ചടുലതാളങ്ങൾ ബാക്കി; റാപ്പർ കൂലിയോ അന്തരിച്ചു

0

റാപ്പറും ​ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും ദീർഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാർത്താ ഏജൻസിയോട് മരണം സ്ഥിരീകരിച്ചതായി അറിയിച്ചു.

ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. അമേരിക്കൻ യുവത്വത്തെ കയ്യിലെടുത്ത് 80കളിലായിരുന്നു റാപ്പ് സം​ഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്.

1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്. ഗാങ്സ്റ്റർ പാരഡൈസിന് ശേഷവും 5 തവണ ഗ്രാമി പുരസ്കാര നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 59 വയസായിരുന്നു.

ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ​ മരണകാരണം പുറത്തുവിട്ടിട്ടില്ല.

റാപ്പ് സം​ഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ​ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ​ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ​ഗാനമായും ​ഗാങ്സ്റ്റാസ് പാരഡൈസ് മാറി.

അഗ്നിരക്ഷാ സേനയിലും വിമാനത്താവളത്തിലും സുരക്ഷാ ജീവനക്കാരനായിട്ടായിരുന്നു തുടക്കം. ഫൻ്റാസ്റ്റിക് വൊയേജ് 1994 ൽ പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടി. എട്ട് ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

വിചാരണ കോടതി മാറ്റണം; പ്രതിയുമായുള്ള ബന്ധം വെളിപ്പെടുത്തി അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പോലീസിന് ലഭിച്ച ശബ്ദരേഖ മുൻനിർത്തിയാണ് ആവശ്യം. ഇതിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമാണ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ അതിജീവിത ചൂണ്ടികാട്ടുന്നു.

ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയിസ് ക്ലിപ് ആണ് പൊലീസിന് ലഭിച്ചത്. എക്സൈസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കി.

ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ല. മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്‌നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പേടിപ്പിക്കുന്നത് ? കേരളത്തെ അടിമുടി പരിഷ്കരിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയം ധൈര്യപ്പെടുമോ ?

വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്. അധ്യാപകനിയമനത്തിന്‌ പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ.

കോടികളുടെ കച്ചവടമാണ് അധ്യാപക നിയമന രംഗത്ത്. കേരളത്തിലെ അടുത്ത കാലത്തെ നിയമന/രാഷ്ട്രീയ വിവാദങ്ങളിൽ എല്ലാം അധ്യാപക നിയമനത്തിലെ ഈ താത്പര്യ സംഘങ്ങളുടെ ആദർശ പ്രസംഗങ്ങൾ കേൾക്കാം. അവരെ നിലയ്ക്ക് നിർത്തുക എന്നാൽ ഓരോ രാഷ്ട്രീയ മത സമുദായിക സംഘടനകളും സത്യത്തിനായി സ്വയം ഒരുങ്ങുക എന്ന ആവശ്യം അംഗീകരിക്കുക എന്നതാണ്.

അധ്യാപക നിയമനവും സ്കൂളുകളുടെ പ്രവൃത്തി സമയവും എല്ലാം വിവാദം വേണ്ടാത്ത കാലത്തിൻ്റെ കാലത്തിൻ്റെ ആവശ്യമായ പരിഷ്കാരങ്ങളാണ്. ഇതറിയാത്തവരല്ല എതിർപ്പും സാങ്കേതിക തടസ്സ വാദങ്ങളുമായി ചാടിവീഴുന്നത്. ജനങ്ങൾക്ക് മനസിലാവും പക്ഷെ സർക്കാർ ഇവ നടപ്പാക്കാനുള്ള സത്യസന്ധതയും പ്രതിബദ്ധതയും കാണിക്കുമോ എന്നതാണ് ചോദ്യം.

എന്താണ് കാര്യം

സർക്കാർ സ്കൂളുകളിൽ നിയമനത്തിനായി ഇങ്ങനെയൊരു ബോർഡ് രൂപവത്കരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലെ നിയമനത്തിന് ഈ രീതി പിന്തുടരണമെന്ന് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ല.

അഭിരുചിയടിസ്ഥാനമാക്കി അധ്യാപനജോലി തിരഞ്ഞെടുക്കാവുന്ന തരത്തിൽ അധ്യാപക കോഴ്‌സുകൾ ഉടച്ചുവാർക്കണമെന്നു ശുപാർശയുണ്ട്. ഇതു യാഥാർഥ്യമായാൽ എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലും യോഗ്യരായ അധ്യാപകരെ ഉറപ്പാക്കാൻ കഴിയുമെന്നാണ് ഖാദർ കമ്മിറ്റിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

സത്യത്തിൽ അഭിരുചി പരിഗണിക്കാത്തതാണ് അധ്യാപക പരിശീന കോഴ്സ് തന്നെയും. ഏറെ കാലത്തെ മുറവിളികൾക്ക് ഒടുവിലാണ് കോഴ്സ് രണ്ടു വർഷമാക്കിയത്. മാനേജരുടെ കുടുംബക്കാർക്ക് വിദ്യാലയങ്ങളിലെ ഒഴിവിന് അനുസരിച്ച് പത്ത് മാസത്തെ കോഴ്സ് തീർത്ത് ജോലിയിൽ കയറാനുള്ള സൌകര്യമാണ് അധ്യാപക കോഴ്സുകൾ എന്നു വരെ വിമർശനം ഉയർന്നിരുന്നു. സിലബസ് അതി വിചിത്രവും പഴഞ്ചനുമായിരുന്നു. ഇപ്പോഴും ഭേദമല്ല.

കുട്ടികൾക്ക് ഏറ്റവും ശ്രദ്ധയും സൂക്ഷ്മമായ പരിചരണവും വേണ്ട താഴ്ന്ന ക്ലാസുകളിലേക്കാണ് ഏറ്റവും കുറഞ്ഞ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.

ആശങ്കകൾ തീർക്കണം, ആരോപണങ്ങൾ തള്ളണം

സെപ്റ്റംബർ 22 ന് ഒരു റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെയും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തു വന്നിട്ടില്ല. റിപ്പോർട്ട്‌ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുന്നു. ഒന്നാം ഭാഗം 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിവാദങ്ങളും എതിർപ്പുകളും. ഉയർന്നു വന്നിരുന്നു.

ഹയർ സെക്കന്ററിയെ പൊതു സ്കൂൾ വിദ്യാഭ്യാസവുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ റിപ്പോർട്ടിൽ അക്കാദമിക തലത്തിൽ വരുത്താൻ പോകുന്ന നിരവധി നിർദേശങ്ങൾ പ്രതിഷേധത്തിന് കാരണമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു. അതിനാലാണ് റിപ്പോർട്ട്‌ അധ്യാപക സംഘടനാ പ്രതിനിധികൾക്ക് പോലും നൽകാതെ, വിശദമായ പത്രക്കുറിപ്പ് മാത്രം നൽകിയത്.

ശമ്പളവും സ്ഥാനമാനങ്ങളും മാത്രമാണോ വിദ്യാഭ്യാസ രംഗം

മികവുള്ള അധ്യാപകരെ നിയമിക്കാനും സമയാസമയങ്ങളിൽ അതു നടപ്പാക്കാനുമൊക്കെയായി ഇപ്പോഴത്തെ രീതി അടിമുടി മാറ്റണമെന്ന് ഖാദർ കമ്മിറ്റി അടിവരയിട്ടു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ അധ്യാപക റിക്രൂട്ട്‌മെന്റ് ബോർഡുണ്ടെന്ന് സ്കൂൾവിദ്യാഭ്യാസ പരിഷ്കാരത്തിനായി റിപ്പോർട്ടു സമർപ്പിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. എം.എ. ഖാദർ ചൂണ്ടി കാട്ടുന്നു. ഈ മാതൃക കേരളത്തിലും നടപ്പാക്കാം. ശുപാർശ ഏതുതരത്തിൽ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകരുടെ സ്ഥാനക്കയറ്റം നിർണയിക്കുന്നതടക്കമുള്ള ചുമതലകൾ റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നതാണ് ഖാദർ കമ്മിറ്റിയുടെ നിർദേശം. എയ്ഡഡ് സ്കൂളിലുൾപ്പെടെ പ്രധാനാധ്യാപകരെ നിയമിക്കുമ്പോൾ സീനിയോറിറ്റി മാത്രമല്ല, ഭരണപാടവവും വിലയിരുത്തണം. ഇതും റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നാണ് ശുപാർശ. ഇങ്ങനെ, അധ്യാപകരുടെ നിയമനവും സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള മേൽനോട്ടസമിതിയായി റിക്രൂട്ട്‌മെന്റ് ബോർഡ് മാറും.

കേരളത്തിൽ, രാഷ്ട്രീയ ഇരിപ്പിടങ്ങൾ കൂടുതൽ ഉണ്ടെങ്കിലും രാജ്യത്തെ തന്നെ കാര്യക്ഷമമായ റിക്രൂട്ട്മെൻ്റ് സംവിധാനമാണ് പി എസ് സി. ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ പ്രായോഗികമല്ലാതല്ല. ഭരണ നേതൃത്വം സമ്മർദ്ദങ്ങളെ അതിജീവിക്കുക എന്നതാണ് പ്രധാനം. കോടികളുടെ കളിയാണ്. ശക്തമായ വോട്ടു ബാങ്ക് സമ്മർദ്ദം നിലനിൽക്കുന്ന മേഖലയുമാണ്.

കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. അതിനെ ലോക നിലവാരത്തിനും മുകളിലേക്ക് മാതൃകയായി ഉയർത്താനുള്ള ആദ്യപടിയാണ്. സ്കൂൾ സമയം മാറ്റുന്നത് വരെ സമൂഹത്തിന് മൊത്തം മാറ്റം കൊണ്ടു വരാൻ കഴിയുന്ന പരിഷ്കാരങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ജനതയായി വരും തലമുറകളിലൂടെ കേരളത്തെ മാറ്റാൻ കഴിയും. പക്ഷെ ഈ മേഖലയെ എങ്കിലും താത്പര്യങ്ങളിൽ നിന്നും മുക്തമാക്കി ശാസ്ത്രീയമായി പരിഷ്കരിക്കാൻ കഴിയണം.

എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ടു വിക്കറ്റ് ജയം

0

ബൗളര്‍മാരുടെ കിടിലൻ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ വിജയ രഹസ്യമായി മാറുന്ന കാഴ്ചയായിരുന്നു. പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിര്‍ത്തിയാണ്.സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും പുറത്താകാതെ ഹാഫ് സെഞ്ച്വറി നേടി.

ക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കൃത്യമായ അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല.


സ്ത്രീകൾക്കെതിരായ ആതിക്രമം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റേത് എന്ത് നിലപാടാണ് ?. ചോദ്യവുമായി സിനിമാ രംഗത്തെ വനിതകൾ

0

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ഇരട്ട നീതി നിലപാടിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രം​ഗത്ത്. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും ഡബ്ലിയു.സി.സി ഓർമ്മപ്പെടുത്തി.

വിജയ് ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്നത് ശ്രദ്ധേയമാണ്. നടപടി നിശ്ചയിക്കുന്നത് പണവും അധികാരവും കൊണ്ടാണോയെന്ന് സമിതി സംശയം പ്രകടിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് നിർമ്മാതാക്കൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ഡബ്ലിയു.സി.സിയുടെ ഫെയ്സ്ബുക്ക് പോസറ്റ്

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമയബന്ധിതമായി നടപടി എടുത്തിരിക്കുന്നു. ഇത് തീർച്ചയായും, നമ്മുടെ സഹപ്രവർത്തകരോടു നാം കാണിക്കേണ്ട ബഹുമാനത്തിന്റെ/പരിഗണനയുടെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു നടപടിയാണ്. സമാന്തരമായി, ഈ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്നു കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന പല കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ടവരും, വിചാരണ നേരിടുന്നവരുമായ നിരവധി പുരുഷന്മാർ മലയാള സിനിമാ മേഖലയിലുണ്ട്. ഇതിനുള്ള ഉദാഹരണങ്ങളിൽ ചിലതാണ്, സമീപകാലത്തുണ്ടായ വിജയ് ബാബുവിന്റെയും, ലിജു കൃഷ്ണയുടെയും കേസുകൾ. പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് എതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച ആഘോഷങ്ങളിലാണ്, ഇതിന്റെ നിർമ്മാണ കമ്പനി ഇപ്പോൾ.

വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് ഒരു യുവതി പോലീസിൽ പരാതി നൽകിയതോടെ വിജയ് ബാബു ഒളിവിൽ പോവുകയുണ്ടായി. ഒളിവിലായിരിക്കുമ്പോൾ തന്നെ അയാൾ പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും അപമാനിക്കുകയും ചെയ്തു. അയാളും ജാമ്യത്തിലാണ്. വ്യവസായികളാൽ പിൻതാങ്ങപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടിൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കപെടുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഈ വ്യക്തികൾക്കും അവരുടെ കമ്പനികൾക്കും എതിരെ അച്ചടക്ക നടപടികളെടുക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു നടപടിയും സ്വീകരിക്കാത്തത്? ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നത്?
മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു നിർണായക സ്ഥാപനമെന്ന നിലയിൽ, ലിംഗവിവേചനത്തോടും, മറ്റതിക്രമങ്ങളോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നയം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകൾ സ്വീകരിക്കുകയും, ഈ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ ഉചിതങ്ങളായ നടപടികൾ കൈക്കൊള്ളുകയും വേണം. അത്തരം വ്യക്തികളെ ഈ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും, അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും ഏവർക്കും സുരക്ഷിതവുമാക്കാൻ ഉതകുന്ന സംവിധാനങ്ങൾ സജ്ജമാക്കാൻ ഞങ്ങൾ KFPA-യോട് അഭ്യർത്ഥിക്കുന്നു.

ആര്‍.വെങ്കടരമണി അറ്റോര്‍ണി ജനറൽ

സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് പകരമാണ് വെങ്കടരമണി ചുമതലയേറ്റെടുക്കുക.

ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി. അറ്റോർണി ജനറൽ കാലാവധി മൂന്ന് വര്‍ഷമാണ്. രാജ്യത്തെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയാണ്.

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോത്തഗിയെയാണ് പരിഗണിച്ചിരുന്നത്. അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ആര്‍. വെങ്കടരമണിയെ നിയമിച്ചത്.

ഓർക്കേണ്ട കാര്യങ്ങൾ

ഭരണഘടനയുടെ  76-ാം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്. നിയമകാര്യങ്ങളിൽ ഭാരത സർക്കാരിനെ ഉപദേശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല. പ്രസിഡന്റാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം. എന്നാൽ മിനിമം പ്രായം, വിരമിക്കൽ എന്നിവയെക്കുറിച്ച് ഭരണഘടനയിൽ പറയുന്നില്ല. ഇന്ത്യയിലെ ഏതു കോടതിയിലും നേരിട്ടു ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിനാവും. ഇതിനു തത്തുല്യമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കേറ്റ് ജനറൽ. 

എം.സി.സെതൽവാദ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ അറ്റോർണി ജനറൽ. സോളി സൊറാബ്ജി, മിലൻ കെ.ബാനർജി എന്നിവർ രണ്ടുതവണ ഈ പദവി വഹിച്ചിട്ടുള്ളവരാണ്. അറ്റോർണി ജനറലിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം. ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്. സി.കെ.ദഫ്‌താരി ആയിരുന്നു ആദ്യത്തെ സോളിസിറ്റർ ജനറൽ.

ചോദ്യങ്ങൾ

1. ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ – അറ്റോർണി ജനറൽ

2. അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) – ആർട്ടിക്കിൾ 76

3. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് – അറ്റോർണി ജനറൽ

4. അറ്റോർണി ജനറലിനെ നിയമിക്കുന്നത് – രാഷ്‌ട്രപതി

5. അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് – രാഷ്‌ട്രപതി

6. അറ്റോർണി ജനറലിന്‌ ആർക്കുവേണ്ട യോഗ്യതയുണ്ടായിരിക്കണം – സുപ്രീംകോടതി ജഡ്ജിയുടെ

7. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ – അറ്റോർണി ജനറൽ

8. രാജ്യത്തെ എല്ലാ കോടതികളിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ – അറ്റോർണി ജനറൽ

9. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ – എം.സി.സെതൽവാദ്

10. ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ – കെ.കെ.വേണുഗോപാൽ

11. ഇന്ത്യയുടെ അറ്റോർണി ജനറലാകുന്ന ആദ്യ മലയാളി – കെ.കെ.വേണുഗോപാൽ

12. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ – സോളിസിറ്റർ ജനറൽ

13. ഇന്ത്യയുടെ പ്രഥമ സോളിസിറ്റർ ജനറൽ – സി.കെ.ദഫ്‌താരി

14. നിലവിലെ സോളിസിറ്റർ ജനറൽ – തുഷാർ മേത്ത

15. സംസ്ഥാനത്ത് അറ്റോർണി ജനറലിന്‌ സമാനമായ പദവി – അഡ്വക്കേറ്റ് ജനറൽ

16. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ – അഡ്വക്കേറ്റ് ജനറൽ

17. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് – അഡ്വക്കേറ്റ് ജനറൽ

18. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന അനുഛേദം – 165

19. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് – ഗവർണർ

20. അഡ്വക്കേറ്റ് ജനറലിന്‌ ആർക്കുവേണ്ട യോഗ്യതയുണ്ടായിരിക്കണം – ഹൈക്കോടതി ജഡ്ജിയുടെ

പഠനവും പരീക്ഷകളും തോന്നിയ പോലെ നടത്തുന്നതിനെതിരെ സർവ്വകലാശാലകൾക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്

പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താത്തത് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന് സർവ്വകലാശാലകളെ ഓർമ്മിപ്പിച്ച് മനുഷ്യാവകാശ കമീഷൻ. കുട്ടികളുടെ ഭാവികണക്കിലെടുത്ത് സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്നും  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്‌ പറഞ്ഞു.

കേരള ആരോഗ്യ സർവകലാശാല നടത്തിയ ബിഫാം  ആറും ഏഴും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കമീഷൻ  സർവകലാശാലാ രജിസ്ട്രാറോട്‌ ഉത്തരവിട്ടു. ബി ഫാം കോഴ്സിൻ്റെ ക്ലാസുകളും സെമസ്റ്റർ പരീക്ഷകളും യഥാസമയം നടത്താത്ത നടപടിക്കെതിരെ വിദ്യാർഥി നൽകിയ പരാതിയിലാണ് ഉത്തരവ്.

എട്ടാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒന്നുമുതൽ  ഏഴു വരെയുള്ള എല്ലാ സെമസ്റ്റർ പരീക്ഷകളും പാസാകണമെന്നുണ്ട്. ബി ഫാം എട്ടാം എംഡബ്ല്യു സെമസ്റ്റർ റെഗുലർ പരീക്ഷാഫലം ജൂലൈ 19ന് പ്രസിദ്ധീകരിച്ചതായും സർവകലാശാല രജിസ്‌ട്രാർ കമീഷനു മുന്നിൽ സമർപ്പിച്ച  റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ആറ്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമീഷനെ ബോധ്യപ്പെടുത്തി.

കേരളത്തിലെ സർവ്വകലാശാലകളിൽ പരീക്ഷാ നടത്തിപ്പ് ഉത്തവാദിത്വമില്ലാത്ത നിലയിലേക്ക് എത്തുന്നതു കാരണം മനുഷ്യാവകാശ കമ്മീഷനെയും നീതിപീഠത്തെയും സമീപിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.

107 റൺസ് ലക്ഷ്യം, ഇന്ത്യയുടേത് പതിഞ്ഞ തുടക്കം

0

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആർ ബി ശ്രീകുമാറിനെതിരെ ചുമത്തിയ കേസിൽ ജാമ്യം

0

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന പേരിൽ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ജാമ്യം. ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2002 ലെ കലാപ കേസ് പുറത്തു കൊണ്ടു വരുന്നതിൽ മുഖ്യ പങ്ക വിഹിച്ചതിൻ്റെ പേരിൽ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചുവെന്ന കേസിൽ സ്ഥിര ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

കേസില്‍ ശ്രീകുമാറിനൊപ്പം ഇരയായ തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് കോടതി നവംബര്‍ 15 ലേക്ക് മാറ്റി. സെപ്റ്റംബര്‍ രണ്ടിന് അവര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

നിരോധനം ഫലവത്താവില്ല, ആർ എസ് എസ്, മാവോയിസ്റ്റ് അനുഭവങ്ങൾ ചൂണ്ടി സി പി എം

0

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് ഫലം ചെയ്യില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല. ആര്‍.എസ്.എസിന്‍റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ ഇത് കാണാം. തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍.എസ്.എസിന്‍റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ വ്യക്തമാകുന്നതാണ്. നിയമവിരുദ്ധമോ, അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയുണ്ടാകണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്‍റെയും പ്രത്യയശാസ്ത്രം കൈമുതലായുള്ള പോപ്പുലര്‍ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും വേണം.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി.എഫ്.ഐയും ആര്‍.എസ്.എസും കേരളത്തിലും കര്‍ണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്‍റെ പ്രതികാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകള്‍ക്ക് പിന്നിലുണ്ട്.

ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമയെന്നും സിപിഎം വ്യക്തമാക്കി.