ബദാം കഴിച്ചതിന് 11 കാരനെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിൻ്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിൻ്റെ പേരിലാണ് ദളിത് ബാലനെ പൂജാരി രാകേഷ് ജെയിൻ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നാണ് ന്യായീകരണം.

ക്ഷേത്ര ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ, പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം പരാതിപ്പെട്ടു.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാകേഷ് ജെയിനിനെതിരെ മോത്തി നഗർ പൊലീസ് കേസെടുത്തു.

പ്രവാസികൾക്ക് നോർക്ക വഴി 550 രൂപയ്ക്ക് ആരോഗ്യ ഇൻഷൂറൻസ്

0

പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.

പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് അറിയപ്പെടുക.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയില്‍ വരും. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.orgലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഓണ്‍ലൈനായി സ്‌കീമില്‍ ചേരാം. ഓണ്‍ലൈനായും ഫീസ് അടക്കാം.

വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങള്‍ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭീമ കൊറേഗാവ് കേസിലെ മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിലിൽ ചികിത്സ നൽകാതെ പീഡനം

0

ഭീമ കൊറേഗാവ്‌ കേസിൽ യുഎപിഎ ചുമത്തി തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിലിൽ ആവശ്യമായ ചികിത്സ നൽകാതെ പീഡനം. ചികിത്സാ സൌകര്യം നിഷേധിക്കുന്നതായി തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ വെർനൺ ഗോൺസാൽവസിന് (65) ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ചികിത്സ നിഷേധിച്ചു. ഭാര്യ സൂസൻ എബ്രഹാം ഇതു സംബന്ധിച്ച് പരാതി നൽകി.

ആ​ഗസ്ത് 30നു ഗോൺസാൽവസിന് പനി ബാധിച്ച് ​ഗുരുതരാവസ്ഥയിലായെങ്കിലും ചികിത്സ നൽകിയില്ല. പലതവണ പരാതിപ്പെട്ടതോടെ സെപ്തംബർ ഏഴിന് മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ചികിത്സ പൂർത്തിയാകുംമുമ്പ്  ജയിലിലേക്ക് മാറ്റി. ഭാര്യ കോടതിയിൽനിന്ന്‌ അനുകൂല വിധിവാങ്ങിച്ചപ്പോൾ മാത്രമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ  ഗോൺസാൽവസ് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

ഭീമ കൊറേഗാവ്‌ കേസിൽ തടവിൽ കഴിയുന്നവർക്കെല്ലാം ചികിത്സ നിഷേധിക്കുന്നതായി കുടുംബാംഗങ്ങൾ ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കി.

വിചാരണയും കുറ്റപത്രവുമില്ലാതെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന 84കാരനായ ഫാദർ സ്‌റ്റാൻസ്വാമി 2021 ജൂലൈ അഞ്ചിനാണ് ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

കുറ്റാരോപിതരായ ഗൗതം നവലാഖ, ഹനി ബാബു, വിപ്ലവകവി വരവര റാവു എന്നിവർക്കും ജയിലിൽ ചികിത്സ നിഷേധിച്ചത് വാർത്തയായി. വരവര റാവുവിന്‌ അടുത്തിടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

കളിയിൽ എന്ത് രാഷ്ട്രീയം, ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക്

0

കരുത്തോടെ മുന്നേറിയ ശ്രീലങ്ക ഞായറാഴ്ചത്തെ ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ തകർത്തു. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും കരുത്തുറ്റ പോരാട്ടം പുറത്തെടുത്ത് 23 റണ്‍സിനാണ് പാക്കിസ്ഥാനെ മറികടന്നത്. രാജ്യത്തെ വറുതികൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഇടയിലും അങ്ങിനെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ ശ്രീലങ്ക മുത്തമിട്ടു.

ഒടുവിൽ 2014ലും പാകിസ്ഥാനെ തോൽപ്പിച്ചാണ്‌ ജേതാക്കളായത്‌. എട്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മുൻ ലോക ചാമ്പ്യൻമാർ ഒരു പ്രധാന ടൂർണമെന്റ്‌ ജയിക്കുന്നത്‌. സ്‌കോർ: ശ്രീലങ്ക 6–-170, പാകിസ്ഥാൻ 147.

ദുബായിൽ ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും പാകിസ്ഥാന് മുന്നേറ്റം സാധിച്ചില്ല. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി.

നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയും വിജയത്തിലേക്ക് മുതൽക്കൂട്ടി.

അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാകിസ്ഥാൻ്റെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി.

ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനു വേണ്ടി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറില്‍ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ ഫഖര്‍ സമാനെയും (0) മധുഷാന്‍ മടക്കി.

പുതിയ പാർട്ടി പത്തു ദിവസത്തിനകം- ഗുലാം നബി ആസാദ്

0

തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും ഗുലാം നബി ആസാദ്. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്നും- കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അഭ്യർഥിച്ചു.

കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല . ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

ഒരിക്കലും ഇനി പ്രത്യേക പദവി തിരികെ കിട്ടില്ല. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ അക്കാര്യം ചിന്തിക്കേണ്ടതുള്ളൂ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആസാദിന്റെ പരാമര്‍ശം.

ഓരോ 44 സെക്കൻ്റിലും ഒരാൾ മരിക്കുന്നു, കോവിഡ് ബാധ ഒഴിഞ്ഞില്ല -WHO

0

കോവിഡ് സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ ആവർത്തിക്കുന്നു.

ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ‍ടെഡ്രോസ് അഥനോം ​ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകുന്നതല്ലെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ അപ്പോഴും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻ‍ഡിലും കോവിഡ് മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്- അദ്ദേഹം പറയുന്നു.

തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്ന് കഴിഞ്ഞയാഴ്ച്ച ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച കൂടി മഴ തുടരും

0

കേരളത്തില്‍ തിങ്കളാഴ്ച കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മണ്‍സൂണ്‍ പാത്തി അതിൻ്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3, 4 ദിവസം തല്‍സ്ഥിതി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.

ഡൽഹി സർക്കാരിനെതിരെ വീണ്ടും; ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്. ഗവർണർ

ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും രാഷ്ട്രീയ മത്സരം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ശുപാർശ ചെയ്തു.

മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഎപി സര്‍ക്കാരിനേതിരായ മറ്റൊരു കേസുകൂടി സിബിഐയ്ക്ക് വിട്ടത്.

2019-ല്‍ ബസുകള്‍ വാങ്ങിയതിലും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായുള്ള 2020-ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുന്‍പാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രാഥമികമായ പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടാനും ലഫ്.ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രമക്കേടുകള്‍ പദ്ധതി നടത്തിപ്പിലുണ്ടായി എന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ഗവര്‍ണര്‍ കേസിലെ അന്വേഷണം സിബിഐയ്ക്ക് ശുപാര്‍ശ ചെയ്തത്.

നേരത്തേ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് മദ്യനയക്കേസില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലഫ് ഗവര്‍ണറെന്നും ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും എഎപി ആരോപിച്ചു.

എഎപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തുറന്ന മത്സരത്തിന് അവസരം തുറന്ന് ഹൈക്കമാൻ്റ്

0

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസുദന്‍ മിസ്ത്രി. വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂര്‍ എംപിയുടെ നിരന്തര ആവശ്യം മുൻനിർത്തിയാണ് അറിയിപ്പ്.

തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തരൂർ ഉൾപ്പെടെ അഞ്ച് എംപിമാര്‍ കത്തയക്കുകയും ചെയ്തിരുന്നു.

എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. മറിച്ച് പിസിസികളെയോ എഐസിസി തെരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫീസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം എന്ന് വിശദമാക്കി.

ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്.

സുതാര്യത ഉറപ്പ് നൽകി

ആഗ്രഹിക്കുന്ന ആര്‍ക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാം. പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ പിസിസി ഓഫീസുകളില്‍ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡ് ഉള്ളവര്‍ക്കാണ് മത്സരിക്കാനും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാനും കഴിയുക.

മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിനും സൗകര്യമൊരുക്കും.

സെപ്തംബർ 24 വരെ നാമനിർദ്ദേശ പത്രിക നൽകാം

സെപ്റ്റംബര്‍ 20 മുതല്‍ എ.ഐ.സി.സി. ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ വോട്ടര്‍ പട്ടിക ലഭ്യമാകും. സെപ്റ്റംബര്‍ 24-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

വോട്ടര്‍ പട്ടിക സംബന്ധിച്ച് പാര്‍ട്ടി നേതാക്കൾ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. ഇത് പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയായതാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നിൽ. പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ഓണം ആഘോഷിക്കാനെത്തിയ അമ്മയും മകളും പാടശേഖരത്തിൽ മുങ്ങി മരിച്ചു

0

മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യ എന്നിവരാണ് ഒതളൂരില്‍ പാടശേഖരത്തില്‍ മുങ്ങിമരിച്ചത്.

ഒതളൂരിലെ തറവാട് വീട്ടില്‍ ഓണാവധിക്ക് എത്തിയതായിരുന്നു കുടുംബം. അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ കുടുംബത്തോടൊപ്പം പോയതാണ് ഇവര്‍. പാടശേഖരത്തില്‍ കുളിക്കാൻ ഇറങ്ങിയതിനിടെ മകള്‍ വെള്ളത്തില്‍ വീണു. രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മ. 

ഷൈനിയും എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യയും ഒതളൂര്‍ പള്ളിക്കര ബണ്ട് റോഡ് വെമ്പുഴ കോൾ പാടശേഖരത്തിലാണ് മുങ്ങിമരിച്ചത്.

കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നിലവിളിച്ച് സമീപത്തുള്ള ആളുകളെ കൂട്ടിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അച്ചൻകോവിലാറിലും രണ്ട് മരണം

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.