കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യുകെയും തമ്മിൽ നാളെ ധാരണാപത്രം തയാറാവുന്നു. 3000 അധികം പേർക്ക് ഇതുവഴി യു കെയിൽ അവസരം ലഭിക്കും എന്നാണ് കണക്കാക്കുന്നത്. മെഡിക്കൽ പാരാമെഡിക്കൽ അവസരങ്ങളാണ് ഒരുങ്ങുന്നത്.
കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യുകെയില്‍ എന്‍.എച്ച്.എസ്സ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ The Navigo & Humber and North Yorkshire Health & Care Partnership ഉം തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവർ ഇതു സംബന്ധിച്ച് ലണ്ടനില്‍ ധാരണാപത്രം ഒപ്പിടും. സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, സ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നടപടികള്‍ പൂര്‍ത്തിയായ ശേഷം നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നത്.
രാജ്യത്ത് ഏറ്റവും അധികം ശൈശവവിവാഹം നടക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. പെൺകുട്ടികൾ പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹത്തിലേക്ക് തള്ളിവിടപ്പെടുക മാത്രമല്ല. ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കുന്നതും ഇവിടെ തന്നെയാണ്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഔദ്യോഗിക കണക്കു പ്രകാരം മാത്രം 7.3 ശതമാനം വരും. നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവും ശൈശവവിവാഹങ്ങളാണ്.
21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരാകുന്നു. ഇക്കാര്യത്തിൽ പശ്ചിമ ബംഗാളും മുന്നിൽ നിൽക്കുന്നു. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. ജാർഖണ്ഡിൽ 54.6 ശതമാനം പെൺകുട്ടികളും ഇങ്ങനെ കെട്ടിച്ചയക്കപ്പെടുന്നു.
21 വയസിന് മുകളിൽ വിവാഹിതരാവുന്നതിൽ രാജ്യത്തെ ദേശീയ ശരാശരി 29.5 ശതമാനമാണ്. അതായത് ഇന്ത്യയിൽ മൂന്നിൽ ഒന്ന് വിവാഹങ്ങളും 21 വയസിന് മുൻപ് നടക്കുന്നു.
നബിദിന ആഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒരുക്കങ്ങളുടെ ഭാഗമായി മാല ബള്‍ബ് തൂക്കുന്നതിനിടെയാണ് അപകടം. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല ഫിറ്റ് ചെയ്യുകയായിരുന്നു മുർഷിദ്. എതിര്‍വശത്തേക്ക് എറിയുമ്പോള്‍ കറൻ്റ് കമ്പിയില്‍ തട്ടി മാല കുരുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു.ഉടന്‍ തന്നെ കൂറ്റനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വീട്ടുജോലിയ്ക്ക് നിന്നിരുന്ന അസം സ്വദേശിയായ സഹപ്രവര്‍ത്തകനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന പ്രതിയെ പൊലീസ് പിടികൂടി. കൊല നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ സ്വന്തം വസ്ത്രങ്ങൾ അണിയിച്ച് കത്തിച്ചു. താനാണ് മരിച്ചതെന്ന് വരുത്തി മുങ്ങിയ അസം സ്വദേശിയെയാണ് ആറ് വര്‍ഷത്തിന് ശേഷം തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്.
പ്രതിയുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് കൊലയാളിയുടെ ഒളിയിടം കണ്ടെത്തിയതും പിടികൂടിയതും.
2016 മേയ് ഒന്‍പതിന് രാത്രി മാള പിണ്ടാണിയിലായിരുന്നു കൊലപാതകം. നടുമുറി പുരുഷോത്തമന്‍റെ വീട്ടിലെ തൊഴിലാളികളായിരുന്നു ഉമാനന്ദ് നാഥും മനോജ് ബോറയും. ഇരുവരും ആസാം സ്വദേശികളാണ്. ആദ്യം ഇവിടെ ജോലിക്കെത്തിയത് ഉമാനന്ദ് നാഥായിരുന്നു. എന്നാല്‍ ഉമാനന്ദ് നാഥിനെ ഇടിച്ചുതാഴ്ത്താന്‍ മനോജ് ബോറ ശ്രമിച്ചു എന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ തമ്മിലുള്ള വൈരാഗ്യം കനത്തു. വീടിനടുത്തുള്ള ഔട്ട് ഹൗസിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
ഒരുമിച്ച് ഉറങ്ങിയിരുന്ന ഉമാനാഥിനെ കോടാലി ഉപയോഗിച്ച് മനോജ് തലയ്ക്കടിച്ചു. പിന്നീട് ശരീരത്തില്‍ തുരുതുരാ വെട്ടി. കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിന് ശേഷം നൂറ് മീറ്ററോളം ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി പറമ്പിലിട്ട് കത്തിച്ചു. കത്തിക്കുമ്പോഴും ഉമാനാഥിന് ജീവനുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പ്രതിയുടെ മൊഴി നൽകിയത്. താനാണ് മരിച്ചതെന്ന് പൊലീസിനെ തെറ്റി ധരിപ്പിക്കാന്‍ തന്‍റെ വസ്ത്രങ്ങള്‍ ഉമാനന്ദിന്‍റെ ശരീരത്തില്‍ ധരിപ്പിച്ചാണ് കത്തിച്ചത്.
മനോജിന്‍റെ തിരിച്ചറിയില്‍ കാര്‍ഡ് ഉപേക്ഷിച്ച് ഉമാനന്ദ് നാഥിന്‍റെ രേഖകളുമായി മുങ്ങുകയായിരുന്നു. ഒരേ സമയം തൻ്റെയും കൊലപ്പെടുത്തിയ ചങ്ങാതിയുടെയും ഐഡി സ്വന്തമാക്കി. നാട്ടിൽ എത്തി ജീവിതം തുടങ്ങി.
ഇയാളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചാണ് പൊലീസ് മനോജിലേക്ക് എത്തുന്നത്. സ്വന്തം വീട്ടില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള പ്ലൈവുഡ് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. എടിഎം കൗണ്ടറില്‍ നിന്നുള്ള ദൃശ്യങ്ങൾ കേരള പൊലീസ് പരിശോധിച്ചു. പുതിയ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയുടെ സാന്നിധ്യം ഉറപ്പിച്ചു. അസം പൊലീസിന്‍റെ സഹായത്താല്‍ മനോജ് ബോറയെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വലയിലാക്കി.
വിസ്മൃതിയാലുകുമായിരുന്ന കേസില്‍ തുടരന്വേഷണം ആരംഭിച്ചത് എസ്പി ഐശ്വര്യ ഡോങ്റേയുടെ ഇടപെടലിലാണ്. സുകുമാരക്കുറുപ്പിനോളം കുടിലബുദ്ധിയാണ് പ്രതി കാണിച്ചത്.
കേരളാ പൊലീസിൻ്റെ കുറ്റാന്വേഷണ മികവ് തെളിയിക്കുന്നതായി കേസ് മാറി. ആറു വർഷം കേസ് ഇഴഞ്ഞു എങ്കിലും പ്രതിയിലേക്ക് എത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ തോമസ്, മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരടങ്ങിയ സംഘമായിരുന്നു കൊലയാളിയെ അറസ്റ്റ് ചെയ്തത്. എശ്ഐ വിപി അരിസ്റ്റോറ്റിട്ടില്‍, എഎസ്ഐമാരായ സുധാകരന്‍, സിഎ ജോബ്, സൈബര്‍ വദഗ്ധന്‍ എംവിബിനു, സീനിയര്‍ സിപിഒ ഇഎസ് ജീവന്‍ എന്നിവരാണ് ആസാമില്‍ നിന്ന് പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചത്.
സൈബർ സെക്യുരിറ്റി ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി യു.ജി.സി. പുറത്തിറക്കി. ഇതനുസരിച്ച് അംഗീകൃത കോഴ്സുകൾ പഠിക്കാം. സൈബർ സുരക്ഷാ രംഗത്ത് തൊഴിൽ സാധ്യകൾഏറെയുണ്ട്.
സൈബർ സുരക്ഷയും സൈബർ ഭീഷണികളുമായി ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന് കുട്ടികളെ പ്രാപ്തരാക്കുക, സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം മനസ്സിലാക്കാൻ സഹായിക്കുക തുടങ്ങിയവയാണ് പാഠ്യപദ്ധതിയുടെ പ്രധാനലക്ഷ്യങ്ങൾ.
ബിരുദ കോഴ്‌സിനു കീഴിൽ അഞ്ച് മൊഡ്യൂളുകളാണുണ്ടാവുക- സൈബർ സുരക്ഷയുടെ ആമുഖം, സൈബർ കുറ്റകൃത്യവും സൈബർ നിയമവും, സാമൂഹിക മാധ്യമങ്ങളുടെ അവലോകനവും സുരക്ഷിത ഉപയോഗവും, ഓൺലൈൻ വ്യാപാരവും ഡിജിറ്റൽ പണമിടപാടുകളും, ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗവും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും എന്നിവ.
പ്രാക്ടിക്കൽ പരിശീലനങ്ങളും കോഴ്‌സുകളുടെ ഭാഗമാണ്. https://www.ugc.ac.in/ സൈറ്റിൽ വിശദാംശങ്ങൾ ലഭിക്കും
സൈബർ സുരക്ഷ അവലോകനം, സൈബർ കുറ്റകൃത്യങ്ങൾ, സൈബർ നിയമം, ഡേറ്റ സ്വകാര്യതയും ഡേറ്റ സുരക്ഷയും, സൈബർ സുരക്ഷ മാനേജ്‌മെന്റ് എന്നിവയാണ് ബിരുദാനന്തര കോഴ്‌സിന്റെ ഭാഗമായുണ്ടാവുക.
വയലാര്‍ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ പുരസ്കാരത്തിനാണ് എസ് ഹരീഷ് അര്‍ഹനായത്. വയനക്കാർ ഏറ്റുവാങ്ങിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും
മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന ചലച്ചിത്രം ഒരുക്കിയത്.
മൌലിക വാദികൾ വേട്ടയാടിയ കൃതി
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ മൂന്നാം ലക്കത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും വിവിധ സംഘടനകളുടെ എതിർപ്പും മൂലം പിൻവലിച്ചിരുന്നു. മാതൃഭൂമിക്ക് അകത്ത് തന്നെ ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ച സാഹചര്യമായിരുന്നു. പിന്നീടാണ് ഡിസി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചത്.
നോവലിൻ്റെ പ്രസിദ്ധീകരണം വിലക്കണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 സെപ്തംബറിൽ ഹര്‍ജി തള്ളിക്കളഞ്ഞു. ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും, എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും വിലയിരുത്തിയാണ് സുപ്രീംകോടതി പൊതുതാത്പര്യ ഹര്‍ജി തള്ളിയത്.
പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫേസ്ബുക്ക് മുന്നറിയിപ്പ്.
സൈബർ ചാര പ്രവർത്തനം നടത്തുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് അറിയിച്ചു.
ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും മെറ്റ വ്യക്തമാക്കി.
ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍, ബിസിനസ് യൂട്ടിലിറ്റ് ആപ്പുകൾ, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ആപ്പുകളാണ് ചോർത്തൽ നടത്തുന്നത്. വിപി എൻ സർവ്വീസുകളിൽ ശ്രദ്ധവേണം. 400 ആപ്പുകളില്‍ 45 എണ്ണം ആപ്പിള്‍ നീക്കം ചെയ്തു. 400 ആപ്ലിക്കേഷനുകളും ഗൂഗിള്‍ തിരിച്ചറിഞ്ഞു. 403 എണ്ണം ആൻഡ്രോയിഡിലും 47 എണ്ണം ഐ ഓഎസിലും കണ്ടെത്തിയിരുന്നു.
ആപ്ലിക്കേഷനുകളുടെ ജനപ്രീതി ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ മുതലെടുപ്പ് നടത്തുന്നത്. ജനപ്രിയ ആപ്ലിക്കേഷൻ മാതൃക അനുകരിച്ച് അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു പ്ലാറ്റ്‌ഫോമിന് വേണ്ടിയോ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയോ ഉള്ള റിലീസ് ചെയ്യാത്ത ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതരം ആപ്ലിക്കേഷനുകളാണെങ്കില്‍ അപകടം മനസിലാക്കണം.
ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇത് ചെയ്യരുത്. ഉപഭോക്താക്കള്‍ അവരുടെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കുമ്പോൾ ചോർത്തപ്പെടും.
ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു.
ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.
ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത് കൃത്യമായ ഗെയിമിങ് തന്ത്രങ്ങളോടെയായിരുന്നു
ആദ്യ ഗോൾ മരിച്ചുപോയ മകൾക്ക്
ബ്ലാസ്‌റ്റേഴ്‌സ് 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തി. ലൂണ ബോക്‌സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫില്‍ നിന്ന് ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് പാസാണ് ഗോളില്‍ കലാശിച്ചത്. പന്ത് കിടിലന്‍ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോള്‍ മരിച്ചുപോയ തന്റെ മകള്‍ക്കാണ് സമര്‍പ്പിച്ചത്.
ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റില്‍ കോച്ച്, ഇവാന്‍ കലിയുഷ്‌നിയെ കളത്തിലിറക്കിയാണ് വിജയ മുന കൂർപ്പിച്ചത്. 81-ാം മിനിറ്റില്‍ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാന്‍ കുതിപ്പ് കാട്ടി കൊടുത്തു.
87-ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. തകർപ്പൻ ഗോളായിരുന്നു. പക്ഷെ തൊട്ടടുത്ത മിനിറ്റില്‍ ഇവാന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു.
മതിൽ പോലെ ഈസ്റ്റ് ബംഗാൾ ഗോളി
ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്‌സിന് പലപ്പോഴും വിലങ്ങുതടിയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കമല്‍ജിത് രക്ഷപ്പെടുത്തി. 49-ാം മിനിറ്റില്‍ അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമല്‍ജിത്ത് രക്ഷപ്പെടുത്തിയിരുന്നു.
വടക്കാഞ്ചേരി വാഹനാപകടത്തിന് തുടർച്ചയായി സർക്കാരും ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികളും ജനരോഷം തിരിച്ചു വിടാൻ നടത്തുന്ന ശ്രമങ്ങളിൽ ആശ്ചര്യം പൂണ്ട് പെതുജനം. റോഡിലെ കൂട്ട കുരുതികൾക്ക് ഉത്തരം പറയേണ്ടി വരുന്ന ബാധ്യത ഒരു ഡ്രൈവറുടെ മേലും ബസിലെ ലൈറ്റ് ഫിറ്റിങ്സിലും ചാർത്തി രക്ഷപെടുകയാണ്.
കേരളത്തിലെ റോഡുകളിൽ ഡ്രൈവിങ് കൾച്ചർ നശിപ്പിച്ചതിൽ സകാര്യ ബസ് സർവ്വീസ് സംവിധാനത്തിന് ഇടയിലെ മത്സരത്തിന് മുഖ്യ പങ്കുണ്ട്. ഇതിൽ പരോക്ഷമായി ഭാഗമാവുകാണ് സർക്കാർ ഏജൻസികളും ചെയ്തത്. ഇപ്പോൾ ബസ് സർവ്വീസ് മേഖലയെ തൊടാൻ തന്നെ പൊലീസ് മോട്ടോർ വാഹന വകുപ്പ് വിഭാഗങ്ങൾ മടിക്കുന്ന അവസ്ഥയാണ്.
ട്രാഫിക് നിയമ ലംഘനങ്ങൾ എന്നാൽ ഇരു ചക്രവാഹനങ്ങൾ എന്നാണ് സൌകര്യ പൂർവ്വമുള്ള നിർവ്വചനം. പിഴ വകയിലെ കാശ് പിരിവിലെ ടാർഗറ്റ് മീറ്റ് ചെയ്യലിനുളള ഉപാധിയാണ് ഇരുചക്രവാഹന പരിശോധന. കൂടിയാൽ കാറുകളെ തടഞ്ഞു നിർത്തും. മദ്യകച്ചവടം പോലെ സർക്കാർ ഫണ്ട് കാലിയാകുമ്പോഴാണ് റോഡിൽ ഈ പരിശോധന കർശനമാവുന്നത് എന്ന് നാട്ടുകാർ കളിയാക്കുന്ന സാഹചര്യം വരെ ഇതു മൂലം സൃഷ്ടിക്കപ്പെട്ടിരിക്കയാണ്. പരിശോധനകളിൽ ബസ് വ്യവസായ സംഘവുമായുള്ള പരോക്ഷ ധാരണയുടെ പിൻബലമുണ്ടെന്ന ആക്ഷേപവും നേരത്തെ തന്നെയുള്ളതാണ്.
അപകടങ്ങൾ പെരുകുന്നു, പ്രതികളാവുന്നത് ആരാണ്
സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ 2,49 231 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം ആഗസ്റ്റ് വരെ റോഡപകടങ്ങളില്‍ മരിച്ചത് 2838 പേരാണ്. എട്ട് മാസത്തിനിടെ 28 876 അപകടങ്ങളില്‍ 32 314 പേര്‍ക്ക് പരുക്കേറ്റു. പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇത്.
2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം 2838 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലം മരിച്ചത്. ഏകദേശം രണ്ടര ലക്ഷത്തോളം അപകടങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത്.
ഈ സാഹചര്യം നേരിടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ എന്താണെന്ന് പൊതു ജനം ചോദിക്കുമ്പോഴാണ് വിചിത്ര നിയമങ്ങളും ഉത്തരവുകളുമായി മുഖം രക്ഷിക്കൽ.
ബസുകൾ എത്ര പരിശോധിച്ചു, ഭയമോ വിധേയത്വമോ
സപ്തംബർ വരെ 22,500 ഗതാഗത നിയമ ലംഘന കേസുകൾ കോഴിക്കോട് ജില്ലയിൽ മാത്രമുണ്ടായി. ഇതിൽ ബസുകൾക്ക് എതിരെ എടുത്തവ വിരലിൽ എണ്ണാവുന്നത് മാത്രമാണ്. ഇരുന്നൂറോളം വരുന്ന ഈ ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം സൂക്ഷ്മത പുലർത്തുന്നത് ഇരുചക്രവാഹനളുടെ കാര്യത്തിൽ മാത്രമാണ്. ദേശീയപതയിൽ സർവ്വീസ് നടത്തുന്ന ഒരു ബസിൽ ഒരു മണിക്കൂർ ദുരത്തേക്ക് എങ്കിലും യാത്ര ചെയ്താൽ നിയമ ലംഘനത്തിൻ്റെ ആഴം ആർക്കു മനസിലാക്കാവുന്നത് മാത്രമേയുള്ളൂ. ഇല്ലെങ്കിൽ റോഡിൽ ഇറങ്ങി നടക്കുന്ന ആരോടും ചോദിച്ചാലും മതി. അത്ര ഭീഷണമാണ് ബസ് ഓട്ട മത്സരം.
ഇത് അധികൃതർക്ക് അറിയാത്തതല്ല. കണ്ണടയ്ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. കേരളത്തില ഡ്രൈവിങ് കൾച്ചർ നിർണ്ണയിക്കപ്പെട്ടത് ഈ കണ്ണടയ്ക്കൽ ഒത്താശയുടെ പിൻബലത്തിലാണ്. പൂക്കിപമ്പ് ദുരന്തം മുതൽ ഏർപ്പടെുത്തിയ സേഫ്ടി ഡോർ സംവിധാനം സംബന്ധിച്ച ഉത്തരവ് മുതൽ പരിശോധിച്ചാൽ ഓരോ സന്ദർഭത്തിലും ജനരോഷം അടക്കലിൽ കവിഞ്ഞ് ബസ് സർവ്വസുകൾ നിയമവേധിയമാക്കാൻ അധികാരകൾ കാണിച്ച ശുഷ്കാന്തി എന്താണെന്ന് വെളിപ്പെടും.
യാത്രക്കാർ ബസിൽ തന്നെ ഇരുന്ന് പ്രതികരിക്കുകയും പ്രതിഷേധിക്കയും ചെയ്യുന്നത് പതിവാണ്. എന്നാൽ യാത്ര വേഗം അവസാനിക്കുന്നതോടെ അവരുടെ വേവലാതി തീരും. പരാതി പുറത്ത് എത്തില്ല. അതല്ല പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. എഴുതി നൽകിയാൽ പോലും ഒത്തു തീർപ്പ് കാൾ വരും. ബസുകൾ നടത്തുന്ന നിയമ ലംഘനങ്ങൾക്ക് സ്ഥിരം പാക്കേജ് കാശുണ്ട്. ഇത് അപ്പപ്പോൾ നൽകി തീർക്കുകയാണ് ചെയ്യുക. അതിനപ്പുറം പോയാൽ നിയമജ്ഞരെ ലഭ്യമാക്കുന്ന സംഘടിത സംവിധാനുണ്ട്. പെലീസിനു പോലും ഇത്തര സൌകര്യമില്ല.
മന്ത്രിയും തഥൈവ
വിദ്യാർഥികളുടെ വിനോദ സഞ്ചാരത്തിന് രാത്രിയാത്രാ അനുമതി ഇല്ലാതാക്കുക എന്ന വിചിത്രമായ തീരുമാനമാണ് വടക്കാഞ്ചേരി അപകടത്തോടെ ഗതാഗത വകുപ്പ് മന്ത്രി പുറപ്പെടുവിച്ചത്. വൈകുന്നേരം യാത്ര പുറപ്പെട്ട് രാത്രി ഏറെ വൈകുന്നതിന് മുൻപോ പുലർച്ചയോ ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നത് വിദ്യാലയങ്ങളിലെ വിനോദ സഞ്ചാരം ആസ്രൂത്രണം ചെയ്യുമ്പോൾ പതിവായി ചെയ്യുന്നതാണ്. പണ ലാഭം മാത്രമല്ല ദിവസങ്ങളുടെ നഷ്ടവും ഒഴിവാക്കാം.
ഇതാണ് വാഹന അപകടത്തിന് കാരണം എന്ന വിചിത്രമായ വിലയിരുത്തലിലാണ് മന്ത്രിയേയും എത്തിച്ചത്. രാത്രിയിൽ ബസ് ആയാലും ഇതര വാഹനങ്ങൾ ആയാലും ഓടിക്കുന്നത് ഡ്രൈവർമാരുടെ തൊഴിലിൻ്റെ ഭാഗമാണ്. അതിനായി വേണ്ടത്ര വിശ്രമം കഴിഞ്ഞ് എത്തുന്നു എന്ന് ഉറപ്പു വരുത്തുക. രാത്രി ഓടുന്നതിന് വാഹനം സജ്ജമാണ് എന്ന് ഉറപ്പു വരുത്തുക എന്നതിന് പകരം രാത്രി യാത്ര തന്നെ തടയുകയാണ്. ഇതിനെക്കാൾ റിസ്കാണ് ഗതാഗത തിരക്കേറിയ പകൽ നേരങ്ങളിൽ വണ്ടി ഓടിക്കുുന്നത്.
ഇത്തരം വാഹനങ്ങളിൽ ഡ്രൈവർമാരായി എത്തുന്നവരുടെ പാനൽ വേണ്ടതാണ്. അവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ. ഉറക്കം വരാതിരിക്കാൻ പുകയില പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടത് ബന്ധപ്പട്ടെ അധികാരികളാണ്. ഏറ്റവും ചുരുങ്ങിയത് യാത പുറപ്പെട്ടു കഴിഞ്ഞാൽ ലക്ഷ്യത്തിലേക്കുള്ള അടുത്ത സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാം. ഇതിനുള്ള രേഖ ആവശ്യപ്പെടാം. എന്നാൽ പരിശോധനാ സംവിധാനവുമായി ബന്ധപ്പട്ടെ എല്ലാ ഏജൻസികളെയും ഉത്തരവാദിത്വത്തിൽ നിന്നും മാറ്റി സുരക്ഷിതരാക്കി വിദ്യാർഥികളുടെ ചിലവിലേക്ക് നിമയ പാലനം എത്തിക്കയാണ്. വിദ്യാർഥി ജീവിതത്തിലെ കുട്ടികളുടെ അവിസ്മരണീയ അനുഭവ നിമിഷങ്ങളാണ് വിനോദ യാത്രകൾ. ഇവ തന്നെയും ഇല്ലാതാക്കുന്ന തീരുമാനങ്ങളിലേക്ക് എത്തിക്കയാണ് ഇപ്പോൾ ചെയ്യുന്നത്. കാര്യക്ഷമമല്ലാത്ത നിയമ നിരീക്ഷണ സംവിധാനങ്ങൾക്ക് കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളെ നിഷേധിക്കുന്ന അവസ്ഥയിലേക്ക് നയിക്കയാണ്.
വിനോദ സഞ്ചാരത്തിൽ വെളിച്ചവും പാട്ടും ഉള്ളതിനെ ഭയക്കുന്നത് ആരാണ്
ബസുകളിൽ മ്യൂസിക് സിസ്റ്റവും ഡിസ്കോ ലൈറ്റുകളും ഘടിപ്പിക്കുന്നതാണ് അപകടത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്ന മറ്റ് ഒരു ഘടകം. യാത്രക്കാരും ഡ്രൈവർ കാബിനും തമ്മിൽ ഡോർ വെച്ച് വേർതിരിവ് നിർദ്ദേശിക്കപ്പെട്ടിിട്ടുള്ളതാണ്. ടൂറിസ്റ്റ് ബസുകളിൽ പ്രധാന ഏജൻസികളുടെ ബസുകളിൽ എല്ലാം ഇത്തരത്തിൽ വേർതിരിവ് വരുത്തിയ വാതിൽ സംവിധാനം കാണാം. ഡ്രൈവർ കാബിനിലേക്ക് ശബ്ദവും വെളിച്ചവും അധികമായി എത്തില്ല എന്ന പ്രത്യേകത ഇതിനുണ്ട്. മാത്രമല്ല യാത്ര ചെയ്യുന്നവർക്ക് അവരുടേതായ സ്വകാര്യതയും ഉറപ്പാവുന്നു.
ഇതിനകത്ത് വിദ്യാർഥികളും അധ്യാപകരും പാടുകയും ആടുകയും ചെയ്യുന്നത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമാണ്. ഇതിനു പകരം വിദ്യാർഥികളുമായുള്ള യാത്ര തീർഥാടനമാക്കി മാറ്റണം എന്ന നിബന്ധനയാണോ വെക്കുന്നത് എന്ന് അധ്യാപകർ തന്നെ ചോദിക്കുന്നു. വിദ്യാർഥികൾക്ക് ഇടയിലെ ബഹളം നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പു വരുത്താനും അധ്യാപർക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ഡ്രൈവർമാരും ബസ് സർവ്വീസുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്. ഇവരുടെ പരാജയം വിദ്യാർഥികളുടെ വിനോദ അവസരം നിഷേധിക്കുന്ന പഴഞ്ചൻ ചിന്തയ്ക്ക് അടിയറ വെക്കുകയാണ്.
എന്താണ് ബസുകൾ പരിശോധിക്കുന്നതിനെ തടയുന്നത്
ബസുകൾക്ക് അകത്ത് മോശമായ പെരുമാറ്റം തടയാനാണ് അകത്ത് നമ്പർ വലുതാക്കി എഴുതണം എന്ന് നിർദ്ദേശിച്ചത്. അപകടം വരുത്തി ഓടിച്ചു പോകുന്നു എന്ന പരാതി വന്നപ്പോഴാണ് വശങ്ങളിൽ നമ്പർ എഴുതണം എന്ന് നിർദ്ദേശിച്ചത്. ഫസ്റ്റ് എയിഡ് ബോക്സുകൾ കൃത്യമായി സൂക്ഷിച്ചരിക്കണം എന്നുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് നിയമപരമായി ബസ് ജീവനക്കാരിൽ അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ളൂ.
ഡ്രൈവർമാരായി ആരെയും ഉടമയ്ക്ക് നിയോഗിക്കാം. പബ്ലിക് ട്രാൻസ്പോർട്ട് നടത്തുന്ന ഒരു സംവിധാനത്തിൽ ഇതിന് മാനദണ്ഡം ഒന്നുമില്ല. ഒരു ഘട്ടത്തിൽ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഡ്രൈവർമാരെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. മത്സരത്തിൻ്റെ സംഘർഷം താങ്ങാനാവാതെ പലരും ജോലി ഉപേക്ഷിച്ച് മറ്റു മേഘലകളിലേക്ക് പോവുകായിരുന്നു. ഇതിന് പകരം എത്തുന്നവർ എങ്ങിനെയാണ് ഈ സാഹചര്യം മറികടക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നില്ല. മത്സരയോട്ടം നടത്തേണ്ടി വരുന്നത് ജീവനക്കാരിലും ആരോഗ്യ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് റോഡിൽ കൂടുതൽ ഭീഷണിയായി മാറുന്നുമുണ്ട്.
സ്വകാര്യ ബസുകൾ വഴിയിൽ പരിശോധിക്കുന്ന രീതി നേരത്തെയുണ്ടായിരുന്നു. ഇത് വളരെ സമർത്ഥമായി അട്ടിമറിക്കപ്പെട്ടതാണ്. ബസ് സ്റ്റാൻ്റിൽ കുട്ടികളെ കയറ്റാതെ മഴത്ത് നിർത്തിയത് സോഷ്യൽ മീഡിയ കാമ്പയിൻ ചെയ്തപ്പോഴാണ് പൊലീസ് അറിഞ്ഞത്. എല്ലാ ദിവസവും അവരുടെ കൺമുൻപിൽ ആവർത്തിക്കുന്ന നാടകമാണിത്. ഓരോ സ്റ്റാൻ്റിലും പരസ്പര ധാരണയിൽ പുലരുന്ന ചില സംവിധാനങ്ങളുണ്ട്. ബസുകൾ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാറ്റി വെച്ചതിന് ജനങ്ങൾക്ക് കൃത്യമായി അറിയാവുന്ന കാരണങ്ങൾ ഉണ്ട്. ഇത് ഭരണാധികാരികൾക്ക് അറിയാതെ പോകുന്നത് എന്തെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. പഞ്ചിങ് സ്റ്റേഷനുകൾ ഇല്ലാതായത് അടുത്ത കാലത്താണ്.
ബസ് വ്യവസായമായി അംഗീരിച്ചത് ബാലകൃഷ്ണപിള്ള ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. അതുവരെ സർവ്വീസ് മേഖലയായിരുന്നു. ഗ്രേഡ് മാറ്റം അനുവദിച്ചു എങ്കിലും നിയമപാലനത്തിന് അതിൻ്റേതായ മാനദണ്ഡങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ല. മത്സര ക്ഷമതയും ലാഭനഷ്ടവുമാണ് നിയമ പാലനത്തിൻ്റെ കാര്യത്തിലും ഇളവുകൾക്ക് ഇടയാക്കിയത്. മലപ്പുറത്ത് വിദ്യാർഥികളുടെ മിനിമം ചാർജ് ബസ് ജീവനക്കാർ സ്വയം അഞ്ച് രൂപയായി നിശ്ചയിച്ച് നടപ്പാക്കിയതായി വാർത്തയുണ്ടായിരുന്നു. ഒരു വിദ്യാർഥിനിയുടെ പരാതി എത്തിയപ്പോൾ മാത്രമാണ് അധികാരികൾ ഉണർന്നത്.
മതിലിടിഞ്ഞതിന് വഴിയേ പോകുന്നവന് കുറ്റം
മതിലു വീണതിന് വഴിയെ പോകുന്നവരെ ശിക്ഷിച്ച നടപടകളാണ് ഉണ്ടാവുന്നത്. കേരളത്തിലെ നിരത്തുകളിൽ ഓടുന്ന ബസുകളെ നിയമ വിധേയമാക്കുകയും ട്രാഫിക് മര്യാദകൾക്ക് അകത്ത് നിർത്തുകയും ചെയ്താൽ ഡ്രൈവിങ് കൾച്ചർ തന്നെ മാറും. എയർ ഹോണും ഭീഷണ പൂർവ്വമുള്ള ഓവർ ടേക്കുകളും റോഡിനു നടുവിലെ കയറ്റലും ഇറക്കവും ലൈൻ തെറ്റിച്ചുള്ള കുതിപ്പും എല്ലാം ബസുകളുടെ അവകാശമായി പൊലീസും മോട്ടോർ വാഹന വകുപ്പും അംഗീകരിച്ചിരിക്കയാണ്. ക്രമേണ അതിനെതിരെ നടപടി എടുക്കാൻ തുനിയുന്നവർ വിവരം അറിയും എന്ന സാഹചര്യവും വന്നിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മനസിലാക്കി ഇടപെടുമെന്ന പ്രതീക്ഷിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇതേ വഴി തന്നെ പിന്തുടരുകയും ചെയ്യുന്നു. കേരളത്തിൽ ബസ് അപകടങ്ങൾ കുറയുന്നത് ഇതര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധമൂലമാണ് എന്നാണ് നിത്യം ഡ്രൈവ് ചെയ്യുന്നവർ പരാതിപ്പെടുന്നത്.
സിൽവർ ലൈൻ സ്ഥലമെടുപ്പിനായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവായി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകൾ തുടരും. പതിനൊന്ന് ജില്ലകളിലെ സ്പെഷ്യൽ തഹസീൽദാർ ഓഫിസുകളിലെ 18 തസ്തികകളും തുടരാനാണ് ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകൾ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതൽ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയത്.
സർവ്വെ തുടരും
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും ആക്ഷേപങ്ങൾക്കിടെയാണ് നടപടി. മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മഞ്ഞ കുറ്റികൾക്ക് പകരം ജിയോ ടാഗിംഗ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിര്‍പ്പ് വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സര്‍ക്കാരിനേയും കുഴക്കുന്നുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെത്ത് മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.