തൃശ്ശൂരിൽ 3.5 കിലോ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ

തൃശ്ശൂർ റെയിൽവേ സ്റ്റേഷനടുത്ത് കൊക്കാലയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് നിർമ്മാണം പൂർത്തിയാക്കി കൊണ്ടു പോകുന്ന 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഏഴുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പതിവ് പോലെ ആഭരണ ശാലകൾക്ക് നൽകാൻ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു കവർച്ച.

ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബര്‍ എട്ടിന് രാത്രി 11.20-ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപംവെച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണം തട്ടിക്കൊണ്ടുപോയത്.

കേസിലെ പ്രധാന സൂത്രധാരന്മാരായി പൊലീസ് കണ്ടെത്തിയ രണ്ടാംപ്രതി വെളുത്തൂര്‍ നവദീപം സ്ട്രീറ്റ് കോലത്തുപറമ്പില്‍ നിഖില്‍ (32), മൂന്നാംപ്രതി ചാലക്കുടിയിലെ ജിഫിന്‍ എന്നിവരെയും ഇവര്‍ക്ക് സഹായം ചെയ്ത കണ്ടാലറിയാവുന്ന മറ്റ് നാലുപേരെയും പൊലീസ് അന്വേഷിക്കയാണ്.

ഒന്നാംപ്രതി ബ്രോണ്‍സണ്‍ മുന്‍പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മിഷന്‍ വ്യവസ്ഥയില്‍ ഇയാളാണ് സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഇടയ്ക്ക് ഇയാളെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ നേരത്തെയുള്ള ഇടപാട് പ്രകാരം 15 ലക്ഷത്തോളം രൂപ സ്ഥാപനത്തില്‍നിന്ന് ലഭിക്കാനുണ്ടെന്ന് പറയുന്നു. സ്ഥാപനവുമായി തെറ്റിയ ബ്രോണ്‍സണ്‍ രണ്ടാംപ്രതി നിഖില്‍, ജെഫിന്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സ്വര്‍ണാഭരണങ്ങള്‍ ഏതെല്ലാം ദിവസങ്ങളില്‍, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നതെന്ന് ബ്രോണ്‍സണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്. അറസ്റ്റിലായ മറ്റ് പ്രതികള്‍ കുറ്റകൃത്യത്തിന് സഹായം ചെയ്തവരും വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയവരുമാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാര്‍ത്താണ്ഡത്തെ വില്‍പ്പനശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്ന 1.80 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

അറസ്റ്റിലായ പ്രതികളില്‍ സുമേഷ് ചാലക്കുടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാംപ്രതി നിധിന്‍ കൊലപാതകക്കേസിലും ഒമ്പതാംപ്രതി രാജേഷ് കവര്‍ച്ചക്കേസിലും പ്രതികളാണ് എന്നും പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

രണ്ട് സ്കൂൾ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ കുട്ടികൾക്ക് ബൈക്ക് നൽകിയയാൾ അറസ്റ്റിൽ

ചുങ്കത്തറയില്‍ ബൈക്കും സാധനങ്ങൾ കയറ്റി വരികയായിരുന്ന ജീപ്പും കൂട്ടിയിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിക്കാനിടയായ അപകടത്തിൽ നടപടി. കുട്ടികൾക്ക് ബൈക്ക് വാടകയ്ക്ക് കൊടുത്തയാളെ അറസ്റ്റ് ചെയ്തു. കോടാലിപെയില്‍ സ്വദേശി മുഹമ്മദ് അജ്‌നാസിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ചുങ്കത്തറ മുട്ടിക്കടവില്‍വെച്ചുണ്ടായ അപകടത്തില്‍ എടക്കര പാതിരിപ്പാടം അയ്യപ്പശ്ശേരി യദു കൃഷ്ണ (14), ഉപ്പട ആനക്കല്ല് ആച്ചക്കോട്ടില്‍ ഷിബിന്‍ രാജ് (14) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ചരക്കുജീപ്പിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശിക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ബൈക്ക് വാടകയ്ക്ക് നൽകിയ അജ്നാസിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു. കുട്ടികൾ സഞ്ചരിച്ച ബൈക്ക് ചരക്കുജീപ്പില്‍ ഇടിച്ചായിരുന്നു അപകടം.

കോഴിക്കോട് എൻ.ഐ.ടിയിൽ നിപനിയന്ത്രണം ലംഘിച്ച് ക്ലാസ്, ഞങ്ങൾ കേന്ദ്രസ്ഥാപനം എന്ന് ന്യായീകരണം

0

നിപ നിയന്ത്രണം ലംഘിച്ച് എന്‍.ഐ.ടിയില്‍ ക്ലാസ് നടത്തിയത് സംബന്ധിച്ച പരാതിയിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. മേൽ നടപടിക്കായി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര സ്ഥാപനം എന്ന ന്യായം വിട്ട് ക്ലാസുകൾ ഓൺലൈനാക്കി.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ എന്‍.ഐ.ടിയില്‍ ഇതിനുശേഷവും റെഗുലര്‍ ക്ലാസുകള്‍ തുടർന്നു. ഇതോടെ വിദ്യാഭ്യാര്‍ഥികള്‍ പരാതിയുമായി ആരോഗ്യവകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും സമീപിക്കുകയായിരുന്നു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമാണ്‌ എന്‍ഐടി അധികൃതരുടെ വാദം.

വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണംകൂടി വന്നതിന് പിന്നാലെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി. സെപ്റ്റംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി ക്രമീകരിച്ചു. അടുത്ത ആഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

42 പേരുടെ സാമ്പിൾ നെഗറ്റീവ്, ഒൻപതു വയുസ്സുകാരൻ്റെ ആരോഗ്യ നിലയിൽ പുരോഗതി

0

ഹൈ റിസ്കിൽ ഉൾപ്പെട്ട 42 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്. കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. ഇന്ന് നൂറോളം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് ശ്രമം. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് – ആരോഗ്യമന്ത്രി പറഞ്ഞു.

നിപ, 18 ലെ പി.എസ്.സി പരീക്ഷകൾ മാറ്റി

മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംപ്തംബർ 18-ന് നടത്താനിരുന്ന രണ്ടു പരീക്ഷകളാണ് മാറ്റിയത്. മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ ഇതുവരെ അറിയിപ്പ് ഇല്ല.

കോഴിക്കോട്ടെ കായികക്ഷമതാ പരീക്ഷയും മാറ്റി

കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 16 വരെ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കായികക്ഷമതാപരീക്ഷയും മാറ്റി. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോഴിക്കോട് സെയ്ന്റ് സേവ്യേഴ്‌സ് യു.പി. സ്കൂൾ മൈതാനം, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ മൈതാനം എന്നിവിടങ്ങളിലെ കായികപരീക്ഷയാണ് മാറ്റിയത്. മറ്റു ജില്ലകളിലെ കായികപരീക്ഷ മാറ്റമില്ലാതെ നടക്കും.

”ഇന്ത്യ നിങ്ങളുടെ പിതാവിൻ്റെ വകയാണോ, രാജ്യത്തിൻ്റെ പേര് മാറ്റാൻ ധൈര്യമുണ്ടോ” വെല്ലുവിളിച്ച് കെജ്‌രിവാള്‍

ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റാൻബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?. രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധെെര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു’- കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി പദ്ധതികളുമായി മുന്നോട്ട് വന്നു. എന്നാൽ പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം രൂപീകരിച്ചതോടെ അവർ രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്ന് കെജ്‌രിവാള്‍ പരിഹസിച്ചു.

വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്‍ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നിതിനിടെയാണ് കെജ്രിവാളിൻ്റെ രൂക്ഷമായ പ്രയോഗം. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഉന്നതതല സമിതി യോഗം 23 ന്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നീക്കത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോ​ഗം സെപ്റ്റംബർ 23-ന് ചേരും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോ​ഗം. പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും യോ​ഗത്തിന്റെ ഭാ​ഗമാകും.

കടുത്ത എതിർപ്പുകൾക്ക് ഇടയിലും ആസൂത്രണങ്ങൾ മുന്നോട്ട് നീക്കുകയാണ്. ജനാധപത്യ സംവിധാനങ്ങളുടെ ബഹുമുഖ സ്വഭാവവും ഫെഡറലിസം തന്നെയും നഷ്ടമാവും എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കേന്ദ്ര നീക്കം.

ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിച്ച് ശുപാർശ നൽകുന്നതിന് എട്ടം​ഗ ഉന്നതതല സമിതിയെ സർക്കാർ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ് എന്നിവരും സമിതിയിൽ അം​ഗങ്ങളാണ്.

സമിതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ശുപാർശകൾ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ ഭേദ​ഗതികൾ ആവശ്യമെങ്കിൽ സമിതി പരിശോധിച്ച് വിവരം നൽകും. ഇത്തരം നടപടികൾക്ക് സംസ്ഥാനങ്ങളുടെ അം​ഗീകാരം ആവശ്യമാണോ എന്നും സമിതി വിശകലനം ചെയ്യും. ഒരേസമയം തിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യത്തിലുണ്ടായേക്കാവുന്ന മറ്റ് വിഷയങ്ങളെക്കുറിച്ച്‌ പഠനം നടത്തും എന്നും വിശദീകരിക്കുന്നു.

പി എം ശ്രീനാഥ് ഗുരുവായൂർ മേൽശാന്തി

0

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എം. ശ്രീനാഥ് നമ്പൂതിരി. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരില്‍ 41 ഹാജരായിരുന്നു. ഇവരില്‍ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകള്‍ നറുക്കെടുത്താണ് അവസരം നിശ്ചയിച്ചത്.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആര്‍ ഗോപിനാഥ്, വി.ജി.രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

നിപ രണ്ടാം തരംഗമില്ല, ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് നിപ ലക്ഷണം

0

സംസ്ഥാനത്ത് നിലവിൽ പുതിയതായി നിപ പോസിറ്റീവ്‌ കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. ഇതു മാത്രമാണ് പുതിയ ആശങ്ക.

നിലവിൽ സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണ്. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ അവധി ഒരാഴ്ച മാത്രം, 23 വരെ ഓൺലൈൻ ക്ലാസ് നൽകണം

നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി അടുത്ത ആഴ്ചയും തുടരും. അനിശ്ചിത കാലത്തേക്ക് അവധി എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയത് ശരിയല്ല എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം.

മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമാണ് അറിയിപ്പ്.

അടുത്ത ഒരാഴ്ചത്തേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കഴിഞ്ഞ ദിവസം തന്നെ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് വ്യാഖ്യാനിച്ച് അനിശ്ചിത കാല അവധി പ്രഖ്യാപിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.