കാർ കഴുകുന്ന യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

0

കാര്‍ കഴുകുന്ന ഉപകരണം ഉപയോഗിക്കവേ വൈദ്യുതാഘാതമേറ്റ് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28) ആണ് മരിച്ചത്.

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായ റിനോ വെള്ളിയാഴ്ചയാണ് അവധിയില്‍ വന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന്‍ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. കാർ കഴുകാൻ ഉപോയഗിച്ച വാട്ടർ എയർ ഗണിൽ നിന്നും ഷോക്കേൽക്കയായിരുന്നു.

നാട്ടുകാരും സഹോദരൻ റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.നാട്ടുകാരും റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.

വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.

പിതാവ്: പരേതനായ പി.കെ. ജോയ്. മാതാവ്: പരേതയായ മേഴ്സി.

ആർ എസ് എസ് അധ്യക്ഷനുമായി ഗവർണർ കൂടിക്കാഴ്ച നടത്തി

0

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. തൃശൂര്‍ ആനക്കല്ലില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് തൃശൂരിലെത്തിയത്.

ആനക്കല്ലില്‍ മണികണ്ഠൻ എന്ന ആർ എസ് എസ് പ്രവർത്തകൻ്റെ വീട്ടിലായിരുന്നു മോഹന്‍ ഭാഗവത് ഉണ്ടായിരുന്നത്. ഈ വീട്ടിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാതെ ആയിരുന്നു ഗവര്‍ണറുടെ മടക്കം.

ഗവര്‍ണര്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കുന്നുവെന്ന സി.പി.എം. വിമര്‍ശനം ശക്തമായിരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ആര്‍.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ആര്‍എസ്എസിലെ കാര്യവാഹകന്മാരുടെയും പ്രചാരകന്മാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനായി രണ്ടുദിവസമായി മോഹന്‍ഭാഗവത് തൃശൂരിലുണ്ട്. അവിണിശ്ശേരിയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലാണ് താമസം. ഇവിടെയെത്തിയാണ് ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നീണ്ടു. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്‍ടി ഡോക്ടര്‍മാരുടെ സംഘടനയായ  അസോസിയേഷന്‍  ഓഫ് ഓട്ടോറൈനോലൈറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ ആന്റ് ടെന്റ്‌സ്  സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍.

ആര്‍എസ്എസ് പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല.   ഗവര്‍ണര്‍- ഭാഗവത് കൂടിക്കാഴ്ചയിലും ആരെയും പ്രവേശിപ്പിച്ചില്ല.

സിൽവർ ലൈൻ; പിണറായി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നാളെ

0

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9 30നാണ് കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക്‌ നീട്ടുന്നതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ വിഷയമാവും

സില്‍വര്‍ ലൈന്‍ പദ്ധതി കര്‍ണാടകയിലേക്ക് കൂടി നീട്ടുന്നതിന് അമിത് ഷാ പങ്കെടുത്ത ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിലാണ് കേരളം പിന്തുണ തേടിയിരുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്കും കൗണ്‍സിലില്‍ ധാരണയായിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

അന്ന് ഭീകരൻ ഇന്ന് എല്ലാവരുടെയും കൈക്കുഞ്ഞ്; കേരളത്തിൽ സെൽഫോൺ വിപ്ലവത്തിന് 26 വർഷം

0

ലോകത്തെ മാറ്റിമറിച്ച വിവര വിനിമയ വിസ്മയത്തിൻ്റെ മണിനാദം കേരളത്തിൽ മുഴങ്ങിയിച്ച് 26 വർഷം പൂർത്തിയായി. 1996 സെപ്റ്റംബർ 17നാണ് കേരളത്തിൽ മൊബൈൽ ഫോൺ വഴി ആദ്യത്തെ കോൾ ചെയ്തത്.

ഓരോ ശാസ്ത്രനേട്ടങ്ങളെയും സംശയ ദൃഷ്ടിയോടെ നോക്കുന്ന ഒരു വലിയ വിഭാഗം ഗോത്ര ബോധ പക്ഷെത്തെ അന്നും ആശങ്കാകുലരാക്കിയാണ് ആ ബെല്ലടി ശബ്ദം മുഴങ്ങിയത്. അതുവരെ മൊബൈലായി സന്ദേശം കൈമാറുക എന്നത് പെലീസിനും സേനകൾക്കും മാത്രം അവകാശപ്പെട്ട നിയമാവകാശമായിരുന്നു.

കോഡ് ലെസ് ഫോണുകൾ ഉപയോഗിക്കുന്നത് പോലും നിയമ വിരുദ്ധമായി കണക്കാക്കി. അതിനും മുൻപ് റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ഏർപ്പെടുത്തിയിരുന്നു. ഇങ്ങനെ സമൂഹവും ഭരണകൂടവും ഒരു പോലെ ശാത്രത്തെ സംശയ ദൃഷ്ടിയോടെ കണ്ടിരുന്ന കാലത്താണ് മൊബൈൽ ബെൽ ഉയർന്നത്.

ആദ്യം സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നിതിന് എതിരെ ഒരു വിഭാഗം രംഗത്ത് എത്തി. പിന്നീട് കുട്ടികൾ ഉപോയഗിക്കുന്നതിന് എതിരായി. അവരെ എല്ലാം വഴി തെറ്റിക്കുന്നു എന്നായിരുന്നു വാദം. ലോക സംസ്കാരത്തിലേക്കുള്ള വാതിലായി ക്രമേണ ഫോൺ മാറി. 26 വർഷം കൊണ്ട് അധികാരമായി കൊണ്ടു നടന്ന അറിവുകളെ മൊബൈൽ ഫോൺ സമ്പത്തിക സാമൂഹിക ഭദമില്ലാതെ മനുഷ്യരുടെ എല്ലാവരുടെയും കൈകളിലേക്ക് എത്തിച്ചു.

വയർലെസ് ആശയ വിനിമയം എന്നാൽ അതുവരെ സാധാരണക്കാരന് അവിശ്വസനീയമായ കാര്യമായിരുന്നു. നടന്നു പോകുന്ന വഴിയിൽ വെച്ചും തീവണ്ടിയിൽ വെച്ചും ഒക്കെ സ്വന്തം വീടുമായി ഉറ്റവരുമായി ബന്ധപ്പെടാൻ കഴിയുക എന്നത് സങ്കല്പം മാത്രമായിരുന്നു. വിശേഷിച്ചും സാധാരണക്കാരന് ഒരിക്കലും സാധ്യമാവും എന്നു കരുതിയിരുന്നില്ല. അത്തരം സാധ്യകളെ ഭരണ കൂടങ്ങൾ തന്നെയും സംശയത്തോടെ കാണുകയും സാധ്യതകൾ അടച്ചു കളയുകയും ചെയ്തിരുന്നു.

മൊബൈൽ ഫോൺ വിപ്ലവത്തെ അതിൻ്റെ പരമാവധിയിൽ എത്തിച്ചത് കോവിഡ് കാലമാണ്. അവശേഷിച്ച യാഥാസ്ഥിതികതയുടെ പ്രതിരോധത്തെയും നിരത്തി അത് വീടുകൾക്ക് അകത്തേക്ക് ലോകത്തിലേക്കുള്ള സ്വിച്ചായി കടന്നു കയറി. ഭയന്നവർ തന്നെ മൊബൈൽ കണക്റ്റിവിറ്റി നഷ്ടമാവുമോ എന്ന ഭയത്തിലേക്ക് കൂടുമാറി.

കേരളത്തിൽ ആദ്യ കാൾ ചെയ്തത് സാംസ്കാരിക നായകർ

എറണാകുളത്തെ ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിൽ എസ്‌കോട്ടൽ മൊബൈലിൽ നിന്ന് വിഖ്യാത കഥാകാരൻ തകഴി ശിവശങ്കര പിള്ളയാണ് ആദ്യ കാൾ ചെയ്തത്. ദക്ഷിണമേഖല കമാൻഡന്റ് എ.ആർ ടണ്ഠനുമായാണ് അന്ന് തകഴി സംസാരിച്ചത്. വിഖ്യാത കവി കമല സുരയ്യയും ചടങ്ങിൻ്റെ ഭാഗമായി

1996 സെപ്റ്റംബറിൽ ഉദ്ഘാടനം നടന്നുവെങ്കിലും ഒക്ടോബർ മാസം മുതലാണ് എസ്‌കോട്ടലിന്റെ സേവനം ആരംഭിച്ചത്. അതേ വർഷം തന്നെ ബിപിഎൽ മൊബൈലും കേരളത്തിലെത്തി.

മൊബൈൽ ശബ്ദം ആദ്യം 1996 കേരളം

ഇന്ത്യയിൽ ആദ്യം ജ്യോതി ബസു

1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ ചെയ്തത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്‌റാമിനെ വിളിച്ചതായിരുന്നു ആദ്യ കോൾ.

1996 ൽ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത അത്യാഡംബര വസ്തുവായിരുന്നു മൊബൈൽ ഫോൺ. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ഒരു മൊബൈൽ ഫോണിന്റെ വില. ഒരു മിനിറ്റ് ദൈർഖ്യം വരുന്ന ഔട്ട്‌ഗോയിംഗ് കോളിന് 4 രൂപയാകും. ഔട്ട്‌ഗോയിംഗിന് 16 രൂപയും ഇൻകമിംഗിന് 8 രൂപയും ഈടാക്കിയിരുന്നു.

തുടർന്ന് 7 വർഷങ്ങൾക്ക് ശേഷം 2003 ലാണ് രാജ്യത്ത് ഇൻകമിംഗ് സേവനങ്ങൾ സൗജന്യമാക്കുന്നത്. ഇതോടെയാണ് മൊബൈൽ സാർവ്വത്രികമാവുന്നത്.

മാവോയിയിസ്റ്റ് നേതാവ് രൂപേഷിന് നേരെയുള്ള യുഎപിഎ കേസിൽ പിൻവലിക്കൽ അപേക്ഷയുമായ സർക്കാർ

0

മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയാണ് പിന്‍വലിക്കുന്നത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിയ്ക്കാനിരിക്കെ ആണ് നടപടി.

പഴയ വാദങ്ങൾ പിൻ വലിച്ച് സർക്കാർ

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയെടുത്ത കേസാണ് ഇതെന്നതടക്കമായിരുന്നു അപ്പീല്‍ സമര്‍പ്പിച്ച കേരളത്തിൻ്റെ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ കോടതി എടുത്ത കേസ് മൊത്തം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായും പിൻവലിച്ചാണ് പിൻവലിക്കൽ അപേക്ഷ

പൊലീസ് രാജിനെതിരെ സി പി എം കേന്ദ്ര നേതൃത്വം

യുഎപിഎ വിഷയത്തില്‍ പാർട്ടി കേന്ദ്ര നേതത്വത്തിന്റെ കർശന നിലപാടിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയാണ്. രൂപേഷിന് എതിരെ യു.എ.പി.എ റദ്ദാക്കാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുററ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളിലായിരുന്നു നടപടി. സെക്ഷന്‍ 3,4 ഉം ആയ് ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാതെയാണ് യു.എ.പി.എ ചുമത്തിയത് എന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

വിവാദങ്ങൾക്കിടെ സാദിഖലി തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച

0

പാർട്ടിയിലെ ചേരിപ്പോരിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്.

നാളെ മലപ്പുറം പൂക്കോട്ടൂരില്‍ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്.

 ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളാണ് കെ എം ഷാജിയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലെ നിലപാട് പ്രശ്നങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിച്ചിരുന്നു.

പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വിശദീകരണം തേടാനുള്ള തീരുമാനം ഉണ്ടായി. പാര്‍ട്ടിയില്‍ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമര്‍ശനം ഉന്നയിച്ചത്

സമൂഹ മാധ്യമങ്ങളില്‍ ലീഗ് അനുകൂല പ്രൊഫൈലുകള്‍ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളില്‍ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാന്‍ കെഎംസിസികളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിര്‍ വിഭാഗം ആരോപിച്ചിരുന്നു.

CUET എഴുതിയവർക്ക് സ്കോർ പ്രകാരം ബിരുദ പ്രവേശനം നേടാം

സി.യു.ഇ.ടി. ബിരുദ തല പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പ്രവേശന നടപടികൾക്ക് സമയമായി. എൻ.ടി.എ. സ്കോറിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം.

പങ്കെടുക്കുന്ന സ്ഥാപനങ്ങളും സർവകലാശാലകളും അവരുടെ ബിരുദതലപ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക എൻ.ടി.എ. സ്കോർ അടിസ്ഥാനമാക്കി തയ്യാറാക്കും. സ്ഥാപനങ്ങൾ അവരുടെ കൗൺസലിങ് സമയക്രമവും നിശ്ചയിക്കും. ഇതിന് ആവശ്യമായ വിവരങ്ങൾ അതത് സർവ്വകലാശാല വാർത്തകൾ വഴി അറിയണം.

പരീക്ഷയുടെ പരിധിയിൽവരുന്ന കേന്ദ്രസർവകലാശാലകൾ, മറ്റു സർവകലാശാലകൾ എന്നിവയിലെ ബിരുദതലപ്രോഗ്രാം പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്. ഓരോ വിഷയത്തിനും പല സെഷനിൽ/ദിവസങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.

പരീക്ഷയുടെ നടത്തിപ്പുചുമതല, ഫലപ്രഖ്യാപനം എന്നിവമാത്രമാണ് എൻ.ടി.എ. ചെയ്യുന്നത്.

ഇക്വി-പെർസന്റൈൽ രീതിയിൽക്കൂടിയാണ് ഒരുപരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്.വിശദാംശങ്ങൾ cuet.samarth.ac.in  ൽ ലഭിക്കും.

സർക്കാരും ഗവർണറും തമ്മിലുള്ളത് നാടകമെന്ന് വി ഡി സതീശൻ

0

 സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോള്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യാതിരിക്കുമ്പോള്‍ ബി.ജെ.പി-ആര്‍.എസ്.എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കുമിടയില്‍ ഇടനിലക്കാരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ ശരിയായായെന്നും സതീശന്‍ പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയിലും സര്‍വകലാശാല നിയമ ഭേദഗതിയിലും മില്‍മ യൂണിയന്‍ പിടിച്ചടക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവര്‍ണര്‍ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവര്‍ണര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദർ സിങ് ബി ജെ പിയിലേക്ക്, പി എൽ സി പാർട്ടിയും ലയിക്കും

0

പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. മുന്‍മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് വെള്ളിയാഴ്ച അറിയിച്ചു.

അമരീന്ദര്‍ സിങ് പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കും.

കഴിഞ്ഞ കൊല്ലമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും സാന്നിധ്യത്തിലായിരിക്കും എണ്‍പതുകാരനായ അമരീന്ദറിന്റെ ബിജെപി പ്രവേശനം.

കോൺ​ഗ്രസിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവെച്ചത്. പഞ്ചാബിലെ കോൺ​ഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദർ. പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ, നേതൃത്വം മൂന്ന് തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ദില്ലിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോൺ​ഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. 

പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും  പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി.

നേരത്തെ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം. അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായി തുടരുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രണീത് കൗർ മകൾ ജയ് ഇന്ദർ കൗറിനെ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. 

ജസ്റ്റീൻ ബീബറുടെ ഇന്ത്യ ടൂർ റദ്ദാക്കി

0

ആരോഗ്യ പ്രശ്നത്തെ തുടർന്ന് പോപ്പ് താരം ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കേണ്ടതായിരുന്നു.

ഇന്ത്യയെ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേയും സംഗീത പരിപാടികള്‍ ഗായകന്‍ ഉപേക്ഷിച്ചു.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടിയാണ്. ‘ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ബീബറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പരിപാടി റദ്ദാക്കി എന്നാണ് ട്വീറ്റ്.

ഷോയ്ക്കുള്ള പ്രീ ബുക്കിങ് ജൂണ്‍ മാസത്തില്‍ തുടങ്ങിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. 43000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 4000 രൂപയായിരുന്നു ടിക്കറ്റ് വില.

റാംസെ ഹണ്ട് രോഗം, മുഖം മരവിച്ചു

റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച വിവരം ബീബര്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു. മുഖത്തിന്റെ പാതിഭാഗം നിര്‍ജീവ അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ല. രോഗംമാറാന്‍ കുറച്ചുസമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികള്‍ റദ്ദാക്കുന്നുവെന്നുമാണ് പറഞ്ഞത്.

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂര്‍വരോഗാമാണ് റാംസെ ഹണ്ട് സിന്‍ഡ്രോം. വേരിസെല്ല സോസ്റ്റര്‍ വൈറസാണ് കാരണം. കുട്ടികളില്‍ ചിക്കന്‍പോക്‌സ്, മുതിര്‍ന്നവരില്‍ ഒരുതരംചൊറി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കുന്നതും ഇതേ വൈറസാണ്. വൈറസ് മുഖത്തെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിന്‍ഡ്രോം ആകുന്നത്.

മുഖം മരവിക്കുന്നതിന് പുറമേ ചിലരില്‍ ചെവിക്കും വായ്ക്കും ചുറ്റും വേദനയും നീറ്റലുമുള്ള പാടുകള്‍ ഉണ്ടാകാറുണ്ട്. 1907-ല്‍ അമേരിക്കന്‍ നാഡീരോഗ വിദഗ്ധനായ ജെയിംസ് റാംസെ ഹണ്ട് ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.