കെഎസ്ആർടിസി തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

0

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.

12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും പരിഗണിച്ചാണ് പണിമുടക്ക് പിൻവലിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.

സമരക്കാർക്കെതിരെ ശമ്പളം തടഞ്ഞുവെക്കുന്നതുൾപ്പടെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രി ആൻറണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാർ ആലോചിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്നറിയിച്ചായിരുന്നു കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫിൻറെ സമരപ്രഖ്യാപനം. നാളെ തുടങ്ങാനിരുന്ന പണിമുടക്കിനെ നേരിടാൻ ആദ്യം മുതലേ മാനേജ്മെൻറ് പദ്ധതികളൊരുക്കി. .

സർവീസുകൾ മുടക്കം വരാതിരിക്കാനായി കാലാവധി കഴിഞ്ഞ പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർ, കണ്ടക്ടർമാരുടെ വിവരവും തേടി.

കാലവർഷം പിൻവാങ്ങി, ലഭിച്ചത് 14 ശതമാനം മഴ കുറവ്

0

സംസ്ഥാനത്ത്‌ ഇക്കൊല്ലം കാലവർഷം അവസാനിച്ചപ്പോൾ 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതാണ്.

പക്ഷെ ഇത്തവണ പെയ്തിറങ്ങിയത് 1736.6 മി. മീറ്ററാണ്‌. കഴിഞ്ഞ വർഷവും മഴ കുറവായിരുന്നു. 16 ശതമാനം കുറവുണ്ടായി. 2018 മുതൽ അധിക മഴ ലഭിച്ചിടത്താണ് ക്രമേണ കുറവ് കാണിക്കുന്നത് 2020ൽ ഒമ്പതു ശതമാനവും 2019ൽ 16 ശതമാനവും അധിക മഴ ലഭിച്ചു. 2018ൽ 23 ശതമാനവും അധിക മഴ ലഭിച്ചിരുന്നു.

ഔദ്യോഗികമായി 122 ദിവസം ( ജൂൺ 1- സെപ്റ്റംബർ 30) നീണ്ടു നിൽക്കുന്നതാണ് മഴക്കാലം. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്നത്  1746.9 മില്ലിമീറ്റർ മഴയാണ്. എന്നാൽ മഴയുടെ തീവ്ര മാസത്തിലും പെയ്തത് 1512.8 മില്ലിമീറ്റർ മാത്രം. അപ്പോൾ തന്നെ 13% കുറവ് വന്നു. ഓഗസ്റ്റ്  മാസത്തിൽ മാത്രം ഇത്തവണ 24% കൂടുതൽ മഴ ലഭിച്ചു.ഓഗസ്റ്റ് മാസത്തിൽ സാധാരണയായി 445.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 551.7മില്ലിമീറ്റർ 24 % കൂടുതൽ. പക്ഷെ ജൂണിലെ മഴക്കുറവ് പരിഹരിക്കപ്പെട്ടില്ല. അതായത് പെയ്ത മഴ തന്നെ ഒന്നിച്ചെത്തി. ജൂണിലെ കുറവ് 52 ശതമാനമാണ് രേഖപ്പെടുത്തിയത്.

ഈ വർഷം സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറഞ്ഞ മഴയാണ്‌ ലഭിച്ചത്‌. കാസർകോട്‌ ജില്ലയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌– 2785.7 മി.മീ. തൊട്ടടുത്ത്‌ 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ്‌ മഴ തിരുവനന്തപുരത്താണ്‌– 593 മി.മീ.

കാസർകോട്‌ രണ്ടു ശതമാനം കുറവ്  മഴ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത്‌ 30 ശതമാനം മഴ കുറവാണ്‌.

ശശി തരൂർ ഒറ്റപ്പെട്ടു, ജി 23 നേതാക്കൾ ഗാർഖെയ്ക്ക് ഒപ്പം

ശശി തരൂർ എഐസിസി ആസ്ഥനത്തെത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൊട്ടു പിന്നാലെ മല്ലികാർജുൻ ഗാർഖെയും പത്രിക നൽക. അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ജീ 23 നേതാക്കളാണ് മല്ലികാർജുൻ ഗാർഖെയ്ക്ക് ഒപ്പമെത്തിയത്. അശോക് ഗഹ് ലോതിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ അണി നിരന്നത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയ ദിഗ്‌വിജയ് സിങും ഒപ്പമുണ്ടായിരുന്നു.

എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാർജുൻ ഗാർഖെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല. ഔദ്യോഗിക സ്ഥാനാർഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂർ പറഞ്ഞിരുന്നു.

ജി23 യുടെ സ്ഥാനാര്‍ഥിയായി ശശി തരൂരിനെയാണ് ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ താന്‍ ജി23 ന്റെ സ്ഥാനാര്‍ഥിയല്ലെന്ന് തരൂര്‍ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഖാര്‍ഗെ എത്തിയപ്പോള്‍ ജി23 നേതാക്കളും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രികയില്‍ ജി23 നേതാക്കള്‍ ഒന്നടങ്കം ഒപ്പുവെച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എ.കെ.ആന്റണി, അശോക് ഗഹ്ലോത്, അംബിക സോണി, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, മനു അഭിഷേക് സിങ്‌വി, അജയ് മാക്കന്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ദിഗ് വിജയ് സിങ്, താരിഖ് അന്‍വന്‍, സല്‍മാന്‍ ഖുര്‍ഷിദ്, പൃഥിരാജ് ചവാന്‍, അഖിലേഷ് പി.ഡി.സങ്, ദീപേന്ദര്‍ സിങ് ഹൂഡ, നാരായണ്‍സ്വാമി, വി.വൈദ്യലിംഗം, പ്രമോദ് തിവാരി, പി.എല്‍.പുനിയ,അവിനാഷ് പാണ്ഡെ, രാജീവ് ശുക്ല, സയിദ് നസീര്‍ ഹുസൈന്‍, രഘുവിര്‍ സിങ് മീണ, ധീരജ് പ്രസാദ് സാഹു, കമലേശ്വര്‍ പട്ടേല്‍, മൂല്‍ചന്ദ് മീണ, സഞ്ജയ് കപൂര്‍, വിനീത് പുനിയ തുടങ്ങി 30 നേതാക്കളാണ് ഖാര്‍ഗെയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

പിന്തുണച്ച് എത്തിയവർക്ക് ശശി തരൂർ നന്ദി അറിയിച്ചു. രാജ്യത്തിന്റ ഭാവിയുടേതാണ് ഈ തെരഞ്ഞെടുപ്പെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകരാണ് മത്സരിക്കാൻ തന്നെ ക്ഷണിച്ചത്. അവരെ നിരാശരാക്കാൻ കഴിയാത്തതിനാലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൗദ്യോഗിക സ്ഥാനാർഥി ഇല്ല. നടക്കുന്നത് സൗഹൃദ മത്സരമാണ്. മല്ലികാർജുൻ ഖാർഗെ മികച്ച നേതാവാണ് ശശി തരൂർ പറഞ്ഞു.

 തങ്ങളോട് ആലോചിക്കാതെ തരൂര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതാണ് ജി23 നേതാക്കളെ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരക്കാനിടയാക്കിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഗഹ് ലോതിന്റെ വസതി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളാണ് ഖാര്‍ഗെയെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; മതാപിതാക്കൾക്ക് പിന്നാലെ മകനും മരിച്ചു

0

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി.
ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിനും (18) മരിച്ചു.

സബിൻ്റെ പിതാവ് അബ്ദു സമദ്, മാതാവ് ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ  മരണപ്പെട്ടിരുന്നു. ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ അപകടം ഉണ്ടായത്. അബ്ദുസമദിൻ്റെ മാതാവും മകളും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇവർ തീപിടിച്ച ഉടനെ ഓടി രക്ഷപെട്ടതിനാൽ ദുരന്തത്തിൽ നിന്നും ഒഴിവായി.

പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും ശശി തരൂരും രംഗത്ത്; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിന് നൂറു വർഷത്തിന് ശേഷം മലയാളി

0

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തില്‍ നിന്ന് അവസാന നിമിഷം ആരും പത്രിക നല്‍കിയില്ലെങ്കില്‍ ഖാര്‍ഗെ അല്ലെങ്കില്‍ തരൂര്‍ രണ്ടിലൊരാള്‍ അധ്യക്ഷനാകുമെന്ന് ഉറപ്പായി.

പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്നുമണിയാണ്. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടര്‍ന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗഹ്‌ലോത് പിന്‍വാങ്ങിയപ്പോള്‍, ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് ദിഗ്വിവിജയ് സിങ്ങാണ് രംഗത്തുണ്ടായിരുന്നത്. നാമനിര്‍ദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു

അവസാന നിമിഷമാണ് അതില്‍ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കും മത്സരിക്കുക. ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയാണ്. ശശി തരൂര്‍ പത്രികാ സമര്‍പ്പണത്തിനായി എത്തുകയും ചെയ്തിട്ടുണ്ട്.

ഉദയ്പുര്‍ ചിന്തന്‍ശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഖാര്‍ഗെ മത്സരിക്കുമ്പോള്‍ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോള്‍ ആ സ്ഥാനത്തേക്ക് കൂടി കോണ്‍ഗ്രസിന് ആളെ കണ്ടത്തേണ്ടി വരും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേല്‍വിലാസവും ഹൈക്കമാന്‍ഡ് പിന്തുണയുമാണ് ഖാര്‍ഗെയുടെ അനുകൂല ഘടകങ്ങള്‍. തരൂരിനെ സംബന്ധിച്ച് ജി 23 ന്റെ പ്രതിനിധിയല്ലെങ്കിലും അവര്‍ ആരെയും നിര്‍ത്തിയില്ലെങ്കില്‍ ആ പക്ഷത്തിന്റെ വോട്ട് ലഭിച്ചേക്കാം.

കേരളത്തിലും അപ്രതീക്ഷിതമായി തരൂരിന് പിന്തുണ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട്. നൂറു വർഷത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതിൽ അഭിമാനമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ പരസ്യമായി പ്രതികരിച്ചു. തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചതായും ശബരീനാഥൻ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് കെ.എസ് ശബരീനാഥൻറെ പ്രതികരണം. കേരളത്തിന് പുറത്ത് ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം.

കഴിഞ്ഞ ദിവസം ജി.23 നേതാക്കളായ ആനന്ദ് ശര്‍മ, മനീഷ് തിവാരി, പൃഥ്വിരാജ്‌ ചവാന്‍, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ പ്രത്യേക യോഗം ചേരുകയും മികച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അറിയിച്ചിരുന്നു.

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്.

ജി.23 പരിഷ്‌കരണവാദികളില്‍പ്പെട്ടയാളാണ് ശശി തരൂരെങ്കിലും ജി.23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി.23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ജി.23 സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിക്കുമെന്നും പറഞ്ഞു കേട്ടിരുന്നുവെങ്കിലും അദ്ദേഹവും മത്സരത്തിനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മത്സര ചിത്രം തരൂര്‍, ഖാര്‍ഗെ എന്ന തരത്തിലാവും.

എ കെ ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ സ്കൂട്ടർ കണ്ടെത്തി

എ.കെ.ജി. സെന്റര്‍ അക്രമണ കേസിൽ സ്ഫോടക വസ്തുവുമായി ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിനെതിരായ സുപ്രധാന തെളിവാകുമിത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചു വെന്നാണ് ജിതിന്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിനു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. എങ്കിലും കിട്ടിയില്ല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിടിയിലായ ജിതിന്‍. പ്രതിയെ കണ്ടെത്താനാവാതെ വന്നതിനെ തുടർന്നാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. സി പി എം തന്നെ കേസിൽ പ്രതിക്കൂട്ടിലായ സാഹചര്യം വന്നിരുന്നു.

ഒത്തു തീർപ്പ്; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ തീരുമാനിച്ച് ഓൺലൈൻ ചാനൽ അവതാരക. ഇതിനായി അവതാരകം അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജിയും ഒപ്പിട്ട് നൽകിയിട്ടുണ്ട്.

അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടൻ.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു ഈ നടപടി. എന്നാൽ കേസിൽ നിർമ്മാതാക്കളുടെ സംഘടന തലയിട്ടത് കടുത്ത വിമർശനവും ഉയർത്തി. ഉന്നതരുടെ ലൈംഗിക, പീഡന കേസുകളിൽ ഒന്നിലും നിലപാട് എടുക്കാതെ ശ്രീനാഥിൻ്റെ കേസിൽ മാത്രം വിലക്ക് പ്രഖ്യാപനവുമായി വന്നതിനെ സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മ വിമൻ ഫോർ കൾച്ചറൽ കളക്ടീവ് തുറന്നു കാട്ടി.

അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം താരത്തിന്റെ മുടി, നഖം, രക്തം എന്ന സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. പരാതിയില്ലെങ്കിലും ഇത് പൊലീസ് കേസായി നിലനിൽക്കാവുന്നതാണ്.

മണി ചെയിൻ മോഡൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; 300 കോടി മുക്കിയ സംഘം പിടിയിൽ

0

ക്രിപ്റ്റോ കറന്‍സിയുടെയും കറന്‍സി വ്യാപാരത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിന് ഇരയായ ഒരു വ്യക്തിയുടെ പരാതി അന്വേഷിച്ചപ്പോഴാണ് കേസിൻ്റെ വ്യാപ്തി പൊലീസിനും വെളിപ്പെടുന്നത്.

തട്ടിപ്പുസ്ഥാപനത്തിന്റെ ഡയറക്ടര്‍ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടില്‍ രാജേഷ് മലാക്ക (46) എന്ന കെ.ആര്‍. രാജേഷിനെയും സ്ഥാപനത്തിന്റെ പ്രൊമോട്ടര്‍ തൃശ്ശൂര്‍ അരണാട്ടുകര പല്ലിശ്ശേരി വീട്ടില്‍ ഷിജോ പോളി(45)നെയുമാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

1.66 ലക്ഷം രൂപ തട്ടിച്ചുവെന്ന രണ്ടുപേരുടെ പരാതികളിലാണ് അറസ്റ്റ്. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്. ഇവര്‍ക്ക് ആകെ 35,000 നിക്ഷേപകരുണ്ടെന്നാണ് ഏകദേശകണക്ക്.

നിക്ഷേപകരെ ചേർക്കാൻ മണി ചെയിൻ മാതൃക

ടോള്‍ ഡീല്‍ വെന്‍ച്വേര്‍സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപങ്ങള്‍ക്ക് ഇരട്ടിപ്പണം ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാണ് ഇത്രയും ലാഭം ഉണ്ടാക്കുന്നതെന്നായിരുന്നു വാദം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍ എന്നിവയും തട്ടിപ്പിനായി പ്രയോജനപ്പെടുത്തി. പുതിയ ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് വരുമാനവര്‍ധനയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 2018-ല്‍ ആണ് തട്ടിപ്പ് ആരംഭിച്ചത്.

നാട്ടിൽ പൊതു സ്വീകാര്യതയുള്ളവരെ കണ്ടെത്തി അവർ വഴിയാണ് ഇവർ ചെയിൻ വിപുലപ്പെടുത്തുന്നത്. പലപ്പോഴും ലാഭത്തിൻ്റെ കഥകളിൽ പെട്ടെന്ന് ആളുകൾ വീഴുന്നു. ഇതിനു പുറമെ ഇവർ ഒരുക്കുന്ന ഉന്നത നിലവാരമുള്ള സാഹചര്യങ്ങളും വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തുന്നു. ഇതെല്ലാം ഇടപാടുകാരുടെ പണം കൊണ്ടാണെന്ന യാഥാർത്ഥ്യം തട്ടിപ്പ് പുറത്താവുമ്പോൾ മാത്രമാണ് വെളിവാകുന്നത്.

അറസ്റ്റിലായവരെ കൂടാതെ സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടര്‍മാരായ മലപ്പുറം കാളികാവ് പാലയ്ക്കാത്തൊടി മുഹമ്മദ് ഫസല്‍, തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേശത്ത് കുന്നത്തുപടിക്കല്‍ കെ.ആര്‍. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കല്‍ ലിജോ എന്നിവരും പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

രാജേഷ് മലാക്കയുടെയും കൂട്ടാളിയുടെയും കോയമ്പത്തൂരിലെ ആഡംബര ഒളിത്താവളത്തില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്കുധാരികളായ അംഗരക്ഷകര്‍വരെ ഇവര്‍ക്കുണ്ടായിരുന്നു.

പഴുവില്‍ സ്വദേശിയുടെയും കല്ലൂര്‍ സ്വദേശിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണിവര്‍ അറസ്റ്റിലായത്. 55,000 രൂപയാണ് പഴുവില്‍ സ്വദേശിക്ക് നഷ്ടമായത്.

കല്ലൂര്‍ സ്വദേശിക്ക് 1.11 ലക്ഷം രൂപ നഷ്ടപ്പെട്ടു. രാജേഷ് മലാക്കയ്‌ക്കെതിരേ മുമ്പും മണിചെയിന്‍ തട്ടിപ്പ് സംബന്ധിച്ച പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 2010-ല്‍ പ്രൈം വേ എന്ന സ്ഥാപനം ഇയാള്‍ നടത്തിയിരുന്നു. ഈ സ്ഥാപനം വഴി തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുണ്ടായിരുന്നത്. ഈ കേസുകളെല്ലാം പിന്നീട് ഒത്തുതീരുകയായിരുന്നു.

അന്വേഷണസംഘത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദ്, സബ് ഇന്‍സ്‌പെക്ടര്‍ എ.ആര്‍. നിഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്‌കുമാര്‍, വി.വി. ദീപക്, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, സുനീപ് എന്നിവരാണുണ്ടായിരുന്നത്.

ജോഡോ യാത്ര കർണാകടയിലേക്ക്, പ്രിയങ്കയും സോണിയയും എത്തുന്നു

0

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിച്ചു. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ പദയാത്ര തുടങ്ങി. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.

ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.

എന്നാൽ യാത്രയുടെ പ്രധാന ലക്ഷ്യം ജനങ്ങൾക്ക് ഇടയിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നതായി തുടക്കത്തിൽ കേരളത്തിൽ വിമർശനമുണ്ടായി. മതവർഗ്ഗീയതയും ജനാധിപത്യ വിരുദ്ധതയും നിലനിർക്കുന്ന സാഹചര്യം ചർച്ചചെയ്യപ്പെടാതെ രാഹുലിൻ്റെ ദിന ചര്യകൾ പോലുള്ള വിഷയങ്ങിളിലേക്ക് ചർച്ച മാറി എന്നാണ് വിമർശനം ഉയർന്നത്. അടിസ്ഥാന പ്രശ്നങ്ങളിൽ നിൽക്കാതെ പുറം കാഴ്ചകളിലേക്ക് ശ്രദ്ധ മാറ്റുന്നു എന്നും വിലയിരുത്തപ്പെട്ടു.

സമ്മേളനത്തിന് കൊടി ഉയരും മുൻപേ ശക്തി പ്രകടനങ്ങൾ, സി പി ഐയിൽ ഏത് പക്ഷം മേൽക്കൈ നേടും

0

കൊടിമര ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ഭിന്നത മൂലമല്ല കൊടിമര ജാഥയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനാകില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും പുറത്തുവരുന്ന അടിസ്ഥാനരഹിതമെന്നും കെഇ ഇസ്‌മയിൽ പറഞ്ഞു.

നെയ്യാറ്റിന്‍കരയിലെ സിപിഐ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്‌കരിച്ച് വിമത പക്ഷം. കെ എ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്.

സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. എന്നാൽ യാതൊരു വിഭാഗീയതയും ഇല്ലെന്ന് നേതാക്കൾ വിശദീകരിക്കുന്നു.


കെ ഇ ഇസ്മയിൽ വിശദീകരിക്കുന്നത്

“ഞാൻ എൻ്റെ പാർട്ടി കമ്മിറ്റിയിൽ തന്നെ പറഞ്ഞിരുന്നു. കൊടിമരം കൊടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒഴിവാക്കണമെന്ന് കഴിഞ്ഞ പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ ഞാൻ പറഞ്ഞതാണ്. എങ്ങനെയെങ്കിലും പങ്കെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എനിക്കന്ന് ചില അസൗകര്യങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കന്ന് എത്താൻ കഴിയില്ല മുപ്പതാം തീയതിയേ എത്താൻ കഴിയൂ എന്ന് ഞാൻ പറഞ്ഞിരുന്നു. അതിനുശേഷം ചടങ്ങിൻ്റെ ചുമതല ഉണ്ടായിരുന്നു ജിആർ മന്ത്രി അനിലിനോടും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനറായ വിപി ഉണ്ണികൃഷ്ണനോടും ഞാൻ പറഞ്ഞു, ‘അടിസ്ഥാനരഹിതമായ വാർത്തകൾ വരുന്നു എന്നുള്ളത് അറിഞ്ഞു. അത് ഖേദകരമാണ്. അത് ശരിയല്ല.”- കെഇ ഇസ്‌മയിൽ പറയുന്നു.

സമ്മേളനത്തിന് ഇന്ന് തുടക്കം

24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരുകയാണ്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി.

75 എന്ന പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും എതിർപ്പു പരസ്യമാക്കിയതിനാൽ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാർട്ടി കോൺഗ്രസിൽ ഉറപ്പാക്കുന്നതിനു മു‍ൻപു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.

സെക്രട്ടറി സ്ഥാനത്തേക്കു സർവസമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായിൽ പക്ഷം. പുതിയ 100 അംഗ കൗൺസിലിൽ 50–55 പേരുടെ പിന്തുണയാണ് അവർ അവകാശപ്പെടുന്നത്. പ്രായപരിധിക്കെതിരെ ആ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാവി ഇപ്പോൾ ആടിക്കളിക്കുന്നവരെ സ്വാധീനിച്ചേക്കാം.

വിഭാഗീയത ഇല്ല – കാനം

എന്നാല്‍ സിപിഐയില്‍ വിഭാഗീയയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണവും സിപിഐയിലില്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് മുന്‍കാല ചരിത്രം തെളിയിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. സിപിഐഎമ്മിന് മുന്നില്‍ അടിയറവ് പറയുന്നുവെന്ന ആരോപണത്തിനും ലേഖനത്തിലൂടെ കാനം മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാനം മറുപടി നല്‍കി.