14 മാധ്യമ അവതാരകരെ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം

രാജ്യത്ത് വർഗ്ഗീയ പ്രകോപനവും ഛിദ്രതയും വളർത്താൻ പ്രേരിപ്പിക്കുന്ന എന്ന അഭിപ്രായത്തിൽ 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.

ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഇവരുടെ പരിപാടികളിൽ ചർച്ചയ്ക്ക് എത്തില്ല.

ഷോകളിലൂടെ  വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നത് . ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ പേരുകൾ സഹിതം മുന്നണി തീരുമാനം പുറത്തുവിട്ടത്.

മാധ്യമപ്രവർത്തകർ ഇവർ

  1. അതിഥി ത്യാഗി
  2. അമൻ ചോപ്ര
  3. അമീഷ് ദേവ്‌ഗൺ
  4. ആനന്ദ് നരസിംഹൻ
  5. അർണാബ് ഗോസ്വാമി
  6. അശോക് ശ്രീവാസ്തവ്
  7. ചിത്ര ത്രിപദി
  8. ഗൗരവ് സാവന്ത്
  9. നവിക കുമാർ
  10. പ്രാചി പരാശർ
  11. റുബിക ലിയാഖത്
  12. ശിവ് അരൂർ
  13. സുധിർ ചൗധരി
  14. സുശാന്ത് സിൻഹ

കേരളത്തെ കരിവാരിത്തേച്ച് ജാതീയതയും ഫ്യൂഡൽ വ്യവസ്ഥയും തിരികെ കെണ്ടുവരാൻ സിനിമയെ ഉപയോഗിക്കുന്നു -മുഖ്യമന്ത്രി

മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോയകാലത്തെ ജീര്‍ണതകളെ കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ സിനിമ ഉപയോഗിക്കുന്നു. ജാതീയത, ഫ്യൂഡല്‍ വ്യവസ്ഥ, ചാതുര്‍വര്‍ണ്യം എന്നിവയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. സ്ത്രീത്വത്തിന്റെ മുന്നേറ്റത്തെ അടിച്ചമര്‍ത്തി ആണധികാരത്തെ ഊട്ടിയുറപ്പിക്കുന്ന സിനിമകള്‍ വരുന്നു. നവോഥാന മൂല്യങ്ങളെ തല്ലിക്കെടുത്തുന്നതിനോട് സഹകരിക്കാന്‍ ജനമനസ്സുകളെ പാകപ്പെടുത്താനുള്ള ശ്രമം നടത്തുന്നു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിനിമ നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ്. എം.ടിയുടെ ‘നിര്‍മാല്യം’ പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണ്. എന്നാല്‍, അതുപോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. സിനിമ ദുരുപയോഗം ചെയ്യുന്ന കാലത്താണ് ജീവിക്കുന്നത്.

കേരളത്തെ ലോകത്തിന് മുന്നിൽ കരിവാരിത്തേക്കാൻ ശ്രമം

ഈ ഇരുട്ടിന്റെ നടുക്കല്‍ വെളിച്ചമായി സനില്‍ക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനും ലോകത്തിന് മുന്നില്‍ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല. കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം- മുഖ്യമന്ത്രി പറഞ്ഞു.

മാളുകൾ പാർക്ക് ബീച്ച് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം, ഒന്നിച്ച് കൂടുന്ന പരിപാടികൾ വേണ്ട

0

നിപ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ ജാഗ്രത ക്ഷണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്.

ജില്ലയില്‍ കഴിയാവുന്ന പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവയ്ക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള യാത്രകളും കര്‍ശനമായി നിരോധിച്ചു.

കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല

– മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കണം. പന്നിഫാമുകള്‍, വവ്വാല്‍ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ എന്നിവ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കണം.

– വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുകയോ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുകയോ ചെയ്യരുത്.

– വവ്വാല്‍, പന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ജഡം സ്പര്‍ശിക്കരുത്.

ജില്ലയിൽ പൊതുവായി ശ്രദ്ധിക്കേണ്ടത്

– യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തുക.

– ഒഴിവാക്കാനാവാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയ ശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തുക.

– അനാവശ്യയാത്രകള്‍ ഒഴിവാക്കുക. പാര്‍ക്കുകള്‍, ബിച്ചുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.

– മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കുക.

ക്ഷേത്ര ദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിച്ചു, പൂജാരിക്ക് 10 വർഷം തടവ്

 ക്ഷേത്ര ദർശനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമ പ്രകാരം പൂജാരിക്ക് തടവും പിഴയും. ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി താമസിക്കുന്ന കന്യാകുമാരി അഴംകുളം കുളത്തുവിളൈ വീട്ടില്‍ വിപിന്‍ ഗണേശനെയാണ് (34) ശിക്ഷിച്ചത്.

പത്തു വർഷം തടവ് അനുഭവിക്കണം. ഒപ്പം 1800 രൂപ പിഴയും വിധിച്ചു. കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്.

2022-ല്‍ വണ്ടിപ്പെരിയാര്‍ പോലീസ് റജിസ്ത്ര് ചെയ്ത കേസാണ്. പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒന്‍പതുവയസുകാരിയെ ആണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന മുറിയില്‍ എത്തിച്ചായിരുന്നു ലൈംഗികാതിക്രമം.

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

0

നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല. അതേസമയം യൂണിവേഴ്‌സിറ്റി, പി.എസ്.സി. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാവുന്നതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശം

0

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം. ജില്ലയിൽ 24ാം തീയതി വരെ വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.

ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ കളക്ടർക്ക് തീരുമാനിക്കാം.  30ന് മരിച്ചയാൾ ഇൻഡക്സ് രോഗി എന്ന് കണക്കാക്കാം. മറ്റ് അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംസ്ഥാനതലത്തിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സാമ്പിളുകൾ തോന്നയ്ക്കലും കോഴിക്കോടും പരിശോധിക്കും. കേന്ദ്ര സംഘത്തിലെ കൂടുതൽ പേർ ഇന്ന് എത്തുമെന്നും മന്ത്രി അറിയിച്ചു. 

വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. ഇതോടെ കർശന നിയന്ത്രണങ്ങൾ വേണമോ എന്നതും വ്യക്തമാവും.

നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനൊന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുതോങ്കരയില്‍ വീട്ടില്‍ ഐസൊലേഷനില്‍ തുടരുന്ന മൂന്ന് പേര്‍ക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ എ ഗീത അറിയിച്ചു.

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് സോണിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.

ആശുപത്രി ജീവനക്കാരന് നിപ പകർന്നത് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടൊപ്പം രോഗ ലക്ഷണങ്ങൾ കണ്ട ഒരു ആരോഗ്യപ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. സമ്പർക്ക പട്ടിക 789 ആയും ഉയർന്നിട്ടുണ്ട്.

20 പേർ ചികിത്സയിലുണ്ട്. 13 പേർ ഐസലേഷനിൽ നിരീക്ഷണത്തിലാണ്. മൂന്നു പേർ വീടുകളിലും നാല് പേർ മെഡിക്കൽ കോളിജിലും നിരീക്ഷണത്തിലാണ്. സംസ്ഥാന അതിർത്തികളിൽ ശരീര താപനില പരിശോധന തുടങ്ങിയിട്ടുണ്ട്.

ഇതുവരെ അഞ്ചു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ ഇതോടെ സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിനു പുറമേ, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അതിനിടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിയ രോഗലക്ഷണമുള്ള ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള ആളല്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇതേ പോലെ നിപ്പ ലക്ഷണങ്ങക്ഷൾ സംശയിച്ച കേസ് ഉണ്ടായി. പൊതുവെ ആശങ്കയും കരുതലും വർധിച്ച സാഹചര്യത്തിലാണ് ഇവ എന്നാണ് ആശ്വസിക്കുന്നത്.

ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങളുടെ ത്രില്ലർ ചമയ്ക്കൽ വേണ്ടെന്ന് സുപ്രീം കോടതി

ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട മാധ്യമവിചാരണ വേണ്ടെന്ന് സുപ്രീം കോടതി. കുറ്റാരോപിതനെ പ്രതിക്കൂട്ടിലാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ അന്യായമാണെന്നും കോടതി പറഞ്ഞു. ഇത്തരം വാർത്ത നിർമ്മിക്കൽ പ്രതിയുടെയും പരാതിക്കാരുടെയും സ്വകാര്യത ലംഘിക്കുന്നതാണ്. അവർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ഇത് ആശങ്കാജനകമാണ്.

പലപ്പോഴും പൊലീസ് പറയുന്നത് എഴുതു വിടുന്നതാണ് വാർത്തായായി മാറുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ഇത് കൂടുതൽ ജനങ്ങളിലേക്ക് എത്താൻ വേണ്ടി മൌനമായി പ്രോത്സാഹിപ്പിക്കേണ്ട ഗതികേടിലാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ സൈറ്റുകളിൽ കൂടുതൽ ആളുകളെ നോക്കിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ക്രൈം വാർത്തകൾ ക്രൈം ത്രില്ലറുകൾ ആയി മാറുന്ന സാഹചര്യം ഉണ്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

പക്ഷപാതപരമായ റിപ്പോർട്ടിങ് വ്യക്തികൾ കുറ്റം ചെയ്തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017-ലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.

വാർത്തകളും വിവരങ്ങളും അറിയുന്നതിന് ജനങ്ങൾക്കും അവകാശമുണ്ട്. എന്നാൽ, അന്വേഷണത്തിനിടെ സുപ്രധാനമായ തെളിവുകൾ പുറത്തുവന്നാൽ അത് അന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിലിരിക്കുന്ന ഒരു കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിനുള്ള അവകാശം കുറ്റാരോപിതനായ വ്യക്തിക്കുണ്ട്.

ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങളിൽ പോലീസ് പിന്തുടരേണ്ട മാർ​ഗനിർദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ വിശദമായ മാനുവൽ തയ്യാറാക്കണമെന്നാണ് നിർദേശം. ഓരോ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഒരു മാസത്തിനകം തങ്ങളുടെ നിർദേശങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കാം.

അടുത്ത വാദം 2024 ജനുവരിയിലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മാധ്യമ വിചാരണ നീതിനിർവഹണത്തെ ബാധിക്കുന്നു. ഏത് ഘട്ടത്തിലാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. ഇതിൽ പരാതിക്കാരുടേയും കുറ്റാരോപിതരുടേയും താത്പര്യങ്ങൾ കണക്കിലെടുക്കണം. കൂടാതെ, പൊതുജനതാത്പര്യവും വിഷയത്തിൽ ഉൾപ്പെടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ആശയങ്ങളും വാർത്തകളും നൽകാനുള്ള മാധ്യമങ്ങളുടെ അടിസ്ഥാനപരമായ അവകാശത്തിന്റെ പ്രശ്നവും വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, മാധ്യമ വിചാരണ അനുവദനീയമല്ല. ഇത് കേസിലെ പ്രതിയുടെയും പരാതിക്കാരുടെയും സ്വകാര്യത ലംഘിക്കുന്നതാണ്. അവർ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ഇത് ആശങ്കാജനകമാണ്.

ചെഗുവേരയുടെ കൊടി ഉയർത്തിപ്പിടിക്കുന്നവർ എട്ടു മനഷ്യരെ വെടിവെച്ചിട്ടത് പണത്തിന് വേണ്ടി – ഗ്രോ വാസു

0

പശ്ചിമഘട്ട ഏറ്റുമുട്ടലിൽ എട്ട് മനുഷ്യരെ വെടിവെച്ചിട്ടത്‌ 300 കോടി രൂപ കിട്ടാൻ വേണ്ടിയെന്ന് ​ഗ്രോ വാസു. ചെഗുവേരയുടെ കൊടി ഉയർത്തിപിടിക്കുന്ന പിണറായി സർക്കാരാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജയിൽമോചിതനായതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾക്ക് അപമാനകരമായ സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടൽ. എട്ട് മനുഷ്യരെ കാട്ടുമുയലുകളെ വെടിവെക്കുന്നപോലെയാണ് കൊലപ്പെടുത്തിയത്. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തത്. അവരെ കൊല്ലാനെന്ന ഉദ്ദേശത്തോടെ നെഞ്ചിന് തന്നെ വെടിവെച്ചു. ഇവരാണ് കമ്യൂണിസ്റ്റുകാരെന്ന് പറയുന്നത്.

ജുഡിഷ്യൽ അന്വേഷണം വേണം, കൊലപാതകികളെ ശിക്ഷിക്കണം

കൊലപാതകങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതിലെ കൊലയാളികളെ ശിക്ഷിക്കണം എന്നീ രണ്ട് ആവശ്യങ്ങളാണ് തനിക്കുള്ളതന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദിനേതാക്കളുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്ന കേസിൽ ബുധനാഴ്ചയാണ് ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടത്. 2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. 94-കാരനായ ഗ്രോവാസു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്

രണ്ട് ആരോഗ്യ പ്രവർത്തകർക്കും നിപ ലക്ഷണം, സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു

0

കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചതിന് പിന്നാലെ അവരെ ശുശ്രൂഷിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരിലാണ് സമാന ലക്ഷണങ്ങൾ കണ്ടെത്തിയത്. ഐസൊലേഷനിൽ കഴിയുന്ന ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

സമ്പർക്കപട്ടികയിൽ 702 പേർ

ഇതിനോടകം സ്ഥിരീകരിച്ച മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.

രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് കുഴപ്പിക്കുന്നത്

നിപ ബാധിച്ച് മരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗലക്ഷണം തുടങ്ങിയത്. അന്ന് ബന്ധുവിന്റെ വീട്ടിലെത്തി.

ആറാം തീയതി മറ്റൊരു ബന്ധുവിന്റെ വീട് സന്ദര്‍ശിച്ചു.

ഏഴാം തീയതി മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അന്നേദിവസം ഉച്ചയ്ക്ക് റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.

രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തിയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. അന്നുതന്നെ ഇഖ്‌റ ആശുപത്രിയിലെത്തി. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദും സന്ദര്‍ശിച്ചു.

ഒമ്പതിന് രാവിലെ 10നും 12നും ഇടയില്‍ വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ പോയി. 10ന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലും അന്നെത്തി.

11ന് രാവിലെ ഡോക്ടര്‍ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്നുതന്നെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വടകര കോഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെനിന്നാണ് മിംസ് ആശുപത്രിയിലേക്ക് പോയത്.

നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22-നാണ് ഇയാള്‍ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തീയതി, മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26-ാം തീയതി രാവിലെ 11 – 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്‌റ റഹ്‌മ ആശുപത്രി തൊട്ടില്‍ പാലം. കാറിലായിരുന്നു ആശുപത്രിയില്‍ എത്തിയത്. 29-ാംതീയതി പുലര്‍ച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.

രോഗലക്ഷണങ്ങൾ ഉള്ളവർ കരുതണം

ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം.