ദുബായി യാത്രക്കാരന് ഡൊമസ്റ്റിക് ടാഗ്, സ്വർണ്ണക്കടത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് അറസ്റ്റിലായത്.

വയനാട് സ്വദേശി അഷ്‌ക്കര്‍ അലിയാണ് ലഗേജില്‍ അഞ്ചുകിലോ സ്വര്‍ണമിശ്രിതം കടത്തിയത്. പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ രഹസ്യഅറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ രണ്ട് ജീവനക്കാരും ഈ ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചവരായിരുന്നു. അതേസമയം, ഇവരെ പിടികൂടിയെന്ന് മനസിലായതോടെ അഷ്‌കര്‍ അലി ലഗേജ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍നിന്ന് മുങ്ങി.

ദുബായില്‍നിന്ന് എത്തിയ അഷ്‌കര്‍ അലിയുടെ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപ്പിച്ചാണ് വിമാന കമ്പനി ജീവനക്കാര്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കിയിരുന്നത്. ടാഗ് മാറ്റുന്നതോടെ കസ്റ്റംസ് പരിശോധനയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് ഈ ലഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച് നല്‍കുകയായിരുന്നു ജീവനക്കാരുടെ ചുമതല. ഇരുവരും നേരത്തെ പലതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്നവിവരം. ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ പിടിയിലായിരുന്നു.

ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.

ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. പീഡിന ശ്രമം നടത്തി എന്നുമാണ് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയി. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍കോട്ട് തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്.

കേസില്‍ പ്രതിയായതിന് പിന്നാലെ പാര്‍ട്ടി ബാലചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.

കാസര്‍കോട് ആണൂരില്‍വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനിടെ എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പോസ്റ്ററിൽ പടമില്ല, ജോഡോ യാത്രയിൽ ഗ്രൂപ്പ് തിരിഞ്ഞ് എടോ പോഡോ

0

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കം വൈറലായി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പ്രചാരണ ബോര്‍ഡില്‍ ഇല്ലായിരുന്നു. ഇതാണ് പ്രകോപനമായത്.

വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ സംഘാകരെ വിളിച്ച പ്രവർത്തകനുമായി തര്‍ക്കവും തെറിവിളിയുമുണ്ടായി. ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കയറി.

അഡ്വ റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍നിന്ന് വിളിച്ച അജിത് എന്നയാളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാന്‍ താത്പര്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തായാണ് വിളിച്ചത്. കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയതോടെ ഗ്രൂപ്പ് പ്രശ്നത്തിലേക്ക് എത്തി. ഗ്രൂപ്പ് വൈര്യവും സ്വാഗത സംഘ രൂപീകരണത്തില്‍ തുടങ്ങിയ തര്‍ക്കവും മറനീക്കി. തുടർന്ന് ഇരുവരും തമ്മില്‍ തെറിവിളിയായി.

ഭാരത് ജോഡോ യാത്രയുടെ ശോഭകെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഗ്രൂപ്പ് നേതാക്കളും ചില ഇടത് കേന്ദ്രങ്ങളുമാണ് ശബ്ദരേഖയുടെ മുഖ്യപ്രചാരകര്‍. മല്ലപ്പള്ളി, തിരുവല്ല മേഖലകളില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഭാരത് ജോഡോ സംഘത്തിന്റെ സ്വാഗത സംഘ രൂപീകരണം നേരത്തെ വലിയൊരു വിഭാഗം ബഹിഷ്‌കരിച്ചിരുന്നു.

ചിനാർ തടങ്ങളിലേക്ക് പുറപ്പെടാം; ടി എം ഹാരിസിനെ വായിക്കാം

2

പുറപ്പെട്ടുപോകൽ മനുഷ്യവംശത്തിന് ഒരൊഴിയാബാധയാണ്. രണ്ടര മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ ‘ഹോമോ’ ജനുസ്സ് ഉരുവം കൊള്ളുമ്പോൾത്തന്നെ ജനിതകഘടനയിൽ ഈ ബാധ കയറിക്കൂടിയിരുന്നു. നായാടിയും പെറുക്കിത്തിന്നും നടന്നുനടന്ന് ഭൂമിയിലെ സർവ്വവ്യാപിയായ ജന്തുവിഭാഗമായി. കഥകൾ മെനഞ്ഞു തുടങ്ങിയപ്പോൾ അവയെല്ലാം അവസാനമില്ലാത്ത അയനങ്ങളുടെ ബൃഹത്തായ ആഖ്യാനങ്ങളായി.

വെട്ടിപ്പിടിക്കുവാനും കീഴടക്കുവാനും വാണിഭത്തിനുമായി പുറപ്പെട്ട പടയോട്ടങ്ങൾ, സമുദ്രസഞ്ചാരങ്ങൾ. ആത്മീയാനുഭവങ്ങൾ തേടിയ തീർത്ഥാടനങ്ങൾ. അന്നവും രക്ഷാമാർഗ്ഗവും തേടിയോടിയ പലായനങ്ങൾ. അറിയാത്ത ദേശങ്ങളിലെ കാണാത്ത കൗതുകങ്ങൾ തേടിയുള്ള വിനോദയാത്രകൾ. ഇരിക്കപ്പൊറുതിയില്ലാതെ,നിൽക്കക്കള്ളിയില്ലാതെ അനുസ്യൂതം തുടരുന്ന യാത്രകൾ!

യാത്രകളോടൊപ്പംതന്നെ മനുഷ്യർ അവയുടെ രേഖപ്പെടുത്തലും ആരംഭിച്ചിരുന്നു. അങ്ങനെ എഴുതപ്പെട്ടതോരോന്നും അതാതു കാലത്തിന്റേയും ജനപദങ്ങളുടേയും സാമൂഹിക സാഹചര്യങ്ങളുടേയും വിവര ശേഖരങ്ങളായി തീർന്നു. അത്തരത്തിൽ രേഖപ്പെടുത്തിയ യാത്രാനുഭവങ്ങളുടെ ഒരു പുസ്തകം വായിച്ചതാണ് ഈ കുറിപ്പെഴുതാനുണ്ടായ പ്രചോദനം. ഹാരിസ്.ടി എം രചിച്ച ”ചിനാർ തടങ്ങളും ദേവദാരുമരങ്ങളും” എന്ന പുസ്തകം.


യാത്രകൾ അഭിനിവേശമായും ജീവിതത്തിൻ്റെ ഭാഗമായും കൊണ്ടു നടക്കുന്ന വ്യക്തിയാണഅ ഹാരിസ്.ടി.എം. നിരന്തരയാത്രകളിലേക്ക് തന്നെ പ്രചോദിപ്പിച്ച രണ്ട് യാത്രികരേയും അവരുടെ പുസ്തകങ്ങളേയും ഹാരിസ് ഓർത്തെടുക്കാറുണ്ട്.
രാജൻ കാക്കനാടനും രവീന്ദ്രനും (ചിന്ത രവി). കാക്കനാടന്റെ ‘ഹിമവാന്റെ മുകൾത്തട്ടിൽ’, ‘അമർനാഥ് ഗുഹയിലേക്ക്’ എന്നീ യാത്രാവിവരണങ്ങൾ ഹിമാലയ യാത്രകൾക്ക് പ്രേരണയായി. അതുപോലെ രവീന്ദ്രന്റെ ‘അകലങ്ങളിലെ മനുഷ്യർ’ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വഴികാട്ടിയതും ഹാരിസ് എടുത്തു പറയുന്നു.

ചിനാർ തടങ്ങളും ദേവദാരുമരങ്ങളും

ഹിമാലയൻ ഇന്ത്യയുടെ ഭാഗമായ കഷ്മീർ താഴ്‌വര, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലേക്കും പഞ്ചാബ്, വടക്കുകിഴക്കൻ ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്കും പലപ്പോഴായി നടത്തിയ സഞ്ചാരയോർമ്മകളുടെ സമാഹാരമാണ് “ചിനാർ തടങ്ങളും ദേവദാരുമരങ്ങളും” .2021 ഒക്ടോബറിൽ ഒന്നാം പതിപ്പും, 2022 ആഗസ്റ്റിൽ രണ്ടാം പതിപ്പും പുറത്തിറങ്ങി.


ഓരോ യാത്രയും തനിക്കൊരു പ്രാർത്ഥനയാണെന്ന്, തന്റെ യാത്രകൾക്കുള്ള മാനിഫെസ്റ്റോ എന്ന നിലയിൽ ഹാരിസ് ഈ പുസ്തകത്തിൽ പറയുന്നുണ്ട്..
‘തന്റെ ഉള്ളിലെ അഹന്തയുടെ പത്തികളെ തല്ലിത്തകർക്കാൻ, മനസ്സിനെ വിമലീകരിക്കാൻ, അകക്കണ്ണിലെ ഇരുട്ടിലേക്ക് വെളിച്ചം ചൊരിയാൻ, കുടുസ്സായ മനോഭാവങ്ങളിൽനിന്ന് സഹഭാവത്തിന്റേയും അപരസ്നേഹത്തിന്റേയും വിസ്തൃതികളിലേക്ക് ചുവടുവെക്കാൻ’- അതിനെല്ലാം പ്രാപ്തി നൽകുന്ന പ്രാർത്ഥനാനുഭൂതി. യാത്രകൾ നൽകുന്ന ഈ ഉദാത്താനുഭവത്തിന് അടിവരയിട്ടുകൊണ്ട് സിനിമാസംവിധായകൻ ശ്രീ. ലാൽജോസ് പുസ്തകത്തിനെഴുതിയ അവതാരികയിൽ ഇങ്ങനെ പറയുന്നു: “യാത്രകൾ നേടിത്തരുന്നതിനേക്കാൾ നമ്മളിൽനിന്ന് കൊഴിച്ചുകളയുകയാണ്. ജീർണ്ണബോധ്യങ്ങളുടെ പഴുത്തിലകൾ പാതകളിൽ കൊഴിച്ചുകളഞ്ഞ് പുതുനാമ്പുകളുമായാണ് നാം യാത്രാനന്തരം വീട്ടിലെത്തുന്നത്”.
യാത്രകളെന്നത് മഹാൽഭുതങ്ങളും മായക്കാഴ്ചകളും തേടിയുള്ള മഹായാനങ്ങളല്ല. തനിക്ക് അപരിചിതമായ ഭൂഭാഗങ്ങളും അവിടുത്തെ മനുഷ്യരും വസ്തുപ്രകൃതിയും കണ്ടെത്തുകയും അവയോട് ഇടപഴകുകയും ചെയ്യുന്ന സ്വാഭാവിക വിശേഷങ്ങളാണ്. ഓരോ പ്രദേശത്തേയും സാധാരണ മനുഷ്യർ, അവരുടെ ജീവിതസാഹചര്യങ്ങൾ, പ്രകൃതിയിലും കാലാവസ്ഥയിലും ഋതുഭേദങ്ങളിലും അവരുടെ ഇടപെടലുകൾ എന്നിവയെല്ലാം ഓരോ യാത്രികനെ സംബന്ധിച്ചും വിസ്മയവും കൗതുകവും ഉണർത്തുന്നവയാണ്.

ശ്രീനഗറിൽ തനിക്കുവേണ്ടി വാഹനമോടിച്ച ഡ്രൈവർ ബിലാലിനേയും അവന്റെ കുടുംബത്തേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ഹാരിസ് തന്റെ പുസ്തകം ആരംഭിക്കുന്നത്. കഷ്മീരിലെ സാധാരണമനുഷ്യരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇവിടെ നമുക്ക് ലഭ്യമാകുന്നു. പിന്നീടുള്ള ഓരോ അധ്യായങ്ങളിലും ഇപ്രകാരം മനുഷ്യരും അവരുടെ ജീവിതവും കടന്നുവരുന്നു. ജമ്മു-പാക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ബി എസ് എഫ് ജവാൻ രഘു, കാസിഗുണ്ഡിലെ അതാവുള്ളയും കുടുംബവും, ഡൽ തടാകത്തിലെ വഞ്ചി വീടിന്റെ ഉടമ അബ്ദുൽറഷീദ്, സഹായി മൻസൂർ, കാർഗിലിലെ ഇൻഫർമേഷൻ ഓഫീസർ ഗുൽസാർ ഹസ്സനും കുടുംബവും, വനം വകുപ്പ് ഉദ്യോഗസ്ഥൻ അസ്ഗർ അലി, ലദ്ദാക്കിൽ വെച്ച് പരിചയപ്പെട്ട ജർമൻ സംഗീതജ്ഞൻ യൂളി, കൊറിയയിൽനിന്നു വന്ന ഫ്ലോറയും ലീയും, ഋഷികേശിൽനിന്ന് യമുനോത്രിയിലേക്ക് ടാക്സിയോടിച്ച കേശവാനന്ദ്, വഴിമധ്യേ പരിചയപ്പെട്ട യാത്രികരെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി വിരുന്നൂട്ടുന്ന ബഗോറിയിലെ ജസ്വന്ത് സിംഗ് റാവത്ത്, ബദരീനാഥക്ഷേത്രത്തിലെ പൂജാരിമാരായ, പയ്യന്നൂർ സ്വദേശികളായ, നാരായണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും, ഐസ്വാളിലെ എൽദൊറാദോ ഹോട്ടൽ നടത്തിപ്പുകാരി ചിംഗ് പുയി- മനുഷ്യർ പരസ്പരം വിനിമയം ചെയ്യുന്ന ഊഷ്മളവും ഹൃദ്യവുമായ സഹഭാവത്തിന്റെ നിദർശനങ്ങളാണ് ഇതിലെ ഓരോ വ്യക്തിവിവരണങ്ങളും.


കാർഗിലിൽ ഗോമാകുന്നുകൾക്കു മുകളിൽവെച്ച് ആപ്രിക്കോട്ട് പഴങ്ങൾ നൽകി യാത്രികരെ സൽക്കരിക്കുന്ന കുഞ്ഞുങ്ങൾ, പനി പിടിച്ച സഹയാത്രികന് ‘സ്പെഷലായി’ കഞ്ഞിയുണ്ടാക്കിക്കൊടുക്കുന്ന ലദ്ദാക്കുവാസി- ഓരോ അനുഭവങ്ങളും അത്യന്തം മിഴിവോടെ പകർത്തിവെക്കുവാൻ ഹാരിസിന് സാധിച്ചിട്ടുണ്ട്.
നമ്മൾ എത്രയെല്ലാം മുന്നൊരുക്കവും മുൻകരുതലും സ്വീകരിച്ചാലും ഏതൊരു യാത്രയിലും അനിശ്ചിതത്വവും അത്യാഹിതങ്ങളും നമ്മുടെ സന്തതസഹചാരികളായിരിക്കും. അപ്രതീക്ഷിതമായി സംഭവിക്കുന്ന അത്തരം വിപര്യയങ്ങളിലൂടെ കടന്നുപോകുന്നതിന്റെ വിവരണങ്ങൾ ഈ യാത്രാനുഭവങ്ങളിലുണ്ട്. ശ്രീനഗർ-കാർഗിൽ പാതയിൽ സോജിലാ ചുരത്തിൽ തങ്ങൾ കയറിയ ബസ്സ് ചരക്കുലോറിയുമായി ഉരസി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതും ആളും മനുഷ്യനുമില്ലാത്ത ചുരത്തിനു മുകളിൽ ഒറ്റപ്പെട്ടു പോകുന്നതും, ലദ്ദാക്കിൽവെച്ച് പാംഗോംഗ് തടാകത്തിലേക്ക് പോകുമ്പോൾ വഴിമധ്യേ മലവെള്ളപ്പാച്ചിലിൽ റോഡാകെ കുത്തിയൊലിച്ചു പോവുകയും പിന്നീട് സാഹസപ്പെട്ട് മലവെള്ളം മുറിച്ചുകടന്ന് ആറു കിലോമീറ്റർ നടന്ന് തടാകക്കരയിലെത്തിയതും ഇത്തരം സാഹചര്യങ്ങളാണ്. ചാർധാം യാത്രക്കിടയിൽ ഗംഗോത്രിയിലേക്ക് പോകവേ തൊട്ടുമുന്നിൽ മലയിടിഞ്ഞ് വീണ് യാത്ര തടസ്സപ്പെടുന്നതിന്റെ ദുരന്തദൃശ്യവും ഹാരിസ് വരച്ചുവെക്കുന്നു.


ഈ പുസ്തകത്തെ മനോഹരമായ വായനാനുഭവമാക്കി മാറ്റുന്ന മറ്റൊരു ഘടകം ഇതിലെ പ്രകൃതിവർണ്ണനകളാണ്. ഹിമാലയൻ ഭൂപ്രകൃതിയുടെ ചേതോഹരമായ ദൃശ്യങ്ങൾ -അത് കഷ്മീരായാലും, ലദ്ദാക്കായാലും, ഹിമാചൽ പ്രദേശായാലും, ഉത്തരാഖണ്ഡിലെ ചതുർധാമങ്ങളായാലും, പഞ്ചനദീതടങ്ങളായാലും,ലൂഷായി കുന്നുകളായാലും- വിലോഭനീയമായ ഭാഷാചാതുരിയിൽ വെളിപ്പെടുന്നു.
യാത്രയുടെ കഠിനപഥങ്ങളിലൂടെ, അനേകദൂരം കാൽനട നടന്നും, മലനിരകളുടെ കയറ്റിറക്കങ്ങളിൽ ആയാസപ്പെട്ടും, മഞ്ഞിലും തണുപ്പിലും തണുത്തുമരവിച്ചും നിർവ്വഹിക്കപ്പെടുന്ന ചതുർധാം യാത്രയുടെ വിവരണങ്ങൾ ഈ പുസ്തകത്തിലെ ഒരു പ്രധാന ഖണ്ഡമാണ്. ‘ഇനിയൊരു യാത്രക്ക്
ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു’ എന്ന അവതാരികാകാരന്റെ പ്രസ്താവത്തെ ഈ ഖണ്ഡമെത്തുമ്പോൾ നമ്മളും ഏറ്റെടുക്കും.
കെ.പി.എ സമദിൻ്റെ കുറിപ്പിൽ പറഞ്ഞപോലെ “ഉള്ളിലുണരുന്ന വിചാരങ്ങൾക്ക് വാക്കുകളുടെ ചിറകുകൾ നൽകാൻ കഴിയുന്ന സിദ്ധിയുടെ സമൃദ്ധി”
ഈ പുസ്തകത്തെ ഈടുറ്റതാക്കുന്നു.

ഗൊദാർദ് മരണം വരിച്ചത് സ്വന്തം ഇഷ്ടപ്രകാരം

0

ഫ്രഞ്ച് നവതരം​ഗ സിനിമയുടെ മുൻഗാമിയായ ​ഗൊദാർദ് മരണം വരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. ചലച്ചിത്ര ലോകത്തിൻ്റെ ക്ലാസ് മുറിയാണ് ഇദ്ദേഹത്തിൻ്റെ സിനിമകൾ. മരണവും നാടകീയമായിരുന്നു.

ഗൊ​ദാർദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് അദ്ദേഹത്തിന്റെ ദീർഘകാല നിയമോപദേശകൻ പാട്രിക്ജെ ന്നെറെറ്റ് സ്ഥിരീകരിച്ചു.

യുത്തനേസ്യ എന്നാണ് ഇത്തരം മരണങ്ങൾ അറിയപ്പെടുന്നത്. മെഡിക്കൽ റിപ്പോർട്ടനുസരിച്ച് ഒന്നിലധികം അസുഖങ്ങൾ ബാധിച്ചതിനാൽ സ്വമേധയാ മരണം വരിക്കുന്നതിന് ഗൊദാർഡ് സ്വിറ്റ്സർലൻഡിൽ നിയമസഹായം തേടിയിരുന്നുവെന്ന് പാട്രിക് ജെന്നെറെറ്റ് പറഞ്ഞു.

പാസ്സീവ് യുത്തനേസിയ, അസിസ്റ്റഡ് സൂയിസൈഡ് എന്നിങ്ങനെ സ്വയംമരണം വരിക്കാനുള്ള വിവിധ തരം മാർ​ഗങ്ങൾ സ്വിറ്റ്സർലണ്ടിലുണ്ട്. ഇതിൽ രണ്ടാമത്തേതാണ് ​ഗൊദാർദ് തിരഞ്ഞെടുത്തത്. ഇത് പ്രത്യേകമായി നിയന്ത്രിക്കപ്പെടാത്തതും എന്നാൽ ചില വ്യവസ്ഥകൾക്കനുസൃതമായി അംഗീകരിക്കപ്പെട്ടതുമാണ്. കൂടാതെ രാജ്യത്ത് ഏറ്റവും അറിയപ്പെടുന്ന സമ്പ്രദായവുമാണ്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് സംഘടനകൾ ഈ സമ്പ്രദായത്തിന് സഹായവും നൽകുന്നുണ്ട്.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കനുസരിച്ച് സ്വിറ്റ്‌സർലൻഡിൽ സമീപ വർഷങ്ങളിൽ സഹായത്തോടുകൂടിയ ആത്മഹത്യകൾ കൂടിവരികയാണ്. 2003-ൽ 187 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2015-ൽ ഇത് 965 ആയി വർദ്ധിച്ചു. 2016-ൽ നേരിയ കുറവിന് ശേഷം, സ്ഥിതി വീണ്ടും ഉയരാൻ തുടങ്ങി.

ഗൊദാർദിന്റെ മരണാനന്തര ചടങ്ങുകൾ തികച്ചും സ്വകാര്യമായാണ് നടക്കുകയെന്ന് കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വിസ് ​ഗ്രാമമായ റോളിലായിരുന്നു 91-കാരനായ ​ഗൊദാർദിന്റെ അന്ത്യം. ഈ സമയത്ത് ഭാര്യ മേരി മെയ്‌വിൽ സമീപത്തുണ്ടായിരുന്നു.

നിയമസഭാ കയ്യാങ്കളി കേസ്, കേരളം മുഴുവൻ തത്സമയം കണ്ട കുറ്റം നിഷേധിച്ച് പ്രതികൾ

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് നിഷേധം.

ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വിചാരണയിലേക്ക് കടക്കുകയാണ്. അതിവേഗം വിധിയുണ്ടാകും. ആറു മാസത്തിനുള്ളിൽ വിധി വരാനാണ് സാധ്യത. അങ്ങനെ വന്നാൽ മന്ത്രി ശിവൻകുട്ടി വിധിയായ കേസ് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കും.

കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അന്ന് തീരുമാനിക്കും.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, കെ.അജിത്, സി.കെ.സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികൾ.

അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല വിധി കിട്ടിയില്ല. നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളി. ഇതോടെയാണ് വിചാരണയ്ക്ക് അവസരമൊരുങ്ങിയത്.

വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവൻകുട്ടി അടക്കമുള്ളവർ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്. വിടുതൽ ഹർജിയിൽ പ്രതികൾ പ്രതീക്ഷയിലാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് വിടുതൽ ഹർജിയുമായി കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കം ആറ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേൾക്കും. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ നിരത്തുന്നത്. എന്നാൽ തൽസമയം ചാനലുകളിലൂടെ പുറത്തെത്തിയ ദൃശ്യങ്ങളാണ്

നിയമസഭാ കയ്യാങ്കളിക്കേസിലെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കൽ. വിചാരണ കോടതിയുടെ കർശന നിലപാടാണ് കുറ്റപത്രം വായിക്കലിലേക്ക് കാര്യങ്ങളെ എത്തിച്ചത്. എങ്ങനേയും കേസ് നീട്ടിയെടുക്കാനാണ് എല്ലാവരുടേയും ശ്രമം. 2016-ൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചു. എന്നാൽ മൂന്നിടത്തുനിന്നും തിരിച്ചടിയുണ്ടായി. വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ കേസിലെ ആറു പ്രതികളും സ്വന്തം നിലയ്ക്ക് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകി. എന്നാൽ വിചാരണ കോടതി ഇത് തള്ളി. പിന്നീട് ഇവർ വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവിടെയും ഹർജി തള്ളി. പ്രതികളുടെ സ്വന്തംനിലയ്ക്കുള്ള വിടുതൽ ഹർജികൾ കൂടി തള്ളിയ പശ്ചാത്തലത്തിലാണ് വിചാരണ കോടതി പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്ന് നിർദ്ദേശം വെച്ചത്.

പല തീയതികളും നൽകിയെങ്കിലും പ്രതികൾ ആരും ഹാജരായില്ല. ഇതോടെയാണ് വിചാരണകോടതി കർശന നിലപാട് സ്വീകരിച്ചതും ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചതും.

ഹൃദയത്തിൽ തുടങ്ങി…, സെൽവിയും ജോയും വിവാഹിതരാവുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ അഭിനയിച്ച അഞ്ജലിയും ആദിത്യൻ ചന്ദ്രശേഖറും വിവാഹിതരാവുന്നു.

ഹൃദയത്തിൽ അഞ്ജലി അവതരിപ്പിച്ച സെൽവി ശ്രദ്ധനേടിയിരുന്നു. ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ആദിത്യൻ ചന്ദ്രശേഖർ.

ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്.

സംവിധാനരംഗത്തും മികവു തെളിയിച്ച കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖര്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. അനു കെ അനിയൻ നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത നാളെയാണ് മം​ഗലം എന്ന ​ഗാനത്തിന്റെ തിരക്കഥയും ആദിത്യനാണ്. അഞ്ജലിയാണ് ഇതിലെ മുഖ്യകഥാപാത്രം.

ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് പുറത്ത് കൊണ്ടു വന്ന സതീഷ് വർമ്മയെ പിരിച്ചു വിട്ടു

0

ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയെ വിരമിക്കുന്നതിന് ദിവസങ്ങൾ ശേഷിക്കെ പിരിച്ചുവിട്ടു.

പ്രാണേഷ് പിള്ളയും ഇശ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഗുജറാത്ത് പൊലീസ് വധിച്ചതെന്ന കുറ്റപത്രം സമർപ്പിച്ച സിബിഐ അന്വേഷണം നയിച്ച ഉദ്യോഗസ്ഥനാണ്.

1986-ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തത്. പക്ഷെ കേസ് സർക്കാർ ഇല്ലാതാക്കുകയായിരുന്നു.

വകുപ്പുതലത്തിലുള്ള കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് സതീഷ് വർമ്മയെ പിരിച്ചു വിട്ടിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട് കോയമ്പത്തൂരില്‍ സി.ആര്‍.പി.എഫിൽ. ഐ.ജി.യായി പ്രവർത്തിച്ച് വരികയായിരുന്നു.

വ്യജ ഏറ്റുമുട്ടൽ പുറത്ത് കൊണ്ടു വന്നു, മന്ത്രിയുടെ അഴിമതി കണ്ടെത്തി – നേതൃത്വത്തിന് ഒടുങ്ങാത്ത പക

ഇസ്രത്ത് ജഹാന്‍, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്നിവരെയും രണ്ട് പാക് പൗരരെയും 2004 ജൂണില്‍ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച എസ്.ഐ.ടി.യുടെയും സി.ബി.ഐ.യുടെയും സംഘങ്ങളില്‍ അംഗമായിരുന്നു വര്‍മ. ഹൈകോടതി നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം സി ബി ഐ യെ സഹായിക്കാനായി നിയമിക്കപ്പെടുന്നത്

കേസിൽ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തിരുന്നു. പക്ഷെ, അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. ഇതിനെ തുടർന്ന് പ്രതികളെല്ലാം വിടുതല്‍നേടി.

കേസിൽ സി.ബി.ഐ. അപ്പീല്‍ നല്‍കാൻ തയാറായുമില്ല. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളെ കൊലപ്പെടുത്താനെത്തിയ ചാവേര്‍ സംഘമായിരുന്നു ഇസ്രത്തും കൂട്ടരുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് എടുത്തത്.

1986 ലെ ബാച്ചിൽ എല്ലാവർക്കും പ്രമോഷൻ നൽകിയിട്ടും സതീഷ് വർമ്മയുടെ സ്ഥാനക്കയറ്റം മാത്രം തടഞ്ഞു വെച്ചിരുന്നു. ഷില്ലോങ് ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ പവർ കോർപ്പറേഷനിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ അത്രയും ശേഷിയുള്ള ഉദ്യോഗസ്ഥൻ നോർത്ത് ഈസ്റ്റിൽ തുടരുകയാണ് വേണ്ടത് എന്നായിരുന്നു ഉത്തരവ്.

അരുണാചലിലേക്ക് തട്ടി, അവിടെയും മന്ത്രി കുടുംബത്തിൻ്റെ അഴിമതി പിടിച്ചു

മോദിസര്‍ക്കാരിന്റെ കണ്ണിലെ കരടായ സതീഷ് വര്‍മയെ 2014-ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ വിജിലന്‍സ് ഓഫീസറായി നിയമിച്ചു.

അരുണാചല്‍പ്രദേശിലെ ജലവൈദ്യുതപദ്ധതിയിലെ അഴിമതികള്‍ സംബന്ധിച്ച് മന്ത്രി കിരണ്‍ റിജിജുവിനും ബന്ധുക്കള്‍ക്കും എതിരേ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സി.ആര്‍.പി.എഫിലേക്ക് മാറ്റിയത്.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സതീഷ് വര്‍മയ്ക്കെതിരേ വകുപ്പുതല അന്വേഷണവും തുടങ്ങി. രാജ്യത്തിന് അപകീര്‍ത്തികരമായവിധത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, അനധികൃതമായി അവധികളില്‍ പ്രവേശിച്ചു, ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾ ചാർത്തി നൽകി.

ഇതിനെതിരേ വര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പിരിച്ചുവിടല്‍ ഉത്തരവും ഇതേ കോടതിയിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 30-നാണ് വര്‍മ വിരമിക്കേണ്ടത്. ഉത്തരവ് കോടതി അംഗീകരിച്ചെങ്കിലും 19-വരെ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു.

സതീഷ് വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

വര്‍മയ്‌ക്കൊപ്പം സര്‍വീസില്‍ പ്രവേശിച്ചവര്‍ എ.ഡി.ജി.പി., ഡി.ജി.പി. പദവികളില്‍ എത്തിയിട്ടുണ്ട്. ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സതീഷ് വര്‍മയ്ക്ക് അവസാനം സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിനു ശേഷം പ്രമോഷനുകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. പിരിച്ചു വിടൽ നടപടിയോടെ സർവ്വീസ് ആനുകൂല്യങ്ങളും നഷ്ടമാവും. തുടർ നടപടകളിലും കുരുക്കപ്പെടും.

ഞെട്ടിച്ച് ഓപ്പറേഷൻ താമര, ഗോവയിൽ കോൺഗ്രസ് നിയമസഭാ കക്ഷി പൂർണ്ണമായും ബിജെപിയിൽ ലയിപ്പിച്ചു

0

ഗോവയില്‍ രാഷ്ട്രീയ സദാചാരത്തിൻ്റെ അവസാന കല്ലും പിഴുത് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്.

പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ പൂർണ്ണമായും ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കയായിരുന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് കൂടുമാറ്റം അറിയിച്ചത്.

ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസിന് ശേഷിച്ച എം എൽ എ മാരെയം നഷ്ടമാവുന്നത്.

നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെയും ആരാധനാലയങ്ങളില്‍ എത്തിച്ച് സത്യം ചെയ്യിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ; ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചെന്ന്

0

ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

ഭാരത് ജോഡോ യാത്രയിലെ പൊതു പരിപാടികളിലെ കുട്ടികളുടെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് പരാതിക്ക് അടിസ്ഥാനമായ വിശദീകരണം. ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന്‍ ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ പ്രവേശിച്ച യാത്ര തുടരുകയാണ്. പതിനെട്ടു ദിവസമാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലൂടെ കടന്ന് പോവുന്നതിനായി എുടക്കുക. തുടർന്ന് പാലക്കാട് വഴി തമിഴ്നാട്ടിൽ പ്രവേശിക്കും.

കേരളത്തിൽ 18 ദിവസം ചിലവഴിക്കുമ്പോൾ ഉത്തർ പ്രദേശിൽ വെറും രണ്ട് ദിവസം മാത്രമാണ് യാത്ര ചിലവഴിക്കുന്നത്. ഇതിനെതിരെ വിമർശനവുമായി സി പി എം രംഗത്ത് എത്തിയിരുന്നു.

നേർക്കു നേർ വാക് പോരുമായ് യാത്ര

വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുകയാണ് എന്നും യാത്രയിൽ രാഹുൽ പറഞ്ഞു.

 കാക്കി നിക്കർ കത്തുന്ന ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചതില്‍ അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. വെറുപ്പെടെയാണ് നടത്തുന്നതെങ്കില്‍ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ നാടകമായി മാറുമെന്ന് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ പൂർവികർക്ക് പോലും ആർഎസ്എസിനെ തകർക്കാനായിട്ടില്ലെന്നും മൻമോഹൻ വൈദ്യ പറഞ്ഞു