രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിയാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക.
കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന് പേര് നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷം കിംഗ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി.
രാജ്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്. നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്റെ പേര് മാറ്റിയത്.
പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത് എന്നാണ് വിശദീകരണം. സെപ്റ്റംബര്‍ എട്ട് മുതല്‍ കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നിലവില്‍ വരും.
റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പശുവും ചത്തു. അഭിരാമിയെ കടിച്ച അതേ നായ തന്നെയാണ് പശുവിനെയും ആക്രമിച്ചത്. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനിയായ കുട്ടി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കേരളത്തിൽ പേ വിഷബാധയേറ്റുള്ള മരണങ്ങൾ തുടരുകയാണ്. എന്നാൽ ഓരോ സംഭവം ഉണ്ടാവുമ്പോഴും താത്കാലിക മുഖം രക്ഷിക്കൽ നടപടികളിൽ ഒുതുങ്ങുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള സംവിധാനം ശാസ്ത്രീയമായി നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യത്തിൽ നായ്ക്കളെ കുത്തിവെച്ച് കൊല്ലുന്നതായിരുന്നു പതിവ്. ഇപ്പോൾ വന്ധീകരിക്കുക എന്ന നിർദ്ദേശമാണ്. എന്നാൽ നായ്ക്കളെ പേ വിഷബാധാ ആരോപണം ഉണ്ടാവുമ്പോൾ മാത്രം വന്ധീകരിക്കുക എന്നത് പ്രായോഗികമാവുന്നില്ല.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെരിനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ തന്നെ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ശരീരത്തിൽ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടർന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ലിംഗായത്ത് മഠത്തിലെ സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെലാഗവി ജില്ലയിലെ തൻ്റെ വസതിയിൽ തിങ്കളാഴ്ചയാണ് ബസവ സിദ്ധലിംഗ സ്വാമി എന്ന സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ഗുരു മഡിവാളേശ്വർ മഠത്തിലെ സന്യാസിയായിരുന്നു ഇദ്ദേഹം.
ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം എന്നത് ശ്രദ്ധേയമാണ്. മുരുഗ ശരണരുവിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 26ന് മൈസൂരിവിൽ പ്രവർത്തിക്കുന്ന ഒരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ലിംഗായത്ത് മഠാധിപതിക്കെതിരെ ആദ്യം പോക്‌സോ കേസിൽ പരാതിപ്പെടുന്നത്. ജൂലൈമാസം മഠത്തിലെ ഹോസ്റ്റലിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പൊലീസ് മഠാധിപതിക്ക് എതിരെ കേസ് റജിസ്ത്ര് ചെയ്യാൻ വൈകിയത് വാർത്തയായിരുന്നു.
പെൺകുട്ടികളുടെ മൊഴിയിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ പ്രതികളെ പിന്നീട് സമ്മർദ്ദം ശക്തമായതോടെ പ്രതി ചേർത്തിരുന്നു.
ഇന്ന് രാവിലെയാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് സൂചനയുണ്ട്. എന്നാൽ, ഈ കുറിപ്പിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പുറത്ത് വിട്ടില്ല. കർണാടകയിലെ മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളെപ്പറ്റി രണ്ട് സ്ത്രീകൾ സംസാരിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ്പ് കേട്ടതുമുതൽ സന്യാസി അസ്വസ്ഥനായിരുന്നു എന്ന് പൊലീസ് പറയുന്നു. ബസവ സിദ്ധലിംഗ സ്വാമിയെപ്പറ്റിയും ഇവർ ഓഡിയോ ക്ലിപ്പിൽ സംസാരിച്ചിരുന്നു.
ദ
മഠത്തിൻ്റെ മറവിലെ ചൂഷണങ്ങൾ കക്ഷി രാഷ്ട്രീയത്തിൻ്റെ മുഖം മൂടിയിൽ മറച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സന്യാസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി വന്ന് ആറ് ദിവസത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15-ഉം 16-ഉം വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
സ്കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ ജി ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ മടിച്ചെന്നായിരുന്നു ആരോപണം.
ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനായിരുന്നു ലിസ് ട്രസ് റിഷി സുനാകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്.
സുനാകിന് 60,399 വോട്ടാണ് ലഭിച്ചത്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു.
ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതായിരുന്നു. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടിയിരുന്നു.
മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഇതു പ്രകാരം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.
സയ്യദ് വാസിം റിസ്വി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല എന്ന കാര്യമാണ് ഹരജിയിൽ ചൂണ്ടി കാണിക്കുന്നത്. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം ഇത് തെറ്റാണ്. മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിൻ്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട് എന്നും ഹരജിയിൽ ചൂണ്ടി കാട്ടി.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലെ ബാധകമായിട്ടുള്ളത് എന്ന് കോടതി പ്രഥമിക നിരീക്ഷണം പങ്കുവെച്ചു. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടിക്കും നിബന്ധന ബന്ധകമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
കേരളത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് ലോക്‌സഭയിലും, രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണംതന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.
ഫൈവ് ജി നെറ്റ് വർക്ക് സേവനങ്ങൾ ഒരുങ്ങവെ എന്തൊക്കെയാവും മാറ്റങ്ങൾ വരാനിരിക്കുന്നത്. എല്ലാം സിം കാർഡിൽ ഒതുങ്ങുമ്പോൾ ഫോണിനകത്തെ കണക്ടിവിറ്റി സൌകര്യങ്ങൾ അപ്രവചനീയം ആയിരിക്കും.
സനിമ, മൂവി പ്ലാറ്റ് ഫോമുകളും ഗെയിമിങ്ങും മറ്റു ഡാറ്റാ സേവനങ്ങളും എല്ലാം പൂർണ്ണമായും വയർലെസ് ആയിതീരുന്ന സാഹചര്യമാവുമോ. എങ്കിൽ പഴയ എസ് ടി ഡി ബൂത്തുകളും ഫോൺ കിയോസ്കുകളും ഇല്ലാതായത് പോലെ കണ്ടുകൊണ്ടിരിക്കെ പലതും ഇല്ലാതാവും. പുതിയ മത്സര മേഖലകൾ വരും.
അണ്‍ലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങള്‍, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നല്‍കുന്ന ബണ്ടില്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഉപഭോക്താവിനെ വലവീശാൻ ആദ്യം സൌജന്യങ്ങളുടെ മഴയാവും. സൌകര്യം ഒരിക്കൽ ഉപയോഗിച്ചാൽ അതിൽ നിന്നും വിട്ടു പോരിക എളുപ്പമാവില്ല.
തങ്ങളുടെ സി സീരീസ് മോഡലുകള്‍ക്ക് വേണ്ടി ഭാരതി എയര്‍ടെല്ലുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്ത് അടുത്തിടെ പറഞ്ഞിരുന്നു. കാഷ്ബാക്ക്, ആഡ്-ഓണ്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബണ്ടില്‍ ഓഫറിലുണ്ടാവുക.
ഷാവോമി, ഓപ്പോ, വിവോ, സാംസങ് പോലുള്ള കമ്പനികള്‍ വിവിധ ടെലികോം സേവന ദാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
റിലയന്‍സ് ജിയോ ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി ജിയോഫോണുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി സേവനങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബ്രാന്‍ഡുകളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫോൺ തന്നെയും ഒരു ഇൻ്റർനെറ്റ് മോഡം പോലെ ആയിതീരന്ന അവസ്ഥയാവും. 2ജി, 3ജി, 5ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 5ജി ഓഫറുകള്‍ കൂടുതലും ബണ്ടിലുകളായാവും നല്‍കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒടിടി, ഗെയിമിങ് പോലുള്ളവ മാത്രമാവില്ല. ബിസിനസ് കണക്ഷനുകളെടുക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ആഡ് ഓണ്‍ ഓഫറുകളും അതിലുണ്ടാവും.
പ്രീമിയം നിരക്കുകളിലായിരിക്കും 5ജി താരിഫുകള്‍ ഉണ്ടാവുക. അണ്‍ലിമിറ്റഡ് ഡാറ്റ, ഓടിടി സേവനങ്ങള്‍, ഗെയിമിങ് എല്ലാം അടങ്ങുന്ന പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും. ഇത് സ്വാഭാവികമായും നെറ്റിസൺമാരിൽ പുതിയ വർഗ്ഗത്തെ സൃഷ്ടിക്കും.
ഫോണിന്റെ വില കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ജിയോ, ഗൂഗിള്‍ സഹകരണം അതിനൊരു ഉദാഹരണമാണ്.
നിലവില്‍ 5ജി ഫോണുകള്‍ക്ക് കുറഞ്ഞത് 13000 രൂപ വിലയുണ്ട്. ഈ വര്‍ഷം തന്നെ അത് 11000 ലേക്കും അടുത്ത വര്‍ഷത്തോടെ 10000 ലേക്കും കുറയ്ക്കാനുള്ള ശ്രമങ്ങളാണ് കമ്പനികള്‍ നടത്തിവരുന്നത്.
നിലവില്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മാറ്റം മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തില്‍ 5ജി ഫോണുകളിലേക്കുള്ള മാറ്റം എത്രത്തോളം വേഗത്തിലാവും എന്ന് കണ്ടറിയേണ്ടി വരും. എന്നാൽ കേരളത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ഫലം കണ്ടില്ല.
കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിൻ്റെ ഫലം വരാനിരിക്കെയാണ് മരണം.
നേരത്തെ പേ വിഷ ബാധയ്ക്ക് എതിരായ വാക്സിൻ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഗുണനിലവാര പരിശോധന ഇല്ലാത്തതും ആരോപണ വിധേയമായി. ഇപ്പോൾ ഇത്തരത്തിൽ ആശുപത്രികളിൽ എത്തുന്നവർക്ക് മതിയായ പരിചരണം കിട്ടുന്നില്ല എന്ന ആരോപണവും ഉയരുകയാണ്. തെരുവു നായകൾ പെരുകുമ്പോൾ കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഒന്നുമില്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ തലയിലിട്ട് സർക്കാർ തലയൂരുന്ന സാഹചര്യമാണ്.
ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.
ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് തിരിച്ച് അയച്ചു. തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു.
ചികിത്സാ പിഴവ് ചൂണ്ടികാട്ടി കുടുംബം
അഭിരാമി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം മാധ്യമങ്ങൾക്ക് മുന്നിലെത്തി. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയിരുന്നില്ല.
പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു.
ഝാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ കുതിരക്കച്ചവട ശ്രമങ്ങളെ മറികടന്ന് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെ.എം.എം സഖ്യം പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിച്ചു.
മുഖ്യമന്ത്രി ഹേമന്ത് സോൻ്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഝാര്‍ഖണ്ഡില്‍ തിങ്കളാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്.
ക്വാറി ലൈസന്‍സ് കേസില്‍ സോറൻ്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിരുന്നില്ല. ഇക്കാര്യത്തിലെ അനിശ്ചിതത്വമാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി തുറന്നത്.
ബി ജെ പി പലചരക്ക് സാധനങ്ങൾ പോലെ എം. എൽ.എമാരെ വാങ്ങിക്കുന്നു
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാനത്ത് ആഭ്യന്തര യുദ്ധ സമാന സാഹചര്യത്തിന് ശ്രമിച്ചുവെന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഹേമന്ത് സോറന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാരെ വിലക്ക് വാങ്ങുന്നതില്‍ ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
പ്രതിപക്ഷം ജനാധിപത്യത്തെ തകര്‍ത്തു. നിയമസഭാ സാമാജികരുടെ കുതിരക്കച്ചവടത്തില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ആളുകള്‍ വസ്ത്രങ്ങളും റേഷനും പലചരക്ക് സാധനങ്ങളും വാങ്ങുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെ.എം.എം., കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. ഭരണസഖ്യം എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിന് കഴിഞ്ഞ ദിവസം എം.എല്‍.എ.മാരെ തിരികെ റാഞ്ചിയിലെത്തിക്കയും ചെയ്തു.
81 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എ.മാരാണുള്ളത്. സഖ്യത്തിലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിക്ക് മാത്രം 30 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 18 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പി.ക്ക് 26 എം.എല്‍.എ.മാരുമുണ്ട്.
എന്തായിരുന്നു സാഹചര്യം
ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടതായി വന്നത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനം അറിയിക്കാതെ നീട്ടിക്കൊണ്ട് പോകയായിരുന്നു. ഈ സമ്മർദ്ദം നിലനിൽക്കെയാണ് വിശ്വാസ വോട്ട്.
സോറന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സോറന്‍ രാജിവെച്ചൊഴിയണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണ്. വ്യക്തിപരമല്ല. കെ കെ ശൈലജയെ അവാര്‍ഡിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
‘കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് കെ കെ ശൈലജ ഫൗണ്ടേഷനോട് പറഞ്ഞു. ഇത് വ്യക്തിപരമല്ല. എന്നാല്‍ അവാര്‍ഡ് വ്യക്തികള്‍ക്കാണ് എന്നാണ് ഫൗണ്ടേഷന്‍ നിലപാട് അറിയിച്ചത്. ഇതിന് പുറമേ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സാധാരണയായി സാമൂഹ്യപ്രവര്‍ത്തകരെയും മറ്റുമാണ് ഇതിനായി പരിഗണിക്കാറ്. ഇത് വരെ രാഷ്ട്രീയ നേതാക്കളെ അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഉന്നത സമിതിയായ കേന്ദ്രകമ്മിറ്റിയിലെ അംഗമാണ് കെ കെ ശൈലജ.’- യെച്ചൂരിയുടെ വാക്കുകള്‍ ഇങ്ങനെ.
ഇതിന് പുറമേ രമണ്‍ മഗ്‌സസെയുടെ രാഷ്ട്രീയവും അവാര്‍ഡ് നിരസിക്കാന്‍ കാരണമായതായി യെച്ചൂരി പറഞ്ഞു. ഫിലിപ്പൈന്‍സില്‍ നിരവധി കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുന്നതില്‍ നേതൃത്വം കൊടുത്തയാളാണ് രമണ്‍ മഗ്‌സസെയെന്നും യെച്ചൂരി പറഞ്ഞു.
പ്രമുഖ നാടകകാരനും സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു. 72 വയസ്സായിരുന്നു.
ഏകാംഗനാടകങ്ങളുടെ പ്രയോക്താതാവാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി , ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ആയാണ് വിരമിച്ചത്. നിരവധി നാടകങ്ങളും രംഗാവിഷ്കാരങ്ങളും വേദിയിലെത്തിച്ചു.
ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, ചിന്ത രവിയുടെ ഒരേ തൂവൽ പക്ഷികൾ, ജയിംസ് ജോസഫിന്റെ ഒരേ തൂവൽ പക്ഷികൾ എന്നീ സിനിമകളിൽ പ്രധാന വേഷം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 5 മണിക്ക് ന്യൂമാഹി പെരിങ്ങാടിയിലെ വീട്ട് വളപ്പിൽ.