തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം ബോണസ്

0

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക.

ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാൻ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പേപ്പട്ടി ആക്രമണ ഭീതി പെരുകുന്നു, കടിയേറ്റ വയോധിക മരിച്ചു

0

തൃശൂർ ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് നായയുടെ കടിയേറ്റത്. കടിയേറ്റതിന് ശേഷം ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി ഇതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നു. അവർ വാക്സിൻ എടുത്ത് നിരീക്ഷണത്തിലാണ്. വാക്സിൻ എടുത്തിട്ടും പേ ബാധിച്ച് മരിച്ച സംഭവത്തിൽ ഇതുവരെ സർക്കാർ വിശദീകരണം ഉണ്ടായിട്ടില്ല. വാക്സിൻ ഗുണ പരിശോധന സംബന്ധിച്ച് സംശയങ്ങൾ തുടരുകയാണ്.

ചന്ദ്രനിലേക്കുള്ള രണ്ടാം യാത്രയുടെ പ്രഥമ പരീക്ഷണ വിക്ഷേപണം മാറ്റി വെച്ചു

0

ഇന്ന് നിശ്ചയിച്ചിരുന്ന നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്ന് വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ താളപ്പിഴയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.

പുതിയ വിക്ഷേപണ തീയതി തകരാറുകൾ പരിഹരിച്ച ശേഷമാവും. സപ്തംബർ രണ്ടാണ് പരിഗണനയിൽ.

തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആർ എസ് 25 എഞ്ചിനിലാണ് പ്രശ്നം ഉണ്ടായത്. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഈ ഒഴുക്ക് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി.

എന്‍ജിനുകളിലെ പ്രശ്നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. എന്‍ജിനിലെ തകരാറിനെ തുടര്‍ന്ന് ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം ഇന്ന് നടക്കില്ലെന്ന് നാസ അറിയിച്ചു. അടുത്ത വിക്ഷേപണത്തിന്റെ സമയത്തെക്കുറിച്ച് അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആളില്ലാ ദൌത്യം ആദ്യം

ആറാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരുന്നത്. 65000 കിലോ മീറ്റർ സഞ്ചരിച്ച് ചന്ദ്രനെ തൊട്ട് തിരികെ സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങും.

റജിസ്റ്റർ വിവാഹത്തിന് മുൻപ് പരസ്യ നൊട്ടീസ് പതിക്കുന്നത് വിലക്കണമെന്ന താത്പര്യ ഹരജി സുപ്രീം കോടതി തള്ളി

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നേരിട്ട് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നൊട്ടീസ് ഒരു മാസം മുമ്പ് അതത് ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കാരണം മുൻനിർത്തിയാണ് സുപ്രീംകോടതി തള്ളിയത്.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ മുന്‍കൂറായി നല്‍കണം. 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം.

വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്നതാണ് അപേക്ഷ. ഈ അപേക്ഷ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരില്‍ പതിക്കണം എന്നാണ് വ്യവസ്ഥ.

വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും കഴിയും. ഇത് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഈ വ്യവസ്ഥകള്‍ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

സർക്കാരും മോഹൻലാൽ ഫാനാണോ ?. ആനക്കൊമ്പ് കേസിൽ കീഴ് കോടതിയിൽ ഹാജരാവാൻ കഴിയില്ലെന്ന നടൻ്റെ വാദം ഹൈക്കോടതി തള്ളി

ആനക്കൊമ്പ് കേസില്‍ കീഴ് കോടതിയിൽ ഹാജരാവുന്നതിൽ നിന്നും രക്ഷപ്പെടാൻ സർക്കാരിനെ കൂട്ടുപിടിച്ചുള്ള നടൻ മോഹന്‍ലാലിൻ്റെ നീക്കം ഹൈക്കോടതി തള്ളി.

മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ല.

മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരായില്ല. സർക്കാരും നടനെ പിന്തുണച്ചു.

കേസിന് എതിരായ സർക്കാർ നിലപാട് തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍ക്കാറിന്റെ അപേക്ഷ തള്ളിയതില്‍ മോഹന്‍ലാലിന് എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറാണ് ഹര്‍ജി നല്‍കേണ്ടതെന്നും മോഹന്‍ലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു.

മോഹന്‍ലാലിന്റെ നീക്കത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഇതോടൊപ്പം നിരസിച്ചു.

ഉപദേശം തേടാൻ പറഞ്ഞവരെല്ലാം ഞാൻ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ സ്കൂൾ കുട്ടികളായിരുന്നു; കടുത്ത ആരോപണങ്ങളുമായി ഗുലാം നബി ആസാദ് വീണ്ടും

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരേ വീണ്ടും ഗുലാം നബി ആസാദ്. രാഹുല്‍ നല്ല വ്യക്തിയാണെങ്കിലും രാഷ്ട്രീയത്തിന് പറ്റിയ ഗുണം അദ്ദേഹത്തിനില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

‘സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തര്‍ക്കിക്കാന്‍ കഴിയില്ല. ജി-23ന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. എന്നിട്ട് അവര്‍ എന്താണ് ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ കെ.സി.വേണുഗോപാലുമായി ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ കെ.സി.വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു.

‘എങ്കിൽ രണ്‍ദീപ് സിങ് സുര്‍ജെവാലയോട് സംസാരിക്കാന്‍ അപ്പോള്‍ ആ കുടുംബത്തിലെ ഒരാള്‍ പറഞ്ഞു. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ രണ്‍ദീപിന്റെ പിതാവ് സംസ്ഥാന ഘടകത്തിൻ്റെ ഭാഗമാണ്. അദ്ദേഹം എനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്.

ഞാന്‍ എങ്ങനെ അദ്ദേഹത്തിന്റെ മകനുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എന്താണ് രാഹുല്‍ ഗാന്ധി ജീ, താങ്കള്‍ പറയുന്നത്’, ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടെ ഗുലാം നബി പറഞ്ഞു.

സോണിയയുടെ പ്രവർത്തനങ്ങളെയും രാഹുൽ തകർത്തു

സോണിയ ഗാന്ധിയുടെ ശൈലിയേയും പ്രവര്‍ത്തനങ്ങളേയും രാഹുല്‍ തകര്‍ത്തെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. രാഹുല്‍ പ്രസിഡന്റായി തിരിച്ചെത്തിയാലും മറ്റാരെങ്കിലും ആ സ്ഥാനത്ത് എത്തിയാലും അയാളുടെ അടിമയായി തന്നെ കഴിയേണ്ടി വരും. അയാളുടെ ഫയലുകള്‍ ചുമക്കേണ്ടവനായി മാറും. എത്ര സമയമാണ് രാഹുല്‍ പാര്‍ട്ടിക്കായി മാറ്റിവെക്കുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അദ്ദേഹത്തിന്റെ പ്രായത്തില്‍ തങ്ങള്‍ 20 മണിക്കൂറാണ് ദിവസവും പാര്‍ട്ടിക്കായി മാറ്റിവെച്ചിരുന്നതെന്നും ഗുലാം നബി പറഞ്ഞു.

രാഹുൽ നല്ലവൻ, പാർട്ടിക്ക് കൊള്ളില്ല

‘വ്യക്തിപരമായി എനിക്ക് വിരോധമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മാന്യനാണ്. എപ്പോഴും എന്നോട് ബഹുമാനത്തോടെ പെരുമാറിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിരുചിയില്ല.അച്ഛനെയും മുത്തശ്ശിയെയും പോലെ കഠിനാധ്വാനം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനില്ല’ എന്‍ഡിടിവിയോട് ആസാദ് വ്യക്തമാക്കി.

മന്‍മോഹന്‍ സിങ്, എ.കെ.ആന്റണി, പി.ചിദംബരം ഒപ്പം ഞാനും

2019-ലെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യവുമായി എന്തുകൊണ്ട് സഹകരിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എന്തിന് സഹകരിക്കണം? ഇത് എന്റേതല്ല, നിങ്ങളുടെ ഭാഷയായിരിക്കാം എന്ന് ഞാന്‍ രാഹുലിനോട് പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയോട് ഇങ്ങനെ പറയണമെന്ന് ഇന്ദിരാഗാന്ധി പോലും ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ പോകാനാണ് രാജീവ് ഗാന്ധി പറഞ്ഞത്. നമുക്ക് ഇങ്ങനെ സംസാരിക്കാന്‍ കഴിയില്ല. ഞങ്ങളെ ഇങ്ങനെ വളര്‍ത്തിയിട്ടില്ല. ഈ മുദ്രാവാക്യം രാഹുല്‍ ഉയര്‍ത്തിയത് മുതല്‍ പല മുതിര്‍ന്ന നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മന്‍മോഹന്‍ സിങ്, എ.കെ.ആന്റണി, പി.ചിദംബരം ഒപ്പം ഞാനും അതിനെ എതിര്‍ത്തിരുന്നു.

പ്രവർത്തക സമിതിയെ തഴഞ്ഞു

ഇന്ദിരാ ഗാന്ധിയുടേയും രാജീവിന്റേയും കാലത്ത് പാര്‍ട്ടിയെ തഴച്ചുവളരാന്‍ സഹായിച്ച സമിതിയായിരുന്നു കോൺഗ്രസ് പ്രവര്‍ത്തക സമിതി. 1998 നും 2004 നും ഇടയില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണ്ണമായും കൂടിയാലോചന നടത്തിയിരുന്നു. അവര്‍ സമിതിയെ ആശ്രയിച്ചു, ശുപാര്‍ശകള്‍ സ്വീകരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിനുശേഷം, 2004 മുതല്‍, സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. അങ്ങനെ ചെയ്യാനുള്ള യോഗ്യത അദ്ദേഹത്തിനില്ലായിരുന്നു.

പാർട്ടിയെ ശക്തിപ്പെടുത്താൻ നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ചു

എല്ലാവരും രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ചുമതല രാഹുല്‍ ഏറ്റെടുത്തെങ്കിലും അദ്ദേഹം അതിലൊന്നും ശ്രദ്ധപുലര്‍ത്തിയില്ല. പലതവണ ഓര്‍മപ്പെടുത്തി. ഒരു പദ്ധതിയും പ്രചാരണങ്ങളും നടപ്പാക്കിയില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് വര്‍ഷമായി നല്‍കിയിട്ടുള്ള ശുപാര്‍ശകളെല്ലാം എഐസിസി സ്റ്റോറില്‍ കെട്ടികിടക്കുകയാണ്. പാര്‍ട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ശ്രമങ്ങളും നടന്നിട്ടില്ലെന്നും ആസാദ് പറഞ്ഞു.

ഇത്രയും നീണ്ട കരിയറിന് ശേഷം, ചുമലകള്‍ നല്‍കിയ പാര്‍ട്ടിയെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തി ആസാദ് സ്വയം താഴുകയാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. കോൺഗ്രസ് വിട്ട് ഗുലാം നബി ആസാദ് കശ്മീർ കേന്ദ്രമാക്കി പുതിയ പാർട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെന്നതാണ് വാർത്ത.

ചന്ദ്രനിലേക്ക് വീണ്ടും, ആർട്ടെമിസ് ആദ്യ പരീക്ഷണം ഇന്ന്

0

അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക.

മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏകദേശം 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക.

ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തില്ല. വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ 2 നോ 5 നോ പ്രതീക്ഷിക്കാം. മൊത്തം ചിലവ് രണ്ട് ലക്ഷം കോടി രൂപയാണ്.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും 16 ഫോണുകൾ പിടിച്ചെടുത്തു

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ‌ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. കുട്ടികളുടെ ദൃശ്യങ്ങളും നഗ്‌നചിത്രങ്ങളും ഇന്റെർനെറ്റിൽ സെർച്ച് ചെയ്യുന്നവരെയും ഇത് മൊബൈലുകൾ മുഖേനെ കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായുള്ള പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ വീയപുരം, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.

പിടികൂടിയ ഫോണുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും രാവിലെ 7 മുതലായിരുന്നു റെയ്ഡ്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നി നോഡൽ ഓഫീസറായുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യകതികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ എത്രയും വേഗം പൊലീസിനെ വിവരം അറിയിക്കണം.

കുടയത്തൂരിൽ ഉരുൾപൊട്ടി, രണ്ടു പേർ മരിച്ചു, മൂന്നു പേരെ കാണാനില്ല

തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി ഇവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഒരേ വീട്ടിലുള്ളവരാണ് അപകടത്തിന് ഇരയായത്

കുടയത്തൂര്‍ കവലയിലെ മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ മൂന്നിനും 3.30 നുമിടെയാണ് ദുരന്തം.

ചിറ്റടിച്ചാല്‍ സോമന്റെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ആദിദേവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഏഷ്യാകപ്പിൽ ഇന്ത്യയ്ക് മൂന്നു വിക്കറ്റ് നഷ്ടം

0

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് രണ്ട്, മൂന്ന് വിക്കറ്റുകളായി പുറത്തായത്. മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഇഫ്തിക്കാർ അഹ്മദ് പിടികൂടുകയായിരുന്നു. ഓവറിലെ നാലാം പന്തിൽ രോഹിത് ഒരു സിക്സർ നേടിയിരുന്നു. 18 പന്തുകളിൽ 12 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്. 10ആം ഓവറിലെ ഒന്നാം പന്തിൽ നവാസിനെതിരെ തന്നെ സിക്സറിനു ശ്രമിച്ച് കോലിയും മടങ്ങി. 34 പന്തുകളിൽ 3 ബൗണ്ടറിയും ഒരു സിക്സറും സഹിതം 35 റൺസെടുത്ത കോലിയെയും ഇഫ്തിക്കാർ അഹ്മദാണ് പിടികൂടിയത്.

ഓപ്പണർ കെഎൽ രാഹുലാണ് ആദ്യം മടങ്ങിയത്. നസീം ഷാ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കെഎൽ രാഹുൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നസീം ഷായുടെ കന്നി ടി-20 വിക്കറ്റാണ് ഇത്. ഓവറിൽ ഇന്ത്യ രാഹുലിനെ നഷ്ടപ്പെടുത്തി 3 റൺസ് നേടി. ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ തകർപ്പൻ ബൗളിംഗാണ് നസീം ഷാ കാഴ്ചവച്ചത്. ഓവറിൽ കോലിയുടെ എഡ്ജ് കണ്ടെത്താൻ സാധിച്ച നസീമിന് രോഹിതിനെ വിറപ്പിക്കാനും സാധിച്ചു.