ആയുസ്സിന്റെ പകുതിക്കപ്പുറം കിട്ടിയവരാണ് ജീവിതത്തിന്റെ കളർ മാറ്റിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യമാരോട് കള്ളം പറഞ്ഞ് വീണ്ടും… ഞങ്ങൾ എന്നു പറഞ്ഞാൽ, കഴിഞ്ഞ ജന്മത്തിലെ കടം തീർക്കാൻ കൂടെ കൂടിയവർ…
അവർക്ക് പേര് പലത്… നിങ്ങൾക്ക് അവരെ അനിലെനും, അനൂപ് എന്നും, അശ്വതി എന്നും ബേസിൽ എന്നും, ഒക്കെ വിളിക്കാം! ഞങ്ങൾ കൂടുമ്പോൾ നാലോ അഞ്ചോ ജീവിതം ഒന്നാകും പോലെ… ഒരേ ഒഴുക്കിലെ ഇലകൾ പോലെ… കഥ പറഞ്ഞ്, കളി പറഞ്ഞ് കള്ളുകുടിച്ച് സന്തോഷത്തിന്റെ തിരകളുടെ തീരത്ത് ഇങ്ങനെ….
ഇത്തവണ യാത്ര കോതമംഗലത്തിനപ്പുറം കാടൊരുക്കിയ, പുഴയൊരുക്കിയ, ആ ഗ്രാമത്തിലേക്ക് ഭൂതത്താൻ അണക്കെട്ടിന്റെ, ഇടമലയാർ അണകെട്ടിന്റെ ജലസംഭരണ പ്രദേശത്ത്… പെരിയാറിന്റെ കൈവഴികളിൽ പ്രകൃതി ഒരുക്കിയ വിസ്മയം…
കുട്ടമ്പുഴ… വൈകി ഇറങ്ങിയ യാത്രയിൽ രാത്രി ഭൂതത്താൻകെട്ടിനുമപ്പുറം മഴയുള്ള വനയാത്ര വന്യതയുടെ പേടിപ്പിക്കുന്ന കഥകളും കാറിൽ ഞങ്ങളും ഞങ്ങളെ കാത്ത് ഈ കാടിനപ്പുറം അനിലേട്ടനും എൽദോസ് ചേട്ടനും കൂടെ അനിലേട്ടന്റെ മകൾ ഉത്തരയും..
വന്യതയുടെ യാത്ര ക്യാമറയിൽ പകർത്തി മഴയുടെയും വന്യതയുടെയും രാത്രിയുടെയും ഇഴ ചേരുന്ന മനസ്സിനെ മത്തുപിടിപ്പിക്കുന്ന യാത്ര… ഒടുവിൽ പ്രിയപ്പെട്ട അനിലേട്ടന്റെ വീട്ടിൽ പുറത്ത് വലിയ പേരചുവട്ടിൽ കസേരകളും ഭക്ഷണവും പിന്നെ മറ്റു പലതും ഞങ്ങളെ കാത്തിരിക്കുന്നു..
വട്ടം ചുറ്റി ഒരുമിച്ചിരുന്ന് അവസാന കണ്ടുമുട്ടലിനും അപ്പുറമുള്ള ജീവിതവും തമാശകളുമായി ആ രാത്രിക്ക് സൗഹൃദത്തിന്റെ നിലാവെളിച്ചം നൽകി. കുറച്ചു മനുഷ്യർ ഒരുമിച്ചിരുന്ന് ജീവിതം പറയുമ്പോൾ ഓരോരുത്തരും അവരവരെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കുന്നു… സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തെ കണ്ടെത്തുന്നു… പുലരികളെ മനോഹരമാക്കാൻ കുട്ടമ്പുഴക്കും… പാറകൾക്കും… കൂടെ കൂടിയ മഴയ്ക്കും അസൂയ തോന്നി.
ഇഞ്ചിത്തോടും, പൂയംകുട്ടിയും, ഉരുളൻ തണ്ണിയും പിന്നെ പേര് അറിയാത്ത ഗ്രാമപ്രദേശങ്ങളും… എന്തുമാത്രം മനുഷ്യർ… ആദിവാസി മേഖലകളും കമ്മ്യൂണിസം പറഞ്ഞ ഉറങ്ങുകയും, ഉണരുകയും ചെയ്യുന്ന ഇടങ്ങൾ. ഞാനറിയുന്നു ഏറ്റവും അടുത്ത് കിട്ടുന്ന… അടുത്ത് ജീവിക്കുന്ന നഗരത്തിന്റെ തിരക്കുകളിൽപെടുന്ന ജീവിതങ്ങളെക്കാൾ… എത്ര ഭംഗി ആ ഗ്രാമത്തിന്റെ കുറവുകളിൽ സന്തോഷത്തോടെ ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യർ….
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് പുഴയും, മലയും, കാടും, ചുറ്റപ്പെടുന്ന ഗ്രാമത്തിന്റെ പച്ചയായ മനുഷ്യരുടെ കഥ…!
ഇനിയും അവിടെയെത്താൻ… ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യരും, ഓരോ കഥകളാണ്… ഇനിയും അവിടെയെത്താൻ ആ നാടിനെ ആ നാട്ടുകാരെ നിഗൂഢമായ, വന്യമായ, ആ ഗ്രാമത്തിലെ ഒരു അംഗമാകാൻ…
പറഞ്ഞവസാനിപ്പിക്കും മുമ്പ് ഒരു കാര്യം… കണ്ടുമുട്ടലിന്റെ മറയില്ലാതെ മനുഷ്യരിലേക്ക് കടന്നു വരികയും വർഷങ്ങളുടെ പരിചയം പോലെ പെരുമാറുകയും ചെയ്യുന്ന ചില മനുഷ്യർ… പണ്ടെങ്ങോ എഴുതിയതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതവും… ജീവിക്കുന്ന ജീവിതവും തമ്മിലുള്ള വ്യത്യാസം…
ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കതയിൽ ജനിച്ചു കൂട്ടുകാരും, പാർട്ടിയും, സൗഹൃദങ്ങളും പ്രണയവും, നന്മയുടെ പ്രസരിപ്പുമായി ഓർമ്മകളുമായി ജീവിച്ച് മരിക്കണം… അടുത്ത ജന്മത്തിനായി ചില മനുഷ്യരെ മാറ്റിവയ്ക്കണം.. അത് ചില സ്വപ്നങ്ങളുടെ ബാക്കി മാത്രമാകുന്നു…
തിരിച്ചു പോരണമെന്നില്ലാത്ത യാത്രകളിൽ ചിലത്… കുട്ടമ്പുഴയും, വടാട്ടുപാറയും, ഭൂതത്താൻകെട്ടും, ഇടമലയാറും അനിലേട്ടനും, ഉത്തരേയും, എൽദോസ് ചേട്ടനും, ബേസിലും, അശ്വതിയും, ആ നാടും അവിടുത്തെ മനുഷ്യരും ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല…
അടുത്ത മടങ്ങിവരവിനായി അവർ ഞങ്ങളെയും, ഞങ്ങൾ അവരെയും കാത്തിരിക്കട്ടെ…
മടക്കം കഥകൾ നിറഞ്ഞ മനസ്സുമായാണ്… എന്റെ കഥകളും, കഥാപാത്രങ്ങളും അടങ്ങിയ ഇടങ്ങൾ…ഒഴുകിയ പുഴയും, കാടും, മൃഗങ്ങളും, പാറക്കെട്ടുകളും, പിന്നെ ചില മനസ്സുകളും, കഥാപാത്രങ്ങൾ ആകുമ്പോൾ… ഓർമ്മകൾ കൊണ്ടും, കാഴ്ചകൾ കൊണ്ടും മനസ്സ് സമ്പന്നമാണ്..!
ജന്മ ബന്ധങ്ങൾക്കപ്പുറം കർമ്മബന്ധമുള്ള ചിലയിടങ്ങൾ,മനുഷ്യർ,ഓർമ്മകൾ… ഇവയൊക്കെയാണ് ജീവിതത്തെ ഇന്ന് കൂടുതൽ സ്പർശിക്കുന്നത്… ഓർമ്മകൾ കൊണ്ട്, കാഴ്ചകൾ കൊണ്ട് മനസ്സിന്റെ അറകൾ നിറയുമ്പോൾ… തുറന്നുവിടാൻ കൂടിയാണ് എഴുതുന്നത്.
എഴുത്ത് ഒരു രോഗമായി മാറിയ ഒരാളുടെ കുറിപ്പ്..! എഴുതിയാൽ മാത്രം തീരുന്ന ഒരു രോഗം..! വായിക്കുക… മറന്നു കളയുക…
പതിവ് നാടകീയതകൾക്ക് ഒടുവിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് രാജി.
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
പുതിയ ജെഡിയു- ബിജെപി സഖ്യസർക്കാർ ഇന്ന് വൈകിട്ട് 5ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽ നിന്നും ജെഡിയുവിൽ നിന്നും ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും.
മലയാള സിനിമയിൽ ചിരിയുടെ ഒരു കാലഘട്ടമായിരുന്നു മാള അരവിന്ദൻ എന്ന നടൻ. സിനിമാലോകത്തും സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിൻ്റെ ഓർമ്മദിനമാണ് ഇന്ന് (1939 – 2015).
ഹാസ്യറോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളും അവതരിപ്പിച്ചിരുന്നു. കുതിരവട്ടം പപ്പുവിനും ജഗതി ശ്രീകുമാറിനും സമകാലീനനായ മാള സ്വതസിദ്ധമായ നർമ്മ പ്രകടനങ്ങൾ കൊണ്ട് എന്നും വ്യത്യസ്തനായി നിന്നു. നീട്ടിയും കുറുക്കിയും വെള്ളിവീഴ്ത്തിയും ചിരിച്ചും മുന്നോട്ടു നീങ്ങുന്ന സംഭാഷണശൈലിയാണ് മാളയുടെ പ്ലസ് പോയിന്റ്. എൺപതുകളിൽ ഒരു മാള തരംഗം തന്നെ മലയാളസിനിമയിലുണ്ടായി.
താളാത്മകമായ സംഭാഷണ ശൈലി പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു. മാളയുടെ സാന്നിധ്യം തന്നെ ചിരി പടർത്തുന്നതായി മലയാള സിനിമയിൽ നിറഞ്ഞ നടനായി.
എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് ജനിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മ കുട്ടികളെ പാട്ടു പഠിപ്പിക്കുമ്പോൾ തകരപ്പെട്ടിയിൽ താളമിട്ടാണ് അരവിന്ദൻ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു. കലാ രംഗത്തേക്കുള്ള ചുവട് വെപ്പായിരുന്നു ഇത്.
ജോലിക്കായി അമ്മ മൂന്ന് മക്കൾക്ക് ഒപ്പം തൃശൂർ ജില്ലയിലെ മാളയിൽ വന്നു താമസമാക്കിയതോടെയാണ് അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
തബലിസ്റ്റായി തുടക്കം
650 സിനിമകൾ
12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ചു. നാല്‍പത് വർഷത്തെ സിനിമാജീവിതത്തിൽ 650 ലേറെ സിനിമകളിൽ അഭിനയിച്ചു. അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവർത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാർമോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോൾ പിന്നീട് ഇരുവരും അമച്വർ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി.
കോട്ടയം നാഷണൽ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവർത്തിച്ചത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി.
1976 ൽ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ പി ചന്ദ്രകുമാറാണ് സിനിമയിൽ വേഷം നല്‍കിയത്.
ഓസ്‌കാർ മിമിക്‌സ് എന്ന പേരിൽ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹൻലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ നീയറിഞ്ഞോ മേലേ മാനത്ത് എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
2013 ൽ പുറത്തിറങ്ങിയ ഗോഡ് ഫോർ സെയിലാണ് റിലീസ് ചെയ്ത അവസാന ചിത്രം. മിമിക്‌സ്പരേഡ്, കന്മദം, അഗ്നിദേവൻ, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, ജോക്കർ, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവൻ, മഹായാനം, പട്ടാളം, സേതുരാമയ്യർ സിബിഐ, ലൂസ് ലൂസ് അരപ്പിരി ലൂസ്, പെരുമഴക്കാലം, രസികൻ. സന്ദേശം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ചിത്രങ്ങളിലെ മാള അരവിന്ദന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2015 ജനുവരി 28ന്, മലയാളത്തിന്റെ ഹാസ്യ നടന്മാരിൽ തന്റേതായൊരു ശൈലിയിൽ ഏറെ വിജയിച്ചിരുന്ന മാള അരവിന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗീതയാണ് ഭാര്യ. മക്കൾ മുത്തു , കല. മരുമക്കൾ ദീപ്തി, സുരേന്ദ്രൻ.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
ഇതുസംബന്ധിച്ച ട്വീറ്റ് പുറത്തു വിട്ടു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും ഗവർണർക്ക് ഒരുക്കുക. കേരള പോലീസിന്റെ സുരക്ഷ മറികടന്നാവും ഇത്.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് കേന്ദ്രത്തിൻ്റെ നേരിട്ടുള്ള ഇടപെടൽ. വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധിച്ചത്. ഇതിൽ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ എത്തുകയായിരുന്നു.
Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon'ble Governor and Kerala Raj Bhavan :PRO,KeralaRajBhavan
കുറ്റിക്കോൽ അറത്തൂട്ടിപ്പാറ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ വണ്ടിയിലിടിച്ച് ഡ്രൈവർ മരിച്ചു
മീൻ വിൽപ്പന നടത്തുന്ന പിക് അപ്പ് വാനിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.
മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുറ്റിക്കോലിൽ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുറ്റിക്കോൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടം.
ലോറിയും മിനി പിക്കപ്പ് വാനും റോഡരികിൽ താഴ്ച്ചയിലേക്ക് മറിഞ്ഞു. പിക്കപ്പ് വണ്ടിയിൽ കുടുങ്ങി കിടന്ന ജോബിനെ രക്ഷപ്പെടുത്താൻ കുറ്റിക്കോൽ അഗ്നി രക്ഷാസേന ശ്രമം നടത്തിയെങ്കിലും പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടോടി പനച്ചിക്കുന്നേൽ ജോസഫിന്റെയും മേരിയുടെയും മകനാണ് മരിച്ച ജിജോ ജോസഫ്. സഹോദരങ്ങൾ: ജോബി, ജസ്റ്റിൻ
മസാല ബോണ്ടിലെ വിജയത്തിലൂടെ കിഫ്ബിക്ക് ഇന്ത്യൻ മണി മാർക്കറ്റിൽ ലഭിച്ച വിശ്വാസ്യതയും അംഗീകാരവും വളരെ വലുതാണ്. ഒരു യോഗത്തിൻ്റെ മിനുട്സാണ് വലിയ രഹസ്യമെന്ന മട്ടിൽ മാധ്യമ ചർച്ചയ്ക്കായി പുറത്തു വിട്ടിരിക്കുന്നത്. നിയമസഭയിൽ വെച്ച രേഖയാണിത് എന്നു കൂടി ഓർമ്മിപ്പിച്ചാണ് ഇതിലെ ഇഡി രാഷ്ട്രീയം മുൻ ധന മന്ത്രി തോമസ് ഐസക് തുറന്നു കാട്ടുന്നത്.
അന്വേഷണ ഏജൻസിക്ക് എതിരെ പ്രത്യക്ഷമായ ആക്രമണത്തിന് മുതിരാതെ വസ്തുതകൾ തുറന്ന് പറയുകയാണ്.
എടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്ത്യന്‍ റുപ്പി ഡിനോമിനേറ്റഡ് ബോണ്ട്. അത് വിജയകരമായി എടുത്തു. എന്നുമാത്രമല്ല ആ വര്‍ഷത്തെ ജനറല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും നല്ല ഇഷ്യുവായി അവര്‍ അവാര്‍ഡും തന്നു.
മസാല ബോണ്ടിനു കൊടുക്കേണ്ടിവന്ന പലിശ അതിരുകവിഞ്ഞതല്ല. സമാന റേറ്റിംഗുള്ള ആന്ധ്രാപ്രദേശിലെ ക്യാപിറ്റൽ റീജിയണൽ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് ഇന്ത്യയിൽ കൊടുക്കേണ്ടി വന്നത് 10.72 ശതമാനമാണ്.
ഇന്നിപ്പോള്‍ മസാല ബോണ്ട് ഇറക്കാന്‍ പോയിട്ടുണ്ടെങ്കില്‍ അനുവാദം കിട്ടുകയില്ല. അവസരം നോക്കി ഉപയോഗപ്പെടുത്തുന്നതാണ്. അല്ലാതെ പലിശനോക്കി ചെയ്യുന്നതല്ല.
തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം
ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യ രേഖയൊന്നുമല്ല. പബ്ലിക് ഡൊമൈനിൽ ഉള്ളതാണ്. നിയമസഭയിൽ ഹാജരാക്കിയതാണ്. അതിൽ നിന്ന് എന്തു നിയമലംഘനമാണ് തെളിയുന്നത്?പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ കൈരേഖ കാണിച്ചു രേഖയുണ്ടെന്നു പറയുന്ന തമാശക്കഥകളിൽ ഒന്നുമാത്രമാണിത്.
മസാലബോണ്ട് ഇറക്കിയതും അതിന്റെ ധനവിനിയോഗവും തികച്ചും നിയമപരമായി നടന്ന ഒന്നാണു. ഇക്കാര്യം റിസർവ് ബാങ്ക് തന്നെ കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “The Rupee Denominated Bonds Which are issued overseas by eligible borrowers within the ECB framework are commonly known as Masala Bonds. External Commercial Borrowing by way of issuance of Rupee Denominated Bonds overseas by eligible borrowers was permitted by RBI…”
മസാലാ ബോണ്ട് FEMA നിയമപ്രകാരമുള്ള വിദേശ വാണിജ്യ വായ്പയാണ് എന്നാണ് അർത്ഥം. അത് അർഹരായവർക്ക് എടുക്കാം. കിഫ്ബി ഇതിന് അർഹരാണോ? ആർബിഐ സത്യവാങ്മൂലത്തിൽ തന്നെ പറയുന്നത് “No objection Certificate was provided by RBI to the petitioners ….”. ആർബിഐയിൽ നിന്നുതന്നെ രജിസ്ട്രേഷൻ നമ്പരും നേടി. മസാല ബോണ്ട് തികച്ചും നിയമ വിധേയമാണ്. അതിറക്കാൻ കിഫ്ബിയ്ക്ക് ആർബിഐ അനുമതിയുണ്ട്. വസ്തുത ഇതാണല്ലോ? അപ്പോൾ മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച ബോർഡ് യോഗത്തിൽ അതിനു അനുകൂലമായി അഭിപ്രായം പറഞ്ഞു എന്നതു മഹാപരാധമായി പറയുന്നതും ആഘോഷിക്കുന്നതും എത്രമേൽ അസംഗതമാണ്.
മസാല ബോണ്ട് ഒരു വർഷം ചികഞ്ഞിട്ടും ഇഡിക്ക് നിയമ ലംഘനം കണ്ടെത്താനായിട്ടില്ല. ഇഡിയാണു പറയേണ്ടത് എന്തു നിയമലംഘനമാണ് നടന്നതെന്ന്. അതു പറയാതെ നിയമലംഘനം നടന്നോയെന്ന് അറിയാനുള്ള ചുറ്റിക്കറങ്ങിയുള്ള അന്വേഷണം അഥവാ റോവിംഗ് എൻക്വയറി പാടില്ലായെന്നാണ് ഹൈക്കോടതി വിധിയുടെ അന്തസത്ത. എന്താണോ ചെയ്യരുതെന്നു കോടതി പറഞ്ഞത്, അതു വീണ്ടും ആവർത്തിക്കുകയാണ് ഇഡി. അതിനു വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമൻസ് വീണ്ടും അയച്ചാൽ കോടതിയുടെ സംരക്ഷണത്തിനു ഹർജി നൽകും. ഇപ്പോൾ തന്നെ കിഫ്ബിയുടെ സീനിയർ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള തുടർഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നു. ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നതു ശരിയല്ല. എന്നാൽ അന്വേഷണവുമായി സഹകരിക്കണം, ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകണം എന്നാണ് കോടതി പറഞ്ഞത്.
മസാലബോണ്ട് ഇറക്കിയതുമായി എനിക്കു ബന്ധമില്ല എന്നല്ല മുൻപ് വിശദീകരിച്ചിട്ടുള്ളത്. കിഫ്ബി സമിതിയിലും അതിന്റെ വൈസ് ചെയർമാൻ എന്ന പദവിയും എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ എന്ന പദവിയും എക്സ് ഒഫിഷ്യോ സ്ഥാനങ്ങളാണ്. ആ പദവിയുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ കൂട്ടായ തീരുമാനങ്ങളിൽ പങ്കാളിയായിട്ടുള്ളത്. കിഫ്ബി ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ നിന്നും തെളിയുന്നത് ബോർഡ് പ്രൊഫഷണലും സ്വതന്ത്രവുമായി പ്രവർത്തിക്കുന്ന ഒന്നാണെന്നാണ്. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുന്നതിന് ഒരു തടസ്സവുമില്ല. ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
പലിശയുടെ കാര്യം വിശദമായി പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. മസാല ബോണ്ടിനു കൊടുക്കേണ്ടിവന്ന പലിശ അതിരുകവിഞ്ഞതല്ല. സമാന റേറ്റിംഗുള്ള ആന്ധ്രാപ്രദേശിലെ ക്യാപിറ്റൽ റീജിയണൽ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് ഇന്ത്യയിൽ കൊടുക്കേണ്ടി വന്നത് 10.72 ശതമാനമാണ്. കിഫ്ബി നടത്തിയ അന്വേഷണത്തിൽ ബാങ്കുകൾ ഓഫർ ചെയ്തത് 10.25 ശതമാനം പലിശയാണ്. ഡോളർ ഡിനോമിനേറ്റഡ് ബോണ്ടുകൾ നിരവധി കമ്പനികൾ ഇറക്കിയിട്ടുണ്ട്. അവയുടെ ഹെഡ്ജിംഗ് ചെലവുകൾകൂടി കണക്കിലെടുത്താൽ പലിശ മസാല ബോണ്ടിനേക്കാൾ ഉയർന്നതാണ്. പിന്നെ ഒന്നുകൂടിയുണ്ട്. മസാല ബോണ്ടിലെ വിജയത്തിലൂടെ കിഫ്ബിക്ക് ഇന്ത്യൻ മണി മാർക്കറ്റിൽ വലിയ വിശ്വാസ്യതയും അംഗീകാരവും ലഭിച്ചു. ഇതൊക്കെ കണക്കിലെടുത്താണ് കിഫ്ബി മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചത്.
മന്ത്രി അല്ലാതായപ്പോൾ കിഫ്ബിയിലെ സ്ഥാനമാനങ്ങളും ഇല്ലാതായി. അതുകൊണ്ട് മസാലബോണ്ട് സംബന്ധിച്ചിട്ടുള്ള ഒരു രേഖയും എന്റെ പക്കൽ ഇല്ല. ഇഡിയുടെ കൈവശമുള്ള രേഖകൾ പ്രകാരം എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെ. നിശ്ചയമായും അത്തരം അന്വേഷണത്തോടു സഹകരിക്കും. പക്ഷേ, കോടതി പാടില്ലായെന്നു പറഞ്ഞ രീതിയിലുള്ള അന്വേഷണങ്ങളോടു സഹകരിക്കാൻ നിർവ്വാഹമില്ല.
ആനന്ദ് പട്‌വർധൻ്റെ വിഖ്യാത ഡോക്യുമെൻ്ററി ‘രാം കെ നാം’ പ്രദർശിപ്പിച്ചതിന് നാല് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. ചിത്രം പ്രദർശിപ്പിക്കുന്നത് വി എച്ച് പി പ്രവർത്തർ കടന്നു കയറി അലങ്കോലപ്പെടുത്തി. ഇതിനു പിന്നാലെ എത്തിയ പൊലീസ് ഫിലിം ക്ലബ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഹൈദരാബാദ് നഗരത്തിൽ സ്ഥിരമായി സമാന്തര ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയായ ഹൈദരാബാദ് സിനിഫൈൽസ് പ്രവർത്തർക്ക് എതിരെയാണ് നടപടി. സൈനിക്പൂരിലെ കഫെയിൽ കഴിഞ്ഞ ദിവസമാണ് ഇവർ പ്രദർശനം സംഘടിപ്പിച്ചത്. രാത്രി 7.45ന് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. 8.30ഓടെ ഒരു സംഘമെത്തി പ്രദർശനം തടസപ്പെടുത്തുകയും വേദി തകർക്കുകയും ചെയ്തു.
ക്ലബ്ബ് പ്രവർത്തകരായ ആനന്ദ് സിങ്, പരാഗ് വർമ എന്നിവരെയും പ്രദർശനത്തിന് വേദിയായ മാർലെസ് കഫെ ബിസ്ട്രോ ഉടമകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദർശനം നിയമവിരുദ്ധമാണെന്ന വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനായ ഋത്വിക് പന്ത്രങ്കിയുടെ പരാതിയിൽ കേസ് എടുത്താണ് നടപടി. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ചിത്രം പ്രദർശിപ്പിച്ചത് വർഗീയ കലാപം സൃഷ്‌ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് പരാതിയിൽ ആരോപിച്ചു. വി എച്ച് പിക്ക് എതിരെ സംസാരിച്ചു എന്നും പരാതിയിൽ ഉന്നയിച്ചു.
ആനന്ദ് പട് വർദ്ധന്റെ ‘രാം കി നാം’. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക വളർച്ച, ബാബറി മസ്ജിദിന്റെ തകർക്കലിലേക്ക് എത്തിച്ച Hinduthwa ആക്രമണങ്ങൾ, അപരവൽക്കരണം എന്നിവ ഏറ്റവും വ്യക്തതയോടെ കാട്ടിത്തരുന്ന ഡോക്യുമെന്ററി. തീർച്ചയായും കണ്ടിരിക്കേണ്ടത്.
ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ജയിലിൽ തിരികെ എത്തിച്ചത്.
കോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് 11 പ്രതികളും ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തിയത് . ജനുവരി 21ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ രണ്ട് സ്വകാര്യ വാഹനങ്ങളിലായി ജയിലിൽ എത്തിയത്.
നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ബിൽക്കിസ് ബാനുവും കൂടുംബവും ആക്രമിക്കപ്പെടുന്നത്. പൊലിസ് ആദ്യം എഫ് ഐ ആർ ഇടാൻ വിസമ്മതിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്.
2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സിപിഐ എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണ് കോടതി വിധിപറഞ്ഞത്.
രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രിംകോടതി നൽകിയ നിർദ്ദേശം. കീഴടങ്ങാൻ ഒരുമാസം സാവകാശം തേടിയെങ്കിലും കുറ്റവാളികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് സുപ്രിംകോടതി കണ്ടെത്തി.
ജയിൽ മോചിതരായ പ്രതികളെ ആരതി ഉഴിഞ്ഞും മാലയിട്ടും സ്വീകരിക്കുന്ന ചിത്രം വൈറലായിരുന്നു.
2008 ജനുവരി 21ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
മരണത്തിനപ്പുറം എന്തെന്ന് അറിയാനുള്ള വ്യഗ്രത കൊണ്ടാണോ?, അതോ, എല്ലാത്തിനുമുള്ള ഉത്തരം മരണത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നൽ കൊണ്ടാണോ?, എന്തിന്റെ പ്രേരണയിലാണ് മരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. എന്നിരുന്നാലും മൊബൈലിൽ വന്ന വാട്സ്ആപ്പ് മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്ന നിമിഷമാണ് അവൻ മരണത്തെക്കുറിച്ചു ചിന്തിച്ചത്.
നഗരത്തിലെ വൈകുന്നേരങ്ങൾ അവനു പ്രിയപ്പെട്ടതാണ്. നഗരത്തിൽ നിന്ന് മാറി കാണുന്ന ചെറിയ ചായക്കടയിൽ അവൻ എന്നും പോകാറുണ്ട്.. ചായക്കടയെന്നത് അത്ര വലുതൊന്നുമല്ല. ഒരേസമയം ആറുപേർക്കുമാത്രം ഇരിക്കാൻ സാധിക്കുന്ന ചായക്കടയുടെ മൂലയിലെ കസേരയിൽ അവനുണ്ടാകും. ആ കസേരയിൽ ഇരുന്ന് ഇടത്തോട്ട് നോക്കിയാൽ പ്രധാന റോഡിനപ്പുറം കാണുന്നത് നഗരത്തിലെ പ്രധാന കോളേജിന്റെ ഗ്രൗണ്ടാണ്. വലത്, കടയോട് ചേർന്നുള്ളത് നഗരത്തിലെ പാർക്കും.
കോളേജിന്റെ ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം അവനാ വൈകുന്നേരത്തെ കുറിച്ചോർക്കും. വടക്ക് അവൻ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവിടെ പഠിക്കാൻ വന്നതാണ് റിമി.
“നിനക്ക് എത്ര നേരമെന്നെ ഇങ്ങനെ നോക്കിയിരിക്കാൻ സാധിക്കും? “
അവനൊരു മറുപടിയും പറയാതെ, ഒന്നും മിണ്ടാൻ കൂട്ടാക്കാതെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആവർത്തിച്ചുള്ള അവളുടെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെയായപ്പോൾ ദേഷ്യം കൊണ്ടവൾ കണ്ണുകൾ രണ്ടും അവനിൽ നിന്ന് മാറ്റി.
“നിന്നെ നോക്കിയിരിക്കുമ്പോൾ സംസാരിക്കാൻ എനിക്ക് സാധിക്കില്ല.. നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും നിന്റെ മുഖത്തേക്ക്, നിന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയിട്ടില്ല.”
അവനത് പറയുമ്പോഴും കണ്ണുകൾ രണ്ടും താഴോട്ടായിരുന്നു നോക്കിയിരുന്നത്. അവളുടെ മുഖത്തേക്ക് നോക്കാൻ ഭയപ്പെടുന്നത് പോലെ.
ഇവിടെയൊരു ഇടപെടൽ നടത്തുകയാണ്. റിമിയുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന നേരമെല്ലാം, റിമിയുടെയും ഇത് വായിക്കുന്ന എല്ലാവരുടെയും ചിന്ത ഒന്നാണ്, അവൻ റിമിയെ നോക്കുന്നു.
പ്രണയത്താൽ നോക്കിക്കൊണ്ടേയിരിക്കുന്നു.
പക്ഷേ, അവിടെയാണ് യാഥാർഥ്യം മറ്റൊന്ന് വിളിച്ചു പറയുന്നത്.
അവൻ അവളെ നോക്കുന്നുണ്ടെങ്കിലും നോട്ടം അവളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, അവളെയും കടന്ന്, കോളേജും കടന്ന്, നഗരവും കടന്ന് നീണ്ടു പോകുന്നു.
ഇത് മനസിലാകാതെ റിമി, അവൻ തന്നെമാത്രമാണ് നോക്കുന്നതെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.
പക്ഷേ, മേൽ സൂചിപ്പിച്ച രണ്ടാമത്തെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ, അവിടെ മറ്റൊരു പ്രശ്നം കാണാനുണ്ട്. അവനൊരിക്കലും അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാറില്ല.
അത് ശരിയാണ്. കാരണം. സംസാരിക്കുമ്പോൾ അവൻ ബോധവാനാകുകയാണ്. പറയുന്ന വാക്കുകൾക്ക് മനസ്സിൽ മുൻകൂട്ടി കരുതിവെച്ച തുടക്കവും ഒടുക്കവുമുണ്ട്.
“… എന്റെ വാക്കുകൾക്ക് ജീവനുണ്ട്.. ജീവനുള്ള ഒന്നിനും നിന്നെ സ്പർശിക്കൽ സാധ്യമല്ല.”
റിമി അവനെ ചുംബിച്ചു.
അവനൊരു പ്രതിഷേധവും കാണിച്ചില്ല. തണുത്ത് മരവിച്ച ശവത്തിൽ ചുംബിക്കുന്ന പോലെ റിമിയുടെ ചുംബനം അവൻ സ്വീകരിച്ചു.
സ്വീകരിച്ചു എന്നതിനേക്കാൾ അവൻ അതിനെ എതിർത്തില്ല, എന്നുവേണം കരുതാൻ.
ഈ ഒരു സന്ദർഭം അവൻ കൂടെ കൂടെ ഓർക്കാറുണ്ട്. അതിന് കാരണം വേറൊന്നുമല്ല.. അതിന് ശേഷം ഒരിക്കൽ പോലും ആരും അവനെ സ്നേഹിച്ചിട്ടില്ല. ആരും റിമി നൽകിയപോലോരു ചുംബനം നൽകിയിട്ടില്ല..
****
റിവർ റാഫ്റ്റിംഗിൽ കയറിയവർ ഒന്നായി വെള്ളത്തിലേക്ക് വീഴുന്നതിന്റെ ശബ്ദം ദൂരെ മാറിയിരുന്ന അവരുടെ ഉള്ളിൽ വന്നു തറച്ചപ്പോഴാണ്, രണ്ടുപേരും ഒട്ടി ചേർന്നിരുന്ന മുഖങ്ങൾ രണ്ടും വേർപിരിച്ചത്.
“എന്ത് തോന്നുന്നു നിനക്ക്? “
അവൾ ചോദിച്ചു. ചോദ്യത്തിൽ കിതപ്പിന്റെ കുത്തൽ അനുഭവപ്പെടുന്നത് അവൻ ശ്രദ്ധിച്ചു.
“നിന്നെ ഇപ്പോഴും മനസിലാക്കാൻ സാധിക്കുന്നില്ല. പക്ഷേ, അത്രമേൽ അപരിചിതത്വം നിലനിൽക്കുമ്പോഴും നിന്റെ മുഖത്ത്, നീല കലർന്ന കണ്ണുകളിൽ നോക്കി എത്രനേരം വേണമെങ്കിലും സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്.. ഒളിച്ചു വെക്കാൻസാധിക്കാത്ത കുമ്പസാരം.”
അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ അവന് ഏറെ ഇഷ്ടമായിരുന്നു.
സ്കൂളിൽ നിന്ന് പോകുന്ന യാത്രകൾക്ക് പ്രത്യേക ഭംഗിയാണ്. സംരക്ഷണത്തിന്റെ മതിൽ കെട്ടുകൾ കൂടുതലുള്ള സ്കൂളിൽ നിന്നു വന്ന അവർ രണ്ടുപേർക്കും, മറ്റുള്ളവരെ കബളിപ്പിക്കുന്നതിൽ അതിയായ സന്തോഷം കിട്ടിയിരുന്നു.
“നാളെ നമ്മൾ മടങ്ങി പോകും, തിരിച്ചു സ്കൂളിലേക്ക്. പിന്നെ പരീക്ഷ. അത് കഴിഞ്ഞു ഞാൻ തിരികെ നാട്ടിലേക്ക് പോകും.”
അവൾ പറഞ്ഞു.
“ഇവിടെ തന്നെ നിന്ന് പഠിച്ചുകൂടെ? “
നീലക്കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു.
“എന്തിന്. എനിക്ക് പോകണം. ആരംഭത്തിലെ നിന്നോട് ഞാൻ പറഞ്ഞതാണ്, എല്ലാകാലവും കൂടെകാണും എന്നുള്ള അഷ്വറൻസ് പോളിസിയൊന്നും ഞാൻ തരികില്ലായെന്ന്.”
അവനതിന് ശരി വെച്ചു. ഇവിടെയുണ്ടാകുന്ന പ്രശ്നമിതാണ്. രണ്ടുപേർ തമ്മിൽ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ അപകടത്തെ ഞാനിവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, അവർ തമ്മിലൊരിക്കലും വാക്കുകൾ പാലിക്കുകയില്ല എന്നതാണ്. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ട് ആരംഭിക്കുന്ന ബന്ധങ്ങളിൽ, അവർ കാലക്രമേണ പല തിരുത്തലുകൾ, തമ്മിൽ യോജിക്കാൻ പറ്റാത്ത പിഴവുകൾ കാണിക്കുന്നു എന്നത് തന്നെ ഇതിലെ ഏറ്റവും വലിയ ഭോഷ്‌കുകളിൽ ഒന്നാണ്.
ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നാണ്, നിമിഷനേരങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന, അഭിപ്രായ വ്യത്യാസങ്ങളും, മാനസിക പ്രക്ഷുബ്ധങ്ങളും.
അതിനുദാഹരണമാണ് അറുപത്തിയേഴ് മിനിട്ടുകൾ ഒന്നിച്ചിരുന്നതിന് ശേഷം, റിവർ റാഫ്റ്റിംഗ് കഴിഞ്ഞു മറ്റുള്ളവർ വന്നപ്പോൾ അവർക്കൊപ്പം ബസ്സിലേക്ക് കയറാൻ നേരം, ഒരു കാരണവും കൂടാതെ അവൾ അവനോടു പറഞ്ഞകാര്യം: “രാത്രി എന്റെ മുറിയിലേക്ക് നീ വരുമോ?
പക്ഷേ, ശീതകാറ്റ് ആഞ്ഞു വീശുന്ന കൂർഗിലെ ആ രാത്രിയിൽ മൂന്നാം നിലയിലെ മൂലയിലിരിക്കുന്ന ഇടുങ്ങിയ മുറിയിലുന്നവർ മരണത്തെ കുറിച്ച് സംസാരിക്കുന്നു.
ഒന്നര വർഷങ്ങൾക്ക് മുമ്പ് അവളെ ആദ്യം കണ്ട നേരത്തെക്കുറിച്ചാലോചിക്കുകയായിരുന്നു അവൻ. അന്നാണ് അവളുടെ തോളിൽ അവൻ ആദ്യമായി തൊടുന്നത്. പഞ്ഞിക്കെട്ടുകൾ കുത്തിനിറച്ച ചാക്കിൽ തൊടുമ്പോലെ എന്ന് അവളുടെ പരുപരുപ്പൻ വസ്ത്രത്തിന് മുകളിലൂടെയുള്ള സ്പർശനത്തെ അവൻ വ്യാഖ്യാനിച്ചത്. “നാലുമണി നേരത്ത് ഞാൻ പറഞ്ഞത് കള്ളമാകണേ എന്നല്ലേ നീ ഇപ്പോൾ ആലോചിക്കുന്നത്? “
“അല്ല, ഇനി ഇതുപോലൊരു നീലക്കണ്ണുകളിൽ നോക്കി എനിക്ക് സംസാരിക്കാൻ ആകുമോ എന്നാണ്. “
അതുകേട്ടവൾ പൊട്ടിച്ചിരിച്ചു.
ഭ്രാന്തമായി.
ഒരുനിമിഷം അവൻ ഭയന്നു. തൊട്ടപ്പുറത്തു ആളുകളുണ്ട്. അധ്യാപകർ, കൂടെ പഠിക്കുന്നവർ. ഈ ചിരി അവരിലേക്ക് എത്തിയാൽ….
ചിന്ത വഴിമാറിയ നിമിഷം അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചവൾ പറഞ്ഞു : “നിനക്ക് നാളെയെക്കുറിച്ചാണ് ചിന്ത. അതിന്റെ തെളിവാണ് മുഖത്ത് കാണുന്ന ഭയം.”
അവനൊന്നും മിണ്ടാതെ അവളുടെ നീലക്കണ്ണുകളിലേക്ക് നോക്കിയിരുന്നു.
“നിനക്ക് മരിക്കാൻ പേടിയുണ്ടോ?”
“എന്തിനിപ്പോൾ അതിനെ കുറിച്ച്..”
“എങ്കിൽ വേണ്ട, നിനക്ക് എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമുണ്ടോ? “
“ഉണ്ട്. “
“ഞാൻ വേറൊരാളെ കല്യാണം കഴിച്ചത് അറിഞ്ഞാൽ,നീ എന്ത് ചെയ്യും. “
ആ രാത്രിയിൽ, അവളിൽ നിന്നു ഉതിർന്നു വീഴുന്ന ചോദ്യങ്ങളെ അവൻ ഇഷ്ടപ്പെട്ടിരുന്നു. സങ്കീർണതനിറഞ്ഞ മനസ്സിലേ കുരുക്ക് അഴിക്കുന്നതുപോലെയാണ് അവനതൊക്കെയും തോന്നിയത്. അവനും അത് ആഗ്രഹിച്ചിരുന്നു.
“അവൻ മരിക്കാൻ ഞാൻ കാത്തിരിക്കും.”
ചെവി ചേർത്ത് പിടിച്ചു അടക്കിപിടിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു: “കോളറ കാലത്തെ പ്രണയം, ലൈബ്രറിയിൽ തിരിച്ചു കൊണ്ട് വെക്കണം കേട്ടോ…”
മുമ്പ് സൂചിപ്പിച്ച മാനസിക സങ്കീർണതകളുടെ മറ്റൊരു ഉദാഹരണമായിരുന്നു ക്ലാസ്സ് കഴിഞ്ഞു തിരികെ നാട്ടിലേക്കുള്ള യാത്രയിൽ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത്.
സ്കൂൾ ഹോസ്റ്റലിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അവനെ അവൾ വിളിച്ചു വരുത്തിയതും,പോകും വഴിയിൽ അവന്റെ ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകാതെ ബൈക്കിന്റെ പിൻസീറ്റിൽ വെറുതെ ഇരുന്നതിനും എല്ലാം… ഒടുക്കം, ട്രെയിൻ അനൌൻസ് ചെയ്ത നേരം അവളിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല :
“ഡിഗ്രി ഞാൻ നാട്ടിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ നിന്ന് ഒരുപാട് പേര് അവിടെ വന്നു പഠിക്കുന്നുണ്ട്. “ അവനതിന് മറുപടി നൽകിയില്ല. പക്ഷേ ട്രെയിൻ വന്നു അതിൽ കയറുന്നതിനു മുമ്പ് ഒരിക്കൽ കൂടെ അവൾ അവനെ നോക്കി. എവിടെയോ ഉത്തരം കിട്ടാതെ വിഷമിച്ചിരിക്കുന്ന ചോദ്യവുമായി.
” ഈ നഗരംവിട്ടൊരു ജീവിതമെനിക്ക്….”
****
റിമി നഗരത്തിലേക്ക് വരാൻ ടിക്കറ്റ് എടുത്തെന്നു ഉച്ചക്ക് വിളിച്ചു പറഞ്ഞു… നാളെ അവളെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ ചെല്ലണമെന്നും രാത്രി, കോളേജിൽ പഠിച്ചപ്പോൾ വൈകുന്നേരങ്ങൾ ചിലവിട്ടിരുന്ന അവൻ താമസിക്കുന്ന ലോഡ്ജിൽ അവളുമുണ്ടാകുമെന്നും പറഞ്ഞപ്പോൾ നാളുകൾക്ക് ശേഷം കാണുന്നതിന്റെതായ ഒരു ആകാംഷയും അവനിൽ ഉണ്ടായില്ല.
പക്ഷേ, അന്ന് രാത്രിയിൽ വന്ന വാട്സ്ആപ്പ് മെസ്സേജ് അവന്റെയുള്ളിൽ സ്ഫോടനം ഉണ്ടാക്കിയിരുന്നു. ഭീതി നിറഞ്ഞ കാര്യങ്ങൾ കാണുമ്പോഴെല്ലാം അവന്റെ കൈപ്പത്തികൾ കൂട്ടി ഇടിക്കാറുണ്ടായിരുന്നു. വിറച്ച കൈകളിൽ നിന്ന് മൊബൈൽ കട്ടിലിലേക്ക് വീണു. സേവ് ചെയ്യാത്ത അൺനോൺ നമ്പറിൽ നിന്ന് വന്ന മെസ്സേജ് വായിച്ച നേരമെല്ലാം അവന്റെയുള്ളിൽ കൂർഗിലെ ശീതകാറ്റ് ആഞ്ഞുവന്നു കുത്തികൊണ്ടിരുന്നു. ആ രാത്രി അവൻ ഉറങ്ങിയില്ല. മഞ്ഞുതുള്ളികൾ ഏറ്റവനു നീറി. ഓർമകളുടെ ഭാരം അവനെ ശ്വാസം മുട്ടിച്ചു.
അതിന്റെ ഒടുക്കാമെന്നോണം രാത്രിയുടെ അവസാനത്തിലെപ്പോഴോ അവൻ ആത്മഹത്യ ചെയ്തു.
മൊബൈലിലെ സ്ക്രീൻ ലൈറ്റ് ഓഫ് ആകാനെടുക്കുന്ന അഞ്ചു മിനിറ്റോളം സ്‌ക്രീനിൽ ആ മെസ്സേജ് തെളിഞ്ഞു നിന്നു.