കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ

വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം എന്‍റെ മനസ്സിനെ ഒരു വലിയ കാന്തം പോലെ ആകർഷിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ആ സെമിത്തേരിയും ആരുടേതെന്നറിയാത്ത ഞാൻ കിടന്നുറങ്ങിയ കല്ലറയും എന്‍റെ സ്വപ്നങ്ങളിൽ വന്നു പൊയ്ക്കൊണ്ടേയിരുന്നു. പാതി മാഞ്ഞ് കത്തുന്ന ലൈറ്റ് പോസ്റ്റിന്‍റെ വെളിച്ചത്തിൽ വാടാമല്ലി പൂവുകൾ അവിടമാകെ കടും കറുപ്പ് നിറം പടർത്തിയിരുന്നു. എങ്കിലും ആ കല്ലറ ആരുടേതാണ്. ആവർത്തിച്ചു വരുന്ന സ്വപ്നങ്ങളിൽ നിന്നും പേര് വായിച്ചെടുക്കാൻ എനിക്ക് സാധിക്കുന്നില്ല. ആകെ ഓർമ്മ ഉള്ളത് ചുറ്റും പടർന്നു കിടക്കുന്ന കറുപ്പ് നിറവും, കല്ലറക്ക് മുകളിൽ പാകിയ മാർബിൾ കഷ്ണത്തിൽ നിന്നും ശരീരത്തിലേക്ക് തുളഞ്ഞു കയറിയ തണുപ്പും മാത്രം ആണ്.

രണ്ട് മാസങ്ങൾക്ക് മുൻപാണ് കാസർഗോഡ് നീലേശ്വരത്ത് എൽ.പി സ്കൂളിൽ അദ്ധ്യാപകനായി നിയമനം ലഭിച്ച് എത്തുന്നത്. ആദ്യ ജോലി ആണ്. പഠിച്ചിറങ്ങിയതിന് തൊട്ട് പിന്നാലെ ആണ് ലഭിച്ചത്. കത്ത് കിട്ടി അധികം താമസിക്കാതെ തന്നെ ബാഗിൽ കുറച്ച് തുണിയും കുറച്ച് പുസ്തകങ്ങളും, ഒരു കെട്ട് ബീഡിയും എടുത്തുകൊണ്ട് നീലേശ്വരത്തിന് ഉള്ള വണ്ടി പിടിച്ചു. യാത്ര പറയാൻ ആരും തന്നെ ഇല്ലാഞ്ഞത് കൊണ്ട് അതിനായി സമയം കളയേണ്ടി വന്നില്ല. ഒരു വിധത്തിൽ യാത്ര പറയാൻ ആളില്ലാത്തത് നല്ലതാണ്, പൂർണ്ണമായി വേര് മുറിച്ചെടുത്താൽ മാത്രമേ ചെടി മറ്റൊരു സ്ഥലത്തേക്ക് പിഴിതു നടാൻ സാധിക്കുക ഉള്ളൂ.

ജീവിതത്തിന്‍റെ സുഖവും കയ്പ്പും നിറഞ്ഞ യാഥാർത്യങ്ങൾ ഈ തീവണ്ടി യാത്രയിലൂടെ തുടങ്ങാൻ പോവുക ആണെന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് കൊണ്ട് യാത്ര തുടങ്ങി. യാത്രകൾ മുൻപ് പലതും നടത്തിയിട്ടുണ്ട് എങ്കിലും തെക്കൻ കേരളത്തിൽ നിന്നും, കേരളത്തിന്‍റെ വടക്കേ അറ്റത്തേക്കുള്ള യാത്ര ആദ്യമായിരുന്നു. കാറ്റിനെ ഇരു വശങ്ങളിലേക്കും വകഞ്ഞു മാറ്റിക്കൊണ്ട് ഓർത്ത് നോക്കിയാൽ അനിയത്തി അമ്മുവിന്‍റെ തലമുടി നടുവേ ചീകിയൊതുക്കുന്നത് പോലെ തീവണ്ടി ഇഴഞ്ഞും, കുതിച്ചും മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.ഇടയിൽ സ്റ്റേഷനുകളിൽ ചിലയാളുകൾ ഇറങ്ങി, ചിലരൊക്കെ കയറി. അവരിലൂടെ മലയാളവും വളഞ്ഞും, ചെറിഞ്ഞും മൂരി നിവർന്നും, കുറുകിയും ഒപ്പം യാത്ര ചെയ്തു.എന്നതാ എന്നാ എന്നൊക്കെ ചോദിച്ചുകൊണ്ട് കോട്ടയത്തിന്‍റെ മലയോര പ്രദേശങ്ങളിൽ ജീവിച്ച എനിക്ക് നീലേശ്വരം കാരുടെ ഭാഷ മനസ്സിലാകാൻ കുറച്ച് സമയം എടുത്തു.

സ്കൂളിൽ നിന്നും ഏകദേശം രണ്ട് കില് കിലോമീറ്റർ മാറിയാണ് താമസിക്കാനുള്ള ലോഡ്ജ് തരമായത്. ലോഡ്ജിന് നേരെ മുന്നിൽ റെയിൽവേ പാലം ആണ്, അതിനപ്പുറം സെമിത്തേരി. പാളത്തിലൂടെ പത്ത് മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം. പാളത്തിനോട് ചേർന്ന് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ചുറ്റ് മതിലിനകത്തൂടെ സ്കൂളിലേക്ക് എളുപ്പത്തിൽ കയറാം. വൈകുന്നേരം സ്കൂൾ വീട്ടാൽ കുട്ടികൾ എല്ലാം ഈ വഴിയാണ് പോകുന്നത്. ആദ്യമൊക്കെ കുട്ടികൾ പാളം മുറിച്ച് കടക്കുന്നത് കാണുമ്പോൾ ഭയം ആയിരുന്നു. ഞാൻ ജനിച്ച് വളർന്ന നാട്ടിൽ നിന്നും ബസ്സ് പിടിച്ച് കോട്ടയാണ് ടൌണിൽ വരണം റെയിൽവേ പാളം കാണണം എങ്കിൽ. അതുകൊണ്ടാകാം തീവണ്ടിയും അതിന്‍റെ ശബ്ദവും ഒരു കൌതുകം ആയി തന്നെ ഈ പ്രായത്തിലും ഞാൻ കൊണ്ട് നടക്കുന്നത്. ഇവിടുത്തെ കുട്ടികൾ ഈ കാതടപ്പിക്കുന്ന ശബ്ദവും, ഇരുമ്പ് മണക്കുന്ന കാറ്റും കൊണ്ടാണ് പെറ്റ് വീണത് തന്നെ. അവർക്ക് പാളം അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കടക്കുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.

ലോഡ്ജ് മുറിയിലെ ചൂടും ഇടയ്ക്കിടെ ഉള്ള തീവണ്ടികളുടെ അലറിച്ചയും ആദ്യ ദിവസങ്ങളിലെ ഉറക്കത്തെ നല്ലത് പോലെ തന്നെ ബാധിച്ചു.

തൃശ്ശൂര്കാരൻ ഒരു ജോസഫ് മാഷാണ് റൂമ്മേറ്റ്. പഹയൻ ഉറങ്ങുന്നത് കണ്ടാൽ കൊതി ആകും. പാതിരാ തിരിഞ്ഞ നേരത്ത് ചൂളം അടിച്ചുകൊണ്ട് അലറിയോടുന്ന തീവണ്ടികൾ അയാൾക്ക് താരാട്ട് പാടി കൊടുക്കുക ആണെന്ന് തോന്നിപ്പോകും. ഓരോ അലർച്ചയിലും പാതി ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണരുമ്പോൾ ജോസഫ് മാഷ് അമ്മയുടെ മടിയിൽ ചൂട് പറ്റി കിടക്കുന്നത് പോലെ ഒന്നുകൂടി പുതപ്പിന് ഉളിലേക് നൂഴന്ന് കയറും. ആദ്യമൊക്കെ ജോസഫ് മഷിനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പൊകെ പൊകെ അത് ശീലം ആയി. കേട്ട് കേട്ട് ചെവി തഴമ്പിച്ചു കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് തൂവൽ തൊടുന്ന സുഖം ആയിരിക്കും എന്ന വിചിത്രവാദം അയാൾ പറഞ്ഞു. എന്നിട്ടും എന്‍റെ ഉറക്കം നീണ്ടും കുറുകിയും പോയിക്കൊണ്ടേയിരുന്നു.

ഉറക്കം കഴിഞ്ഞാൽ പിന്നെ ജോസഫ് മാഷിൽ എനിക്ക് അസൂയ ജനിപ്പിച്ചത് അയാൾക്ക് ആഴ്ചതോറും വന്ന് കൊണ്ടിരുന്ന കത്തുകൾ ആയിരുന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും, മറുചോദ്യങ്ങളും ഒക്കെ ആയി കത്തുകൾ കൈമാറാൻ അയാൾക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ഒരു സഞ്ചി നിറയെ ഇല്ലന്‍റ് വാങ്ങി ഭിത്തിയിലെ ആണിയിൽ തൂക്കി ഇട്ടിട്ടുണ്ട്. രാത്രിയിൽ ആണ് അയാൾ കത്തുകൾ എഴുതുക. ആ സമയത്ത് ഒരു ജീവിത കാലത്തിന്‍റെ മൊത്തം വ്യഥകളും ഇറക്കി വെക്കുന്ന മുഖഭാവം ആയിരിക്കും.

എനിക്ക് കത്തുകൾ എഴുതാനും അയക്കാനും ആരും തന്നെ ഉണ്ടായിരുന്നില്ല. ജീവിത വ്യഥകളും, വിശേഷങ്ങളും പുറത്ത് പറയാൻ മനസ്സിനുള്ളിൽ ഒരു ഭാരം ആയി അടിഞ്ഞു കൂടി. മനസ്സിലെ ചിന്തകൾക്ക് താങ്ങാവുന്നതിലും ഭാരം ആകുമ്പോൾ ലോഡ്ജ് മുറിയുടെ വരാന്തയിൽ ഒരു ബീഡിയും വലിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പായുന്ന തീവണ്ടികളേയും അതിനുള്ളിലെ നൂറ് കണക്കിന് ആളുകളേയും കണ്ട് ഞാൻ നിൽക്കും.പാളത്തിന് പുറകിലെ സെമിത്തേരി എന്‍റെ മനസ്സ് പോലെ തന്നെ നൂറ് കണക്കിന് മനുഷ്യരുടെ ഓർമ്മകളുടെ ചാവുനിലം ആയി അവശേഷിക്കും.

മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവിടമാകെ വരണ്ട് ചുറ്റും തവിട്ടു നിറമായിരിക്കും. അപരാഹ്നങ്ങളിൽ സൂര്യൻ ചുവന്ന വട്ട പൊട്ട് പോലെ നിൽക്കുമ്പോൾ, ഒരുപാട് ചുംബിച്ച കാമുകിയുടെ നെറ്റിത്തടം എനിക്ക് ഓർമ്മ വന്നു. അപ്പോഴും അവളുടെ മുഖം ഞാൻ മറന്നിരുന്നു.

സന്ധ്യകളിൽ സൂര്യൻ ചുറ്റിലും സ്വർണ്ണഛവി പടർത്തും. ഭൂമി സ്വർണ്ണ നിറത്തിൽ കുളിച്ച് നിൽക്കുമ്പോൾ സെമിത്തേരിയുടെ ഒരു പകുതി മാത്രം കറുപ്പ് പടർത്തി നിൽക്കുന്നു. കണ്ട കാഴ്ചയിൽ ചോദ്യ ചിന്നം പോലെ വളഞ്ഞ എന്‍റെ പുരികം ജോസഫ് മാഷിന്‍റെ ഉത്തരത്തിൽ ആണ് തിരികെ പൂർവ്വ സ്ഥിതിയിലേക്ക് വന്നത്.

“ അത് കാടാടോ, വാടാമല്ലി പൂവുകളുടെ കാട് “

വയലറ്റ് നിറത്തിൽ പടർന്നു കിടക്കുന്ന വാടാമല്ലി പൂവുകൾ സൂര്യന്‍റെ ചുവപ്പ് രശ്മിയിൽ കറുത്ത നിഴൽ പടർത്തി കിടക്കുക ആണ്.

അന്ന് രാത്രിയിൽ തന്നെ ആണ് ഞാൻ ആദ്യമായി ആ സെമിത്തേരിയിൽ കയറിയതും.

സമയം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. പിൻ കഴുത്തിലെ വിയർപ്പിൽ നിന്നും തലയണയിൽ നനവ് പടർന്നപ്പോഴാണ് ജോസഫ് മാഷ് എന്നെയും കൊണ്ട് സെമിത്തേരിയിലേക്ക് പോയത്. ചൂടുള്ള സമയത്ത് സെമിത്തേരിയിലെ കല്ലറകളുടെ മുകളിൽ കയറി കിടക്കുന്ന രീതി ആ ലോഡ്ജിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോഴേക്കും നേരത്തെ തന്നെ ആളുകൾ ബീഡിയും കത്തിച്ചു കൊണ്ട് കല്ലറകൾക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. കല്ലറയുടെ മുകളിൽ പാകിയിരിക്കുന്ന മാർബിൾ കഷ്ണത്തിന് രാത്രിയിൽ നല്ല തണുപ്പ് ആയിരിക്കും. അവിടുത്തെ ഉഷ്ണകാറ്റിൽ നിന്നും ചെറുതല്ലാത്തൊരു ശമനം അവയ്ക്ക് നൽകാൻ കഴിയും.

മുണ്ടിന്‍റെ തലപ്പിൽ നിന്നും ഒരു ബീഡി എടുത്ത് നീട്ടിക്കൊണ്ട് ജോസഫ് മാഷ് എന്നോട് പറഞ്ഞു,

“ നിങ്ങൾക്ക് പേടിയുണ്ടോ മാഷേ ?”

“ ജീവിച്ചരിക്കുന്ന മനുഷ്യരേക്കാൾ ബോധം ആയിരിക്കും മരിച്ച് പോയവർക്ക്.”

എന്‍റെ മറുപടി കേട്ട് ജോസഫ് മാഷ് ചിരിച്ചു. ഇടയിൽ ഊതി കയറ്റിയ പുക നെഞ്ചിൽ കുരുങ്ങി ചിരി ചുമയായി മാറി. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ പുക വീണ്ടും എടുത്ത് വലിച്ച് വിട്ടുകൊണ്ടേ ഇരുന്നു.

കുറേ നാളുകൾ കൂടി അന്ന് രാത്രി ഞാൻ സ്വസ്ഥം ആയി ഉറങ്ങി. പേര് പോലും അറിയാത്ത, ജീവിതത്തിൽ ഞാൻ ഒരിക്കലും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഏതോ ഒരു മനുഷ്യന്‍റെ കല്ലറയ്ക്ക് മുകളിൽ കിടന്നുകൊണ്ട് നിദ്രയുടെ ആഴങ്ങളിലേക്ക് ഭാരമില്ലാതെ ഞാൻ വീണു. പിന്നീടുള്ള പല ദിവസങ്ങളിലും അപരിചിതരായ മനുഷ്യരുടെ ദ്രവിച്ച് തീർന്ന അസ്ഥികൾക്ക് മുകളിൽ അവരുടെ ഓർമ്മയ്ക്കായി പേര് കൊത്തി വെച്ച മാർബിൾ കഷ്ണത്തിൽ ഞാൻ നിദ്രയുടെ സുഖം കണ്ടെത്തി. ഒരിക്കൽ പോലും കല്ലറയിൽ കൊത്തി വെച്ചിരിക്കുന്ന പേര് വായിക്കാൻ ഞാൻ ശ്രമിച്ചിരുന്നില്ല.

കാലക്രമേണ സമയം മുന്നോട്ട് പോകവേ തീവണ്ടിപ്പാളവും, ശബ്ദവും, പൊടിയുമെല്ലാം എനിക്ക് പരിചിതം ആയി. അപ്പോഴും കൌതുകത്തോടെ നോക്കി നിൽക്കുകയും, കൃത്യമായി അകലം പാലിച്ചും നിന്നിരുന്നതും സെമിത്തേരിയുടെ അങ്ങേ അറ്റത്തുള്ള വാടാമല്ലി കാടുകളെ ആയിരുന്നു.

ആ ഭാഗത്തേക്ക് മാത്രം ആരും ഇതുവരെ പോകുന്നത് കണ്ടിട്ടില്ല. പഴയ സെമിത്തേരി ആണത്. വളരെ പഴക്കം ചെന്ന കല്ലറകൾ ആണ് അവിടെ ഉള്ളത്. വയലറ്റ് പൂക്കൾ കൊണ്ട് കല്ലറകൾ മൂടി കിടക്കുക ആണ്. അവിടെ ആരായിരിക്കും ചെടി നട്ട് പിടിപ്പിച്ചത് എന്ന് ഞാൻ എപ്പോഴും ആലോചിക്കും. മറ്റ് കാടുകൾ ഒന്നും തന്നെ അവിടെ ഇല്ല. ആരോ നോക്കി വളർത്തുന്ന വാടാമല്ലി ചെടികളുടെ തോട്ടം പോലെ. ലോഡ്ജ് വരാന്തയിൽ നിന്നുകൊണ്ട് ആ വയലറ്റ് കാടുകളെ നോക്കികാണുമ്പോൾ എന്‍റെ മനസ്സിന്‍റെ പ്രതിബിംബത്തിലേക്ക് നോക്കുന്നത് പോലെ. ആദ്യമായി വാടാമല്ലി കാടുകളിലേക്ക് കയറിയപ്പോൾ എന്‍റെ മനസ്സിലെ കാട് പിടിച്ചു കിടക്കുന്ന ഓർമ്മകളുടെ കല്ലറ ആണെന്ന് തോന്നി. ഇവിടെ ശരീരങ്ങളും അവിടെ ഓർമ്മകളും കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയലറ്റ് പൂവുകളെ നോവിക്കാതെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് നടന്നു. ഓരോ കാൽ വെപ്പുകളും ചിന്തകളുടെ ചതുപ്പ്കുഴികൾ പോലെ അനുഭവപ്പെട്ടു.

വയലറ്റ് പരവതാനിക്ക് കീഴെ അന്ത്യവിശ്രമം കൊള്ളുന്ന മനുഷ്യരെ ഓർത്ത് എനിക്ക് അസൂയ തോന്നി. കൈത്തണ്ടയിലെ പാതിയിൽ നിലച്ചുപോയ മരണത്തിന്‍റെ മുറിപ്പാടിൽ തലോടിക്കൊണ്ട് ഒരു കല്ലറയുടെ മുകളിൽ ഞാൻ ഇരുന്നു. മരണം എന്‍റെ കൺമുന്നിലൂടെ എന്നെ കബളിപ്പിച്ചുകൊണ്ട് കടന്നു പോയത് ഞാൻ ഓർത്തു. കൈത്തണ്ടയിൽ നിന്നും ചീറ്റിയ കൊഴുത്ത ചോരയുടെ മണം ഈ നിമിഷം എനിക്ക് അറിയാൻ സാധിക്കുന്നു. പതിയെ കണ്ണുകൾ അടച്ച് ഞാൻ കിടന്നു.

നേരം ഇരുട്ടി.

വാടാമല്ലി പൂവുകൾ ഉള്ളിൽ നിന്നും ഓർമ്മകളുടെ കറുപ്പിനെ മണ്ണിലേക്ക് ഒഴുക്കി വിടാൻ തുടങ്ങി. എത്ര നേരം ആ കിടപ്പ് തുടർന്നു എന്നറിയില്ല. ചിന്തകളിൽ മുഴുവൻ ജീവിതത്തിലൂടെ കടന്നു പോയ മനുഷ്യരുടെ മുഖങ്ങൾ ആയിരുന്നു. അവ എന്നെ കുത്തി നോവിക്കാൻ തുടങ്ങി. കാണാൻ കൊതിച്ച കണ്ണുകളും, ചുംബിച്ച അധരങ്ങളും, പറയാൻ ബാക്കിവെച്ച വാക്കുകളും എല്ലാം വെട്ടിയൊതുക്കി വെച്ച സെമിത്തേരി പോലെ ഓർമ്മകളെ വിടാതെ പിടിച്ചു നിർത്തുന്നു. പതിയെ കാണുകൾ തുറന്ന് ഞാൻ ചുറ്റും നോക്കി. ഈ വാടാമല്ലി ചെടികൾ ആരായിരിക്കും ഇവിടെ നട്ട് വെച്ചത്. മനുഷ്യന്‍റെ വാടാത്ത ഓർമ്മകളെ ഒരു മൂടുപടം പോലെ അവ മറച്ചു വെക്കുന്നു. കല്ലറയിൽ കൊത്തിവെച്ച പേര് പോലും മൂടപ്പെട്ടു. അസ്ഥിത്വം വെളിപ്പെടാതെ അനന്തരം നിദ്രയിൽ ആഴ്ന്ന ഭാഗ്യം ചെയ്ത മനുഷ്യർ. ആരാലും ഓർമ്മിക്കപ്പെടാതെ, ആരെയും ഓർക്കാതെ സമാധാനം ആയി നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നുവല്ലോ ! ഓർമ്മിക്കുന്നതും, ഓർമ്മപ്പെടുത്തുന്നതും വേദനകളെ അവശേഷിപ്പിക്കും.

ആ രാത്രി മുഴുവൻ സെമിത്തേരിയിൽ തന്നെ ഞാൻ കഴിഞ്ഞുകൂടി. ഓർമ്മകളുടെ ഭാരം ഇല്ലാതെ വാടാമല്ലി കാടുകൾ എന്നെ മറച്ചു പിടിച്ചു. മരണത്തിന്‍റെ അനന്തമായ നിദ്രയുടെ തണുപ്പ് ഞാൻ അറിഞ്ഞു.

രാവിലെ തിരികെ മുറിയിലേക്ക് പോകുന്ന നരം, ഉണങ്ങിയ വാടാമല്ലി പൂവിൽ നിന്നും ഒരു നുള്ള് വിത്തെടുത്ത് മനസ്സിലെ ഓർമ്മകളുടെ ചതുപ്പിൽ വിതറി. നാളുകൾ കൊഴിയവേ, വിത്ത് കിളിർത്തു, തളിരായി, പൂവിട്ടു, കടായി പടർന്നു.

ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ


തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്. വേനൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നവരെ ലക്ഷ്യം വെച്ചാണ് ചൂഷണം. യാത്രക്കാർ വർധിക്കുന്ന സീസണിൽ വിമാനക്കമ്പനികൾ നടത്തുന്ന തുടർച്ചയായുള്ള ചൂഷണം പാർലമെന്റിൽ വരെ ഉന്നയിക്കപ്പെട്ടു എങ്കിലും ഇടപെടാൻ കഴിയില്ലെന്ന നിപലാടിലാണ് കേന്ദ്ര സർക്കാർ. നിരക്ക് നിശ്ചയിക്കുന്നത് വിമാനക്കമ്പനികൾക്ക് സ്വതന്ത്രാധികാരങ്ങൾ ഉണ്ടെന്ന നിലപാടിലാണ് ഒഴിഞ്ഞു മാറൽ.

മധ്യവേനൽ അവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിനാണ് ഗൾഫ് നാടുകളിൽ സ്കൂളുകൾ തുറക്കുക. ഓണം സീസൺ കണക്കിലെടുത്ത് സെപ്‌റ്റംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിപ്പിക്കുന്നത് പതിവാണ്. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഈദ് ബക്രീദ് ഉത്സവ വേളകളിലും ചൂഷണം തുടർക്കഥയാണ്. ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന രീതി (ഡൈനാമിക് പ്രൈസിങ്) ആണ് നിലവിലുള്ളതെന്നും യാത്രയ്ക്ക് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് കേന്ദ്രമന്ത്രിമാർ വിശദീകരിക്കുന്നത്. എന്നാൽ, മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നൽകേണ്ടിവരുന്നതാണ് യാത്രക്കാരുടെ അനുഭവം.

നിലവിൽ കരിപ്പൂരിൽ നിന്നാണ് ഗൾഫ് നാടുകളിലേക്ക് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്ക് കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കാണ്.

കരിപ്പൂർ – ഖത്തർ 40,200, നെടുമ്പാശേരി – ഖത്തർ 39,000, തിരുവനന്തപുരം – ഖത്തർ 38,100, കണ്ണൂർ – ഖത്തർ 37,000, കരിപ്പൂർ – സൗദി 44,000, നെടുമ്പാശേരി – സൗദി 41,200 തിരുവനന്തപുരം – സൗദി 41,420, കണ്ണൂർ – സൗദി 41,240, കരിപ്പൂർ – കുവൈറ്റ് 38,430, നെടുമ്പാശേരി – കുവൈറ്റ് 36,230, തിരുവനന്തപുരം – കുവൈറ്റ് 36,000 എന്നിങ്ങനെയാണ് നിരക്ക്. ഇത് ഓരോ മണിക്കൂറിലും വർധിക്കുന്ന സാഹചര്യവുമാണ്. ഓഗസ്റ്റ് അവസാനം മുതൽ ബുക്കു ചെയ്യുന്ന ടിക്കറ്റുകൾക്കാണ് കൂടുതൽ നിരക്ക്. പരമാവധി 15000 രൂപവരെയായിരുന്ന ടിക്കറ്റിനാണ് അഞ്ച് ഇരട്ടിവരെ നൽകേണ്ടി വരുന്നത്.

വന്യമൃഗങ്ങൾ നാട് കയ്യേറുന്നു, ചേനയും ചേമ്പും കാച്ചിലും തൊടികളിൽ നിന്നും അപ്രത്യക്ഷമായി

ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. ഇതുവരെ കേട്ടുകേൾവിയില്ലാത്ത നാശങ്ങളാണ് കാട്ടുമൃഗങ്ങൾ വിതയ്ക്കുന്നത്. നഗര പ്രദേശങ്ങളിൽ പോലും കാട്ടുപന്നിയും മുള്ളൻ പന്നിയും ആധിപത്യം നേടി.

മുളയിൽ തന്നെ കൂട്ടമായി എത്തിയാണ് ഇവ നാശം വിതയ്ക്കുന്നത്. ഉപയോഗ ശൂന്യമായ കനാലുകളും വൻതോതിൽ തരിശിടുന്ന ഭൂമിയും ഇവരുടെ അവാസ കേന്ദ്രങ്ങളും വഴിയുമായി മാറുന്നു.

കാടുമായോ മലമ്പ്രദേശങ്ങളുമായോ യാതൊരു ബന്ധവും ഇല്ലാത്ത പ്രദേശങ്ങളിൽ വരെ ഇവ എത്തുന്നു.

വന്യമൃഗ ശല്യം കേരളത്തിലെ നാടൻ പച്ചക്കറി ഇനങ്ങളുടെ ഉൽപാദനത്തിലും ഒപ്പം വിലയിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

100 രൂപ വില പിന്നിട്ട് ചേനയും ചേമ്പും റെക്കോഡ് ഇട്ടിരിക്കയാണ്. പക്ഷെ ഇതു കൊണ്ട് കേരളത്തിന് പ്രയോജനമില്ല. വിപണിയിൽ എത്തുന്നത് എല്ലാം തമിഴ്നാട് ഉത്പന്നങ്ങളാണ്. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ചേമ്പുമൊന്നും നടാൻ കർഷകർ ഇപ്പോൾ തയാറല്ല.

കഴിഞ്ഞ ഓണക്കാലത്ത് 50-60 രൂപയായിരുന്നു ഒരുകിലോ ചേനയുടെ വില. ഇപ്പോൾ 100 രൂപയാണ്. വേണ്ടത്ര ചേന വിപണിയിൽ ലഭ്യമല്ലെന്നും വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ളതാണ് ചേന.

കഴിഞ്ഞവർഷം വിത്തുചേനയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വില ഉയർന്നിരുന്നു. ശരാശരി അഞ്ചുകിലോ തൂക്കമുള്ള വിത്തുചേനയ്ക്ക് 500 രൂപയോളമായിരുന്നു വില. തമിഴ്‌നാട്ടിൽനിന്നുള്ള തൂക്കംകുറഞ്ഞ ചെറിയ ചേനയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ചീമ ചേമ്പിന് 120 രൂപയാണ് വില. രണ്ടുമാസം മുൻപ് വരെ 80 രൂപയായിരുന്നു. ചേമ്പിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചരക്കുള്ള കർഷകർക്ക് 90 മുതൽ 100 രൂപ വരെ കിട്ടുന്നുണ്ട്.

ഗാർഹിക ആവശ്യത്തിനുള്ള ചേനയും ചേമ്പും പോലും ഇപ്പോൾ തൊടികളിൽ ബാക്കിയില്ല. ചുറ്റുമതിൽ കെട്ടി തിരിച്ച തൊടികൾ മാത്രമാണ് ഇവയുടെ ആക്രമണത്തിൽ നിന്നും ഒഴിവാകുന്നത്. തുണി കെട്ടിയും വല വിരിച്ചും എല്ലാം കർഷകർ ഇവയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവയെ എല്ലാം മറികടക്കുന്ന സാഹചര്യമാണ്. മനുഷ്യവാസ മേഖലയിൽ എത്തുമ്പോൾ ഇവ കൂടുതൽ വിനാശകാരികളായി മാറുന്നു എന്നും കർഷകർ പറയുന്നു.

ശരീരം നഷ്ടമായ ചിറകുകൾ

0

ജീവിതത്തിലെ ആശകളും സന്തോഷങ്ങളും ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. അഥവാ നിങ്ങൾ പരിപൂർണനായി സന്തോഷവാനാണെന്നോ സ്വയം ആഗ്രഹങ്ങളൊന്നും ബാക്കി ഇല്ലാതെ തൃപ്തിപ്പെട്ടെന്നോ തോന്നിയാൽ ആ ജീവിതത്തെ ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്, ഒന്നുകിൽ നിങ്ങൾ എന്തോ വിട്ട് പോയിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ ജീവിതത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെന്തിനാണ് ഒരിക്കലും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ശമ്പളവും ആഡംബരജീവിതവും ലഭിച്ചിട്ടും മനസ്സ് പഴയ ആ കളിക്കളത്തിലേക്കും അതിന് സമീപത്തെ പുഴക്കടവിലേക്കും ഒഴുകി പോകുന്നത്.ഈ മൂന്നുനില കെട്ടിടത്തിന്റെ തുറസ്സായ തറയിൽ, താഴെ വരിവരിയായി ഹോൺ മുഴക്കി ജീവിതം തള്ളി നീക്കുന്ന ഒച്ചപ്പാടിൽ കൈയിലൊരു ബിയർ ബോട്ടിലും പിടിച്ചു ആകാശം നോക്കി കിടക്കുമ്പോൾ സമയം വളരെ പതിയെയാണ് നീങ്ങുന്നതെന്ന് തോന്നും. അന്നേരം ഫോണിലേക്ക് ശ്യാമിന്റെ കോൾ വന്നു.

“എടാ, നീ റൂമിൽ എത്തിയോ”? ആ ചോദ്യത്തിൽ പൊന്തി നിന്നത് ഒരു കരുതലിന്റെ സ്വരമാണെന്ന് എനിക്ക് തോന്നിയില്ല.

“എത്തിയടാ, എന്താ കാര്യം?” നാക്ക് കുഴയാതെ ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അളിയാ, നാളെയാണ് ആ വെർമ കമ്പനിക്ക് വേണ്ടിയുള്ള ഇൻറർവ്യുവിനുള്ള ക്യാൻഡിഡേറ്റ്സിനെ ഷോർട്ലിസ്റ്റ് ചെയ്യേണ്ട അവസാന ദിവസം, എടാ എനിക്ക് നാളെ കുറച്ചു പരിപാടിയുണ്ടെടാ നീ അതൊന്ന് സബ്മിറ്റ് ചെയ്യാമോ ?”

ഇത് തന്നെയാണ് ഞാനും പ്രതീക്ഷിച്ചത്. “ഓ, അതിനെന്താടാ ഞാൻ നോക്കിക്കോളാം.” കോർപറേറ്റ് സഹജമായ വ്യാജശബ്ദത്തിൽ ഞാൻ ഛർദിച്ചു. പരസ്പരം നേട്ടം ഉണ്ടാക്കാനും തരം കിട്ടുമ്പോഴെല്ലാം കൂടെനിൽക്കുന്നവന്റെ കുതികാല് വെട്ടാനും മനുഷ്യരെ പ്രാപ്തരാക്കുന്ന ഈ അന്തരീക്ഷത്തിൽ മനുഷ്യത്വപരമായ മൂല്യങ്ങൾ പ്രതീഷിക്കുന്നവൻ വിഡ്ഢിയാണ്.

പകൽ സമയത്തു വെയിൽ ഉരുക്കി ഒഴിച്ച തറയിൽ ഇപ്പോൾ തണുപ്പ് വ്യാപിക്കുന്നു. ഞാൻ ആകാശത്തേക്ക് നോക്കി. ഒട്ടനേകം നക്ഷത്രങ്ങൾ കണ്ണു ചിമ്മി നില്പ്പുണ്ട്. ഭൂമി തടുത്തുനിർത്തിയിരിക്കുന്ന കണ്ണുനീർത്തുള്ളികൾ മഴയെന്ന വ്യാജേന പൊഴിഞ്ഞ് വീഴാൻ തുടങ്ങി.

അന്നേരം താഴെ പുതിയതായി തുടങ്ങിയ ടർഫിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ബഹളം കേട്ട് ഞാൻ പതിയെ എണീറ്റ് ചുവരിൽ തല ചാരിവച്ചു താഴേക്ക് നോക്കി. നെടുനീളൻ വലവിരിച്ചു കെട്ടിയ അടഞ്ഞ മൈതാനത്തു പത്തോളം കുട്ടികൾ കളിക്കുന്നുണ്ട്. ചിലന്തി ഇരയെ പിടിക്കുന്നപോലെ ടർഫുകൾ കുട്ടികളെ വിഴുങ്ങിയിട്ടുണ്ട്.

മനസ്സ് വീണ്ടും ആ പഴയ കളിക്കളത്തിലേക്ക് ഓടി പോയി.

ധാരാളം റബ്ബർ മരങ്ങൾ വച്ച് പിടിപ്പിച്ച ഒരു സ്ഥലത്തിന്റെ മധ്യഭാഗത്തുള്ള ഒഴിഞ്ഞൊരു പ്രദേശമായിരുന്നു ഞങ്ങളുടെ ഗ്രൗണ്ട്. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ, അപ്പുച്ചേട്ടൻ, ജോബി, ജോബിയുടെ അനിയൻ ലൂക്ക, കുഞ്ഞു ദീപു, ദീപുവിന്റെ ചേട്ടൻ ബിജിത്, പിന്നെ അബി. ഇത്രയും പേരായിരുന്നു സ്ഥിരം കളിക്കാർ. ചിലപ്പോഴെല്ലാം വാസുവും കൂടാറുണ്ട്. വാസു ബുദ്ധിവികാസം എത്താത്ത കുട്ടിയായിരുന്നു ആയതിനാൽ എന്നും അവൻ കളിക്കാൻ കൂടാറില്ല. വാസുവിന് അസാമാന്യ കൈക്കരുതാണ്. അവന്റെ ഒരു അടിയിൽ ബോൾ പോകുന്ന പോക്കിൽ കൂടെ ഓടിയിലെങ്കിൽ പിന്നെ കടവിൽ ചാടി നീന്തി എടുക്കേണ്ടി വരും. സാധാരണ ടീം പിരിക്കുമ്പോൾ ഞാൻ അപ്പുച്ചേട്ടന്റെ ടീമിൽ എടുക്കാൻ ശാഠ്യം പിടിക്കും. അപ്പുച്ചേട്ടന് എന്റെതിൽ നിന്നും ഏഴ് വയസ്സ് മൂത്തതാണ്. അക്കാലങ്ങളിൽ ഒരു ചേട്ടനുവേണ്ടിയുള്ള എന്റെ ആഗ്രഹം കലശലായിരുന്നു. സ്കൂളിൽ എന്റെ സഹപാഠികളെ വിളിച്ചുകൊണ്ട് പോകാൻ വരുന്ന അവരുടെ ചേട്ടന്മാരെ കാണുമ്പോൾ എനിക്ക് സങ്കടം വരും. വീട്ടിലെത്തുമ്പോൾ അമ്മയോട് ഞാൻ എനിക്കൊരു ചേട്ടനെ തരാൻ കെഞ്ചി പറയും. “കാളിയേടത്തെ മീന ഭരണി ആവട്ടെ, നിനക്ക് നല്ലൊരു ചേട്ടനെ ഞാൻ വാങ്ങിത്തരാം” അമ്മ എന്നെ കളിയാക്കും. ഇത് കേട്ട് ഊറിച്ചിരിക്കുന്ന പെങ്ങളെ ദേഷ്യത്തോടെ നോക്കി ഞാൻ കളിക്കാൻ ഓടും. വൈകുന്നേരം എല്ലാവരും പറമ്പിൽ സന്നിഹിതരായിരിക്കും. പതിവിന് വിപരീതമായി ഞാൻ അപ്പുച്ചേട്ടന്റെ എതിർ ടീമിൽ ആയിപോയാൽ പിന്നെ എന്റെ ഉത്സാഹം എല്ലാം വാടി പോകും. കളിക്കാനായി എന്റെ അപ്പൂപ്പൻ തടിയിൽ വെട്ടിയെടുത്തു പെയിന്റ് ചെയ്ത് തന്നൊരു ബാറ്റ് ഉണ്ട്. അപ്പുച്ചേട്ടന്റെ കൈയിൽ ഒറിജിനൽ ബാറ്റ് ഉണ്ടാവും. അതിൽ എം ആർ എഫ് എന്ന് എഴുതിയിട്ടുണ്ട്. എന്റെ ഇഷ്ടപെട്ട കളിക്കാരൻ ധോണി ആയതുകൊണ്ട് ഞാൻ എന്റെ ബാറ്റിൽ ആർ ബി കെ എന്നാണ് എഴുതിയത്.

ലൂക്ക അസാധ്യ ബോളറാണ്. ടെന്നിസ് ബോളിലാണ് കളിയെങ്കിലും ലൂക്കയുടെ ബോൾ അടിക്കാൻ എല്ലാവർക്കും പ്രയാസമാണ്. കളിക്കളത്തിന് പുറകിലാണ് കുഞ്ഞു ദീപുവിന്റെയും ബിജിത്തിന്റെയും വീട്. അവിടെ സാധാരണ അവരുടെ ഒരു പട്ടിക്കുട്ടിയും പ്രായംചെന്ന ഒരു അമ്മൂമ്മയും മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ചില ദിവസങ്ങളിൽ അമ്മൂമ്മ എല്ലാവർക്കും ചോറും മീൻ കൂട്ടാനും തരും. ഞാൻ ആ പാത്രം വടിച്ചുനക്കി തിരികെ കൊടുക്കും. തിരികെ വീട്ടിലെത്തുമ്പോൾ അമ്മ ചോറിടട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ കഴിച്ചെന്ന് പറയും. അന്നേരം അമ്മൂമ്മ ചോറുതന്ന കാര്യം പറയുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു. അവിടുന്ന് ഒന്നും കഴിക്കാൻ പാടില്ലെന്നും അവരൊക്കെ വൃത്തി ഇല്ലാത്ത കൂട്ടരാണെന്നും അമ്മയും അമ്മൂമ്മയും എന്നെ വഴക്ക് പറയും. അതിന്റെ പേരിൽ എന്നെ കളിക്കാൻ വിടാതിരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

എന്നാലും ഞാൻ ഇടയ്ക്കിടക്ക് അവരുടെ വീട്ടിൽ പോകുകയും ആഹാരം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കെല്ലാവർക്കും സ്വന്തം വീടുപോലെയായിരുന്നു ആ വീട്. നല്ല വൃത്തിയായി പാത്രം കഴുകി തൂവെള്ള ചോറും ചട്ടിയിൽ വച്ച ചൂട് മീൻകറിയും കഴിക്കുമ്പോൾ എന്റെ വീട്ടുകാരെ ഞാൻ മറക്കും, അവരെ ഒരിക്കൽ ഇവിടെ കൊണ്ട് വന്ന് മീൻ കറി തീറ്റിച്ചു ഇതിന്റെ രുചി അറിയിക്കണമെന്ന് വിചാരിച്ചിരുന്നു.

കളി കഴിഞ്ഞാൽ ഞങ്ങൾ സ്ഥിരമായി പോകാറുള്ളത് പുഴക്കടവിലേക്കാണ്. അഗസ്ത്യമലയിൽ നിന്നും ഉത്ഭവിക്കുന്ന പുഴയുടെ ഒരു കൈവഴിയാണ് ഇതുവഴി ഒഴുകുന്നത്. പണ്ട് അക്കരെ ഉത്സവത്തിന് പോകാൻ തോണി ഉണ്ടായിരുന്നു. തോണിക്കാരന് പപ്പുച്ചേട്ടൻ അക്കരെയാണ് താമസിച്ചിരുന്നത്. കടവിൽ ഞങ്ങൾ ഇറങ്ങുന്ന ഭാഗം ആഴം കുറഞ്ഞതാണ്. കുഞ്ഞുദീപുവും ബിജിത്തും ഞങ്ങളുടെ ഒപ്പം വരാറില്ല. കളികഴിഞ്ഞാൽ അവർക്ക് അപ്പിടി പണിയാണ്. അന്നേരം അവരുടെ ഒരു മാമൻ വരാറുണ്ടായിരുന്നു. അയാളോടൊപ്പം അവന്മാർ തേങ്ങാവെട്ടാൻ പോയിരുന്നു. ഞങ്ങൾ എത്രയൊക്കെ നിർബന്ധിച്ചാലും അവർ വരാറില്ല. ചിലപ്പോൾ മാമനോടുള്ള ഭയം കൊണ്ട് ആയിരിക്കാം.

ജോബിയും അപ്പുച്ചേട്ടനും നന്നായി നീന്തും. എനിക്ക് ഭയങ്കര പേടിയായിരുന്നു. ഒരിക്കൽ രണ്ട് വാഴത്തട വെട്ടി അവ കൂട്ടിക്കെട്ടി എന്നോട് അതിൽ പിടിക്കാൻ അപ്പുച്ചേട്ടൻ പറഞ്ഞു. ഞാൻ ഭയത്തോടെ അതിൽ പിടിച്ചു. അപ്പുച്ചേട്ടനും ജോബിയും ഇരുവശത്തുമായി പിടിച്ചു എന്നെയും കൊണ്ട് നദിക്ക് കുറുകേ നീന്തി. നദിയുടെ മധ്യഭാഗത്തു എത്തിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചുപിടിച്ചു. മറ്റൊരിക്കൽ എന്നെയും തോളിലേറ്റി അപ്പുച്ചേട്ടൻ നദി നീന്തി കടന്ന് തിരിച്ചു വന്നു.

അപ്പുച്ചേട്ടൻ നല്ല വായനക്കാരൻ ആയിരുന്നു. അപ്പുച്ചേട്ടന്റെ മുറിയിൽ അധികം ആരെയും കയറ്റാറില്ല, പക്ഷെ എന്നെ ഇടക്ക് ഇടക്ക് ആ മുറി തുറന്ന് കാണിക്കും. ഒരുവശത്തു അപ്പുച്ചേട്ടന്റെ കോളേജിലെ കുറച്ചു പുസ്തകങ്ങളും മറുവശത്തു നിറയെ കഥാപുസ്തകങ്ങളും.

“ഇതെല്ലം അപ്പുച്ചേട്ടൻ വായിച്ചതാണോ?” ഒരിക്കൽ ഞാൻ ചോദിച്ചു.

അന്നേരം ആ പുസ്തകങ്ങളുടെ ഇടയിൽ നിന്നും എനിക്ക് ഒരു പുസ്തകം എടുത്തുകൊണ്ട് തന്നു, “നീ ഇത് കൊണ്ടോയി വായിച്ചിട്ട് തിരിച്ചു തന്നാ മതി”.

ഞാൻ ആ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി. വെളുപ്പും പച്ചയും നിറഞ്ഞ അതിന്റെ പുറം ചട്ടയിൽ ഒരു ഓലപ്പന്തും ഒരു ഗ്ലാസ്സിനികത്തു മഞ്ചാടികുരു ഉയർത്താൻ ശ്രമിക്കുന്ന തുമ്പിയും. അതിന് താഴെ മഞ്ഞ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം – നന്തനാർ.” എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ആ പുസ്തകം ഞാൻ വീട്ടിൽ കൊണ്ട് പോയി. പിറ്റേദിവസം അവധിയായിരുന്നു. ഒരു രാത്രിയും ഒരു പകലുമെടുത്തു അത് വായിച്ചു തീർത്തു. ആയിരം മഴ ഒന്നിച്ചു നനഞ്ഞു തീർത്ത അനുഭവമായിരുന്നു അത്. പിന്നീട് പലപ്രാവശ്യം ഞാൻ അമ്മയോട് നെയ് കുഴച്ച ചോറ് തരാൻ പറഞ്ഞിട്ടുണ്ട്. ഇതെന്താ പുതിയവട്ട്‌ എന്ന രീതിയിൽ അമ്മ ചോറ് കുഴച്ചു തരും. പിന്നീട് പല പ്രാവശ്യവും അപ്പുച്ചേട്ടൻ എനിക്ക് പുസ്തകം തന്നിട്ടുണ്ട്. ഒലിവർ ട്വിസ്റ്റും, നാലുകെട്ടും, ആടുജീവിതവും, ആൽകെമിസ്റ്റും ഒക്കെ ഇങ്ങനെ വായിച്ചവയാണ്. അപ്പുച്ചേട്ടനാണ് എന്നെ നാട്ടിലെ ഗ്രന്ഥശാലയിൽ ആദ്യമായി കൊണ്ട് പോയത്. അമ്മയോടൊപ്പം അമ്പലത്തിൽ തൊഴാൻ പോയപോലെയാണ് അന്ന് എനിക്ക് അനുഭവപ്പെട്ടത്. അപ്പുച്ചേട്ടൻ തന്നെയാണ് പണം നൽകി എനിക്ക് അംഗത്വം എടുത്തത്. ഞാൻ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ വലം വെക്കുകയായിരുന്നു.

ഒരു വശത്തു അലമാരയിൽ മുഴുവൻ തടിച്ച ഗ്രന്ഥങ്ങൾ ആയിരുന്നു. അവയ്ക്ക് മുകളിൽ പരിഭാഷ എന്ന് എഴുതി ഒട്ടിച്ചിരുന്നു. അവയ്ക്ക് അകത്തു കണ്ട ഗ്രന്ഥങ്ങളുടെ പേരുകൾ ഞാൻ മനസിൽ വായിച്ചു. കാരമസോവ് സഹോദരന്മാർ, അമ്മ, അന്നകരിനീന, യുദ്ധവും സമാധാനവും, ഗ്രെക്കോ മുത്തച്ഛനുള്ള കുറിമാനം, വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു അങ്ങനെ അവ നീണ്ട് നീണ്ട് പോകുന്നു. മറ്റൊരിടത്തു കഥകൾ ആയിരുന്നു അവിടെ പൊറ്റക്കാടിന്റെയും എം ടിയുടെയും മാധവികുട്ടിയുടെയും ഉറൂബിന്റെയുമെല്ലാം കഥകൾ വിരാജിച്ചു. അന്നേരം അപ്പുച്ചേട്ടൻ കുമാരനാശാന്റെ ബാലരാമായണം എനിക്ക് എടുത്ത് തന്നു. എനിക്ക് വേണ്ടത് എന്നേക്കാൾ കൂടുതൽ അറിയുന്നത് അപ്പുച്ചേട്ടന് ആണെന്ന് അപ്പോഴേക്കും ഞാൻ ഉറപ്പിച്ചിരുന്നു.

പൊടുന്നനെ താഴെ റോഡിലൂടെ ഒരു കാർ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടു. ടർഫിൽ കുട്ടികൾ കളി മതിയാക്കി പോയിരുന്നു. ട്രാഫിക് ബ്ലോക്കിനും ഏതാണ്ട് ശമനം ആയി. ഇതിനിടയിൽ പെയ്ത മഴ ഞാൻ പൂർണമായും നനഞ്ഞിരുന്നു. ഇന്ന് ഏതായാലും ഇനി റൂമിൽ പോകുന്നില്ല. ഇവിടെത്തന്നെ കിടന്ന് നേരം വെളുപ്പിക്കാം. ഓർമ്മകൾ കൂട് തുറന്ന് വിട്ട പക്ഷിയെപ്പോലെ ചിറകടിച്ചുകൊണ്ടിരുന്നു.

അന്ന് ഒരു മധ്യവേനൽ അവധിക്കാലമായിരുന്നു. കാളിയേടത്തെ മീനഭരണി ഉത്സവ ദിവസം. ഞങ്ങൾ പതിവുപോലെ രാവിലെ കളി തുടങ്ങിയിരുന്നു. വാസുവും അന്ന് കളിക്കാനെത്തി. മീനഭരണി നാട്ടിൽ വലിയ ഉത്സവമാണ്. ചെണ്ടമേളവും ഡിജിറ്റൽ തംബോലയുമൊക്കെയായി കൊഴുക്കും. ഞങ്ങൾ ഐസ്ക്രീം ഒക്കെ കഴിച്ചു മുൻപന്തിയിൽ ഉണ്ടാകും. അമ്മയൊക്കെ വൈകുന്നേരം പോയി വരും. ഞാൻ ജോബിയുടെയും ലൂക്കയുടെയും അമ്മയുടെ കൂടെയാണ് പോകാറ്. ഇത്തവണ അപ്പുച്ചേട്ടനൊപ്പം പോകണമെന്നായിരുന്നു കരുതിയിരുന്നത്. കളി കഴിഞ്ഞു വൈകുന്നേരം കടവിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ പതിവില്ലാതെ കുഞ്ഞുദീപുവും ബിജിത്തും കൂടി. എന്നാൽ വൈകിട്ട് എല്ലാവർക്കും കൂടി ഒരുമിച്ച് ഉത്സവത്തിന് പോകാം എന്നായി. എന്നിൽ സന്തോഷം കെട്ടഴിച്ചു വിട്ട പട്ടം പോലെയായിരുന്നു. ഞങ്ങൾ മുതിർന്ന കുട്ടികൾ ആയ പോലെ തോന്നി.

ആറുമണിയോട് കൂടി എല്ലാവരും തയാറായി വന്നു. എന്നാൽ വാസുവിനെ കണ്ടില്ല. ചോദിച്ചപ്പോൾ അവൻ കുളിക്കാൻ പോയിട്ടേയുള്ളു അങ്ങ് എത്തിക്കോളുമെന്നു അവന്റെ അമ്മ പറഞ്ഞു. ശരിയാണ് ഞങ്ങൾ കുളിക്കുന്ന സമയം അവൻ ഉണ്ടായിരുന്നില്ല. സന്ധ്യ സമയം കഴിഞ്ഞാൽ ആരും കടവിൽ പോകാറില്ല. എന്നിരുന്നാലും അവന് പരിചയം ഉള്ള കടവാണ്. ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. അപ്പുച്ചേട്ടൻ പുറകിലാണ് ഫോണിൽ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ട് ആണ് വരവ്. എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. അപ്പുച്ചേട്ടന്റെ കൈ പിടിച്ചു നടന്ന് പോകാൻ കൊതിച്ചിരുന്നതായിരുന്നു ഞാൻ. ഏതായാലും അമ്പലത്തിൽ എത്തിയപ്പോൾ ഞങ്ങൾ പലദിക്കിലായി. ഞാനും ജോബിയും സമപ്രായക്കാരാണ്. ഞങ്ങൾ അവിടെയെല്ലാം ഓടി നടന്നു. അപ്പുച്ചേട്ടൻ ഐസ്ക്രീം വാങ്ങി തന്നു. അതും നുണഞ്ഞു ഞങ്ങൾ ചെണ്ടമേളം കാണാൻ പോയി. രാത്രി വൈകി വെടിക്കെട്ടും കണ്ടാണ് ഞങ്ങൾ മടങ്ങിയത്. അപ്പോഴേക്കും അപ്പുച്ചേട്ടനെ അവിടെങ്ങും കണ്ടിരുന്നില്ല. തിരക്കിയപ്പോൾ ജോബിയുടെ അമ്മ പറഞ്ഞു, എന്തോ അത്യാവശ്യമായിട്ട് നേരത്തെ പോയെന്ന്.

കുളിച്ചിട്ട് വരാമെന്ന് പറഞ്ഞിരുന്ന വാസുവിനെയും കണ്ടിരുന്നില്ല. എനിക്ക് അപ്പുച്ചേട്ടനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോകാല്ലോ. താമസിച്ചു വീട്ടിലെത്തിയ എനിക്ക് അമ്മേടെ അടുക്കൽ നിന്നും കണക്കിന് കിട്ടി, ശേഷം ഞാൻ ക്ഷീണത്താൽ കേറി കിടന്ന് ഉറങ്ങി.

അന്ന് ഞാൻ അഗാധമായി ഉറങ്ങി. കൂരിരുട്ടിൽ ഞാൻ സ്വപ്നങ്ങൾ കണ്ടു. ഇരുട്ട് പുകപോലെ പരന്നു. അവയിൽ ഇരുണ്ട വൃത്തങ്ങൾ രൂപപ്പെട്ടു. അവയെല്ലാം ഒരു മധ്യബിന്ദുവിൽ സമ്മേളിച്ചു. അവിടെനിന്നും വേരുകൾ മുളച്ചു അവ ശക്തമായി മുകളിലേക്ക് ഒഴുകിപ്പരന്നു, അവയിൽ ചിലത് കൈ നീട്ടി എന്നെ പിടിച്ചു എന്നെ ആ ബിന്ദുവിലേക്ക് വലിച്ചിഴച്ചു. എന്റെ കാലുകൾ പൂർണമായും അതിലേക്ക് ആണ്ടിറങ്ങി.

ഞാൻ നിലവിളിച്ചു കണ്ണുതുറന്നപ്പോൾ അമ്മ എന്നെ കുലുക്കി വിളിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അമ്മയുടെ മുഖത്തു പരിഭ്രമം തളം കെട്ടി.

“പുറത്തു എങ്ങും പോകരുത്, കതക് അടച്ചിരുന്നോ ഞാൻ ഇപ്പൊ വരാം.”

പതിയുറക്കത്തിൽ അമ്മ കതക് അടച്ചു പോകുന്നത് ഞാൻ കണ്ടു. പുറത്തു നിന്നും അലയടിച്ച ബഹളം ജനാലയിലൂടെ എന്റെ ചെവിയിലെത്തി. ഞാൻ എത്തിനോക്കിയപ്പോൾ കുറേപേർ താഴേക്ക് ഓടി പോകുന്നത് കണ്ടു. എല്ലാവരുടെയും മുഖത്തു സംഭ്രമം. എനിക്ക് എന്തോ പന്തികേട് തോന്നി.

പെട്ടെന്നു വാസുവിന്റെ മുഖം എന്റെ മനസ്സിൽ വന്ന് പതിഞ്ഞു. കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ഞാൻ താഴേക്ക് ഓടി.

കടവിന്റെ ഭാഗത്തു കുറച്ചുപേർ കൂടിനില്പുണ്ട്. എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. എന്നാൽ എല്ലാവരും കടവ് കടന്നാണ് നടന്ന് പോകുന്നത്. ഞാൻ പോകുന്ന വഴി കടവിലേക്ക് ഒന്ന് എത്തി നോക്കി. പുഴ ശാന്തമായി ഒഴുകുന്നുണ്ട്. പതിയെ എന്റെ മനസ്സ് ശാന്തമായി. ഞാൻ നടന്ന് പോകുന്ന ആൾക്കാരെ അനുഗമിച്ചു. അവരെല്ലാം അപ്പുച്ചേട്ടന്റെ വീട്ടിലേക്കാണ് പോയത്. ചേട്ടന്റെ അച്ഛനോ അമ്മക്കോ വയ്യാതായി കാണുമോ? ഞാൻ ഭയന്നു.

വീടെത്താറായതും അപ്പുച്ചേട്ടന്റെ അമ്മയുടെ നിലവിളി അവിടമാകെ മുഴങ്ങി കേട്ടു. ഒപ്പം മറ്റുള്ളവരുടെ കൂട്ടനിലവിളിയും. അപ്പുച്ചേട്ടന്റെ അച്ഛൻ പുറത്തു വീടിന്റെ ഓരം ചാരി തളർന്ന് ഇരിപ്പുണ്ട്. അപ്പുച്ചേട്ടനെ അവിടെ എങ്ങും ഞാൻ കണ്ടില്ല. പുറകുവശത്തു കൂടി പോയാല് അപ്പുച്ചേട്ടന്റെ മുറിയുടെ വശത്തു എത്താം. അങ്ങോട്ടേക്ക് പോകാൻ തുനിഞ്ഞ എന്നെ ആരൊക്കെയോ വിലക്കി. ഞാൻ അത് ശ്രദ്ധിച്ചില്ല. ചേട്ടന്റെ മുറിയുടെ ജനാലക്ക് അരികിൽ കുറച്ചുപേർ കൂടി നിന്നു.

ഞാൻ അപ്പുച്ചേട്ടനെ വിളിക്കാൻ ജനാലക്ക് അകത്തേക്ക് നോക്കി. അന്നേരം ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപ്പുച്ചേട്ടന്റെ പരന്ന നീണ്ട വെളുത്ത കാലുകൾ വായുവിൽ തൂങ്ങിയാടുകയായിരുന്ന കാഴ്ച ഞാൻ കണ്ടു. അവ ശരീരം നഷ്ടപ്പെട്ട തുമ്പി ചിറകുകൾ ആണെന്ന് എനിക്ക് തോന്നി.

അന്നാണ് എനിക്ക് ആദ്യമായി അപസ്മാരം വന്നത്. ബോധം തെളിഞ്ഞപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.

അന്നുമുതൽ വായുവിൽ തൂങ്ങിയാടുന്ന കാലുകൾ എന്നെ നിരന്തരം വേട്ടയാടി.

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണല്ലോ പറയാറ്. അങ്ങനെ അപ്പുച്ചേട്ടന്റെ ഓർമകളും കാലം പതിയെ മായ്ച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ പുതിയ കഥാപാത്രങ്ങൾ രംഗപ്രവേശനം ചെയ്തു. എന്നാൽ എപ്പോഴാണോ ഞാൻ വേദന അനുഭവിക്കുന്നത് അപ്പോഴെല്ലാം എന്റെ ഓർമയിൽ ഓടി എത്താറുള്ളത് അപ്പുച്ചേട്ടനുമായി ബന്ധപ്പെട്ട ഓർമകളാണ്.

ഞാൻ പതിയെ എഴുന്നേറ്റിരുന്നു. കൈയിലുണ്ടായിരുന്ന ബിയർ പൂർണമായും കുടിച്ചു തീർത്തു. പതിയെ ചവിട്ടു പടികൾ ഇറങ്ങി ഓഫീസ് കെട്ടിടത്തിന് പുറകിലൂടെ താഴെ ഇറങ്ങി. റോഡിൽ കടകളെല്ലാം പതിയെ അടച്ചു തുടങ്ങിയിരുന്നു. എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. അടുത്തുള്ള ഒരു പുസ്തകശാല ലക്ഷ്യമാക്കി ഞാൻ നടന്നു. റോഡിന് മറുവശത്തായി പുതുതായി തുടങ്ങിയ കൂറ്റൻ മാൾ നദിക്ക് കുറുകെ കെട്ടിയ തടയണ പോലെ കാണപ്പെട്ടു. ഞാൻ യാന്ത്രികമായി അവിടേക്ക് കയറി. മൂന്നാമത്തെ നിലയിൽ ഒരു കോണിലായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു പുസ്തകശാല എനിക്കായി അവിടെ കാത്തുനിന്നു. കടയിൽ നിന്ന പയ്യൻ അക്ഷമയോടെ കട അടക്കാൻ പോകുവാണെന്നും ആവശ്യമുള്ള പുസ്തകം പെട്ടെന്ന് പറയുവാനും ആവശ്യപ്പെട്ടു. ഞാൻ അവനെയും മറികടന്ന് നോവൽ അടുക്കിവച്ചിട്ടുള്ള റാക്കിലേക്ക് തിരിഞ്ഞു.

ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഏറ്റവും താഴെ ബാക്കി ഉണ്ടായിരുന്ന ആ പുസ്തകത്തിന്റെ ഒരേ ഒരു കോപ്പി ഞാൻ നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടിയ സന്തോഷസമാനമായി എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. അന്നേരം എന്റെ ഹൃദയത്തോട് ചേർന്ന് ഒരു തുമ്പി ചിറകിട്ടടിച്ചുകൊണ്ടിരുന്നു.

രാമായണ വിചാരം

  • സുധാദേവി ആർ.

അറിവ് വെളിച്ചമാണ്. ജീവിതപ്പാതയിലെ വെളിച്ചം.അന്ധകാരത്തിലൂടെ അലയുമ്പോൾ കൺതുറപ്പിക്കുന്ന വെളിച്ചം. അതാണ് രാമായണം…

ശ്രീമുഖം – ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി

രാമായണം ഭാരതീയരുടെ ആദികാവ്യവും ഇതിഹാസവുമാണ്. “കാവ്യം യശസേ അര്‍ത്ഥകൃതേ വ്യവഹാര വിദേഽശിവേതരക്ഷതയേ സദ്യഃപര നിര്‍വൃതയേ കാന്താസമ്മിതതയാ ഉപദേശയുജേ” എന്ന് പില്‍ക്കാലത്ത് കാവ്യ ശാസ്ത്രകാരന്മാര്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനങ്ങള്‍ ആദി കാവ്യത്തിന് ഇണങ്ങുന്നതാണ്. കീര്‍ത്തിയും സമ്പത്തും ലോക വ്യവഹാര വിജ്ഞാനവും അമംഗള നാശവും നിര്‍വൃതിയും ഉപദേശങ്ങളും രാമായണ ഫലങ്ങളാണ്. ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങള്‍ നല്‍കുന്ന ഇതിഹാസവുമാണ്. പ്രചേതസിന്റെ പുത്രനായ വാല്മീകി തന്റേതായ കിരാത സംസ്‌കാരം കൊണ്ട് കാട്ടാളനായതും, രാമനാമമഹിമ കൊണ്ട് വാല്മീകിയായതും ഋഷി കവി മനുഷ്യര്‍ക്ക് ഉപദേശമായി നല്‍കുന്നു. രാമനാമം കൊണ്ട് നമുക്ക് കിരാത സംസ്‌കാരം വെടിഞ്ഞ് മനുഷ്യനായി, ഋഷിയായി പരിണമിക്കുവാന്‍ കഴിയട്ടെ.

മനുഷ്യാവതാരമായ രാമന്റെ അയനം ഒരു ജീവിത ഗാഥയായി പരിണമിക്കുന്ന അതി മനോഹരമായ ആവിഷ്‌കാരമാണ് ശ്രീമതി ആര്‍. സുധാദേവിയുടെ രാമായണ വിചാരമെന്ന ഗ്രന്ഥത്തില്‍ ആദ്യന്തം നമുക്ക് കാണാന്‍ കഴിയുന്നത്. ഭാഷാദ്ധ്യാപികയായ സുധയുടെ നിരന്തരമായ വായനയും വിചിന്തനവും രാമായണത്തെ കടഞ്ഞെടുത്ത ഒരു നവനീതമായി നമുക്ക് അനുഭവിക്കാന്‍ കഴിയും. രാമായണം മനുഷ്യമനസ്സുകള്‍ക്ക് ഒരു ദിവ്യൗഷധമായി പരിണമിക്കുന്നു എന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന രാമായണ വിചാരത്തില്‍ മുപ്പത്തിരണ്ടോളം ഹ്രസ്വ ലേഖനങ്ങള്‍ അടങ്ങിയിരിക്കുന്നു.

പ്രാരാബ്ധങ്ങള്‍ അനുഭവിച്ച് മനുഷ്യജീവിതം സന്തോഷകരമാക്കണമെന്ന് രാമായണ കഥയിലൂടെ സുധ കണ്ടെത്തിയിരിക്കുന്നു.

‘സോഽയം മര്‍ത്യാവതാരഃ’ – അതേ ഈ മർത്യാവതാരം ‘മര്‍ത്യ ശിക്ഷാര്‍ത്ഥം’ മനുഷ്യനെ പഠിപ്പിക്കുവാനാണ് പഠിക്കേണ്ട പാഠങ്ങള്‍ ഓരോ ലേഖനത്തിലും അടിവരയിട്ട് സൂചിപ്പിക്കുന്നു. ബ്രഹ്‌മചര്യത്തിലെ പഠിപ്പ് ഉപയോഗിച്ച് ഗാര്‍ഹസ്ഥ്യത്തിലെ കടുത്ത ദുഃഖങ്ങള്‍ക്ക് പരിഹാരം കാണണം. ബുദ്ധി അരനിമിഷം വഴിപിഴച്ചാല്‍ അനര്‍ത്ഥ പരമ്പരകള്‍ ഉണ്ടാകാമെന്ന്, ശൂര്‍പ്പണഖ വൃത്താന്തവും സീതാപഹരണവും നമ്മെ പഠിപ്പിക്കുന്നു. സമചിത്തത അനിവാര്യമെന്ന് ഹനുമാന്റെ കഥയിലൂടെയും ഉപദേശങ്ങള്‍ എങ്ങനെ വേണമെന്ന് രാവണനെ ഉപദേശിക്കുന്ന സുപാര്‍ശ്വന്റെ ഉപദേശത്തിലൂടെയും സ്വന്തം ജീവന്‍ ത്യജിച്ചും സൗഹൃദം നിലനിര്‍ത്തണമെന്ന് ജടായു കഥയിലൂടെയും ഈ ലേഖനങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും മനുഷ്യജീവിതത്തിലേക്കുള്ള ഓരോ പാഠങ്ങളെന്നും സുധ ഇതിലൂടെ സ്ഥാപിക്കുന്നു. രാമായണം മുഴുവനും പല പ്രാവശ്യവും വായിച്ചാല്‍ ലഭിക്കാത്ത ജീവിതഗന്ധിയായ അനേകം തത്വാംശങ്ങള്‍ സുധ ഇതിലൂടെ അനാവരണം ചെയ്യുന്നു. ഒഴുക്കുള്ള നല്ല ഭാഷയും മനോഹരമായ ഒരു വാക്യഘടനയും ശൈലിയും ഈ ഗ്രന്ഥത്തെ ഉത്കൃഷ്ടമാക്കി മാറ്റുന്നു. രാമായണ പഠനങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ് ‘രാമായണവിചാര’മെന്ന ഈ ഗ്രന്ഥം. ഇത് വായിച്ചും പഠിച്ചും പ്രചരിപ്പിച്ചും രാമായണ കഥയെ ലോക പ്രസിദ്ധമാക്കുവാന്‍ ഏവര്‍ക്കും കഴിയട്ടെ. എന്റെ ഉത്തമ ശിഷ്യയായ ചിന്താശീലയായ വിനീത പ്രകൃതിയായ സുധയ്ക്ക് ഇനിയും ഇത്തരം അനേക ഗ്രന്ഥങ്ങള്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും കഴിയട്ടെ. കൈരളിയുടെ കണ്ഠാഭരണമായ ഈ ഗ്രന്ഥത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ച് ഭക്ത ഹൃദയങ്ങളിലേക്ക് സമര്‍പ്പിക്കട്ടെ.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

കാണെക്കാണെ മരിച്ചു പോകുന്നവർ..!

ഇടവപ്പാതിയുടെ
ഇരുട്ടു വീണൊരു പകൽ
ലാപ്ടോപ്പ് കിരണങ്ങളേറ്റ്
മിഴിതുറന്ന നേരം
വെളുപ്പുനിറയുന്ന
വാട്സ്ആപ്പ് മുറിയിൽ
ചിരിച്ചൊരു മുഖം, പരിചിതഭാവം
കഴിഞ്ഞുപോയൊരു ദിനം എന്നെക്കണ്ട്
വിടർന്നതാണ്
ആ കണ്ണുകൾ
ആ ഓർമക്കൂട്ടിൽ
ഞാൻ എങ്ങനെ കയറിപ്പറ്റിയെന്ന്
എൻ്റെ കണ്ണ് അന്ന് പരതി
അവർ എന്തിനാണ്
ഇപ്പോൾ മരിച്ചു പോയത്?
എനിക്കവരെ ഒന്നൂടെ
ചിരിച്ചു കാണിക്കണമായിരുന്നു..!

വിഷാദഗണിതം

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു…

ദര്‍ശനും ഇവാനയും ലാപ്ടോപ്പില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. ശിവാനി അകത്ത് കുളിക്കുന്നു…

ഞാന്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാന്‍ ഇവാനയ്ക്ക് ഒപ്പമിരുന്ന് അവളുടെ അടുത്തിടെ നടക്കാനുള്ള ഒരു സെമിനാറിന്‍റെ വിവരങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി അന്‍പതിനു ശേഷമുള്ള യൂറോപ്യന്‍ സാഹിത്യത്തെക്കുറിച്ചാണ് അവള്‍ തയ്യാറാകുന്നത്. സ്പെയിനിലും ഇറ്റലിയിലും ഉണ്ടായ ചില സാഹിത്യ തരംഗങ്ങളെക്കുറിച്ച് അവള്‍ ഇടയ്ക്കിടെ ചില വാചകങ്ങള്‍ പറയുന്നുണ്ട്.

ശിവാനി അകത്ത് കുളിക്കുകയാണ്. ഗംഗ ബസലേലിനെ കാത്തിരുന്നു മുഷിഞ്ഞിട്ടാകണം വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലു പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു… ബസലേല്‍ ഇനിയും എത്തിയിരുന്നില്ല. ഞാന്‍ ദര്‍ശനെയും കൂട്ടി എന്‍റെ സെമിനാര്‍ പ്രസന്‍റേഷന്‍ തയ്യാറാക്കുകയാണ്. ദര്‍ശന് ലോക സാഹിത്യത്തെക്കുറിച്ച് നല്ല ധാരണകളുണ്ട്… എന്‍റെ ഈ കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ ഇവര്‍ വഹിച്ച് പങ്ക് വളരെ വലുതാണ്. ഗംഗ കൂടി ഇതിന്‍റെയൊപ്പം കൂടണമെന്ന് എനിക്കുണ്ട്.

പക്ഷെ അവന്‍ എപ്പോഴത്തേയും പോലെ മറ്റെന്തിലോ ശ്രദ്ധിക്കുന്നു.

സിഗരറ്റ് വലിക്കുന്നു.

ശിവാനി കുളിക്കുകയാണ്.

………………….

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു… ബസലേല്‍ വന്നോ എന്ന് എനിക്കറിയില്ല. ശബ്ദമൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ കുളിമുറിയിലാണ്. പുറത്ത് ഗംഗയും ഇവാനയും ദര്‍ശനും തമ്മില്‍ ഒന്നും സംസാരിക്കുന്നതായും കേള്‍ക്കുന്നില്ല. ഉറപ്പായും അവിടെ കേള്‍ക്കുന്നത് ഞാന്‍ കുളിക്കുന്നതിന്‍റെ ശബ്ദമാകും. ബക്കറ്റില്‍ നിന്ന് വെള്ളം കോരിയൊഴിക്കുന്നതും സോപ്പ് പതപ്പിക്കുന്നതുമൊക്കെ അവര്‍ കേള്‍ക്കുന്നുണ്ടാവും… ഗംഗ ചെറുതായെങ്കിലും അത് ശ്രദ്ധിക്കാതിരിക്കില്ല. അവനില്‍ ഓര്‍മ്മകള്‍ തിളയ്‌ക്കാന്‍ തുടങ്ങിയേക്കും. അവന്‍ എന്‍റെ നഗ്നത ഓര്‍മ്മിച്ചെടുക്കും… ഞാന്‍ കുളിക്കുന്നത് ഭാവന ചെയ്യും. അവന്‍ മാത്രമാണ് എന്‍റെ നഗ്നത കണ്ടിട്ടുള്ളത്… അത് വളരെ കാലങ്ങള്‍ക്കു മുമ്പാണ്.

അന്ന് ദര്‍ശനും ഇവാനയും ഞങ്ങളുടെയൊപ്പം ഇല്ല. ബസലേലും ഗംഗയും അന്നും സുഹൃത്തുക്കളാണ്.

ഞാനും അവരിലൊരാളായിരുന്നു… ഞാന്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവിടാന്‍ വന്നതാണ് ഗംഗ… അന്ന് എന്‍റെ ശരീരം പൂര്‍ണ്ണമായി ഞാന്‍ ഗംഗയ്ക്ക് കൊടുത്തു. അവനതില്‍ സംതൃപ്തനായിരുന്നു.

ഞാന്‍ ഇവിടെ അകത്ത് എന്‍റെ മേലു കഴുകുമ്പോള്‍ അവന്‍ പുറത്തിരുന്ന് സിഗരററ് വലിച്ച് ആ ദിനം ഓര്‍മ്മിച്ചെടുക്കുന്നുണ്ടാകാം…

………………….

ബസലേല്‍ വന്നു… ചെറിതെങ്കിലും തണുപ്പു തരുന്ന ഒരു മഴയുമായാണ് അവന്‍ വന്നത്… ആ വീടിന് ഈ മുറി കൂടാതെ രണ്ട് മുറികള്‍ കൂടിയുണ്ട്. മൂന്നും ഒരേ പോലെയുള്ള ഒരേ നിര്‍മ്മിതിയാല്‍ നിര്‍ഭാഗ്യം ചെയ്തവ. ഈ മൂന്നു മുറികളിലായി ഇവര്‍ അഞ്ചുപേര്‍ താമസിക്കുന്നു…

‘‘വിശ്രമം ചെയ്യുന്ന യുവാക്കളുടെ തൂക്കുപാലം എന്ന് ഞാന്‍ ആ സ്ഥലത്തെ വിശേഷിപ്പിക്കും. പ്രധാനപ്പെട്ട ഒന്നും അവിടെ സംഭവിക്കുന്നില്ല. വിശേഷിക്കപ്പെട്ടതൊന്നും അവിടുള്ളവരുടെ ആഗ്രഹത്തെ ആശ്ലേഷിക്കുന്നില്ല. പക്ഷെ അവിടെ എന്തൊക്കെയോ സംഭവിക്കുന്നു. അവ നാളെയുടെ നൈതികതകളോട് എന്തെങ്കിലും ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന് പറയാന്‍ കഴിയില്ല. ചരിത്ര നിര്‍മ്മിതിയില്‍ താല്‍പര്യമില്ലാത്ത,ഉന്മാദങ്ങള്‍ കേവലമായ് മാത്രം ഗ്രസിച്ച ഒരിടം. അതുകൊണ്ടാണ് ഞാന്‍ അവയെ തൂക്കുപാലം എന്നു പറഞ്ഞത്.

തൂക്കു പാലങ്ങള്‍ ഒരു അപകട മുന്നറിയിപ്പു നല്‍കുന്നുണ്ട്. പക്ഷെ അത് കേവലം തോന്നല്‍ മാത്രമാണ്. അവിടെ അങ്ങനെയൊരു അപകടമില്ല… എന്തോ അപകട വസ്തു എന്ന തോന്നലുണ്ടാക്കുന്നതില്‍ അത് വിജയിക്കുന്നു.

എനിക്ക് ആ സ്ഥലത്തെക്കുറിച്ച് അങ്ങനെ തോന്നുന്നു… ’’

ബസലേല്‍ ഒരു കോളജ് അധ്യാപകനാണ്. ആ കോളജിനെക്കുറിച്ചുള്ള ധാരണ വളരെ കൃത്യമാണ്… ഗംഗ ജനവാതിലിലൂടെ പുറത്തേക്കു നോക്കി. മഴതീര്‍ന്ന നഗരത്തിന്‍റെ ഉയരത്തില്‍ നിന്നുള്ള ദൃശ്യം അവന് കാണായി. റോഡിന്‍റെ വശങ്ങളില്‍ വെള്ളം… അത് ശ്രദ്ധിച്ച് കടന്നു പോകുന്ന കാല്‍നടക്കാര്‍… ഇഴഞ്ഞു നീങ്ങുന്ന കാറുകള്‍,നൂണ്ട് കയറുന്ന ഇരുചക്ര വാഹനങ്ങള്‍. തനിക്ക് ജനാലയില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ ഒരു കളിമൈതാനമില്ലല്ലോ എന്നോര്‍ത്ത് ഗംഗയ്ക്ക് ഖേദം തോന്നി… വൈകുന്നേരമാകുമ്പോള്‍ കുട്ടികള്‍ വരുന്നത് കാണുവാന്‍, അവരുടെ കളികളും തര്‍ക്കങ്ങളും കാണുവാന്‍ ഗംഗ ആഗ്രഹിച്ചു.

ഒന്നും സാധ്യമായില്ല. ചെറുപ്പത്തില്‍ ഗംഗ എന്നും കളിക്കാന്‍ പോകുമായിരുന്നു… അയലത്തെ കുട്ടികളുമായി ക്രിക്കറ്റ് കളിച്ച് മടക്കും. അന്നൊക്കെ ഒരു കളിക്കാരനാകുന്നതിനെക്കുറിച്ച് ഗംഗ ചിന്തിക്കുമായിരുന്നു… തന്‍റെ ബാറ്റിംഗ് മികവില്‍ ടീം വിജയിക്കുന്നത് ഭാവന ചെയ്യുമായിരുന്നു…

‘‘അത് അല്ലെങ്കിലും അങ്ങനെയാണ്. ഇപ്പോഴത്തെ തൊഴില്‍ രഹിതരിലെല്ലാം നേരത്തേയൊരു ക്രിക്കറ്റ് ഭ്രമം ഉണ്ടായിരുന്നു… ’’

ഗംഗ എല്ലാവരോടുമായി പറഞ്ഞു…

‘‘നിന്‍റെ സിഗരറ്റ് തീര്‍ന്നോ… ?’’

ഇവാന ചോദിച്ചു.

‘‘ഇല്ല… ഇനിയും ഉണ്ട്…’’ ഗംഗ ഒരു സിഗരറ്റ് എടുത്ത് അവള്‍ക്കു കൊടുത്തു.

അവള്‍ അത് കത്തിച്ചു വലിക്കാന്‍ തുടങ്ങി…

‘‘ഇന്ന് വൈകിട്ട് ബസ് സ്റ്റോപ്പില്‍ വെച്ച് ഒരു കുടിയനെ കണ്ടു. കയ്യില്‍ ഒരു സഞ്ചിയുണ്ട്. മദ്യപിച്ച് ലക്കുകെട്ട് അയാള്‍ വഴിയേ പോകുന്നവരോട് എന്തൊക്കെയോ പുലമ്പുന്നു. മുഖ്യമായും തമിഴാണ് സംസാരിക്കുന്നത്. ഇടയ്ക്കിടെ ഇംഗ്ലീഷില്‍ ‘ഐ ആം ദി ഹീറോ’ എന്ന് പറയുന്നുണ്ട്. അയാള്‍ ഏതോ കഥയിലെ നായകനാവുകയാണ്. തന്‍റെ ചുറ്റുമുള്ള ലോകത്തോട് താന്‍ നായകനാണെന്ന് വിളിച്ചു പറയുകയാണ്. അത് പറയുന്നതിന് അയാള്‍ക്ക് മദ്യത്തിന്‍റെ പിന്‍ബലം വേണ്ടി വന്നു. ആ ശക്തിയില്ലാതെ താനൊരു നായകനാണെന്ന് പറയാന്‍ അയാള്‍ക്കു കഴിയില്ല.

മദ്യപിച്ചാല്‍ പലരും അങ്ങനെയാണ്. ചിലര്‍ ഒച്ചയെടുക്കും,ചിലര്‍ ശാന്തരാകും,ചിലര്‍ക്ക് പാട്ടു വരും,ചിലര്‍ ചിരിക്കും,ചിലരാകട്ടെ കരയും.

ആ മനുഷ്യന് ഇപ്പോള്‍ ഭൂമിയിലെ ബന്ധനങ്ങളൊന്നുമില്ല. മര്യാദകളോ നാട്യങ്ങളോ മറയ്ക്കലുകളോ അയാളെ ബാധിക്കുന്നില്ല.

മദ്യമില്ലാതെ അങ്ങനെ ആയിരിക്കാന്‍ മനുഷ്യനു സാധിക്കുക വളരെ വിരളമായിട്ടാണ്‌. എനിക്കയാളോട് ഒന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അടുത്തില്ല. മുന്തിയ എന്തോ തരം ഭാവനയില്‍ അയാള്‍ യാഥാര്‍ത്ഥ്യത്തെ കൊളുത്തിയിടുന്നു…

നീ മദ്യപിച്ചാല്‍ അങ്ങനെയാണ് ഗംഗേ… ഞങ്ങളുമായുള്ള നിന്‍റെ സമ്പര്‍ക്കം കുറയും… നീ വേറെ എന്തൊക്കെയോ പറയും… ’’

ഇവാന ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്…

ബസലേല്‍ അതിനെ ശരിവെച്ചു… ശിവാനി അതിന്‍റെ ഉത്തരം ഗംഗയോട് തന്നെ ആരാഞ്ഞു.

‘‘എന്‍റെ ഭാവനകള്‍ മെഴുക്കിയിട്ടിരിക്കുന്നത് ലഹരിയില്‍ അല്ല… അത് സ്വസ്ഥതയോ സമാധാനമോ ഒന്നും ആഗ്രഹിക്കുന്നില്ല. ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്ന എന്‍റെ കഥ ഞാന്‍ എഴുതുന്നത് കോട്ടയത്തെ പഴയ ബസ്റ്റാന്‍റില്‍ ഇരുന്നാണ്‌. ആ സ്ഥലം ഇന്ന് അവശേഷിക്കുന്നില്ല… ആ ബസ്റ്റാന്‍റ് പൊളിച്ചു നീക്കി. ഒരു തരത്തില്‍ ചിന്തിച്ചാല്‍ എന്‍റെ ഭാവനയുടെ ഇടം അതു കൂടിയല്ലേ…

പിന്നീട് ഞാന്‍ എഴുതിയതിന്‍റെ ഗൃഹാതുരതയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ മാഞ്ഞുപോയ ആ എടുപ്പുകള്‍ മാത്രമാണെന്‍റെ മനസ്സില്‍ വരുക.

കഥയെഴുത്തും ഒരോര്‍മ്മയാണ്. അത് എഴുതാനെടുക്കുന്ന സമയവും കാലവും ഇടവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം അതിനെ സ്വാധീനിക്കുന്നുണ്ട്.

ആ സ്വാധീനത്തെ വീണ്ടും കണ്ടെത്തുക എന്നതും ഓര്‍ത്തെടുക്കുക എന്നതും ഒരു കര്‍ത്തവ്യം അല്ലെങ്കില്‍ കൂടി ഒരു അനിവാര്യതയാണ്. പക്ഷെ കാലം ആ കണക്കിനെ തെറ്റിക്കുന്നു…

എന്‍റെ എഴുത്തിന്‍റെ ഓര്‍മ്മയെ ഭൗതികലോകം മുറിച്ചു മാറ്റുന്നു. അതില്‍ എനിക്കു മുറിവുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഈ ഭൗതിക ലോകത്തിനില്ലെ… അങ്ങനെ എല്ലാം അന്യോന്യം നിരാകരിക്കപ്പെടുന്നുണ്ട്.

പക്ഷെ മദ്യപിച്ചാല്‍ എന്‍റെ ഭാവന മറ്റൊന്നാണ്. അത് എഴുത്തിന്‍റെ രീതികളോടോ അത്തരം അലങ്കാരങ്ങളോടോ ചേര്‍ന്നു പോകുന്നതല്ല. അത് കുറേക്കൂടി യാഥാര്‍ത്ഥ്യവുമായ് ചേര്‍ന്നു നില്‍ക്കുന്നു… ഇവാന, നീ അതിനെ കുറച്ചു കാണേണ്ടതില്ല… ’’

അവര്‍ എല്ലാവരും ചിരിച്ചു… ഗംഗ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് ഇവാനയ്ക്ക് കൈമാറി…

‘‘പദങ്ങളുടെ ഉപയോഗത്തിനും ഈ ഗൃഹാതുരതയില്ലേ… ’’ശിവാനി സംസാരിച്ചു തുടങ്ങി… ’’ഒരെഴുത്താള്‍ മുമ്പെങ്ങോ ഉപയോഗിച്ച ഒരു പദത്തെ,വാക്യത്തെ എല്ലാം പിന്നീടിരുന്ന് ആലോചിക്കുന്നത് രസമുള്ള ഒരു കാര്യമല്ലേ. പന്നീടാ ഉപമകളിലേക്ക്, അലങ്കാരങ്ങളിലേക്ക് , പദസംയോഗങ്ങളിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കുന്നതോര്‍ത്തു നോക്കു. അതൊരു പക്ഷെ അയാള്‍ക്ക് സാധ്യമായ ഒരു തിരിച്ചു നടപ്പാകില്ല… ആ വാക്കുകള്‍ പോയ്മറഞ്ഞു കാണും. ആ കാലം കടന്നു പോവുകയും മുമ്പെങ്ങുമില്ലാത്ത വിധം കലങ്ങിമറിയുകയും ചെയ്തിരിക്കാം… ’’

ഇവാന അപ്പോഴേക്കും സിഗരറ്റ് ശിവാനിക്ക് കൈമാറിയിരുന്നു…

ഗംഗ ചിരിച്ചു.

പുറത്ത് ആകാശം വീണ്ടും പെയ്യാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു…

ഇവരുടെ സംഭാഷണം എല്ലാ വൈകുന്നേരവും ഇങ്ങനെ നീണ്ടു പോവുക പതിവാണ്… നൈസര്‍ഗികമായ ഭാവനകള്‍ മുതല്‍ കിരാതമായ ചിന്തകള്‍ വരെ അവിടെ വന്നടിയും.

‘‘കലാസൃഷ്ടികള്‍ നടത്തുന്നവര്‍ വികാരങ്ങള്‍ ഒളിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ്…

തന്നില്‍ നിന്നു നിറഞ്ഞു കവിയാന്‍ തുടങ്ങുന്നതിനെ പിടിച്ചു നിര്‍ത്തുക എന്നത് ഒരു കഴിവാണ്… ആ കഴിവ് ഇല്ലാത്തവരും നഷ്ടപ്പെട്ടവരും എഴുതുന്നു, ചിത്രം വരയ്ക്കുന്നു, സംഗീതം അവതരിപ്പിക്കുന്നു,നൃത്തം ചെയ്യുന്നു.

എന്‍റെ പരിചയത്തില്‍ രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. രാഘവ് ആചാര്യ എന്നും പീറ്റര്‍ എന്നും അവരെ വിളിക്കാം. അവര്‍ എണ്‍പതുകളുടെ മധ്യത്തില്‍ ബംഗാളില്‍ തങ്ങളുടെ അവധിക്കാലം ചെലവഴിച്ചു. ഒരാള്‍ നന്നായി സംഗീതം കൈകാര്യം ചെയ്യുകയും മറ്റെയാള്‍ എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.

അവര്‍ വിഷാദഗണിതം എന്നൊരു സംഗീതം ഉണ്ടാക്കി… ഒരാള്‍ വരികള്‍ എഴുതി, മറ്റെയാള്‍ അത് ചിട്ടപ്പെടുത്തി. അവര്‍ അതിനിട്ട പേര് ഒന്ന് ഓര്‍ത്തു നോക്കു. വിഷാദഗണിതം.

അതിന്‍റെ സംയോഗം തികച്ചും യുക്തി രഹിതമാണ്. ഈ യുക്തിരാഹാത്യം സാധ്യമാകുന്നത് കലയില്‍ മാത്രമാണ്. ഗണിതം എന്നാല്‍ കാര്‍ക്കശ്യ സ്വഭാവമുള്ള ഒന്നാണ്. അതിന് കൃത്യവും വ്യക്തവുമായ ഉത്തരങ്ങളുണ്ട്. പക്ഷെ വിഷാദം ഇതിന് വിപരീതമായ ഒന്നാണ്… അത് അവ്യക്തമായ ഒരു അവസ്ഥയും സങ്കല്‍പ്പവുമാണ്. അതിന് ഉത്തരങ്ങള്‍ വഴങ്ങുകയോ സമവാക്യങ്ങള്‍ ഉണ്ടാവുകയോ ഇല്ല.

പക്ഷെ അവര്‍, രാഘവ് ആചാര്യയും പീറ്ററും അതിനെ യുക്തിരാഹിത്യങ്ങള്‍ നിലനിര്‍ത്തിത്തന്നെ സംയോജിപ്പിച്ചു. ഇതാണ് ഞാന്‍ പറഞ്ഞ സാധ്യത… അവര്‍ക്കിത് പ്രകടിപ്പിക്കാന്‍ പറ്റുന്നതിന്‍റെ കാരണമാണ് മനുഷ്യന്‍റെ ദുര്‍ബലത… അതാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്… ’’

ദര്‍ശന്‍ പറഞ്ഞവസാനിപ്പിച്ചു.

മുരളിയുടെ ഈ വീട്ടില്‍ ഈ അഞ്ചംഗ സംഘം താമസമാക്കിയിട്ട് രണ്ട് കൊല്ലത്തിനു മുകളിലായി…

എല്ലാവരും നഗരത്തില്‍ തന്നെ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരാണ്… ഗംഗ തന്നെ തൊഴില്‍ രഹിതന്‍ എന്നാണ് വിളിക്കുന്നതെങ്കിലും ഗോസ്റ്റ് റൈറ്ററായും പരിഭാഷകനായുമൊക്കെ അവനും പണം സമ്പാദിക്കുന്നുണ്ട്.

എല്ലാ ദിവസവും അവര്‍ ഇങ്ങനെ ഒന്നിച്ചിരിക്കും… സംസാരിക്കും സിഗരറ്റുകള്‍ വലിക്കും മദ്യപിക്കും.

…………………………..

മദ്യശാലയുടെ മണം രാഘവ് ആചാര്യയെ പൊതിഞ്ഞു.

‘‘നമുക്ക് ഇറങ്ങിയാലോ… ?’’

രാഘവ് ചോദിച്ചു

‘‘പോകാം… ’’

പീറ്റര്‍ മറുപടി പറഞ്ഞു…

അവര്‍ നിരത്തിലേക്കിറങ്ങി.

സന്ധ്യയുടെ ബഹളം.

തെരുവു വാണിഭക്കാര്‍, കവികള്‍, ചിത്രകാരന്മാര്‍.

രാഘവും പീറ്ററും അവരെ വകഞ്ഞു മാറ്റി നടന്നു.

കാലിനിടയിലൂടെ വസ്ത്രം പകുത്ത് ഉടുത്തവര്‍, തൊപ്പി വെച്ചവര്‍,താടി നീട്ടിയവര്‍, പുറം കോട്ട് ധരിച്ചവര്‍, അയഞ്ഞ കുപ്പായം ഇട്ടവര്‍.

അന്നിറങ്ങിയ സാഹിത്യ വാരിക ചിലരുടെയെങ്കിലും കൈകളില്‍.

‘‘വിഷാദത്തിന് ഒരുത്തരം കണ്ടെത്താന്‍ കഴിയുമോ ആചാര്യ… ’’

‘‘ഇല്ല… ഒരിക്കലുമില്ല… ’’

‘‘പക്ഷെ എന്‍റെ മനസ്സില്‍ അതിനുതകുന്ന വാക്കുകള്‍ ജനിക്കുന്നു… ’’

‘‘ക്ഷമിക്കണം പീറ്റര്‍… നീ അനുഭവിക്കുന്ന വിധത്തില്‍ വിഷാദം എന്നെ അലട്ടുന്നില്ല… ’’

പീറ്റര്‍ ചിരിക്കുക മാത്രം ചെയ്തു…

രാത്രികള്‍ കടന്നു പോയി… നഗരത്തിലും മദ്യശാലയിലും പുസ്തകക്കടയിലുമായി അവര്‍ നടന്നു…

ഏഴാം നാള്‍ പീറ്റര്‍ രാഘവിനോട് ഒരു കഥ പറഞ്ഞു…

‘‘ഒരു നഗരം… ചിട്ടയോ ക്രമങ്ങളോ ഇല്ലാത്ത, തുലനമില്ലാത്ത ഒരു നഗരം… അവിടെ പാര്‍ക്കുന്ന അഞ്ച് ആത്മാക്കള്‍…

വിഷാദത്തിന്‍റെ കെണിയില്‍പ്പെട്ട് ഉഴലുന്ന അവര്‍ക്ക് ആകെ കിട്ടുന്ന വൈകുന്നേര സംഭാഷണങ്ങള്‍… അവര്‍ ഒന്നിച്ച് മദ്യപിച്ചു ഭക്ഷണം കഴിച്ചു പുകവലിച്ചു.

നഗര നേരങ്ങളെ ചുറ്റിപ്പറ്റി അവര്‍ ദാര്‍ശനികത പറഞ്ഞു… നൈതികത തെരഞ്ഞു…

എഴുതിയും പാടിയും വരച്ചും അവര്‍ ഉന്മാദം പടര്‍ത്തി… ഇടയ്ക്കെങ്കിലും പരസ്പരം രതിയിലേര്‍പ്പെട്ടു…

അവര്‍ വിഷാദികളായിരുന്നിട്ടു കൂടി അവരുടെ ചിന്തകള്‍ക്ക് തെളിമ വന്നു… അവര്‍ കഴിഞ്ഞ കാലത്തിന്‍റെ കഥകളെ, പാട്ടിനെ അതിന്‍റെ പരപ്പുകളെ ചികഞ്ഞുകൊണ്ടിരുന്നു…

അതെ ആചാര്യ, അവര്‍ക്കു വിഷാദവും ഗണിതവും ഒരുപോലെ വഴങ്ങി…

അവര്‍ നിശബ്ദരായി ശബ്ദിച്ചു കൊണ്ടിരുന്നു… ’’

രാഘവ് ആചാര്യ ചിരിച്ചു…

‘‘നമുക്കിതിനൊരു പേരുവേണ്ടേ… ?’ആചാര്യ ചോദിച്ചു…

‘‘വിഷാദഗണിതം’’

പീറ്റര്‍ ഇടര്‍ച്ചയില്ലാതെ പറഞ്ഞു…

ഇനി അടുത്ത ജന്മത്തിൽ ആവാം

ഇനി അടുത്ത ജന്മത്തിൽ ആവാം

അടുത്ത ജന്മം വള്ളുവനാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ ആവണം ജന്മം. നിളാ തീരത്തെ ആ തേവർകോവിൽ ദിനം മുടക്കാതെ പോകണം. വിക്ടോറിയ കോളേജും, കോട്ടമൈതാനവും ആകൊടിയും  കൗമാരത്തിന്റെ നിറങ്ങൾ കൂട്ടും…

രണ്ട് കാതും നിറഞ്ഞുനിൽക്കുന്ന മുടിയും, ഭസ്മക്കുറിയും,മൂക്കുത്തിയുമായി അവൾ പ്രണയത്തിൻറെ ആകാശം തീർക്കട്ടെ…

വൈകിട്ട് കഥ പറയാൻ, കവിത ചെല്ലാൻ, പാർട്ടിക്കാര്യം പറയാൻ…

പിന്നെ വൈകിട്ട് ബോധമില്ലാതെ ഇരുട്ടിൽ ആ നാട്ട് ഇടവഴിയിലൂടെ തമാശ പറഞ്ഞു കൂട്ടികൂടി നടക്കാൻ.

പിന്നെ മൗനമായി പകലുകളെയും,രാവുകളെയും നിശബ്ദമാക്കി തെക്കിനിയിലെ ജനാലയ്ക്കു  അരികിലിരുന്ന് മലമടക്കിന്റെ മഴക്കാറ്റിന് കാതോർത്ത് എഴുതാൻ, വായിക്കാൻ, ഉത്രാളിക്കാവും തിരുമാന്ധാംകുന്ന്, പരിയാനപറ്റയും ഒക്കെ അടുത്ത ജന്മത്തിൽ ആവാം…

പിന്നെപ്പിന്നെ ഈ ജന്മത്തിൽ ഇനി എന്ത് എന്നല്ലേ??

അതിന് ഈ ജന്മത്തിൽ അയാൾ ഒരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി.

ഒരു പുസ്തകം അത് എഴുതി പൂർത്തിയാക്കി.

ഒരു സിനിമ എന്തായാലും ചെയ്തേ പറ്റൂ…

പിന്നെ ചില മനുഷ്യരും, ഇടങ്ങളും, കാഴ്ചകളും, ചില മനുഷ്യനുമായുള്ള യാത്രകൾ നിശബ്ദമായ സഞ്ചാരങ്ങൾ, ഇഷ്ടമുള്ള ചില ഭക്ഷണങ്ങൾ, അവദൂതമായ  തീർത്ഥാടനങ്ങൾ പിന്നെ ഒടുവിൽ  എപ്പോഴെങ്കിലുമുള്ള ഇടവേളയിൽ തന്റെ മകനോട് അച്ഛന് അത്രമാത്രം പ്രിയപ്പെട്ട ചില മനുഷ്യരെ പരിചയപ്പെടുത്തി കൊടുക്കണം.

പണവും പ്രതാപത്തിനും അപ്പുറം ഓർമ്മകളും ചില നല്ല മനുഷ്യമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല എന്ന് അവനെ പഠിപ്പിക്കണം.

പിന്നെ കാലമത്രയും ഓർമ്മകളുടെ കാലത്തിൽ എഴുതിതീർത്ത ഡയറി അവന് കൊടുക്കണം.

പിന്നെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളടങ്ങിയ ഒരു കൊച്ചു ലൈബ്രറിയുടെ താക്കോലും.

അയാളുടെ  കണ്ണുനീര് വീണ് കുതിർന്ന അക്ഷരങ്ങൾ. അവനെ ജീവിതം പഠിപ്പിക്കട്ടെ…

പിന്നെ ഫേസ്ബുക്കിന്റെയും instagram ന്‍റെയും ഐഡി അവന് കൊടുക്കണം… അവന് പരിചിതമല്ലാത്ത ഒരു അച്ഛനെ ചിലപ്പോൾ അതിൽനിന്നെല്ലാം അവന് കാണാൻ കഴിയും.

അതെ അവന്റെ  അച്ഛൻ അവനിൽ നിന്ന് മറച്ചുപിടിച്ച മാറ്റിപ്പിടിച്ച ചില മനുഷ്യരെ, ഇടങ്ങളെ, അക്ഷരങ്ങളെ ഒക്കെ അവന് കാണാൻ കഴിയട്ടെ…

പിന്നെ മറ്റൊന്നുമില്ല അടുത്ത ജന്മത്തിൽ മുട്ടാം… അത്രമാത്രം.

കഴിഞ്ഞ കാലത്തിന്റെ തീരുമാനങ്ങളെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോയില്ല. ഒരുതവണ മാത്രം കിട്ടുന്ന ജനം കാത്തിരിപ്പുണ്ട് മരണം അതിനിടയിൽ എന്തിന് പിണക്കം പരാതി അടുത്ത ജന്മത്തിൽ വരുന്നതും കാത്ത് അവർ കാത്തിരിക്കട്ടെ പ്രിയപ്പെട്ട ആ നാടും പ്രിയപ്പെട്ട ചില മനുഷ്യരും അയാൾക്ക് അടുത്ത ജന്മം ഉണ്ടാകാതെ പോകാൻ ആവില്ലല്ലോ അയാൾക്ക്‌…

കാരണം….

ഈ ജന്മത്തിലെ സ്വപ്നങ്ങളുടെ തുടർച്ചയാണ് അടുത്ത ജന്മം.

വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനവും സമ്മേളനവും

ആർപ്പൂക്കര:

രാജീവ് ജി കൾചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണക്കായ് ഏർപ്പെടുത്തിയിട്ടുള്ള മെരിറ്റ് അവാർഡ് ആർപ്പൂക്കര പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ മക്കളിൽ SSLC +2 full A+ നേടിയവർക്കും ICSE , CBSE സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും മെമൊൻ്റോയും 28-6-2025 ന് കരിപ്പുത്തട്ട് ഇന്ദിരാഭവൻ ആഡിറ്റോറിയത്തിൽ വച്ച് മുൻ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവ്വഹിച്ചു. പ്രസിഡണ്ട് ശ്രീ. എസ്. സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീനാഥ് രഘു, ജോൺസൺ സി. ജോസഫ്, ജസ്റ്റിൻ ജോസഫ്, ദീപാ ജോസ്, കെ.ജെ. സെബാസ്റ്റ്യൻ, എസ് സി.കെ. തോമസ്, PC മനോജ് എന്നിവർ പ്രസംഗിച്ചു.

ഡോ. PR. ഞ്ജിത്ത് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. സൗമ്യ രാജ്, മണി സുരേഷ് കെ.എൻ, ബീനാ വിജയൻ, വർഗ്ഗീസ് മാതു, ജോമി ജെയിംസ്, സുദീപ് ദാസ്, അജീഷ് P ജേക്കബ്ബ്, ബെന്നി സ്കറിയ, വിഷ്ണു വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോൺഗ്രസ്സ് പാർട്ടി ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

വിദേശ മെഡിക്കൽ ബിരുദം, ഇന്റേൺഷിപ്പ് ഒരു വർഷമാക്കി

0


മെഡിക്കൽബിരുദ വിദ്യാർഥികളുടെ (എഫ്.എം.ജി.) നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ.
കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ വിദേശത്ത് നേരിട്ടുള്ള പഠനം അസാധ്യമായി ഇന്ത്യയിലെത്തി ഓൺലൈനിലൂടെ പഠനം പൂർത്തിയാക്കിയവർക്ക് 2021 മുതലാണ് ഇന്റേൺ നിർബന്ധമാക്കിയത്. രണ്ടുമുതൽ മൂന്നുവർഷംവരെ ഇന്റേൺഷിപ്പ് നിർദേശിച്ചിരുന്നു. ഇതാണ് ഒരുവർഷമായി കുറച്ചത്.
വിദേശ മെഡിക്കൽ ബിരുദ പഠനം പൂർത്തിയാക്കി ഒരുവർഷ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ ഇനി തുടർ പഠനവും പ്രാക്ടീസും നടത്താം. ഇന്ത്യയിൽ ഇതിന് എം.ബി.ബി.എസിന് തുല്യമായ യോഗ്യതാ നിർണ്ണയ പരീക്ഷ പാസാവുക കൂടി വേണം.