ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും വലിയ ഇടിവിലേക്ക്

ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് വൻ വീഴ്ചയാണ് നേരിടുന്നത്. നടപടികൾ ഒന്നും ഫലപ്രദമാവാത്ത അവസ്ഥയാണ്

യു എസ് ഡോളറിനെതിരെ 0.41 ശതമാനം മൂല്യമാണ് ഇന്ത്യര്‍ രൂപയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയ മൂല്യനിരക്കാണ് ഇന്ത്യൻ രൂപ ഇപ്പോൾ നേരിടുന്നത്.

ഇതിനെതിരായ നടപടിയിൽ റിപ്പോ നിരക്ക് വർധിപ്പിച്ചും മറ്റും തന്ത്രങ്ങൾ പ്രയോഗിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ മേൽ വീണ്ടും ഭാരം അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണ്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ രൂപ വീണ്ടും ദുര്‍ബലമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സമാധാന നൊബേൽ അലിസ് ബിയാലിയാട്സ്കിക്കും റഷ്യൻ യുക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും

0

സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ യുക്രൈനിലെ യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളാണ് അലിസ് ബിയാലിയാട്‌സ്‌കിക്ക് ഒപ്പം 2022 നൊബേല്‍ പങ്കിട്ടത്.

മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണിച്ചത്.

അലിസ് ബിയാലിയാട്‌സ്‌കി

ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്‌സ്‌കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആള്‍ കൂടിയാണ് അദ്ദേഹം.

മെമ്മോറിയല്‍,

1987-ലാണ് റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ സ്ഥാപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ സംഘടനയാണ് മെമ്മോറിയല്‍.

സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ ഇരകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷന്‍ കേന്ദ്രം സ്ഥാപിച്ചു. റഷ്യയിലെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വിവരങ്ങള്‍ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. റഷ്യയിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങളുടെ ഏറ്റവും ആധികാരിക ഉറവിടമാണിപ്പോൾ മെമ്മോറിയല്‍. തീവ്രവാദത്തെ ചെറുക്കുന്നതിലും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.

സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് ലോഗോ

യുക്രൈനിലെ കീവില്‍ 2007-ലാണ് സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് സ്ഥാപിക്കപ്പെട്ടത്. യുക്രൈനിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനും ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. യുക്രൈനെ സമ്പൂര്‍ണ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാനായി സര്‍ക്കാരിന് മേല്‍ സംഘടന നിരന്തരം സമ്മര്‍ദം ചെലുത്തി. യുക്രൈനെ നിയമവാഴ്ച ഭരിക്കുന്ന ഒരു സംസ്ഥാനമാക്കി വികസിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുമായി അഫിലിയേറ്റ് ചെയ്യണമെന്ന് സംഘടന നിരന്തരം വാദിച്ചിരുന്നു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈന്‍ ജനതയ്ക്ക് നേരെയുള്ള അക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിലും ശ്രദ്ധേയമായി. യുദ്ധക്കുറ്റവാളികളെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.

കേന്ദ്ര സർവ്വീസിൽ 990 സയൻ്റിഫിക് അസിസ്റ്റൻ്റ്

0

കേന്ദ്ര സർവീസിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പൊതുപരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. മെറ്റിരീയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ 990 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിലാവും നടക്കുക.

യോഗ്യത

ഫിസിക്സ് ഒരു വിഷയമായ സയൻസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലൊന്നിൽ നേടിയ ബിരുദം. അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യം. യോഗ്യതകളെല്ലാം ഫസ്റ്റ് ക്ലാസോടെ/ തത്തുല്യ ഗ്രേഡോടെ നേടിയതായിരിക്കണം. അപേക്ഷകർ പ്ലസ്ടുവിന് സയൻസ് (ഫിസിക്സും മാത്‌സും ഉൾപ്പെടെ) പ്രധാനവിഷയമായി പഠിച്ചവരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും അവർ 18.10.2022-നകം യോഗ്യത നേടിയിരിക്കണം.

പ്രായം: 18.10.2022-ന് 30 വയസ്സ് കവിയരുത്. അപേക്ഷകർ 19.10.1992-ന് മുമ്പോ 17.10.2004-ന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷ

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക. 200 മാർക്കിനായിരിക്കും പരീക്ഷ. രണ്ടുമണിക്കൂറായിരിക്കും സമയം. പരീക്ഷാകേന്ദ്രങ്ങൾ: കെ.കെ.ആർ. (കേരള, കർണാടക) റീജണിലാണ്. കേരളം, കർണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപും ഉൾപ്പെടുന്നത്. ഇതിൽ കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ

www.ssc.nic.in വഴി ഒക്ടോബർ 18 വരെ അപേക്ഷിക്കാം. അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ ഒക്ടോബർ 25-ന് തിരുത്താം

വടക്കഞ്ചേരി ബസ് അപകടം, ജനരോഷം കനത്തപ്പോൾ നരഹത്യയ്ക്ക് കേസ്

വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റു ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവർ ജോജോ പത്രോസിന്റെ (ജോമോൻ) അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു.

എന്നാൽ കസ്റ്റഡിയിൽ എടുത്ത ദിവസം തന്നെ രക്തം സാമ്പിൾ എടുക്കാതിരുന്ന പൊലീസ് നടപടിക്ക് എതിരെ പരാതി ഉയരുന്നുണ്ട്. ഒരു ദിവസം കഴിഞ്ഞ് പിന്നെ പരിശോധന എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. തുടക്കത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്കായിരുന്നു കേസ്.

വെള്ളിയാഴ്ച വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും. അപകടശേഷം മുങ്ങിയ ജോമോനെ കൊല്ലം ചവറയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൂർ ഓപ്പറേറ്റർ എന്ന പേലിലാണ് ഇയാൾ സംഭവ സ്ഥലത്തു നിന്നും കടന്നത്. അപകടത്തിനുശേഷം കാറിൽ തിരുവനന്തപുരത്തേക്ക്‌ കടക്കാനായിരുന്നു പദ്ധതി.

തവിഞ്ഞാലിൽ നാട്ടിലിറങ്ങിയ പുലി കിണറ്റിൽ വീണു

0

വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത്‌ ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ രാവിലെ പുലി വീണത്‌. മോട്ടോർ പമ്പ് സംവിധാനത്തിന് കേടുപാട് വരുത്തുകയും ചെയ്തു.

വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

രാവിലെ ആറരയോടെ മോട്ടോറിൽ വെള്ളം കയറാത്തതിനെത്തുടർന്ന്‌ കിണറ്റിൽ നോക്കിയപ്പോഴാണ്‌ പുലിയെ കണ്ടത്‌. കിണറിന്‌ മുകളിലെ വല പൊട്ടിയാണ്‌ പുലി വീണത്‌. ഇതിനെ നടക്കാൻ ശ്രമിച്ചപ്പോൾ വീണതാവാം എന്നു കരുതുന്നു. മോട്ടോറിന്റെ പൈപ്പ്‌ പുലി കടിച്ച്‌ മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്‌.

സാമൂഹ്യ മാധ്യമങ്ങൾ ഇടപെട്ടു, തലശ്ശേരിയിൽ വിദ്യാർഥികളെ മഴയത്ത് നിർത്തിയ ബസിനെതിരെ നടപടി എടുപ്പിച്ചു

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു വിട്ടയിച്ചു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയിൽ ബസ് എടുക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ വിദ്യാർത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തിൽ തലശേരി ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥികൾ ബസിൽ കയറുന്നതിന് വേണ്ടി പുറത്ത് വരി നിൽക്കുകയാണ്. ആ സമയത്ത് നല്ല മഴ പെയ്തു. അപ്രതീക്ഷിത മഴയായിരുന്നു. വിദ്യാർത്ഥികളുടെ കയ്യിൽ കുട ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ മുഴുവൻ മഴ നനഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇത്തരം സംഭവങ്ങക്ഷൾ പൊലീസിനും മോട്ടോർ വാഹന അധികാരികൾക്കും കൺമുന്നിലാണ് നടക്കാറ്. പൊലീസ് സാന്നിധ്യമില്ലാത്ത ബസ് സ്റ്റാൻ്റല്ല. പക്ഷെ ബസുകാർക്ക് എതിരെ കണ്ടാലും പരാതിപ്പെട്ടാലും നടപടികൾ ദുർബലമാവും. ഇതിന് പിന്നിൽ കൃത്യമായ യൂണിയനും ബന്ധങ്ങളും ലോബികളുമുണ്ട്. ഇതിനെ മറികടക്കാൻ അധികാരികൾ സന്നദ്ധമാവാറില്ല.

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഈ വിഷയത്തിൽ ഇടപെട്ടത്. തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനുശേഷം മുന്നറിയിപ്പ് നൽകിയതിനുശേഷം വാഹനം വിട്ടയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കർശന നടപടി ഉണ്ടാകും എന്നുകൂടി അറിയിച്ചതായി പൊലീസ് പറയുന്നു.

വീണ്ടും ബാലാവകാശ കമ്മീഷൻ

വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കൂടി ഇടപെട്ടിട്ടുണ്ട്. വിദ്യാർഥികൾ പാസ് നൽകി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ വളരെ മോശമായി അവരോട് പെരുമാറുന്നു. കനത്ത മഴ പെയ്താൽ പോലും വിദ്യാർത്ഥികളെ ബെല്ലടിക്കുന്നതിന് തൊട്ടുമുൻപ് മാത്രമേ ബസിൽ കയറ്റാറുള്ളൂ. വിഷയത്തിൽ ഏതായാലും നടപടി എന്താണ് എന്ന് സംബന്ധിച്ച് വിശദീകരണം നൽകാൻ മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി സർവ്വകലാശാല ഒപ്പൺ എം ബി എ പ്രവേശനം തുടങ്ങി, 20,000 സീറ്റുകൾ

ഡൽഹി സർവകലാശാലയുടെ ഓപ്പൺ ലേണിങ് സ്കൂളിനു കീഴിലുള്ള വിദൂര എം.ബി.എ. കോഴ്‌സിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. 25 വരെ അപേക്ഷിക്കാം. ആദ്യ മെറിറ്റ് ലിസ്റ്റ് 27-ന് പ്രസിദ്ധീകരിക്കും. 20,000 പേർക്കാണ് പ്രവേശനം ലഭിക്കുക.

എം.ബി.ബി.എസ്., ബി.ഡി.എസ്., എം.ഡി., എം.ഡി.എസ്. ബിരുദധാരികൾക്കും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന നൽകും.

ഗതാഗതം, വ്യവസായം, സ്വയംതൊഴിൽ എന്നീ മേഖലകളിൽ രണ്ടോ അതിലധികമോ വർഷത്തെ പരിചയമുള്ളവർക്കും മുൻഗണനയുണ്ട്. രണ്ടുവർഷത്തെ കോഴ്‌സാണെങ്കിലും പൂർത്തിയാക്കാൻ നാലുവർഷം വരെ സമയം ലഭിക്കും.

കരാറുകാരൻ തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി, വീടുപണി തീർന്നിട്ടും കരാർ തുക നൽകിയില്ലെന്ന് പരാതി

0

തെങ്ങിന് മുകളില്‍ കയറി കെട്ടിട നിർമ്മാണ കരാർ തൊഴിലാളിയായി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വീടുപണി പൂര്‍ത്തിയാക്കിയിട്ടും ഉടമ തുക നല്‍കാത്തതിൽ മനം നൊന്താണ് പാലിയോട് സ്വദേശി സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്കല്‍ സ്വദേശി വിജയന്‍ എന്നയാളുടെ വീട് പണി കരാറിനെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി. പറയുന്നത്. ഈ വകയില്‍ നാലര ലക്ഷം രൂപ വിജയന്‍ സുരേഷിന് നല്‍കാനുണ്ട്. ചിലവായ തുക നൽകിയില്ല എന്നാണ് പരാതി.

പണം ആവശ്യപ്പെട്ടാണ് സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിജയന്റെ വീടിന്റെ മുന്നിലുള്ള തെങ്ങില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നല്‍കാനുള്ള തുക അക്കൗണ്ടില്‍ ഇട്ടാല്‍ മാത്രമേ തെങ്ങിന്റെ മുകളില്‍നിന്ന് ഇറങ്ങുകയുള്ളൂ എന്നായിരുന്നു സുരേഷിന്റെ നിലപാട്.

ഇങ്ങനെ ഒരു തുകയില്ലെന്നാണ് വീട്ടുകാരൻ്റെ വാദം. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.

വടക്കാഞ്ചേരി ബസ് അപകടം ബസ് ഡ്രൈവറെ പിടികൂടി

വടക്കാഞ്ചേരിയിൽ സ്കൂൾ കുട്ടികളുടെ വിനോദ യാത്രാ ബസ് അപകടത്തെ തുടർന്ന് മുങ്ങിയ ഡ്രൈവർ അറസ്റ്റിൽ . ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ ആണ് പോലീസ് പിടിയിലായത്.
അപകടത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ തിരുവനന്തപുരം വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് .
കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവര്‍ പിടിയിലായത്. ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായി. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന പദമില്ലായിരുന്നു, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വാക്ക് – കമല്‍ ഹാസൻ

രാജരാജ ചോളനെ ഹിന്ദുദൈവമാക്കിയെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ മണിരത്നം രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ പ്രതികരണം.

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതമില്ലായിരുന്നുവെന്നാണ് കമല്‍ഹാസന്റെ പ്രസ്താവന. രാജരാജ ചോളന്‍ ഹിന്ദു ദൈവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന വാക്ക് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം എന്ന വാക്ക് ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം എന്നിവ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് അന്ന് ഹിന്ദു എന്ന പദം കൊണ്ടുവന്നതു തന്നെ. അത് ഇന്ത്യക്കാരെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയാതിരുന്നതുകൊണ്ട് അവര്‍ കൊണ്ടുവന്നതാണ്. തൂത്തുക്കുടിയെ അവര്‍ ടൂട്ടിക്കോറിന്‍ എന്ന് മാറ്റി വിളിച്ചത് പോലെയാണിതും,’ കമല്‍ ഹാസന്‍ പറഞ്ഞു.

ആ കാലഘട്ടത്തില്‍ മറ്റ് നിരവധി മതങ്ങള്‍ ഉണ്ടായിരുന്നുവെന്നും എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ ‘ഷണ്‍മദ സ്തംഭം’ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ പെരുപ്പിച്ചു കാണിക്കുകയോ വളച്ചൊടിക്കുകയോ ഭാഷാ പ്രശ്നങ്ങള്‍ ഇതിലേക്ക് കൊണ്ടുവരുകയോ ചെയ്യരുതെന്നും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫിക്ഷന്‍ ആഘോഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്മീറ്റിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തമിഴ് ചരിത്രത്തിന്റെ യഥാര്‍ത്ഥ അസ്തിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വെച്ച് വെട്രിമാരന്‍ പറഞ്ഞിരുന്നു. എം.പിയും വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) നേതാവുമായ തോല്‍.തിരുമാവളവന്റെ ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നിയിന്‍ സെല്‍വനില്‍ മണിരത്നം രാജ രാജ ചോളനെ ഹിന്ദു രാജാവായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. രാഷ്രീയ അറിവ് പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി സിനിമയെ രൂപപ്പെടുത്തണമെന്നും വെട്രിമാരന്‍ പറഞ്ഞിരുന്നു.
‘കല ജനങ്ങള്‍ക്കുള്ളതാണ്, ജനങ്ങളെ പ്രതിഫലിപ്പിക്കുന്നത് കലയാണ്. നമ്മള്‍ ഈ കലാരൂപം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം. ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെടുകയാണ്.

തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കും. സിനിമയില്‍ നിന്ന് പല സ്വത്വങ്ങളും ഇതിനകം നീക്കം ചെയ്യപ്പെട്ടു. നാം നമ്മുടെ സ്വത്വങ്ങളെ സംരക്ഷിക്കണം,’ വെട്രിമാരന്‍ പറഞ്ഞു.

ചോള രാജ വംശത്തിന്റെ രാജാവായ രാജരാജ ചോള(അരുള്‍ മൊഴി വര്‍മന്‍)നെ ആസ്പദമാക്കിയുള്ള കല്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.