പുറത്തെ വെയിൽ വരാന്തയിലേക്ക് അടിച്ചു കയറുന്നു. ഇരിപ്പിടത്തിലെ വെയിൽ മുഖത്തേക്ക് കൊള്ളുന്നത് സാധാരണ ഗതിയിൽ അയാളെ ആസ്വസ്ഥനാക്കേണ്ടതാണ്. പക്ഷേ, അതൊന്നും ഇപ്പോൾ അയാളെ അലട്ടുന്നുണ്ടായിരുന്നില്ല.
ബെഞ്ച് കയറാനുള്ള ബെൽ മുഴങ്ങി. മൂന്നാമത് വിളിക്കുന്നതാണ് തന്റെ കേസ്.
അയാൾക്ക് എല്ലാം മനപ്പാടമാണ്. അഞ്ച് വർഷം നീണ്ടുന്നിന്ന വിചാരണ ഇന്ന് അവസാനിക്കുകയാണ്.
കേസ് വിളിച്ചു.
അയാൾ കയറി നിന്നു.
17/09/24
“വിധി പറയുന്നത് പതിനേഴാം തിയതിയിലേക്ക് നീട്ടി വെച്ചിരിക്കുന്നു. “
കോടതിക്ക് പുറത്തിറങ്ങിയപ്പോൾ വക്കീൽ അയാളോട് പറഞ്ഞു.
അയാൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാകണം വക്കീൽ തുടർന്നു പറഞ്ഞു:
“വിധി നമുക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്.”
പക്ഷേ, അത് പറയുമ്പോഴും സംഭവിക്കാൻ പോകുന്നതെന്തെന്ന് വക്കീലിന് അറിയാമായിരുന്നു.
“പോകാൻ തയ്യാറായിട്ടാണ് ഞാൻ വന്നത്. ജയിലിനുള്ളിലേക്ക് അനുവദിക്കുമെങ്കിൽ കൂടെ കൊണ്ടുപോകാൻ ഒരു ഫോട്ടോ കരുതിയിട്ടുണ്ട്.”
അയാൾ വക്കീലിനോട് പറഞ്ഞു.
അതാരുടെ ഫോട്ടോ ആണെന്ന് അയാൾ പറഞ്ഞില്ല. പറയാതെതന്നെ അത് വക്കീലിന് മനസിലായി.
“അപ്പോൾ പതിനേഴാം തിയതി. ഡേറ്റ് മനസ്സിൽ സേവ്ഡ് ആണ്. അന്ന് കാണാം.”
കൂടുതലൊന്നും പറയാൻ നിൽക്കാതെ അയാൾ നടന്നു. വെയിലിന്റെ തിളക്കം അയാളുടെ മുഖത്ത് എടുത്ത് അറിയാമായിരുന്നു.
* * * *
എവിടെ നിന്നായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അയാൾ അതിനെക്കുറിച്ച് പലയാവർത്തി ചിന്തിച്ചു നോക്കി. പക്ഷേ, അവസാന ലീവിന് നാട്ടിൽ വന്നതിന്റെ പന്ത്രണ്ടാം ദിവസം വർക്കിയുമായി ചിലവിട്ട വൈകുന്നേരം മാത്രമാണ് അയാളുടെ ഉള്ളിൽ ഉള്ളത്.
അന്ന് വൈകുന്നേരം വെറുതെ നടക്കാൻ ഇറങ്ങിയതാണ്. വന്നിട്ടിതുവരെ അവളെ പോയി കണ്ടില്ല. ഞാൻ ലീവിന് വന്നത് അവൾ അറിഞ്ഞിട്ടുണ്ടാകണം.
പിന്നെന്താ ഇപ്പോഴും വിളിക്കാത്തത്?
അന്ന് താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പെട്ടെന്നുണ്ടായ ഒരു തരിപ്പിൽ ചെയ്തുപോയതാണത്.
അതിന് ശേഷം പലയാവർത്തി താൻ അവളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ചിട്ടുണ്ട്.
പക്ഷേ, അതിനവൾ പറഞ്ഞ മറുപടി അയാൾ ഇന്നും ഓർക്കുന്നുണ്ട്.
“കണ്ടതെല്ലാം കുടിച്ചു കേറ്റി, അന്ന് നിങ്ങൾ എന്റെ നേരെ വീശിയ വെട്ടുക്കത്തിക്ക്, എന്റെ ജീവൻ പോയിരുന്നേൽ എന്ത് ചെയ്യുമായിരുന്നു. നമ്മളുടെ മകൻ വീട്ടിനുള്ളിൽ നിന്നു വന്നു നിങ്ങളെ കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ, ആ മുറ്റത്ത് കിടന്ന് ഞാൻ തീരില്ലായിരുന്നോ?
അതിനെ കുറിച്ച് നിങ്ങൾക്കെന്താ പറയാനുള്ളത്? “
ശരിയാണ്, അന്നത്തെ ആ രാത്രിയിൽ, അയാൾ ചെയ്ത പ്രവർത്തി മാപ്പ് അർഹിക്കുന്നതല്ലായെന്ന് അയാൾക്ക് നന്നായി അറിയാം. അത് കഴിഞ്ഞപ്പോൾ ഒന്നര കൊല്ലം കഴിഞ്ഞെങ്കിലും, ആ രാത്രിയെ കുറിച്ച് അയാൾ കൂടെകൂടെ ഓർക്കാറുണ്ട്.
പതിവിലും കൂടുതൽ കുടിച്ച് അയാൾ ടൗണിൽ വണ്ടിയിറങ്ങിയപ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നു. അവസാന ബസ്സ് കിട്ടിയത് നന്നായി, അല്ലേൽ അഞ്ചേ മുക്കാലിന്റെ ആദ്യ ബസ് വരുംവരെ സ്റ്റാൻഡിൽ കിടന്ന് ഉറങ്ങേണ്ടി വന്നേനെ.
ആരോടെന്നില്ലാതെ ഓരോന്ന് പിറുപിറുത്ത് കൊണ്ട് അയാൾ വീട്ടിലേക്ക് നടന്നു. ഇപ്പോൾ പെയ്യും എന്ന് നിലക്ക് ഒരു മഴ തനിക്ക് മുകളിൽ ഇരുണ്ട് നിൽക്കുന്നത് അയാൾ കണ്ടു – “വീടെത്തും മുമ്പെങ്ങാനം പെയ്താൽ കഴുവേറി മോനെ മഴയേ നിന്നെ…”
എന്ന് ആകാശം നോക്കി പുലമ്പുന്നത് കേട്ടു മുകളിൽ നിന്ന് മൂന്ന് തുള്ളികൾ അയാളുടെ മുഖത്തേക്ക് വന്നു വീണു.
മുഖത്തേക്ക് വീണ മഴത്തുള്ളികളെ ഒരു പുളിച്ച തെറിയും പറഞ്ഞു തൂത്തു കളഞ്ഞയാൾ ടാറിട്ട റോഡിൽ നിന്നും പൊക്കത്തിരിക്കുന്ന വീട്ടിലേക്കുള്ള ചെമ്മൺ പാത കയറി നടന്നു. ഇരുവശത്തും നിറഞ്ഞു നിൽക്കുന്ന റബർ മരങ്ങൾക്കിടയിലൂടെ മുകളിൽ വീടിന്റെ മിനുങ്ങു വെളിച്ചം അയാൾക്ക് കാണമായിരുന്നു. നേരത്തെ പെയ്തു തീർന്ന മഴയുടെ നനവ് ചെമ്മണ്ണിൽ കുതിർന്നു അയാളുടെ കാലിനു ചെളിയുടെ നിറമേകി. വെളുത്ത സ്ലിപ്പർ കാലിൽ നിന്ന് തെന്നി പോകുന്നത് നടത്തത്തിൽ അയാളുടെ ദേഷ്യം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.
വീട്ടിലേക്ക് തിരിയാൻ നേരം, നിനച്ചിരിക്കാതടിച്ച കൊള്ളിയാനിൽ വീടിന്റെ പിറകിലൂടെ നടന്നു നീങ്ങുന്ന രൂപം അയാൾ കണ്ടു. അതിനു പുറകെ വന്ന ഇടിയിൽ ഒന്ന് ഞെട്ടി, കണ്ണ് തിരുമ്മി നോക്കിയപ്പോൾ ചുറ്റും ഇരുട്ട് പുതച്ചു നിൽക്കുന്ന റബ്ബർ മരങ്ങൾ മാത്രം ബാക്കി.
ഒരു നിമിഷം വിറങ്ങലിച്ചു നിന്ന അയാളുടെ കാലിലൂടെ പൊള്ളലേറി വരുന്നത് അയാൾ അറിഞ്ഞു. വെറുപ്പിന്റെ ചൂട് ശരീരത്തിൽ ആകെ നിറഞ്ഞ നേരം, വീടിന്റെ കതകിൽ കൊട്ടിയ മൂന്നാമത്തെ ചവുട്ടിൽ, അയാളുടെ ഭാര്യ കതക് തുറന്നു. മുടിക്ക് പിടിച്ചു പുറത്തേക്ക് വലിച്ചു തള്ളിയ അവർ വന്നു വീണത് കണ്ടതും, ഉമ്മറത്തെ ഓടിന്റെ ഇടയിൽ തിരുകിയ വെട്ടുകത്തി അയാൾ കൈയ്യിൽ എടുത്തവർക്ക് നേരെ വീശി.
അമ്മയുടെ അലർച്ച കേട്ട മകൻ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ കണ്ടത്, പാളിപ്പോയ ഒന്നാമത്തെ വെട്ടിനെ പഴി പറഞ്ഞു, വെട്ടു കത്തി ആഞ്ഞു വീശുന്ന അയാളെയാണ്. ഝടുതിയിൽ മകൻ അയാളെ പിന്നിൽ നിന്ന് കടന്നു പിടിച്ചു. തലയ്ക്കുള്ളിലെ ലഹരി അയാളുടെ കാലുകളെ നിലത്തു നിന്ന് വഴുതിച്ചു. അയാൾ പിന്നിലേക്ക് തെന്നി പടിക്കലിൽ വീണു. മകൻ വലിച്ചെറിഞ്ഞ വെട്ടുകത്തി റബ്ബർ മരത്തിലൊന്നിൽ കുത്തി നിൽക്കുന്നത് അയാൾ കണ്ടു.
“നായിന്റെ മോളെ, ഏത് മറ്റവനാടി ഇപ്പൊ പിന്നിലൂടെ പോയത്.. “
അവർ എന്തെന്ന് മനസിലാകാതെ നിൽക്കുന്നത് കണ്ട് അയാൾക്ക് ദേഷ്യമേറി. ഭാര്യയുടെ നിശബ്‍ദതയെയും അമ്പരപ്പിനെയും നോക്കി അയാൾ തെറി അലറി:
“രാത്രി ഞാനില്ലാത്തപ്പോ, ഏതവനുമായിട്ടാടി നീ സുഖിച്ചോണ്ടിരുന്നത്. “
“അപ്പനിത് എന്നതാ ഈ പറയുന്നേ. കുടിച്ചിട്ട് മമ്മയെ പറ്റി പന്ന വർത്താനം പറയല്ല്. “
മകൻ പറഞ്ഞവസാനിപ്പിച്ചതും അയാൾ മകന്റെ മുഖമടച്ചൊരടി കൊടുത്തതും ഒന്നിച്ചായിരുന്നു.
“കൊച്ചു കഴിവേറി, തള്ളയുടെ അവരാധിതരത്തിന് നീയാണോടാ കൂട്ട്. “
അയാളുടെ വായിൽ നിന്ന് വന്ന വാക്കുകൾക്കും നേരത്തെ കുടിച്ച പുളിച്ച കള്ളിനും ഒരേ മണമായിരുന്നു. അതേറ്റവർക്ക് രണ്ടുപേർക്കും മനംപുരട്ടി. തുടർന്നു സംസാരിക്കാൻ വന്ന അയാളെ തള്ളി മാറ്റി അവർ വീട്ടിൽ കയറി വാതിലടച്ചു.
പിറ്റേന്ന് രാവിലെ അവർ പോയി. സൂര്യനയാളുടെ മുഖത്ത് വെട്ടം വീശി ബോധം നൽകിയപ്പോൾ, അയാൾ ആ വീട്ടിൽ തനിച്ചായിരുന്നു. തലേന്ന് എറിഞ്ഞ വെട്ടു കത്തി റബ്ബർ മരത്തിലിരുന്നയാളെ നോക്കി കൊഞ്ഞണം കുത്തി.
കവലയിൽ ചെന്നപ്പോൾ അയാൾ നിന്നു. ശരിക്കും എങ്ങോട്ടേക്ക് പോകണമെന്ന് അയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഇരുട്ട് നേരത്തെ തന്നെ കവലയിൽ ചുറ്റി കറങ്ങുന്നുണ്ടായിരുന്നു. മഴക്കാറാണോ എന്നയാൾ ആലോചിച്ചു. കവലയിലൂടെ പൊക്കത്തിരിക്കുന്ന കടയിലേക്ക് അയാൾ കയറി.
“ഒരു ചായ, മധുരം വേണ്ട. “
മുന്നിൽ വെച്ച ചായ മൊത്തി ഇരിക്കുന്ന നേരമാണ് വർക്കി അങ്ങോട്ടേക്ക് കയറി വന്നത്.
“ഹാ ജോയിയെ, നീ വന്നൂന്ന് അറിഞ്ഞു എവിടായിരുന്നു. “
” നാട്ടിൽ വന്നിട്ട് രണ്ടാഴ്ച ആകാറായി. ടൗണിൽ കുറച്ചു പേരെ കാണണമായിരുന്നു. കുറച്ച് സാധനങ്ങൾ കൊടുക്കാൻ ഉണ്ടായിരുന്നു.”
“എത്ര ദിവസം ഉണ്ട് ലീവ്?”
“രണ്ടു മാസം അടുപ്പിച്ചു കാണും. നീ വാ ചായ കുടിക്കാം.”
“വേണ്ട, നീ കുടിച്ചു കഴിഞ്ഞെങ്കിൽ വാ. നമുക്കൊന്ന് നടക്കാം.”
പള്ളിയിലേക്കുള്ള കുന്ന് കയറുമ്പോഴാണ് അയാളോട് ഭാര്യയെ കുറിച്ച് ചോദിച്ചത്.
“നീ സിസിലിയെ കണ്ടോ?”
അയാൾ ഒന്നും മിണ്ടിയില്ല. എന്ത് പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
“നിനക്ക് അവളെയൊന്ന് വിളിക്കമായിരുന്നു. “
“വിളിച്ചിട്ട് ഞാൻ എന്ത് പറയും. ഞാൻ എന്ത് പറഞ്ഞാലും, അന്ന് ചെയ്ത പ്രവർത്തിക്ക് ന്യായമാകില്ല. “
പള്ളിയിലേക്കുള്ള ഗേറ്റ് പകുതി അടഞ്ഞു കിടക്കുകയായിരുന്നു. ഗേറ്റ് തള്ളി തുറന്ന് അയാൾ അകത്തേക്ക് കടന്നു. പള്ളി മുറ്റത്തെ പേരമരത്തിന്റെ ചുവട്ടിൽ നിന്ന വികാരിയച്ചനെ കണ്ടു സ്തുതി പറഞ്ഞു. മാനത്തെ ഇരുട്ടിനു ഘനം കൂടി വന്നു.
“നീ സിസിലിയെ ഒന്ന് കണ്ടു നോക്ക്. ചിലപ്പോ അവളെല്ലാം പൊറുത്തെങ്കിലോ?”
“അവള് പൊറുക്കില്ലച്ചോ.. അങ്ങനെ ഉണ്ടെങ്കിൽ ഞാൻ വന്നിട്ട് ഇത്രെയായിട്ടും അവളെന്നെ ഒന്ന് വിളിച്ചേനെ.. എന്നെ കാണാൻ ശ്രമിച്ചേനെ.”
“ഈ പറഞ്ഞ രണ്ടും നിനക്കും ആകാമല്ലോ. പിന്നെ ഒരു കണക്കിന് നോക്കിയാൽ നീയാണ് വിളിക്കേണ്ടത്. തെറ്റ് നിന്റെ ഭാഗത്തല്ലായിരുന്നോ.”
“പൂർണമായും എന്റെ മാത്രമാണെന്ന്…”
അയാൾക്ക് വാക്കുകൾ പറഞ്ഞു മുഴുകിപ്പിക്കാൻ സാധിച്ചില്ല. പക്ഷേ, അയാളിൽ നിന്ന് വന്ന വാക്കുകൾ കേട്ടപ്പോൾ ശാന്തമായി നിന്ന അച്ചന്റെ മുഖം ഇരുണ്ടു. അയാൾ പറയാൻ വന്ന വാക്ക് പൂർത്തിയാക്കേണ്ട എന്നയാൾ തീരുമാനിച്ചു.
അച്ഛൻ പറഞ്ഞില്ലെങ്കിലും തന്നെ സിസിലിയെ പോയി കാണണമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. അച്ഛനെ കണ്ട് പള്ളിയിൽ നിന്ന് ഇറങ്ങി മൂന്നാം പക്കം സിസിലിയും മകനും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിന്ന നേരത്താണ് റോയ് അങ്ങോട്ടേക്ക് വന്നത്.
ലീവിന് വന്ന ശേഷം അബദ്ധവശാൽ പോലും അവനെ കാണാൻ ഇടവരരുതെന്ന് അയാൾ മുന്നേ നിശ്ചയിച്ചിരുന്നതായിരുന്നു. അതിന് ഘടകവിരുദ്ധമായി റോയിയുടെ മുന്നിൽ തന്നെ വന്നു പെട്ടതിൽ അയാൾക്ക് അമർഷം ഉണ്ടായിരുന്നു. അത് മുഖത്ത് പ്രകടമായത് കണ്ടാകാം റോയ് പുച്ഛം നിറഞ്ഞ മുഖത്തോടെ അയാളെ നോക്കിയത്.
“എന്നാടാ ജോയിയെ.. എങ്ങോട്ടാ രാവിലേ ഒരുങ്ങികെട്ടി. “
അയാൾ അതിന് മറുപടി ഒന്നും പറയുന്നില്ല എന്ന് കണ്ടാകാം റോയ് തുടർന്നു :
” സിസിലിയെ കാണാൻ പോകുവായിരിക്കും അല്ലെ.. അതിപ്പോ നീ പോയില്ലേലും അവൾക്ക് ഒന്നിനും കുറവൊന്നുമില്ലെടാ… പിന്നെ നീ എന്നാ ഉണ്ടാക്കാനാ ഇങ്ങനെ ഒരുങ്ങി കെട്ടി പോകുന്നെ…”
റോയിയുടെ വായിൽ നിന്ന് തെറിച്ച തുപ്പൽതുള്ളികൾ വാക്കുകൾക്കൊപ്പം അയാളുടെ മുഖത്ത് വന്നു പതിച്ചു. പറഞ്ഞവസാനിപ്പിച്ച റോയിയുടെ കവിളിൽ കൈനീട്ടിയൊരു അടി കൊടുത്തായിരുന്നു അയാൾ മറുപടി പറഞ്ഞത്.
“അവരാധം പറയുന്നോടാ നായിന്റെ മോനെ. “
റോഡിലേക്ക് തെറിച്ചു വീണ റോയിയുടെ നെഞ്ചത്ത് ചവിട്ടാൻ ആഞ്ഞാ അയാളെ റോയ് തട്ടി മാറ്റി.
“ഞാൻ പറഞ്ഞത് നേര് തന്നെയാടാ… കാര്യം നമ്മൾ തമ്മിൽ പണ്ട് തൊട്ടേ ചേരത്തില്ല… ഞാൻ റോഡിലേക്ക് മതില് കേറ്റി കെട്ടിയെന്ന് പഞ്ചായത്തിൽ പറഞ്ഞതും, അത് നിന്നോട് ചോദിക്കാൻ വന്നതിന്റെ പേരിൽ നീ കവലയിലിട്ട് എന്നെ തല്ലിയതും ഞാൻ മറന്നിട്ടുമില്ലാ… അതിനുള്ളത് നിനക്ക് ഞാൻ തരും.. പക്ഷേ അതിന്റെ പേരിൽ ഇങ്ങനെ ഇല്ലാ കഥ പറയണ്ട കാര്യമെനിക്കില്ലെടാ നാറി.. നിന്നെ കൊണ്ട് ഒക്കാത്തത് കൊണ്ടാകും അവൾ വേറെ ആൾക്കാരെ ആശ്രയിക്കുന്നത്, അതിനുള്ള ചുരുക്ക് തീർക്കേണ്ടത് കാര്യം പറയുന്നവന്റെ നെഞ്ചത്തല്ല… നീ പോയി നിന്റെ പെണ്ണുമ്പിള്ളയെ നിലക്ക് നിർത്തെടാ…”
റോയിയുടെ വാക്കുകൾക്ക് മറുപടി പറയാൻ അയാൾക്കായില്ല. കണ്ണിൽ നിറഞ്ഞു വന്ന രോഷത്തെ അടക്കാൻ ശ്രമിച്ചിട്ടും അതിന് സാധിക്കാതെ അയാൾ റോഡിൽ നിന്ന് ഉരുകി. പകലിന്റെ വെയിലേറ്റ് അയാളുടെ മാനത്തിന് പൊള്ളലേറ്റു. അതിന്റെ പുകച്ചിലും പേറി അയാൾ സിസിലി താമസിക്കുന്ന വീട്ടിലേക്ക് വെച്ചു നടക്കുന്നത് വായിൽ തളംകെട്ടിയ ചോര തുപ്പികളഞ്ഞു റോയ് നോക്കി നിന്നു.
സിസിലിയുടെ വീട്ടിലേക്കുള്ള വഴി കയറുമ്പോഴും അയാളുടെയുള്ളിൽ റോയിയുടെ വാക്കുകൾ കിടന്ന് മനം പുരട്ടി. ദൂരെ വീടിന്റെ മുറ്റത്ത് നിന്ന് ഒരാൾ ഇറങ്ങി പോകുന്നത് കണ്ടു കൊണ്ടാണ് അയാൾ സിസിലിയുടെ വീട്ടിലേക്ക് കയറിച്ചെന്നത്.
നാളുകൾക്കു ശേഷം അയാളെ കണ്ടതിലുള്ള ആകാംഷ നിറഞ്ഞ മുഖവുമായി നിന്ന സിസിലിയെ അയാൾ വെറുപ്പോടെ നോക്കി അലറി:
” ഏത് നാറിയാ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിപ്പോയത്.”
നാളുകൾക്കുശേഷം കാണുന്ന ഭർത്താവിൽ നിന്ന് സംശയത്തിന്റെ വൃത്തികെട്ട ഗന്ധം വന്നത് സിസിലിയെ വിഷമിപ്പിച്ചു. അയാളുടെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ അവർ വീട്ടിലേക്ക് കയറി.
തലയുടെ പിന്നിൽ ആദ്യമൊരു മരവിപ്പായിരുന്നു. പതിയെ ചോരയുടെ മണവും വേദനയും ഏറി വരുന്നത് ബോധം മറയവേ സിസിലി തിരിച്ചറിഞ്ഞു. ജീവിതത്തിൽ അവർ അവസാനമറിഞ്ഞ വികാരമതായിരുന്നു.
ബോധമറ്റു കിടന്ന സിസിലിയുടെ ഉള്ളിൽ അവശേഷിച്ച ജീവനെ കരഞ്ഞു കലങ്ങിയ കണ്ണോടെ അയാൾ മുറ്റത്തു കിടന്ന ഇരുമ്പ് വടികൊണ്ട് കവർന്നെടുത്തുകൊണ്ടിരുന്നപ്പോൾ തലയോട്ടി പൊട്ടി ചിതറിയ ചോരത്തുള്ളികൾ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പാചകഗ്യാസ് ബുക്കിങ് കാർഡിനെ ചുമപ്പിച്ചു.

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്തിനായിരുന്നു ഇതെല്ലാം അയാൾ മനസ്സിൽ കൂടെ കൂടെ ചിന്തിച്ചുകൊണ്ടിരുന്നു. തെളിവെടുപ്പിനായി പോലീസ് തന്നെ കൊണ്ടുവന്നപ്പോൾ തടിച്ചു കൂടിയവരുടെ കൂട്ടത്തിൽ റോയിയും ഉണ്ടായിരുന്നു. സിസിലിയെ കൊല്ലാൻ താൻ പോകുന്നത് കണ്ടുവെന്നും തടയാൻ നോക്കിയതിന് റോഡിലിട്ടു മർദ്ധിച്ചെന്നും റോയ് പോലീസിൽ മൊഴി കൊടുത്തു. കോടതിയിൽ വന്ന് അയാൾക്കെതിരെ സാക്ഷി പറഞ്ഞിറങ്ങി പോകുന്ന നേരത്തും അവസാനമായി റോയ് അയാളുടെ കണ്ണുകളിലേക്ക് നോക്കി. പക നിറഞ്ഞ വിജയഭാവം റോയിയുടെ കണ്ണുകളിൽ തിളങ്ങുന്നത് പ്രതികൂട്ടിൽ നിന്ന് അയാൾ കണ്ടു.
കോടതി മുറ്റത്തെ സ്റ്റോപ്പിൽ ബസ് കാത്ത് നിന്നപ്പോൾ അയാൾക്ക് പോകേണ്ട ഇടത്തെക്കുറിച്ച് പൂർണമായുള്ള നിശ്ചയമുണ്ടായിരുന്നു.
വിധി പറയുന്ന ദിവസം അയാൾ രാവിലേ തന്നെ ഓഫീസിൽ വന്നിരുന്നു. പത്തേകാലിന് വക്കീൽ വന്നു കയറുമ്പോൾ സ്ഥിരമിരിക്കാറുള്ള ബെഞ്ചിൽ അയാളിരിക്കുന്നത് വക്കീൽ ശ്രദ്ധിച്ചു. പുറംലോകവുമായുള്ള അയാളുടെ അവസാന കൂടികാഴ്ചയാണിതെന്ന് വക്കീലിന് അറിയാമായിരുന്നു.
“കോടതിയിലേക്ക് പൊയ്ക്കോളൂ… കേസ് വിളിക്കാറാകുമ്പോൾ ഞാൻ വരാം.”
അയാളോട് വക്കീൽ പറഞ്ഞു.
തന്റെ വാക്കുകൾ കേട്ടിട്ടും പോകാതെ നിർനിമേഷനായി അയാൾ നിൽക്കുന്നത് കണ്ടു ചോദ്യഭാവത്തിൽ വക്കീൽ അയാളെ നോക്കി.
“എനിക്കൊരു വക്കാലത്തിൽ ഒപ്പിടാനുണ്ട്. കൊലപാതകം തന്നെയാണ്. ഈ കേസ് പോലെയല്ല. കോടതിയിൽ നിക്കാനുള്ള സാക്ഷികളോ തെളിവുകളോ ഇല്ല… വിധി പറയുന്ന ഈ ഡേറ്റിൽ തന്നെ ഇത് വേണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതാ”.
വാക്കുകൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ കണ്ണുകൾ വിജയത്തിന്റെ ആനന്ദത്തിൽ തിളങ്ങുന്നത് വക്കീൽ കണ്ടു. ജോയ് കെ എന്ന് പേരെഴുതി ഒപ്പിട്ട് പുതിയ വക്കാലത്ത് വക്കീലിനെ ഏൽപ്പിച്ചയാൾ പതിവുപോലെ കോടതിയിലേക്ക് നടന്നു.
