അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്‌ബോൾ താരങ്ങളായ കല്യാൺ ചൗബേയും ബൈച്ചൂങ് ബൂട്ടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷൻ തലവനാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാനിന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ.
33 വോട്ടുകളാണ് ചൗബേ നേടിയത്. ജനറൽ സെക്രട്ടറി, ട്രഷർ സ്ഥാനങ്ങളിലേക്കടക്കം ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനലാണ് വിജയിച്ചത്. ഫെഡറേഷന് മുകളിലുള്ള ഫിഫ ബാൻ നേരത്തെ മാറിയിരുന്നു.
കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകുമാർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻതാരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ.എം.വിജയനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വെറുതെ വിടാൻ ഇടയാക്കിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജിയിൽ കക്ഷി ചേർന്ന് അന്വേഷി പ്രസിഡന്റ് അജിത.
മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ മോചനം തടയുന്നതിന് വ്യക്തമായ നയം ഇല്ലാത്തത് കാരണമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ജയില്‍ മോചനം സാധ്യമായത്. എന്ന കാര്യം ചൂണ്ടികാട്ടിയാണ് കെ അജിത കക്ഷിചേരല്‍ അപേക്ഷനൽകിയത്.
കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനത്തിന് എതിരെ സിപിഎം നേതാവ് സുഭാഷിണി അലി ഹര്‍ജി നൽകിയിരുന്നു. ഇതിൽ കക്ഷി ചേരാനാണ് അജിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. മതേതര്വതവും, വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യന്‍ നിയമവ്യവസ്ഥ വഹിക്കുന്ന പങ്ക് ലോക വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതിന്ന് എതിരായ നടപടിയാണ് ഗുജറാത്ത് സർക്കാരിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ വാദം കേൾക്കണം എന്നാണാവശ്യം.
അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് അജിതയുടെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് തീരുമാനമായി. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല.
തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് പുനഃസംഘടന പരിഗണിച്ചത്.
എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാണോ എംബി രാജേഷ് കൈകാര്യം ചെയ്യുകയെന്ന കാര്യത്തില്‍ ചർച്ച തുടരുകയാണ്.
എം ബി രാജോഷ് 2009, 2014 വര്‍ഷങ്ങളില്‍ പാലക്കാട് നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021ല്‍ നിയമസഭയിലേക്കുള്ള കന്നിയംഗത്തില്‍ തന്നെ കോണ്‍ഗ്രസിലെ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
ഇപ്പോൾ പാലക്കാട് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ്. 51കാരനായ എംബി രാജേഷ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ നിയമസഭാ സ്പീക്കറാക്കാനും തീരുമാനിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഷംസീര്‍ ഇത് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ ആദ്യ യൂണിയന്‍ ചെയര്‍മാനായിരുന്നു.
പൊന്നാനി എംഎല്‍എ നന്ദകുമാര്‍ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു, എംബി രാജേഷ്, എഎന്‍ ഷംസീര്‍ എന്നീ നാല് പേരുകളിലേക്കാണ് ചര്‍ച്ചയെത്തിയത്. ഇതില്‍ നിന്നാണ് രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ തീരുമാനിച്ചത്.
സജി ചെറിയാന്‍ രാജിവെച്ചൊഴിഞ്ഞതിന് പകരം തത്കാലം പുതിയ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വിഭജിച്ച് നിലവില്‍ വി അബ്ദുറഹ്‌മാന്‍, വിഎന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. സ്വാമിയുടെ ഹര്‍ജി സെപ്റ്റംബര്‍ 29-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി മറുപടി നൽകി.
അഭിഭാഷകന്‍ സത്യ സബര്‍വാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിക്ക് ഒപ്പം സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ഹര്‍ജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചത്.
1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതര്വതം എന്നിവ ഉള്‍പ്പെടുത്തിയത്. ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് 42-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
ഇത്തരം ഒരു ഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്കര്‍ സോഷ്യലിസം, മതേതര്വതം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയിരുന്നതായും ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു.
കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വിധിച്ചിട്ടുണ്ട് എന്ന് ഹരജിക്കാർ ചൂണ്ടി കാട്ടി. 42-ാം ഭരണഘടനാ ഭേദഗതി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇരുവരുടെയും വാദം.
ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരേയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും വേണ്ടിയാണ് ഈ അവസരം.
സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണനലഭിക്കും.
അപേക്ഷകളിലെ പിഴവുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. സാങ്കേതികസഹായവും മറ്റും ഹെൽപ്പ് ഡെസ്‌കുകളിലൂടെ നൽകാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. ഇരവിൻ നിഴൽ ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താളമയം’, ‘ബിഗിൽ’, തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ സഹൃദയ ലോകം സ്വന്തമാക്കിയവയാണ്. ഭക്തി ഗാനങ്ങളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് വർഷം തോറും കൂടുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദിവസേന 35 കുട്ടികൾ ജീവനൊടുക്കുന്നു.
കോവിഡ് വ്യാപനമുണ്ടായ 2020-’21 വർഷങ്ങളിലാണ് കൂടുതൽപേർ ആത്മഹത്യചെയ്തത്. രാജ്യത്തെ ആത്മഹത്യയിൽ എട്ടുശതമാനം വിദ്യാർഥികളാണ് എന്നത് ഞെട്ടിക്കുന്ന കണക്കാണ്.
ഫലപ്രദമായ കൌൺസിലിങ് സംവിധാനങ്ങൾ ഇല്ലെന്ന പരിമിതിയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. സർക്കാർ സംവിധാനങ്ങൾ പ്രഖ്യാപിച്ച് ചില കാൾ ഫ്രീ നമ്പറുകളിൽ ഒതുങ്ങുകയാണ്. ഇത്തരം സംവിധാനങ്ങളെ കുറിച്ച് വിദ്യാലയങ്ങളിൽ ബോർഡുകളും ബോധവൽക്കരണവും വേണം എന്ന ആവശ്യം ഉയരുന്നുണ്ട്.
2021-ൽ 13,089 വിദ്യാർഥികൾ ആത്മഹത്യചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ വർധനയാണ്.
കഴിഞ്ഞവർഷം ജീവനൊടുക്കിയവരിൽ 10,732 പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. വീട്ടിലെ പ്രശ്നങ്ങളും പരീക്ഷാ തോൽവിയും കുട്ടികളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു.
ആത്മഹത്യചെയ്യുന്ന വിദ്യാർഥികളിൽ കൂടുതലും ആൺകുട്ടികളാണ്. ജീവിത സമ്മർദ്ദവും ഇവരിലേക്ക് എത്തുന്നു. 15.8 ശതമാനം പേർ പ്രൈമറിതലംവരെ പഠിച്ചവരാണ്. 11 ശതമാനം കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ
ബിരുദ ധാരികൾക്ക് ഇടയിലെ ആത്മഹത്യാ നിരക്ക് കുറവാണ് 4.6 ശതമാനം. ചെറിയ പ്രായത്തിൽ തന്നെ നിസ്സഹായമായി പോകുന്നതും വിദ്യാഭ്യാസത്തിന് പോലും അവസരം ലഭിക്കാത്തതും കുട്ടികളെ ജീവിത നൈരാശ്യത്തിലേക്ക് നയിക്കുകയാണ്.
ആത്മഹത്യ പരിഹാരമല്ല, സ്വയം നശിപ്പിക്കലല്ല വേണ്ടത്
ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിക്കുന്നത് താത്കാലിക സാഹചര്യങ്ങളാണ്. നിശ്ചിത സമയത്തും അവസ്ഥയിലും ഉണ്ടാവുന്ന കടുത്ത നൈരാശ്യ ചിന്തയും അതിന് കാരണമാവുന്ന അനുഭവവും കുട്ടികളെ പെട്ടെന്ന് കടുത്ത തീരുമാനത്തിലേക്ക് നയിക്കയാണ്.
എല്ലാത്തിനെയും മറികടക്കാനുള്ള സാഹചര്യവും സമയവും ജീവിതത്തിൽ അവശേഷിക്കുന്നുണ്ട് എന്ന തീരുമാനത്തിലേക്ക് എത്തുക പ്രധാനമാണ്. പുറം മോടികളിലെ മത്സരവും താത്കാലിക നേട്ടങ്ങളും അല്ല. പൊരുതി നേടുമ്പോഴാണ് ജീവിതം കരുത്തുറ്റതാവുന്നത്. ഓരോരുത്തർക്കും വ്യത്യസ്തമായ അവസരങ്ങൾ ലോകത്ത് ഉണ്ട്. വിവേക പൂർവ്വം അവയിലേക്ക് എത്തുക എന്നത് പ്രധാനമാണ്.
ദേശീയ ബിരുദ പൊതുപരീക്ഷ CUET ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര പ്രവേശന പരീക്ഷാ നടപടികൾ വൈകുന്നത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയായി തുടുരുന്നതിന് ഇടയിലാണ് പ്രഖ്യാപനം. ജൂലയിൽ പൂർത്തികരിക്കേണ്ട നപടപടി ക്രമങ്ങളാണ്
ആറുഘട്ടങ്ങളിലായി നടന്ന പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 30-ന് പൂർത്തിയായിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനവും പരീക്ഷയ്ക്ക് ഹാജരായതായി ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ.) വൃത്തങ്ങൾ പറഞ്ഞു. പ്രവേശനനടപടികൾ വേഗത്തിലാക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു.
മുൻവർഷങ്ങളിൽ ജൂലായ് ആദ്യവാരത്തോടെ പ്രവേശനം പൂർത്തിയായിരുന്നിടത്ത്, ഇത്തവണ കാലതാമസം നേരിട്ടത് അധ്യയനവർഷത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.
സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ജയിലിലായി ആറ് ആഴ്ച കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളല്ലാതെ കൂടുതലൊന്നും എഫ്.ഐ.ആറില്‍ പറയുന്നില്ല. സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നല്‍കിയെങ്കിലും നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി.
എങ്ങനെയാണ് ഒരു സ്ത്രീയായ തീസ്ത സെതല്‍വാദിന് കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടീസ് നല്‍കുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവര്‍ത്തന രീതിയെന്നും സുപ്രീംകോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും കേള്‍ക്കും.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ജൂണ്‍ 26 മുതല്‍ തീസ്ത സെതല്‍വാദ് പോലീസ് കസ്റ്റഡിയിലാണ്. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
സെർവിക്കൽ ക്യാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് വാക്സിൻ വികസിപ്പിച്ചത്.
‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ'(quadrivalent human papillomavirus vaccine) ന് ജൂലൈയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിനേഷൻ അനുമതി നൽകിയിരുന്നു.
വലിയ ആശ്വാസത്തോടെ കാത്തിരിക്കുന്ന വാക്സിൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡൽഹിയിൽ പുറത്തിറക്കും. വാക്‌സിൻ 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് ട്രയൽ റസൾട്ട് ഉണ്ട്.
കൌമാരത്തിൽ വാക്സിനെടുക്കാം
9-14 വയസ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ ഭാവിയിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ വാക്‌സിൻ നൽകി തുടങ്ങി 30 വർഷത്തിന് ശേഷം ഒരൊറ്റ സെർവിക്കൽ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വൈറസ് കാരണകാരിയായ അപൂർവ്വ ട്യൂമർ
ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മൂന്ന് അർബുദങ്ങളിൽ ഒന്ന് സെർവിക്കൽ ക്യാൻസറാണ്. ഒരു വൈറസ് കാരണമാകുന്ന അപൂർവ ട്യൂമറുകളിൽ ഒന്നാണ് ഇത്. സ്ത്രീകളിൽ വരുന്ന ഗർഭാശയ മുഖത്തിലെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിവർഷം 1.23 ലക്ഷം പുതിയ കേസുകളും 67,000 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.