വീടിന് മുകളിൽ ജപ്തി നൊട്ടീസ് പതിച്ചു, വിദ്യാർഥിനി ജീവനൊടുക്കി

വീടിന് മുകളിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) മരിച്ചത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ബാങ്ക് ജീവനക്കാർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്

ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും വീട് ഉൾപ്പെടുന്ന സ്ഥലത്തെ വാർഡ് മെമ്പർ ഷീജ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് ​രോ​ഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നു.

പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥിനിയാണ് അഭിരാമി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഇല്ല; ഗ്രൂപ്പ് ചിത്രങ്ങളും മാറുന്നു

0

അടുത്തമാസം നടക്കുന്ന എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തു വരില്ല. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ കോൺഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് വാർത്ത പുറുത്തു വിട്ടു.

ഭാരത് ജോഡോ യാത്ര പുതിയ തരംഗമാക്കാനുള്ള ശ്രമമാണ്. ഇതിനിടെ രാഹുൽ ഡല്‍ഹിയ്ക്ക് പോകില്ല. യാത്രയുടെ വിജയവും ജനങ്ങളെ അടുത്തറിയാനുള്ള അവസരത്തിൻ്റെ ഊർജ്ജവും ഒന്നിച്ച് അനുഭവിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ. ഇതിനെ പാർട്ടിക്കായി മുതൽ കൂട്ടുക. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാദങ്ങളിലേക്ക് ഇറങ്ങി നഷ്ടങ്ങൾക്ക് അവസരം നൽകാതിരിക്കുക എന്നതും ലക്ഷ്യം വെക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

തമിഴ്‌നാട്ടില്‍നിന്ന് ആരംഭിച്ച് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 29-നാണ് കര്‍ണാടകയില്‍ പ്രവേശിക്കുക.

ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തെ സോണിയ, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വേണുഗോപാലിനെ സോണിയ വിളിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

ശശി തരൂരിന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തിങ്കളാഴ്ച സോണിയാ ഗാന്ധി അനുമതി നല്‍കിയിരുന്നു. ഇത് കോൺഗ്രസിന് പുതിയ ഒരു വഴിത്തിരിവ് കൂടി സൃഷ്ടിക്കുക എന്ന നയത്തിൻ്റെ കൂടി ഭാഗമായി വിലയിരുത്തപ്പെടുന്നു. ജി 23 നേതാക്കളിൽ നിന്നാണ് തരൂർ രംഗത്ത് എത്തുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. നേരത്തെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നത് ഉൾപ്പെടെ ഉപാധികൾ വെച്ചിരുന്നതാണ് ഇദ്ദേഹം. തരൂർ രംഗത്ത് എത്തുന്നതോടെ ഇതിനും മാറ്റം വരികയാണ്.

റേഷൻ കടകൾക്ക് ഇന്ന് അവധി

0

ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് സെപ്തംബർ 19 തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി നൽകിയത്.

അരനൂറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ വനിതാ സെക്യൂരിറ്റി

0

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്.

സർവകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.

രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാർഥികളുമടക്കം കാമ്പസിൽ 75 ശതമാനത്തോളം വനിതകളാണുള്ളത്. കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റാൻ അതിജീവിത

0

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതിജീവിത നേരത്തെ തന്നെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിരുന്നു.

വിചാരണക്കോടതി മാറ്റണമെന്ന പ്രധാന ആവശ്യത്തിന് പുറമെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്. ആവശ്യത്തെ നടൻ ദിലീപ് ശക്തമായി എതിർത്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി.

ഗുജറാത്തിലെ എ എ പി വാർത്തകൾ മറയ്ക്കാൻ എഡിറ്റർമാരെ ഭീഷണിപ്പെടുത്തി- കെജരിവാൾ

0

ഗുജറാത്തിലെ എ.എ.പിയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരണ്‍ ജോഷി നിരവധി ടെലിവിഷന്‍ ചാനലുകളുടെ ഉടമകളെയും എഡിറ്റര്‍മാരെയും ഭീഷണിപ്പെടുത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. ഹിരണ്‍ ജോഷിയുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഈ എഡിറ്റര്‍മാര്‍ പങ്കുവെച്ചാല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകനും തല്‍സ്ഥാനങ്ങളില്‍ ഉണ്ടാവില്ല, കെജ്രിവാള്‍ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എ.എ.പിയെ തകര്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ആംആദ്മി പാര്‍ട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നു- എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നെ എ.എ.പിക്ക് ലഭിച്ച വലിയ ജനപിന്തുണ ബി.ജെ.പിയെ പടിച്ചുകുലുക്കിയിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ നല്ലതല്ലെന്ന് പറയാന്‍ സത്യസന്ധതയില്ലാത്ത, അഴിമതിക്കാരനും രാജ്യദ്രോഹിയുമായ ഒരാള്‍ക്കു മാത്രമേ കഴിയൂ. ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞാല്‍, അയാള്‍ക്ക് തെറ്റായ ഉദ്ദേശ്യമുണ്ടെന്നു വേണം കരുതാന്‍, കെജ്‌രിവാള്‍ പറഞ്ഞു.

കേരളത്തോട് മുഖം തിരിച്ച് കർണ്ണാടക, പദ്ധതികളിൽ ഒന്നിലും സഹകരണത്തിനില്ല

0

കർണാടകം കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി. കർണാടകമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത, മൈസൂരു-തലശ്ശേരി റെയിൽപ്പാത എന്നിവയുമായി സഹകരിക്കില്ലെന്ന് ബൊമ്മെ പറഞ്ഞു. അതിവേഗതീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതി മംഗളൂരുവരെ നീട്ടുന്ന കാര്യം ചർച്ചയായില്ല. ഞായറാഴ്ച രാവിലെ 9.30-ന് ബസവരാജ് ബൊമ്മെയുടെ ഔദ്യോഗികവസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.

പരിസ്ഥിതിലോല പ്രദേശങ്ങളിലും വന്യജീവിസങ്കേതങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന കാരണമാണ് എതിർപ്പുകൾക്ക് മുന്നിൽ ഉന്നയിച്ചത്.

ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയൻ കർണാടകമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വിട്ടു വീഴ്ച ഹൈവേയുടെ കാര്യത്തിൽ മാത്രം

മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടിമുതൽ പുറക്കാട്ടിരിവരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറംവരെയുമുള്ള അലൈൻമെന്റുകൾ നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയുള്ള ദേശീയപാത 766-ലെ രാത്രികാലനിയന്ത്രണത്തിന് ബദൽ സംവിധാനമായിട്ടാണ് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ സാമ്പത്തിക ഇടനാഴി പദ്ധതി കൊണ്ടുവരുന്നത്.

യോഗത്തിൽ കർണാടക അടിസ്ഥാനസൗകര്യവികസന മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കർണാടക ചീഫ്സെക്രട്ടറി വന്ദിത ശർമ, കേരള തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മൈസൂരു-തലശ്ശേരി റെയിൽപ്പാത

ബന്ദിപ്പുർ, നാഗർഹോളെ ദേശീയോദ്യാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും ദോഷംചെയ്യും. ദേശീയോദ്യാനങ്ങളിലൂടെ ഭൂഗർഭപാത നിർമിക്കാമെന്ന് കേരളം നിർദേശിച്ചെങ്കിലും നിർമാണസമയത്ത് പരിസ്ഥിതിക്ക് ദോഷംചെയ്യും എന്ന കാരണം ഉന്നയിച്ച് വിസമ്മതിച്ചു

ബന്ദിപ്പൂർ രാത്രിയാത്ര

കൂടുതൽ ബസ് സർവീസുകൾ നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സ്വീകരിച്ചില്ല.

കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത

40 കിലോമീറ്റർ ഭാഗം കേരളത്തിലൂടെയും 31 കിലോമീറ്റർ കർണാടകത്തിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, ഈ പാത കർണാടകത്തിന് പ്രയോജനമില്ലാത്തിനാലും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാലും സഹകരിക്കില്ല.

അതേസമയം, കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതാപദ്ധതി പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടകം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്നിറങ്ങിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.

പോര് തുറന്ന വേദിയിലേക്ക്, ഗവർണറുടെ പത്രസമ്മേളനം നാളെ

0

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിൽ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ​ഗവർണറുടെ തീരുമാനം. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്. രാജ്ഭവനിലാകും വാര്‍ത്താസമ്മേളനം വിളിക്കുക. 

ഗവർണർ സർക്കാരിന്‍റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിനാണ്. ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.ഗ വർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടിക്കറ്റ് മാറ്റി എടുത്തു, 25 കോടി അനൂപിന്

0

25 കോടിയുടെ ഓണം ബംബര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്.

ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്. മുന്‍പൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു അനൂപ്. 

അന്‍പതു രൂപ കുറവുണ്ടായിരുന്നതിനാല്‍ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. പിന്നെ കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതില്‍നിന്നുള്ള പണം കൂടിചേര്‍ത്താണ് ലോട്ടറി എടുത്തത്- അനൂപ് പറഞ്ഞു

പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്.

അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.

25 കോടിയുടെ ഓണം ബമ്പർ, ഭാഗ്യം ഇന്നറിയാം

0

ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർവ്വഹിക്കും. 25 കോടിയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യം നിശ്ചയിക്കപ്പെടും. കേരള ഭാഗ്യക്കുറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ്.

വില്പനയിലും റെക്കോഡായിരുന്നു. ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.

കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഇനി ശേഷിക്കുന്നത് ഏകദേശം ഒരു ലക്ഷം ടിക്കറ്റുകള്‍കൂടി മാത്രം. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 500 രൂപയാണ്ചെ.

റിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്.