ഇന്ത്യ ചൈന സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു

0

ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന 16-ാം കോപ്സ് കമാൻഡർ തല യോഗത്തിലാണ് സേനാ പിന്മാറ്റത്തിന് ധാരണയായത്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സൈനിക പിന്മാറ്റം. ഉഭയകക്ഷിബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ, ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷങ്ങൾക്കിടയിൽ പല തവണ ചർച്ച നടത്തിയിരുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും, 200 അധികം റിട്ടുകൾ

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്ന് നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്‌.

ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും. ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം ആണ് നിയമം എന്നും ഹർജിക്കാർ ആരോപിക്കുന്നു. മുസ്ലിം ലീഗിന്റേതിന് പുറമെ, രമേശ് ചെന്നിത്തല, ജയറാം രമേശ്, മെഹുവ മൊയ്ത്ര, ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക്ക് യുവ ജനതാദൾ നൽകിയത് ഉൾപ്പടെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാൻ ദേശിയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട് .

പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2020 ജനുവരിയിൽ ആണ് സംസ്ഥാന സർക്കാർ സ്യൂട്ട് ഫയൽ ചെയ്തിരുന്നത്. ഈ സ്യൂട്ടിനെ സംബന്ധിച്ച വാദം എഴുതി നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. മറ്റ്‌ ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കൽ നടത്തുകയാണെങ്കിൽ തങ്ങളുടെ സ്യൂട്ടിലും വാദം കേൾക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടേക്കും.

അവയവക്കടത്ത് സംഘമല്ല, കുട്ടിയെ തട്ടിക്കൊണ്ടു പോയത് വായ്പ തിരികെ വാങ്ങിക്കാൻ ക്വട്ടേഷൻ ഏറ്റവർ

0

കൊട്ടിയത്തെ വീട്ടിൽ അതിക്രമിച്ചുകയറി 14-കാരനെ പിടിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം. സംഭവത്തിൽ കുട്ടിയുടെ വീടുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവുമായുള്ള പണമിടപാടിൽ വിലപേശാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മൂന്നുവർഷംമുമ്പ് ഫിസിയോതെറാപ്പിസ്റ്റിന്റെ മാതാവിൽനിന്ന്‌ ആഷിക്കിന്റെ മാതാവ് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ഇതാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞദിവസം പോലീസ് പിടിയിലായ മാർത്താണ്ഡം കാട്ടാത്തുറ തെറ്റയിൽ പുലയൻവിളയിൽ ബിജു (30) ക്വട്ടേഷൻ സംഘാംഗമാണ്. തമിഴ്‌നാട്ടിൽ ഫിസിയോതെറാപ്പിസ്റ്റായ ഒരാളാണ് പദ്ധതിയെല്ലാം ആസൂത്രണംചെയ്തതെന്നും ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ബന്ധുവിൽനിന്നു പണം കടംവാങ്ങി അയൽക്കാരിക്ക് നൽകിയിരുന്നതായും ഇത് തിരികെ നൽകാത്തതിന് താൻ കേസ് നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. 2019 ജൂലായിലാണ്‌ പത്തുലക്ഷം രൂപ ബന്ധുവിൽനിന്നു വാങ്ങി അയൽക്കാരിക്ക് നൽകിയത്‌. രണ്ടുമാസത്തെ അവധിയിലാണ് വാങ്ങിനൽകിയത്. എന്നാൽ അയൽവാസി പണം തിരിച്ചുനൽകിയില്ല. ഇതിന്റെ പേരിലാണോ കുഞ്ഞിനെ കൊണ്ടുപോയതെന്ന് തനിക്കറിയില്ലെന്നും മാതാവ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് ആഷിക്കിനെ കൊട്ടിയത്തെ വീട്ടിൽനിന്ന് ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുശേഷം പാറശ്ശാല കോഴിവിള ചെക്പോസ്റ്റിൽവെച്ച്‌ ആഷിക്കിനെ പോലീസ് രക്ഷപ്പെടുത്തി. കാറിൽവെച്ച് തനിക്ക്‌ മയക്കുഗുളികനൽകി ബോധരഹിതനാക്കിയെന്നും ബോധം തെളിഞ്ഞപ്പോൾ കാറിൽനിന്നിറക്കി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്നുമാണ് കുട്ടി പറഞ്ഞത്.

കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ആദ്യംമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളെ ബുധനാഴ്ച പോലീസ് ചോദ്യംചെയ്തിരുന്നു. തമിഴ്നാട്ടിൽ ഫിസിയോതെറാപ്പി കോഴ്സിനു പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന യുവാവ് മുഖേനയാണ് ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നു.

അമിത്ഷായുടെ സുരക്ഷാ സംഘത്തിലെ അപരിചിതൻ, വീഴ്ചയും വിവാദവും പുകയുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷാ സംഘത്തിൽ അപരിചിതൻ കയറിക്കൂടിയത് വിവാദം. പരിപാടിയിൽ ഉടനീളം അനുഗമിച്ച ഹേമന്ത് പവാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ അമിത് ഷായ്ക്കൊപ്പം നടന്നു. അതീവസുരക്ഷാ മേഖലയിൽ ഉൾപ്പെടെ കടന്നു കയറി.

അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്. ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തത്. അമിത് ഷായുടെ സന്ദർശനം ബുധനാഴ്ച അവസാനിച്ചു. എന്നാൽ സുരക്ഷാ വീഴ്ച അടുത്ത ദിവസമാണ് അറിയുന്നത്.

ഇയാൾ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും വീടിന് പുറത്തും ഇയാൾ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇദ്ദേഹം പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

റെയിൽവേ ഭൂമിയും വില്പനയ്ക്ക്

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയില്‍വേഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കാനുള്ള നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതോടൊപ്പം 1.2 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും എന്നാണ് വിശദീകരണം. അഞ്ചുവര്‍ഷത്തില്‍ 300 പി.എം. ഗതിശക്തി കാർഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കും.

റെയില്‍വേയുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നയം പാടെ പരിഷ്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചരക്കു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് റെയില്‍വേഭൂമി 35 വര്‍ഷംവരെയാണ് പാട്ടത്തിന് നല്‍കുക. വിപണിവിലയുടെ ഒന്നരശതമാനമാണ് പ്രതിവര്‍ഷം നല്‍കേണ്ട പാട്ടത്തുക. നിലവില്‍ റെയില്‍വേഭൂമി ഉപയോഗിക്കുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുത്ത് പുതിയ നയത്തിലേക്ക് മാറാം. വൈദ്യുതി, ഗ്യാസ്, ശുദ്ധജല വിതരണം, മലിനജല സംസ്കരണം, നഗരഗതാഗതം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റെയില്‍വേഭൂമി ഉപയോഗിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥകള്‍ പുതിയ നയത്തില്‍ ഉദാരമാക്കിയിട്ടുണ്ട്.

റെയില്‍പ്പാളം മുറിച്ചുകടന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും മറ്റും സ്ഥാപിക്കാന്‍ 1000 രൂപ അധികം ഈടാക്കും. റെയില്‍വേ ഭൂമിയില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞ ചെലവേ വേണ്ടിവരൂ. ആശുപത്രികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേഭൂമിയില്‍ സ്ഥാപിക്കാന്‍ ഒരു ചതുരശ്ര മീറ്ററിന് പ്രതിവര്‍ഷം ഒരുരൂപ നിരക്കിലാണ് ഫീസ് നല്‍കേണ്ടത്.

മമ്മൂട്ടിക്ക് 71, ആരാധകർക്ക് ഓണം

0

 പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്‍റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്‍റെ 71-ാം പിറന്നാള്‍ ആണ് സെപ്റ്റംബര്‍ ഏഴ്. നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലെ ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വൈറലായി ആരാധകൻ

എല്ലാ പ്രായത്തിലും ആരാധകരുള്ള താരമാണ് മമ്മൂട്ടി. കൗമാരക്കാരനായ ഒരു ആരാധകന്‍ മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് സൈക്കിളില്‍ പായുന്നതിന്‍റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെനിന്നേ കണ്ട കുട്ടി മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് ക്യാമറ. കാര്‍ അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകന്‍. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേള്‍ക്കുകയും കുട്ടിയെ കൈ വാശി കാണിക്കുന്നുമുണ്ട്. ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. ‘അകത്തും പുറത്തും സ്നേഹത്തോടെ…’ എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പുതിയ പ്രോജക്ടുകൾ നിറയെ

നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യത്തെ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 12-ന്‌ രാവിലെ പത്തുമുതൽ 13-ന്‌ വൈകീട്ട് അഞ്ചുവരെ അഡ്മിഷൻ എടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സപ്ലിമെന്ററി അലോട്മെന്റിനുശേഷം ലഭ്യമാവുന്ന സ്കൂൾതല വേക്കൻസികൾ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി 15-ന്‌ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലകസംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ഇതിനു ശേഷം അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്മെന്റുകൂടി നടത്തും.

 ഒന്നാം സപ്ലിമെന്ററി അലോട്മെന്റിന് 54,303 ഒഴിവുകളുണ്ടായിരുന്നു. ഇതിലേക്ക് 73,350 അപേക്ഷകൾ ലഭിച്ചു. അവയിൽ 72,808 അപേക്ഷകൾ പരിഗണിച്ചു.

ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 542 അപേക്ഷകൾ പരിഗണിച്ചിട്ടില്ല

പതിനാലുകാരനെ തട്ടിക്കൊണ്ട് പോയത് അവയവ മാഫിയയോ ? സംഘത്തിൽ ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും എന്ന് മൊഴി

തിരുവനന്തപുരം കൊട്ടിയത്ത് വീട്ടില്‍നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയത് മനുഷ്യരുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്ന സംഘത്തിൻ്റെ ഏജൻ്റുമാരാണോ എന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ആകെ ഒന്‍പതു പേരുള്ളതായി പോലീസ് കണ്ടൈത്തി. ഒരാളൊഴികെ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മലയാളം സംസാരിക്കുന്ന ഒരാള്‍ മാത്രമാണ് എന്നാണ് പോലീസിനു ലഭിച്ച സൂചന.

കുട്ടിയുടെ അച്ഛനും അമ്മയും വൈകീട്ട് പുറത്തേക്കുപോയ സമയത്താണ് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി ബലംപ്രയോഗിച്ച് കുട്ടിയെ പിടികൂടി കാറില്‍ക്കയറ്റി കടന്നുകളഞ്ഞത്.

തടയാന്‍ ശ്രമിച്ച സഹോദരിയെയും ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസികളായ വയോധികരെയും അടിച്ചുവീഴ്ത്തിയശേഷമാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് രാവിലെ പരിസരവാസികള്‍ കണ്ട കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞത്.

തട്ടിക്കൊണ്ടു പോയത് ആസൂത്രിത നീരീക്ഷണങ്ങൾക്ക് ശേഷം

ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഇവര്‍ തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവർ മൂന്നു ദിവസം മുമ്പ് തന്നെ കൊട്ടിയത്തത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പതിനാലുകാരനായ ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ ഈ റോഡില്‍ കറങ്ങിനടന്നിരുന്നു.

പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് സംഘത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിൻ്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിനു കിട്ടി.

കോഴിവിള ചെക്പോസ്റ്റില്‍ വച്ച് പിടിയിലായ ബിജു, താന്‍ ആയിരം രൂപ കൂലിക്കായിട്ടാണ് എത്തിയതെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയില്ലായെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുളളത്. എന്നാല്‍, പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുക്കുന്നില്ല.

പൊലീസ് ജാഗ്രത സംഘത്തെ കുരുക്കി

തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി. ടി.വി.യിലൂടെ തിരിച്ചറിഞ്ഞ് തമിഴ്നാട് കാറിനായി പരിശോധന പോലീസ് ശക്തമാക്കി. വാഹനപരിശോധന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ റോഡുകള്‍ വഴിയാണ് സംഘം സഞ്ചരിച്ചത്. സംസ്ഥാന അതിര്‍ത്തിയിലെ ചെറിയ ചെക്പോസ്റ്റായ കോഴിവിള വഴി തമിഴ്നാട്ടിലേക്കു കടക്കാനാണ് ഇവര്‍ ശ്രമിച്ചത്. രാത്രി പത്തരയോടെ തമിഴ്നാട് രജിസ്ട്രേഷന്‍ കാര്‍ ശ്രദ്ധയില്‍പ്പെട്ട പൂവാര്‍ സി.ഐ. പ്രവീണ്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നുകളഞ്ഞു. പിന്നീട് പട്ട്യക്കാലയ്ക്കു സമീപത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്ത് പ്രത്യേക പരിശോധന ആരംഭിച്ചു.

സംഘത്തിൽ ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും എന്ന് മൊഴി, സമഗ്രാന്വേഷണത്തിന് ആവശ്യം

കേസില്‍ മാര്‍ത്താണ്ഡം സ്വദേശി ബിജു അറസ്റ്റിലായെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ്. തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവയവ മാഫിയയാണോ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പിടിയിലായ ബിജു ഒരു ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. സംഘത്തിലുണ്ടായിരുന്ന കൂടുതല്‍പ്പേരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പിതാവ് ആസാദും മാതാവ് ഷീജയും പറയുന്നു. ‘ആരുമായും ശത്രുതയോ സാമ്പത്തിക ഇടപാടുകളോ ഇല്ല. ഞാന്‍ ഒരു പിക്കപ്പ് വാന്‍ ഡ്രൈവറാണ്. ഇതില്‍നിന്നുകിട്ടുന്ന വരുമാനമാണ് കുടുംബം പുലര്‍ത്തുന്നതിനാശ്രയം. മകനും മറ്റ് ദുശ്ശീലങ്ങളൊന്നുമില്ല. അവനും ശത്രുക്കളാരുമില്ല’-രക്ഷിതാക്കൾ പറയുന്നു.

കോവിഡ് വാക്സിൽ മൂക്കിലൂടെയും, നേസൽ വാക്സിന് അനുമതി

0

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്‌സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നത്.മൂക്കിലൂടെ നല്‍കുന്ന നേസല്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശാസ്ത്ര,ഗവേഷണ രംഗത്ത് ഉണ്ടായ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മറിപ്പുഴയിൽ ഉരുൾപൊട്ടി

0

കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി. ഇരുവഞ്ഞിപ്പുഴയുടെ മുകൾ ഭാഗത്തായാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾവനത്തിൽ ആയതിനാൽ ആളപായമില്ല. പുഴ നിറഞ്ഞൊഴുകുകയാണ്. കരയിലുള്ളവർ ജാഗ്രത പാലിക്കണം.

കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ/ മുത്തപ്പൻപുഴയിലാണ് ഉരുൾപൊട്ടലുണ്ടായത്.

വൈകീട്ട് 6 മണിക്ക് ശേഷമാണ് ഉരുൾപ്പൊട്ടി പ്രവാഹം ഉണ്ടായത്. ഈ സമയത്ത് ശക്തമായ മഴ മേഖലയിൽ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുൾ കലങ്ങി കുതിച്ച് ഒഴുകി എത്തിയത്.

ഇരുവഞ്ഞിപ്പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.