രാഹുലിനെ കണ്ടു, എതിർപ്പ് കാര്യമാക്കുന്നില്ല; അധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂർ മത്സരിക്കും

0

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.
പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി

ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിൽ വെച്ച് തരൂർ രാഹുലിനെ കണ്ടു. കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ നിരീക്ഷകർ ഇതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്.

തിരിച്ചെത്തിയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞാണ് തരൂര്‍, രാഹുല്‍ ഉണ്ടായിരുന്ന ഹോട്ടലിന് അകത്തേക്ക് പോയത്. രാഹുലുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ തരൂര്‍, യാത്ര ചെയ്ത് എത്തിയതിനാല്‍ രാഹുല്‍ കുറച്ചു വിശ്രമിക്കട്ടേ എന്നും അതിനു ശേഷം കൂടിക്കാഴ്ചയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രണ്ടുമണി വരെ രാഹുലിന് പരിപാടികള്‍ ഒന്നുമില്ല. അതിനാല്‍ രണ്ടുമണിക്കുള്ളില്‍ വീണ്ടും തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച നടന്നേക്കും.

തരൂർ പറഞ്ഞത്

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാര്‍ഥി എന്നു പറയാനാകൂ. പക്ഷേ ഞാന്‍ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ. മുപ്പതാം തീയതി വീണ്ടും സംസാരിക്കാം. കേരളത്തില്‍നിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലര്‍ക്ക് ആ താല്‍പര്യമില്ലെങ്കില്‍, അതു കാര്യമാക്കുന്നില്ല. പാര്‍ട്ടിക്കകത്തും ജനാധിപത്യത്തില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ? ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്നാണ് ചിന്ത —

ആദ്യം അവരെ ഒന്നിപ്പിക്കൂ, എന്നിട്ടാവാം ജോഡോ യാത്ര; കോൺഗ്രസിനെ ട്രോളി ബി ജെ പി

0

ഗാന്ധി കുടുംബത്തിന്റെ ആവശ്യത്തിന് വഴങ്ങി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് മത്സരിക്കാന്‍ തയ്യാറായതിന് പിന്നാലെ ഉയർന്ന തർക്കത്തെ ട്രോളി ബി ജെ പി.

മുഖ്യമന്ത്രിക്ക് പകരക്കാരനാരാവുമെന്ന തര്‍ക്കമാണ് രാജസ്ഥാനില്‍ രൂക്ഷമായിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ഗെഹ്ലോത്തും അനുയായികളും എതിർക്കുകയാണ്. കൂട്ടരാജി ഭീഷണിയാണ് തൊണ്ണൂറോളം എംഎല്‍എമാര്‍ ഉന്നയിച്ചത്. ഇരട്ട പദവി എന്ന ആവശ്യമാണ് തുടക്കത്തിൽ ഗെഹ്ലോത്ത് ഉന്നയിച്ചത്.

ജോഡോയാത്രയുടെ പശ്ചാത്തലത്തിൽ ഈ തർക്കം ഉയർത്തിയാണ് ബി ജെ പി ട്രോൾ. രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോകുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി അവരെ ഒന്നിപ്പിക്കൂവെന്ന് സച്ചിന്‍ പൈലറ്റിന്റേയും അശോക് ഗഹ്‌ലോത്തിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പോസ്റ്റ് ചെയ്തു.

ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും കോണ്‍ഗ്രസിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വീഴാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മന്ത്രിയുടെ മകൻ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു, അങ്കിതയെ കൊന്നത് എതിർത്തതിന്, മൃതദേഹം സംസ്കരിച്ചു

0

മുന്‍ സുരക്ഷാ ജീവനക്കാരന്റേയും അംഗന്‍വാടി ജീവനക്കാരിയുടേയും മകളായായരുന്നു അവള്‍. 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയ അവള്‍ക്ക് ഉപരിപഠനം നടത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ കഴിഞ്ഞ മാസം റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് ജോലി അവള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ മാസത്തെ ശമ്പളം വാങ്ങാനുള്ള ആയുസ് അവള്‍ക്കുണ്ടായില്ല.

 റിസോര്‍ട്ടിലെത്തുന്ന അതിഥികളുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന റിസോര്‍ട്ട് ഉടമയുടേയും സുഹൃത്തുക്കളുടേയും നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അങ്കിത ഭണ്ഡാരി കൊല ചെയ്യപ്പെട്ടത്. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കിയതിലും കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനായ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചു നീക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

19-കാരിയായ അങ്കിത ഭണ്ഡാരിയുടെ ജീവിതം

ഉത്തരാഖണ്ഡിലെ ലക്ഷ്മണ്‍ ജൂലയിലുള്ള വനാന്തര റിസോര്‍ട്ടില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ അങ്കിതയുടെ മൃതദേഹം ഇന്നലെ കനാലില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനും റിസോര്‍ട്ടിന്റെ ഉടമയുമായി പുല്‍കിത് ആര്യയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെതുടര്‍ന്ന് അങ്കിതയെ കനാലിലേക്ക് തള്ളിയിട്ടതായി പുല്‍കിത് സമ്മതിച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ മാനേജര്‍ സൗരഭ് ഭാസ്കറും പൊലീസ് കസ്റ്റഡിയിലാണ്.

റിസോര്‍ട്ടിലെത്തിയവര്‍ക്ക് ‘പ്രത്യേക സേവനം’ നല്‍കണമെന്ന് ആവശ്യപ്പെട്ട് പുല്‍കിതും കൂട്ടരും അങ്കിതയെ നിര്‍ബന്ധിച്ചിരുന്നു. അങ്കിത ഇത് എതിര്‍ത്തതോടെയാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് ഉത്തരാഖണ്ഡ് ഡിജിബി അശോക് കുമാര്‍ സണ്‍ഡെ എക്സ്പ്രസിനോട് പറഞ്ഞു.

ഓഗസ്റ്റ് 28-നാണ് അങ്കിത റിസോര്‍ട്ടിലെ ജോലിയില്‍ പ്രവേശിച്ചത്. വീട്ടില്‍ നിന്ന് ഏകദേശം 130 കിലോ മീറ്റര്‍ അകലെയാണ് റിസോര്‍ട്ട്.

“കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് അവള്‍ക്ക് പഠനം ഉപേക്ഷിച്ച് ജോലി ചെയ്യേണ്ടതായി വന്നു. ചൗരാസ് ഡാമിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അങ്കിതയുടെ പിതാവ് വീരേന്ദ്ര ഭണ്ഡാരി. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. അംഗന്‍വാടി ജീവനക്കാരിയായ മാതാവ് സോനി ഭണ്ഡാരിയാണ് കുടുംബത്തിന്റെ ഏക വരുമാനശ്രോതസ്. അവളുടെ മൂത്ത സഹോദരന്‍ സച്ചിന്‍ ഡല്‍ഹിയില്‍ പഠിക്കുകയാണ്”, വിരേന്ദ്രയുടെ ജേഷ്ഠന്റെ ഭാര്യ ലീലാവതി പറഞ്ഞു.

“കുടുംബസാഹചര്യം വളരെ മോശമായിരുന്നു. എങ്ങനെയാണ് അവള്‍ക്ക് ജോലി ലഭിച്ചതെന്ന് അറിയില്ല. പക്ഷെ ഓഗസ്റ്റ് 28 ന് അവളെ കൊണ്ടുപോകാന്‍ റിസോര്‍ട്ടില്‍ നിന്ന് ഒരു കാര്‍ എത്തിയിരുന്നു. റിസോര്‍ട്ടില്‍ അവള്‍ക്ക് താമസിക്കാന്‍ മുറിയും അവര്‍ നല്‍കി. 10,000 രൂപയായിരുന്നു ശമ്പളം. ആദ്യ ശമ്പളം ലഭിക്കുന്നതിന് മുന്‍പ് അവളെ ഇല്ലാതാക്കുമെന്ന് കരുതിയില്ല,” ലീലാവതി കൂട്ടിച്ചേര്‍ത്തു.

“പഠിക്കാന്‍ അവള്‍ക്ക് വലിയ താത്പര്യമായിരുന്നു. പഠനം ഉപേക്ഷിക്കേണ്ടി വന്നതില്‍ അവള്‍ക്ക് നിരാശയും ഉണ്ടായിരുന്നു. അവളുടെ ജോലിയില്‍ നല്ലൊരു ഭാവി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. അവള്‍ പോയതിന് ഏതാനം ദിവസങ്ങള്‍ക്ക് ശേഷം സോനിയെ ഞാന്‍ കണ്ടിരുന്നു. അങ്കിത അസ്വസ്ഥയാണെന്നും പഴയതുപൊലെയല്ല പെരുമാറ്റമെന്നും സോനി പറഞ്ഞു. പക്ഷെ അന്ന് ഞങ്ങള്‍ അത് കാര്യമാക്കിയില്ല. അങ്ങനെ നിസാരവത്കരിക്കരുതായിരുന്നു,” ലീലാവതി വിതുമ്പി.

അങ്കിതയുടെ സുഹൃത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ് നിര്‍ണായക തെളിവായി ലഭിച്ചെന്നും ഡിജിപി അറിയിച്ചു. ചാറ്റില്‍ പതിനായിരം രൂപയ്ക്ക് അതിഥികള്‍ക്ക് ‘പ്രത്യേക സേവനം’ നല്‍കണമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്നതായി അങ്കിത പറയുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

റിസോര്‍ട്ടിന്റെ നിര്‍മ്മാണം നിയമവിരുദ്ധമായതിനാല്‍ പൊളിച്ച് നീക്കിയിട്ടുണ്ട്. അങ്കിതയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തേയും നിയമിച്ചു. പുല്‍കിതിന്റെ പിതാവിനേയും ജേഷ്ഠന്‍ അങ്കിത് ആര്യയേയും പാര്‍ട്ടിയില്‍ നിന്ന് ഭരണകക്ഷിയായ ബിജെപി പുറത്താക്കുകയും ചെയ്തു.

അങ്കിതയുടെ മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ റിസോര്‍ട്ടിന് തീയിട്ടിരുന്നു.

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആരാകും, രാജസ്ഥാനിൽ തീ പടരുന്നു

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങാതെ നേതൃ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാട് തുടരുകയാണ് ഗെഹ്‌ലോട്ട്. സച്ചിന്‍ പൈലറ്റിന് സ്ഥാനം കൈമാറി കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുയാണ് നേതൃത്വം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ മുന്നറിയിപ്പ്.

ഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനാകാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്. അശോക് ഗെഹ് ലോട്ടുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചു. എംഎല്‍എമാര്‍ അതൃപ്തരാണെന്നും കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നും ഗെഹ്‌ലോട്ട് കെ സി വേണുഗോപാലിനെ അറിയിച്ചു.

രാത്രി വൈകിയും ചര്‍ച്ചകളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ സോണിയാ ഗാന്ധി ഇടപെട്ടു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം പാളിയതോടെ ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. അശോക് ഗെഹ്‌ലോട്ട്, നിരീക്ഷകര്‍ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റ് ഗെഹ്‌ലോട്ടിന്റെ വസതിയിലെത്തിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും

2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ഗെഹ്‌ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്‌ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്‍കിയ ഫോര്‍മുല.

അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് – സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.

വേണുഗോപാലിന് പിൻഗാമയായി അറ്റോർണി ജനറൽ സ്ഥാനം, വേണ്ടെന്ന് മുകുൾ റോത്തഗി തള്ളി

0

അറ്റോര്‍ണി ജനറല്‍ ആകണമെന്ന കേന്ദ്ര ആവശ്യം സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരസിച്ചു. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്ന് മുകുള്‍ റോത്തഗി വ്യക്തമാക്കി. കേന്ദ്ര സർക്കാർ നയങ്ങളിലും നീതി പീഠവുമായി ബന്ധപ്പെട്ട മൂല്യ ഘടനയെ തകർക്കുുന്ന സമീപനത്തിലും അടുത്ത കാലത്ത് വിമർശനം ശക്തമായിരുന്നു.

രാജ്യത്തിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയില്‍ തന്റെ പേര് പരിഗണിച്ച കേന്ദ്രസര്‍ക്കാരിനോട് റോത്തഗി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നിലവിലെ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നിന് പുതിയ അറ്റോര്‍ണി ജനറലായി മുകുള്‍ റോത്തഗി ചുമതല ഏല്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ എ.ജി. ആകാനുള്ള തീരുമാനത്തില്‍ നിന്ന് റോത്തഗി പെട്ടെന്ന് പിന്മാറുകയായിരുന്നു.

റോത്തഗി പിന്മാറിയ സാഹചര്യത്തില്‍ അടുത്ത എ.ജി. ആരാകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ സജീവമായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കാണ്‌ മുന്‍ഗണന എന്നാണ് സൂചന. നിലവിലെ എ.ജി. കെ.കെ.വേണുഗോപാലിന്റെ കാലാവധി അല്‍പകാലത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണുഗോപാലിന്റെ തീരുമാനമാണ് നിര്‍ണ്ണായകമാകുക.

അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

0

പയ്യോളി അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

കരയ്ക്ക് അടുത്ത് 50 മീറ്റർ അടുത്താണ് അഫ്നാസ് കൈവിട്ടു പോയത്. ചളിയും ചുഴിയും നിറഞ്ഞ ഭാഗമാണ്.

നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അകലാപ്പുഴ അടുത്ത കാലത്ത് ജില്ലയിലെ തന്നെ ഏറ്റവും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ്. ദിവസവും നിരവധി പേരാണ് പുഴയുടെ വിവിധ കടവുകളിൽ എത്തുന്നത്. പുതിയതായി വിനോദ വഞ്ചി സംവിധാനങ്ങളും കടവുകളിൽ സജീവമാണ്. എന്നാൽ ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും വിനോദ സഞ്ചരാ സൌകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ പരിമിതപ്പെടുന്ന അവസ്ഥയാണ്.

സി പി എം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0

സിപിഎം നേതാക്കള്‍ക്കെതിരേ കത്ത് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.പത്തനംതിട്ടയില്‍ പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവരുടെ പേരുകളാണ് കത്തിലള്ളത്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്വന്തം ഭൂമി ബലമായി അളന്നെടുത്തതില്‍ ബാബു ദുഖിതനായിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബാബുവിന്റെ ഭാര്യ കുസുമകുമാരിയും പറഞ്ഞു.

താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ ഇതിനിടെ നാല് ലക്ഷം രൂപ കൈപ്പറ്റിയതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ ഒടുങ്ങുന്നില്ല

0

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 16 റൺസിന് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച ഇന്ത്യ മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പും നൽകി. ഈ മത്സരത്തോടെ ഝുലൻ രാജ്യാന്തര കരിയറിനു വിരാമമിട്ടു. ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ രണ്ട് തലമുറകളെ ബന്ധിപ്പിക്കുന്ന താരമാണ് ഝുലൻ ഗോസ്വാമി.

പുരുഷ ലോകത്തെ വിറപ്പിച്ച മുന്നേറ്റം

ഈ അവസരത്തിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ ഒരു താരത്തിൻ്റെ ശേഷിയുടെയും പരസ്പര അംഗീകാരത്തിൻ്റെയും ഉദ്ധരണികൂടിയാവുകയാണ്.

ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.’  എന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുമ്പോൾ നെറ്റ്സിൽ ഝുലനെ നേരിട്ട രോഹിത് ആ ഇൻസ്വിംഗറുകൾക്ക് മുന്നിൽ ചൂളി. രോഹിത് മാത്രമല്ല, ലോകേഷ് രാഹുൽ അടക്കമുള്ള മറ്റ് പുരുഷ ക്രിക്കറ്റർമാരും ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറിനു മുന്നിൽ വീണിട്ടുണ്ട്.

രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്ന ഇന്ത്യൻ വനിതാ പേസർ ഝുലൻ ഗോസ്വാമിയുടെ പേരിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പവലിയൻ സ്റ്റാൻഡൊരുക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യക്കായി ഝുലൻ നടത്തിയ പ്രകടനങ്ങൾക്ക് ആദരവായാണ് ഈഡൻ ഗാർഡൻസിൽ സ്റ്റാൻഡ് ഒരുക്കുക.

രാജ്യാന്തര ക്രിക്കറ്റിൽ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. പക്ഷെ അതിലും അധികമാണ് അവർ കായിക ലോകത്തിന് നൽകിയത്. പുരുഷൻ്റെ കളി എന്നൊന്നില്ല എന്ന ജീവിക്കുന്ന തെളിവ് കൂടിയായി അവർ മാറി

മിന്നൽ വേഗത്തിൽ എറിഞ്ഞു വീഴ്ത്തിയ കോട്ടകൾ

ഝുലൻ ക്രിക്കറ്റ് മൈതാനത്ത് നിറങ്ങുനിന്നും ഇറങ്ങുമ്പോൾ പോരാട്ടത്തിൻ്റെ 20 വർഷങ്ങളാണ് കത്തി നിൽക്കുന്നത്. 19ആം വയസിൽ തുടങ്ങിയ യാത്ര 39 വയസിലെത്തി. മിതാലി രാജുമൊത്ത് ഝുലൻ ഇന്ത്യൻ വനിതാ ക്രിക്കറ്റിനു നൽകിയത് സമാനതകളില്ലാത്ത സംഭാവനകളാണ്. 2006-2007 സീസണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുമ്പോൾ അതിൽ ഝുലൻ്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. ആദ്യ മത്സരത്തിൽ നൈറ്റ് വാച്ച്മാനായി ഫിറ്റിയടിച്ച ഝുലൻ രണ്ടാം മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. 2007ൽ ഐസിസിയുടെ വനിതാ ക്രിക്കറ്ററായിരുന്നു.

ബംഗാളി വനിതാ ക്രിക്കറ്റ് താരമാണ്.  ഝുലാൻ ബംഗാൾ, കിഴക്കൻ മേഖല ടീമുകൾക്കുവേണ്ടിയും ദേശീയ വനിതാ, ഏഷ്യൻ ഇലവൻ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബൗൾ ചെയ്യുന്നതിലും ബാറ്റ് ചെയ്യുന്നതിലുമുള്ള പാടവം എടുത്തുപറയത്തക്കതാണ്. കാതറിൻ ഫിറ്റ്സ്പാട്രിക്കിനു ശേഷം ലോകത്തിൽ തന്നെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന ക്രിക്കറ്റ് കളിക്കാരിയാണ് ഝുലാൻ

ബംഗാളിലെ ചക്ദാഹ എന്ന സ്ഥലത്ത് 1982 ലാണ് ജനനം.  സഹോദരൻ കുനാലും സഹോദരി ജുമ്പയും. ചെറുപ്പകാലത്ത് ആൺകുട്ടികളോടൊപ്പം ടെന്നിസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. അക്കാലത്ത് പയ്യെ പന്തെറിഞ്ഞിരുന്ന ഝുലാനെ ആൺകുട്ടികൾ പന്തെറിയുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും അതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറാവാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഝുലാൻ പറയുന്നു.

2008ൽ മിതാലി രാജിൽ നിന്ന് ക്യാപ്റ്റൻസി സ്വീകരിച്ച ഝുലൻ 2011 വരെ ഇന്ത്യയെ നയിച്ചു. 2010ൽ അർജുന, 2012ൽ പദ്മശ്രീ. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 200, 250 വിക്കറ്റ് നേടിയ ഒരേയൊരു താരമാണ് ഝുലൻ. 2018 ഫെബ്രുവരി 7നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. അതേ വർഷം തന്നെ ഝുലന് ആദരമായി ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കി. 2017ൽ ദക്ഷിണാഫ്രിക്കക്കെതിരെ 181 വിക്കറ്റ് പൂർത്തിയാക്കിയ ഝുലൻ വനിതാ ഏകദിനത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. ഏകദിനത്തിൽ 255 വിക്കറ്റുകളുള്ള താരം ഇവിടെയും ഒന്നാമതാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഇതാണ് തൻ്റെ ഏറ്റവും വലിയ വേദന എന്ന് ഝുലൻ പറയുമ്പോൾ ആ സങ്കടം ക്രിക്കറ്റ് പ്രേമികൾക്കില്ല. അതിനും ഉയരത്തിലായിരുന്നു ത്ധുലൻ

ചൈനയിൽ എന്താണ് സംഭവിക്കുന്നത്; സർക്കാരിനെ അട്ടിമറിച്ചെന്ന വാർത്തകൾക്കിടെ 10,000 വിമാന സർവ്വീസുകൾ റദ്ദാക്കി

0

ചൈനയില്‍ സർക്കാരിനെ അട്ടിമറിച്ചെന്ന വാർത്തകൾക്കിടെ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇത് സൈനിക നിർദ്ദേശ പ്രകാരമാണെന്നാണ് അഭ്യൂഹം.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിൻ്റെ നിയന്ത്രണം ഏറ്റെടുത്തു എന്നും വാർത്ത പരന്നു കൊണ്ടിരിക്കുന്നു.

സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം വരുമിത്. ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും വാർത്തയുണ്ട്.

ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, ചൈനീസ് മാധ്യമപ്രവര്‍ത്തകനായ ഷാവോ ലഞ്ചിയാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാകും വ്യാപകമായി വിമാനസര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. സൈനിക വിമാനങ്ങള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയതെന്നും ട്വീറ്റില്‍ പറയുന്നു.

വാർത്ത പ്രചരിക്കുന്നത് ഇങ്ങനെ

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് പ്രചരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.

ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാര്‍ത്ത നിഷേധിക്കുന്നവര്‍ പറയുന്നുണ്ട്. അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ ഷി വിമര്‍ശകരായ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷ വിധിച്ചിരുന്നു. നാലു ഉന്നതോദ്യോഗസ്ഥര്‍ ജയിലിലായി. പാര്‍ട്ടി കോണ്‍ഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.

എ കെ ജി സെൻ്റർ ആക്രമണം; വനിതാ നേതാവ് ഒളിവിൽ

എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപ്പോയത്. പ്രതിക്ക് ഇരുചക്ര വാഹനം എത്തിച്ചത് വനിതാ നേതാവാണെന്ന് കണ്ടെത്തിയിരുന്നു. 

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിൻ കാറിൽ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നൽകിയ സ്കൂട്ടറാണ് പിന്നീട് എ.കെ.ജി സെൻററിലെക്കെത്താൻ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിൻ തിരികെ വരുന്നതുവരെ സുഹൃത്ത് കാറിൽ കാത്തിരിക്കുകയും ചെയ്തു.ജിതിൻ്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

വനിതാ നേതാവിനെ കേസിൽ സാക്ഷിയാക്കാനാണ് നീക്കം. എന്നാൽ, ഗൂഢാലോചനയിലും ആക്രമണമത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതി ചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. ഡിയോ സ്‌കൂട്ടർ, പ്രതി ധരിച്ചിരുന്ന ടി ഷർട്ട്,ഷൂ എന്നിവയാണ് പ്രധാന തെളിവുകൾ. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്ന മറ്റു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായും അന്വേഷണം ഊർജിതമാക്കി.