ഒത്തു തീർപ്പാക്കിയാലും പോക്സോ കേസ് റദ്ദാകില്ല; ലീഗ് നേതാവ് ഉൾപ്പെട്ട കേസിൽ സുപ്രീം കോടതി

0

ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സല്‍ റഹ്‌മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സല്‍ റഹ്‌മാന് എതിരെ 2018 നവംബറിലാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.

അച്ഛന്റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. പോക്സോ കേസുകളില്‍ പ്രതിയുമായി ഇരകള്‍ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയില്ലെന്നും ഇക്കാര്യം സുപ്രീം കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഹൈക്കോടതിയില്‍ കേസ് നടന്നിരുന്ന സമയത്ത് കുട്ടികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ഹഫ്സല്‍ റഹ്‌മാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എന്നാല്‍ പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. കേസ് മെറിറ്റില്‍ കേട്ട് ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാട്ട്‌സാപ്പ് ഉൾപ്പെടെ ഇൻ്റർനെറ്റ് കാൾ ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

0

വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. കരട് ബില്ലില്‍ ഒ.ടി.ടി. ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍ സേവനമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വാട്ട്സാപ്പ് ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച് കാൾ ചെയ്യുന്നത് നിലവിലെ സെല്ലുലാർ നെറ്റ് വർക്ക് സേവന കമ്പനികൾക്ക് ഭീഷണിയാണ്. നെറ്റ് വർക്ക് ഇല്ലാത്ത ഇൻ്റർനെറ്റ് കണക്ക്ഷനുള്ളവർ വാട്ട്സാപ്പ് പോലുള്ള സൌകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.

ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും ലഭ്യമാക്കാന്‍, സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബില്ലിനുമേൽ ചർച്ച തുടങ്ങി

ഇന്ത്യന്‍ ടെലികോം ബില്‍ 2022-നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഇരുപതാണ്.

എ കെ ജി സെൻ്റർ ആക്രമണം; ജിതിൻ കുറ്റം സമ്മതിച്ചു, കുരുങ്ങിയത് ടീ ഷർട്ടിൽ

ചോദ്യം ചെയ്യലിന് ശേഷം എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് അറസ്റ്റ് ചെയ്തത്. ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. മൺവിള സ്വദേശിയായ  ജിതിൻ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. 

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30-ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

സ്ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്.

 അന്വേഷണത്തിൽ തലസ്ഥാനത്ത് ഈ ബ്രാൻഡിലെ 12 ടീഷര്‍ട്ടുകൾ വിറ്റുപോയെന്ന് വ്യക്തമായി. ഇവയിൽ ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിൻ ആണെന്നും വ്യക്തമായി. സ്ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്കൂട്ടറിലാണ്. അതിന് ശേഷം സ്കൂട്ടർ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ആവർത്തിച്ച് രാഹുൽ

0

കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് നിസംഗത ആവർത്തിച്ച് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നതുൾപ്പെടേയുള്ള കാര്യങ്ങളിൽ നേരിട്ട് മറുപടി പറഞ്ഞില്ല.

ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോൺഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ഞാൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ ട്രാപ്പിൽ വീഴാൻ ഞാൻ തയ്യാറല്ല. പഴയനിലപാടിൽ മാറ്റമില്ല.

“ഭാരത് ജോഡോ യാത്ര വൻ വിജയമാണ്. കേരളത്തിലെ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. ഇത് വളരെയേറെ പ്രചോദിപ്പിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശം രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് അനിയന്ത്രിതമായി തൊഴിലില്ലായ്മ വർധിച്ചുവരികയാണ്. കേരളത്തിലെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണ്. ഇതിനുപുറമെ വിലക്കയറ്റവും അനിയന്ത്രിതമായി ഉയരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ മുൻനിർത്തിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും വർഗീയത വളർത്തുന്നതിനു പിന്നിൽ ഈ മൂന്ന് കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്”, രാഹുൽ പറഞ്ഞു.

കേരളത്തിൽ എന്തുകൊണ്ട് ഇത്ര ദിവസം പര്യടനം നടത്തുന്നു, ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് യാത്രയുടെ ദൈർഘ്യം കുറച്ചു എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെയാണ് യാത്രയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണ്. ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര ലക്ഷ്യം വെക്കുന്നത്. അതനുസരിച്ചാണ് യാത്രയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.പിയിൽ കുറച്ചുദിവസം മാത്രമാണ് യാത്ര കടന്നു പോകുന്നത്. പക്ഷെ, ബിഹാറിലോ പശ്ചിമ ബംഗാളിലോ ഗുജറാത്തിലോ യാത്ര കടന്നുപോകുന്നില്ല. യാത്ര ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ്. പതിനായിരക്കണക്കിന് കിലോ മീറ്റർ നടന്നു പോകുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയുടെ റൂട്ടുകളിൽ ചില പരിമിധികളുണ്ടാകും. ഉത്തർപ്രദേശിലെ കാര്യമോർത്ത് ആരും വിഷമിക്കേണ്ട. എന്താണ് ഉത്തർപ്രദേശിൽ ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്, രാഹുല്‍ പറഞ്ഞു.

രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വർഗീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാന സർക്കാരിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങൾ വ്യക്തമായി അറിയുന്നത് ഇവിടുത്തെ നേതൃത്വത്തിനാണ്. അവർ അത് ചെയ്തുകൊള്ളുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

ഗ്രാമദേവതയുടെ ദണ്ഡ് തൊട്ടതിന് ദലിത് വിദ്യാർഥിക്ക് മർദ്ദനവും 60,000 രൂപ പിഴയും

0

ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലനെ മർദ്ദിക്കുകയും 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവം പരാതിയായതോടെ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പോലീസ് കേസെടുത്തു.

കർണ്ണാടകയിലെ കോലാർ ജില്ലയിൽ മാലൂര്‍ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം. ഗ്രാമത്തിലെ ഭൂതമ്മ ക്ഷേത്രത്തിലെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് മർദ്ദനവും തുടർന്ന് പിഴയിടലും. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പോലീസില്‍ പരാതിനല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചുവെന്നതാണ് അക്രമത്തിന് കാരണമാക്കിയത്. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് 60,000 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതിനാല്‍ ക്ഷേത്രം വൃത്തിയാക്കണമെന്നും പെയിന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രദക്ഷിണസമയത്ത് നിലത്തുവീണ ദണ്ഡ് മകന്‍ എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ശോഭ പറഞ്ഞു.

ഈ കാരണത്താല്‍ നാരായണസ്വാമിയും സംഘവും മകനെ മര്‍ദിച്ചു. ഒക്ടോബര്‍ ഒന്നിനകം 60,000 രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയതായും ശോഭ പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നാടകീയ റെയിഡ്, നാളെ ഹർത്താലിന് ആഹ്വാനം

0

കേരളത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ആഹ്വാനം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താൽ പ്രഖാപിച്ചത്.

ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി റെയിഡ്, നിരവധി പേർ കസ്റ്റഡിയിൽ

ബുധനാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എന്‍.ഐ.എ. പരിശോധന. ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം 106 പേരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍നിന്ന് 22 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. കേന്ദ്ര സേനകളെ വിന്യസിച്ചായിരുന്നു കേരളത്തിലെ മിന്നൽ പരിശോധന.

കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയും ഇ.ഡിയും ബുധനാഴ്ച അര്‍ധരാത്രിയോടെ നാടകീയമായാണ് റെയിഡ് തുടങ്ങിയത്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും 20 പേര്‍ വീതം പിടിയിലായി. തമിഴ്‌നാട്ടില്‍നിന്ന് 10 പേരെയും അസമില്‍നിന്ന് ഒന്‍പത് പേരെയും, ഉത്തര്‍പ്രദേശില്‍നിന്ന് 8 പേരെയും, ആന്ധ്രാപ്രദേശില്‍നിന്ന് 5 പേരെയും, മധ്യപ്രദേശില്‍നിന്ന് 4 പേരെയും, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് 3 പേരെ വീതവും, രാജസ്ഥാനില്‍നിന്ന് 2 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചെന്നൈയിലുള്ള പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ആസ്ഥാനത്തും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കടലൂര്‍, ഡിണ്ടിഗല്‍, തേനി, തെങ്കാശി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. അസമില്‍നിന്ന് 9 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗുവഹാട്ടിയിലടക്കം റെയ്ഡുകള്‍ നടന്നു. യുപിയിലെ ലഖ്‌നൗ, ഡല്‍ഹിയിലെ ഷഹീന്‍ബാഗ്, ഖാസിപുര്‍ എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നുവെന്നാണ് വിവരം. റെയ്ഡിന് പിന്നാലെ ഹൈദരാബാദിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ഐഎ സീല്‍ ചെയ്തിട്ടുണ്ട്. സിആര്‍പിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും സുരക്ഷയോടെ ആയിരുന്നു എല്ലാ സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയത്. 2006 ല്‍ കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന രൂപംകൊള്ളുന്നത്.

പശു രാഷ്ട്രീയം തിരിച്ചു കുത്തുന്നു; ഗുജറാത്തിൽ കാലിനിയന്ത്രണ നിയമം പിൻവലിച്ചു

0

  ഗുജറാത്തിൽ ഈ വർഷം ഇതുവരെ തെരുവുകാലികളുടെ കുത്തേറ്റ് മരിച്ചത് 29 പേർ. തെരുവ് നായ്ക്കളെക്കാൾ ഭീഷണിയാണ് നഗരങ്ങളിലും ചെറു പട്ടണങ്ങളിലും അലഞ്ഞു തിരിയുന്ന കാലികൾ.

ഇത് നിയന്ത്രിക്കാൻ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ കാലിനിയന്ത്രണ നിയമം ബുധനാഴ്ച പിൻവലിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ പശുപാലക സംഘങ്ങളുടെ സമ്മദ്ദത്തിൽ സർക്കാർ വഴങ്ങേണ്ടി വരികയായിരുന്നു.

കാലികളെ തുകലിനും ഭക്ഷണത്തിനും വേണ്ടി ഉപയോഗിച്ചിരുന്നത് പുതിയ രാഷ്ട്രീയം മൂലം ഇല്ലാതായി. കർഷകർക്ക് കാലികളുടെ ഉപയോഗം കഴിഞ്ഞാൽ വില കിട്ടാതെയായി. ഉപേക്ഷിക്കപ്പെട്ടവ കൃഷിനാശവും നഗരങ്ങളിൽ അക്രമവുമായി അലയേണ്ട അവസ്ഥയാണ്. പാവപ്പെട്ടവന് പ്രോട്ടീൻ കിട്ടാൻ ഏറ്റവും കുറഞ്ഞ വിലയിൽ മാംസം കിട്ടിയിരുന്നത് ഇവയുടെ മാംസം ലഭ്യമാവുക വഴിയായിരുന്നു. എന്നാൽ പശു രാഷ്ട്രീയത്തിൽ ജനങ്ങളെ വീഴ്ത്തി. ഇപ്പോൾ ഏതെങ്കിലും തരത്തിൽ ഇവയെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ആൾക്കൂട്ട കൊലപാതകം ആവർത്തിക്കും.

രോഗം ബാധിച്ചും മുറിവേറ്റും തെരുവുകളിൽ അലയുന്ന കാലികൾ നഗരത്തിരക്കിൽ അക്രമാസക്തമാവുന്നത് പതിവാണ്. മാത്രമല്ല ചാണകവും മൂത്രവുമായി തെരുവുകൾ മലീമസമാവുകയും ചെയ്യും. കഴിഞ്ഞ ഓഗസ്റ്റ് 13-ന് മുൻ മുഖ്യമന്ത്രി നിതിൻ പട്ടേലിനെ തിരംഗായാത്രയ്ക്കിടെ തെരുവുപശു കുത്തിത്താഴെയിട്ടിരുന്നു.

ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ഒഗസ്റ്റിലും ഹൈക്കോടതി കാലി നിയന്ത്രണം കർശനമാക്കാൻ ആവശ്യപ്പെട്ടിരുന്നു. കാലികൾ അലഞ്ഞു തിരിയുന്നത് മൂലം നഗരങ്ങളിൽ വാഹന അപകടവും വർധിച്ചു വന്നു. കാലികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ചർമ്മ രോഗത്തെ കുറിച്ചുള്ള ആശങ്കയും വാർത്തയായി.

എട്ട് കോർപ്പറേഷനുകളിലും 156 നഗരസഭകളിലും കാറ്റിൽ പോണ്ടുകൾ നിർമ്മിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും കാലികൾ നിരത്തിലെത്തി. 156 പേരെ കാലിനിയന്ത്രണത്തിനായി നിയമിച്ചിരുന്നു. ആറുവർഷം കൊണ്ട് 257 കോടി രൂപ ശമ്പള ഇനത്തിൽ മാത്രം ചിലവഴിച്ചു. 281 കോടി രൂപ മൊത്തം ചിലവഴിച്ചു. കോടതി നിർദ്ദേശ പ്രകാരം കാലികളെ റജിസ്ത്ര് ചെയ്യാൻ ഉത്തരവിറക്കി എങ്കിലും പത്തു ശതമാനം പേർ പോലും തയാറായില്ല.

സർക്കാർ കണക്കിൽ തന്നെ അയ്യായിരത്തോളം പേരെ ഇതുവരെ അലഞ്ഞുതിരിയുന്ന പശുക്കളും മൂരിക്കുട്ടൻമാരും കുത്തിപ്പരിക്കേൽപ്പിച്ചു. പശുക്കളെയും കാളകളെയും കൊല്ലുന്നത് സംസ്ഥാനത്ത് ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റമാണ്.

പട്ടണങ്ങളിൽ മേച്ചിൽപ്പുറങ്ങൾ ഇല്ലാതായി. ഇത്തരം കാലികൾക്ക് തീറ്റയും പരിചരണവും ഇല്ല. ഹൈക്കോടതിയുടെ ഇടപെടൽ കൂടിയായപ്പോഴാണ് കഴിഞ്ഞ ഏപ്രിലിൽ നിയമം കൊണ്ടുവന്നത്.

ഗാന്ധിനഗറിൽ കഴിഞ്ഞദിവസം മാൽധാരി മഹാപഞ്ചായത്ത് ചേർന്ന് നിയന്ത്രണ നിയമം പിൻവലിക്കാൻ ബി.ജെ.പി. സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. നിയമസഭ ചേർന്ന ബുധനാഴ്ച സംസ്ഥാനത്ത് പാൽബന്ദ് നടത്തി. ആശുപത്രികളിലും തെരുവുകളിലും പാൽ സൗജന്യവിതരണം നടത്തിയും പുഴയിലൊഴുക്കിയുമൊക്കെയായിരുന്നു പ്രതിഷേധം. പശു രാഷ്ട്രീയം ഉയർത്തി നേടിയ വോട്ടുകൾ നഷ്ടമാവും എന്ന നിലയായി.

തുടർന്ന് നിയമസഭയിൽ നഗരവികസനസഹമന്ത്രി വിനോദ് മൊറാദിയ നിയമം പിൻവലിക്കാൻ അനുമതി തേടി. ആറുമാസം മുമ്പ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടാതെ കഴിഞ്ഞദിവസം മടക്കി. പുലരുവോളം ചർച്ച ചെയ്തും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നും കൊണ്ടുവന്ന നിയമമാണ് ഒറ്റയടിക്ക് റദ്ദാക്കിയത്.

എന്നാൽ കോൺഗ്രസ് ഇവിടെ പശുരാഷ്ട്രീയം തിരിച്ച് മുതലെടുക്കുകയായിരുന്നു. കാലിനിയന്ത്രണ ബില്ലിനെതിരേ തുടക്കംമുതൽ നിലപാടെടുത്ത കോൺഗ്രസ് ഇത് മുതൽക്കൂട്ടി.

വിദേശത്ത് മെഡിക്കൽ കോഴ്സ് ചെയ്തവർക്ക് നിർബന്ധിത ഇൻ്റേൺഷിപ്പ്

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ആവശ്യമാണെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.

മെഡിക്കൽ കൗൺസിലിന് കീഴിൽ ‘കമ്പൽസറി റൊട്ടേറ്ററി മെഡിക്കൽ ഇന്റേൺഷിപ്പ് റെഗുലേഷന്റെ’ പരിധിയിലുള്ള മെഡിക്കൽ കോളേജുകളിലാകണം ഇന്റേൺഷിപ്പ് ചെയ്യേണ്ടത്.

വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്.എം.ജി.) പാസായവർക്ക് മെഡിക്കൽ കോളേജുകളിൽ സീറ്റ് അനുവദിക്കേണ്ട ചുമതല അതത് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്കായിരിക്കും.

അഴിമതി കുറയുമോ, വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ ഓൺലൈനിലേക്ക്

0

വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ ഇനി ഓണ്‍ലൈൻ വഴി ലഭിക്കും. വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം എന്നിങ്ങനെ ബന്ധപ്പെട്ട സേവനങ്ങളിൽ മിക്കതും ഓൺലൈനായി ചെയ്യാം. ആധാര്‍ അധിഷ്ഠിതമായാണ് ഈ സേവനങ്ങള്‍ ലഭിക്കുക.

കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ 58 സേവനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും തുടർച്ചയായി വകുപ്പായി മാറുന്ന സാഹചര്യത്തിലാണ് ഓൺ ലൈൻ സൌകര്യങ്ങൾ വ്യാപകമാനവുന്നത്.

parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ mParivahan മൈബൈല്‍ ആപ്പ് വഴിയോ ആണ് ഈ ഒാണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ആധാര്‍ നമ്പര്‍ നല്‍കി ഒ.ടി.പി. ലഭിക്കുന്നതോടെ അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.

വാഹനവുമായും ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി വാഹന്‍-സാരഥി പോര്‍ട്ടലുകള്‍ ആരംഭിച്ചിരുന്നു. എന്നാൽ ഇവയുടെ പ്രവർത്തനം വ്യാപകമായ പരാതികൾക്ക് ഇടവെച്ചിരുന്നു. ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലെ സാങ്കേതിക പിഴവാണ് പരാതിക്ക് ഇടയാക്കിയത്.

ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ, ലേണേഴ്‌സ്/ ഡ്രൈവിങ്ങ് ലൈസന്‍സിലെ പേര്, മേല്‍വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്‌സ് എന്നിവ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് ലേണേഴ്‌സ് ലൈസന്‍സ്/ ഡ്രൈവിങ്ങ് ലൈസന്‍സ് അപേക്ഷ, ഡ്രൈവിങ്ങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസന്‍സ് പുതുക്കലുകള്‍, നിലവിലെ ലൈസന്‍സ് പകരം പുതിയത് എടുക്കല്‍, ബാഡ്ജ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, കണ്ടക്ടര്‍ ലൈസന്‍സിലെ വിവരങ്ങള്‍ മാറ്റല്‍ എന്നീ സേവനങ്ങളാണ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ആക്കിയിട്ടുള്ളത്.

വാഹനവുമായി ബന്ധപ്പെട്ട് താത്കാലിക രജിസ്‌ട്രേഷനും സ്ഥിരം രജിസ്‌ട്രേഷനും, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടയ്ക്കല്‍, രജിസ്‌ട്രേഷനുള്ള എന്‍.ഒ.സി, ആര്‍.സി. ബുക്കിലെ വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, പുതിയ പെര്‍മിറ്റ്, ഡ്യൂപ്ലിക്കേറ്റ് പെര്‍മിറ്റ് അപേക്ഷ, പെര്‍മിറ്റ് സറണ്ടര്‍, താത്കാലിക പെര്‍മിറ്റ്, ഡ്യുപ്ലിക്കേറ്റ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

എ കെ ജി സെൻ്റർ ആക്രമണം, യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

എകെജി സെൻ്റർ ആക്രമണ കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

എ.കെ.ജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ഇയാളെ കവടിയാറില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്ത് വരുകയാണ്. വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

വെറും നാടകമെന്ന് കോൺഗ്രസ്

കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് നാടകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസിന് കരുവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിടി ബല്‍റാം ആരോപിച്ചു. ഏതെങ്കിലും പ്രതിയെ പൊലീസ് അവതരിപ്പിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു എന്നും പ്രതികരിച്ചു.

ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പോലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ പുരോഗതിയുണ്ടായില്ല. ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്‌. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.