ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിച്ചു, കോഴിക്കോട് ബൈക്കുകൾ കത്തി നശിച്ചു

0

കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം.

അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു

ഓഗസ്റ്റ് നാലിന് മലാപറമ്പിലെ മൊബൈൽ ഷോപ്പിലും ബാറ്ററി പൊട്ടിത്തെറിച്ച് അപടമുണ്ടായിരുന്നു. കട കത്തി നശിച്ചതിനാൽ നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.

സൗദിയിൽ ഭൂചലനം

0

സൗദിയിലെ അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഭൂചലനം. ഇന്ന് രാവിലെ സൗദി സമയം 9:34നാണ് (ഇന്ത്യന്‍ സമയം രാവിലെ 12.04) നാണ് ചനലം അനുഭവപ്പെട്ടതെന്ന് സൌദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

രണ്ടു തവണയായി ഭൂകമ്പം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ സ്ഥലത്ത് വിദഗ്ധര്‍ എത്തി തുടർ ചലന സാധ്യകൾ വിലയിരുത്തി. റെഡ് സീയിലെ ഭൂഫലകങ്ങളിലെ സമ്മർദ്ദമാണ് കാരണം എന്നാണ് വിലയിരുത്തൽ.

ആർട്ടെമിസ് തകരാറുകൾ തീർത്തു, വിക്ഷേപണം ശനിയാഴ്ചത്തേക്ക്

0

നാസയുടെ ചന്ദ്രദൗത്യം ‘ആര്‍ട്ടെമിസ് വിക്ഷേപണം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കും. ഓഗസ്റ്റ് 29-ന് നടത്താനിരുന്ന വിക്ഷേപണം പ്രധാന എഞ്ചിനിലെ തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം. ഇത് തടസ്സമായില്ലെങ്കിൽ കൌണ്ട് ഡൌൺ തുടങ്ങും. അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലേക്ക് മാറും.

വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി തിരിച്ച് നിര്‍മാണ ശാലയിലേക്കുതന്നെ കൊണ്ടുപോകാതെ 32 നില ഉയരമുള്ള വിക്ഷേപണ വാഹനമായ സ്‌പേസ് ലോഞ്ച് സിസ്റ്റവും ഓറിയോണ്‍ പേടകവും ലോഞ്ച് പാഡില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനം.

പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് 2.17-ന് ഓറിയോണ്‍ പേടകത്തിന്റെ വിക്ഷേപണം നടക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യമാവും ഇത്. തിരികെ ഭൂമിയിൽ എത്തുന്ന മാതൃകയിലാണ് പ്രവർത്തനം. മനുഷ്യരെ ചന്ദ്രനിലെത്തിച്ച് തിരികെ കൊണ്ടു വരുന്നതാണ് പരീക്ഷിക്കുന്നത്

റോഡിലെ ക്യാമറ കണ്ണുകൾ സജ്ജമായി, പിഴ വീഴാതെ നോക്കാം

താഗത നിയമ ലംഘനം കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ റെഡിയായി. സെപ്റ്റംബര്‍ മാസത്തോടെ ഇവയുടെ ആർടിഫിഷ്യൽ ഇൻ്റലിജൻസ് കണ്ണുകൾ നിയമ ലംഘനം നിരീക്ഷിച്ച് തുടങ്ങും.

225 കോടി മുടക്കിയാണ് ക്യാമറകൾ ഒരുക്കിയിട്ടുള്ളത്. 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ.ഐ) ക്യാമറകളും നൂറോളം ട്രാഫിക് സിഗ്‌നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളും ഫിറ്റ് ചെയ്ത് പരീക്ഷണ നിരീക്ഷണം നടത്തി. ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.

നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തും. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ നിലവിലെ ട്രാഫിക് ക്യാമറകള്‍ തുടര്‍ന്നും ഉപയോഗിക്കും.

ഏപ്രിലിൽ തുടങ്ങാൻ നിശ്ചയിച്ച നിരീക്ഷണം

വാഹനങ്ങളെ സംബന്ധിച്ച് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററിന്റെ ഡാറ്റകള്‍ കിട്ടാന്‍ വൈകിയതാണ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകാന്‍ കാരണം.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മാസത്തില്‍ ഇവ റോഡരികില്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെയുള്ള കാറുകളിലെ യാത്ര, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്യുന്നത്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് എ.ഐ ക്യാമറ വഴി തിരിച്ചറിയാനാകുക. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ക്യാമറകള്‍ വഴി അതാത് സമയം കണ്‍ട്രോള്‍ റൂമുകളിലേക്കെത്തും. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇ-ചെലാന്‍ സംവിധാനത്തിലാകും പിഴ ഈടാക്കുക.

പിഴ 20,000 വരെ

  • ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ.
  • ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ.
  • മൂന്നുപേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1,000 രൂപ. (4 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും).
  • വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2,000 രൂപ.
  • സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ.
  • നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5,000 രൂപ.
  • അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ലോഡ് കയറ്റിയാല്‍ 20,000 രൂപ.

കാറിനകത്ത് രാജവെമ്പാലയുമായി ഒരു മാസം കറങ്ങി, സംശയത്തിനൊടുവിൽ വനം വകുപ്പ് എത്തി വിഷരാജനെ പിടികൂടി

കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറില്‍ കയറിയ പാമ്പാണിതെന്നാണ് സംശയം.

ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റ് ഫിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് പണി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ കണ്ടിരുന്നു. സംശയം തീർക്കാൻ കാർ രണ്ടു ദിവസം അനക്കാതെ ഇട്ടു.

പിന്നീട് വാഹനം വിശമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി. പതിവ് പോലെ തൊഴിലും യാത്രയും തുടർന്നു.

രാജവെമ്പാലയുമായി കറങ്ങി, സുഹൃത്തും കൊണ്ടു പോയി

ഈ വാഹനവുമായി എറണാകുളം, നെടുമ്പാശ്ശേരി, കൊല്ലം, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. ഈ സമയത്തെല്ലാം പാമ്പ് കാറിലുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് സുജിത്ത് പറഞ്ഞു. മറ്റൊരു സുഹൃത്തും ഈ കാറുമായി പോയിരുന്നു.

കഴിഞ്ഞ ആഴ്ച സുജിത്തിൻ്റെ വീടിന് സമീപത്തുനിന്ന് പാമ്പിൻ്റെ പടം പൊഴിച്ചിട്ടതായി കണ്ടെത്തി. ഇതോടെ വഴിക്കടവിലെ പാമ്പിനെ ഓർത്തു. തുടര്‍ന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിൻ്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചു. എങ്കിലും ഒന്നും കണ്ടെത്തിയില്ല.

ഇന്ന് രാവിലെ വീടിൻ്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് അയൽക്കാർ പറഞ്ഞതോടെ സംശയമായി. തിരച്ചിൽ നടത്തി. പാമ്പിൻ്റെ സാന്നിധ്യം ഉറപ്പായതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി പരിശോധന നടത്തി. സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇത് മാരക വിഷമുള്ള രാജവെമ്പാലയാണെന്നും ഉറപ്പിച്ചു.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ലോബിക്ക് റവന്യൂ ഉദ്യോഗസ്ഥ ബന്ധമെന്ന് പരാതി, വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം സഭയിൽ ഉന്നയിച്ചത് കെ.കെ രമ എംഎൽഎയാണ്. അട്ടപ്പാടിയിൽ ആദിവാസികളുട ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറുകയാണെന്ന് എംഎൽഎ ആരോപിച്ചു. വ്യാജ രേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണ്. ആദിവസാികളെ ഇതിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

റവന്യൂ ഉദ്യോഗസ്ഥർ ഇതിന് വേണ്ടി കൂട്ടു നിൽക്കുകയാണെന്നും കെ.കെ രമ എംഎൽഎ വ്യക്തമാക്കി

പരാതികൾ റവന്യു വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. 

ഐ എസ് ആർ ഓ ചാരക്കേസിലെ ഫൗസിയ ഹസൻ അന്തരിച്ചു

0

ഐഎസ്ആർഒ ചാരക്കേസിൽ തടവിലാക്കി പീന്നീട് കുറ്റവിമുക്തയായി കണ്ടെത്തി വിട്ടയച്ച ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസൻ്റെ മരണ വിവരം മാലി സർക്കാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു അന്ത്യം.

1994 നവമ്പർ മുതൽ 1997 വരെ ഐ എസ് ആർ ഒ ചാരക്കേസിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലമായി ഇവർ ശ്രീലങ്കയിലാണ്

നടിയും വിദേശകാര്യാലയം ഉദ്യോഗസ്ഥയും

35 വർഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫിസറായി പ്രവർത്തിച്ചിരുന്നു.

ഐഎസ്ആർഒ ചാരക്കേസിൽ ഫൗസിയ ഹസനായിരുന്നു രണ്ടാം പ്രതി. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയായിരുന്നു. ഇവരും 1994 മുതൽ 1997 വരെ കേരളത്തിൽ ജയിൽവാസം അനുഭവിച്ചിരുന്നു.

1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ശ്രീലങ്കയിലെ കൊളംബോ പോളിടെക്നിക്കിൽ പഠിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ 1957 കാലഘട്ടത്തിൽ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും

0

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്ഥാനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ രാത്രി 7.30 നാണ് മത്സരം.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ കളി വിജയിച്ച്, ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ മുൻ നിര താരങ്ങൾക്ക് ഫോം കണ്ടെത്താൻ ഈ മത്സരം സഹായകമാണ്.

മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രത്തിൽ

0

ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായത്.

ഗ്ലാസ്നേസ്ത്, പെരസ്ട്രോയികയും

തുറന്ന സമീപനം അഴിച്ചു പണി എന്ന അർത്ഥം വരുന്ന ഈ വാക്കുകൾ ലോകത്തിൽ എത്തിച്ചത് ഇദ്ദഹത്തിൻ്റെ കാലത്താണ്. യു എസ് എസ് ആറിൻ്റെ ഘടനയെ തന്നെ മാറ്റിമറിച്ച രാഷ്ട്രീയ സാമ്പത്തിക പരിഷ്കാരമാണ്.

സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബവ്വേവിന്റെ ജനനം. 1946 ല്‍ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്ത ഇദ്ദേഹം നാല് വര്‍ഷം ഒരു സര്‍ക്കാര്‍ കൊയ്ത്തു പാടത്ത് ജോലി ചെയ്തിട്ടുണ്ട്. 1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്.

1955 ല്‍ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കോംസമോളില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1970 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി ചുമതലയേറ്റു. 1971 ലാണ് ഗോര്‍ബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെൻട്രല്‍ കമ്മിറ്റി അംഗമാവുന്നത്. ശേഷം 1978 ല്‍ അദ്ദേഹം പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്.

ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് പിന്നില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായില്‍ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (1982-84) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്തുന്നതിലും കൂടുതല്‍ ജനാധിപത്യമായ രീതികള്‍ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോര്‍ബച്ചേവ്. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോര്‍ബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

ഡ്യൂറൻഡ് കപ്പ്, ക്വാർട്ടറിലേക്ക് ബ്ലാസ്റ്റേഴ്സ്

0

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും.

ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് ഇത്. ആർമി ഗ്രീൻ അടുത്ത മത്സരത്തിൽ വിജയിച്ചാലും അവർക്ക് 7 പോയിൻ്റേ ഉണ്ടാവൂ. ക്വാർട്ടർ യോഗ്യതയ്ക്ക് ഹെഡ് ടു ഹെഡ് റെക്കോർഡാണ് കണക്കാക്കുന്നത് എന്നതിനാൽ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കും.