ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം, ഹരജികളിൽ സുപ്രീം കോടതി നൊട്ടീസ്

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കുമാണ് നോട്ടീസ്.

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭര്‍തൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും അല്ലെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും വിധിച്ചിരുന്നു. ഇതിന് എതിരായാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബലാത്സംഗങ്ങള്‍ക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഭര്‍തൃ ബലാത്സംഗത്തിന് നല്‍കുന്ന ഇളവെന്നാണ് ഹര്‍ജിക്കാരുടെ വാദം. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീയും അവിവാഹിതയായ സ്ത്രീയെന്നും വേര്‍തിരിച്ചിട്ടില്ല. അതിനാല്‍തന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ശബരിമല യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്യമായ പങ്കാളിത്വം നല്‍കണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമില്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഭര്‍തൃ ബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവ് ഭരണഘടനയുടെ 14,15, 19(1)(മ), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന് മുകളില്‍ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ്‌ ഭര്‍തൃ ബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

മുഹമ്മദ് നിഷാമിൻ്റെ ജാമ്യ ഹർജി തള്ളി, ശിക്ഷ 24 വർഷം

തൃശ്ശൂരിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജി തള്ളി.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം അടിച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവും, മറ്റ് പല കേസുകളിലുമായി 24 വര്‍ഷം ജയില്‍ ശിക്ഷയും, 80 ലക്ഷം രൂപ പിഴയുമായിരുന്നു കീഴ്‌ക്കോടതി വിധിച്ചിരുന്നത്. 2015 ജനുവരി 29-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു തന്നെ നിഷാമിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.

ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിഷാം ആഡംബരക്കാറിടിച്ച് കൊലപ്പെടുത്തിയത്.

ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരണമടഞ്ഞു. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. 

ചന്ദ്രബോസ് വധത്തിൽ വൻജനരോഷമാണ് പിന്നീട് ഉയർന്നത്. കൊലപാതകത്തിന് പിന്നാലെ നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിഷമിനെതിരെ ഉണ്ടായി. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസിൽ കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂർ അഡീഷണൽ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 

തദ്ദേശ റോഡുകളിൽ വിജിലൻസ് റെയിഡ്, നിർമ്മാണത്തിലെ കള്ളക്കളി പൊളിയുമോ

0

 സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ആന്റ്‌ ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്.

ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്നതും, പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ഉദ്ദേശം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 82 അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കയാണ് ചെയ്യുന്നത്.

റോഡുകളുടെ നിലവാരം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് മുമ്പും പരിശോധന നടത്തിയിരുന്നു. മനോജ് എബ്രഹാം വിജിലന്‍സ് ചുമതല ഏറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഓപ്പറേഷന്‍ സരള്‍ രാസ്തയാണ് ഇപ്പോള്‍ നടക്കുന്നത്.

റോജർ ഫെഡറർ വിരമിക്കുന്നു

0

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. ടെന്നീസിലെ മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ വ്യാഴാഴ്ചയാണ് മത്സര ടെന്നിസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സ്വിസ് താരം കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എ.ടി.പി ടൂര്‍ണമെന്റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, 41ാം വയസ്സില്‍ വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.

21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടി. അഞ്ച് തവണ യുഎസ് ഓപ്പണ്‍ നേടിയപ്പോള്‍ ഒരു തവണ ഫ്രഞ്ച് ഓപ്പണിലും ഒന്നാമനായി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം.

പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞു വീണ് മരിച്ചു

0

നിസ്കാരത്തിനിടെ  ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിനിടെയാണ് സംഭവം. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. 

കോവിഡ് നിയന്ത്രിതമാവുന്നു, കവർന്നത് അറുപത് ലക്ഷം ജീവൻ

0

കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

”നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.” കൊവിഡ് തുടങ്ങിയതിന് ശേഷം ലോകാരോഗ്യ സംഘടനാതലവനിൽ നിന്ന് കേൾക്കുന്ന ഏറ്റവും പ്രതീക്ഷാനിർഭരമായ വാക്കുകളാണ്.

ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 19 മാസത്തിന് ശേഷമുള്ള  ലോകാരോഗ്യ സംഘടന തലവന്‍റെ വാക്കുകളെ ആശ്വാസത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു.

2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍റെ പ്രതികരണം. അതേസമയം, നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ വകഭേദങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടി

0

പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സി പി എം നേതൃത്വം

0

 രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിൻ്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ വർധിപ്പിച്ചതെന്നാണ് സി.പി.എം. വിലയിരുത്തൽ.

കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി.ജെ.പി. ഭരിക്കുന്ന യു.പിയില്‍ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിനെ സ്പര്‍ശിക്കുന്നില്ല എന്നും സി.പി.എം. വിമർശനം ഉന്നയിച്ചിരുന്നു.

ബി ജെ പി ഭരണത്തിലെ ജനാധിപത്യ വിരുദ്ധതയ്ക്ക് പകരം ആരെയാണ് കോണ്‍ഗ്രസ് നേരിടാന്‍ ശ്രമിക്കുന്നതെന്നും സി.പി.എം. ചോദിച്ചിരുന്നു. സംസ്ഥാന നേതാക്കളും പി.ബി. നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തു.

വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. പിബി യോഗത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ല എന്ന ധാരണ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. അതിനാലാകാം കോണ്‍ഗ്രസും കേരളത്തില്‍ യാത്രയ്ക്കായി കൂടുതല്‍ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ബി.ജെ.പിയെ നേരിടണമെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വയം ശക്തിപ്പെടേണ്ടതുണ്ട്. അതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു യാത്ര നടത്തുന്നത്. അതിനാല്‍ ഇതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് സി.പി.എം. കേന്ദ്രനേതൃത്വം.

ലഖിംപൂർഖേരിയിൽ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ, കൊന്ന് കെട്ടി തൂക്കിയതെന്ന് ബന്ധുക്കൾ

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രണ്ട് പെണ്‍കുട്ടികളെയും വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍ഗ്രാമത്തില്‍ നിന്ന് ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബം പാരാതി നൽകി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവകളില്ല എന്നാണ് പൊലീസ് വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകുവെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനും റജിസ്ട്രേഷൻ

0

പയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവും വില്‍പ്പനയും നിയന്ത്രിക്കാൻ കേന്ദ്ര നീക്കം. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി തുടങ്ങി. പഴയ വാഹന ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കേണ്ടി വരും.

വാഹനം വില്‍ക്കുമ്പോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും. വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനര്‍വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐ.ബി.ബി.) റിപ്പോര്‍ട്ടില്‍ 2026-27 സാമ്പത്തികവര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ലക്ഷത്തിലെത്തുമെന്നു പറയുന്നു.

ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതും പല സംസ്ഥാനങ്ങളിലും പ്രശ്നമാണ്.

മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും.