പഞ്ചാബിലും ഓപ്പറേഷൻ താമര, ഓരോ എംഎൽഎയ്ക്കും 25 കോടി വാഗ്ദാനമെന്ന് ഹർപാൽ ചീമ

0

പഞ്ചാബില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ഓരോ എം എൽ എമാർക്കും 25 കോടി രൂപ വീതം വാഗ്ദാനമെന്ന് എ.എ.പി. പഞ്ചാബ് ധനമന്ത്രിയായ ഹര്‍പാല്‍ ചീമയുടേതാണ് വെളിപ്പെടുത്തൽ. പഞ്ചാബിലെ എ.എ.പിയുടെ എം.എല്‍.എമാരോട് വലിയ നേതാക്കന്മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി മാറാന്‍ വാഗ്ദാനം നൽകി എന്നാണ് മന്ത്രി ചീമയുടെ വെളിപ്പെടുത്തൽ.

ഡല്‍ഹിയിലേക്ക് വരൂ. ബി.ജെ.പിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാം- എന്ന് പറഞ്ഞ് ഒരു എം.എല്‍.എയ്ക്ക് ഫോണ്‍ കോള്‍ വന്നു. പാര്‍ട്ടിമാറാന്‍ 25 കോടി വീതമാണ് ബി.ജെ.പി. വാഗ്ദാനം എന്നും ഇദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബിലെ സര്‍ക്കാരില്‍ മാറ്റം വരികയാണെങ്കില്‍ എം.എല്‍.എമാര്‍ക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ലഭിച്ചതായും പറഞ്ഞു. പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിലെ മന്ത്രിയാണ് ഹർപാൽ ചീമ.

പഞ്ചാബില്‍ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്.

എത്ര എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി. തങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി എം.എല്‍.എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നല്‍കാൻ തയാറാണെന്നും കൂട്ടിച്ചേര്‍ത്തു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി. പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ചീമയുടെ അടിസ്ഥാനരഹിതമാണ്. ഇത് വിരല്‍ചൂണ്ടുന്നത് പഞ്ചാബിലെ എ.എ.പി. വലിയ പിളര്‍പ്പിലേക്ക് കടക്കുന്നു എന്നതിലേക്കാണെന്നും അവകാശപ്പെട്ടു.

ദേശീയ തലത്തിൽ മദ്യനിരോധനം ഏർപ്പെടുത്താൻ ഹർജി, സുപ്രീം കോടതി തള്ളി

0

ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.

ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ട്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമാണ്- ഹർജിക്കാരൻ വാദിച്ചു. വലിയൊരു വിഭാഗം ആളുകൾ മദ്യത്തിന് അടിമകളാണ്. കേന്ദ്രം ഈ വിഷയത്തിൽ നയരൂപീകരണത്തിന് തയ്യാറാകുന്നില്ല. എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.


സമവർത്തി പട്ടികയായതിനാൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുണ്ട് എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.എന്നാൽ സംസ്ഥാനതലത്തിലുള്ള നിയമങ്ങളിൽ ഇടപെടൽ ആവശ്യമുണ്ടോ എന്നത്‌ കേന്ദ്രത്തിന്റെ വിവേചനത്തിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കി.

ഇതൊന്നും കോടതിക്ക്‌ ഇടപെടാവുന്ന വിഷയങ്ങളല്ലെന്നും- ഹർജി നിരാകരിച്ച്‌ ജസ്റ്റിസ്‌ ലളിത്‌ പറഞ്ഞു.

യാത്രക്കാരൻ തീവണ്ടിയിൽ തൂങ്ങി മരിച്ചു

0

ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അരമണിക്കൂറോളം ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു.

ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും. തിരിച്ചറിഞ്ഞിട്ടില്ല.

കെ പി സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് 15ന്, സമ്മതി തേടുന്നത് കെ സുധാകരൻ

0

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. കെ സുധാകരൻ തന്നെ തുടരുന്ന വിധമാവും സമവായം എന്നാണ് നിശ്ചയിക്കപ്പെടാനുളളത്
കേരളത്തിൽ ഈ സ്ഥാനത്തേക്ക് അഭിപ്രായ വ്യത്യാസം ഇല്ലാത്തതിനാൽ സമവായത്തിലൂടെയാകും ഭാരവാഹികളെ നിശ്ചയിക്കുക. ജി. പരമേശ്വരയ്യയാണ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ. 

കോൺ​ഗ്രസിൽ എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉൾപ്പടെ ഷെ‍ഡ്യൂൾപ്രകാരം അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷൻമാരെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്നു എന്ന് ഉറപ്പാക്കുന്നത്.

15ന് 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ജനറൽ ബോഡി യോ​ഗത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയ്ക്കും കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം അം​ഗീകാരം നൽകിയിരുന്നു. പട്ടിക 15ന് പുറത്തുവിടും. 280 അംഗങ്ങളാണുള്ളത്. യുവാക്കൾക്ക് പ്രാമുഖ്യം ലഭിക്കും എന്നാണ് വാർത്തകൾ

ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പൻ ജയിലിൽ തന്നെ, ഇ ഡി കേസിൽ ഉടക്കി അന്വേഷണ സംഘം

0

സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകി. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം അംഗീകരിക്കാൻ ലഖ്നൗ കോടതി തയാറായില്ല. ഇതോടെയാണ് ജയില്‍ മോചനം വീണ്ടും പ്രതിസന്ധിയിലായത്.

ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ഇതിനു ശേഷം മാത്രമാവും ജയിൽ മോചനത്തിന് സാധ്യത. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ജോലി സംബന്ധമായ ആവശ്യത്തിനായി ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ജാമ്യം കിട്ടിയെങ്കിലും കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവ്.

മാധ്യമ പ്രവർത്തകൻ ഇരയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നത് കുറ്റമാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

ഹ്യൂസും ഐഎസ്ആർഓയും ചേർന്ന് ഇന്ത്യയിൽ ഉപഗ്രഹ ബ്രോഡ്ബാൻഡ് തുടങ്ങുന്നു

0

ഇന്ത്യയില്‍ ഹൈ ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ (എച്ച്‌സിഐ) ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ആദ്യ ചുവട് വെക്കുന്നത് . അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഹ്യൂസ് നെറ്റ് വര്‍ക്ക് സിസ്റ്റംസിന്റെ ഉപസ്ഥാപനമാണ് എച്ച്‌സിഐ.

ഏത് ദുഷ്കര മേഖലയിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിന് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൌകര്യം വാങ്ങിച്ച് ഉപയോഗപ്പെടുത്താം.

ഗാല്‍വന്‍ മേഖല ഉള്‍പ്പടെയുള്ള ചൈനീസ് അതിര്‍ത്തികളിലെ ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്കും ദുഷ്കര ഭൂവിഭാഗങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലും പരിമിതമായ സേവനങ്ങള്‍ മാത്രമാണ് ഇത്രയും നാള്‍ എച്ച്‌സിഐ നല്‍കി വന്നിരുന്നത്. ഐഎസ്ആര്‍ഓയുടെ ജിസാറ്റ് 11, ജിസാറ്റ് 29 ഉപഗ്രഹങ്ങളില്‍ നിന്നുള്ള കു-ബാന്‍ഡ് ഫ്രീക്വന്‍സിയും ഹ്യൂസ് ജുപീറ്റര്‍ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹ്യൂസ് ഇന്ത്യയിലുടനീളം അതിവേഗ എച്ച്ഡിഎസ് ബ്രോഡ്ബാന്‍ഡ് എത്തിക്കുക.

നിലവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലേറെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി എച്ച്‌സിഐ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. പ്രതിരോധ തലത്തിലും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും വേണ്ടി ഈ കണക്റ്റിവിറ്റി ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉള്‍നാടുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വേണ്ടിയുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, എസ്ഡി-വാന്‍ സോലൂഷനുകള്‍, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ എച്ച്‌സിഐ നല്‍കുന്നുണ്ട്.

അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി, പ്രമേഹത്തിനും ടിബിക്കുമുള്ള മരുന്നു വില കുറയും

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും

പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 26 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്, 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് ഇപ്പോൾ പട്ടികയിലുള്ളത്.

അര്‍ബുദത്തിന് കാരണമായേക്കുമെന്ന നിഗമനത്തെ തുടര്‍ന്ന് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി നല്‍കിവരുന്ന റാനിറ്റിഡിന്‍ എന്ന അന്റാസിഡ് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് പുറത്തായി.

അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പരമാവധി 10 ശതമാനം വില വരെ വര്‍ഷത്തില്‍ കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം.

.

ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമാ ലോകത്തെ ആചാര്യന്മാരിൽ പ്രമുഖനായ ​ഗൊദാർദ് ( Jean-Luc Godard 91) അന്തരിച്ചു. ‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ​ഗൊദാർദ് ശക്തമായ സാന്നിധ്യമായിരുന്നു. 1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ സമയത്താണ് നിർമിച്ചത്.

ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ൽ പുറത്തിറങ്ങിയ വിൻഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

യുവതിയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാത്ഥിനിയായ മകളും പുറത്ത്, കേരള ബാങ്ക് വീട് സീൽ ചെയ്തു

0

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിലായി. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.

സാവകാശം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് സുഹ്റ പറഞ്ഞു.വീടിന്റെ സിറ്റ്ഔട്ടില്‍ തന്നെ കുടുംബം കഴിയുകയാണ്. 19 ലക്ഷം കുടിശികയുണ്ടെന്നാണ് ബാങ്ക് ന്യായം

ഇപ്പോഴത്തെ അവസ്ഥയില്‍ രാത്രി ഒരു വീട്ടിലും പോകാന്‍ പറ്റില്ല. കാരണം പ്രായമായ ഉമ്മയുണ്ട് മകളുണ്ട് മകനുണ്ട്. ഇതുവരെയും ഒരു വീട്ടിലും പോയി നില്‍ക്കേണ്ട സ്ഥിതിയുണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വീട് കൊടുക്കാന്‍ കഴിയുന്നില്ല. ഈ പ്രദേശത്തെ അവസ്ഥ അങ്ങനെയാണ്. വീട് വിറ്റ് ലോണ്‍ അടക്കാന്‍ ഒരുപാട് തവണ ശ്രമിച്ചതാണ്. പക്ഷേ വീട് വില്‍ക്കാന്‍ സാധിച്ചില്ലെന്നും സുഹ്‌റ പറയുന്നു.

ആരും ഈ വീട് എടുക്കുന്നില്ല. ബാങ്കിന്റെ ജപ്തി ഭീഷണിയുണ്ടാത് കൊണ്ട് ജപ്തിയുള്ള വീടാണ് അതുകൊണ്ട് എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മടങ്ങി പോകുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ അവരോട് കാല് പിടിക്കുന്നത് പോലെ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് താന്‍ എത്തുന്നതിന് മുന്‍പ് തന്നെ വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോയി. ഇതോടെ അകത്തു നിന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ലെന്നും സുഹ്‌റ പറഞ്ഞു.

ബുക്കർ പ്രൈസിനായി തിരഞ്ഞെടുക്കപ്പെട്ട ആറ് നോവലുകൾ

0

2022-ൽ ബുക്കര്‍ പ്രൈസിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തത് ആറ് നോവലുകള്‍. പതിമൂന്ന് നോവലുകള്‍ ഉള്‍പ്പെട്ട ലോങ്‌ലിസ്റ്റില്‍ നിന്ന് ആറ് നോവലുകൾ അവസാന പട്ടകയിൽ എത്തി. ഇവയിൽ നിന്നാവും ജേതാവിനെ കണ്ടെത്തുക.

ഏതാണാ നോവലുകൾ

നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നായി ആറ് നോവലിസ്റ്റുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വാനയക്കാരെ സംബന്ധിച്ച് ഇവ മികച്ച വായനാനുഭവം പകരുന്നവയായിരിക്കും.

സിംബാബ്‌വെക്കാരിയായ നോവയലറ്റ് ബലവായോയുടെ ‘ഗ്ലോറി’യാണ് ഇവയിൽ ഒന്ന്. 2013-ലും ഈ എഴുത്തുകാരി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘വി നീഡ് ന്യൂ നെയിംസ്’ എന്ന നോവലാണ് അന്ന് ബുക്കര്‍ പട്ടികയില്‍ ഇടം പിടിച്ചത്.

2016-ല്‍ ‘മൈ നെയിം ഈസ് ലൂസി ബാര്‍ട്ടണ്‍’ എന്ന നോവലുമായി ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ച അമേരിക്കന്‍ എഴുത്തുകാരി ലൂസി ബാര്‍ട്ടണ്‍ ഇത്തവണയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അവരുടെ ‘ഓ വില്യം!’ എന്ന നോവലാണ് ഇത്തവണ പരിഗണിക്കുന്നത്.

പേവ്‌സിവെല്‍ എവരിറ്റ് എഴുതിയ ‘ദ ട്രീസ്’ സ്വതന്ത്ര പ്രസാധകരായ ഇന്‍ഫ്‌ളക്‌സ് പ്രസ്സിന്റെ ബുക്കര്‍ എന്‍ട്രിയായാണ് എത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരിയാണ് ഇവരും.

തകർന്നടിഞ്ഞ ശ്രീലങ്കയിൽ നിന്നും എൻട്രിയുണ്ട്. ‘ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന നോവലാണ് ലങ്കയിൽ നിന്നും പരിഗണനയിൽ. ആൽമേഡയുടെ കർത്താവ് ഷെഹാന്‍ കരുണതിലക ഇത്തവണ ബുക്കര്‍ പട്ടികയെ പ്രതിനിധീകരിക്കുന്ന ഏക ഏഷ്യക്കാരനുമാണ്.

ഐറിഷ് എഴുത്തുകാരിയും ചെറുകഥകളുടെ രാജകുമാരിയുമായ ക്ലെയര്‍ കീഗൻ്റെ ‘സ്‌മോള്‍ തിങ്‌സ് ലൈക് ദീസ്’ ആറു നോവലുകളിൽ ഒന്നായി ഇടം പടിച്ചു. ബാലസാഹിത്യകൃതികളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ അലന്‍ ഗാര്‍ണറുടെ ‘ട്രീയാക്ക്ള്‍ വാക്കര്‍’ എന്ന നോവലും ഇതോടൊപ്പം പട്ടികയിലുണ്ട്.

ഒക്ടോബര്‍ പതിനേഴിനാണ് ബുക്കര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ചുരുക്ക പട്ടികയിൽ പേരു വന്ന എല്ലാവർക്കും കാഷ് അവാർഡിന് അർഹതയുണ്ട് എന്നതും ബുക്കറിൻ്റെ പ്രത്യേകതയാണ്.

കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത് ഹിന്ദി എഴുത്തുകാരിക്ക്

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്കാണ് കഴിഞ്ഞ വർഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ചത്. ഗീതാഞ്ജലിയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ പരിഭാഷയായ ‘ടൂം ഓഫ് സാൻഡ്’ ആണ് അവാർഡിന് അർഹമായത്.

ഹിന്ദിയിൽ നിന്നുള്ള ഒരു കൃതി ബുക്കർ പ്രൈസ് നേടിയത് ആദ്യമായിരുന്നു. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്‌വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. 135 പുസ്തകങ്ങളിൽ നിന്നാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഇന്ത്യ–പാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന ഒരു വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ‘റേത് സമാധി’യുടെ ഇതിവൃത്തം. 2018ലാണ് ‘റേത് സമാധി’ പുറത്തിറങ്ങിയത്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.