തരൂർ പുറത്തേക്ക്; ഉയർന്നത് മനീഷ് തിവാരിയുടെ പേര്

 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കുകയും ചെയ്തു. കൂട്ടായി ആലോചിച്ചുള്ള തീരുമാനമായിരുന്നില്ല തരൂരിന്‍റേതെന്നാണ് നേതാക്കളുടെ പ്രതികരണം.

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്‍റെ കഴി‍ഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും ദേശീയ വക്താവ് ഗൗരവ് വല്ലഭ് കുറ്റപ്പെടുത്തി. ഇത് പാർട്ടിക്കുള്ളിലെ വ്യക്തികൾ മത്സരമായും മാറി.

വല്ലഭിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് സമ്മതിച്ചിട്ടുണ്ട്. ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയോതോടെ ഇന്നലെ തന്നെ മുഖ്യമന്ത്രി പദം ഒഴി‍ഞ്ഞേക്കുമെന്ന സൂചന ഗലോട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍  സമ്മതം അറിയിച്ചു. തനിക്ക് ശേഷം മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയ്ക്ക് ഗലോട്ട് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലാത്ത സാഹചര്യത്തില്‍ ഉടന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് അശോക് ഗലോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

അശോക് ഗെഹ്ലോത് മാറുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമെന്ന്  ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാര്‍ അറിയിച്ചു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതിന് എതിരെയാണ് ഗെഹ്ലോത് ഇരട്ട പദവി ആവശ്യപ്പെട്ടിരുന്നത്.

സച്ചിന്‍‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ ഗാന്ധി കുടുംബത്തിന് എതിര്‍പ്പില്ല. സ്പീക്കര്‍ സിപി ജോഷിയുടെ പേര്  നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഗലോട്ടിനെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാകും ശ്രമം. പഞ്ചാബില്‍ അമരീന്ദര്‍സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ നിയോഗിച്ചതിന്‍റെ  അനുഭവം മുന്നിലുള്ളപ്പോള്‍ കരുതലോടെയാകും നീക്കം.

മലയാള മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ ഗവർണർ

0

മലയാളത്തിലെ പത്രമാധ്യമങ്ങളെ ബഹിഷ്കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌കരിച്ചു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് പ്രത്യേകം സംസാരിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരണം തേടാനായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറെ കണ്ടത്. ഈ സമയത്തായിരുന്നു മലയാള മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്.

മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളോട് എന്തുകൊണ്ട് മാധ്യമങ്ങള്‍ പ്രതിഷേധിച്ചില്ല, മൈക്ക് വയ്ക്കുന്നിടത്തൊക്കെ ഗവര്‍ണര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞത് അധിക്ഷേപകരമായിട്ടും മാധ്യമങ്ങള്‍ മൗനം പാലിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സ്കൂളുകൾ നാളെ പ്രവൃത്തിക്കും

0

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇത് കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

ഹർത്താൽ 323 പേർ കരുതൽ തടങ്കലിൽ

0

ഹര്‍ത്താലില്‍ പരക്കെ അക്രമം. 323 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മട്ടന്നൂരിൽ ആർ എസ് എസ് കര്യാലത്തിന് എതിരെ ബോംബേറുണ്ടായി. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ കയ്യേറ്റം ചെയ്തു.

ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേര്‍ അറസ്റ്റിലായി

ഹര്‍ത്താല്‍ അനുകൂലികള്‍ 51 ബസുകള്‍ക്ക് നേരെ അക്രമം നടത്തിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി ഇന്ന് 2439 സര്‍വീസുകളാണ് നടത്തിയത്. മൊത്തം സര്‍വീസിന്റെ 62 ശതമാനമാണ് ഇന്ന് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗതമന്ത്രി പറഞ്ഞു. നഷ്ടം സഹിച്ചാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

എൻ ഐ എ റിമാൻ്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന കാര്യങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിച്ചു.

ഗാന്ധി സർവ്വകലാശാലയുടെ നടപടി അസംബന്ധം; രേഖാരാജിൻ്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇത് ശരിവെച്ചാണ് ഉത്തരവ്.

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ നിയമന രീതി മുൻനിർത്തി രൂക്ഷ വിമര്‍ശനവും ഉയർത്തിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതിനെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയും ദളിത് സ്ത്രീ ചിന്തകയുമായ രേഖ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജികളിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.

യുജിസി അംഗീകരിക്കാത്ത ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് മാര്‍ക്ക് നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. യുജിസി അംഗീകരിച്ച ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും ഇത് വലിയ അഴിമതിയാണെന്നും രേഖ രാജിന്റെ അഭിഭാഷകന്‍ പി. വി. ദിനേശ് വാദിച്ചു. കോടതി ഇക്കാര്യം പരിഗണിച്ചില്ല.

ഹർത്താലിൽ ആക്രമണം; പ്രതിഷേധം യാത്രാ വാഹനങ്ങൾക്ക് നേരെ

0

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ നേർത്ത് സംഘർഷാവസ്ഥ തുടരുന്നു.

മിന്നൽ ഹർത്താലുകൾ അംഗീകരിക്കാനാവില്ല, കേസ് എടുത്ത് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.

ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.

അക്രമം യാത്രാ വാഹനങ്ങൾക്ക് നേരെ

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.

കോഴിക്കോട് താമരശേരിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. ദേശീയപാതയിൽ താമരശേരി കാരാടിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് നേരെയും അക്രമം ഉണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് എത്തി ഗതാഗത തടസം നീക്കി.

യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും അപൂർവമായി നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ.
നാല് പേർ ഓടി രക്ഷപ്പെട്ടു. ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല.

സിൽക്ക് സ്മിതയുടെ ഓർമ്മകൾക്ക് 26 വയസ്; ഇന്നും നോവുണങ്ങാത്ത ആത്മഹത്യാ കുറിപ്പ്

0

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിതയുടെ വേർപാടിൻ്റെ ഓർമ്മകൾക്ക് 26 വർഷം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് വേഷമിട്ടു. വെള്ളിത്തിരയില്‍ പൊള്ളുന്ന ഭാവങ്ങളാലും ചുവടുകള്‍ കൊണ്ടും മാദകത്വം വാരിവിതറിയ നടിയാണ്.

സിനിമയെ വെല്ലുന്ന ജീവിതം

1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത ജനിക്കുന്നത്. മാതപിതാക്കൾ ഇട്ട പേര് വിജയലക്ഷ്മി. നാലാം ക്ലാസിൽ സിൽക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം നീണ്ടു പോയില്ല. 1979 മലയാളിയായ ആന്റണി ഇസ്‌റ്റ്മൻ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊൻപതാം വയസിൽ വിജയലക്ഷ്മി ലക്ഷ്മി സിനിമയിൽ എത്തിയത്.

സ്ഫടികത്തിലെ ഏഴുമല പൂഞ്ചോലയും അഥര്‍വത്തിലെ പുഴയോരത്ത് പൂത്തോണി എത്തീല പോലുളള ഗാനങ്ങളും മലയാളികള്‍ക്ക് സ്മിതയെ കൂടാതെ ഓർക്കാനാവില്ല.

സിൽക്ക്, ആരാധകർ ഒരിക്കലും മറക്കാത്ത പേര്

എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് സിനിമയിൽ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവർത്തി തന്നെ. ഇം​ഗ്ലീഷിൽ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവർത്തിയുടെ ഭാര്യ കര്‍ണയാണ് ഇം​ഗ്ലീഷ് പഠിപ്പിച്ചത്. കർണ തന്നെ ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി നൽകുകയും ചെയ്തു. ഒരു ടച്ച് അപ് ആർട്ടിസ്റ്റായിട്ടാണ് സിൽക്കിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ്. വൈകാതെ ടച്ചപ്പിൽ നിന്ന് ചെറിയ റോളുകളിലൂടെ ബി​ഗ് സ്ക്രീനിലേക്ക്.

1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയുടെ സിനിമ കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിനു ഡയറക്ടർ നൽകിയ പേര് സില്‍ക്ക് എന്ന്. കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി മാറി .

വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തിയത് . പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. പിന്നീട് 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂണ്‍ട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു.

ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങൾ നിരൂപക പ്രശംസ വരെ നേടി. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നീർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം.

തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.

വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിരുന്നു.

സിനിമ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവർത്തകർ സ്മിതയെ വിശേഷിപ്പിക്കുന്നത്.

സ്മിതയും ഷക്കീലയും

സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയായിരുന്നു ഡേര്‍ട്ടി പിക്ച്ചര്‍. ഈ സിനിമയില്‍ ഷക്കീലയുമായി സ്മിതയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നമില്ലായിരുന്നുവെന്നും തന്നെ അവതരിപ്പിച്ചിരിക്കുന്നത് ശരിയായല്ലെന്നും ഷക്കീല പറഞ്ഞിരുന്നു.

ഷക്കീല, സിൽക്ക് സ്മിത

സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാക്കിയ ഡേര്‍ട്ടി പിക്ച്ചര്‍ വലിയ വിജയമായിരുന്നു. വിദ്യ ബാലന് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഡേർട്ടി പിക്ച്ചറോടെയാണ് സിൽക്ക് സ്മിത എന്ന നടിയെ പൊതു സമൂഹം വിലമതിക്കാൻ തുടങ്ങുന്നത്. ഒരു ഹോട്ട് ഗ്ലാമർ പ്രതീകം എന്നതിനുപരി അവർ ജനമനസുകളിൽ എത്തി.

അതുപോലെ തന്നെ ഷക്കീലയുടെ ജീവിതകഥയും സിനിമയാക്കിയിരുന്നു. റിച്ച ഛദ്ദയായിരുന്നു ചിത്രത്തില്‍ ഷക്കീലയായെത്തിയത്. പക്ഷെ ഈ സിനിമയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചില്ല.

മാദക റാണി മരണത്തെ വരിച്ചത്

1996 സെപ്റ്റംബര്‍ 23ന് ചെന്നൈയിലെ വീട്ടില്‍ സില്‍ക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിനിമാ നിര്‍മ്മാണത്തിലൂടെയുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് സില്‍ക്ക് സ്മിതയെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എഴുത്തുകാരിയും സിനിമാ നിരൂപകയുമായ അനു ചന്ദ്ര സിൽക്ക് സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഈയിടെ ചർച്ചയായി. 1996 വെള്ളിനക്ഷത്രം ചലച്ചിത്ര മാഗസിനിൽ പ്രസിധീകരിച്ച കത്താണിത്.

സിൽക്ക് സ്മിത

“സ്നേഹം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ തളർന്നു പോയി”. നോവുണങ്ങാത്ത ആത്മഹത്യാ കുറിപ്പ്

“ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എൻറെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.

ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല. ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു. എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എൻറെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ? ദൈവമേ, ഇതെന്തൊരു ന്യായമാണ്?

ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു ,പ്രേമിച്ചു ,ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവർ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തിൽ തന്നെ. എൻറെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ചു തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു? രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു. എൻറെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എൻറെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല.

കഴിഞ്ഞ അഞ്ചുവർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്നു പറഞ്ഞു. ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യ. ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്കും ലഭിക്കാൻ പോകുന്നു? എനിക്കറിഞ്ഞുകൂടാ…”

(വെള്ളിനക്ഷത്രം മാഗസിൻ :1996 ഒക്ടോബർ 6,സ്മിത തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവർത്തനം പ്രസിധീകരിച്ചത്).

യാത്രയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചു; കണ്ടക്ടർക്ക് നാല് വർഷം തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെന്നതാണ് കേസ്.  

പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. പട്ടാമ്പി എസ് ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

കെ എസ് ആർ ടി സി സർവ്വീസ് നടത്തും, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല

0

നാളെ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി കർശന നിർദ്ദേശം നൽകി.

ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസ് സുഗമമാക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.

വ്യാജ സന്ദേശങ്ങൾ വേണ്ട, സൈബർ പട്രോളിങ് കർശനം

ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകി

പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല

ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം കേരള സർവകലാശാല നാളെ (22.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികൾ പിന്നീട് അറിയിക്കും.

വിൻഡോസ് ഫോട്ടോ ആപ്പ് പരിഷ്കരിക്കുന്നു

വിന്‍ഡോസ് 11 ഫോട്ടോസ് ആപ്പിന് പുതിയ ഡിസൈനും മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ്. ശ്രദ്ധേയമായ മാറ്റം ഇതിലെ ഗാലറി വ്യൂ ആണ്. കംപ്യൂട്ടറിലെ ചിത്രങ്ങള്‍ തിരയാന്‍ വിവിധ രീതികളിൽ സാധിക്കും വിധമാവും മാറ്റം.

ചിത്രങ്ങള്‍ തിരയുന്നതും കണ്ടുപിടിക്കുന്നതും ലളിതമാക്കുകയാണ് പുതിയ ഡിസൈനിലൂടെ. ഇതുവഴി ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ വണ്‍ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാനും സാധിക്കും. വിവിധ ഡിസൈനർ സൌകര്യങ്ങളും ലഭിക്കും. ഫോട്ടോകൾ നേരിട്ട് ഗ്യാലറിയിലേക്ക് ഡൌൺ ലോഡ് ചെയ്യാം.

വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫോട്ടോസ് ആപ്പിന്റെ പ്രിവ്യൂ പതിപ്പ് ആദ്യം ലിക്കുക. 11 മുതലാണ് മാറ്റം. ഈ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക.

ഗൂഗിള്‍ ഫോട്ടോസിന് സമാനമായി ‘മെമ്മറീസ്’ ഫീച്ചര്‍ഇതിലുണ്ടാവും. മള്‍ടി വിന്‍ഡോ, മള്‍ടി സ്‌ക്രീന്‍ ഫീച്ചറുകള്‍, ഫോണില്‍ നിന്നും മറ്റ് എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജുകളില്‍ നിന്നും എളുപ്പം ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും