പഞ്ചാബി ഗായകൻ അൽഫാസ് വാഹനം ഇടിച്ച് ഗുരുതരാവസ്ഥയിൽ

0

 പഞ്ചാബി ​ഗായകൻ അൽഫാസ് വാഹന ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ. സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഐ.സി.യുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി പണത്തെച്ചൊല്ലി വാക്കുതർക്കം ആരംഭിച്ചു.

ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ വാഹനം പിന്നോട്ടെടുക്കുമ്പോൾ അൽഫാസിനെ ഇടിച്ച് കടന്നു കളയുകയുമായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ​ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

‘പുട്ട് ജാട്ട് ദാ’, റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. അമൻജോത് സിങ് പൻവാർ എന്നാണ് യഥാർത്ഥ പേര്. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം ‘ജാട്ട് എയർവേസി’ൽ അഭിനയിച്ചിട്ടുണ്ട്.

കാനം തുടരും, സി ദിവാകരനും കെ ഇ ഇസ്മയിലും ബിജിമോളും പുറത്ത്

0

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും. തുടർച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രൻതിരഞ്ഞെടുക്കപ്പെടുന്നത്.

101 അംഗ സംസ്ഥാന കൗൺസിലിനേയും തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനേയും കെഇ ഇസ്മയിലിനേയും ഒഴിവാക്കി. ഇഎസ് ബിജിമോള്‍ക്കും കൗണ്‍സിലില്‍ ഇടം കിട്ടിയില്ല.

കെ.ഇ ഇസ്മയില്‍ നിര്‍ദേശിക്കുകയും പന്ന്യന്‍ രവീന്ദ്രന്‍ പിന്താങ്ങുകയും ചെയ്തതോടെയാണ് കാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.

മത്സരം ഒഴിവാക്കി കേന്ദ്ര നേതൃത്വം

കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

എൻ.ഇ. ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിന്നു. നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ല കാഴ്ചപ്പാട് പങ്കുവെക്കപ്പെട്ടു.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകും എന്ന കർശന നിർദ്ദേശം ദേശീയ നിർദ്ദേശം നൽകിയിരുന്നു.

പ്രായപരിധി വെച്ചു; സി ദിവാകരൻ സി പി ഐ സംസ്ഥാന കൗണ്‍സിലിന് പുറത്തായി

0

 സിപിഐയില്‍ നേതാക്കൾക്ക് ഉയർന്ന പ്രായപരിധി നിബന്ധന നടപ്പാക്കി. ഇതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല.

നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് സി. ദിവാകരനടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു വ്യക്തമാക്കി.

സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരം ഒഴിവായേക്കും.

ബൊമ്മക്കുലുവിൽ ദുർഗ്ഗാ ദേവി വധിച്ച അസുര രൂപത്തിൽ ഗന്ധിജിയുടെ മുഖം, ന്യായീകരിച്ച് ഹിന്ദു മഹാസഭ

ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു. ഗാന്ധിജയന്തി ദിനത്തില്‍ലാണ് രാഷ്ട്രപിതാവിനെ ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.

തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. ദുർഗ്ഗാ ദേവി വധിച്ച അസുരൻ്റെ സ്ഥാനത്താണ് രൂപം പ്രദർശിപ്പിച്ചത്.

ഒരു പത്രപ്രവർത്തകനാണ് ഇത് പരസ്യപ്പെടുത്തിയത്. പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ഇത്. എന്നാൽ ട്വീറ്റ് നീക്കം ചെയ്യാനായിരുന്നു പൊലീസിൻ്റെ ആവശ്യം എന്ന് പ്രത്രപ്രവർത്തകൻ പറഞ്ഞു.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് സംഘടനകൾ രാഷ്ട്രപിതാവിന് നേരെയുള്ള അവഹേളനത്തിൽ പ്രതിഷേധിച്ച് രംഗത്ത് എത്തി.

തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി ഇതിനെ ന്യായീകരിച്ചു. വിഗ്രഹം ഒരു പരിചയുമേന്തിയിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ഗാന്ധി പരിച ഉപയോഗിക്കാറില്ലല്ലോ എന്നായിരുന്നു വിശദീകരണം.

ദുര്‍ഗ മാതാ കൊന്ന അസുരകന് ഗാന്ധിയോട് സാദൃശ്യമുണ്ടായത് യാദൃശ്ചികമാണ്. ഗാന്ധി വിമര്‍ശിക്കപ്പെടണം എന്നുള്ളത് വസ്തുതയുമാണെന്നും ചന്ദ്രചുര്‍ ഗോസ്വാമി നിലപാട് വ്യക്തമാക്കി. പ്രതമി നീക്കം ചെയ്യാതെ അതിൽ മീശ വരച്ച് ചേർക്കുകയാണ് പൊലീസ് നിർദ്ദേശം വന്നപ്പോൾ ചെയ്തത്.

ഇത് അസഭ്യതയുടെ അങ്ങേയറ്റമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. ബിജെപിയുടെ നാടകം പൊളിഞ്ഞു, ഇതാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഘോഷ് പറഞ്ഞു.

മംഗൾയാൻ പേടകം ഓർമ്മകളുടെ ഭ്രമണപഥത്തിലേക്ക്; ബാറ്ററി ഇറങ്ങി, സിഗ്നൽ നഷ്ടമായി

ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷൻ പേടകത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്നു.  മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി. മംഗള്‍യാന്‍ പേടകത്തിൻ്റെ ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഐ.എസ്.ആര്‍.ഒ. വിവരം പുറത്തു വിട്ടു.

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യം

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013 നവംബര്‍ അഞ്ചിനാണ് 450 കോടി രൂപ ചെലവില്‍ പി.എസ്.എല്‍.വി. സി 25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി.

2014 സെപ്റ്റംബര്‍ 24-ന് ആദ്യശ്രമത്തില്‍ത്തന്നെ ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. എട്ടുവര്‍ഷത്തോളം ഇതിന്റെ സേവനം ലഭ്യമായി. ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യമായി ഇത് ഇന്ത്യൻ ഗവേഷകരുടെ അഭിമാനമായി. വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യവും ഇതാണ്.

സൂര്യപ്രകാശം കുറഞ്ഞു, ഗ്രഹണങ്ങൾ വിനയായി

മോം ( MOM -1) ഒരു സാങ്കേതിക പ്രദർശന സംരംഭമായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

നിലവില്‍ ഇന്ധനം ബാക്കിയില്ലെന്നും ഉപഗ്രഹത്തിന്റെ ബാറ്ററി തീര്‍ന്നെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അടുത്തിടെ തുടര്‍ച്ചയായി ഗ്രഹണങ്ങളുണ്ടാവുകയും ഇതില്‍ ഒന്ന് ഏഴരമണിക്കൂറോളം നിലനില്‍ക്കുകയും ചെയ്തത് ബാറ്ററി വേഗത്തില്‍ തീരുന്നതിനിടയാക്കിയതായാണ് വിലയിരുത്തല്‍. ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററി രൂപകല്പനചെയ്തിരിക്കുന്നത്. അതുകൊണ്ട് ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ബാറ്ററിയുടെ ശേഷി ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗള്‍യാന്‍ അതിന്റെ ദൗത്യം കൃത്യമായിചെയ്യുകയും കാര്യമായ ശാസ്ത്രീയഫലങ്ങള്‍ നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്‌സോസ്ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍, മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ എന്നിവയാണ് മംഗള്‍യാനിലെ ഉപകരണങ്ങള്‍.

മംഗള്‍യാന്‍ പകര്‍ത്തിയ ആയിരക്കണക്കിന് ചിത്രങ്ങള്‍ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ. ചൊവ്വയുടെ ഭൂപടം തയ്യാറാക്കിയിയിരുന്നു.

ഇനി മോം -2

ചൊവ്വയിലേക്ക്‌ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഇന്റർപ്ലാനറ്ററി ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ-2 (MOM 2), മംഗൾയാൻ-2 എന്നും അറിയപ്പെടുന്നു. 2024 ൽ വിക്ഷേപിക്കാനാണ് നിലവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ലക്ഷ്യം വെക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രാഥമിക ലക്ഷ്യം.

റുപേ, യു പി ഐ സേവനങ്ങൾ ഇനി ഒമാനിലും

ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ക്ക് ഒമാൻ സർക്കാരിൻ്റെ അംഗീകാരം. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്രദമാവും. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.

. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സിബിഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും.

നിലവില്‍ യു.എ.ഇ, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇയാണ് ആദ്യമായി റൂപേ കാര്‍ഡ് സേവനം ആരംഭിച്ച ഗള്‍ഫ് രാജ്യം. 2019 ല്‍ ആയിരുന്നു ഇത്. മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ള സേവനങ്ങള്‍ക്ക് സമാനമായ പ്ലാറ്റ്‌ഫോം ആണ് ഇന്ത്യയുടെ റുപേ.

2018 ല്‍ സിങ്കപ്പൂരിലും പിന്നാലെ ഭൂട്ടാന്‍, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു.

അറ്റ്ലസ് രാചന്ദ്രൻ അന്തരിച്ചു

0

പ്രവാസി വ്യാപാരിയും സിനിമാ ചലച്ചിത്ര രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാൽ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബായിൽ നടത്തും.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു.

13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. ഇന്നലെ, കൗരവര്‍, വെങ്കലും തുടങ്ങിയവയുടെ വിതരണവും ഇദ്ദേഹത്തിനായിരുന്നു.

അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. 2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2018 ലാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയില്‍മോചിതനായത്.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

പ്രശാന്ത് കിഷോർ ഡാറ്റാ കച്ചവടം നിർത്തി രാഷ്ട്രീയ പാർട്ടികളുടെ വഴിയിൽ; 3500 കി.മി ജൻ സൂരജ് യാത്ര തുടങ്ങി

0

ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ് പ്രശാന്ത് കിഷോറിന്റെ യാത്രയുടെ പേര്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ യാത്രാ പ്രഖ്യാപനം. ബിഹാറാണ് ലക്ഷ്യം.

1917ല്‍ മഹാത്മാ ഗാന്ധി ആദ്യ സത്യാഗ്രഹ മുന്നേറ്റത്തിന് തുടക്കമിട്ട വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഭീതിഹാര്‍വ ആശ്രമത്തില്‍ നിന്നാണ് പ്രശാന്ത് കിഷോര്‍ പദയാത്ര ആരംഭിച്ചത്. പദയാത്രയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയിടുന്നതെന്ന് വാർത്തകൾ ഉണ്ടായി . എങ്കിലും യാത്രയുടെ ലക്ഷ്യങ്ങൾ ഒന്നും പ്രശാന്ത് കിഷേർ പ്രഖ്യാപിച്ചിട്ടില്ല.

ബിഹാറിലെ 38 ജില്ലകളിലും ചെന്നെത്താനാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പദയാത്രയാണ്. എന്താണ് ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനാകുമെന്നാണ് കിഷോര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാകുമെന്നും അദ്ദേഹം പദ്ധതിയിടുന്നു.

മുന്നണികൾ മാറി ഡാറ്റ വിറ്റ തന്ത്രജ്ഞത

ബി ജെ പിക്കും എതിർ പക്ഷത്ത് എത്തിയ നിതീഷ് കുമാറിനും തിരഞ്ഞെടുപ്പുകൾ മാറി ഡാറ്റാ സഹായം ചെയ്ത വ്യക്തിയാണ് പ്രാശാന്ത് കിഷോർ. ഡാറ്റാ അനാലിസിസ് സാധ്യകൾ പ്രയോജനപ്പെടുത്തി അധികാര രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന തന്ത്രം പ്രയോഗത്തി വരുത്തി. ഒരു ഘട്ടത്തിൽ കോൺഗ്രസും ഭയന്ന് ഇദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തി. എങ്കിലും വിലപേശലിൽ ഒക്കാതെ പരാജയപ്പെട്ടു.

ഗാന്ധിജി കൊല്ലപ്പെട്ടത് വിശ്വസങ്ങളുടെ സമന്വയത്തിനായി പ്രവർത്തിച്ചതിനാൽ – ഇള ഗാന്ധി

0

വിവിധ വിശ്വാസങ്ങളുടെ ഐക്യവും ശാന്തിയുമായിരുന്നു മഹാത്മാഗാന്ധിയുടെ എല്ലാ തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന് ഗാന്ധിജിയുടെ കൊച്ചുമകളും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റ് ചെയര്‍പേഴ്സണുമായ ഇള ഗാന്ധി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആദ്യമായി സ്ഥാപിച്ച ഡര്‍ബനിലെ ഫീനിക്സ് ആശ്രമത്തില്‍ രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസങ്ങളുടെ സമന്വയത്തിനായി പ്രവര്‍ത്തിച്ചതിനാലാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നും ഇള ഗാന്ധി പറഞ്ഞു.

കോവിഡ് കാരണം നേരിട്ട് നല്‍കാനാവാതിരുന്ന 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം കില മുന്‍ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പി.പി.ബാലനിൽ നിന്നും ഇള ഗാന്ധി ഏറ്റുവാങ്ങി.

ഗുജറാത്തിൽ ആം ആദ്മി സർക്കാർ വരും – കെജ്‌രിവാള്‍

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എ എ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വലിയ പിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മി വോട്ടുകള്‍ ചോര്‍ത്താൻ ബിജെപി കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിക്കൊണ്ട് ബിജെപി ഇതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നാണ് ബിജെപിയുടെ ലക്ഷ്യം, എഎപി വോട്ടുകള്‍ ഭിന്നിപ്പിക്കുകയെന്നാണ് കോണ്‍ഗ്രസിൻ്റെ അടവ്.

ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഈ വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് 182ല്‍ പത്ത് സീറ്റിലധികം നേടാന്‍ കഴിയില്ല. വിജയിക്കുന്നവര്‍ തന്നെ പിന്നീട് ബിജെപിയില്‍ ചേരും. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് വ്യര്‍ഥമാണ് എന്നും പറഞ്ഞു.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലേയും പഞ്ചാബിലേയും വിജയത്തിന് പിന്നാലെ ഗുജറാത്തിലും മേൽകൈ നേടാനുള്ള പോരാട്ടത്തിലാണ് എ എ പി