രണ്ടാം വന്ദേഭാരതിന് ഏഴ് സ്റ്റോപ്പുകൾ, കോയമ്പത്തൂർ മംഗലാപുരം റൂട്ട് അട്ടിമറിച്ചു

0

കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന്‌ യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും. time table ചുവടെ

നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.

കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.

കോയമ്പത്തൂർ മംഗലാപുരം റൂട്ടാണ് ആദ്യം പരിഗണിച്ചിരുന്നത്. ഇതിനായുള്ള പരീക്ഷണ ഓട്ടം വരെ വാർത്തയായി. രണ്ട് മുഖ്യ വാണിജ്യ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരമാവധി വേഗമുള്ള വണ്ടി എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയായിരുന്നു ഉയർത്തിയത്. എന്നാൽ ഇത് പ്രായോഗികമായില്ല. തിരുവനന്തപുരത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം ഈ റൂട്ടിൻ്റെ മുൻഗണനയെ മറികടന്ന സാഹചര്യമാണ്.

പാർലമെൻ്റിൽ വിതരണം ചെയ്ത ഭരണഘടനയുടെ പ്രതികളിൽ നിന്നും മതനിരപേക്ഷതയും സോഷ്യലിസവും കളഞ്ഞു

 സഭാ സമ്മേളനത്തിനിടെ വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘മതനിരപേക്ഷത’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ കളഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘മതനിരപേക്ഷത’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നീക്കം ചെയ്ത സംഭവത്തിൽ ബി.ജെ.പി. ഉറച്ചു നിന്നു. ഭരണഘടന രൂപവത്കരിച്ചപ്പോൾ ഇത് ഇങ്ങനെയായിരുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. 42-ാം ഭേദ​ഗതിയോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും ഇതിന്റെ യഥാർഥ കോപ്പികളുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

ന്യായീകരണത്തോടെ മനപൂർവ്വത വ്യക്തമാക്കി

ഞാൻ ആമുഖം വായിച്ചപ്പോൾ ഈ രണ്ടു വാക്കുകളും കണ്ടില്ല. എന്നാൽ ഞാൻ ഇവ സ്വന്തം നിലയ്ക്ക് ചേർത്ത് വായിച്ചു. വിഷയം രാഹുൽ ​ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 1976-ൽ ഭേദഗതി വരുത്തിയാണ് ഈ വാക്കുകൾ ഉൾപ്പെടുത്തിയത്. നമ്മുടെ ഭരണഘടന മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ, അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ചൗധരി പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തിൽ അദ്ദേഹം സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉപയോ​ഗിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാ​ഗമായാണ് അം​ഗങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പും പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നൽകിയത്.

ഓണം ബമ്പർ എടുത്തിരുന്നോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇത്തവണ ഓണം ബമ്പർ ടിക്കറ്റ് വിൽപന സർവകാല റെക്കോർഡുകൾ മറികടന്നു. കഴിഞ്ഞ വർഷം 67.5 ലക്ഷം ലോട്ടറികൾ അച്ചടിച്ചതിൽ ആകെ വിറ്റത് 66.5ലക്ഷം ലോട്ടറികളാണ്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റു.

ടിക്കറ്റ് ഒപ്പിട്ട് സൂക്ഷിക്കുക

ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം. 25 കോടിയാണ് ആദ്യ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഏജന്റ് കമ്മീഷനും നികുതിയും മറ്റ് കിഴിക്കലുകള്‍ക്കും ശേഷം ഏകദേശം 12.88 കോടി രൂപയാണ് ലഭിക്കുക. ഇത് കൂടാതെ 5.34 ലക്ഷം പേർക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കും.

ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

സമ്മാന തുകയ്ക്ക് അനുസരിച്ച് വാങ്ങാവുന്ന സ്ഥലം വ്യത്യാസപ്പെടും

സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജൻ്റിന് സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.

20 പേർക്ക് ഒരു കോടി

രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പർ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വർഷം 20 പേർക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ഇക്കുറി നൽകുക.

5 ലക്ഷം പത്തു പേർക്ക്, 2 ലക്ഷം പത്തു പേർക്ക്

നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഏജന്റുമാർക്കും ഇത്തവണത്തെ ഓണം ബമ്പർ വിൽപനയിലെ വരുമാനത്തിൽ മാറ്റമുണ്ട്.

തിരുവോണം ബമ്പർ ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ+1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണം ബമ്പർ വിൽപ്പനയിലൂടെ ലഭിക്കുക.

ഓരോ ദിവസവും ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. പ്രതിദിന വിറ്റുവരവ് 40 കോടി രൂപ. ഓരോ വര്‍ഷവും 13 തരം ലോട്ടറികള്‍ അവതരിപ്പിക്കുന്നുണ്ട്. ഏഴ് പ്രതിദിന നറുക്കെടുപ്പുകളും ആറ് ബമ്പര്‍ ലോട്ടറികളും. ഇതില്‍ ഏറ്റവും വലുത് 500 രൂപ വിലയും 25 കോടി രൂപ സമ്മാനതുകയുമുള്ള ഓണം ബമ്പറാണ്.

ഓരോ വര്‍ഷവും ലോട്ടറിടിക്കറ്റ് വഴി സമ്മാനമായി 7,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു ലക്ഷത്തോളം പേരാണ് ലോട്ടറിയിലൂടെ ഉപജീവനം നയിക്കുന്നത്. കാരുണ്യ പോലുള്ള ചികിത്സാ പദ്ധതികള്‍ക്കായാണ് ലോട്ടറിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

താനൂർ കസ്റ്റഡി മരണം, സിബിഐ ഏറ്റെടുത്തു

0

താനൂര്‍ കസ്റ്റഡി മരണ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. നാളെ താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി എടുക്കും.

ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

എന്തുകൊണ്ട് കോഴിക്കോട് എന്ന് പഠിക്കും, പടർന്നത് മുൻവർഷങ്ങളിലെ അതേ വൈറസ് തന്നെ

0

മുഖ്യമന്ത്രി പിണറായി വിജയൻ

നിപ വൈറസ് ബാധയിൽ ഫലപ്രദമായ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിപ വൈറസ് ബാധ എന്തു കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.

1286 പേർ സമ്പ‌ക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 276 പേ‍ർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. 122 പേ‍ർ രോ​ഗികളുടെ കുടുംബാ​ഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോ​ഗ്യപ്രവ‍ത്തകരാണ് സമ്പ‍ക്കപ്പട്ടികയിൽ ഉള്ളത്. 994 പേ‍ർ നിരീക്ഷണത്തിലാണ്, രോ​ഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെ‍ഡിക്കൽകോളേജ് ആശുപത്രിയിൽ 9 പേ‍‍ർ ഐസൊലേഷനിലുണ്ട്. നിപ രോ​ഗചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളു ഒരുക്കി. സമ്പർക്കപ്പട്ടിക ഇനിയും വർധിക്കാൻ സാധ്യത ഉണ്ട്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാജോർജ്

വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ കണ്ടത്തിയ വൈറസിന് മ്യൂട്ടേഷൻ അഥവാ ജനിതക മാറ്റം സംഭവിച്ചിട്ടില്ല. 2018 , 2019, 2021 വർഷങ്ങളിൽ രോഗം സ്ഥിരീകരിച്ചത് ഒരേ തരം വൈറസില്‍ നിന്നു തന്നെയാണ്. ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസിൽ നിന്നാണെന്ന് മനസിലാക്കിയതായി മന്ത്രി പറഞ്ഞു.

ഹൈറിസ്ക് സാഹചര്യം പിന്നിട്ടു

പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.

പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

സംവരണ ബിൽ അവതരിപ്പിച്ചു; കേരളത്തിൽ ഇനി 46 വനിതാ എംഎൽഎയും ആറ് വനിതാ എം പിയും

വനിതാ സംവരണ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. അംഗങ്ങൾക്ക് ബില്ലിന്റെ ഹാർഡ് കോപ്പി നൽകാത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.

128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ഇന്ന് ചർച്ചയില്ല

കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല്‍ ആ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. ബില്ലിന്‍ മേലുള്ള ചർച്ച ഇന്ന് ഉണ്ടാകില്ല. ലോക്സഭ പിരിഞ്ഞു. നാളെയായിരിക്കും ബില്ലിന്‍മേലുള്ള ചർച്ച.

2024 ൽ നടപ്പാക്കില്ല, രാജ്യസഭയിൽ പുരുഷ മേൽക്കോയ്മ തുടരും

വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.

നാരിശക്തന്‍ വന്ദന്‍ എന്ന പേരില്‍ അവതിരിപ്പിച്ച ബില്‍ അനുസരിച്ച് ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല.

 പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നമ്മള്‍ എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും പ്രചോദനമാകണം. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പാര്‍ലമെന്റിലെ മൂന്നില്‍ ഒന്ന് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ കാബിനറ്റ് അനുമതി നല്‍കിയെന്നും പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒ ബി സി വിഭാഗത്തെ കുറിച്ച് മൌനം

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. എന്നാൽ ഓ ബി സി സംവരണം ഇല്ല.

യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്സഭയില്‍ വന്നില്ല.

ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. രാജ്യസഭയില്‍ അന്ന് നടന്ന ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുയര്‍ത്തി ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. 

കേരളത്തിൽ ഇനി ആറ് വനിതാ എംപിമാരും 46 എം എൽ എമാരും

 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 പേരാണ് വനിതകളുള്ളത്.

ഭരണപക്ഷത്ത് ഒന്‍പതും പ്രതിപക്ഷത്ത് രണ്ടും. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും. നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുള്ളത്

നിലവിലെ ലോക്സഭാ അംഗങ്ങളുടെ കണക്ക് വച്ച് ഇനി മുതല്‍ 179 വനിതാ പ്രതിനിധികള്‍ ഉണ്ടാകും.

നിലവില്‍ 78 പേരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമാണിത്. അതായത് 14 % മാത്രം.

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ചത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ

മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അപമാനിച്ച സംഭവം നടന്നത് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങിനിടെ. നമ്പ്യാത്തറ കൊവ്വല്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ജനുവരി 26-നായിരുന്നു പൂജാരിമാരുടെ ജാതിക്കലി. പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനന്റെ കൂടി സാന്നിധ്യത്തിലാണ് സംഭവം ഉണ്ടായത്.

മന്ത്രിയും എം എൽ എയും അന്നുതന്നെ ഇതിൽ ശക്തമായി പ്രതികരിക്കയും ചെയ്തു. കഴിഞ്ഞദിവസം കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ഈ അനുഭവം പറഞ്ഞത്.

സംഭവം ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ, പൂജാരിമാർ ഇപ്പോഴും സർവ്വീസിൽ

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവെച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന ടി.ഐ. മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല.

പിന്നീട് മന്ത്രി നടത്തിയ പ്രസംഗത്തില്‍ ചെറുപ്പംമുതലേ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് സംസാരിച്ചു. ദീപം നിലത്തുനിന്നെടുത്തു കൊളുത്താന്‍ തയ്യാറാവാതിരുന്നത് അതുകൊണ്ടാണെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കി. പൂജാരിയില്‍നിന്നുണ്ടായ ഈ പെരുമാറ്റത്തെ എം.എല്‍.എ.യും വിമര്‍ശിച്ചു. അതേസമയം, ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാന്‍ ഇക്കാര്യത്തെപ്പറ്റി അജ്ഞത നടിച്ചു.

മന്ത്രി വെളിപ്പെടുത്തിയത് കോട്ടയത്തെ സമ്മേളനത്തിൽ

കോട്ടയത്ത് സമ്മേളനത്തിനിടെയാണ് കാര്യം പറഞ്ഞത് എങ്കിലും ക്ഷേത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല. വിളക്കു കത്തിച്ചശേഷം സഹപൂജാരി തനിക്കുതരാതെ നിലത്തുവെച്ചെന്നും താന്‍ അതെടുത്ത് കത്തിച്ചില്ല, പോയി പണിനോക്കാന്‍ പറഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

ബഹുമാനപ്പെട്ട മന്ത്രിയുടെ വാക്കുകൾ

‘ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ചെന്ന സന്ദർഭത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, പ്രധാന പൂജാരി അവിടെ ഒരു വിളക്ക് വെച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാൻ വേണ്ടി എനിക്ക് കൊണ്ടുവന്ന് തരാൻ വേണ്ടി വരികയാണെന്നാണ് ഞാൻ വിചാരിച്ചത്. വിളക്ക് കൊണ്ടുവന്ന് നേരെ എന്റെ കൈയിൽ തന്നില്ല. നേരെ കൊണ്ട് വന്ന വിളക്ക് അദ്ദേഹം തന്നെ കത്തിച്ചു. അതിന് ശേഷം സഹപൂജാരിയും വിളക്ക് കത്തിച്ചു. അതിന് ശേഷം എനിക്ക് തരുമെന്നാണ് വിചാരിച്ചത്. അദ്ദേഹം വിളക്ക് നിലത്ത് വെച്ചു. വിളക്ക് നിലത്ത് എടുത്ത് വെച്ചപ്പോൾ ഞാൻ എടുത്ത് കത്തിക്കട്ടെ എന്നാണ് വിചാരിച്ചത്. ഞാൻ കത്തിക്കണോ? എടുക്കണോ? പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല എനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നത്’- സംഭവം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ജാതി വ്യവസ്ഥ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് മന്ത്രി തൻ്റെ അനുഭവത്തിലൂടെ. ഒരു മന്ത്രിക്ക് പോലും ഇത് നേരിടേണ്ടി വരുന്നു.

മന്ത്രി കെ രാധാകൃഷൻ്റെ പ്രതികരണം

മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത്‌ ജാതിവ്യവസ്ഥയുടെ ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങളിൽനിന്ന്‌ കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല – മന്ത്രി പറഞ്ഞു.

പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഇതൊരു വ്യക്തിക്കുണ്ടായ പ്രശ്‌നമായിട്ടല്ല കാണുന്നത്‌. സമൂഹത്തിന്‌ മുഴുവൻ ഉണ്ടായതാണ്‌. തനിക്ക്‌ പ്രയോരിറ്റി കിട്ടിയില്ല എന്നത്‌ ഒരു പ്രശ്‌നമല്ല. ഒരു വ്യക്തിക്ക്‌ പറ്റിയ കാര്യമല്ല. സമൂഹത്തിന്റെ മൊത്തം കാര്യമാണ്‌. ഇത്‌ ബ്രാഹ്മണർക്ക്‌ എതിരെയല്ല. എത്രയോ ബ്രാഹ്മണർ സാമൂഹ്യമാറ്റങ്ങൾക്ക്‌ വേണ്ടി പോരാടിയിട്ടുണ്ട്‌.

ജാതിവ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്ന്‌ ഒരുദിവസം മാറ്റാൻ കഴിയില്ല. അത്‌ മനസിൽ പിടിച്ച ഒരു കറയാണ്‌. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ ജാതിചിന്തയും മതചിന്തയും വരുമ്പോഴാണ്‌. കേരളത്തിലുും പലരുടേയും മനസിൽ ജാതിചിന്ത ഇപ്പോഴുമുണ്ട്‌. അത്‌ പുറത്തെടുത്താൽ സമൂഹം അംഗീകരിക്കില്ല എന്നതുകൊണ്ട്‌ ചെയ്യാത്തതാണ്‌. ക്ഷേത്രത്തിലെ സംഭവം വലിയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. അത്തരം സംഭവങ്ങൾ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല.

പണ്ട്‌ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്‌ണനാട്ടത്തിൽ പാവപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല. സ്‌പീക്കർ ആയിരുന്ന സമയത്ത്‌ അവിടെവച്ച്‌ നടന്ന പരിപാടിയിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു. അതിന്‌ പിന്നീട്‌ മാറ്റമുണ്ടായി. അയിത്തമുള്ള മനുഷ്യന്റെ പൈസക്ക്‌ അയിത്തമില്ല. ഏത്‌ പാവപ്പെട്ടവന്റേയും പൈസയ്‌ക്ക്‌ അയിത്തമില്ല. ഈ പൈസ വരുന്നത്‌ പലരുടേയും കൈകളിലൂടെയാണ്‌. ഏതെങ്കിലും ഒരു കമ്യൂണിറ്റി മാത്രം വിചാരിച്ചാൽ ഇത്‌ മാറ്റാൻ കഴിയില്ല. എല്ലാവരും ഒന്നിച്ച്‌ പ്രവർത്തിക്കണം.

നിയമനടപടിക്ക് ഇല്ല

മനസ്സിൽ തട്ടിയത് കൊണ്ടാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. അവർ തിരുത്താൻ ശ്രമിച്ചാൽ നല്ലത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അനുവദിക്കില്ല. മനസിന്‌ മാറ്റം വരണം. ഇത് ആരുടെയും തെറ്റല്ല. തലമുറകളാൽ പകർന്നു കിട്ടിയ ഒന്ന് ഇവരെ വേട്ടയാടുകയാണ്. നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാലങ്ങൾ ഇനിയും അടച്ചിടുന്നത് എന്തിന്, ഫലപ്രദമാകാതെ ഓൺലൈൻ പഠനം

വടകര താലൂക്കിലെ ഒൻപത് പഞ്ചായത്തുകളിലെ വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെൻ്റ് സോൺ നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ ഉള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 13-ന് കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ വെല്ലുവിളികൾക്കും വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ കുട്ടികളുടെ പഠനം ആരാണ് പരിഗണിക്കുന്നത്

മഴയും പകർച്ച വ്യാധിയും പ്രകൃതി ദുരന്തങ്ങളും എല്ലാ ഉണ്ടായാൽ ആദ്യം അടച്ചു പൂട്ടുന്നത് വിദ്യാലയങ്ങൾ എന്നത് ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഒരു പ്രശ്നവും ഇല്ലാത്ത മേഖലയിൽ പോലും വിദ്യാലയങ്ങൾ അടച്ച് ഉത്തരവിടും.

എന്നാൽ കുട്ടികളുടെ ഇങ്ങനെ മുടങ്ങിയ പഠനം എങ്ങിനെ വീണ്ടെടുക്കും എന്നത് ആരുടെയും ഉത്തരവാദിത്തം ആകുന്നില്ല. അധ്യാപകരും വിദ്യാർഥികളും ഒരേ പോലെ ആലസ്യത്തിലേക്ക് അമരുന്ന സാഹചര്യം സൃഷ്ടിച്ച് തത്ക്കാല രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷപെടുക എന്ന നിലപാടാണ് അധികാരികൾക്ക്.

ഒൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു എങ്കിലും പല വിദ്യാലയങ്ങളിലും ക്ലാസുകളിലും ഇത് ആരംഭിച്ചിട്ടില്ല. വിശേഷിച്ചും മുതിർന്ന ക്ലാസുകളിലെ കുട്ടികളെ പെട്ടെന്ന് ഓൺലൈൻ സംവിധാനത്തിന് മുന്നിലേക്ക് എത്തിക്കുക എളുപ്പമല്ല. അധ്യാപകരെയും അങ്ങിനെ തന്നെയാണ് പലപ്പോഴും.

പ്രവർത്തി ദിനങ്ങൾ പത്തു ദിവസം വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ വൻ ബഹളാണ് ഉയർന്നത്. രക്ഷിതാക്കൾ എന്ന വിഭാഗം സംഘടിതം ആല്ലാത്തതിനാലും അങ്ങിനെ സ്ഥിരം രക്ഷിതാക്കൾ എന്ന് ഒരു വിഭാഗം ഇല്ലാത്തതിനാലും ഇത്തരം കാര്യങ്ങളിൽ ഒരു പ്രതിരോധം രൂപപ്പെടുക സാധാരണമല്ല.

വലിയ സംഘടിത ശക്തി ഉപയോഗിച്ചാണ് അധ്യായന ദിനങ്ങൾ വർധിപ്പിക്കുന്നതിനെ എതിർത്ത് തോൽപ്പിച്ചത്. ഇതിന് വളരെ എളുപ്പം സർക്കാരും വഴങ്ങി. ഈ വർഷം ഒരാഴ്ചയിൽ അധികം മഴ അവധി നൽകിയ ഇനത്തിൽ നഷ്ടമായിട്ടുണ്ട്. പകരം ക്ലാസുകൾ ഫലഫ്രദമാവുന്നുണ്ടോ എന്നൊന്നും ആർക്കും അന്വേഷണമില്ല. പകരം ക്ലാസുകളോടുള്ള സമീപനം തന്നെ വ്യത്യസ്തമായിരിക്കും.

എങ്ങിനെയും പാഠ ഭാഗം ഉന്തിതള്ളി നീക്കുക എന്നത് ഒരു തലമുറയെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ്. ഇത് പരിഗണിക്കാതെയാണ് അനിശ്ചിത കാലം പോലുള്ള ഉത്തരവുകൾ ഇറക്കുന്നത്. അവയിലെ ശരിതെറ്റുകൾ പരിശോധിക്കാതെ വലിയ വാർത്തകളായി മാത്രം മാറ്റുന്നതും.

കോഴിക്കോട് ജില്ലയിലെ രക്ഷിതാക്കൾ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. പത്ത് ദിവസത്തിൽ അധികം അധ്യായനം കുട്ടികൾക്ക് നഷ്ടമാവുന്ന സാഹചര്യമാണ്. കേരളത്തിലെ വിദ്യാർഥികൾ വളരെ അധികം അഭിലാഷങ്ങളും ആഗ്രങ്ങളും പുലർത്തുന്ന തലമുറയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അവർ ഒരു വ്യത്യാസവും ഇല്ലാതെ പഠനാവസരങ്ങൾ തേടുന്നുണ്ട്. അതിനുള്ള കടത്ത മത്സരവും നേരിടുന്നു. അതിന് തയാറെടുപ്പുകൾ ചെറുപ്പം മുതൽ തുടങ്ങുന്നു. ഇതൊന്നും പരിഗണിക്കാതെ ഉത്തരവുകളിൽ മാത്രം ഒതുക്കുന്ന സമീപനം രക്ഷിതാക്കളിൽ അമർഷത്തിന് കാരണമാവുകയാണ്.

വിദ്യാഭ്യാസത്തിന് രണ്ട് മന്ത്രിമാരുള്ള സംസ്ഥാനമാണ് കേരളം. ഇത്തരം അടിയന്തിര ഘട്ടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബദൽ സംവിധാനങ്ങൾക്ക് സ്ഥിരം ഏർപ്പാട് ഉണ്ടാകേണ്ടതാണ്. ഇത് വിദ്യാഭ്യാസ വിദഗ്ധരും ആസൂത്രകരും ചേർന്ന് സമ്മർദ്ദങ്ങൾക്ക് വിധേയമാവാതെ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ചർച്ചകൾ ആവശ്യമാണെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

എക്സൈസ് ഓഫീസർ, നഴ്സറി ടീച്ചർ, നഴ്സ്, ഫോറസ്റ്റ് ഓഫീസർ… PSC വിജ്ഞാപനം തയാർ

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി), വനം വകുപ്പിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, നഴ്സറി ടീച്ചർ തുടങ്ങി 38 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയാറായി. സെപ്റ്റംബർ 29-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. .

സംഗീത കോളേജുകളിൽ ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ, സാമൂഹികനീതിവകുപ്പിൽ നഴ്‌സറി ടീച്ചർ, കേരഫെഡിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, സോയിൽസർവേ ആൻഡ് സോയിൽ കൺസർവേഷനിൽ വർക്ക് സൂപ്രണ്ട്. തുടങ്ങിയ തസ്തികകളും ഇവയിൽ ഉൾപ്പെടും. സപ്തംബർ 29 ന് ശേഷം ഓൺലൈൻ അപേക്ഷ നൽകി തുടങ്ങാം.

പി എസ് സി പരീക്ഷകൾ മാറ്റി

0

പി.എസ്.സി. പരീക്ഷകളിൽ വീണ്ടും മാറ്റം. നിപ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ മാറ്റങ്ങൾ.

സെപ്റ്റംബർ 19-നു നടത്താനിരുന്ന ഓൺലൈൻ പരീക്ഷകളും സെപ്റ്റംബർ 20, 21 തീയതികളിലെ മറ്റു പരീക്ഷകളും മാറ്റിവെച്ചു. സെപ്റ്റംബർ 20, 21 തീയതികളിൽ കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റി. മറ്റു ജില്ലകളിലെ വകുപ്പുതല പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

കെ.എം.എം.എല്ലിൽ ജൂനിയർ സൂപ്പർവൈസർ(കാറ്റഗറി 13/2022), അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്-2(കാറ്റഗറി 718/2022) എന്നിവയ്ക്ക് 19-നു നടത്താനിരുന്ന ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. രാവിലെ 9-നും 11.15-നും തുടങ്ങുന്നവിധം രണ്ട് ബാച്ചുകൾ ഈ പരീക്ഷയ്ക്കു നിശ്ചയിച്ചിരുന്നു. വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ(ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്-കാറ്റഗറി 7/2022), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡയറ്റ് ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്-കാറ്റഗറി 349/2022, 350/2022, 353/2022, 354/2022, 355/2022, 356/2022), ലക്ചറർ (ഉറുദു, കന്നഡ-കാറ്റഗറി 361/2022, 363/2022) തസ്തികകളിലേക്കുള്ള സെപ്റ്റംബർ 20-ലെ പരീക്ഷകളാണ് മാറ്റിയത്. കെ.ടി.ഡി.സി.യിൽ ബോട്ട് ഡ്രൈവർ(കാറ്റഗറി 160/2022, 175/2022), വനംവകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ(കാറ്റഗറി 447/2022), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡയറ്റ് ലക്ചറർ(ഇംഗ്ലീഷ്, സംസ്‌കൃതം-കാറ്റഗറി 351/2022, 352/2022, 359/2022, 360/2022) എന്നിവയ്ക്ക് സെപ്റ്റംബർ 21-നും നിശ്ചയിച്ച പരീക്ഷകൾ മാറ്റി.