മത്സ്യ തൊഴിലാളിക്ക് വെടിയേറ്റ ദിവസം ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി കണ്ടെത്തി

0

ഫോര്‍ട്ട്‌കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പൊലീസ്. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയ്ക്കുള്ളില്‍ തോക്കുകള്‍ ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഈ തോക്കുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് പറഞ്ഞു.

സംഭവദിവസം ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഒരേസമയം, അഞ്ച് തോക്കുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐ.എന്‍.എസ്. ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്. കടലിലും പോലീസ് സംഘം പരിശോധന നടത്തി.

കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ‘അല്‍ റഹ്‌മാന്‍’ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യന് ബുധനാഴ്ച രാവിലെയാണ് കടലില്‍വെച്ച് വെടിയേറ്റത്. ചെവിക്ക് താഴെയാണ് വെടിയുണ്ട ഏറ്റത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം, 280 പേരിൽ യുവാക്കൾക്ക് പ്രത്യേക പരിഗണന

0

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയിരിക്കുന്നത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

കെപിസിസി നേരത്തെ തയ്യാറാക്കിനൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാൻഡിൻ്റെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാൻഡിന് അയച്ചു. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

കടലിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ചതാര് ? നിഷേധിച്ച് നേവി, സംശയിച്ച് പൊലീസ്

എറണാകുളം ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധർ ഇന്ന് പരിശോധന നടത്തും. വിദഗ്ധ പരിശോധ ആവശ്യപെട്ട് കോസ്റ്റല്‍ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. ഏത് ഇനം തോക്കില്‍ നിന്ന് വെടിവെപ്പുണ്ടായത്, വെടിയുണ്ട ഏത് വിഭാഗത്തിൽപെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങളാണ്  ബാലിസ്റ്റിക് വിദഗ്ധർ പരിശോധിക്കുക.

നേവി ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ നേവി ഉപയോഗിക്കുന്ന തോക്കുകളും അന്വേഷണ സംഘം പരിശോധിക്കും. വെടിവെപ്പ് നേവി ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അത് കാര്യമായി മുഖവിലയ്ക്കെടുത്തിട്ടില്ല. നേവി ഉദ്യോഗസ്ഥര്‍ തന്നെ വെടിവച്ചതാണെന്ന സാധ്യതയാണ് പൊലീസ് പ്രധാനമായും കാണുന്നത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്.

പൊലീസ് നാവിക സേനയെ തന്നെ സംശയനിഴലിൽ നിർത്തുമ്പോൾ പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നേവി അധികൃതർ അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നാണ് കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വ്യക്തയ്ക്കുവേണ്ടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്.

ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുളളറ്റെങ്കിൽ മറ്റ് സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം.

മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31 പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.

അംഗീകൃത സ്ഥാപനങ്ങൾ വഴിയുള്ള വിദൂര,ഓൺലൈൻ കോഴ്സുകൾക്ക് യു ജി സി അംഗീകാരം

0

വിദൂര വിദ്യാഭ്യാസത്തിനും ,ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യുജിസി അംഗീകാരം. അംഗീകൃത സ്ഥാപനങ്ങള്‍ മുഖേനയുള്ള വിദൂര, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി യുജിസി പരിഗണിക്കും. ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് പുതിയ മാറ്റം.
2014ലെ ഡിഗ്രികളുടെ സ്‌പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായ ഓപ്പണ്‍, ഡിസ്റ്റന്റ് പഠനത്തെയാണ് സാധാരണ കോഴ്‌സുകള്‍ക്ക് തുല്യമായി പരിഗണിക്കുന്നത്. ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് യുജിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുജിസി സെക്രട്ടറി രജനീഷ് ജെയിന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കും

0

 ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കും. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും. സെപ്റ്റംബര്‍ 11-ന് രാവിലെ ഏഴിന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം വിന്‍സന്റ് എംഎല്‍എ, തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.

കേരളത്തിൽ ഏഴ് ജില്ലകളിൽ

കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.

ഇതിനിടെയുള്ള സമയത്തില്‍ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ വഴി ക്രമം

ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22-ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26-നും 27-ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം പൂര്‍ത്തിയാക്കും. 28,29-നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും.

150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

41,000 രൂപയുടെ ടീ ഷർട്ട്, രാഹുലിൻ്റെ വേഷം ചൂണ്ടി ബി ജെ പി

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില 41,000 രൂപയെന്ന് ബിജെപി. ‘ഭാരതമേ കാൺക’ എന്ന തലകെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്.

ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ചൂണ്ടി കാട്ടിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി ഈ ബ്രാൻ്റ് ടീ ഷർട്ടുമായി ഫോട്ടോകളിൽ.

മോഡിയുടെ പത്തു ലക്ഷത്തിൻ്റെ കോട്ട് ചർച്ച ചെയ്യൂ എന്ന് കോൺഗ്രസും

ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തുവന്നു. എന്താണ് ബിജെപിക്ക് ഇത്ര ഭയമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. രാഹുലിന്റെ യാത്രയിലെ ജനപങ്കാളിത്തം കണ്ടാണോ ഭയമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാതെ അനാവശ്യ വിവാദങ്ങള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. വസ്ത്രത്തിന്റെ വിലയാണ് ബിജെപിക്ക് ചര്‍ച്ചചെയ്യേണ്ടതെങ്കില്‍ മോഡിയുടെ പത്ത് ലക്ഷത്തിന്റെ കോട്ടും ഒന്നരലക്ഷത്തിന്റെ കണ്ണടയും ചര്‍ച്ചചെയ്യാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

“ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു” അമിത് ഷായ്ക്ക് എതിരെ ടീ ഷർട്ട് പ്രചാരണവുമായി തൃണമൂൽ

ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രത്യേക ടി-ഷര്‍ട്ട് രൂപകല്‍പന ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയിട്ടുള്ള ടി-ഷര്‍ട്ടില്‍ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയാണ് വെല്ലുവിളി. വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളിലാണ് ഇത്തരത്തില്‍ ടി-ഷര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

നേരത്തെ ബിജെപി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണം ഇപ്പോള്‍ അമിത് ഷായെ പരിഹസിക്കാന്‍ തൃണമൂല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പപ്പു ടി-ഷര്‍ട്ടിന് വന്‍ പ്രചാരം നടത്താനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍.

ഈ മാസം രണ്ടിന് കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏഴുമണിക്കൂറോളം അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിഷേക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് ‘ഇന്ത്യയിലെ ഏറ്റവു വലിയ പപ്പു’ എന്ന് അമിത് ഷായെ വിശേഷിപ്പിച്ചത്.

തൊട്ടടുത്ത ദിവസം, അഭിഷേക് ബാനര്‍ജിയുടെ ബന്ധുക്കളായ ആകാശ് ബാനര്‍ജിയും അദിതി ഗയേനും അമിത് ഷായുടെ കാര്‍ട്ടൂണും ‘പപ്പു’ മുദ്രാവാക്യവും ഉള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

‘പരിഹാസം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ്. ഞങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ‘അമിത് ഷാ ഏറ്റവും വലിയ പപ്പു’ എന്ന വാക്യത്തിന് തുടക്കമിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറി. പിന്നീട് അത് ടീ-ഷര്‍ട്ടുകളിലും വന്നു’, തൃണമൂല്‍ രാജ്യസഭാ എം.പി ഡെറിക് ഒബ്രിയാന്‍ പിടിഐയോട് പറഞ്ഞു.

ഏതാണ്ട് 300 രൂപയ്ക്കാണ് വില്പന. തുടക്കത്തില്‍ ഈ ടി ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോള്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുമെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

നിലവില്‍ മൂന്നോ നാലോ ഡിസൈനുകള്‍ ലഭ്യമാണ്. ദുര്‍ഗ്ഗാ പൂജ ഉത്സവത്തിന് മുന്നോടിയായി കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തും. വെള്ള നിറത്തിലുള്ള അത്തരമൊരു ടി-ഷര്‍ട്ട് ധരിക്കുന്ന ഫോട്ടോയും വീഡിയോയും എംപി തന്നെ ട്വീറ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയിലും അദ്ദേഹം ഇത്തരത്തിലുള്ള ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

വ്യക്തിപരമായ ആക്രമണം

വ്യക്തിപരമായ ആക്രമണം തൃണമൂലിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.

കാരണമുള്ളതുകൊണ്ടാണ് താന്‍ അമിത് ഷായെ പപ്പു എന്ന് വിശേഷിപ്പിച്ചതെന്ന് അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ പരിപാടിയില്‍ പറയുകയുണ്ടായി. ‘ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കൂ. കൊല്‍ക്കത്തയിലാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കെന്ന് നിങ്ങളുടെ സ്വന്തം ഏജന്‍സികള്‍ തന്നെ പറയുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി.

അമിത് ഷായുടെ മകൻ ദേശീയ പതാക വീശാത്തതും വാർത്തയാക്കി

നിങ്ങള്‍ എല്ലാവരെയും ദേശീയത പഠിപ്പിക്കാന്‍ നടക്കുകയാണ്. എന്നാല്‍ നിങ്ങളുടെ മകന് ദേശീയ പതാക പിടിക്കുന്നതില്‍ പ്രശ്‌നമുണ്ട്. ആദ്യം അവനെ പഠിപ്പിക്കൂ’, അമിത് ഷായുടെ മകന്‍ ജയ് ഷാ ദുബായില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ പതാക വീശാതെ ചുരുട്ടിയതും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരു നടപടിയും എടുക്കുന്നില്ല. എന്നാല്‍ മറുഭാഗത്ത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രത്യേക ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.

അരിവിലയിൽ ആശങ്ക, നുറുക്കരി കയറ്റുമതി നിർത്തി; ആവശ്യക്കാരിൽ ചൈനയും

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം സംബന്ധിച്ച ആശങ്കയാണ് കാരണം. ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ഇടയിലേക്ക് അരിവിലക്കയറ്റം കൂടി കയറി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ആഭ്യന്തര വിതരണം വർധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊടിയരിയുടെ കയറ്റു മതി ഇന്ന് മുതൽ നിരോധിച്ചു.

കയറ്റുമതി ചൈനയിലേക്ക്

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചിരിക്കയാണ്. കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനവും മറ്റ് വിതരണ ശൃംഖലകൾ കുറഞ്ഞതിനാലുമാണ് രണ്ട് വർഷം മുൻപ് ചൈന ഇന്ത്യയെ സമീപിച്ചത്. ഇതോടെ കയറ്റുമതി സജീവമായി.

ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലാൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികാണെന്നും അരി വ്യാപാരികൾ പറയുന്നു.

നിയന്ത്രണങ്ങൾ

നേരത്തെയുള്ള കരാറുകൾ അനുസരിച്ചുള്ള കയറ്റുമതിക്ക് സെപ്റ്റംബർ 15 വരെ ഇളവ് നൽകി. ബസുമതി ഒഴികെയുള്ള അരി ഇനികൾക്ക് ഇന്നുമുതൽ 20 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായ ഇന്ത്യ, 150-ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്.

ഇത്തവണ, മോശം കാലാവസ്ഥയും മൺസൂണിൻറെ കുറവും നെൽകൃഷിയെ സാരമായി ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് ഇന്ത്യ അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. വെള്ളപ്പൊക്കവും, ഉഷ്ണതരംഗവും മറ്റൊരു പ്രധാന അരി ഉത്പാദക രാജ്യമായ പാകിസ്ഥാനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതു അന്താരാഷ്ട്ര വിപണിയിലും വൻ വിലവർദ്ധനവിന് കാരണമാകും എന്നാണ് കണക്കാക്കുന്നത്.

നടപ്പ് ഖാരിഫ് സീസണിലെ നെല്ലുൽപാദന കണക്ക്- ആഗസ്റ്റ് 26 വരെ

ജാർഖണ്ഡ്- (10.51 ലക്ഷം ഹെക്ടർ)
പശ്ചിമ ബംഗാൾ (4.62 ലക്ഷം ഹെക്ടർ)
ഛത്തീസ്ഗഡ് (3.45 ലക്ഷം ഹെക്ടർ)
ഉത്തർപ്രദേശ് (2.63 ലക്ഷം ഹെക്ടർ)
ബിഹാർ (2.63 ലക്ഷം ഹെക്ടർ)
ഒഡീഷ (2.24 ലക്ഷം ഹെക്ടർ)

മുകളിൽപ്പറഞ്ഞ സ്ഥലങ്ങളിലാണ് നിലവിൽ ഏറ്റവും കുറവ് നെല്ലുൽപാദനമുള്ളത്. അതേ സമയം 2020-21 സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് 124.37 ദശലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ വിളവർഷത്തിൽ അരി ഉൽപ്പാദനം 130.29 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ കൂടുതൽ ഉൽപ്പാദനത്തിന്റെയും ഉയർന്ന സംഭരണത്തിന്റെയും പിൻബലത്തിൽ ജൂലായ് 1 ലെ കണക്കനുസരിച്ച് 47 ദശലക്ഷം ടൺ അരിയാണ് കേന്ദ്രത്തിന്റെ ലിസ്റ്റിലെ സ്റ്റോക്കിലുള്ളത്. ജൂലായ് ഒന്നിലെ കണക്കനുസരിച്ച് ഇതിൽ 13.5 ദശലക്ഷം ടൺ അരി ബഫർ സ്റ്റോക്ക് ആവശ്യമാണ്.

മേയർ ആര്യാ രാജേന്ദ്രൻ്റെ നടപടിയെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

0

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു.

മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ രംഗത്ത് എത്തിയിരുന്നു.

ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. ഐഎൻടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.

മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. വിവാദം ശക്തമായതടെ സിപിഐഎം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സിപിഐഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.

മാധ്യമ പ്രവർത്തകൻ ഇരയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് കുറ്റമോ ? നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിന് തുടര്‍ച്ചയായാണ് ബലാത്സംഗ കേസുകളിലെ നിയമത്തിന് മാറ്റം വന്നത്- ഓര്‍മ്മിപ്പിച്ച് സുപ്രീം കോടതി

0

ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് നിയമത്തിൻ്റെ കണ്ണുകളില്‍ കുറ്റകരമാണോയെന്ന് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളപ്പോള്‍ ഇതെങ്ങിനെ കുറ്റമാവുന്നു എന്ന ചോദ്യമാണ് നീതിപീഠം ഉയർത്തിയത്.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകന് മുന്നിൽ സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് ആണ് ഈ ചോദ്യം ഉന്നയിച്ചത്.

2012-ല്‍ നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിന് സമീപത്തുണ്ടായ പ്രതിഷേധ സമരങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് ബലാത്സംഗ കേസുകളിലെ നിയമത്തില്‍ മാറ്റംവന്നതെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍ നിന്ന് കണ്ടെത്തിയ പ്രകോപനപരമായ സാധനങ്ങള്‍ എന്തൊക്കെയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രകോപനപരമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ലഘുരേഖകള്‍ വെറും അഭിപ്രായ പ്രകടങ്ങള്‍ മാത്രം അടങ്ങിയതാണെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത്മലാനി മറുപടി നല്‍കി. കണ്ടെത്തിയത് ഒരു ഐ.ഡി കാര്‍ഡും ചില ലഘുലേഖകളും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് ഉപയോഗിച്ച് കലാപം നടത്താന്‍ കാപ്പന്‍ ശ്രമിച്ചോ എന്നും ചീഫ് ജസ്റ്റിസ് ആശ്ചര്യം പ്രകടിപ്പിച്ചു. കാപ്പനില്‍നിന്ന് കണ്ടെത്തിയത് ടൂള്‍കിറ്റ് ആണെന്നായിരുന്നു യു.പി സർക്കാർ വാദം. എന്നാല്‍ ആ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

തുഷാർ മേത്ത ഹാജരായില്ല, പകരം ബി ജെ പി നേതാവ്

സിദ്ദിഖ് കാപ്പന്‍ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഇതുവരെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. ഇന്ന് മറ്റൊരു കേസില്‍ വാദം ഉന്നയിക്കാനായി തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ദിഖ് കാപ്പന്‍ കേസില്‍ ഹാജരായില്ല. മുതിർന്ന അഭിഭാഷകനും ബിജെ പി നേതാവുമായ മഹേഷ് ജെറ്റ് മലാനിയാണ് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായത്.

കണ്ണുനീരുമായി കാൽ തൊട്ട് വന്ദിച്ച് കാപ്പൻ്റെ ഭാര്യ

ചീഫ് ജസ്റ്റിസ് കോടതിയില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് കോടതി മുറിയില്‍ എത്തിയിരുന്നു.

വാദം പൂര്‍ത്തിയാക്കി അനുകൂല ഉത്തരവുമായി ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്തുവന്ന കപില്‍ സിബലിന്റെ കാല്‍ക്കല്‍ തൊട്ട് റൈഹാനത്ത് വന്ദിച്ചു. തൊട്ട് പിന്നാലെ കരഞ്ഞുകൊണ്ട് തന്റെ സന്തോഷം പങ്കുവെച്ചു.

മറ്റൊരു കോടതിയില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ജയില്‍ മോചനത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ജൂനിയര്‍ അഭിഭാഷകര്‍ സിബലിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അങ്ങോട്ട് പോയി.

കാപ്പന്റെ മക്കള്‍ അവിടെ അമ്മയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മക്കള്‍ക്ക് കോടതിക്കുള്ളില്‍ കയറാന്‍ അനുമതി ലഭിച്ചിരുന്നില്ല.