ഗവർണർ വാത്സല്യം ചൊരിഞ്ഞത് ആർക്കാണ്, രാജ്ഭവനെ ഉപജാപക കേന്ദ്രമാക്കുന്നെന്നും മുഖ്യമന്ത്രി

0

ഗവർണറെ രൂക്ഷഭാഷയിൽ വിമർശിച്ചും ആർ എസ് എസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഗവർണറുടെ പത്രസമ്മേളനത്തെ ലക്ഷ്യം വെച്ചായിരുന്നു മുഖ്യ പരാമർശം.

രാജ് ഭവനിലെ വാർത്താ സമ്മേളനം അസാധാരണമാണ്. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്ന വ്യത്യാസമേയുള്ളൂ.

‘സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്.

ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്”. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  

ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നുമാണ് ​ഗവർണർ വിളിച്ചത്. ആർ.എസ്.എസിൻ്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും. അതുകൊണ്ടാണ് അവർക്കെതിരെ ​ഗവർണർ ആക്രമണം നടത്തുന്നത്.

മന്ത്രിസഭയുടെ ശുപാർശയും നിർദേശവും അടിസ്ഥാനമാക്കി വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ ഒപ്പിടുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്വം സർക്കാരിനാണ്.

ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു.

സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ്  വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി  പറഞ്ഞു. നേരത്തെ കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. വിസി തന്‍റെ  നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

പൗരത്വ നിയമഭേദഗതി വീണ്ടും പൊടി തട്ടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കേരളം നെഞ്ചുവിരിച്ച് നേരിടും ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

ഗവർണറെ ഓർമ്മപ്പെടുത്തിയത്….

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം ഗവർണർ എന്നാണ് സർക്കാരിയ കമ്മിഷൻ പറഞ്ഞിട്ടുള്ളത്. ഇതെല്ലാം കാറ്റിൽ പറത്തുന്ന അനുഭവം ദീകരമാണ്.

​ഗവർണർ വാർത്താ സമ്മേളനത്തിൽ വാൽസല്യം ചൊരിഞ്ഞത് ആർ.എസ്.എസിനാണ്. ഇതു ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം. രാജ് ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുകയാണ് ​ഗവർണർ. രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി കൊള്ളുന്ന ഗവർണർ ഒരറ്റത്ത് എപ്പോഴുമുള്ള ആർ.എസ്.എസിനെ പ്രകീർത്തിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനാണ് ആർ.എസ്.എസ് ശ്രമം. ഗവർണർമാരെ ഉപയോഗിച്ച് സംഘപരിവാർ ബന്ധമുള്ളവരെ വി.സിയാക്കാനാണ് നോക്കുന്നത്. കേരള സർവകലാശാലയിൽ ഏകപക്ഷീയമായി വി.സിയെ നിയമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിൻ സീറ്റ് ഡ്രൈവിനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

അദാനിയുടെ വളർച്ച ഓരോ ദിവസവും 1,612 കോടി വീതം; മാജിക് എന്തെന്നത് ചോദ്യം

അദാനി ലോക സമ്പന്ന പട്ടികയിൽ ഇടം പിടിച്ച വഴികൾ വീണ്ടും ചർച്ചയാവുന്നു. ഇപ്പോഴത്തെ നിലയിൽ ദിവസവും 1,612 കോടി രൂപ സമ്പാദിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയാണ് അദാനി ലോക കോടീശ്വര പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി രണ്ടാമനായത്.

ഒരുവര്‍ഷംകൊണ്ട് സമ്പത്തില്‍ ഇരട്ടിയിലേറെയാണ് വര്‍ധനവുണ്ടായത്. ബുധനാഴ്ച പുറത്തുവിട്ട 2022ലെ ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്രയും വലിയ കുതിച്ചു ചാട്ടം ഒരു ഇന്ത്യൻ കോർപ്പറേറ്റ് എങ്ങിനെ നേടി എന്നതാണ് സാമ്പത്തിക രംഗത്തെ ആശ്ചര്യം.

അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പില്‍ ഈ ഗുജറാത്ത് വ്യവസായിയുടെ സമ്പത്തില്‍ ഒരുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 116 ശതമാനമാണ്. 60കാരനായ അദാനിയുടെ സമ്പത്ത് 10,94,400 കോടി രൂപയായി ഉയർന്നതായാണ് കണക്കാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനിയേക്കാള്‍ മൂന്നുലക്ഷം കോടി രൂപയുടെ സമ്പത്ത് അദാനിക്കുണ്ട്. 2012ല്‍ അദാനിയുടെ സമ്പത്ത് അംബാനിയുടേതിനേക്കാള്‍ ആറിലൊന്ന് മാത്രമായിരുന്നു. പത്ത് വർഷത്തിനകമാണ് ഇത്രയും വലിയ വളർച്ച കൈവരിച്ചത്. കഴിഞ്ഞ വർഷം ദിവസം 1,612 കോടി രൂപ വീതം വർധിച്ചാണ് ലോകത്തിലെ തന്നെ സമ്പന്നരിൽ മുന്നിലെത്തിയത്.

വാക്‌സിന്‍ നിര്‍മാതാവ് സൈറസ് പൂനവാലയും കുടുംബവുമാണ് രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്.

അദാനിയുടെ വളർച്ച കൽക്കരി വ്യാപാരി എന്ന നിലയിൽ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെ സ്വന്തമാക്കി ബിസിനസിലെ രാഷ്ട്രീയ അവസരങ്ങൾ കൂടി കണ്ടെത്തിയ വ്യക്തി എന്ന വിലയിരുത്തലാണ്. 1980 കളിൽ ഒരു കയറ്റിറക്കുമതി വ്യാപാരി എന്ന നിലയ്ക്കായിരുന്നു തുടക്കം. കഴിഞ്ഞ 12 വർഷങ്ങളാണ് നിർണ്ണായകമായത്.

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ മുദ്ര തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും സ്വന്തമാക്കിയാണ് ഖനന വസ്തുക്കളുടെ ലോക കവാടം തന്നെ അദാനിയുടെ പേരിലാവുന്നത്. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് നിസ്സാര വിലയ്ക്ക് സ്വന്തമാക്കിയ ഭൂമിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ രാഷ്ട്രീയത്തെയും അധികാരത്തെയും ബിസിനസ് രംഗത്ത് പ്രയോജനപ്പെടുത്തി വളരുന്നതിൻ്റെ മാതൃകയായാണ് സാമ്പത്തിക രംഗം അദാനിയുടെ വളർച്ചയെ വിലയിരുത്തുന്നത്.

പറക്കും ബൈക്കുകൾ റെഡി, സഞ്ചാരം ഇനി ആകാശ നിരത്തിൽ

0

ഫ്ലൈയിങ് ബൈക്കിന് 40 മിനിറ്റ് നേരം 99.78 കി.മീ വേഗത്തില്‍ സഞ്ചരിക്കാനാവും. റോഡിലെ തിരക്ക് വിട്ട് ഏത് വഴിയും ഈ ബൈക്കിൽ പറന്നു പോകാം. സേനകൾ ഉപയോഗിക്കുന്ന വയർലെസ് സംവിധാനത്തിന് അപ്പുറം മൊബൈൽ ഫോൺ എന്നത് സങ്കല്പം മാത്രമായിരുന്ന കാലമുണ്ട്. അതു പോലെ പറക്കും ബൈക്കുകളും സങ്കൽപത്തിൽ നിന്നും യാഥാർത്ഥ്യമായി തുടങ്ങുകയാണ്.

യുഎസിലെ ഡിട്രോയിറ്റില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ബൈക്കാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഡ്രോണുകളും മറ്റും നിര്‍മിക്കുന്ന ഡെല്‍അവേര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍വിന്‍സ് (Aerwins) എന്ന കമ്പനിയാണ് പുതിയ ഹോവര്‍ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 12 മോഡലുകൾ എങ്കിലും ഇങ്ങനെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഈ പുതു ബൈക്ക് അവയുടെ പരിമിതികളെ എല്ലാം മറികടന്നാണ് പറക്കാൻ തുടങ്ങുന്നത്.

റ്റുറിസ്‌മോ എന്ന് വിളിക്കുന്ന ഈ ഹോവര്‍ ബൈക്ക് നിര്‍മിക്കാന്‍ ഇപ്പോള്‍ ചെലവായത് 7,77,000 ഡോളറാണ്. ആറു കോടിയോളം രൂപ വിലവരും. അടുത്ത വര്‍ഷം ഇതിന്റെ ഒരു ചെറിയ പതിപ്പ് അവതരിപ്പിക്കുമെന്നും 2025 ല്‍ ഇതിന്റെ ഒരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നും അത് 50,000 ഡോളറിന് വില്‍ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

299 കിലോ ഭാരവും 12 അടി നീളവുമാണ് ഈ ബൈക്കിനുള്ളത്.

ഹോവര്‍ ബൈക്കുകള്‍ ജപ്പാനില്‍ വില്‍പനയ്ക്കുണ്ട്. ഇതിനെ ഒരു വിമാനമായി കണക്കാക്കിയിട്ടില്ല. ബൈക്കായും പരിഗണിച്ചിട്ടില്ല. ഇത്തരം യന്ത്രങ്ങള്‍ക്ക് ജപ്പാനില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ റേസ് ട്രാക്കുകളില്‍ മാത്രമേ ഇതില്‍ പറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.

മധ്യഭാഗത്തായി രണ്ട് വലിയ റോട്ടറുകളുള്ള ഈ ഹോവര്‍ ബൈക്കിന് ശക്തി പകരുന്നതിന് ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന 228 എച്ച്പി കവാസാകി മോട്ടോര്‍ സൈക്കിള്‍ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ നാല് ചെറിയ ഇലക്ട്രിക്ക് റോട്ടറുകളും ഇതിനുണ്ട്. ഹെലിക്കോപ്റ്ററുകളെ പോലെ രണ്ട് ലാന്‍ഡിങ് സ്‌കിഡിലാണ് ഇത് നിലത്ത് നില്‍ക്കുക.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 2026 ഓടുകൂടി ഇത് ഉപയോഗത്തില്‍ കൊണ്ടുവരാനാവുമെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതീക്ഷിക്കുന്നത്.

വിനോദത്തിനും പോലീസുകാര്‍ക്ക് അവരുടെ കൃത്യ നിര്‍വഹണത്തിന് ഉപയോഗിക്കുന്നതിനുമെല്ലാം ഈ ഹോവര്‍ ബൈക്ക് പ്രയോജനപ്പെടുത്താനാവുമെന്നാണ് അവതാകൻ കോമാറ്റ്‌സു പറയുന്നത്. ഭാവിയില്‍ ഈ വാഹനം ജനങ്ങള്‍ ദിവസവും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ പിതാവിനെ മകളുടെ മുന്നിലിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി ജീവനക്കാര്‍ക്കെതിരെ ചുമത്തിയത്. ഇതോടെ അറസ്റ്റിനുള്ള സാഹചര്യവുമൊരുങ്ങി.

പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൺസഷൻ കാർഡ് പുതുക്കാൻ ചെന്നപ്പോൾ

മലയിന്‍കീഴ് മാധവകവി ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ കണ്‍സെഷന്‍ കാര്‍ഡ് പുതുക്കാന്‍ ചൊവ്വാഴ്ച 11 മണിയോടെയാണ് പ്രേമനന്‍ രേഷ്മയ്‌ക്കൊപ്പം ഡിപ്പോയിലെത്തിയത്. രേഷ്മയുടെ സഹപാഠി അഖിലയും ഒപ്പമുണ്ടായിരുന്നു.

കണ്‍സെഷന്‍ പുതുക്കാന്‍ നല്‍കിയപ്പോള്‍ ജീവനക്കാരന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മൂന്നു മാസം മുന്‍പ് കണ്‍സെഷന്‍ എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും ഇനിയും അതിന്റെ ആവശ്യമില്ലല്ലോ എന്നും പ്രേമനന്‍ പറഞ്ഞപ്പോഴാണ് തര്‍ക്കമായത്. തുടര്‍ന്ന് കയ്യാങ്കളിയിലേക്കെത്തുകയും ജീവനക്കാര്‍ ഇവരെ മര്‍ദിക്കുകയുമായിരുന്നു.

നെല്ലിക്കാപറമ്പ് ആദ്യത്തെ വൈഫൈഅങ്കണവാടി

0

വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി കോഴിക്കോട് ജില്ലയിലെ കാരശേരിയിലെ നെല്ലിക്കാപറമ്പ് 81-ാം നമ്പര്‍ അങ്കണവാടി. ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ കീഴിലാണ് പദ്ധതി.

അങ്കണവാടി കുട്ടികള്‍ക്ക് പുറമേ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വര്‍ണക്കൂട്ട് പദ്ധതിയ്ക്കും പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഓാണ്‍ലൈന്‍ പഠനത്തിനും പദ്ധതി പ്രയോജനപ്പെടും.അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ഇവിടെ നിന്നു ലഭ്യമാക്കാം. സ്മാര്‍ട് ടി.വി അടക്കം വിപുലമായ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും സഹായകരമാകും.

സംസ്ഥാനത്തെ ആദ്യ എയര്‍ കണ്ടിഷന്‍ഡ് അങ്കണവാടി കൂടിയാണ് നെല്ലാക്കാപറമ്പ്. പദ്ധതിക്ക് കീഴിൽ മലപ്പുറത്താണ് കൂടുതല്‍ വൈഫൈ അങ്കണവാടികള്‍ നിലവിൽ വരിക. 135 എണ്ണം.

സംസ്ഥാനത്തെ 1230 അങ്കണവാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വനിതാ ശിശുവികസന വകുപ്പ് വൈഫൈ കണക്ഷന്‍ നല്‍കുന്നത്. ഇതിനായി ഒന്നിന് 2500 രൂപ നിരക്കില്‍ 30,75,000 രൂപ അനുവദിച്ചിട്ടുണ്ട്. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുമാരി ക്ലബ്ബുകളുടെ (വര്‍ണക്കൂട്ട്) പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് വൈഫൈ കണക്ഷന്‍ നല്‍കുന്നത്. മികച്ച വര്‍ണക്കൂട്ടുകളുള്ള അങ്കണവാടികളെയാണ് പരിഗണിക്കുക.

വിഴിഞ്ഞം സമരസമിതിയെ ഗവർണർ വിളിപ്പിച്ചു

0

വികാരി യൂജീൻ പെരേരയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിക്കുകയായിരുന്നെന്ന് ഫാ. യൂജീൻ പെരേര അറിയിച്ചു. ഗവർണർ അനുഭാവപൂർവം ഞങ്ങളുടെ പ്രശ്നങ്ങൾ കേട്ടു. ക്യാമ്പുകളിലെ അവസ്ഥ കേട്ട് അസ്വസ്ഥനായി. കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ അറിയിച്ചെന്നും ഫാ. യൂജീൻ പെരേര അറിയിച്ചു.

അനുനയത്തിന് സർക്കാർ വഴങ്ങാതെ ഗവർണർ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സര്‍ക്കാരുമായുള്ള ഭിന്നത ചര്‍ച്ചയായേക്കും. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച 11 ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

രാഹുൽ ഇല്ലെങ്കിൽ സോണിയ തുടരണം അല്ലെങ്കിൽ മത്സരിക്കുമെന്ന് ശശി തരൂർ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ മധുസൂദനൻ മിസ്‌ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ.

തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കി.പത്രിക നല്‍കാനുള്ള തീയതി തീരും വരെ തരൂർ ഡൽഹിയിൽ തുടരും. 

 മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ അനുവദിക്കില്ലന്ന് അശോക് ഗെഹലോട്ടിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി 23 സ്ഥാനാർഥികൾക്ക് എതിരായി മത്സരിക്കാൻ ഇരു സ്ഥാനവും സംരക്ഷിക്കാവുന്ന സംവിധാനമാണ് ഗെഹലോത്ത് ഉപാധിയായി വെച്ചത്. സച്ചിൽ പൈലറ്റുമായി രാജസ്ഥാനിൽ ഗ്രൂപ്പ് പോര് നിലനിൽക്കുന്നുണ്ട്.

ശശി തരൂർ പറഞ്ഞത്

സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ഒന്ന്, രാഹുൽ ഗാന്ധി അധ്യക്ഷനാകുക. രണ്ട്, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. മൂന്ന്, രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം എന്നെല്ലാമായിരുന്നു തരൂർ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാൻ കഴിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ്റേത് തന്നെ, ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയാണ് കണ്ടെത്തൽ. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. കേസിലെ 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.

റിപ്പോർട്ട് അടിസ്ഥാനമാക്കി കെ സുരേന്ദ്രന്‍, സി കെ ജാനു, പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. രാഷ്ട്രീയ വിദ്വേഷം എന്ന നിലയ്ക്ക് ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം.

കോഴ പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന നടത്തിയത്. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തി ചോദ്യം ചെയ്യൽ തുടരും.

അശോക് ഗെഹലോത്ത് രാഹുലിനെ കാണാനെത്തുന്നു, ശശി തരൂരും മത്സര രംഗത്ത്

0

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആര് മത്സരിക്കും എന്ന ചർച്ചകൾ തുടരവേ നിർണ്ണായക നീക്കങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. ഇദ്ദേഹം ബുധനാഴ്ച സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും രാഹുലിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി ഗെഹലോത്ത് കൊച്ചിയിലേക്ക് തിരിക്കുക. അശോക് ഗെഹലോത്തിൻ്റെയും ശശി തരൂരിന്റെയും പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ജി 23 നേതാക്കൾക്ക് ഇടയിൽ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ വരുന്നതിന് പാർട്ടി പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

നേരത്തെ ഗെഹലോത്തിനോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും കടുത്ത നിബന്ധനകൾ ഉയർത്തിയതോടെ തള്ളപ്പെടുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് തലപ്പത്തേക്ക് തൻ്റെ എതിരാളി സച്ചിൻ പൈലറ്റ് വരുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിക്കുക എന്ന തീരുമാനത്തിലായിരുന്നു ഉപാധികൾ ഉന്നയിച്ചത്. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.

രാജസ്ഥാനിൽ ഗെഹലോത്ത് ചൊവ്വാഴ്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തന്റെ എതിരാളി സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്തപ്പോഴാണ് ഗെഹലോത്ത് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് എന്ന കാര്യം ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ കൊച്ചിയിലാണ് സച്ചിന്‍ പൈലറ്റ് ഉള്ളത്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെഹലോത്ത്-പൈലറ്റ് കൊമ്പുകോര്‍ക്കല്‍ ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ശമിച്ചത്.

പെൺകുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള പരിശീലനം വീടുകളിൽ നൽകി തുടങ്ങണം – പി സതീദേവി

0

പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി.

സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഇതിൻ്റെ ആദ്യ ഘട്ടം വീട്ടിൽ നിന്നു തെന്നെ വേണമെന്നും അവർ പറഞ്ഞു.

കേരള വനിതാ കമ്മിഷനും എറണാകുളം ജില്ലാ പഞ്ചായത്തും പ്ലാനിങ് ഓഫീസും സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീ ദേവി.

ഭരണഘടന നിലവില്‍വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി ഇപ്പോഴും പറഞ്ഞറിയിക്കേണ്ട അവസ്ഥയാണ്. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ് – അവർ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ് തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും.

ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലി രംഗത്തേക്ക് എത്തുന്നില്ലെന്ന എന്നതും ഗൗരവകരമായി കാണേണ്ടതാണ്. വ്യക്തിയോടൊപ്പം സമൂഹത്തിനും ഇത്തരം ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്നും അതിനായി ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.