നിങ്ങളുടെ ഫോണിൽ 5G കണക്റ്റിവിറ്റി ലഭ്യമാവുമോ ? ഇക്കാര്യങ്ങൾ അറിയുക

0

5ജി ഫോണുകള്‍ സ്പെക്ട്രം ലേലത്തിനും മുൻപ് തന്ന വിപണിയില്‍ ലഭ്യമാണ്. പലരുടെയും കൈവശമുള്ളവ ഫൈവ് ജി ഫോണുകളാണ്. അവ തിരിച്ചറിയണം. സെറ്റിങ്സിൽ എബൌട്ട് ഫോണിൽ തന്നെ ഇത് തിരിച്ചറിയാം.

പുതിയ സ്മാർട് ഫോണുകൾ വാങ്ങിക്കാൻ പോകുന്നവർ ഇനി ഫൈവ് ജി ഉറപ്പാക്കണം. ഒരു വർഷത്തിനികം കേരളത്തിലെ ചുറ്റുപാടുകളിലും ഫൈവ് ജി സിഗ്നൽ എത്തും. ഫോൺ പലരും ഉപയോഗിക്കുന്നത് ദീർഘകാലത്തേക്കാണ്.

ഏതൊക്കെ ബാൻഡുകളിലാണ് ഫൈവ് ജി കണക്ടാവുക

ഇന്ത്യയില്‍ n28, n5, n8, n3, n1, n41,n78, n77എന്നീ എട്ട് ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ നെറ്റ് വർക്ക് ലഭ്യമാക്കാൻ ഉപയോഗിക്കുക. ഇവയിൽ ഏതെങ്കിലും സപ്പോർട്ട് ചെയ്യുന്ന 5ജി ചിപ്പുകള്‍ ഉപയോഗിച്ചിട്ടുള്ള ഫോണുകള്‍ കയ്യിലുള്ളവർക്ക് ഫൈവ് ജി പിടിക്കാം.

n28, n5, n8 എന്നീ മൂന്ന് 5ജി ബാന്‍ഡുകള്‍ വലിയ വിസ്തൃതിയില്‍ കവറേജ് ലഭിക്കുന്നവയാണ്. എന്നാൽ വേഗം കുറവുമുള്ള ലോ സ്‌പെക്ട്രം ബാന്‍ഡുകളാണ്. പക്ഷെ 4ജി വേഗതയേക്കാള്‍ വളരെ കൂടുതലായിരിക്കും.

n3, n1, n41, n78, n77 എന്നീ അഞ്ച് ബാന്‍ഡുകൾ വലിയ വേഗതയിലും വ്യാപ്തിയിലും കവറേജും കാര്യം ഒരുപോലെ കൈകാര്യം ചെയ്യുന്നത്.

ഇവയെ കൂടാതെ കമ്പനികള്‍ ലേലത്തിനെടുത്ത mmWave ബാന്‍ഡിന് വേഗം വളരെ കൂടുതലായിരിക്കും. എന്നാല്‍ ഈ നെറ്റ് വര്‍ക്കിന് നിശ്ചിത പരിധിക്കുള്ളിലേ കവറേജ് നല്‍കാന്‍ ശേഷിയുണ്ടാവൂ. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഇൻഡൂർ പ്രയോജനപ്പെടുത്താനാകുന്ന ഫ്രീക്വന്‍സി ബാന്‍ഡ് ആയിരിക്കും ഇത്.

പ്രചാരണത്തിലും പുതുവഴി, ഗാന്ധി സൂക്തവുമായി തരൂർ

‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും’ എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തിൽ കുറിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂര്‍ എതിർപ്പുകളും പരിഹാസങ്ങളും കേരളത്തിൽ നിന്നു തന്നെയും നേരിടുകയാണ്. നൂറുവർഷത്തിന് ശേഷമാണ് കേരളത്തി നിന്നൊരു മത്സരാർത്ഥി എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാവുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തരൂരിന്റെ ഏക എതിരാളി. നെഹ്‌റു കുടുംബത്തിന്റെ അടക്കം പിന്തുണയുള്ള അകമേയുള്ള ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തിന് മുതിർന്ന തലമുറയുടെ പിന്തുണയുണ്ട്. ഔദ്യോഗിക ആർക്കും ഇല്ലെന്ന് പറയുമ്പോഴും അതുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിൻ്റെ ഗന്ധി ജയന്തി ദിന ട്വീറ്റ്

ഹൈബി ഈഡന്‍, എം.കെ.രാഘവന്‍, കെ.എസ്.ശബരിനാഥന്‍ തുടങ്ങിയ കേരളത്തിലെ നേതാക്കള്‍ തരൂരിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ എ കെ ആൻ്റണി വിഡി സതീശൻ തുടങ്ങിയവർ അനുകൂല നിലപാടിലല്ല. യുവ തലമുറയിൽ നിന്നാണ് പിന്തുണ ഏറെയും.

സൂക്ഷ്മവും സർഗ്ഗാത്മകവുമായ പൊതുജന സമ്പർക്ക തന്ത്രങ്ങളുമായി തരൂർ തിരഞ്ഞെടുപ്പ് പ്രചരണത്തെ കലാപരവുമാക്കുകയാണ്.

വളർത്തു നായ ലൈസൻസ് ഇനി ഓൺലൈനിൽ

ളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം.

നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാണ്. നേരത്തേ 10 രൂപയായിരുന്നു. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ വാക്‌സിന്‍ സൗജന്യമാണ്. എന്നാൽ ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും.

തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ ദിവസവേതനത്തിന് നിയോഗിക്കാനും നിർദ്ദേശിച്ചു.

കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമല്ല പേരിനോട് മാത്രം വിയോജിപ്പെന്ന് വി കെ ശ്രീരാമൻ

കുഴിമന്തി വിവാദത്തിൽ’ കൈ പൊള്ളിയതോടെ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. കുഴിമന്തിയോട്‌ ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും ശ്രീരാമൻ പറഞ്ഞു. ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ്‌ വിമർശിച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചു.

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ. എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്‌താവനയായി അതിനെ പലരും കണക്കിലെടുത്തില്ല എന്നാണ് വി കെ ശ്രീരാമൻ്റെ കുറിപ്പ്.

കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്. കുഴിമന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം  സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്‌തു. 832 എന്ന നമ്പറുള്ള എപ്പിസോഡാണെന്നും കാണിച്ചു.

അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. അതാണ് പറഞ്ഞത് എന്നാണ് വിശദീകരണം. ആ ഭക്ഷണത്തോടല്ല. ആ പേരിനോട്. ഇഷ്‌ടാനിഷ്‌ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. എന്നും നടനും എഴുത്തുകാരനുമായ അദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എൻ്റെ അനിഷ്‌ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.

എൻ്റെ ഖേദം അറിയിക്കുന്നു – ശ്രീരാമൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

പിളർപ്പിൻ്റെ കഥകൾക്ക് ഇടയിലൂടെ ഭരണ തുടർച്ചയിലേക്ക് നയിച്ച നേതൃപാടവം

0

പാൽക്കാരനായ ബാല്യം

സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെണ്‍കുട്ടികളേയും ബാലകൃഷ്ണനെയും വളര്‍ത്തിയത്. പശുവളര്‍ത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂള്‍കാലത്ത് പാല്‍വീടുകളില്‍ കൊടുത്ത ശേഷമാണ് ബാലകൃഷ്ണന്‍ ക്ലാസിലേക്കു പോയിരുന്നത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളില്‍. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു കോടിയേരി മുട്ടേമ്മൽ. അമ്മയുടെ സഹോദരനായ നാണു നമ്പ്യാരാണ് കോടിയേരിയെ കമ്യൂണിസ്റ്റാക്കുന്നത്. പ്രസംഗിക്കാൻ വലിയ താത്പര്യം കാണിച്ച ബാലകൃഷ്ണൻ സ്കൂൾ കുട്ടികൾക്കിടയിൽ സ്റ്റാറായി.

കോടിയേരി ബേസിക് ജൂനിയര്‍ സ്‌കൂളില്‍ നിന്ന് ഓണിയന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സര്‍ക്കാര്‍ മയ്യഴിയില്‍ പ്രിഡിഗ്രി മാത്രമുള്ള ജൂനിയര്‍ കോളജ് തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയന്‍ ചെയര്‍മാന്‍. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.  രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയ ആറുവര്‍ഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തന മണ്ഡലം.

പതിനെട്ടാം വയസ്സില്‍ സിപിഐഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി നാട്ടിൽ ലോക്കല്‍ സെക്രട്ടറി പദവിയിലുമെത്തി. അടിയന്തരാവസ്ഥയില്‍ ജയിലിലാകുമ്പോള്‍ 22 വയസ്സുമാത്രമായിരുന്നു കോടിയേരിക്ക്. പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷണാമൂര്‍ത്തി, ബാഫക്കി തങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു 16 മാസം കണ്ണൂര്‍ ജയിലില്‍. 

1982, 198787, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു.
2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി

1980 മുതൽ 1982 വരെ ഡി വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.  1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലും ഇരുന്നു.  കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്

പിണറായിക്കും അച്യുതാനന്ദനും ഇടയിൽ

പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയില്‍ സഞ്ചരിച്ച കാലത്ത് സംശയമില്ലാതെ പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കല്‍ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികള്‍ നേരിട്ടപ്പോള്‍ കോടിയേരിക്കെതിരേ ഒരിക്കലും പാര്‍ട്ടി നടപടികളും ഉണ്ടായില്ല.

പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോള്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകൾ കോടിയേരിക്ക് ലഭിച്ചു. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നല്‍കാതിരിക്കുകയും പകരം കോടിയേരിക്ക് നല്‍കുകയും ചെയ്തതിന് പിന്നിലെ താതപര്യം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

തിരഞ്ഞെടുപ്പിനും ഗ്രൂപ്പിസത്തിനും ഇടയിൽ

2015-ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഗ്രൂപ്പിസം കത്തി നിൽക്കയായിരുന്നു. അടുത്ത വർഷം തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കേണ്ടതുമുണ്ടായിരുന്നു. സമ്മേളന വേദിയില്‍ നിന്ന് തുടങ്ങി കാറും കോളും നിറഞ്ഞ അന്തരീക്ഷമാണ് നേരിടേണ്ടി വന്നത്.

യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി ശക്തമായിരുന്നു അന്ന്. മുതിര്‍ന്ന നേതാക്കളായ പിണറായിയും വിഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. സമ്മേളന നഗരിയില്‍ നിന്ന് വി.എസ് പിണങ്ങി പോയി. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വി.എസ് അന്നത്തെ തന്റെ ഒദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് തിരിച്ചു. വിഎസ് സിപിഎം വിടുമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വി എസ് രൂപീകരിക്കാൻ പോകുന്ന പാർട്ടിയെ കുറിച്ചും അതിലേക്ക് വരാൻ പോകുന്ന പാർട്ടി വിട്ട നേതാക്കളെ കുറിച്ചും ചർച്ചകൾ നിറഞ്ഞു.

2015ലെ ആലപ്പുഴ സമ്മേളനത്തിലാണ്‌ ആദ്യം സെക്രട്ടറിയായി. 2018ൽ തൃശൂർ സമ്മേളനത്തിൽ രണ്ടാമൂഴം ലഭിച്ചു. എറണാകുളത്ത്‌ ചേർന്ന സമ്മേളനത്തിൽ 2022ൽ വീണ്ടും സെക്രട്ടറിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്‌ ആറുമാസത്തിനുശേഷം ആഗസ്‌തിൽ പദവി ഒഴിഞ്ഞു. അതിനിടയിൽ പാർട്ടിയെ നയിച്ചത് വലിയ ജന പിന്തുണയിലേക്കാണ്.

അധികാരത്തിലെത്തുമോ എന്ന ഭയന്ന അവസ്ഥയില്‍ നിന്ന് സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തുടര്‍ഭരണമെന്ന ചരിത്രവും കുറിച്ച് ഏഴാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്നു സാഹചര്യത്തിലാണ് പാർട്ടി പദവികൾ ഒഴിഞ്ഞ് സ്വന്തം ആരോഗ്യ പ്രശ്നങ്ങളുടെ നിസ്സഹായതയിലേക്ക് മടങ്ങുന്നത്.

മറുപക്ഷം ഇല്ലാതാക്കിയ ഉറപ്പ്

പിണറായി വിജയനുമായി എന്നും നല്ല ബന്ധം സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയതയ്ക്കൊടുവില്‍ വിഎസ് പക്ഷത്ത് നിന്ന നേതാക്കളെ പാർട്ടിയിൽ ഉറപ്പിച്ച് നിർത്തുന്നതിന് കോടിയേരി വഹിച്ചത് നിര്‍ണായക പങ്കാണ്. പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും എന്നായിരുന്നു വാഗ്ദാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുന്‍ഗണന. മറ്റൊരു പരിഗണനയും അതില്‍ ഉണ്ടാകില്ല എന്നും ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ സ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോടിയേരി ഉറപ്പു നൽകി.

വിഭാഗീയത പ്രശ്നം പാര്‍ട്ടിയിലുണ്ടായിരുന്നു. അതെല്ലാം ദേശീയനേതൃത്വത്തിന്റെ സഹായത്തോടെ പരിഹരിക്കുകയും ചെയ്തുവെന്നാണ് പിന്നീട് കോടിയേരി നടത്തിയ പ്രതികരണം. പാർട്ടി തലപ്പത്തേക്ക് പുതുതലമുറയെ കൊണ്ടുവരാനുള്ള വഴി തുറന്നാണ് പഴഞ്ചൻ ഗ്രൂപ്പ് ചാഞ്ചാട്ടങ്ങളുടെ വേരറുത്തത്. നിയമസഭാതിരഞ്ഞെടുപ്പില്‍ രണ്ടും ടേം കഴിഞ്ഞവരെ മാറ്റിനിര്‍ത്താമെന്ന മാനദണ്ഡം പ്രായോഗികമാക്കിയത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴും അതിൻ്റെ പഴി തുടന്നു.

പാർട്ടി സെൽ ഭരണത്തിൻ്റെ ഫ്യൂസ് ഊരി

അധികാരകേന്ദ്രമായി പാര്‍ട്ടി മാറേണ്ടതില്ലെന്ന കോടിയേരിയുടെ നിലപാട് പാര്‍ട്ടി-സര്‍ക്കാര്‍ പോരുണ്ടാകാതെ മുന്നോട്ട് പോകുന്നതിന് കാരണമായി. ഈ സന്ദേശം താഴേതട്ട് വരെ നല്‍കാനും പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ട്ടിയിലെ ഏതൊരു പ്രവര്‍ത്തകനും എപ്പോഴും ധൈര്യപൂര്‍വം കോടിയേരിയെ സമീപിക്കാമായിരുന്നു. ഇത് തന്നെയായിരുന്നു മുന്നണിയിലെ മറ്റ് കക്ഷികളോട് വലുപ്പചെറുപ്പമില്ലാതെ കോടിയേരി സ്വീകരിച്ചിരുന്ന നയം.

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

0

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ മരണം സ്ഥിരീകരിച്ചു. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു.

കോടിയേരിയുടെ ആരോഗ്യനില തീർത്തും മോശമായതിനാൽ ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

1953 നവംബര്‍ 16-ന് ആയിരുന്നു ജനനം. കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനാണ്. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.

പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്തു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രി പദവിയിലും എത്തി.

പാര്‍ട്ടിയില്‍ വിഭാഗീയത നിലനിന്ന കാലമായിരുന്നു മന്ത്രിപദം. മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളിൽ മധ്യസ്ഥന്റെ റോള്‍ കൂടി കോടിയേരിക്കുണ്ടായിരുന്നു.

2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് എത്തുന്നത്. പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പാര്‍ട്ടിഭാരവാഹിത്വത്തിലേക്ക് മാറുന്ന കാഴ്ചയാണ് അന്നുണ്ടായത്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്നങ്ങളെയും ഏറ്റവും മികച്ചരീതിയില്‍ കോടിയേരി കൈകാര്യം ചെയ്തു.

2019-ലാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു.

സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.

“ഇവൻ പുതിയ സഹീർ” – അർഷ് ദീപ് സിംഗിൻ്റെ ഏറിൽ വീണ് പാക് താരം

0

2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്.

ഇതാ അർഷ്ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്ക് വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ. ഇന്ത്യ തങ്ങളുടെ പുതിയ സഹീർ ഖാനെ കണ്ടെത്തി എന്നായിരുന്നു അക്മലിൻ്റെ സ്വന്തം യൂട്യൂബ് ചാനലിലെ പ്രതികരണം.

ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി.

2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്.

കേരളത്തിൽ ആരാധകരെയും എറിഞ്ഞു വീഴ്ത്തി

അർഷ്ദീപ് തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. തിരുവനന്തപുരത്തെ സ്വിംഗിംഗ് പിച്ചിൽ സിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ ഗ്ലാമർ ബാറ്റ്സ്മാൻമാർ ഒന്നും മനസിലാകാതെ പകച്ചു നിൽക്കുന്നത് ആരാധകർ ആസ്വദിച്ചു. 32 റൺസിന് മൂന്ന് വിക്കറ്റ് എന്ന മികച്ച പ്രകടനത്തോടെയാണ് താരം സ്പെൽ പൂർത്തിയാക്കിയത്.

“അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിംഗ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. കാര്യവട്ടത്തെ കളിയിൽ റിലീ റോസോവ്, ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവരുടെ വിക്കറ്റുകൾ അർഷ്ദീപ് നേടി. ഇതിൽ മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു. അതിമനോഹരമായ ഒരു ഇൻസ്വിംഗർ പന്തായിരുന്നു അത്. അവൻ മിടുക്കനായി ബൗൾ ചെയ്യുന്നു, പക്വതയുള്ളവനും വേഗതയുള്ളവനുമാണ്. അർഷ്ദീപ് ഇപ്പോഴും ചെറുപ്പമാണ്. സഹീർ ഖാന് ശേഷം ഒരു ഇടംകൈയ്യൻ താരത്തെ ആവശ്യമായി വന്നതിനാൽ ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ്” തന്റെ യൂട്യൂബ് ചാനലിൽ അക്മൽ പറഞ്ഞു.

കേന്ദ്രത്തിൻ്റേത് അധികാര കേന്ദ്രീകരണ ശ്രമങ്ങൾ; ഒരേ വേദിയിൽ ആഞ്ഞടിച്ച് പിണറായിയും സ്റ്റാലിനും

0

കേന്ദ്രസർക്കാരിൻ്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും സ്റ്റാലിനും ഒരേ അഭിപ്രായ പ്രകടനവുമായി ഒന്നിച്ചത്.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി കുറച്ചു. കേന്ദ്രവിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം അശാസ്ത്രീയമാണ് നടപ്പാക്കുന്നത്. ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാടാണെന്നും പിണറായി വിജയൻ സെമിനാറിൽ വിമര്‍ശിച്ചു.
വൈവിധ്യങ്ങളെ ഏകീകരിക്കാനാണ് വലതുപക്ഷ ശക്തികള്‍ രാജ്യത്ത് ശ്രമിക്കുന്നത്. ഇന്ത്യയെ പുനസംഘടിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രമം അധികാരം കൈപ്പിടിയിൽ ഒതുക്കാൻ – സ്റ്റാലിൻ

നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്. എങ്കിലും ഇന്ത്യയില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മളൊരുമിച്ച് നിന്നിട്ടുണ്ട്.

അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ നിലവിലുള്ള അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം.

ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഇത് അംഗീകരിക്കാനാകില്ല. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്ന് മനസിലാക്കണം. ബിജെപിയുടേത് സ്വാര്‍ത്ഥ താത്പര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു

സൽമാൻ ഖാൻ്റെ ബോഡി ഡബിൾ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും രക്ഷിക്കാനായില്ല.

കുഛ് കുഛ് ഹോതാ ഹേയിൽ സൽമാൻ ഖാന്റെ ബോഡി ഡബിളായി അഭിനയിച്ചാണ് ബോളിവുഡ് സിനിമയിലേക്കെത്തിയത്. തുടർന്ന് ട്യൂബ് ലൈറ്റ്, ബജ്‍രംഗി ഭായിജാൻ, ദബാങ് തുടങ്ങിയ ചിത്രങ്ങളിൽ സൽമാന്റെ ബോഡി ഡബിളായെത്തി.

സിനിമയിലേത് പോലെ ചങ്ങാതിയെ കൊന്ന് വീടിനകത്ത് കോൺക്രീറ്റ് ഇട്ട് മൂടി; കേസ് തെളിയിച്ച് കേരള പൊലീസ്

ചങ്ങനാശ്ശേരിയില്‍ സിനിമാ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയത് പൊലീസ് കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിൻ്റെ വീടിൻ്റെ തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു.

ആലപ്പുഴ സ്വദേശി ബിന്ദുകുമാറാണ്(41) കൊല്ലപ്പെട്ടത് എന്നു കരുതുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടെന്നും പിന്നീട് കോണ്‍ക്രീറ്റ് ചെയ്തതാണെന്നും പോലീസ് കരുതുന്നു.

ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.

ബൈക്കിൽ തുടങ്ങി, മൊബൈൽ ലൊക്കേഷനിലൂടെ പ്രതിയിലേക്ക്

പോലീസ് അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ല. എങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിൻ്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇത് എന്തിനാണെന്ന് വ്യക്തമായില്ല. തുടർന്നാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ അനുമതിയോടെ പോലീസ് വീട്ടിലെ തറ പൊളിച്ച് പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

അതേസമയം, ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി ഇവരെ വീടിന് പുറത്ത് കണ്ടിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. മുത്തുകുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മുത്തുകുമാറിനെ പൊലീസ് വലയിലാക്കിയതായാണ് വിവരം.