കൈക്കൂലി ഓൺലൈൻ; RTO ഓഫീസുകളിലെ ഇടപാട് കണ്ട് വിജിലൻസും ഞെട്ടി

വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ജാസൂസി’ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാടുകൾ. ഓൺലൈനായി കാശ് കൈ കൊണ്ട് തൊടാതെയാണ് പുത്തൻ ഇടപാടുകൾ. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച് കൈക്കൂലി വാങ്ങിക്കൂട്ടുന്നത് വിജിലന്‍സ് കണ്ടെത്തി. നേരിട്ടും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയും പിരിവ് തുടരുന്ന ഉദ്യോഗസ്ഥരുമുണ്ട്.

എല്ലാം പരിവാഹൻ വഴി ആക്കിയപ്പോൾ കൈക്കൂലിയും ഓൺലൈനാക്കി

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി സാധ്യത ഉപയോഗിക്കയാണ്.

ഇതു സംബന്ധിച്ച് പരാതികളും വിവരങ്ങളും തുടർച്ചയായതോടെയാണ് ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന് പേരിട്ട് വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ്, ഇന്റലിജന്‍സ് ഐജി എസ്.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോന.

കൈക്കൂലിക്കും ഏജൻസി കമ്മീഷൻ

സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധനകള്‍ കര്‍ശനമായ സാഹചര്യത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ഇടപാട് നടക്കുന്നുവെന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ്. ഇതിന് പുറമേ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടിത്തിയിട്ടുണ്ട്.

കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.

നെടുമങ്ങാട് ആര്‍ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ടി ഓഫീസില്‍ നില്‍ക്കുകയായിരുന്ന ഏജന്‍ില്‍നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആടി ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

കടിച്ചു കൊല്ലാൻ വന്ന പുലിയെ ഈ കർഷകൻ എന്തു ചെയ്യണമായിരുന്നു, നിയമത്തെ ഭയന്ന് ഇരയാവണോ അതോ വെട്ടി കൊല്ലണോ

0

ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍ ഭയപ്പാടോടെ പറയുന്നു. പുലിയെ പേടിച്ചില്ല, പക്ഷെ നിയമം ഇനി തന്നെ എന്തു ചെയ്യും എന്നാണ് ഈ കർഷ തൊഴിലാളിയുടെ പേടി.

പുലി മേലേക്ക് ചടിവീണ് കടിച്ച് കൊല്ലാൻ നോക്കുമ്പോൾ നിന്നു കൊടുക്കണമായിരുന്നോ. ആക്രമണത്തിനിടെ പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയും പുലി പ്രദേശത്തെ ആടുകളെ ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോപാലന് നേരേ ആക്രമണമുണ്ടായത്.

പുലർച്ചെ അപ്രതീക്ഷിതമായ ആക്രമണം

എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പുലി ആക്രമിച്ചതോടെയാണ് കൈയിലുണ്ടായിരുന്ന വാക്കത്തി പുലിക്ക് നേരേ വീശിയതെന്നും ഇദ്ദേഹം വിശദമാക്കുന്നു. ശനിയാഴ്ച രാവിലെയാണ് ഇടുക്കി മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ പ്രദേശവാസിയായ ഗോപാലന്‍ വെട്ടിക്കൊന്നത്.

”പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തി രക്ഷയായത്.

കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശി. വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്”, ഗോപാലന്‍ പറഞ്ഞു.

കൊല്ലപ്പെട്ട പുലി

പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയുടെ ജഡം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

അവസരമാക്കി വിലപേശാൻ ഗെഹലോത്ത്, രാഹുൽ തന്നെ മത്സരിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കും. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ശശിതരൂർ ഉൾപ്പെടെയുള്ളവർ രാഹുൽ വന്നാലും മത്സര രംഗത്ത് എത്തുകയും ചെയ്യാം. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.

രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് അശോക് ഗെഹലോത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇദ്ദേഹത്തെ എത്തിക്കാം എന്നായിരുന്നു ഗാന്ധികുടുംബത്തിന്റെ ആലോചന.

മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്ന് ഗെഹലോത്ത് ഉപാധി വെച്ചു. ഇത് രാജസ്ഥാനിൽ ഗ്രൂപ്പ് പേര് ശക്തമാക്കും. നിബന്ധനകള്‍ അംഗീകരിച്ചാല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഗെഹ്‌ലോട്ടിന്റെ ഉപാധി അംഗീകരിക്കരുതെന്നും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണം എന്നും കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ നിര്‍ദേശിച്ചു. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് അശോക് ഗെഹ്‌ലോട്ടിൻ്റെ നീക്കം. ഗ്രൂപ്പ് തന്നെയാണ് അവിടെയും പ്രശ്നം

രാഹുൽ വന്നാൽ തരൂർ മാറുമോ

ജി-23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിക്കും. രാജ്യത്തെ പല ഭാഗത്തുനിന്നും തരൂരിന് പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം, വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങളും ഉയരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.

ചുരുക്കംചില മുതിര്‍ന്ന നേതാക്കളൊഴിച്ച് രാജ്യത്താകെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനാകുന്നതിനോട് യോജിപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ മത്സരിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ കരുതുന്നു. രാഹുലിനെ ബോധ്യപ്പെടുത്തി മത്സര രംഗത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

നാളെ ഡല്‍ഹി രാം ലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ സംസാരിക്കും. അതിന് ശേഷം രാഹുലുമായി നേതാക്കള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായി ചർച്ചചെയ്യുമെന്നാണ് വിവരം.

സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടാൻ കേരളം

0

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ ചർച്ച. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്ന് കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ മുന്നോട്ട് വച്ചു. തലശ്ശേരി – മൈസൂർ – നിലമ്പൂർ – നഞ്ചങ്കോട് റെയിൽപാത യാഥാർത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.  കോവളത്തെ ഹോട്ടൽ ലീല റാവിസിൽ രാവിലെ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായി.

തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക സഹകരണവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

108 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടി വരും

കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ–റെയില്‍ കോര്‍പറേഷന്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. സില്‍വര്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. 

2020 സെപ്റ്റംബര്‍ ഒൻപതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റു സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടര്‍ന്നാണ് ഇപ്പോള്‍ സില്‍വര്‍ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിനു സമര്‍പ്പിച്ചത്.

പദ്ധതി കടന്നു പോകുന്ന ഒൻപത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെയില്‍വേ ഭൂമി ആവശ്യമായിട്ടുള്ളത്. മൊത്തം 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലവും സില്‍വര്‍ലൈന് ആവശ്യമയി വരും. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കുടുതല്‍ റെയില്‍വേ ഭൂമി ആവശ്യമുള്ളത് -40.35 ഹെക്ടര്‍. മലപ്പുറം ജില്ലയില്‍ 26.30 ഹെക്ടറും കണ്ണൂരില്‍ 20.65 ഹെക്ടറും ഭൂമി വേണ്ടിവരും. നിലവിലുള്ള ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളോട് ചേര്‍ന്നു കടന്നു പോകുന്ന സില്‍വര്‍ലൈനിന്റെ രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. 

ആർട്ടിമിസ് വീണ്ടും, ചന്ദ്രപഥത്തിലേക്ക് ഇന്ന് കുതിച്ചുയരും

0

മാറ്റിവെച്ച ആർട്ടിമിസ് ഒന്നിൻ്റെ വിക്ഷേപണം ഇന്ന് നടത്തും. കെന്നഡി സ്‌പേസ് സെന്ററിൽ രാത്രി 11.47 ന് കുതിച്ചുയരും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം മൊഡ്യൂൾ ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുക്കുകയായിരുന്നു

ഇപ്പോൾ പാവകൾ, അടുത്ത ഘട്ടം മനുഷ്യർ

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമാണ്ഇത്. ഓറയോൺ പേടകത്തെയാണ് ഇത് വഹിക്കുന്നത്.

വിക്ഷേപണം വൈകിയതിനാൽ ഒറയോൺ പേടകത്തിൻ്റെ യാത്രാപദ്ധതിയിലും മാറ്റം വന്നിട്ടുണ്ട്. 42 ദിവസത്തെ യാത്ര 38 ദിവസത്തേക്ക് ചുരുക്കി. ഒക്ടോബർ 11ന് ചന്ദ്രനെ ചുറ്റിയ ശേഷം ഒറയോൺ പേടകം തിരികെ ഭൂമിയിൽ എത്തും.

. പരീക്ഷണദൗത്യമായതിനാൽ തന്നെ ഈ യാത്രയിൽ മനുഷ്യ യാത്രികർ ഉണ്ടാകില്ല. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണിത്. മൂന്ന് ഡമ്മികളാകും യാത്രക്കാരുടെ സ്ഥാനത്ത് ഉണ്ടാവുക. കാംപോസ്, ഹെൽഗ, സോഹാർ എന്നാണ് ഇവയുടെ പേരുകൾ. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്നലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ 2760 ഡിഗ്രി സെൽഷ്യസ് ചൂട് അതിജീവിക്കണം. മറ്റ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ഇതിൽ പിഴവ് സംഭവിച്ചാൽ അടുത്ത ദൗത്യങ്ങൾ വീണ്ടും നീട്ടി വയ്‌ക്കും.

ഇത് വിജയിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരെ അയക്കുകയുള്ളു എന്നാണ് തീരുമാനം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത ഘട്ടം 2024ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും. 2025ൽ അടുത്ത ഘട്ടത്തിൽ സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും നാസ പദ്ധതി ഇടുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവ് വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യ ദൗത്യത്തിന് 400 കോടി യുഎസ് ഡോളറോളം ചെലവ് വരുന്നുണ്ട്.

വനം വകുപ്പ് കൂടും വെച്ച് കാത്തിരുന്നു…, വിറപ്പിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് നാട്ടിലിറങ്ങി ശല്യം ചെയ്ത പുലിയെ നാട്ടുകാർ ഒത്തു ചേർന്ന് തല്ലിക്കൊന്നു. മാങ്കുളം അമ്പതാംമൈൽ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചിരുന്നു. ഇതിനിടയിൽ ഓടിക്കൂടിയവർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാരുടെ വിശദീകരണം.

ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂടി സ്ഥാപിച്ചിരുന്നു. പക്ഷെ ഇത് ഫലം കണ്ടില്ല.

ഇതിനിടയിലാണ് ആക്രണം ഉണ്ടായത്. പുലർച്ചെ പുലിയെ നാട്ടുകാർ ചേർന്നാണ് തല്ലിക്കൊന്നത്.

കോൺഗ്രസ് തകരും, മറ്റു പാർട്ടികളിൽ നിന്നും നേതാക്കളെ എത്തിക്കണം; കേരളത്തിലും സാധ്യത – നരേന്ദ്ര മോഡി

0

സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം. അത് ആസൂത്രിതമായി ഉപയോഗിക്കുവാനും ബി.ജെ.പി. നേതാക്കളോട് ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശങ്ങള്‍ വെച്ചത്.

കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നേതാക്കളെ കണ്ടെത്താനും ആഹ്വാനം

ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാവണം. പൊതുസമ്മതരായ ആളുകളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ കഴിയണം. കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയവര്‍ വരണം. ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവിടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉറപ്പാക്കണം. ഹൈദരാബാദിലെ ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വേഗം നടപ്പിലാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും കോവിഡ് ബാധിതനായതിനാല്‍ കേന്ദ്ര മന്ത്രി വി. മുരളീധരനും യോഗത്തില്‍ പങ്കെടുത്തില്ല.

തീരദേശ നിയന്ത്രണം, കേരളത്തിലെ 66 പഞ്ചായത്തുകൾക്ക് ഇളവ്

0

കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകളുടെ പരിധിയിൽ തീരദേശ നിയന്ത്രണമേഖല (CRZ) വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള CRZ – III വിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.െസഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതൽ കേരളം ആവശ്യപ്പെട്ടുവരുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്. CRZ മാനേജ്മെൻ്റ് കമ്മിറ്റി യോഗം കേരളത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിക്കയായിരുന്നു.

66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ ഏർപ്പെടുത്തണം എന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്.

പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആർ. െസഡ് മൂന്നിൽത്തന്നെ തുടർന്നേക്കും.

2011- ലെ സി.ആർ.െസഡ് നിയമ പ്രകാരം ഒന്നുമുതൽ നാലുവരെ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇളവ് ലഭിക്കുന്ന പഞ്ചായത്തുകൾ

*ആലപ്പുഴ: അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്.

*എറണാകുളം: ചെല്ലാനം, ചേരാനെല്ലൂർ, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കൽ, വരാപ്പുഴ.

*കണ്ണൂർ: അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.

*കാസർകോട്: അജാനൂർ, ചെങ്ങള, മോഗ്രൽ-പുത്തൂർ, പള്ളിക്കര, പള്ളൂർപെരിയ, തൃക്കരിപ്പൂർ, ഉദുമ.

*കോഴിക്കോട്: അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവന്നൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളിയേരി.

*മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ

*തൃശ്ശൂർ: പാവറട്ടി.

*തിരുവനന്തപുരം: ആണ്ടൂർക്കോണം, ചെങ്കൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ.

നിയന്ത്രണങ്ങൾ ഇങ്ങനെ

സി.ആർ.െസഡ്-1

പുതുതായി ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. എന്നാൽ കേന്ദ്ര ആണവോർജ വകുപ്പിന്റെ പദ്ധതികൾ, ട്രാൻസ്മിഷൻ ലൈൻ ഉൾപ്പടെയുള്ളവ കടന്നുപോകുന്നതിനുള്ള പൈപ്പ് ലൈനുകൾ തുടങ്ങിയവ നിർമിക്കാം.

സി.ആർ.െസഡ്-2

റോഡുകളുടെയും കെട്ടിടങ്ങളുടെയും കരഭാഗത്തുള്ള പ്രദേശത്ത് കെട്ടിടങ്ങൾ നിർമിക്കാം. പ്രദേശത്തെ ലോക്കൽ ടൗൺ പ്ളാനുകളും രാജ്യത്തെ നിയമങ്ങളും പാലിക്കണം. ഉപ്പ് നിർമാണവുമായി ബന്ധപ്പെട്ട പ്ലാന്റുകൾ നിർമിക്കാം. ഭക്ഷ്യഎണ്ണ, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവ ഉൾപ്പെടെ അപകടസാധ്യതയില്ലാത്ത ഉത്‌പന്നങ്ങളുടെ സംഭരണത്തിനുള്ള സൗകര്യങ്ങൾ നിർമിക്കാം.

സി.ആർ.െസഡ്-3

കടലിൽനിന്ന് കരഭാഗത്തേക്ക് 200 മീറ്ററും ജലാശയങ്ങളിൽനിന്ന് കരഭാഗത്തേക്ക് 100 മീറ്ററുമുള്ള പ്രദേശത്ത് ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. കെട്ടിടങ്ങളിൽ നിബന്ധനകളോടെ അറ്റകുറ്റപ്പണി നടത്താം. വേലിയേറ്റ നിരപ്പിൽനിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവാസ സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സമഗ്രമായ പദ്ധതിപ്രകാരം നിർമിക്കാൻ അനുവദിക്കും.

ട്രെയിൻ ടിക്കറ്റ് പുഷ്പം പോലെ, പ്ലേ സ്റ്റോറിൽ വ്യാജ ആപ്; ആറു പേർ അറസ്റ്റിൽ

തത്കാൽ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്‌വേർ നിർമിച്ച് രാജ്യം മുഴവൻ വില്പന നടത്തുന്ന ആറുപേരെ റെയിൽവേ സംരക്ഷണസേന അറസ്റ്റുചെയ്തു. 28 കോടി രൂപയുടെ റെയിൽവേ ടിക്കറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നാലുമാസത്തെ അന്വേഷണത്തിലാണ് പശ്ചിമ റെയിൽവേയിലെ റെയിൽവേ സംരക്ഷണസേന തട്ടിപ്പ് സംഘത്തെ കുടുക്കിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായാണ് പ്രവർത്തിച്ചിരുന്നത്. രണ്ടുപേർ മുംബൈയിൽനിന്നുള്ളവരാണ്.

സോഫ്ട് വേർ നിർമ്മിച്ച് മണി ചെയിൻ മാതൃകയിൽ 2500 രൂപയ്ക്ക് വിതരണം നടത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്. ആർക്കും തട്ടിപ്പിൽ കണ്ണിയാവാം. ഐ ആർ സി ടി സി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സോഫ്ട് വേർ പരിഷ്കരിച്ചതോടെ സങ്കീർണ്ണമായി തീർന്നിട്ടുണ്ട്. ഈ അവസരം കൂടി തട്ടിപ്പു സംഘങ്ങൾ മുതലെടുക്കുകയാണ്.

മനൻ വഗേല (രാജ്‌കോട്ട്), കനയ്യ ഗിരി, അമൻ ശർമ (മുംബൈ), അഭിഷേക് ശർമ (വാപ്പി), വിരേന്ദ്ര ഗുപ്ത (വൽസാഡ്), അഭിഷേക് തിവാരി (ഉത്തർപ്രദേശ്) എന്നിവരാണ് പിടിയിലായത്.

ആവർത്തിക്കുന്ന തട്ടിപ്പ്

ഇതിനുമുമ്പും ഇത്തരം സോഫ്റ്റ്‌വേർ നിർമിച്ചു വിതരണംചെയ്തവരെ മുംബൈയിൽനിന്ന് പിടികൂടിയിരുന്നു.

ഐ.ആർ.സി.ടി.സി.യുടെ ടിക്കറ്റ് ബുക്കിങ് സോഫ്റ്റ്‌വേറിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടക്കാമെന്നതാണ് ഈ വ്യാജ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത. നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ ടിക്കറ്റുകൾ ഇതുപയോഗിച്ച് ബുക്കുചെയ്യാം. 2000 രൂപ മുതൽ 3500 രൂപവരെ വിലയ്ക്കാണ് വ്യാജ സോഫ്റ്റ്‌വേർ വിൽക്കുന്നത്. രാജ്‌കോട്ടിലെ ടിക്കറ്റ് ബുക്കിങ് ഏജന്റ് മനൻ വഗേലയെ പിടികൂടിയതോടെയാണ് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സഹായകമായത്.

‘കോവിഡ്-എക്സ്’ എന്ന പേരിലാണ് ഈ സോഫ്റ്റ്‌വേർ പുറത്തിറക്കിയത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിൽ ഒരാൾക്ക് നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമേ ബുക്കുചെയ്യാൻ പറ്റൂ. എന്നാൽ, ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് പരിധിയില്ല.

വ്യാജ യൂസർ ഐ.ഡി.കളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കൂടുതൽപ്പേർ ഉടൻ പിടിയിലാകുമെന്നും പശ്ചിമറെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

മുതലെടുക്കുന്നത് ഐ ആർ സി ടി സിയുടെ പരിമിതകൾ

ഐ ആർ സി ടി സിയിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇപ്പോൾ സങ്കീർണ്ണമായി മാറിയിരിക്കയാണ്. പരസ്യങ്ങളും ലോഗിൻ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ അകറ്റുന്നു. മാത്രമല്ല നിലവിലുള്ള അക്കൌണ്ട് ഉപയോഗിച്ച് ഇതിൽ കയറിപ്പറ്റാനും പാടാണ്. പലപ്പോഴും കാശ് ഡെബിറ്റ് ചെയ്ത ശേഷമാണ് പാസ് വേർഡും ഐ ഡിയും ചോദിക്കുക. എന്നാൽ ഇത് എത്ര തവണ അടിച്ചാലും ലോഗിൻ ചെയ്യാനാവില്ല.

പരസ്യങ്ങളിലൂടെ “വെളുപ്പ്” വിൽക്കാനുള്ള ശ്രമത്തിനെതിരെ നൈജീരിയ

0

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാൻ കർശന നിർദ്ദേശവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കരുത്. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും എന്നാണ് പ്രഖ്യാപനം.

വർണ്ണവെറി പരസ്യങ്ങളിലൂടെ വിൽക്കുന്നതിന്ന് എതിരായ പ്രതിരോധം

തദ്ദേശീയരുടെ മികവുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് തീരുമാനം. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് നൈജീരിയ.

കഴിഞ്ഞ എട്ടുവര്‍ഷക്കാലം കൊണ്ട് നൈജീരിയയില്‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ പുതിയ അഭിമാന ബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇവ വിദേശമോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഈ രാജ്യത്ത് 200 മില്യണോളം ആളുകളുണ്ട്. ഇവരില്‍ നിന്നൊന്നും നിങ്ങള്‍ക്ക് തദ്ദേശീയരായ മോഡലുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലേയെന്ന് ആളുകള്‍ തന്നെ ചോദിക്കും’. – നൈജീരിയയിലെ പരസ്യ ഏജന്‍സികളുടെ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറഞ്ഞു

നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘രാജ്യത്ത് 10-20 വര്‍ഷം മുമ്പത്തെ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും മാത്രമായിരുന്നു’. . നൈജീരിയന്‍ ബ്രാന്‍ഡുകള്‍ പലപ്പോഴും വിദേശ മുഖങ്ങളാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്. അതേസമയം അന്താരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ ആഗോള പ്രചാരണങ്ങള്‍ ഇതുവഴി ഇറക്കുമതി ചെയ്യുകയും ചെയ്യും’.ബാബേക്കോ പ്രതികരിച്ചു.

ഒക്ടോബര്‍ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കും. ഇതിനിടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പരസ്യ ഏജന്‍സിയായ എഎംവി ബിബിഡിഒ, നൈജീരിയന്‍ സംവിധായകനും തദ്ദേശീയ മോഡലുകള്‍ക്കുമൊപ്പം ‘ബ്ലാക്ക് ഷൈന്‍സ് ബ്രൈറ്റസ്റ്റ്’ എന്ന കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

നൈജീരിയയിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ദേശീയത വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. എന്തായാലും തീരുമാനത്തിനെതിരായും അനുകൂലിച്ച് പപ്പാതിയായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.