിയിൽ ഇൻഫോസിസിനെതിരെ കേസ്. മുന്‍ ടാലൻ്റ് അക്വിസിഷൻ മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി ഭീമന്‍ ഇന്‍ഫോസിസിനെതിരെ യുഎസ് കോടതി കേസ് എടുത്തു.

പ്രായം, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസില്‍ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഇന്‍ഫോസിസിന്റെ ടാലന്റ് അക്യുസിഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജില്‍ പ്രജീന്‍ ആരോപിച്ചതിന് തുടർച്ചയായാണ് കേസ്. ഇന്ത്യന്‍ വംശജര്‍, കുട്ടികളുള്ള വനിതകള്‍, അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കണമെന്ന് കമ്പനി നിര്‍ദേശിച്ചിരുന്നതായി ജില്‍ പ്രജീന്‍ വെളിപ്പെടുത്തിയിരുന്നു. വംശീയവും പൌരത്വപരവുമായ വിവേചനം കമ്പനിക്കെതിരെ പ്രചരിച്ചു.

ന്യൂയോര്‍ക്കിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്ട് കോര്‍ട്ടിന് മുമ്പിലാണ് ജില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍ഫോസിസിനെതിരെ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥരും പാര്‍ട്‌നര്‍മാരും ചേര്‍ന്ന് കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് കേസ് ഫയല്‍ ചെയ്തത്. വിവേചനപരമായി പെരുമാറുന്ന, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത സംസ്‌കാരം കമ്പനി തുടരുന്നത് തനിക്ക് ഞെട്ടലുണ്ടാക്കിയതായും ജോലിയ്ക്ക് ചേര്‍ന്ന് ആദ്യമാസങ്ങളില്‍ കമ്പനിയുടെ നിയമവിരുദ്ധമായ ഈ രീതി മാറ്റിയെടുക്കാന്‍ ശ്രമിച്ചതായും ജില്‍ കോടതിയില്‍ വ്യക്തമാക്കി.

കമ്പനിക്കെതിരെയുള്ള കേസ് തള്ളാന്‍ ഇന്‍ഫോസിസ് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ കമ്പനിയടെ വാദങ്ങൾ കോടതി സ്വീകരിച്ചില്ല. ജീവനക്കാരുടെ നിയമനത്തിലെ പക്ഷപാതപരമായ നടപടികളുമായി സഹകരിക്കാത്തതിനാലാണ് ജില്ലിനെ ജോലിയില്‍ നിന്ന് പിരിച്ചവിട്ടതെന്ന ആരോപണവും ഇന്‍ഫോസിസ് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല എന്ന കാരണവും കേസ് റദ്ദാക്കാന്‍ ഇന്‍ഫോസിസ് ചൂണ്ടിക്കാട്ടിയിരുന്നു.

21 ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍സള്‍ട്ടിങ് മേധാവിയുമായ മാര്‍ക് ലിവിങ്‌സ്ടണ്‍, മുന്‍ പാര്‍ട്‌നര്‍മാരായ ഡാന്‍ ആള്‍ബ്രൈറ്റ്, ജെറി കേട്‌സ് എന്നിവര്‍ക്കെതിരെയാണ് കോടതി കേസ് ഫയല്‍ ചെയ്തിരിക്കുന്ന

കനത്ത മഴയ്ക്ക് സാധ്യത, 13 വരെ ജാഗ്രത

ഒക്ടോബര്‍ ഒന്‍പതു മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും പത്താംതീയതി ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. കിഴക്കൻ മേഖലയിൽ കൂടുതൽ മഴ ലഭിക്കും. തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പയ്യോളിയിൽ ട്രെയിൻ തട്ടി ചിതറിയ നിലയിൽ കണ്ടെത്തിയത് വടകര മോഡൽ പോളി വിദ്യാർഥിനിയെ

പയ്യോളിയിൽ ട്രെയിൻ തട്ടിമരിച്ചത് മോഡൽ പോളി വിദ്യാർഥിനി ദീപ്തിയാണെന്ന് തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.

മൃതദേഹം ചിന്നി ചിതറിയ നിലയിലായുന്നു. ഇതുകാരണം തിരിച്ചറിയാൻ കഴിഞ്ഞില്ല. അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചാണ് ദീപ്തിയാണെന്ന് പൊലീസ് ഉറപ്പിച്ചത്.

പയ്യോളി കൃസ്ത്യൻ പള്ളി റോഡിന് പിറകു വശത്ത് റെയിൽപാളത്തിലാണ് സംഭവം. തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയിരുന്നു. സമീപത്ത് നിന്നും ലഭിച്ച ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

വടകര മോഡൽ പോളി വിദ്യാർഥിനിയാണ്. ദീപക് സഹോദരനാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ജസ്റ്റീസ് ചന്ദ്രചൂഡിനെ പിന്തുണച്ച് ബാർ കൗൺസിൽ; ചീഫ് ജസ്റ്റീസ് നിയമനത്തിന് മുന്നോടിയായും സമ്മർദ്ദ തന്ത്രങ്ങൾ

സുപ്രീം കോടതി ജഡ്ജിയുടെ പ്രതിച്ഛായ തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള ചിലർ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.രാജ്യത്തിന് ജസ്റ്റിസ് ചന്ദ്രചൂഡിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിക്കെതിരായ കത്ത് ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണെന്ന് ബിസിഐ അപലപിച്ചു.

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ പരാതി നൽകിയ പത്താൻ  സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പരാതികൾ നൽകിയതിന് കോടതിയലക്ഷ്യ ഹർജിയിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തി ആളെന്നും ബിസിഐ പറഞ്ഞു.

സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിനും മകൻ അഭിനവ്‌ചന്ദ്രചൂഡിനും എതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത്.  അതിലെ ആരോപണത്തെ  എതിർത്താണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തുവന്നത്.

സുപ്രീംകോടതിയിലെ ഹൈക്കോർട്ട്‌ ലിറ്റിഗന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ആർ കെ പത്താനാണ്‌ പരാതി നൽകിയത്‌. അഭിഭാഷകൻ കൂടിയായ മകൻ അഭിനവിന്റെ കക്ഷിക്ക്‌ അനുകൂലമായ രീതിയിൽ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ വിധി പുറപ്പെടുവിച്ചെന്നാണ്‌ പരാതിയിലെ ആരോപണം. 

പുതിയ ചീഫ്‌ജസ്‌റ്റിസിന്റെ  പേര്‌ ശുപാർശ ചെയ്യാൻ നിയമമന്ത്രാലയം കഴിഞ്ഞദിവസം നിലവിലെ ചീഫ്‌ജസ്‌റ്റിസ്‌ യു യു ലളിതിന്‌ കത്ത്‌ നൽകിയിരുന്നു. ജസ്‌റ്റിസ്‌ ലളിത്‌ നവംബർ എട്ടിന്‌ വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു നിർദേശം. സീനിയോറിറ്റി പ്രകാരം ജസ്‌റ്റിസ്‌ ചന്ദ്രചൂഡാണ്‌ അടുത്ത ചീഫ്‌ജസ്‌റ്റിസാകേണ്ടത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തിന്‌ എതിരെ പരാതിയുമായി ലിറ്റിഗന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹി രംഗത്തെത്തിയിട്ടുള്ളത്‌.

നേരത്തെ ജസ്‌റ്റിസ്‌ എൻ വി രമണ ചീഫ്‌ജസ്‌റ്റിസായി ചുമതലയേൽക്കുന്നതിന് മുന്നേയും ചിലർ അദ്ദേഹത്തിന്‌ എതിരെ പരാതി നൽകിയിരുന്നു.

ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ഗാംഗുലി മാറും

0

ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് സൗരവ് ഗാംഗുലി മാറിയേക്കും. പകരം ഇന്ത്യ മുൻ താരം റോജർ ബിന്നി പ്രസിഡൻ്റ് സ്ഥാനത്തെത്തുമെന്നാണ് വാർത്തകൾ. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആവാനുള്ള സാധ്യത പരിഗണിച്ചാണ് മാറ്റം.

ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായി തുടരും. ഈ മാസം 18നു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ റോജർ ബിന്നി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയുടെ പിതാവാണ്. ബിസിസിഐ സെലക്ഷൻ കമ്മറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്.

ഷൂട്ടിങ്ങിനിടെ ക്യാമറമാനെ തെരുവു നായ കടിച്ചു

0

കോഴിക്കോട് അസോസിയേറ്റ് കാമറമാനെ തെരുവു നായ കടിച്ചു. സിനിമാഷൂട്ടിംഗിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് മേത്തോട്ടുതാഴെയിലായിരുന്നു ഷൂട്ടിംഗ്. കടിയേറ്റ ജോബിൻ ജോൺ മെഡിക്കൽ കോളജിൽ ചികിത്സ തേടി.

ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. അടുത്തെത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ജോബിൻ ജോൺ പറഞ്ഞു.

ഒറ്റത്തവണ ഫോട്ടോകളിൽ സ്ക്രീൻഷോട്ട് തടഞ്ഞ് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിൽ ഒരിക്കൽ മാത്രം കാണാവുന്ന ഫോട്ടോകളുടെയും വീഡിയോയുടെയും സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന സംവിധാനം നിലവിൽ വന്നു. ബീറ്റ അപ്‌ഡേറ്റിന്റെ ഭാഗമായി ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്‌. ഐ.ഒ.എസ്, ആൻഡ്രോയിഡ് ബീറ്റ വേർഷനുകളിൽ ഈ ഫീച്ചർ എത്തിക്കഴിഞ്ഞു. ഇത് ഉടൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ജയിക്കാനായി ഇന്ത്യ

0

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. റാഞ്ചി ജെഎസ് സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ദീപക് ചഹാറിനു പകരം വാഷിംഗ്ടൺ സുന്ദറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ 9 റൺസിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ടോപ്പ് ഓർഡറിൻ്റെ മെല്ലെപ്പോക്കാണ് ഇന്ത്യയെ ചതിച്ചത്. ബൗളിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ത്രയം പ്രതീക്ഷിച്ചതുപോലെ തകർത്തെറിഞ്ഞെങ്കിലും ധവാനും ഗില്ലും അലക്ഷ്യമായി ഷോട്ട് കളിച്ച് പുറത്തായതും ഋതുരാജും കിഷനും അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അർധസെഞ്ചുറികളുമായി ശ്രേയാസ് അയ്യരും സഞ്ജു സാംസണും നടത്തിയ രക്ഷാപ്രവർത്തനം മതിയാവുമായിരുന്നില്ല. 39ആം ഓവറിൽ സഞ്ജുവിന് സ്ട്രൈക്ക് കിട്ടാത്തതും ഇന്ത്യയുടെ പരാജയത്തിലേക്ക് വഴിതെളിച്ചു.

അനിയത്തിയുടെ വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണം കവർന്ന് അച്ഛനെ പ്രതിയാക്കാൻ ശ്രമിച്ചു, ചേച്ചിയും ഭർത്താവും അറസ്റ്റിൽ

 അനിയത്തിയുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂത്ത ചേച്ചിയെയും മരുമകനെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് ടി.സി. 21/635 വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കുടുംബവീടായ ഏറ്റുമാനൂർ പേരൂരിലേക്ക്‌ ഓണാവധിക്ക് എത്തിയപ്പോഴാണ് ഐശ്വര്യ അവിടെ അമ്മ സൂക്ഷിച്ചിരുന്ന സ്വർണം എടുത്തത്. അമ്മ അനിയത്തിയുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചു വെച്ച സ്വർണ്ണമായിരുന്നു. അമ്മ അപ്പോൾ പാലക്കാട് ജോലിക്ക് പോയ അവസരം മുതലെടുത്താണ് മോഷണം നടത്തിയത്.

പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ, വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം കാണാനില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതിനൽകി.

വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തു. അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് ഐശ്വര്യ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചതോടെയാണ് കേസിലേക്ക് എത്തുന്നത്.

ശാസ്ത്രീയപരിശോധനകൾക്കൊടുവിൽ, സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തി. ഭർത്തൃവീട്ടിൽനിന്ന് 10 പവൻ സ്വർണം കണ്ടെടുത്തു. എന്നാൽ ഇതിൽ അഞ്ച് പവൻ മുക്കുപണ്ടമായിരുന്നു.

മോഷ്ടിച്ച സ്വർണത്തിൽനിന്ന് അഞ്ചുപവൻ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയിൽ വെക്കുകയായിരുന്നെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

രാജ്യത്ത് 30 ശതമാനം പെൺകുട്ടികളും 21 വയസിന് മുൻപ് വിവാഹിതരാവുന്നു, ശൈശവ വിവാഹത്തിൽ മുന്നിൽ ജാർഖണ്ഡ്

0

രാജ്യത്ത് ഏറ്റവും അധികം ശൈശവവിവാഹം നടക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. പെൺകുട്ടികൾ പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹത്തിലേക്ക് തള്ളിവിടപ്പെടുക മാത്രമല്ല. ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കുന്നതും ഇവിടെ തന്നെയാണ്.

പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഔദ്യോഗിക കണക്കു പ്രകാരം മാത്രം 7.3 ശതമാനം വരും. നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവും ശൈശവവിവാഹങ്ങളാണ്.

21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്നു. ഇക്കാര്യത്തിൽ പശ്ചിമ ബംഗാളും മുന്നിൽ നിൽക്കുന്നു. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. ജാർഖണ്ഡിൽ 54.6 ശതമാനം പെൺകുട്ടികളും ഇങ്ങനെ കെട്ടിച്ചയക്കപ്പെടുന്നു.

21 വയസിന് മുകളിൽ വിവാഹിതരാവുന്നതിൽ രാജ്യത്തെ ദേശീയ ശരാശരി 29.5 ശതമാനമാണ്. അതായത് ഇന്ത്യയിൽ മൂന്നിൽ ഒന്ന് വിവാഹങ്ങളും 21 വയസിന് മുൻപ് നടക്കുന്നു.