രണ്ട് കോടി എ സി മൊയ്തീന്, സ്വപ്നയ്ക്കും ശിവശങ്കറിനും ഓരോ കോടി; ഗുരുതര ആരോപണവുമായി അനിൽ അക്കര

0

മുൻ മന്ത്രി എ.സി മൊയ്തീനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി ​കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് ലഭിച്ചത് കരുവന്നൂർ ഇടപാടിൽ എത്തിയതായി അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് അറിയാവന്ന കാര്യമാണിതെന്നും അനിൽ പറഞ്ഞു.

തോമസ് ഐസക്കും ജോൺ ബ്രിട്ടാസും പറഞ്ഞ കാശ്

തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറയുന്നുണ്ട്. ഇതിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനാണ് ലഭിച്ചത്. പൊലീസ് ഇടപെടൽ നടത്തി ഇതിലെ വിഹിതം കരുവന്നൂരിൽ നിന്നും വീണ്ടെടുത്ത ഗുണ്ടാ ബന്ധവും അനിൽ ആരോപിക്കുന്നു.

എ സി മൊയ്തീൻ്റെ വിഹിതം എത്തിയത് കരുവന്നൂരിൽ

ലഭിച്ച രണ്ട് കോടി രൂപ സതീഷ് മുഖാന്തരം അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഡി.വൈ.എസ്.പി ഇത്തരത്തിൽ ഇടപെട്ടത് പണം എ.സി മൊയ്തീന്റെ കൂടെയാണെന്നതാണ്. അനിൽ അക്കര പറഞ്ഞു.

രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് ലഭിച്ചതായി താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്ത് ഇത് ലളിതമാക്കി. അദ്ദേഹം തനിക്കെതിരായ ഒരു കോടി രൂപയുടെ കേസ് പത്ത് ലക്ഷമായി കുറച്ചു. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതാണ്.

കൊലപാതകം വധശ്രമം ഗുണ്ടായിസം ആരോപണങ്ങളും

കരുവന്നൂർ കേസിന്റെ തുടക്കം എവിടെ നിന്നാണ്. ആദ്യത്തെ പരാതിക്കാരൻ അപകടത്തിൽ മരിച്ചു. രണ്ടാമതായി കേസിൽ ഇടപെട്ട ബേബി ജോണിനെതിരെ രണ്ട് വധശ്രമങ്ങളുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട ആളുകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളിലേക്ക് പോലും ഇവർ പോകുന്നു, അനിൽ അക്കര പറഞ്ഞു.

തോമസ് ഐസക്കും ജോൺ ബ്രിട്ടാസും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. ഖാലിദിന് ഈ വിഷയത്തിൽ നാല് കോടി രൂപ ലഭിച്ചുവെന്ന് ഇവർക്ക് എങ്ങിനെയാണ് മനസ്സിലായതെന്നും അനിൽ അക്കര ചോദിച്ചു.

വയനാട്ടിൽ നിന്നും കാണാതായ യുവതിയേയും അഞ്ചുമക്കളെയും കണ്ടെത്തി

0

വയനാട് കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. അമ്മയെയും അഞ്ചു കുട്ടികളെയും ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഗുരുവായൂര്‍ പൊലീസ് വയനാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. കുടുംബത്തിന് ഗുരുവായൂര്‍ പൊലീസ് ഭക്ഷണം വാങ്ങി നല്‍കി. വയനാട് പൊലീസ് എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും.

18-ാം തിയതി മുതലാണ് കുടോത്തുമ്മലില്‍ താമസിക്കുന്ന വിമിജയെയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്‌നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നീ മക്കളെയും കാണാതായത്

ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്. ഫറൂക്കിലെയും ഷൊര്‍ണൂരിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു. വയനാട്ടില്‍ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറൂക്കിലേക്കും പോയി. പിന്നീട് ഫറോക്കില്‍ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോര്‍ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും അവിടെനിന്ന് തൃശ്ശൂരില്‍ എത്തിയശേഷം ബസ് മാര്‍ഗ്ഗമാണ് ഗുരുവായൂരില്‍ എത്തിയത്.

സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

0

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയ്ക്ക് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ചുമതല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും. 

സെപ്തംബര്‍ ഒന്നിന് നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചതോടെയാണ് താരത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

തലയോട്ടിക്കകത്ത് ന്യൂറാലിങ്ക് ചിപ്പ്, കിടപ്പ് രോഗികളിൽ പരീക്ഷണത്തിന് ഒരുങ്ങി ഇലോൺ മസ്ക്

0

ഇലോണ്‍ മസ്‌കിന്റെ ബയോടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ന്യൂറാലിങ്ക് മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ ബ്ലോഗിലാണ് മനുഷ്യരില്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുവാന്‍ ഒരുങ്ങുകയാണെന്ന് കമ്പനി വെളിപ്പെടുത്തിയത്.

ആദ്യം കിടപ്പ് രോഗികൾക്ക് ചിന്തകളാൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പരീക്ഷണം

ഒരു സ്വതന്ത്ര റിവ്യൂ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. മനുഷ്യന്റെ തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ചിപ്പാവും കമ്പ്യൂട്ടറും മസ്തിഷ്കവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക.

മസ്തിഷ്‌കത്തില്‍ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുക. ചിന്തകളിലൂടെ ഒരു കമ്പ്യൂട്ടര്‍ കഴ്‌സറും കീബോര്‍ഡും നിയന്ത്രിക്കുന്നതിന് രോഗികളെ പ്രാപ്തമാക്കുകയാണ് പരീക്ഷണത്തിന്റെ പ്രാഥമിക പ്രവർത്തനം. പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ ഫെയ്‌സ് എന്നാണ് ഈ പദ്ധതിയ്ക്ക് പേര്.

ആറ് വര്‍ഷം നീണ്ട പഠനമായിരിക്കും ഇത്. നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്ന ക്വാഡ്രിപ്ലീജിയ (quadriplegia), എഎല്‍എസ് (amyotrophic lateral sclerossi) രോഗാവസ്ഥയിൽ ഉള്ളവരിലാവും പരീക്ഷണം. ഇത് വരെ മൃഗങ്ങളില്‍ മാത്രമാണ് ഈ ചിപ്പുകള്‍ പരീക്ഷിച്ചത്. 2022 ല്‍ ഈ പരീക്ഷണത്തിന് വിധേയമായ കുരങ്ങ് ചത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞ മെയില്‍ മനുഷ്യരില്‍ ന്യൂറാലിങ്ക് പരീക്ഷിക്കുന്നതിന് എഫ്ഡിഎയുടെ അനുമതി ലഭിച്ചതായി ന്യൂറാലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. താത്പര്യമുള്ള ആളുകള്‍ക്ക് ന്യൂറാ ലിങ്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം എന്നും കമ്പനി അറിയിക്കുന്നുണ്ട്.

സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ കയറി കടന്നു പിടിച്ചു; അഞ്ചുവർഷം കഠിന തടവും പിഴയും

0

പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കന്യാകുമാരിക്കടുത്ത് പേച്ചിപ്പാറ കടമ്പനമൂട് കായല്‍ റോഡില്‍ സുരേഷി(48)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാലുമാസം കൂടി തടവ് അനുഭവിക്കണം.

2019 സെപ്റ്റംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി സ്‌കൂളില്‍നിന്ന് തിരികെയെത്തിയപ്പോള്‍ പ്രതി വീടിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു. അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് കുട്ടിയില്‍നിന്ന് അച്ഛന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ച് സംസാരിച്ചു.

തുടർന്ന് പെണ്‍കുട്ടി മാത്രമേ വീട്ടിലുള്ളൂ എന്ന് മനസിലാക്കി വീട്ടിൽ കയറി. കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്. പെണ്‍കുട്ടി പ്രതിയെ തള്ളിമാറ്റി അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട് വിവരം അറിയിച്ചതോടെ പൊലീസിൽ അറിയിച്ചു. തുടര്‍ന്ന് കിളിമാനൂര്‍ പോലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.മാരായ കെ.എ. വിദ്യാധരന്‍, എസ്.വൈ.സുരേഷ്, കിളിമാനൂര്‍ എസ്.ഐ. എസ്.അഷ്‌റഫ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 16 രേഖകളും ഹാജരാക്കി.

25 കോടി കേരള ബമ്പർ അടിച്ചത് തിരുപ്പൂരിലെ നാല് കൂട്ടൂകാർക്ക്

0

തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തത് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജൻ തന്നെ. പാണ്ഡ്യരാജും സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നീ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വീതിച്ചാണ് കാശ് മുടക്കിയത്.

തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്. ഇയാള്‍ നിലവില്‍ ചെന്നൈയിലാണ് ഉള്ളത്. 25 കോടിക്ക് അര്‍ഹമായ ടി.ഇ. 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ്. ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.

നിപ ഭീതി ഒഴിയുന്നു, വിദ്യാലയങ്ങൾ അടഞ്ഞു തന്നെ

വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരണം എന്നതാണ് നിബന്ധന.

വടകര താലൂക്കില്‍ മരണപ്പെട്ടവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനോടകം കണ്ടെത്തിയതായും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

സ്കൂളുകൾ എന്ന് തുറക്കും കുട്ടികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിൽ

വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ഉണ്ടായില്ല. ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു എങ്കിലും അധ്യാപകരും വിദ്യാർഥികളും ഇതിന് പൂർണ്ണ സജ്ജരാവാത്ത സാഹചര്യമാണ്. പത്ത് പ്രവർത്തി ദിനങ്ങളാണ് നഷ്ടമാവുന്നത്.

സ്കൂൾ അവധി അനിശ്ചിത കാലത്തേക്ക് എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അത് 23 വരെ കരുതൽ തീരുന്നത് വരെ എന്നാക്കി. മറ്റ് എല്ലാ സ്ഥാപനങ്ങളും ചടങ്ങുകളും സാധാരണ പോലെ തുടരുമ്പോൾ വിദ്യാലയങ്ങൾക്ക് മാത്രമാണ് പൂട്ടിട്ടത്. ജില്ലയിൽ മാത്രമാണ് ഇത്. നഷ്ടപ്പെട്ട ക്ലാസുകൾ ലഭിക്കാതെ കുട്ടികൾ നേരിടുന്ന കടുത്ത മത്സരത്തിൽ പിന്നോക്കം പോകുന്ന സാഹചര്യമാണ്.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാര്‍ഡുകളിലും അധികൃതര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ എല്ലാ കടകൾക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം.

മറ്റ് നിയന്ത്രണങ്ങള്‍ തുടരുന്നതാണ്. ആളുകള്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യ കാനഡ തർക്കത്തിനിടെ ഒരു കൊലപാതകം കൂടി, സുഖ്ദൂൽ സിങ് വെടിയേറ്റ് മരിച്ചു

0

ഖലിസ്ഥാൻവാദി സുഖ ദുനേക (സുഖ്ദൂൽ സിങ്) കാനഡയിൽ കൊല്ലപ്പെട്ടതായി വാർത്ത. കാനഡയിലെ വിന്നിപെഗിൽ ഏറ്റുമുട്ടലിലാണ്‌ ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മയക്കു മരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടുണ്ട്.

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.

2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക കാനഡിയിലേക്ക് കടന്നത്. ഇയാൾക്കെതിരേ ഏഴ് കേസുകള്‍ നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വേരുള്ള ഗ്യാങ് ദവീന്ദർ ബംബിഹ സംഘത്തിൽ അറിയപ്പെട്ടു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ അർഷ് ദാലാ എന്ന് അറിയപ്പെടുന്ന അർഷ് ദ്വീപ് സിങുമായും ചേർന്ന് പ്രവർത്തിക്കുന്നതായി വിവരം ഉണ്ടായിരുന്നു.

ജൂൺ 19നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. സമാന രീതിയിലാണ് സുഖ്ദൂൽ സിങിൻ്റെയും കൊല.

“പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് നടിമാരെ വിളിച്ചു രാഷ്ടപതിയെ വിളിച്ചില്ല, ഈ കാരണമാണോ സനാതധർമ്മം” ഉദയനിധി സ്റ്റാലിൻ

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാഞ്ഞത് എന്തെന്ന് ഉദയനിധി സ്റ്റാലിൻ. ഇതിനെയാണോ സനാതന ധർമ്മം എന്ന് വിളിക്കുന്നത് എന്നും ഉദയനിധി ചോദിച്ചു.

ഹിന്ദി നടിമാരെ വിളിച്ചുകൊണ്ടു പേയി രാഷ്ട്രപതിയെ ക്ഷണിച്ചില്ല, കാരണം……?

‘800 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ചരിത്രപരമായ പാര്‍ലമെന്റ് മന്ദിരം. ചില ഹിന്ദിനടിമാരെ പുതിയ മന്ദിരത്തിലേക്ക് കൊണ്ടുപോയി. പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇന്ത്യയുടെ പ്രഥമ പൗരയായിട്ട് കൂടി രാഷ്ട്പതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ല. കാരണം ദ്രൗപദി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഭർത്താവ് മരണപ്പെട്ടുപോയ സ്ത്രീയാണ്.

ഇതിനെയാണ് സനാതന ധര്‍മ്മം എന്ന് വിളിക്കുന്നത്’-ഉദയനിധി സ്റ്റാലിന്‍ തൻ്റെ നിലപാടിൽ ഉറച്ച് കടുത്ത ഭാഷയിൽ ആവർത്തിച്ചു. ഡിഎംകെയുടെ യുവജനവിഭാഗം മധുരയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

സനാതന ധര്‍മം ഡെങ്കിയും മലേറിയയുംപോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി തുറന്നടിച്ചിരുന്നു. അവസാന ഘട്ടത്തിൽ ഇതിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം രംഗത്ത് എത്തി.

ഇത് കൊളുത്തി വിട്ട ചർച്ചകൾ തുടരുമ്പോഴാണ് വിവാദം പുതിയ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയുള്ള ഉദയനിധിയുടെ ചോദ്യം. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അടക്കം വോട്ട് ബാങ്ക് മൌനം പാലിച്ചപ്പോഴും തമിഴ് നാട് ഉറച്ച നിലപാടിൽ ആയിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചിരുന്നില്ല. പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉദയനിധി നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപതിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെയും സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നു എന്ന് രാഹുൽ ചൂണ്ടികാട്ടിയിരുന്നു.

വളരെ മനോഹരമായ കെട്ടിടമാണിത്. എന്നാല്‍ ഇവിടേക്ക് മാറുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യവും ഉണ്ടാകേണ്ടതായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഗോത്രവര്‍ഗ വിഭാഗത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് അമേരിക്കയിലും കാനഡയിലും ഉൾപ്പെടെ വിദേശത്ത് പ്രാക്ടീസ് ചെയ്യാം, WFME അംഗീകാരമായി

0

യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താനുള്ള തടസ്സം നീങ്ങുന്നു. ഇന്ത്യൻ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം ഉറപ്പാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും പത്ത് വര്‍ഷത്തിനകം സ്ഥാപിക്കപ്പെടുന്നവയ്ക്കും ഈ അംഗീകാരം ബാധകമായിരിക്കും. ഇതോടെ വിദേശങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നതിന് തടസ്സം നീങ്ങും. ഇതു മാത്രമല്ല ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ എത്തി പഠനം പൂർത്തിയാക്കാനും അവസരമാവും.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME).