തല്ലുമാലയുടെ സബ്ടൈറ്റിൽ വെട്ടി മുറിച്ചു, നെറ്റ്ഫ്ളിക്സിനെതിരെ പരാതി

0

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ‘തല്ലുമാല’യുടെ സബ്‌ ടൈറ്റിലിനെതിരേ അണിയറ പ്രവര്‍ത്തകര്‍. തങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയ സബ്‌ ടൈറ്റിലിനെ വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്ത് നശിപ്പിച്ചുവെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. സബ്‌ടൈറ്റില്‍ അനുവാദമില്ലാതെ എഡിറ്റ് ചെയ്തത് വഴി സംഭാഷണങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് ‘തല്ലുമാല’. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒടിടി റിലീസ് ആയി ചിത്രമെത്തിയത്.

അക്രമകാരികാളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിലേക്ക്

0

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പേ ബാധിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാനുള്ള അനുമതിക്ക് സുപ്രീം കോടതിയോടു അഭ്യര്‍ഥിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. ഒപ്പം എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീം കോടതി 28 ന് പരിഗണിക്കും

കേരളത്തിലെ തെരുവുനായ വിഷയം സുപ്രീം കോടതി 28-ന് പരിഗണിക്കുന്നുണ്ട്. എ.ബി.സി. പദ്ധതിക്ക് തിരിച്ചടിയായി മാറിയത് കുടുംബശ്രീയെ അതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ്. അതിനാല്‍ കുടുംബശ്രീക്ക് എ.ബി.സി. പദ്ധതി നടപ്പാക്കാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നുവീതം എന്ന നിലയില്‍ എ.ബി.സി. സെന്റര്‍ ആരംഭിക്കണമെന്ന് നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ 76 കേന്ദ്രങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 37 ഇടത്ത് ഇതിനകം സജ്ജമായിക്കഴിഞ്ഞു. ബാക്കി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്‌പോട്ടുകള്‍ മൃഗങ്ങള്‍ക്ക് കടിയേറ്റതിന്റെയും മനുഷ്യര്‍ക്ക് കടിയേറ്റതിന്റെയും അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇത്തരം മേഖലകളില്‍ വാക്‌സിനേഷനിലും ഷെല്‍ട്ടറിന്റെ കാര്യത്തിലും പ്രത്യേക ഊന്നല്‍ നല്‍കും. ഓറല്‍ വാക്‌സിനേഷന്റെ സാധ്യത തേടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.

തെരുവുനായശല്യം രൂക്ഷമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മാലിന്യനീക്കമാണ്. രണ്ടുതരത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുക. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കല്യാണമണ്ഡപങ്ങള്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് മാലിന്യനീക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കും. ഇത് കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നേതൃത്വം നല്‍കി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് തെരുവുനായ ശല്യം അവസാനിപ്പിക്കാനുള്ള പരിപാടികള്‍ നടപ്പാക്കുക. കോവിഡ് മഹാമാരിയെ നേരിട്ടതു പോലെ ഈ പ്രശ്‌നത്തെയും നേരിടാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

പൊലീസ് കോൺസ്റ്റബിൽ ലിസ്റ്റ് പ്രസിധീകരിച്ചു

0

പൊലീസ് കോൺസ്ററബിൾ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ എൻഡ്യുറൻസ് ടെസ്റ്റ് വിജയിച്ച് ഒ എം ആർ പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു. പി എസ് സി സൈറ്റിൽ ലഭ്യമാണ്.

ഗ്യാൻവാപി പള്ളിയിലെ ആരാധനാവകാശം, ഹരജി നിലനിൽക്കുമെന്ന് കോടതി

0

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സൌഹാർദ്ദത്തിൻ്റെ കേന്ദ്രമായി വർത്തിച്ചിരുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ഹിന്ദു വിശ്വാസ പ്രകാരം ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി.

കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം വാരാണസി കോടതി തള്ളി. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.

അഞ്ച് ഹിന്ദുമത വിശ്വാസികളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് നിരീക്ഷണം നടത്തിയത്. കേസിന്റെ അടുത്തവാദം ഈ മാസം22ന് നടക്കും.

കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്.

1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി ആവര്‍ത്തിച്ച് വാദിച്ചിരുന്നത്. വാരണാസിയിലെ രണ്ട് കോടതികളാണ് ഗ്യാന്‍വാപി വിഷയം പരിഗണിച്ചത്. ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ പൂജയും, പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതിലായിരുന്നു വാരണാസി ജില്ലാ കോടതിയിലെ വാദം കേള്‍ക്കല്‍. മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹര്‍ജിക്കാരുടെ വാദത്തെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തിരുന്നു. 1937ലെ ദീന്‍ മുഹമ്മദ് കേസ് വിധിയില്‍ ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭൂമികള്‍ കൃത്യമായി വേര്‍തിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെനും മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു.

ജെ ഇ ഇ അഡ്വാൻസ്ഡ്, കട്ട് ഓഫ് മാർക്കിൽ ഇളവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. result.jeeadv.ac.in-ൽ ഫലം ലഭ്യമാണ്.

റാങ്ക് ലിസ്റ്റുകളിൽ സ്ഥാനംനേടാൻ ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ കട്ട് ഓഫ് മാർക്കിൽ ഇളവുവരുത്തി.

അന്തിമ ഉത്തരസൂചിക jeeadv.ac.in-ൽ ലഭിക്കും. പരീക്ഷ അഭിമുഖീകരിച്ച 1,55,538 പേരിൽ 40,712 പേർ യോഗ്യത നേടി (26.17 ശതമാനം).

പുതുക്കിയ കട്ട് ഓഫ് മാർക്ക്

ഓരോ വിഷയത്തിനും വേണ്ട പുതുക്കിയ കട്ട്‌ ഓഫ് മാർക്ക്, രണ്ടുപേപ്പറിനും കൂടി വേണ്ട പുതുക്കിയ കട്ട്‌ഓഫ് മാർക്ക്, റാങ്ക്പട്ടിക/കാറ്റഗറി അനുസരിച്ച് ഇപ്രകാരമാണ് (ശതമാനക്കണക്കിൽ): കോമൺ റാങ്ക് ലിസ്റ്റ് – 4.4 (ഓരോ വിഷയത്തിനും), 15.28 (രണ്ടു പേപ്പറിലും കൂടി) (യഥാക്രമം 10, 35 എന്നിങ്ങനെയാണ് ബ്രോഷറിൽ നൽകിയിരുന്നത്); ജനറൽ-ഇ.ഡബ്ല്യു.എസ്.; ഒ.ബി.സി.-എൻ.സി.എൽ. റാങ്ക് ലിസ്റ്റുകൾ -4, 13.89 (ബ്രോഷർ പ്രകാരം 9, 31.5); എസ്.സി., എസ്.ടി. റാങ്ക് പട്ടികകൾ, എല്ലാ വിഭാഗങ്ങളിലെയും പി.ഡബ്ല്യു.ഡി. റാങ്ക് പട്ടികകൾ -2.2, 7.78 (ബ്രോഷർ പ്രകാരം, 5, 17.5).

ഗ്യാൻവാപി പള്ളിയിലെ ആരാധാനാ അവകാശ വാദ ഹരജിയിൽ ഇന്ന് വിധി

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് മത സൌഹാർദ്ദ പ്രതീകമായി നിലകൊള്ളുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറയുക.

ആരാധനയ്ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണ നിലനില്‍ക്കുമോയെന്നും ഹര്‍ജി ന്യായമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോയെന്നും ജില്ലാ കോടതി തീരുമാനം അറിയിക്കും. കേസില്‍ ഇരുവിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്.

കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു.

വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണാസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

വന്ധീകരണവും നിയന്ത്രണവും പ്രസ്താവനകളിൽ തുടരുമ്പോൾ ജനങ്ങളിൽ ഭീതി പടരുന്നു, 12 നായ്ക്കളെ വിഷം കൊടുത്ത് കൊന്നു

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു. 

തെരുവു നായ ശല്യം രൂക്ഷമായി തുടരവെ വിവിധ വകുപ്പുകൾ പ്രസ്താവനാ നാടകങ്ങളിൽ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. എല്ലാ വർഷവും നായ ശല്യം വർധിക്കുമ്പോൾ ഇത്തരം നടപടി അവകാശങ്ങൾ ഉണ്ടാവാറുണ്ട് എങ്കിലും പേപ്പട്ടി ഭീതി പരിഹാരമില്ലാതെ തുടരുകയാണ്. ദിവസവും കോവിഡ് അപ്ഡേറ്റ് പോലെ നായ കടിച്ച വാർത്തകളും പ്രചരിക്കുന്നു.

ഇതുവരെ പ്രഖ്യാപിച്ച നടപടികൾ ഒന്നും പോലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിൽ ഇട്ട് മറ്റ് വകുപ്പുകളും സർക്കാരും കൈ കഴുകുമ്പോൾ നാട്ടിൽ ശല്യം തുടരുകയാണ്. അറവു ശാലകളും പൊതു സ്ഥലത്ത് ഭക്ഷ്യ വസ്തുക്കൾ നിക്ഷേപിക്കുന്നതും ഉൾപ്പെടെ ഉത്തരവാദിത്തം പലതരത്തിൽ വെച്ച് കെട്ടി സർക്കാർ കൈ ഒഴിയുകയാണ്. രാഷ്ട്രീയ അവസരം എന്ന നിലയ്ക്കല്ലാതെ പ്രതിപക്ഷത്തിനും ഇതിൽ താത്പര്യം ഇല്ല.

ഈ സാഹചര്യത്തിൽ പലയിടത്തും പ്രാകൃതമായ രീതിയിൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന കാഴ്ചയാണ്. വിഷം നൽകിയും തല്ലിയും കൊല്ലുന്ന രീതിയാണ് അവലംബിക്കേണ്ടി വരുന്നത്.

ജി എസ് ടി വകുപ്പിൽ പിൻവാതിൽ കരാർ, 21 തസ്തികകൾ സൃഷ്ടിക്കുന്നു

സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പുനക്രമീകരണത്തിൻ്റെ പേരിൽ 21 തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നു. വകുപ്പിലെ ഐ ടി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ പൂര്‍ണ ചുമതല ഇത്തരത്തിൽ കരാര്‍വൽക്കരിക്കാനാണ് നീക്കം.

നിയമന ഉത്തരവിൻ്റെ പകര്‍പ്പ് ട്വൻ്റി ഫോർ ന്യൂസ് പുറത്തു വിട്ടു. കരാറുകാര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ശമ്പള വാഗ്ദാനവുമുണ്ട്.

ഐടി വിദഗ്ധരായി ഏഴ് പേരെയാണ് കരാറില്‍ നിയമിച്ചിരിക്കുന്നത്. ഡേറ്റ അനലിസ്റ്റുകളായി എട്ടുപേരെയും ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന പോസ്റ്റില്‍ മൂന്ന് പേരെയും ഉൾപ്പെടെ ചരക്ക് സേവന നികുതി വകുപ്പില്‍ നിയമിക്കാനാണ് നീക്കം.

ഐ ടി മാനേജ്‌മെന്റ് വിഭാഗത്തിന്റെ പൂര്‍ണ ചുമതല കരാര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തുന്നതോടെ ഡാറ്റകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായേക്കുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ നിനില്‍ക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷനായി രണ്ട് പേരെയും പബ്ലിക്ക് റിലേഷന്‍ ഓഫിസറായി ഒരു ഉദ്യോഗസ്ഥനേയും മറ്റ് വകുപ്പുകളില്‍ നിന്ന് പുനക്രമീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഈ ഉത്തരവ് നികുതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ നടത്താനിരുന്ന നിയമനങ്ങളാണ് എതിര്‍പ്പുകളെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നത്.

ബൈക്കിൽ കൈക്കുഞ്ഞുങ്ങളുമായി ലഹരി കടത്ത്, ദമ്പതികൾ പിടിയിൽ

കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എൻ കെ കമറുദ്ധീൻ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബാംഗളൂരിവില്‍ നിന്ന് എം ഡി എം എ വാങ്ങി ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിലെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര.

കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്ലമുദ്ധീൻ, ഷിഫ്‌ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പിൽ ബൈക്കിൽ വന്നപ്പോൾ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എം ഡി എം എ മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു. 

ഷംസീർ സ്പീക്കർ, 96 വോട്ടിൻ്റെ സമ്മതി

0

കേരള നിയമസഭ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് പദവിയിൽ എത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിൻ്റെ അധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ്. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു.

കണ്ണൂരിൽ നിന്ന് സ്പീക്കർ പദവിയിലേക്ക് ആദ്യം

എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.

വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെ തുടക്കം. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു.

കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍എല്‍.ബി.യും എല്‍എല്‍.എമ്മും പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ് ചെയര്‍മാനാണ്.