പിരിച്ച നികുതിയും അടച്ചില്ല, ഐ എം എയ്ക്ക് എതിരെ ജി എസ് ടി വകുപ്പ്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന് എതിരെ ജി.എസ്.ടി. ഇന്റലിജൻസ് നപടപടി തുങ്ങി. അംഗത്വത്തിന് പ്രത്യേകമായി പിരിച്ച ജി.എസ്.ടി. നികുതി പോലും അടച്ചില്ല. നടത്തുന്ന സ്ഥാപനങ്ങൾക്ക് ജി എസ് ടി റജിസ്ട്രേഷനും ഇല്ല.

18 ശതമാനം ജി.എസ്.ടി. അംഗങ്ങളിൽ നിന്ന് വാങ്ങിയതിന് തെളിവുണ്ട്. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുകയോ, നികുതി അടക്കുകയോ ചെയ്തിട്ടില്ല. ചാരിറ്റി റജിസ്ട്രേഷൻ്റെ മറവിലാണ് ജി എസ് ടി മറികടന്നത്.

ബാറും ഹോട്ടലും പക്ഷെ നികുതിയില്ല

ഐ.എം.എയുടെ കേരള ഘടകത്തിനെതിരെ കേന്ദ്ര ജി.എസ്.ടി. ഇന്റലിജൻസിന്റെ കോഴിക്കോട് യൂണിറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ചാരിറ്റി സംഘടനയാണ് എന്ന വാദത്തിന് എതിരായ നിലപാടാണ് ഇടപാടുകൾ ചൂണ്ടി കാട്ടി ജി എസ് ടി വകുപ്പ് ചോദ്യം ചെയ്തത്.

50 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഐ.എം.എ. നൽകേണ്ടത്. ഐ.എം.എ. നടത്തുന്ന മറ്റു ബിസിനസുകൾ ചാരിറ്റബിൾ ആക്ട് പ്രകാരം നികുതി ഇളവിന് അർഹമായിട്ടുള്ളത് അല്ല. ഐഎംഎ ഹോട്ടലും ബാർ ലൈസൻസും അതോടൊപ്പം തന്നെ മറ്റു പല ബിസിനസുകളും നടത്തുന്നുണ്ട്. ഇതൊക്കെ ജി.എസ്.ടിയുടെ പരിധിയിൽ വരുന്നതാണ്.

അംഗങ്ങളോട് നികുതി പിരിച്ചു

നികുതി നൽകണമെന്ന കാര്യം ഐഎംഎയ്ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അംഗത്വ ഫീസിന് ഇറക്കിയ. ബ്രോഷറിൽ 18 ശതമാനം ജി.എസ്.ടി. നൽകണമെന്ന കാര്യം കൃത്യമായി പറയുന്നുണ്ട്. എന്നാൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കുകയോ നികുതി അടക്കുകയോ ഐഎംഎ ചെയ്തിട്ടില്ല. ഇത് നിയമവിരുദ്ധമായ നടപടിയെന്നാണ് ജിഎസ്.ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്.

ഇതുവരെ കണക്കാക്കിയ വരുമാനം അനുസരിച്ച് 50 കോടിയോളം രൂപയുടെ നികുതി കുടിശ്ശിക ഐഎംഎ വരുത്തിയിട്ടുണ്ട്. ഇത് ഐഎംഎ കേരള ഘടകം നികുതിയായി അടക്കണമെന്നാണ് ജി.എസ്.ടി. ഇന്റലിജൻസിന്റെ ആവശ്യം.

ഇതിനെതിരേയ ഐഎംഎ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ്.

പൊലീസ് നായയെ വാങ്ങിയതിൽ വെട്ടിപ്പ്; നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു

പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു.

കെഎപി മൂന്നാം ബറ്റാലിയന്‍റെ അസിസ്റ്റന്‍റ് കമാണ്ടന്‍റായ എസ് എസ് സുരേഷിനെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.  ഡോഗ് സ്ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷൻ. തൃശ്ശൂരിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് നായക്കുട്ടികളെയും അവയ്ക്ക് തീറ്റയും മരുന്നും വാങ്ങിയതിലാണ് ക്രമക്കേട്

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വലിയ വിലകൊടുത്ത് നായക്കുട്ടികളെ വാങ്ങിയതിലും ഭക്ഷണവും മരുന്നും വാങ്ങിയതിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. 125 നായകളെ പരിശീലിപ്പിക്കാനും വളര്‍ത്താനുമുള്ള സൗകര്യം കേരള പോലീസ് അക്കാദമിയിലുണ്ട്. ഇത് പരിഗണിക്കാതെ സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാമ്പുകളില്‍ നായകള്‍ക്ക് പരിശീലനം നല്‍കിയതും കേസിലേക്ക് നയിച്ചു.

മണിപ്പൂരിലേത് സർക്കാർ സ്പോൺസേർഡ് കലാപം എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആനി രാജക്കെതിരെ രാജ്യദ്രോഹ കേസ്

മണിപ്പൂരിലേത് സർക്കാർ സ്പോൺസേർഡ് കലാപം എന്നു ചൂണ്ടികാട്ടിയ സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം. മണിപ്പുർ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.

മണിപ്പുരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് കലാപമാണെന്നായിരുന്നു അവരുടെ വാക്കുകൾ. ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇംഫാല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന്റെ രഹസ്യ അജണ്ട എന്നും ആനി രാജ

തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെന്ന് ആനി രാജ പറഞ്ഞു. കേസില്‍ അത്ഭുതമൊന്നുമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര സര്‍ക്കാര്‍കൂടി പങ്കാളിയായ രഹസ്യ അജണ്ട മണിപ്പുരില്‍ നടപ്പാക്കപ്പെടുന്നുവെന്നും അവര്‍ ആരോപിച്ചു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ കലാപത്തിന് അഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. മണിപ്പുര്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്ന സര്‍ക്കാറിന്റെ പരാജയം തുറന്നുകാട്ടിയതാണ് കേസെടുക്കുന്നതിലേക്ക് വഴിവെച്ചത്. കേസെടുത്തതുകൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കെ റെയിൽ ചർച്ച ട്രാക്കിലേക്ക്, സെമി സ്പീഡിൽ തുടങ്ങാമെന്ന് ഇ ശ്രീധരൻ

അതിവേഗ ട്രെയിൻ സംബന്ധിച്ച മെട്രോമാൻ ഇ ശ്രീധരൻ്റെ പ്രതികരണം കെ റെയിൽ പദ്ധതിയെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുന്നു. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരൻ നിർദേശം വെച്ചു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ഇരുവരുമായുള്ള ചർച്ചയുടെ റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

ഇതോടെ പിണറായി സർക്കാരിൻ്റെ സ്വപ്ന വികസന പദ്ധതി വീണ്ടും ട്രാക്കിലേക്ക് എത്തുകയാണ്. കെ റെയിൽ ട്രാക്ക് നിർമ്മിക്കുക എന്നതിനായിരിക്കും ആദ്യ പരിഗണന. വേഗം സംവിധാനങ്ങളും സംബന്ധിച്ച് സർക്കാർ തുടക്കത്തിൽ കർക്കശ നിലപാട് എടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. സെമി സ്‌പീഡ്‌ പദ്ധതി തുടങ്ങി ഹൈ സ്‌പീഡിലേക്ക്‌ എത്താനാകണം എന്നാണ് കെ വി തോമസ് ചർച്ചയുടെ ഭാഗമായി വെച്ച റിപ്പോർട്ടിൽ പറയുന്നത്.

കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടാണ് റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്.

ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന്‌ ആവശ്യമാണ്‌. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ സംയുക്ത മാതൃകയിൽ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കൽ കുറയുമെന്നും ശ്രീധരൻ പറയുന്നു.

നിർദ്ദേശങ്ങൾ ഇങ്ങനെ

ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ.

കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നിലവില്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

സംഘട്ടന സംവിധായകനും നടനുമായ കനൽ കണ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചതായുള്ള പരാതിയിൽ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ കണ്ണനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ.

ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനൽ കണ്ണനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തിരുന്നു. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് തുടർച്ചയായാണ് നപടപടി.

വിദ്വേഷ പ്രചാരണവും ആഹ്വാനങ്ങളും

ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണൻ്റെ ട്വീറ്റെന്ന് ഓസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.

ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. എന്നാൽ സമാനമായ പ്രചാരണങ്ങൾ ആവർത്തിച്ചു.

മറുനാടൻ മലയാളി എഡിറ്റർ പ്രതിയായ കേസിൽ പൊലീസിൻ്റെ തിടുക്കം മുറിച്ച് കോടതി

 മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ പൊലീസിൻ്റെ തിടുക്കപ്പെട്ട നടപടികൾക്ക് തിരിച്ചടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം ശരിവെക്കവെ തന്നെ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അതുവരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. 

ഷാജൻ സക്കറിയ വാക്കുകൾ നിയന്ത്രിക്കണം

മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട്  ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 

ഷാജൻ സക്കറിയ ഒളിവിൽ തന്നെ

ഷാജൻ സ്കറിയക്കെതിരായ തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു.

പൊലീസ് നടപടിയിലെ ആവേശം ചോദ്യം ചെയ്ത് ഹൈക്കോടതിയും

ഷാജൻ സ്കറിയയെ  അന്വേഷിച്ച് പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്‍റെ വീട് റെയ്ഡ് ചെയ്തിരുന്നു. റെയിഡിൽ മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധിയും.

പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. പിടിച്ചെടുത്തത് മാധ്യമപ്രവർത്തകന്‍റെ ഫോണാണെന്നും ക്രിമനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.

പൊലീസിന് ആർക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയിൽ എടുക്കാമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഇത്തരത്തിൽ ഷാജൻ സക്കറിയയെ വിളിച്ച എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ് ആചാര്യൻ ഗോൾവാല്‍ക്കറിനെ കുറിച്ച് ട്വീറ്റ് ചെയ്തു; ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്

0

ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗോൾവാല്‍ക്കറിനെ കുറിച്ച് സാമൂഹികമാധ്യമത്തില്‍ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ ഇന്ദോർ പോലീസ് കേസെടുത്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് ജോഷി എന്ന അഭിഭാഷകൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിഗ്‌വിജയ സിങ്ങിനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗോൾവാല്‍ക്കറുടെ ചിന്തകളെ തുറന്നു പരിശോധിക്കുന്ന ഒരു പുസ്തകത്താളിൻ്റെ ചിത്രമാണ് ദിഗ്‌വിജയ് സിങ് ശനിയാഴ്ച ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ദളിതര്‍, മുസ്ലിങ്ങള്‍, പിന്നാക്കവിഭാഗക്കാര്‍ എന്നിവര്‍ക്ക് തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ കഴിയുന്നതാണ് നല്ലതെന്ന് ഗോൾവാല്‍ക്കര്‍ അഭിപ്രായപ്പെട്ട ഭാഗമാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്.

ട്വീറ്റിന് പിന്നാലെ ഗോൾവാല്‍ക്കറുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ദിഗ്‌വിജയ സിങ് ഷെയര്‍ ചെയ്തുവെന്നാരോപിച്ച് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവും പ്രചാരണവിഭാഗത്തിന്റെ തലവനുമായ സുനില്‍ അംബേദ്കര്‍ രംഗത്തെത്തിയിരുന്നു.

വിദ്വേഷം പ്രചരിപ്പിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

തെറ്റായ വിവരം പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തുവരുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആരോപിച്ചു. തന്റെ ജീവിതത്തിലുടനീളം സാമൂഹിക അസമത്വം നീക്കാനും ഐക്യതമുള്ള സമൂഹം കെട്ടിപ്പടുക്കാനുമാണ് ഗോൾവാല്‍ക്കര്‍ ശ്രമിച്ചതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

കേസ് പുസ്തകത്താൾ ട്വീറ്റ് ചെയ്തതിന്

ഒരു ഇംഗീഷ് പുസ്തകത്തിലെ വിവരങ്ങളാണ് ദിഗ്‌വിജയ സിങ് ഗോൾവാല്‍ക്കറുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്തതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ കെ.കെ. മിശ്ര ചൂണ്ടികാട്ടി.

തിരിച്ചടിച്ച് ദിഗ് വിജയ് സിങ്

വിഷയം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അഭിസംബോധനചെയ്ത് ദിഗ്‌വിജയ് സിങ് പുതിയ ട്വീറ്റുകളുമായി രംഗത്തെത്തി.

”മോദിജി, അമിത് ഷാ ജി, ഭീരുക്കളായ ഒരുകൂട്ടം ഒറ്റുകാരാണ് നിങ്ങള്‍ക്കൊപ്പം ചേരുന്നത്. നേരത്തെ നിങ്ങളെ പഴിപറഞ്ഞിരുന്നവരാണ് ഇപ്പോള്‍ നിങ്ങളെ വാഴ്ത്തുന്നത്. നിങ്ങള്‍ക്ക് അധികാരം നഷ്ടപ്പെടുന്ന നിമിഷം അവര്‍ നിങ്ങളെ ഉപേക്ഷിക്കും. നിങ്ങളിരുവരും വലിയ ബുദ്ധിമോശമാണ് കാണിക്കുന്നത്”, ദിഗ്‌വിജയ് സിങ് ട്വീറ്റിൽ ഓർമ്മപ്പെടുത്തി.

നിങ്ങളുടെ പ്രത്യയശാസ്ത്രത്തോട് വിട്ടുവീഴ്ചയില്ല

“ഞാന്‍ നിങ്ങളുടെ വിമര്‍ശകനാണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിങ്ങളുടെ പ്രത്യയശാസ്ത്രത്തോട് നിങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്തതിനാൽ, ഞാൻ നിങ്ങളുടെ ആരാധകനുമാണ്. ഈശ്വരന്‍ നിങ്ങള്‍ക്ക് നല്ല ബുദ്ധി തോന്നിക്കട്ടെ”, മറ്റൊരു ട്വീറ്റില്‍ ദിഗ്‌വിജയ് സിങ് കുറിച്ചു.

യന്ത്ര തകരാർ🤦‍♂️ വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽ ഒന്നര മണിക്കൂർ കുടുങ്ങി

സാങ്കേതിക തകരാര്‍ മൂലം കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര ഒന്നരമണിക്കൂറോളം വൈകി. വൈകിട്ട് മൂന്നരയ്ക്ക് ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോളാണ് സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോടുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഒടുവില്‍ തകരാര്‍ പരിഹരിച്ചശേഷം വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ണൂരില്‍നിന്ന് യാത്ര പുനരാരംഭിച്ചത്. ഒന്നരമണിക്കൂറോളം കണ്ണൂര്‍ സ്‌റ്റേഷനില്‍ നിർത്തിയിട്ടു.

കമ്പ്രസര്‍ തകരാറിലായത് കാരണം ഏ സിയും പ്രവർത്തിച്ചില്ല. യാത്രക്കാരെല്ലാം ട്രെയിനില്‍നിന്നിറങ്ങി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു.

മഴയും പ്രകൃതിയും….

മഴയേ…
നിന്നിലെ ആർദ്ര ലയനത്തിനാലാവാം
പ്രകൃതിയൊരു സുന്ദരിയാവുന്നത്…
മഴ പെയ്തു തോർന്നൊരു സായന്തനത്തിന്,
ഭൂമിയിലേയ്ക്ക് പതിയ്ക്കുമാ മഴത്തുള്ളിയ്ക്ക്,
മഴ പെയ്തു തോർന്ന ഇടവഴികൾക്ക്,
ചേമ്പിലയിൽ തളം കെട്ടുമാ,
വെള്ളത്തുള്ളിയ്ക്കും…
ഭൂമിയെ പുണരാൻ മടിച്ചു ഇലയെ
ചുംബിച്ചു നിൽക്കുമാ ജലകണത്തിനും,
പറയാനേറേയുണ്ടാവും,
നീ അവൾക്കായി പകർന്നിടുമാ,
മനോഹരപ്രണയ കാവ്യത്തിൻ,
ഈരടികൾ.
നിന്നിൽ ലയിച്ചവൾ മഴ
നിന്നിൽ ആർത്തലച്ചു പെയ്തു,
നിന്നിൽ ലയിച്ചു,
നിന്നിലെ പൂർണതതൻ ആലസ്യത്തിൽ
മയങ്ങിടുന്നവൾ മഴ
നിന്റെ മാന്ത്രിക വിരലുകൾ അവളെ അത്രമേൽ ആർദ്രയാക്കുന്നതിനാലാവാം
മഴതോർന്നൊരു ഛായാച്ചിത്രത്തിൽ അവളിത്ര മനോഹരിയാവുന്നത്.

നിന്നിലെ, ആർദ്ര, രൗദ്ര സൗമ്യ ഭാവങ്ങളേറ്റുവാങ്ങി, ഇനിയും പ്രകൃതിയെ പുണരാനിരിക്കുമാ,
മേഘത്തുള്ളികളെ ഉദരത്തിൽ പേറി…
കാത്തിരിക്കയാണവൾ…

അവളുടെ പൂർണത, നീയെന്ന തിരിച്ചറിവു അവളെ ആർദ്രയാക്കുന്നതിനാലാവാം നമ്രമുഖിയാക്കുന്നതിനാലാവാം,
നിന്നോടൊപ്പം അവളിത്ര മനോഹരിയാവുന്നത്.
പ്രകൃതി തന്റെ മഴത്തുള്ളി കണ്ണുകളെ സായന്തനത്തിൻ ചുവപ്പിനാൽ എഴുതി, ഭൂമിതൻ മാറിലണയും കതിരവനാൽ
പൊട്ടുകുത്തി,
മനോഹരിയായി,
കാത്തിരിക്കയാണ്,
അവളിലെ ഓരോ അണുവും, നിനക്കായ്‌…
മഴയ്ക്കായ്…
പ്രകൃതിയേ, നിന്നിലെ നിറഭേദങ്ങളെ ആസ്വദിക്കയാണ് നിന്നിലേയ്ക്ക് പെയ്തിറങ്ങുന്ന ഓരോ മഴയും…

ഐക്യത്തിന് പകരം സംഘർഷം സൃഷ്ടിക്കുന്നു, റബറിന് വില തന്നാൽ എം പിമാരെ താരാം എന്നു പറഞ്ഞ ബിഷപ്പുമാർ എവിടെയെന്ന് എം വി ഗോവിന്ദൻ

0

കേന്ദ്ര സർക്കാർ ജനാധിപത്യപരമായി നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള ഐക്യവും തകർത്തിരിക്കയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര ഐക്യം തകർക്കുക എന്നതാണ്. ജനകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക എന്നാണ്. അതിന്റെ ചിത്രമാണ് മണിപ്പൂരിൽ. 300 രൂപ റബറിന് കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ചില ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി.

ഗുജറാത്തിൽ സംഭവിച്ചത്

‘മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് രണ്ട് മാസമായി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതേ മിണ്ടാട്ടമില്ലായ്മ കണ്ട മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ഇരിക്കുമ്പോൾ വർഗീയ കലാപം മാത്രമല്ല വംശഹത്യതന്നെ നടന്നു. അന്നത്തെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. ബി.ബി.സി. ആ കാര്യങ്ങൾ ഉൾപ്പെടെയാണ് ലോകത്ത് വിതരണംചെയ്തത്. ആ പ്രധാനമന്ത്രി മണിപ്പൂർ സംഭവത്തിൽ മിണ്ടുന്നില്ല എന്നുപറഞ്ഞാൽ അത്ഭുതപ്പെടാനില്ല’, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക ഫാസിസ്റ്റ് തന്ത്രം

‘നൂറുകണക്കിന് പള്ളികൾ തകർത്തു. നിരവധി വീടുകളും അനുബന്ധ സ്ഥാപനങ്ങളും തകർത്തു. ജനാധിപത്യപരമായി നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള ഐക്യവും തകർത്തു. ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര ഐക്യം തകർക്കുക എന്നതാണ്. ജനകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക എന്നാണ്. അതിന്റെ ചിത്രമാണ് മണിപ്പൂരിൽ. 300 രൂപ റബറിന് കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ചില ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. എന്തു തന്നാലും രാജ്യത്ത് ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ നാളെ കേരളത്തിലേക്കും വരില്ലെന്ന് എന്താണ് ഉറപ്പ്’, ഗോവിന്ദൻ ചോദിച്ചു.

‘ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കുക. അതുവഴി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന, ഫെഡറൽ സംവിധാനനങ്ങൾ എല്ലാം പിച്ചിച്ചീന്തി, പുതിയ ചാതുർവർണ്യ വ്യവസ്ഥിതിയിലേക്ക് മനുസ്മൃതിയുടെ പിന്തുണയോടെ പുതിയ ഭരണഘടന രൂപപ്പെടുത്തി മുമ്പോട്ട് പോകാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ആർ.എസ്.എസിനേയും ബി.ജെ.പിയേയും വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് ഇന്ത്യൻ ജനത നേടിക്കൊണ്ടിരിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.