ഭീതി പരത്തി ഉളിക്കൽ ടൗണിൽ കാട്ടാന, വനാതിർത്തി വിട്ട് 10 കിലോ മീറ്ററോളം ജനവാസ മേഖലയിൽ

0

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കലിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനാവാതെ വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലെ വിജനമേഖലയിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനം. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനാവുമോ എന്നായിരുന്നു ആലോചന.

കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു. ഏറ്റവും അധികം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലായണ് ഇത്. ഇതു മൂലം നിരന്തരം വാഹന ഗതാഗതവും ഉണ്ട്.

വെടിവെക്കാനും തുരത്താനും കഴിയാതെ

ജനവാസ മേഖലയിലൂടെ കാട്ടാനയെ തുരത്തുക വെല്ലുവിളിയാണ്. ജനവാസ മേഖലയായതിനാൽ ആനയെ പകൽ സമയം തുരത്തുക പ്രായോഗികമല്ലെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. രാത്രിയില്‍ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം ഭീതി വിതച്ചത്.

ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിവെക്കാനുള്ള സാധ്യതയും പരീക്ഷിക്കാനാവില്ല. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുണ്ട്. സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് വിലക്കിയിട്ടുണ്ട്.


ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയെ ഇവിടെ കണ്ടെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് ആദ്യം കണ്ടത്. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.  പുലര്‍ച്ചെ  കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു.

മുസ്ലീം ലീഗ് സമസ്ത പോരിൽ പഴയ പിളർപ്പിൻ്റെ ചൂര്; നേതാക്കൾ നേർക്കു നേർ

0

 സമസ്തയ്ക്ക് അകത്തെ ചിലരുടെ സി.പി.എം സൌഹൃദത്തിൻ്റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗുമായി ഉണ്ടായ അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള എക്കാലത്തെയും അകൽച്ചയിലേക്ക്. മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ നടത്തിയ പരാമര്‍ശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും കാന്തപുരം സംഘത്തിൻ്റെ വേർപിരിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വളരുന്ന സൂചനകളാണ് നൽകുന്നത്.

മതസംഘടനകള്‍ അവരുടെ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കണം. അതിന് വിപരീതമായി സി.പി.എമ്മിനെ സഹായിച്ച് ആരെങ്കിലും തട്ടത്തിന് പിന്നിലൊളിച്ചാല്‍ ആ തട്ടം മാറ്റിക്കുമെന്നാണ് അവസാനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നൽകിയത്.

തട്ടത്തിൻ മറയത്തെ തുടക്കം

സി പി എം തന്നെ വെട്ടിലായ സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തിന് തുടർച്ചയായാണ് രാഷ്ട്രീയ പക്ഷങ്ങളുടെ അടിയൊഴുക്ക് മേൽപ്പരപ്പിലേക്ക് എത്തിയത്. മതസംഘടനയായാലും സാംസ്‌കാരിക സംഘടനയായാലും ലീഗിന്റെ നിലപാട് പറയും. പറയുന്നത് ഒരു സംഘടനയ്ക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരുപറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും പിഎംഎ സലാം ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

സലാമിന്റെ പ്രസ്താവന അതിര് കടന്നതാണെന്ന് സമസ്ത വിലയിരുത്തുന്നു. പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പോഷക സംഘടനാ നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടും തിരുത്തല്‍ നടപടികള്‍ക്ക് ലീഗ് തയ്യാറായിട്ടില്ല. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന പി.എം.എ. സലാമിന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചു. ഇതിനെതിരെ യുവനേതാക്കള്‍ നല്‍കിയ കത്ത് പാണക്കാട് സാദിഖലി തങ്ങള്‍ തള്ളുകയും ചെയ്തു.

പി.എം.എ. സലാമിനെതിരേ സമസ്ത മുശാവറ യോഗം നിലപാട് കടുപ്പിച്ചിരിക്കയാണ്. ജിഫ്രി തങ്ങൾക്കെതിരെയുള്ള പരാമര്‍ശത്തില്‍ സാദിഖലി തങ്ങളെ കണ്ട് പരാതിപ്പെടാന്‍ മുശാവറ യോഗം ചേർന്നാണ് തീരുമാനിച്ചിരുന്നത്. വിഷയത്തില്‍ സമസ്ത പരാതി നല്‍കിയിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത നേതാക്കള്‍ നേരിട്ട് പരാതി നല്‍കാന്‍ തന്നെ തീരുമാനമാക്കിയത്. സലാമിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചുവെന്ന സാദിഖലി തങ്ങളുടെ നിലപാടിനെയും സമസ്ത മുശാവറ യോഗം തള്ളുകയും ചെയ്തിരിക്കയാണ്. കഴിഞ്ഞ ദിവസ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ സലാമിന്‍റെ പരാമര്‍ശത്തിലും അതിലെ ലീഗ് നിലപാടിലും വിമര്‍ശനം ഉയര്‍ന്നു.

സലാമിന്റെ പരാമര്‍ശം ശരിയായില്ലെന്ന് സമസ്തയിലെ ലീഗ് പക്ഷത്തുള്ളവര്‍ക്ക് പോലും അഭിപ്രായമുണ്ടായിരുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്. ലീഗ് അനുഭാവിയായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇത് പരസ്യമായി പറയുകയും ചെയ്തു. സലാമിനെ പാണക്കാട് തങ്ങള്‍ തിരുത്തുമെന്ന ധാരണ പാളി. തലയുള്ളപ്പോള്‍ വാല് ആടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രതികരണം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുറന്നു കാട്ടി. ഇതോടെ സലാമിനെതിരെ സമസ്തയില്‍ ഉയര്‍ന്ന പ്രതിഷേധം ഇപ്പോള്‍ സാദിഖലി തങ്ങള്‍ക്കെതിരെ കൂടിയായിരിക്കയാണ്.

ഒരേ വേദിയിൽ പരസ്പരം

 സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും നോക്കേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ ഇരിക്കെ ജിഫ്രി തങ്ങൾ തുറന്നടിച്ചിരുന്നു. അങ്ങനെ ശ്രമിച്ചാൽ അത് അപകടത്തിലേക്ക് ഉള്ള പോക്കാകും. സമസ്ത എന്നും നിലനിൽക്കേണ്ട പ്രസ്ഥാനമാണെന്നും തങ്ങൾ ഓർമ്മപ്പെടുത്തി.

പണ്ഡിതന്മാരുടെ വീഴ്ചയെ വേദനയോടെ ആണ് സമൂഹം കാണുക എന്ന് ലീഗധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദിയിൽ പറഞ്ഞിരുന്നു. ഈ പ്രസം​ഗമാണ്  ജിഫ്രി തങ്ങളെ പ്രകോപിപ്പിച്ചത്. മലപ്പുറത്തെ പണ്ഡിതസമ്മേളനവേദിയിലാണ് സാദിഖലി തങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശമുണ്ടായത്.

സമസ്തയിലെ പുതുതലമുറയും നേർക്കു നേർ

പി.എം.എ. സലാമിനെതിരെ നല്‍കിയ കത്തില്‍ സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയും എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഒപ്പുവെച്ചിട്ടുണ്ട്. ഇവരൊക്കെ ഞങ്ങളുടെ തലകള്‍ തന്നെയാണെന്നാണ് സാദിഖലി തങ്ങള്‍ക്ക് സമസ്ത കേന്ദ്രങ്ങളുടെ മറുപടി. മൈ മാസ്റ്റര്‍ ഹെഡ് എന്നെഴുതി ജമലുല്ലൈലി തങ്ങളുടെ ചിത്രം നല്‍കി മകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. അന്തരിച്ച ഉമറലി ശിഹാബ് തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ക്ക് കോഴിക്കോട് ഖാസി പദവി നല്‍കുന്ന ചിത്രവും ഹൈദരലി തങ്ങളുടെ അസാന്നിധ്യം സൂചിപ്പിക്കുന്ന കാര്‍ഡുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒപ്പം സമസ്തയിലെ യുവാക്കള്‍ക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ജിഫ്രി തങ്ങളുടെ പഴയ പ്രസംഗവും മറുപടിയായി എത്തിയിട്ടുണ്ട്.

സലാമിനെതിരെ സമസ്ത യുവനേതാക്കള്‍ നല്‍കിയ പരാതി പ്രധാനമായും കുഞ്ഞാലിക്കുട്ടിക്ക് മുൻപിലേക്കാണ് എത്തിയത്. സി.ഐ.സി. വിഷയത്തില്‍ സാദിഖലി തങ്ങളോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് കത്ത് കുഞ്ഞാലിക്കുട്ടിക്ക് നല്‍കാനുണ്ടായ കാരണം. സാദിഖലി തങ്ങളെ ഇത് അസ്വസ്ഥപ്പെടുത്തിയത് വാർത്തയാണ്.

സമസ്തക്ക് വഴങ്ങേണ്ടെന്ന് ലീഗിലെ ഒരു പക്ഷം ശക്തമായി വാദിക്കുന്നുണ്ട്. ഒപ്പം പാണക്കാട് കുടുംബത്തിന് സമസ്തയില്‍ നേരത്തെയുണ്ടായിരുന്ന ആദരം ഇപ്പോള്‍ കിട്ടുന്നില്ലെന്ന ആവലാതിയുണ്ട്. സി.പി.എം. സഹകരണം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സമസ്ത സ്വന്തം വഴിയിലാണെന്ന അസ്വസ്ഥത ശക്തമാണ്.

സമസ്ത സ്വന്തം കാലിലേക്ക്

ജിഫ്രി തങ്ങള്‍ പ്രസിഡണ്ടായതോടെയാണ് സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെക്കുന്നതിന് വേഗം കൂടിയത്. സമസ്തയുടെ പോഷക ഘടകങ്ങളെ ശാക്തീകരിച്ചു കൊണ്ടാണ് ഇതിന് പശ്ചാത്തലം ഒരുക്കിയത്. സമസ്തയെ ചൊൽപ്പടിയിലാക്കാൻ ലീഗ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. സമസ്ത സ്വന്തം നിലയില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് തടയാന്‍ ലീഗ് ശ്രമിച്ചു. വഹാബിസത്തിനെതിരെ സമസ്ത പ്രഖ്യാപിച്ച കാംപെയിന്‍ നിര്‍ത്തിവെക്കാന്‍ ലീഗ് കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായി. സമസ്ത മുഖപത്രമായ സുപ്രഭാതത്തിനെതിരെ പ്രചാരണം നടത്തി.

കാന്തപുരം പോയ പോലെയാകില്ല

സമസ്തക്ക് പ്രത്യേക രാഷ്ട്രീയ അനുഭാവം ഇല്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനാപരമായി ശാക്തീകരിക്കപ്പെട്ട സമസ്തയോട് നേരിട്ട് ഏറ്റുമുട്ടുന്നത് പ്രയാസകരമായിരിക്കയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ഇത് മുസ്ലീം ലീഗിൽ വലിയ ആശങ്ക നിറയ്ക്കുന്നുണ്ട്. 1989-ലും സമാന സാഹചര്യം ഉണ്ടായത് പഴയ നേതാക്കൾ ഓർമ്മപ്പെടുത്തുന്നുണ്ട് . കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സമസ്തയുടെ നേതൃത്വം കയ്യാളി. സമസ്തയെ ഇ കെ വിഭാഗമെന്ന് അടർത്തിയെടുത്താണ് ലീഗ് കൂടെ നിർത്തിയത്. തീവ്രനിലപാടുകൾ സൂക്ഷിച്ചിരുന്ന ഗ്രൂപ്പായിട്ടും സി.പി.എം അന്ന് കാന്തപുരം ഗ്രൂപ്പിനെ തുണച്ചു. അരിവാൾ സുന്നി എന്ന പ്രയോഗം ആ കാലഘട്ടത്തിൻ്റേതാണ്.

അന്നത്തേതിന് വ്യത്യസ്തമായി ജിഫ്രി തങ്ങളുടെ നിലപാടുകള്‍ക്കൊപ്പമാണ് ഇപ്പോള്‍ സമസ്തയിലെ ഭൂരിപക്ഷവുമുള്ളത്. ഇടക്കാലത്ത് കാന്തപുരം തന്നെ സമസ്ത ഒന്നിച്ച് നിൽക്കേണ്ടതാണ് എന്ന നിലയ്ക്ക് പ്രസ്താവനയുമായി രംഗത്ത് വന്നതും ഇതോടൊപ്പം കൂട്ടിവായിക്കുന്നവരുണ്ട്. മത യാഥാസ്ഥിതികതയുടെയും കടുത്ത പൌരോഹിത്യത്തിൻ്റെയും പക്ഷത്ത് കാന്തപുരം ഒരു ഭാഗത്തെ എത്തിച്ചപ്പോൾ സി പി എം അവരെ കൂടെ നിർത്തുന്ന കാഴ്ചയായിരുന്നു.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ പിന്നിൽ പ്രവർത്തിച്ച കെ പി ബാസിത് അറസ്റ്റിൽ

0

വ്യാജ നിയമന കോഴ ആരോപണത്തിൽ കെ.പി ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് ആണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. ഇയാളാണ് കോഴ ആരോപണത്തിന് പ്രേരിപ്പിച്ചത് എന്നാണ് ഹരിദാസിൻ്റെ ഇപ്പോഴത്തെ മൊഴി.

നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് ഇന്നലെ മൊഴി മാററി പറഞ്ഞിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് മാറ്റം.

സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്ന് പിന്നീട് മാറ്റി പറഞ്ഞു. ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന നിലപാടിലായി.

ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴി നൽകി. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് മൊഴി.

നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു.

കാട്

കാടറിയണം
കാടുനിറയണം
ആന കടുവ കാട്ടുപോത്ത്
പറവ പാടും പാട്ടരങ്ങ്
കടലുപോലെ കരകവിഞ്ഞ്
ഉള്ളിലേറണം
കാറ്റടർത്തി ചേർത്തുനിർത്തി
നാം മറന്ന് വാ തുറന്ന്
വാക്കെറിയണം
ചേർത്തുനിർത്തണം
ഓർത്തുവയ്ക്കണം
നേരറിഞ്ഞ് മഴനനഞ്ഞ്
ഇലയെറിഞ്ഞ് തണലുചൂടണം
നാം നമ്മളാകണം
നാം നമ്മളാകണം
ഒടുവിലായ്
നാം വർത്തമാനത്തിന്റെ
ചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണം
വറ്റിവരണ്ട കാലത്തിലേയ്ക്കു നാം
നന്മയുടെ വറ്റ് വാരി വിതറണം

ജാതി സെൻസസ് വേണ്ട, സംവരണവും അനീതിയെന്ന് എൻ എസ് എസ്

ജാതി സെൻസസ് മുൻനിർത്തി സാമുദായിക നീതിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉയർത്തിപ്പിടിച്ചതോടെ വിരുദ്ധ നിലപാടുമായി കേരളത്തിലെ നായർ സർവ്വീസ് സൊസൈറ്റി രംഗത്ത്. ജാതിസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ഉൾപ്പെടെ ജാതി സെൻസെസ് നടപ്പാക്കണം എന്ന ആവശ്യം ഉയർന്ന് തുടങ്ങിയതോടെയാണ് എൻ എസ് എസിൻ്റെ എതിർപ്പ് പ്രകടമായി പുറത്ത് വന്നത്. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണവും ജാതിസെന്‍സസുമെന്നാണ് എൻ എസ് എസ് നിലപാട് ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നത്.

ജാതിസെന്‍സസുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാതിസംവരണ ആവശ്യം തന്നെ നിരാകരിച്ച് ഉടൻ സംഘടന രംഗത്ത് എത്തിയത്. കേരളത്തിൽ ഉൾപ്പെടെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും നിയമനങ്ങളിലെ പ്രാതിനിധ്യം ചർച്ചയായി തുടങ്ങിയിരിക്കയാണ് എന്നതും ഈ സാഹചര്യത്തെ കടുത്തതാക്കുന്നു.

നിയമപരമായ സംവരണ ക്രമം പാലിക്കാതെയും മറികടന്നും സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങൾ നിയമനം നടത്തുകയും അതിനായി സാങ്കേതിക കാരണങ്ങൾ ഒരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംവരണ ചർച്ച കൊഴുക്കുന്നത്. ഇടതു പക്ഷ സർക്കാർ തന്നെയും സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ ചോദ്യം ചെയ്യപ്പെട്ടു. സ്വഭാവികമായും ഇതിനെ മറികടക്കാൻ ജാതി സെൻസസിന് ഇടതുപക്ഷം നിർബന്ധിതമാവും. മാത്രല്ല കോൺഗ്രസ് തന്നെയും ഇതിന് വേണ്ടി ആവശ്യപ്പെടുന്ന സാഹചര്യം കമ്മൂണിസ്റ്റ് ആദർശങ്ങൾ പുലർത്തുന്ന പാർട്ടിയേയും ആഗ്രഹിച്ചില്ലെങ്കിലും സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യങ്ങൾ എല്ലാം മുൻകൂട്ടി കണ്ടാണ് എൻ എസ് എസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

എൻ എസ് എസ് കുറിപ്പിൽ , നമ്മുടെ രാജ്യം ഒരു മതേതരജനാധിപത്യരാജ്യമാണ്. മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വര്‍ഗ്ഗത്തേയോ വിഭാഗത്തേയോ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ്. ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യവും അതായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. അതേ സമയം തന്നെ ജാതിസെൻസിനെയും ജാതി സംവരത്തെയും എതിർക്കുകയും ചെയ്യുകയാണ് സെക്രട്ടറിയുടെ കുറിപ്പിൽ.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന സമത്വസുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തയ്യാറാവുകയുമാണ് വേണ്ടത് എന്നു കൂടി പറഞ്ഞു കൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. എന്നാൽ അടുത്ത കാലത്ത് ഇത്തരം സ്ഥാപനങ്ങളിൽ തന്നെ ഇതിനു വിരുദ്ധമായ നിയമന രീതികൾ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

ഇതോടെ ജാതി സെൻസസ് ജാതി സംവരണം എന്നീ ആവശ്യങ്ങളിൽ കേരളത്തിൽ എൻ എസ് എസ് തികച്ചും വ്യത്യസ്തമായ നിലപാടിലേക്ക് മാറുകയാണ്. കോൺഗ്രസും ഇടതു പാർട്ടികളും മത്സരിച്ച് ഒന്നിച്ചു നിർത്തുകയും സമദൂരം എന്ന പേരിൽ കൂടെ നിൽക്കുകയും ചെയ്ത നായർ സർവ്വീസ് സൊസൈററി വ്യക്തമായ ഒരു രാഷ്ട്രീയം കൂടി തുറന്ന് പറയുകയാണ്. കേന്ദ്ര സർക്കാർ നിലപാട് കൂടി ഇക്കാര്യത്തിൽ വ്യക്തമാണ് എന്നത് കേരളത്തിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വേഗത വർധിപ്പിക്കുന്നതാകും എന്നും നിരീക്ഷിക്കപ്പെടുന്നു.

എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം

നമ്മുടെ രാജ്യം ഒരു മതേതരജനാധിപത്യരാജ്യമാണ്. മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വര്‍ഗ്ഗത്തേയോ വിഭാഗത്തേയോ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ്. ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യവും അതായിരുന്നു.

വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുന്നില്‍ അടിയറപറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെന്‍സസും എല്ലാം. ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാഭേദഗതികള്‍ ഇതു വ്യക്തമാക്കുന്നതാണ്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേയ്ക്ക് തുടങ്ങിവച്ച സംവരണം, വര്‍ഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍നിന്നുതന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയ വെളിപ്പെടുത്തുന്നതാണ്.

ജാതിസംവരണം ഇന്ത്യന്‍ ഭരണഘടനയുടെ അനുംഛേദം 15(1)-ന്റെ ലംഘനമാണെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുണ്ട്. ഇത്തരം കോടതിവിധികളെ മറികടക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതും തുടര്‍ന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തില്‍ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവര്‍ഗ്ഗവും പോലും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല. എന്നിട്ടും എന്തുകൊണ്ടാണ് ജാതി അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കുന്നതിനുള്ള വാദം ശക്തിപ്രാപിക്കുന്നതും അതിനെ രാഷ്ട്രീയകക്ഷികള്‍ പരിപോഷിപ്പിക്കുന്നതും അതിനു പിന്നിലുള്ള വോട്ടുരാഷ്ട്രീയമാണെന്നത് വ്യക്തമാണ്.

ജാതിസംവരണം വംശീയമായ വിവേചനം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും തുടര്‍ന്ന് വര്‍ഗ്ഗീയതയ്ക്കും വഴിതെളിക്കുന്നു. ജാതിസംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെളളം ചേര്‍ക്കുന്നു. സാമൂഹ്യമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണ്.

സാമൂഹ്യനീതിക്കു വേണ്ടത് സങ്കുചിത ചിന്തകള്‍ക്കപ്പുറം യോഗ്യതയുടെ അടിസ്ഥാനത്തിലുള വിശാലമായ നടപടികളാണ്. പിന്നാക്കജാതിയിലെ മുന്നാക്കക്കാര്‍ സംവരണത്തിന്റെ പൂര്‍ണ്ണമായ ആനുകൂല്യങ്ങൾ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുള്ളവർ കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരം. പിന്നാക്കക്കാരിലെ മുന്നാക്കക്കാര്‍, സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലുളളവര്‍, ജാതിസംവരണത്തിന്റെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോള്‍ മുന്നാക്കക്കാരിലെ പരമദരിദ്രനും ദരിദ്രനും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരും യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

സംവരണമുളള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവര്‍ണ്ണ-അവര്‍ണ്ണ സംസ്‌കാരം വളര്‍ന്നുവരുന്നതിന് ആധാരം ജാതിസംവരണമാണ്. ഇത് രാജ്യത്തിന് ഗുണകരമല്ല. ജാതി,മത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും തൊഴില്‍പരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്.

അതിനുവേണ്ടി വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിര്‍ത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗ്ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നില്‍ക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കുകയും ജാതിമതവ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന സമത്വസുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തയ്യാറാവുകയുമാണ് വേണ്ടത്.

നൂറോളം വിദ്യാർഥികൾക്ക് ചൊറിച്ചിലും ശ്വാസതടസവും, സ്കൂൾ അടച്ചു

0

വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ഇതു കാരണം വിദ്യാലയം അടച്ചു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ഇതേ ആരോഗ്യ പ്രശ്‌നമുള്ളതായി രക്ഷിതാക്കൾ പറയുന്നു.

രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു.

ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്. വെള്ളിയാഴ്ച കൂടുതല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. ഇതോടെ രോഗം പടര്‍ന്ന ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും പ്രശ്നം തുടർന്നു.

തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികളെ അതേ ക്ലാസില്‍ത്തന്നെ വീണ്ടും പ്രവേശിപ്പിച്ചു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആദ്യഘട്ടത്തില്‍ അധ്യാപകര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രക്ഷിതാക്കളാണ് ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സ്‌കൂളിലെത്തി കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പകര്‍ച്ചവ്യാധിയാണെന്നാണ് സംശയം.

എന്നാൽ കഴിഞ്ഞ വർഷം അഞ്ചൽ വിളക്കുപാറ മാതാ ഹയർ സെക്കൻ്ററി സ്കൂളിൽ ഇതേ അനുഭവം ഉണ്ടായിരുന്നു. അധ്യാപകർക്കും അസ്വസ്ഥത പകർന്നു എന്നതാണ് വ്യത്യാസം. കാസർക്കോട് മാന്നൂരിലെ ഗോൾഡൻ പബ്ലിക് സ്കൂളിലും ഇതേ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

മഴ വെള്ളത്തിൽ ലൈൻ പൊട്ടി വീണു, പുല്ലരിയാൻ പോയ അച്ഛനും രണ്ട് മക്കളും മരിച്ചു

0

ഇടുക്കിയിലെ കൊച്ചറ രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. വീടിന് ചേർന്നുള്ള ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് അപകടം. പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചതെന്നാണ് നിഗമനം.

രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.വീടിന് തൊട്ടുള്ള പാടശേഖരത്തിലേക്ക് പുല്ലരിയാന്‍ പോയതായിരുന്നു ഇവര്‍. വൈകീട്ടോടെ മഴ പെയ്തിരുന്നു. ഇതോടെ വെള്ളം നിറഞ്ഞ പാടത്തിലേക്ക് പൊട്ടിവീണ ലൈന്‍ ഓഫായില്ല. ഇതുവഴി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൂന്നു മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്.

ബസിലും ലോറിയിലും ഡ്രൈവർക്ക് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ്

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ ബസ്സിലും ലോറിയിലും ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാവും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇതിനുള്ള സമയ പരിധി സെപ്തംബർ ഒന്ന് ആയിരുന്നത് നീട്ടി നൽകുകയായിരുന്നു. എല്ലാ ഹെവിവാഹനങ്ങൾക്കും ഇതോടെ സീററ് ബെൽറ്റ് സംവിധാനം വേണ്ടി വരും.

ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി അവകാശപ്പെട്ടു.

സെപ്റ്റംബർ 5 വരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്.

പിഴയടക്കാൻ വെർച്വൽ കോടതി വരും

എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ അകപ്പെട്ടത് ഏഴായിരത്തോളം മലയാളികൾ

ഇസ്രയേലില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലയാളി പ്രവാസികളെ കുറിച്ച് ആശങ്ക പെരുകുന്നു. ഇസ്രയേലിൽ 7000 ത്തോള മലയാളികളുണ്ട്. ഇവരുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യൻ പ്രവാസികളുണ്ട്. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം നീരീക്ഷിച്ച് വരികായണെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ പ്രവാസികളിൽ അധികവും മലയാളികളാണ്. ഇവരിൽ തന്നെ വിദ്യാർഥികളും ഐടി വിദഗ്ധരുമുണ്ട്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന കെയർ ഗിവേഴ്സ് എന്ന നഴ്സിങ് ജോലിയിൽ താമസിക്കുന്നവരാണ് കൂടുതലും.

വെളുക്കാൻ തേച്ച ക്രീമുകൾ കാരണം വൃക്ക രോഗം; കുത്തക കമ്പനികൾക്ക് വേണ്ടിയുള്ള കഥയോ കാര്യമോ

0

 ചർമം വെളുപ്പിക്കാൻ ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് വൃക്കരോഗം ബാധിച്ചതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കണ്ടെത്തിയതായുള്ള വാർത്തയിലെ യാഥാർത്ഥ്യം എന്താണ്.

ചില ക്രീമുകളിൽ രസവും കറുത്തീയവും ഉൾപ്പെടെയുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്ന കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളുടെ റിപ്പോർട്ടാണ് ഈ കാമ്പയിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. സൌന്ദര്യ വർധക വസ്തുക്കളിൽ ഇവയെല്ലാം ഉണ്ട്. എന്നാൽ ഉന്നത ബ്രാൻ്റുകൾ അല്ലാത്തവ ഉപയോഗിച്ചവർക്കാണ് പ്രശ്നം എന്നാണ് ഇപ്പോൾ വിവരിക്കുന്നത്. ഉന്നത ബ്രാൻ്റുകളിൽ ഇവ ഇല്ലെന്നതിന് അവയുടെ കവറിൽ നൽകിയ വിവരങ്ങളിലുള്ള വിശ്വാസം അടിസ്ഥാനമാക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഇല്ല

ജില്ലാ മെഡിക്കൽ ഓഫീസറും ഡ്രഗ് കൺട്രോൾ വിഭാഗവും ഇത് പഠിക്കുന്നുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. നിരീക്ഷണങ്ങളോ കണ്ടെത്തലോ ഒന്നും പുറത്ത് വന്നിട്ടില്ല. ത്വക് വഴി രാസ വസ്തുക്കൾ ശരീരം ആഗരണം ചെയ്യുന്നതിന് പരിധിയുണ്ട്. പുറമെ പുരട്ടുന്ന ക്രീമുകൾ സംബന്ധിച്ചാണ് ഇപ്പോൾ വാർത്ത വന്നിട്ടുള്ളത്.

കണ്ടെത്തൽ ശരിയാണെങ്കിൽ ഗുരുതരമായ സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ് എന്നാണ് വിവരണം.

വമ്പൻ പരസ്യം നൽകി വിപണി പിടിക്കുന്നവർ മാത്രമോ കറുത്തീയം ചേർക്കാത്തത്

വമ്പൻ കമ്പനികൾ കവറിൽ അവയിലെ ചേരുവകളുടെ അളവ് നൽകുന്നുണ്ട് എന്നതു മാത്രമാണ് അവരെ ഈ റിപ്പോർട്ടിൽ നിന്നും ഒഴിച്ച് നിർത്തുന്നത്. ഇത്തരം കമ്പനികളുടെ പ്രൊഡക്ടും യഥാർത്ഥത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിയുടെ പൌഡറിൽ ആസ്ബറ്റോസ് അംശ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വമ്പൻ പിഴ നൽകേണ്ടി വന്ന സംഭവം ഉണ്ട്. പതിറ്റാണ്ടുകൾ മാർക്കറ്റിൽ വിറ്റഴിഞ്ഞ പ്രെഡക്ടാണ്. 47000 കേസുകളാണ് ഇതിൻ്റെ പേരിൽ ഉണ്ടായത്.

വാർത്തയിൽ പറയുന്ന കാര്യങ്ങൾ

പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.

പിന്നീട് ഇരുപത്തൊന്‍പതുകാരന്‍കൂടി സമാനലക്ഷണവുമായി വന്നു. ഇയാള്‍ രണ്ടുമാസമായി ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവന്‍ രോഗികളെയും വരുത്തി.

ഇതില്‍ എട്ടുപേര്‍ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫെയ്സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസനും ഡോ. രഞ്ജിത്ത് നാരായണനും വ്യക്തമാക്കുകയുണ്ടായി.

പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തുകയായിരുന്നു. ഉപയോഗിച്ച ക്രീമുകളില്‍ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

കേരളം ഏറ്റവും വലിയ കൺസ്യൂമർ വിപണി

സൌന്ദര്യ വർധക വസ്തുക്കൾ ഉൾപ്പെടെ ഇത്തരം പ്രോഡക്ടുകളുടെ ഏററവും വലിയ വിപണിയാണ് കേരളം. അവിടെ പുതിയ ഉല്പന്നങ്ങളും കമ്പനികളും കടന്നു വരുന്നത് വലിയ ഭീഷണിയാണ്. നിലവിലുള്ള കമ്പനികളുടെ പരീക്ഷണ ശാലയുമാണ് കേരളം. കേരള വിപണി സ്വീകരിച്ചു കഴിഞ്ഞാൽ ഇന്ത്യ മുഴുവൻ വിപണന സാധ്യത തേടാം എന്നൊരു ബിസിനസ് ടാക് തന്നെയുണ്ട്.

കേരളത്തിലെ ഉപഭോക്തൃ പ്രസ്ഥാനവും സംഘടനകൾ തന്നെയും നമാവശേഷമായി പോയിട്ടുണ്ട്. ഇപ്പോൾ ഉന്നത കമ്പനികളുടെ വിപണി നന്ത്രങ്ങൾ യഥേഷ്ടം വിറ്റഴിയുന്ന സാഹചര്യമാണ്. മാറു വന്ന സർക്കാരുകളും ഉപഭോക്തൃ സംവിധാനങ്ങളെ തകർക്കുന്നതിൽ മൌനം പാലിച്ച സാഹചര്യമാണ്. വമ്പൻ പരസ്യ ദാതാക്കളുമാണ് ഇത്തരം കമ്പനികൾ. കോടികളാണ് അവർ പത്രമാധ്യമങ്ങളിൽ ചിലവഴിക്കുന്നത്.

വിപണിയിലെ കളികൾ ക്ലിക്കുകൾ

ഒരു കാലത്ത് ബേബി പൌഡറുകൾ വ്യാപകമായി കുഞ്ഞുങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് ഒരു നിശ്ചിത കമ്പനിയുടെ ഓട് സ് മുതിർന്നവർക്ക് എഴുതിക്കൊടുക്കാൻ നിർദ്ദേശമുണ്ടായത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ചൈന പാക്കിസ്ഥാൻ തുർക്കി മലേഷ്യ എന്നിങ്ങനെ രാജ്യങ്ങളിൽ നിന്നും എത്തുന്ന ക്രീമുകൾ എന്നാണ് ഇപ്പോൾ രോഗകാരിയായി വിവരിക്കുന്നവ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ ക്രിത്രിമ അരി, ക്രിത്രിമ മുട്ട എന്നിങ്ങനെ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത സംഭവം ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് വിപണി കീഴടക്കിയ പതഞ്ജലിയുടെ ഉല്പന്നം തന്നെയും ചില അതിശയോക്തിയ കലർത്തിയ പ്രചാരണവുമായി വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചത് പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. സമാനമായ കേവല പ്രചാരണം മാത്രമാണോ നടക്കുന്നത് എന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാർ സംവിധാനങ്ങൾക്കാണ്.

വിപണിയിലെ കമ്പനികളുടെയും അവരുടെ പരസ്യങ്ങളാൽ നിലനിന്ന് പോകുന്നവരുടെയും പ്രചാരണ വേലയാണോ. അങ്ങിനെ എങ്കിൽ ജനങ്ങളെ മുഴുവൻ ആശങ്കയിലും കടുത്ത ഭയത്തിലുമാക്കുന്ന ഇവയുടെ പിന്നിലെ പ്രേരണ എന്താണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. എന്തായാലും ഡോക്ടർമാർ കണ്ടെത്തി എന്നു പറയുന്ന വസ്തുത അവഗണിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാരിന് കീഴിൽ ഇതിന് ശക്തവും ശാസ്ത്രീയവുമായ സംവിധാനം ഉണ്ടെന്നിരിക്കെ അതുവഴിയുള്ള പരിശോധനയും പഠനവും ആവശ്യമാണ്.

ജൈവം, ആയൂർ വേദം, പാരമ്പര്യം എന്ന പുതു വിപണന തന്ത്രങ്ങൾ

പൊതുവെ സൌന്ദര്യ വർധക വസ്തുക്കളുടെ കാര്യത്തിൽ ഇത്തരം പരാതികളും പ്രശ്നങ്ങളും പല ഘട്ടങ്ങളിലായി നിലനിൽക്കുന്നുണ്ട്. ഇതിനെതിരാ ജനങ്ങളുടെ കരുതലിനെ മുതലെടുത്താണ് ചിലർ ആയുർവേദം പാരമ്പര്യ വൈദ്യം, ജൈവം എന്നിങ്ങനെ പുതിയ പദാവലികൾ ഉപയോഗിച്ച് വിപണി പിടിക്കുന്നത്. ഏത് വസ്തുവിൻ്റെയും അടിസ്ഥാനം അതിൻ്റെ രാസഘടനയാണ്. ആയുർ വേദം എന്ന ലേബൽ നൽകിയാൽ ലെഡ് ഇല്ലാതാവുന്നില്ല. മെർക്യൂറിയെ പുറത്താക്കാനും ആവില്ല. പല പാരമ്പര്യ മരുന്നുകളും ഇത്തരം ശാസ്ത്രീയ പരിശോധയുടെ ഫലമായി നിർധാരണം ചെയ്തെടുത്തവയുമല്ല. കിഡ്നിയും ലിവറും ശ്വസാകോശവും എല്ലാമായി ബന്ധപ്പെടുത്ത സൈഡ് ഇഫക്ടുകൾ ആരോപിക്കപ്പെടുന്നുമുണ്ട്.

ഏറ്റവും വലിയ പരസ്യം നൽകുന്ന കമ്പനിയാണ് മികച്ചത്. ഏറ്റവം താരമൂല്യമുള്ള സിനിമാ സ്റ്റാറുകൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല. കോർപ്പറേററ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾ വേഗത്തിൽ വിറ്റഴിയുകയും പരസ്യ തുക കൂടി പെട്ടെന്ന് മുതലാക്കി എടുക്കുകയും ചെയ്യുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള അടിയന്തിര നടപടി ആവശ്യമാണ്.