പരമ്പര ആർക്കാവും, ഇന്ത്യ ഓസ്ട്രേലിയ ടി-20 ഇന്ന്

0

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടി-20 ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ. പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ കളി വീതം വിജയം കണ്ടു. ഇതോടെ ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര നേടും.

കഴിഞ്ഞ മത്സരത്തിലൂടെ ജസ്പ്രീത് ബുംറ തിരികെ എത്തിയത് ഇന്ത്യക്ക് ഊർജമാണ്. എന്നാൽ, തുടരെ പരാജയപ്പെടുന്ന ഹർഷൽ പട്ടേലും യുസ്വേന്ദ്ര ചഹാലും ഇന്ത്യൻ ടീമിൽ ആശങ്ക പരത്തുന്നുണ്ട്. ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടി ആയിരിക്കുന്നത്. 8 ഓവറാക്കി ചുരുക്കിയ കഴിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാറിനു പകരം അധിക ബാറ്ററായി ഋഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചിരുന്നു.

ആര്യാടൻ അന്തരിച്ചു

0

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

എഴുപത് വർഷത്തെ രാഷ്ട്രീയ ജീവിതം

എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയായിരുന്നു. പതിനൊന്ന് തവണ നിലമ്പൂരില്‍ നിന്ന് ജനവിധി തേടി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ – ടൂറിസം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2005, 2011 വർഷങ്ങളിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി.

ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ നാല്‌ മന്ത്രിസഭകളില്‍ അംഗമായ കോണ്‍ഗ്രസ് നേതൃത്വനിരയിലെ കരുത്തുറ്റ നേതാവാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവസാനമായി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയത്. 2016-ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. പക്ഷെ കുടുംബ തുടർച്ചാ ശ്രമം പരാജയപ്പെട്ടു.

തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1980-ല്‍ സംസ്ഥാനത്ത് തൊഴില്‍ രഹിത പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പിലാക്കിയത് ആര്യാടനായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രശംസ നേടി.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിൻ്റെ സ്ഥിരം വിമർശകനായിരുന്നു. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായി. മലപ്പുറം ജില്ലയിൽ ലീഗിനോട് ഏറ്റുമുട്ടി കോൺഗ്രസ് ശക്തിപ്പെടുത്തി. മത ജാതി വിഭാഗീയതകൾ ഇല്ലാത്ത നേതാവായി അറിയപ്പെട്ടു.

രണ്ടു ജില്ലകളിൽ പ്രസിഡൻ്റ് പദവി

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ല്‍ വണ്ടൂരില്‍നിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ 1969-ല്‍ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1965, 67 കാലത്ത് നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു. 1977-ല്‍ നിലമ്പൂരില്‍നിന്ന് വിജയിച്ചു. പിന്നീട് 1987 മുതല്‍ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1969-ല്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിയായി ജയില്‍വാസം അനുഷ്ഠിച്ചു. പിന്നീട് ഈ കേസില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഭാര്യ: പി.വി. മറിയുമ്മ, മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന്‍ ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി. മരുമക്കള്‍: ഡോ. ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ. ഉമ്മര്‍, സിമി ജലാല്‍.

ചൈനയിൽ “സോഷ്യൽ മീഡിയ” അട്ടിമറി

0

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ തടവിലാക്കിയതായുള്ള വർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതു പ്രകാരം ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ തടങ്കലിലാണ്.

പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്ത് നിന്നും മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.ബെയ്ജിങ് ഇപ്പോള്‍ സൈനികര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അഭ്യൂഹം മാത്രം, എവിടെയും സ്ഥിരീകരണമില്ല

ന്യൂസ് ഹൈലാന്‍ഡ് വിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയും, മുന്‍ ചൈനീസ് പ്രധാനമന്ത്രിയുമായ വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സോങ് പിങിനോട് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ അധികാരം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടതായിട്ടാണ് പറയുന്നത്.

ബെയ്ജിങിലേക്ക് സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി അവകാശപ്പെട്ട് ജെന്നിഫര്‍ ഷെങ് എന്ന യൂസര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ തന്നെ ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് അഭ്യൂഹങ്ങളുണ്ടെന്നും പറയുന്നുണ്ട്.

ഷി ജിന്‍ പിങ് എസ്‌സിഒ യോഗം കഴിഞ്ഞെത്തിയ ഉടനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ ആര്‍ക്കും അറിയില്ല. വെറും അഭ്യൂഹം മാത്രമാണെന്ന് സൂചന.

മുന്‍ വൈസ് പബ്ലിക് സെക്യൂരിറ്റി മന്ത്രി സണ്‍ ലിജുന്റെ വധശിക്ഷ പിന്‍വലിച്ചിട്ടുണ്ട്. പകരം കടുത്ത തടവുണ്ടാകും. ശിക്ഷാ കാലയളവില്‍ പരോളുണ്ടാവില്ല. ചാങ്ചന്‍ സിറ്റി കോടതിയാണ് ഉത്തരവിട്ടത്. ഇതാണ് ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഒപ്പം ഓഹരികളില്‍ കൃത്രിമത്വം കാണിക്കുകയും, അനധികൃതമായി തോക്ക് കൈവശം വെക്കുകയും ചെയ്‌തെന്ന കുറ്റവുമുണ്ട്.

പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ ഇരുന്നവരെ ഇല്ലാതാക്കാനുള്ള ഷി ജിന്‍ പിങിന്റെ ശ്രമത്തിനാണ് ഇതിലൂടെ തിരിച്ചടിയേറ്റത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ശത്രുക്കളെ ഇല്ലാതാക്കാനാണ് ഷീയുടെ ശ്രമം. മൂന്നാം തവണ അധികാരം തുടരാനുള്ള നീക്കമാണ് ഷി ജിന്‍ പിംഗ് നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഷി തുടരും.

ചൈനയില്‍ മുമ്പൊരിക്കലും സംഭവിക്കാത്തതാണ്. അതേസമയം ഗ്ലോബല്‍ ടൈംസ് പോലുള്ള മാധ്യമങ്ങള്‍ ഇതുവരെ ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണെന്ന് വാര്‍ത്ത നല്‍കിയിട്ടില്ല. അന്താരാഷ്ട്ര വെബ് സൈറ്റുകളിലും അങ്ങനൊരു വാര്‍ത്തയില്ല.

വില്ലൻ വേഷത്തിലെ ഓസ്ക്കാർ നടി ലൂയി ഫ്ളെച്ചർ വിട വാങ്ങി

0

മിലോസ് ഫോർമാൻ സംവിധാനം ചെയ്ത വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ (88) അന്തരിച്ചു. ഈ ചലച്ചിത്രമാണ് താളവട്ടം എന്ന പേരിൽ പ്രിയദർശൻ മലയാളത്തിൽ അവതരിപ്പിച്ചത്. ഇതിലെ നഴ്സിൻ്റെ വേഷമായിരുന്നു ലൂയി ഫ്ലെച്ചർക്ക്. അഭിനയത്തിന് ഓസ്കർ പുരസ്കാരം നേടി. ഫ്രാൻസിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാം​ഗങ്ങൾ മരണം സ്ഥിരീകരിച്ചു. സിനിമയിലും ടെലിവിഷനിലുമായി ആറ് ദശകം നീണ്ടു ലൂയി ഫ്ളെച്ചറിന്റെ കലാജീവിതം.

50-കളിലായിരുന്നു ഫ്ളെച്ചറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇടയ്ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പത്തുവർഷത്തോളം അഭിനയജീവിതത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തു. 1975-ൽ പുറത്തുവന്ന വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ ക്രൂരയായ റാച്ച്ഡ് എന്ന നഴ്സ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായി.

വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം എന്നിവ നേടി. ഇതോടെ ഒരു ചിത്രത്തിലെ അഭിനയത്തിലൂടെ ഈ മൂന്ന് പുരസ്‌കാവും നേടുന്ന മൂന്നാമത്തെ നടിയായി ലൂയിസ് ഫ്‌ളെച്ചർ. ഔഡ്രേ ഹെപ്‌ബേൺ, ലിസ മിന്നെല്ലി എന്നിവരാണ് ഇതേ പുരസ്കാരം നേടിയ മറ്റുരണ്ടുപേർ.

2020-ൽ പുറത്തിറങ്ങിയ ​ഗ്രിസിലി 2: റിവഞ്ച് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

വി സി നിയമനം, മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി

0

മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണ്ണർക്ക് കത്ത്.കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്.വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി.ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി.

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ  അടിസ്ഥാനത്തിലാണ് ,കോൺഗ്രസ്. ജ്യോതികുമാർ ചാമക്കാല, വിജിലൻസിന് പരാതി നല്‍കിയത്.  തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്.. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് നൽകിയ കത്തുകളും മുഖ്യമന്ത്രിയെ കേസിലേക്ക് എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം. 

ഗവർണർ ആരോപിച്ചത്

മുഖ്യമന്ത്രിക്കും സർക്കാറിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൻറെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ അസാധാരണ വാർത്താ സമ്മേളനം. കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് ഗവർണറുടെ തുറന്ന് പറച്ചിൽ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധത്തിൻറെ ഗൂഡാലോചനയിൽ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിൻറെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവർണറുടെ ആരോപണം. 

മുഖ്യമന്ത്രി പറഞ്ഞത്

‘സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്”. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

”വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവർണരുമായുള്ള തർക്കത്തിന്റെ കാരണം. സർവ്വകലാശാലകൾ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാർ ആക്കാനാണ് ശ്രമം. കേരള സർവ്വകലാശാലയിൽ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവർണർ ശ്രമിക്കുകയാണ്. പക്ഷേ ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല”. നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ബി ജെ പി നേതാവിൻ്റെ മകൻ്റെ റിസോട്ടിൽ യുവതിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാൽ

ഉത്തരഖണ്ഡില്‍ മുൻ മന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് ആര്യയുടെ മകൻ്റെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19-കാരിയെ കൊലപ്പെടുത്തിയത് വേശ്യാവൃത്തിക്ക് സമ്മതിക്കാത്തതിനാലെന്ന തെളിവുകള്‍ പുറത്ത്. യുവതി സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ‘അവര്‍ എന്നെ വേശ്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നു’ വെന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് സുഹൃത്തിന് വന്ന സന്ദേശത്തില്‍ പറയുന്നു.

മുതിര്‍ന്ന ബിജെപി നേതാവ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയാണ് കേസിലെ മുഖ്യപ്രതി. ഇയാളും റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു പെണ്‍കുട്ടി.

ഉന്നത നേതാവിനെയും മകനെയും പുറത്താക്കി

കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പ്രതിരോധത്തിലായതിന് പിന്നാലെ പുല്‍കിത് ആര്യയുടെ പിതാവിനെയും സഹോദരന്‍ അങ്കിത് ആര്യയേയും ബിജെപിയില്‍ നിന്ന് പുറത്താക്കി.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ഉത്തരാഖണ്ഡില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നു. അധികൃതര്‍ ഭാഗികമായി പൊളിച്ച റിസോര്‍ട്ട് ബന്ധുക്കളും നാട്ടുകാരും തീവെച്ചു. സ്ഥലത്തെ ബി ജെ പി എംഎല്‍എയെ തടഞ്ഞുവെക്കുകയും കാറ് തകര്‍ക്കുകയും ചെയ്തു.

തെളിവായ് പെൺകുട്ടിയുടെ സന്ദേശങ്ങൾ പ്രതിരോധിക്കാനാവാതെ പ്രചരിച്ചു

പെണ്‍കുട്ടിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസോര്‍ട്ടിലെത്തുന്ന വിഐപി അതിഥികള്‍ക്ക് പ്രത്യേക സേവനം നല്‍കാന്‍ അവര്‍ തന്നെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി സുഹൃത്തിനയച്ച സന്ദേശത്തില്‍ പറയുന്നു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടി അയച്ചത് തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. എങ്കിലും ഇതുസംബന്ധിച്ച് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയാണ് 19-കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തത്. ‘10,000 രൂപയ്ക്ക് അതിഥികള്‍ക്ക് ‘പ്രത്യേക സേവനങ്ങള്‍’ നല്‍കാന്‍ റിസോര്‍ട്ട് ഉടമ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു’, ഉത്തരാഖണ്ഡ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അശോക് കുമാറും വ്യക്തമാക്കി.

റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുല്‍കിത് ആര്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്നും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പെണ്‍കുട്ടിയുടെ ഒരു ഫെയ്‌സ്ബുക്ക് സുഹൃത്ത് നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ഇത് പോലീസ് സ്ഥിരീകരിക്കുകയാണിപ്പോള്‍.

സ്പാ ചികിത്സയുടെ മറവിലാണ് റിസോര്‍ട്ടില്‍ ഇത്തരത്തില്‍ അതിഥികള്‍ക്ക് ‘അധിക സര്‍വീസ്’ നല്‍കുന്നതെന്നും പെണ്‍കുട്ടിയുടെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. റിസോര്‍ട്ടില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും താന്‍ ഈ ജോലി ഒഴിവാക്കുകയാണെന്നും പെണ്‍കുട്ടി സുഹൃത്തിനോട് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം ഋഷികേശ് എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. നേതാവിൻ്റെ മകനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതിനിടെ ജനങ്ങൾ കയ്യേറ്റം ചെയ്തു.

റോജർ ഫെഡറർ പിരിയുമ്പോൾ ടെന്നീസ് പ്രേമികളെ കണ്ണീരണയിച്ച് റാഫേൽ നദാലിൻ്റെ തേങ്ങൽ

0

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കളി മതിയാക്കുമ്പോൾ കണ്ണീരണിയുന്ന റാഫേൽ നദാലിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയുടെ കുറിപ്പ് കൂടി എത്തിയതോടെ കായിക ലോകത്തെ ഏറ്റവും ദുഖഭരിതമായ വേർപാടായി ഈ സന്ദർഭം മാറി.

കളത്തിൽ പരസ്പരം പോരടിച്ചിരുന്ന ഇരുവരും തമ്മിലുള്ള ആത്‌മബന്ധത്തെയാണ് സൈബർ ലോകം വാഴ്ത്തിയത്. ഇതിനു പിന്നാലെ ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു എന്നാണ് കോലി പറയുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കോലി നദാലിനെയും ഫെഡററെയും പുകഴ്ത്തി രംഗത്തുവന്നത്. 

കോലിയുടെ വാക്കുകളിലും നനവ്

‘ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു. അതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും സുന്ദരമായ കായിക ചിത്രമാണ്. നിങ്ങളുടെ സഹചാരികൾ നിങ്ങൾക്കൊപ്പം കരയുമ്പോൾ ദൈവം തന്ന കഴിവുകൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞെന്ന് നിങ്ങൾക്കറിയാം. ഇരുവരോടും ബഹുമാനം.’- കോലി കുറിച്ചു.

24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.

ഫെഡറർ നാദാൽ ബന്ധത്തിലെ സ്പോർട്സ് സ്പിരിറ്റ്

ടെന്നിസിൽ നിന്ന് വിരമിച്ച ഇതിഹാസ താരം റോജർ ഫെഡററുടെ അവസാന മത്സരം വികാരനിർഭരമായിരുന്നു. ലേവർ കപ്പിൽ തൻ്റെ അവസാന മത്സരം കളിച്ച താരം പരാജയത്തോടെയാണ് കളിക്കളത്തോട് വിടപറഞ്ഞത്. യൂറോപ്പ് ടീമിനു വേണ്ടി ഇറങ്ങിയ ഫെഡററും റാഫേൽ നദാലും അടങ്ങുന്ന സഖ്യം ലോക ടീമിനു വേണ്ടി ഇറങ്ങിയ ജാക് സോക്ക്- ഫ്രാൻസസ് ടിയെഫോ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിനു ശേഷം ഫെഡററിനും നദാലിനും കണ്ണീരടക്കാനായില്ല.

കളിക്കളത്തിൽ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായിരുന്നു റാഫേൽ നദാൽ. എന്നാൽ, കളത്തിനു പുറത്ത് ഇരുവരും വളരെ ഊഷ്‌മളമായ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ലേവർ കപ്പിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെഡററിന് വികാരനിർഭരമായ ആശംസയും നദാൽ പങ്കുവച്ചിരുന്നു.

എ കെ ജി സെൻ്റർ ആക്രമണം; വനിതാ കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നു

എ.കെ.ജി സെന്റർ ആക്രമണത്തിനായി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ശനിയാഴ്ച ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിൻ കാറിൽ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നൽകിയ സ്കൂട്ടറാണ് പിന്നീട് എ.കെ.ജി സെൻററിലെക്കെത്താൻ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിൻ തിരികെ വരുന്നതുവരെ സുഹൃത്ത് കാറിൽ കാത്തിരിക്കുകയും ചെയ്തു.ജിതിൻ്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. സാക്ഷിയാക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ അക്രമത്തിൽ അറിവോ പങ്കോ ഉണ്ടെന്ന് തെളിഞ്ഞാൽ പ്രതിയാക്കും.ഇത് കൂടാതെ മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ കൂടി കേസിൽ പ്രതി ചേർത്തേക്കും

ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിന് ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും കനാലിൽ തള്ളിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാല്‍ ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും ചേർന്ന് യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തരാഖണ്ഡില്‍ പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ചില്ല കനാലില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അങ്കിതയുട സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണല്‍ എസ്.പി ശേഖര്‍ ശ്വാള്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന വിനോദ് ആര്യന്റെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. ഉടമയെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിസോര്‍ട്ട് പൊളിച്ച് നീക്കി.

കഴിഞ്ഞ ദിവസമായിരുന്നു പുല്‍കിത് ആര്യ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി ഇവര്‍ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകന് പങ്കുണ്ടെന്ന വിവരം പുറത്ത് വന്നതോടെ രാഷ്ട്രീയ പ്രാധാന്യവും നേടി.

സെപ്റ്റംബര്‍ 18-ന് ആണ് അങ്കിതയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വാർത്തകൾ.

പയ്യോളിയിൽ പോക്സോ കേസ് പ്രതിയുടെ വീട് കത്തിച്ചു

പയ്യോളിയില്‍ പോക്‌സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത രാത്രിയിൽ തന്നെയാണ് വീട് തീകത്തിച്ചത്.

അയനിക്കാട് കടപ്പുറത്ത് താരേമ്മല്‍ മജീദ് (44)നെതിരെയാണ് പയ്യോളി പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

ഇയാൾ താമസിച്ചു വരുന്ന ഓടുമേഞ്ഞ വീടിനാണ് തീയിട്ടത്. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്‌നിക്കിരയായി. രണ്ടു സെൻ്റിലെ ഒറ്റ മുറി വീടാണ്. അകത്തെ വസ്തുക്കൾ എല്ലാം നശിച്ചു. ഓടുകള്‍ തീ ചൂടിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന അയല്‍വാസിൾ തീയണച്ചു. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി

വെള്ളിയാഴ്ച വൈകീട്ടായിരുന്നു പീഡന പരാതിക്ക് ഇടയാക്കിയ സംഭവം. പരാതി പ്രകാരം മജീദിനെ രാത്രി എട്ട് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഇയാളുടെ വീടിന് തീയിട്ടത്.