പത്മകുമാരി എസ്.എ. എഴുതിയ രണ്ട് കവിതാപുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ. തീർത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ‘ശ്രീബുദ്ധൻ ചിരിക്കുന്നു’ എന്ന കവിതാസമാഹാരം. ‘കിളിപ്പാട്ട്’ കുട്ടികൾക്കായുള്ള കവിതകളാണ്.
ശ്രീബുദ്ധൻ ചിരിക്കുന്നു – അവതാരിക

ജീവിതയാത്രയിൽ ഓരോരുത്തർക്കും ഹൃദയസ്പർശിയായ അനേകം അനുഭവങ്ങൾ ഉണ്ടാകുന്നു. സുഖമോ ദുഃഖമോ, ഇകഴ്ത്തലോ, പുകഴ്ത്തലോ, ഭക്തിയോ, ഏതുമാകട്ടെ, അവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവ ഹൃദയതന്ത്രികളെ സ്പർശിക്കുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. ചിലർ, ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അവയെ ഗൗരവമായി കാണാതെ മുന്നോട്ട് പോകുന്നു.
മറ്റു ചിലരാകട്ടെ തങ്ങളുടെ ഹൃദയത്തുടിപ്പുകളെ തരളമാക്കിയ അനുഭവങ്ങളെ മനസ്സിൽ താലോലിക്കുന്നു. അവ സ്വയം ആസ്വദിക്കുന്നതിനും, മറ്റുള്ളവർക്കു കൂടി പകർന്നു നൽകുന്നതിനും കഥയായി, കവിതയായി, ഗാനമായി, നാടകമായി, യാത്രാവിവരണങ്ങൾ ആയി അവരുടെ തൂലികകളിലൂടെ പ്രവഹിക്കുന്നു. രചനാ വൈഭവം നൽകി ഈശ്വരൻ അനുഗ്രഹിച്ച ഈ ലക്ഷോപലക്ഷം സാഹിത്യകുശലരാണ് ലോകമെമ്പാടും, തങ്ങളുടെ സഹജീവികളുടെ വിരസമായ ജീവിതത്തിന് മാധുര്യവും, അറിവും, ഉന്മേഷവും, പ്രതീക്ഷയും നൽകുന്നത്. ഇന്നും, ഉണർത്താൻ, ഉയർത്താൻ ഈ അനുഗൃഹീത തൂലികകളിൽ നിന്നും, സാഹിത്യ സൃഷ്ടികൾ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു!
“ശ്രീ ബുദ്ധൻ ചിരിക്കുന്നു” എന്ന കവിതാ സമാഹാരത്തിലൂടെ, കവയിത്രിയായ ശ്രീമതി പത്മകുമാരി, വർഷങ്ങളോളം താൻ മനസ്സിൽ താലോലിച്ചിരുന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തെ ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്നു. സാധാരണ ഗദ്യ യാത്രാവിവരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, മുപ്പത്തി ഒന്ന് കവിതകളിലൂടെ തന്റെ തീർത്ഥയാത്രകളിലെ അനുഭവങ്ങൾ വർണ്ണിക്കുകയാണ് കവയിത്രി ചെയ്തിരിക്കുന്നത്.
ഭക്തി തന്റെ സഹജമായ സ്വഭാവമായതിനാൽ, ഓരോ കവിതയും ഭക്തിസാന്ദ്രമാക്കുവാൻ ശ്രമിച്ചതിൽ അവർ വിജയിച്ചിരിക്കുന്നു.
തന്റെ അനുഭവങ്ങളും, ആനന്ദവും പ്രകടിപ്പിക്കുന്നതിനോടൊപ്പം, താൻ സന്ദർശിച്ച തീർത്ഥാടന കേന്ദ്രങ്ങളെകുറിച്ചും വിശദമായി വർണ്ണിക്കുന്നുണ്ട്. കവിതയിലൂടെ ഒരു തീർത്ഥായാത്രാ വിവരണം നൽകിയത് ഈ കവിതാ സമാഹാരത്തിന്റെ സവിശേഷതയാണ്.
ഈ ഗ്രന്ഥത്തിന്റെ ശീർഷകമായ “ശ്രീബുദ്ധൻ ചിരിക്കുന്നു” എന്ന കവിത അവസാനം ചേർത്തതും ഒരു പ്രത്യേകതയായി തോന്നി.
ഒന്നാമത്തെ കവിതയായ “ഗംഗേ ഭഗവതി”യിൽ ഭാരത സംസ്‌കാരത്തിന്റെ ഉറവിടമായ പുണ്യ നദിയെ നമസ്ക്കരിച്ചു കൊണ്ട് കവയിത്രി വായനക്കാരെ തന്നോടൊപ്പം കൂട്ടുന്നു ഭാരതത്തിന്റെ വടക്കുള്ള കേദാരം, ബദരി ഉൾക്കൊണ്ട ഹിമാലയ യാത്രയും, സമതലത്തിലെ പഞ്ചഭൂത ക്ഷേത്രങ്ങളും, കാശി, പുരി, അയോദ്ധ്യ, മഥുര, വൃന്ദാവനം, തെക്ക് കന്യാകുമാരി വരെയുള്ള പുണ്യ ക്ഷേത്ര ദർശന വിവരണങ്ങളും ഹൃദ്യമാണ്.
അതിനിടയിൽ അകൈതവമായ സായിഭക്തി വെളിപ്പെടുത്തുന്ന കവിതകളും ഉണ്ട്. ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്ത പ്രേമരഥത്തെ ഭക്തജനങ്ങൾ വരവേൽക്കുന്നതും, അതിന് വിട പറയുന്നതും ഭക്തിയോടെ ചേർത്തിട്ടുണ്ട് ഗയയിലെ ബോധി മരച്ചുവട്ടിൽ നിന്നും ഏഷ്യയുടെ വെളിച്ചമാകാൻ ഉയിർത്തെഴുന്നേറ്റ ശ്രീബുദ്ധനെ കുറിച്ചുള്ള സ്മരണ കവയിത്രിയുടെ കരളിൽ കനിവായ് തെളിയുന്നു. ആ മഹായോഗിയെ നമസ്ക്കരിച്ചുകൊണ്ട് “ശ്രീ ബുദ്ധൻ ചിരിക്കുന്നു” എന്ന കവിതയിലൂടെ ഈ കവിതാ സമാഹാരം അവസാനിക്കുന്നു.
- വത്സല എസ്. മേനോൻ
കിളിപ്പാട്ട് – അവതാരിക

ശ്രീമതി പദ്മകുമാരിയുടെ കിളിപ്പാട്ട് 55 കുട്ടിക്കവിതകളുടെ ഒരു സമാഹാരമാണ്. ഇതിലെ ഓരോ കവിതയും സാമൂഹ്യ പ്രതിബദ്ധതയും നിരീക്ഷണ പാടവവും ഉള്ള ലോലമായ ഒരു ഹൃദയത്തെയാണ് വെളിപ്പെടുത്തുന്നത്. അനവധി വർഷങ്ങൾ കൊച്ചു കുട്ടികളുടെ കുരുന്നു കൈകളിൽ പിടിച്ച്, അവരെ നേർവഴിയിലേക്ക് നയിച്ച ഒരു ഉത്തമയായ അദ്ധ്യാപികയെ ഇതിൽ കാണാം.
ആദ്യത്തെ കവിതയായ ‘മഴയത്തിറങ്ങല്ലേ’ കുഞ്ഞിന്റെ ആഗ്രഹം അതിലെ മുത്തശ്ശിയെ പോലെ വായനക്കാരിലും ചിരി പരത്തുന്നത്ര ഹൃദ്യമാണ്. ലളിതവും ഹൃദ്യവുമായ ഭാഷയിൽ രചിക്കപ്പെട്ട ഈ കവിതകൾ തന്റെ കുട്ടികൾക്ക് വേണ്ടി ഒരു അമ്മക്കിളി പാടുന്ന, ‘കിളിപ്പാട്ട്’ തന്നെയാണ്. ശ്രീ സത്യാസായി സേവാ സംഘടനയിൽ ബാലവികാസ് ഗുരുവായി ദീർഘകാലം ചെയ്ത സേവനത്തിന്റെ പ്രഭാവം ഈ കവിതകളിലെ സാരോപദേശങ്ങളിൽ കാണാം.
‘ഗുരു’ എന്ന കവിത ഉദാഹരണമാണ്.
അമ്പിളി അമ്മാവനെ പാൽക്കിണ്ണത്തിനോടും അരിവാളിനോടും താരതമ്യം ചെയ്തതു പോലെ ‘വട്ടേപ്പം’ ആയി കാണുന്നത് ഒരു പക്ഷേ ഇത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. ‘വാത്മീകം’ എന്ന കവിതയിൽ പ്രകൃതിയിലെ ചെറു ജീവികളുടെ നിർമ്മാണ വൈഭവം കണ്ട് അമ്പരക്കുന്ന കവയിത്രി ‘ലഹരി’ എന്ന കവിതയിൽ അനുകൂലമായ ലഹരികളെ പറ്റി പരാമർശിക്കുന്നു. മിന്നൽപ്പിണരിനെ ഫോട്ടോഗ്രാഫറുടെ ക്യാമറയിലെ വെളിച്ചത്തോട് ഉപമിക്കുന്നതും, ‘തപാൽ പെട്ടി’യുടെ സമീപത്തുനിന്നും സ്നേഹ സന്ദേശം ലഭിക്കാതെ മടങ്ങുന്ന വൃദ്ധന്റെ ചിത്രവും ഒരുപോലെ മിഴിവുറ്റതാണ്. ‘കരയും മഴ’ ഒരു കുഞ്ഞിന്റെ മഴയോടുള്ള പ്രതികരണത്തെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നു. ഇവിടെ കുഞ്ഞ് കവിഹൃദയം തന്നെയാണ്. കാക്ക, കോഴി, തത്ത തുടങ്ങിയ പക്ഷികൾ എല്ലാം ശ്രീമതി പദ്മകുമാരിയുടെ കവിഭാവനയിൽ കഥാപാത്രങ്ങൾ ആയി തീരുന്നു. പെട്ടെന്ന് വായിച്ചു പോകാവുന്ന ഈ കുട്ടിക്കവിതകളിൽ ഓരോന്നിലും ഒരു സന്ദേശം കൂടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. നല്ല സംവേദന ക്ഷമതയുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീമതി പദ്മകുമാരിയെന്ന് ഈ കവിതകൾ വായിക്കുമ്പോൾ മനസ്സിലാകും.
മൺമറഞ്ഞുപോയ ഒരു കാലഘട്ടത്തിലെ ഗ്രാമീണഭംഗിയുള്ള ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന ‘ഓണം വന്നേ’ എന്ന കവിതയോടെ ഈ സമാഹാരം സമ്പൂർണ്ണമാകുന്നു.

