വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന ബിൽ ബുധനാഴ്ച അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങളുണ്ടാവുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. മിക്ക പ്രതിപക്ഷ കക്ഷികളും ബില്ലിനെ നേരത്തെ തന്നെ അനുകൂലിച്ച് തീരുമാനം എടുത്തിരുന്നു.
വനിതാസംവരണ ബില്ലിന് പുറമെ വിവാദമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭായോഗം തന്ത്രപൂർവ്വം ഒഴിവാക്കി. പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വനിതാസംവരണ ബില്ലിനായി പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു.
കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ വെട്ടി നുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകി ദുർഗന്ധം വഹിക്കുന്ന നിലയിലാണ്.
രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ മൃതദേഹം നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പുതിയ നിപ കേസുകൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ന് 37 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ചികിത്സയിൽ ഉള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 13-ന് കണ്ടെയ്ൻമെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യം മരിച്ച വ്യക്തിയുടെ റൂപ്പ് മാപ്പ് കൃത്യാമായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ കേസുകൾ ഒന്നും ആശങ്കയായി ഇല്ല.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് സെപ്റ്റംബര്‍ 21ന് പ്രകാശനം ചെയ്യും. ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും, കുട്ടികളുടെ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടും ഇതിൽ ഉൾപ്പെടുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി അറിയിച്ചു
പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തയ്യാറാക്കിയ ചട്ടക്കൂടുകള്‍ ഒക്ടോബര്‍ 9 ന് പ്രകാശനം ചെയ്യും. ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
അധ്യാപക സഹായി, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ടെക്സ്റ്റ് വികസിപ്പിക്കുക. ഭിന്നശേഷി കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കും
കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യനീതി ശരിയായ രീതിയിൽ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി.എന്നാൽ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും അദ്ദേഹം തുടർന്നു.
അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുമ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്രമാണ് നിയമനം. കഴിഞ്ഞ ഏഴര വർഷത്തിനിടെ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിനകം നിയമനം കേരള പി എസ് സി നടത്തി. പക്ഷെ കേന്ദ്രത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന നയമാണ്. റെയിവേയിൽ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി എടുത്തുകാട്ടി.
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു. സർക്കാരും വനം വകുപ്പും മലക്കം മറിഞ്ഞ കേസിൽ ഒടുവിൽ വിചാരണ നടത്താനിരിക്കെയാണ് സ്റ്റേ. മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്.
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകേണ്ടതായിരുന്നു. കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് ഇതിനായി ഉത്തരവ് നൽകിയത്.
2012-ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ െഹെക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഇതേത്തുടർന്നാണു തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ടു തീർപ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ അന്ന് മജിസ്ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
കേസ് പിൻവലിക്കാൻ സർക്കാർ, പൊതു താത്പര്യത്തിന് വിരുദ്ധമായി ആവശ്യമെന്ന് കോടതി
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപേക്ഷ നൽകിയത് വിവാദമായിരുന്നു. എന്നാൽ സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു. സർക്കാരിൻ്റെ ആവശ്യം പൊതുതാത്‌പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ൽ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.
കേസ് എടുക്കാതെ ഏഴു വർഷം വെച്ചിരുന്നു
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പലതവണ മലക്കം മറിഞ്ഞ ശേഷമാണ് വനം വകുപ്പ് ഇതിന് സന്നദ്ധമായത്.
മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മുൻപ് മൂന്ന് പ്രാവശ്യം മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം 2012- ലാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതിയാക്കി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കേസെടുത്തത്.
വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
മന്ത്രിയും വനംവകുപ്പ് തലവനും ചേർന്ന് ആനക്കൊമ്പ് തിരിച്ചു നൽകി
പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് തിരിച്ചു നൽകുകയും ചെയ്തിരുന്നു. തുടർന്ന് കൊമ്പ് സൂക്ഷിക്കാൻ ലാലിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി.
ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റു രണ്ടുപേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസും മോഹൻലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂെലെ 22-നാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
ഉന്നതർ ഇടപെട്ട് കേസിലെ തൊണ്ടി മുതൽ തന്നെ തിരികെ നൽകിയത് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നൽകിയ കേസിലാണ് ഇപ്പോൾ വിചാരണ. പ്രതിഛായ വിഷയവും സ്വകാര്യ ശേഖരം എന്ന അവകാശ വാദവും എല്ലാം കേസിന് എതിരെ ഉയർത്തിക്കാട്ടി. സർക്കാരും വനം വകുപ്പ് ഉന്നതരും തന്നെയും കേസ് ഒഴിവാക്കാൻ ശ്രമിച്ചി എങ്കിലും കുറ്റപത്രം സമർപ്പിക്കാനായിരുന്നു കോടതി നിർദേശിച്ചത്.
ലാലിന് ആനക്കൊമ്പുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകിയത് അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു. ഇത് ചൂണ്ടി കാട്ടി ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
അന്നും ഇന്നും സർക്കാർ കൂടെ നിന്നു
മോഹൻലാൽ ,സംസ്ഥാന സർക്കാർ, മുഖ്യവനപാലകൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൗലോസ് ഹർജി സമർപ്പിച്ചിട്ടുള്ളത് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചതിന് നിയമസാധുത നൽകിയെന്ന് സർക്കാർ നിലപാടറിയിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കുകയായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മോഹൻലാലിനുവേണ്ടി ഇത്തരത്തിൽ ഉത്തരവിറക്കിയത് വിവാദമായിരുന്നു. മറ്റുവ്യക്തികളുടെ ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷണത്തിലോ കോടതിയിൽ വിചാരണയിലോ ആയിരിക്കെ നടനെ സഹായിക്കാൻ മാത്രമാണ് പ്രത്യേക ഉത്തരവിറക്കിയതെന്നും സി.എ.ജിയും കണ്ടെത്തിയിരുന്നു.
അന്ന് സി എ ജി കണ്ടെത്തിയത്
കൈവശമുള്ള വന്യജീവികളുടെയും വന്യജീവി ശേഷിപ്പുകളുടെയും വിവരം വെളിപ്പെടുത്തി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേടാൻ 1972-ലും 1978 മുതൽ 1991 വരെയും 2003-ലും പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ, 2011 ഡിസംബറിലാണ് നടന്റെ വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ പിടിച്ചത്. 2012-ൽ വനംവകുപ്പ് നടനെതിരേ കേസെടുത്തു. എന്നാൽ, നടന് മാത്രമായി പ്രത്യേക ഉത്തരവിറക്കി ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താൻ വനംവകുപ്പ് അവസരം നൽകി. 2016 ഫെബ്രുവരിയിൽ ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾകൂടി കൈവശംവെയ്ക്കാനും അനുമതി നൽകി. അവയെല്ലാം പാരമ്പര്യസ്വത്താണെന്ന് വാദിച്ചാണ് നടൻ അപേക്ഷ നൽകിയത്.
കൈവശമുള്ള ആനക്കൊമ്പുകളും അതുകൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളും വെളിപ്പെടുത്താൻ പൊതുജനത്തിന് ഒറ്റത്തവണ അവസരം നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2015 ഡിസംബർ 15-ന് സർക്കാരിന് കരടുവിജ്ഞാപനം സമർപ്പിച്ചു. എന്നാൽ, എല്ലാവർക്കും അവസരം നൽകുന്നതിനുപകരം നടന് മാത്രമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനം-വന്യജീവി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ല ഈ ഉത്തരവെന്നും സി.എ.ജി. കണ്ടെത്തി.
ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കാണ് മാറ്റിയത്. നിപ സാഹചര്യം കൂടി കണക്കിലെടുത്താണ് മാറ്റം.
SSLC പരീക്ഷ മാർച്ച് നാല് മുതൽ, ഹയർ സെക്കൻ്ററി മാർച്ച് 1 മുതൽ
എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും.
ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി ശിവൻ കുട്ടി അറിയിച്ചു.
കലോത്സവം കൊല്ലത്ത്, കായിക മേള തൃശൂരിൽ
സംസ്ഥാന സ്‌കൂള്‍ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ചും, ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തും നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും.
എസ്.എസ്.എല്‍.സി. പരീക്ഷ- സമയക്രമം
ഐ.ടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ (9 ദിവസം)
ഐ.ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം)
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ – 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെ (5 ദിവസം)
എസ്.എസ്.എല്‍.സി. പരീക്ഷ – 2024 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ
മാര്‍ച്ച് 4 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
മാര്‍ച്ച് 18 രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെ നടത്തുന്നതാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും.2024 ലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാണ്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി അടുത്ത ദിവസം തുടങ്ങുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചേക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളും വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ഇന്ന് സര്‍വകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഭരണകക്ഷിയായ എന്‍ഡിഎയിലെ കക്ഷികളിലും ഈ ആവശ്യത്തെ എതിർത്തവർ കുറവാണ്.
20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാജ്യസഭ നേരത്തെ പാസാക്കിയ വനിത സംവരണ ബില്‍ ഇനി ലോക്സഭ കൂടിയാണ് പാസാക്കാനുള്ളത്.
വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ബിജെഡി, ബിആര്‍എസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും ആവശ്യപ്പെടുകയുണ്ടായി. മഹാരാഷ്ട്ര എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേലും ആവശ്യവുമായി രംഗത്ത് വന്നു.
പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം 19 ന് സമ്മേളനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറും.
ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് ( 60 ) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളിജിൽ രാവിലെയായിരുന്നു മരണം.
ഇവരുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന തെരുവ് നായയുടെ നഖം കൊണ്ടതാണ് മരണത്തിന് കാരണമായി തീർന്നത്. ഏറെ നാളായി ലതയുമായി കൂട്ടു കൂടിയ നായയാണ്. നായയും ഇവരുടെ വീട്ടിലെ പൂച്ചയും തമ്മില്‍ കടിപിടി കൂടിയത് കണ്ട് രണ്ടു പേരെയും ശാസിച്ചു. നായയെ പിടിച്ചുമാറ്റുന്നതിനിടയിൽ നഖം മുഖത്ത് തട്ടി മൂക്കിന് പോറലേറ്റു.
പക്ഷെ ഇത് കാര്യമാക്കിയില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പെ് എടുത്തിരുന്നില്ല. അപ്പോഴേക്കും രോഗ ലക്ഷണങ്ങൾ പ്രകടനമായിരുന്നു.
ഏഷ്യാകപ്പ് കിരീടപ്പോരിൽ ലങ്കയ്‌ക്ക് നാണംകെട്ട തോൽവി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 51 റൺസ് ഇന്ത്യ 6.1 ഓവറിൽ മറികടന്നു. സ്കോർ: ശ്രീലങ്ക- 50/10 (15.2). ഇന്ത്യ. 51/0 (6.1).
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഏഴോവറിൽ ആറ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇന്ത്യ നേടുന്ന എട്ടാം കിരീടമാണിത്.
കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്‌ക്കായി വിക്കറ്റ് നേട്ടം തുടർന്നു.
പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസിൽവ (2 പന്തിൽ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാൽ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് ഓവറിൽ വിജയം കൈവരിച്ചു. ഓപ്പണർമാരായ ശുഭ്‌മാൻ ഗിൽ 19 പന്തിൽ 27 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 23 റൺസും നേടി.
ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.
ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുത്തു. നാലാം ഓവറിലെ ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക (0), ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് ഡഗ്ഔട്ടിലേക്ക് മടക്കി. ഇതോടെ ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.