കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

ജട്ടി

അവൾ കലാകാരിയാണ്. കലാപകാരിയും…

കയ്യിലൊരു പേനയും, ഖൽബിൽ ഒരു കഥയും പിടിച്ച് പുറത്തെ നഗ്നമായ ഇരുട്ടിലേയ്ക്ക് കണ്ണുംനട്ട് ബാൽക്കണിയിൽ ഇരിയ്ക്കുകയായിരുന്നു അവൾ,  എന്തോ തേടിക്കൊണ്ട്. ആ തിരച്ചിൽ ഒടുക്കം ഒരു റൈറ്റേഴ്സ് ബ്ലോക്കിൽ ചെന്നകപ്പെടുകയും, സൃഷ്ടിപരതയുടെ സർഗവ്യഥ ഒരു തരത്തിലും അടക്കാനാവാതെ  വരികയും ചെയ്തപ്പോഴാകണം എഴുത്തിനുള്ള ശ്രമം നിർത്തി,  മറ്റൊരുവഴി  കാണാനെന്നോണം അവൾ  അവന്‍റെ അടുക്കലേയ്ക്ക് പോയത്…

* * * * * *

ഏതോ പുരാതനനാഗരികതയുടെ വീണ്ടുകിട്ടിയ അവശിഷ്ടങ്ങളിലേയ്ക്ക് നോക്കുന്ന അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു..

‘എന്താ ഇത്…’

‘ഇത്…  ഇത് കൗപീനം.. കോണകം…’

പിന്നെ, ചോദ്യങ്ങൾക്ക് കാത്തുനില്ക്കാതെ അയാൾ ആ കഥയിലേയ്ക്ക് കടന്നു…

എറണാകുളം  മഹാനഗരത്തിന്‍റെ പ്രാന്തത്തിലാണ് കോളേജ്. സത്യത്തിൽ പ്രാന്തപ്രദേശം എന്നൊന്നും പറയാനാവില്ല, വൈപ്പിൻ മുതൽ കാക്കനാട് വരെ വളർന്ന കൊച്ചിയുടെ  അംഗതലത്തിൽത്തന്നെ… എങ്കിലും, അവിടെ ഒരു ഗ്രാമത്തിന്‍റെ ശാന്തതയാണ് പുലർന്നുപോന്നത്. അങ്ങനെയൊരു  കണ്ണായ സ്ഥലത്തായത് കൊണ്ടാവണം, ആ കോളേജ്   കിട്ടിയ  ചെറിയ ഇട്ടാവട്ടസ്ഥലത്തെ ഒരൊറ്റ ചുറ്റുമതില്ക്കകത്ത്, ഒരൊറ്റ കെട്ടിട്ടടത്തിൽ ഒരു ഏകശിലാസ്തംഭം കണക്കെത്തീർന്നു. മുഴുവൻ ക്ലാസ്മുറികളും ചെറിയൊരു ആഡിറ്റോറിയവും എത്രയേറെ ലാബുകളും വർക്ക് ഷോപ്പുകളും, എല്ലാംകൂടി ആ ഒരൊറ്റ കെട്ടിടത്തിൽ. ഒരു മെൻസ് ഹോസ്റ്റലും, ആ മതിൽക്കകത്ത് തന്നെ.. ഈ ഏകതാനതയുടെ ബാക്കിപത്രംപോലെ, ഞങ്ങളുടെ അന്തകാലത്ത് അവിടം ഒരു ഏകഛത്രാധിപതിയുടെ കൈയ്യിലമർന്നു..

രാഷ്ട്രീയം അവിടേയ്ക്ക് എത്തിനോക്കിയതേയില്ല. ജനാധിപത്യപരമായ ഒരു വിദ്യാർത്ഥിസഭ തീരെ ഉണ്ടായിരുന്നില്ല. അവിടത്തെ അന്തേവാസികളോ, യുവത്വത്തിന്‍റെ സഹജരസഹജമായ കലാപാഭിനിവേശം അവർക്കന്യം. അത് പ്രതികരണത്തിലായാലും പ്രതികാരത്തിലായാലും. കോളേജിലൊരു തല്ല് പേരിന് പണ്ടെങ്ങോ നടന്നിട്ടുള്ളതായി എല്ലാവർക്കുമൊരു കേട്ടറിവ് മാത്രമേയുള്ളൂ. സമരങ്ങളോ, പ്രതിഷേധങ്ങളോ, എന്നല്ല ചോദ്യം ചെയ്യലുകളില്ല, അനീതിയോട് അതൃപ്തിയില്ല, തെല്ല് മുറുമുറുപ്പുകൾ പോലുമില്ല.. സമൂഹവുമായി യാതൊരു  വൈകാരിക ബന്ധങ്ങളുമില്ലാതെ  ലോകത്ത്  നടക്കുന്നതൊന്നും തങ്ങളെ  ബാധിക്കില്ലെന്ന  ധാരണയിൽ അതൊരു  വെള്ളം കടക്കാത്ത  അറയായി രൂപപ്പെട്ടു. എന്തൊരു  അരാഷ്ട്രീയ  ബോധമാണ് അവിടം  പകർന്ന് കൊടുത്തുകൊണ്ടിരുന്നത്.. ഇങ്ങനെയൊക്കെ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായ ഒരു  വിദ്യാർത്ഥിപറ്റമെന്ന് അവർ പുകൾപെറ്റു…

സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഗുരുത്വത്തിന്‍റെയുമൊക്കെ  ചില്ലറ മാസ്മരവിദ്യകൾ കൊണ്ടാവണം, ആ കലാലയം ഭൗതികതയിൽ കാണുന്ന ഏകശിലാരൂപത്തിന്‍റെ അതേ ഐക്യത്തിൽത്തന്നെ ചരിച്ചു. അക്കാദമിക, കലാസാംസ്കാരിക കായികരംഗങ്ങളിൽ മറ്റാരെയും ജയിച്ചുനിന്നു.

‘നിർത്ത്, നിർത്ത്… എന്താ ഇത്…’

ആ  പ്രഭാഷണം  അങ്ങനെ തുടരാൻ  അവൾ അനുവദിച്ചില്ല.

‘കോണകം വന്ന കഥ പറയണ്ടേ..’

‘കഥയാണോ…’

‘കഥ, എഴുത്തുകാർക്ക് മാത്രം പറയാനുള്ളതല്ലല്ലോ…

ഇ.എം.എസ് പറഞ്ഞതുപോലെ  രൂപഭദ്രൻ ഉണ്ടാവില്ല  എന്നേയുള്ളൂ..’

‘ശരി, നിങ്ങടെ നമ്പർ വൺ കോളേജ്.. അത്രല്ലേള്ളൂ.’

‘പക്ഷേ കഷ്ടം, ഈ വർണാഭമായ മുഖ്യധാരക്ക് കീഴെ, ഒറ്റക്കുഞ്ഞ് പുറത്തറിയാതെ ഭീകരമായ ഒരു പൈശാചികാധികാരകേന്ദ്രം പ്രവർത്തിച്ച്പോന്നു. അതിന്‍റെ  പ്രവർത്തനമേഖല മുഖ്യമായും എം.എച്ച് എന്നുവിളിക്കുന്ന മെൻസ് ഹോസ്റ്റൽ. മുൻപ് പറഞ്ഞ ആ അരാജകത്വത്തിൽ നിന്ന് രക്ഷിച്ചുകൊണ്ട് യൂണിവേഴ്സിറ്റി  കലോത്സവത്തിലും, സ്പോർട്സ് മീറ്റിലും പിന്നെ, ടെക്ഫെസ്റ്റിലും എൻ.എസ്.എസ്  പ്രവർത്തനത്തിലുമെല്ലാം  ഈ കലാലയത്തെ  ഒന്നാമതെത്തിക്കാൻ മുമ്പിൽ നിൽക്കുന്ന സ്ഥാപനം. ഭൂരിപക്ഷ താത്പര്യങ്ങളെ അട്ടിമറിച്ച് വമ്പിച്ച സാമൂഹ്യഇടപെടലുകളിലേക്ക് ആളുകളെ പുറത്ത് നിന്നും അകത്ത് നിന്നും കൂട്ടിക്കൊളുത്തി വലിച്ചെത്തിക്കുന്ന വിപ്ലവഘടകം. എന്നാൽ, അവിടെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഈദി അമീൻന്‍റെയും ഇന്ദിര-സഞ്ജയ് ഗാന്ധികളുടെയും അങ്ങനെയിങ്ങോട്ട് വന്നാൽ, നെതന്യാഹുവിന്‍റെയും നമ്മുടെ സവർക്കറൈറ്റ്  നരേന്ദ്രന്മാരുടെയും വിദൂരബീജസ്ഥന്മാർ, ജൂനിയർ ബലിമൃഗങ്ങളെ നിത്യവും നേദിച്ച് വച്ചാരാധന നടത്തിപ്പോന്നു…

കർണകഠോരമായ അച്ചടിഭാഷയിൽ ഇത്രയും പൂക്രിസാഹിത്യം കേട്ടപ്പോളേക്കും ‘ഒന്ന് നിർത്തടോ..’ എന്ന മട്ടിൽ അവൾ പുച്ഛത്തോടെ അവനെ നോക്കി. ഒട്ടും ആകർഷകമല്ലാത്ത ഒരു കൃത്രിമതമാശയ്ക്ക് മറുപടി നല്കുന്ന പരിഹാസച്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. ആ കുറ്റമേറ്റിട്ടെന്നപോലെ ജാള്യതയോടെ അവനും ചിരിച്ചു. എങ്കിലും അവളുടെ ചിരിക്ക്പിന്നിൽ സകലജനതകളിലും പടർന്ന്‌പിടിച്ച വിശ്വവശ്യമായ റാഗിങ്ങെന്ന കലാരൂപം നേടിയെടുത്ത സാർവത്രികമായ അംഗീകാരത്തിന്‍റെ അനുഭാവം കൂടിയുണ്ടായിരുന്നു…

പക്ഷേ, അവൻ നിർത്തിയില്ല… അവൾ ഈ കഥ കേട്ടേതീരൂ എന്ന ഭാവമായിരുന്നു അവന്… 

* * * * * *

ആദ്യത്തെ കലാലയദിനം.. ആഡിറ്റോറിയത്തിൽ ഞങ്ങൾക്ക് തന്ന വരവേല്പിൽ സർവാധിപതിയുടെ വാഗ്ദാനപ്രസംഗത്തിലെ ഗാലറി പുള്ളർ ഇങ്ങനെ..

‘അതിന് നേരേ നിയമത്തിന്‍റെ വഴി മാത്രമേ ഉണ്ടാവൂ.. ആ കാര്യത്തിൽ ആർക്കും ഒരു ഭയവും വേണ്ട. സീനിയേഴ്സിൽ നിന്ന് ആർക്കെന്ത് മോശപ്പെട്ട അനുഭവമുണ്ടായാലും എന്നോട് നേരിട്ട് പറയാം, പറയണം..  നിങ്ങളുടെ പേര് എന്‍റെ പക്കൽ എന്നും സുരക്ഷിതമായിരിക്കും…’

പോലീസിനെ അപ്പാടെ വിശ്വസിച്ച് തനിയ്ക്ക് ചുറ്റും സ്വർഗതുല്യമായ സമാധാനം പുലരുന്നതായി എന്നും കരുതിപ്പോരുന്ന, നല്ലവനെങ്കിലും വിഡ്ഢിയായ ഒരു ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹമെന്ന് പിന്നീടാണ് ഞങ്ങൾക്ക് പിടികിട്ടുന്നത്. പക്ഷേ, ആ വാക്കുകൾ വെറുംവാക്കുകൾ ആയിരുന്നില്ല. തന്‍റെ വാഗ്ദാനം കാക്കാനായി അദ്ദേഹം മഹത്തായ മണ്ടൻപദ്ധതികൾ ആത്മാർത്ഥമായി ആവിഷ്കരിച്ചു. ഞങ്ങൾ പുതുമക്കാർക്കായി സീനിയേഴ്സ് എത്തുന്നതിന് എത്രയോ മുൻപ്, ഏഴരവെളുപ്പിന് തന്നെ ക്ലാസുകൾ തുടങ്ങി. വൈകിട്ട് അവർ ക്ലാസ് കഴിഞ്ഞിറങ്ങും മുൻപ് ഞങ്ങളെ പിരിച്ചുവിട്ടു. പിന്നെ, ഹോസ്റ്റലിലും കോളേജിലും ഭക്ഷണസമയം അവരേക്കാൾ എത്രയോ നേരത്തേ -പ്രാതൽ വെളുപ്പാൻകാലത്തും, ഉച്ചയൂണ് പതിനൊന്നരമണിയ്ക്കും അത്താഴം സന്ധ്യമയങ്ങും മുൻപുമൊക്കെ നല്കി. രണ്ട് കൂട്ടരും മെസ്സിലോ, കോളേജിലോ ഒരിടത്തും,  ബസിൽപോലും ഒരുമിച്ചുവരില്ല എന്നർത്ഥം. അങ്ങനെയാണ് സീനിയേഴ്സിന്‍റെ കഴുകൻ കണ്ണുകൾ ഞങ്ങളിൽ പതിയില്ലെന്ന് ഉറപ്പുവരുത്തിയത്. ജൂനിയേഴ്സ് പുറത്തുള്ളപ്പോൾ സീനിയേഴ്സ് ക്ലാസിൽ.. അവർ പുറത്തുള്ളപ്പോൾ ഞങ്ങൾ അകത്തും. ശേഷിച്ച സമയമത്രയും കതകടച്ച് ആരും കാണാതെ ഷെൽട്ടറിൽതന്നെ കഴിഞ്ഞുകൂടുക. അങ്ങനെ സ്ത്രീകൾക്ക് സമൂഹം നല്കുന്ന വിലപ്പെട്ട കരുതൽ സുരക്ഷിതത്വത്തിന്‍റെ സൗഭാഗ്യം ഞങ്ങൾക്കും ലഭിച്ചു. ഇനി യാതൊന്നുംതന്നെ പേടിക്കാനില്ലെന്നുറച്ച് ആ രക്ഷാധികാരി ശ്ലാഘനീയമായ തന്‍റെ പൊതുഭരണത്തിൽ  മുഴുകി…

ആദ്യത്തെ ഒരൊറ്റയാഴ്ച്ചകൊണ്ട്തന്നെ ഞങ്ങൾ നവാഗതരായ എം.എച്ച്കാർ ഒരു കൂട്ടായ്മയായിക്കഴിഞ്ഞു. അങ്ങനെയൊരു സംഘബോധം രൂപപ്പെട്ടു എന്ന തോന്നൽ വന്നപ്പോഴാകണം, അടിയന്തിരമായി സീനിയേഴ്സ് പരിചയപ്പെടാൻ വിളിക്കുന്നതായി ഒരറിയിപ്പ് കിട്ടി. എല്ലാവരും പാതിരാക്ക് പന്ത്രണ്ട് മണിക്ക്,  താഴെ സീനിയേഴ്സിന്‍റെ ഡോർമെട്രിയിലേയ്ക്കെത്തണമെന്ന്.. ഞങ്ങൾക്കിടയിൽ ഉണ്ടായിവരേണ്ടിയിരുന്ന ഈ സംഘബോധം അവരെ സംബന്ധിച്ചിടത്തോളം ഒരേ സമയം അവശ്യമായതും എന്നാൽ അത്രയുംതന്നെ അപകടകരമായതുമായ ഒരു പ്രവണതയായിരുന്നു. കാരണം, കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്ക് നല്കപ്പെടുന്ന ഒരു നിർദ്ദേശംകൊണ്ട് ബാച്ചിനെയാകെ അനുസരിപ്പിക്കാൻ തക്കവിധം ഞങ്ങൾക്കിടയിൽ ആശയവിനിമയം സിദ്ധിക്കണമെങ്കിൽ ഈ ബന്ധം അനിവാര്യമാണ്. മറിച്ച്, ഒരു ചെറുത്ത് നില്പിനുള്ള സാധ്യതയും ഇതേ കെട്ടുറപ്പിലാണ് കിടക്കുന്നത്. അത്കൊണ്ടാവണം ഐക്യം രൂപപ്പെടുകയും അത് തീവ്രമായൊരു സൗഹൃദത്തിലേക്ക് വളരാതിരിക്കുകയും ചെയ്തിരുന്ന ആ അന്തരാളഘട്ടം അവർ തെരെഞ്ഞെടുത്തത്.

വരവേല്പിന് ഞങ്ങൾക്ക് നല്കിയ വാഗ്ദാനത്തിന്‍റെ ഒരു വിരട്ട്‌ പകർപ്പിലൂടെ, മുകളിലത്തെ നിലയിലെ ജൂനിയേഴ്സിന്‍റെ പന്തിയിലേയ്ക്ക്‌ താഴെ നിന്ന് ഒരുത്തനും കയറിപ്പോകരുതെന്ന്, പ്രിൻസിപ്പാൾ നേരത്തേതന്നെ നിർദ്ദേശം നല്കിയിരുന്നു.. അന്നും രാവണന് സീതയുടെ അടുക്കലേയ്ക്ക് പോകാനേ ലക്ഷ്മണരേഖ തടസമായിരുന്നുള്ളൂ.. സീതയ്ക്ക് രാവണന്‍റെ അടുക്കലേയ്ക്ക് പോവാം.. സത്യത്തിൽ വേണ്ടതും അത്തരമൊരു രേഖ തന്നെയാണ്. പഴയ നെറികെട്ട അനുഭവങ്ങളുടെ തലതിരിഞ്ഞ പാഠത്തിൽ നിന്നാവണം പിന്നെപ്പിന്നെ ഇരകളെ തടവിലാക്കി സുരക്ഷിതരാക്കുന്ന ശീലം തുടങ്ങിയത്…

പാതിരാത്രി, ഇത് റാഗിങ്ങിനുള്ള കുറിമാനമാണെന്ന് ഏറെക്കുറേ, ഉറപ്പായിരുന്നു. തീരെ അലസമായി ആ വാർത്ത ശ്രവിച്ച രണ്ടേ രണ്ട് പേരേ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നുള്ളൂ.. ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ അവർ രണ്ടുപേരും എന്‍റെ മുറിയിലായിരുന്നു. സീനിയേഴ്സിന്‍റെ ഈ ഉത്തരവിനെപ്പറ്റി അന്ന് സെബാസ്റ്റ്യൻ വന്ന്പറയുമ്പോൾ അതിലൊരാൾ തിന്നിട്ട് എല്ലിന്‍റെ എടയിൽ കയറിയിട്ടാവണം അത്താഴവും കഴിഞ്ഞ് ചുവരോട് ചേർന്ന് തലകുത്തി നിൽപ്പായിരുന്നു. ഇമ്മാതിരി തലതിരിഞ്ഞ ശീലങ്ങളുടെ തലതൊട്ടപ്പൻ ആയിരുന്നു അയാൾ. അദ്ദേഹം അവിടെനിന്ന് അനങ്ങിയില്ല. പുച്ഛത്തോടെ തലകുത്തിയ ഒരു ചിരി ചിരിച്ചു. നമുക്ക് കാണാം എന്നൊരു മട്ട്.. മറ്റവൻ കട്ടിലിൽ പുസ്തകം വായിച്ചിരുന്നു. അവന്‍റെ ചിരി നിഷ്കളങ്കമായിരുന്നു. ചേട്ടന്മാരെ പരിചയപ്പെടാമല്ലോ എന്ന നിലക്കായിരുന്നു അവന്‍റെ മണ്ടൻ ചിന്ത..

‘അതെന്താ ഈ പാതിരാത്രിയ്ക്ക്…’

സെബാസ്റ്റ്യനോട് തന്‍റെ നിഷ്കളങ്കമായ ആ സംശയം അവൻ ചോദിക്കുകയും ചെയ്തു. സെബാസ്റ്റ്യൻ അവനെ രൂക്ഷമായി നോക്കിയിട്ട് തിരിഞ്ഞുനടന്നു.. എന്തിനാണ് സെബാൻ ചൂടായിപ്പോയത് എന്ന മട്ടിൽ അവനെന്നെ നോക്കി. എന്നിട്ട് ഉദ്വേഗത്തോടെതന്നെ ഷർട്ടിട്ട് തയ്യാറായിരുന്നു. ആദ്യത്തെ മനുഷ്യൻ, വിപിൻ കൃഷ്ണൻ.. മറ്റേയാൾ എ.കെ ശാന്തുലാൽ എന്ന ശാന്തൻ..

പതിനൊന്നേമുക്കാലിനേ എല്ലാവരും തയ്യാറായി. നേരത്തേ ചെന്ന് പിടികൊടുക്കാനും വയ്യ. മണി പന്ത്രണ്ടടിക്കാൻ ഞങ്ങൾ കാത്തിരുന്നു.

‘നിങ്ങള് ചെല്ല്..’ എന്ന് പ്രഖ്യാപിച്ച്കൊണ്ട് വിപിൻ ധീരമായ നിദ്രയിൽ പ്രവേശിച്ചു. സീനിയേഴ്സ് ആദ്യമായി വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അത് മോശമാവില്ലേയെന്ന ശാന്തന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് ഒരു മറുപടിയുണ്ടായില്ല…

ഇരുട്ടിന്‍റെ മറപറ്റി, തെല്ലും ശബ്ദമുണ്ടാക്കാതെ ഞങ്ങൾ വരിവരിയായി നീങ്ങി… കാര്യത്തിന്‍റെ ഗൗരവമറിയാതെ ശാന്തൻ മാത്രം മുണ്ട് മാടിക്കുത്തി കൈയ്യും വീശി മുന്നിൽ നടന്നു.. പതിവില്ലാതെ അടച്ചിട്ടിരുന്ന വാതിലിൽ അവൻ മുട്ടി. സാവധാനം അതിന്‍റെ ഒരു പാളി തുറക്കപ്പെട്ടു. തുറന്ന് വരുന്തോറും പുറത്തേയ്ക്കൊഴുകിവരുന്ന കട്ടപിടിച്ച പുകയിലപ്പുക അവന്‍റെ ആസ്ത്മയുടെ വലിവ് വർദ്ധിപ്പിച്ച്കൊണ്ട് മുഖത്തടിച്ചു.. പാതിമാത്രം തുറന്ന വാതിലിലൂടെ, ഗാട്ട് നിന്ന സീനിയറിന്‍റെ കക്ഷത്തിനിടയിലൂടെ, ഞങ്ങൾ ഓരോരുത്തരായി അകത്തേയ്ക്ക് കയറി…

നോക്കൂ.. ഇതാ ചിലപ്പോൾ നരകത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന വാതിലുകളും ഇടുങ്ങിയതും വഴി ദുർഘടവുമാവാറുണ്ട്.. എന്നിട്ടുമെന്തോ, ആളുകൾ അവിടേയ്ക്ക് പ്രവേശിയ്ക്കാനായി സ്വമേധയാ തിക്കിത്തിരക്കി ചെല്ലാറുമുണ്ട്… കാരണം, ഒന്നുകിൽ നരകങ്ങളിൽ അഭയം, അല്ലെങ്കിലോ, തല ചായ്ക്കാൻ ഇടവുമില്ല. ഇതത്രേ ചിലർക്ക് ഈ മണ്ണിലെ സ്ഥിതി…

ഹാളിൽ ആളുനിറഞ്ഞു.. നടക്കാൻ പോകുന്ന കലാപരിപാടിക്ക് അന്തരീക്ഷം സൃഷ്ടിച്ച് അരണ്ട ചുവന്ന വെളിച്ചം മാത്രമുള്ള മുറി..

‘ ഇനി ആരെങ്കിലും വരാനിണ്ടോടാ…’

‘ഒരാള്ണ്ട്.. ഉറങ്ങി.. അവന് നല്ല പനി.. അതാണ്..’

സെബാസ്റ്റ്യൻ നിർത്തി നിർത്തി പറഞ്ഞു…

‘ഏതാടാ മുറി..’

‘മുന്നൂറ്റിപ്പതിനാറ്…’

ക്ഷണത്തിൽ ഒരു ആജാനുബാഹുവും ഒപ്പം ഒരു കൃശഗാത്രനുംകൂടി ആവുന്നത്ര അരിശംപൂണ്ട് ഇറങ്ങിപ്പോയി…

പിന്നെ, അവർ ഞങ്ങളെയാകെമാനം ഒന്ന് ചൂഴ്ന്ന് വീക്ഷിച്ചു, ഒരു കള്ളച്ചിരിയോടെ… രക്ഷപെടാൻ സാധ്യതകളില്ലാത്ത ഒരു ഇര മുന്നിൽപ്പെട്ടാൽ പീഡനത്തിന്‍റെ പ്രാരംഭഘട്ടം, നിസ്സഹായതയുടെ ദൃശ്യാസ്വാദനമാണ്…

അതിനിടെ മുഴുവൻ കണ്ണുകളും ഒരിടത്ത് ഉടക്കി.. ഞങ്ങളെല്ലാം ബോക്സറും ത്രീ ഫോർത്തുമൊക്കെ ഇട്ടപ്പോൾ കൂട്ടത്തിൽ കൈലി മുണ്ടുടുത്തിരുന്ന ശാന്തനിൽ. അങ്ങനെയവർ ആദ്യത്തെ ഇരയെ കണ്ടു. പിന്നെ, അധികം മുഖവുരയില്ലാതെ കാര്യങ്ങൾ തുടങ്ങുകയായി. അവൻ മുന്നോട്ട് ക്ഷണിക്കപ്പെട്ടു…

പ്രസന്നനായി ചിരിച്ച മുഖത്തോടെതന്നെ ശാന്തൻ മുന്നോട്ട് കയറിനിന്നു…

‘ നീ ഇവരടെ ബാച്ചല്ലേ…’ ആദ്യ ചോദ്യം അവനും ഞങ്ങൾക്കും പിടികിട്ടിയില്ല…

‘ മുണ്ടൊക്കെയാണല്ലോ.. നീ കൂട്ടത്തില് വല്യേട്ടനാ…? ‘

അവന്‍റെ തോളത്ത് കൈ കയറ്റിവച്ച്കൊണ്ട്, മേശമേൽ കയറിയിരുന്നിരുന്ന മറ്റൊരാൾ കാര്യം വ്യക്തമാക്കി.. എന്തൊരു ഐക്യത്തോടെയാണ് അവർ കാര്യങ്ങൾ ചിന്തിക്കുന്നത്..

‘ മുണ്ടാ ചേട്ടാ ശീലം…’

ഇപ്പോഴും ഒന്നും മനസ്സിലാവാത്ത വിധം യാതൊരു പരിഭ്രമവും ഇല്ലാത്തതായിരുന്നു ആ മറുപടി. പിന്നെ, ആ മുണ്ടും ഷർട്ടും വലിച്ച്പറിക്കലും അത് തടയാൻ ശ്രമിച്ച അവനെ ചുരുട്ടിക്കൂട്ടി നിലത്തേക്ക് എറിയലും ഒരു ക്ഷണത്തിൽ കഴിഞ്ഞു… ഭീമസേനനെപ്പോലിരുന്ന വിപിനെ മുൻപുപോയ രണ്ട്പേരുംകൂടി പിടിച്ചുവലിച്ച് കൊണ്ടുവന്ന് മുറിയിലേയ്ക്ക് തള്ളി ചെകിടടച്ച് ഒന്ന് പൊട്ടിക്കുകകൂടി ചെയ്തതോടെ കാര്യങ്ങൾ ഏതാണ്ട് തെളിഞ്ഞു…

‘ഓ.. പരിചയപ്പെടൽ,  ഇതായിരുന്നല്ലേ…’

ഉരുണ്ട്പിടച്ച് എഴുന്നേറ്റ് നില്ക്കുന്നതിനിടക്ക് ശാന്തൻ ഇങ്ങനെ പിറുപിറുത്തത് ഭാഗ്യത്തിന് അവര് കേട്ടില്ല. ഇവൻ കടുംപൊട്ടൻ തന്നെയെന്ന് ഞങ്ങൾ തീർച്ചപ്പെടുത്തും നേരം അവന്‍റെ മനസ്സിൽ ഒരു സമരത്തിന്‍റെ തീർച്ചപ്പെടുത്തൽ നടന്നിട്ടുണ്ടെന്ന് ഞങ്ങളറിഞ്ഞില്ല…

‘എല്ലാവരും ഒന്ന് അസംബ്ലിക്ക് നിക്കണപോലെ നിന്നേ.. ചേട്ടന്മാര് ശരിക്കൊന്ന് കാണട്ടെ…’

നിരക്കലിന് മുൻപ് ശാന്തനെപ്പോലെ ഉടുപ്പൊക്കെ അഴിച്ചോളാനും ഒരു നിർദ്ദേശം കിട്ടി. ഒന്ന് രണ്ട്പേരെക്കൂടി തുണിമാറാൻ സീനിയേഴ്സ്തന്നെ സഹായിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. അങ്ങനെ ഞങ്ങൾ വരിയും നിരയുമായി ജട്ടിപ്പുറത്ത് അണിനിരന്നു. പിന്നെ, ഓരോരുത്തരായി മുന്നോട്ട്ചെന്ന് പരിചയപ്പെടുത്തി തിരികെ നിരയിലെത്തുന്ന വിധം പരിപാടി പുരോഗമിച്ചു. ഇടയിൽ വീണ്ടും ശാന്തന്‍റെ ഊഴമായി…  

പേര് പറഞ്ഞു…’ വൈക്കത്താ നാട്…’ അവന്‍റെ ശബ്ദത്തിന് അപ്പോഴേയ്ക്കും കുറച്ച് കടുപ്പം വച്ചിരുന്നു. ഇതുവരെയുണ്ടായിരുന്ന അവന്‍റെ അസാധാരണമായ ആ വിനയം അത്ര പെട്ടെന്ന് എവിടെപ്പോയാണ് മറഞ്ഞതെന്ന് മനസിലായില്ല..

അപ്പോഴാണ് ഒരു സീനിയറിന് ഒരു കൗതുകം ശ്രദ്ധയിൽപ്പെട്ടത്..

‘എടാ, ആ ഇന്നറിന്‍റെ ബ്രാൻഡ് ഒന്ന് പറഞ്ഞേ…’

അസാധാരണമായൊരാവശ്യമായിരുന്നു അത്.

‘കുന്നത്ത്… കുന്നത്ത് എക്സ്പോ.. തിരുപ്പൂരിള്ള കമ്പനിയാണ്…’

ഒരു പ്രാദേശിക ചെറുകിടസംരഭത്തിന് ഒരു കമ്മ്യൂണിസ്റ്റ്കാരൻ നല്കേണ്ട അഭിമാനവും ആദരവും ചേർത്തായിരുന്നു മറുപടിയെന്ന് പിന്നീട് ഞാനറിഞ്ഞു..

‘എങ്ങനെ… ഒന്നൂടി പറഞ്ഞേ…’ ഒരു സീനിയറിന് സംശയം.

‘പറയാനൊന്നൂല്ലടാ, ഫുട്പാത്ത് ഇന്നേഴ്സ്…’

‘ നൂറ് രൂപയ്ക്ക് എത്രണ്ണം കിട്ടൂടാ…’

നിലവാരമില്ലാത്ത ആ പഴഞ്ചൻ വളിപ്പിന് ഞങ്ങളടക്കം എല്ലാവരും ആർത്ത് ചിരിച്ചു…

പക്ഷേ, അവരുടെ ചിരി ശാന്തനെ ഒരു തരത്തിലും അലോസരപ്പെടുത്തിയില്ല. അവന്‍റെ മുഖത്ത് അവിടെ അവശ്യം ഉണ്ടാവേണ്ടിയിരുന്ന ജാള്യത അല്പംപോലും പ്രത്യക്ഷപ്പെട്ടില്ല… ബൂർഷ്വാസി നിശ്ചയിയ്ക്കുന്ന വിനിമയമൂല്യത്താൽ ഒരു ചരക്കിന്‍റെ പ്രയോജനമൂല്യം കണക്കാക്കാൻ താൻ തയ്യാറല്ലെന്ന് പിരിഞ്ഞ്പോകവേ ഞങ്ങളോടവൻ മനസിലാവാത്ത ഈ ഭാഷയിലാണെങ്കിലും കൃത്യമായി പ്രസ്താവിയ്ക്കുന്നുണ്ട്.. അതിന് വഴങ്ങാത്ത അപൂർവം ചിലരിൽ ഒരാൾ. നാള് കുറേ കഴിയുംവരെ ഒന്നും മനസിലായില്ലെങ്കിലും ആ ഭാഷ കേവലം കൗതുകത്തിന്‍റെ പേരിൽ ഞങ്ങളെയന്ന് ആകർഷിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തു.

പിന്നീടൊരിക്കൽ അത് മാർക്സിസ്റ്റ് വർഗസമരസിദ്ധാന്തത്താൽ വിശദമായി വിശകലനം ചെയ്യപ്പെട്ടു.. ബ്രാൻഡഡ് എന്ന് ഓമനപ്പേർ വിളിക്കുന്ന വരേണ്യജട്ടികളും പ്രാദേശിക ചെറുകിട ജട്ടികളും തമ്മിലുള്ള സംഘട്ടനം. ഉപഭോക്താവിന് ഗുണമേന്മ ഉറപ്പുവരുത്താനുള്ള മത്സരമാണോ അത്. അങ്ങനെ തുടങ്ങി വിപണിയെപ്പറ്റിയുള്ള ചോദ്യത്തെ കുറിച്ച്.. ചരക്കിന്‍റെ മൂല്യം വർദ്ധിപ്പിക്കുന്നതിൽ കേവലസത്യമായിരിക്കുന്ന അദ്ധ്വാനത്തെക്കുറിച്ച്. ആ സത്യത്തിന് വിരുദ്ധമായി വില വർദ്ധിപ്പിക്കാൻ സൃഷ്ടിക്കുന്ന സാംസ്കാരിക ബോധത്തെപ്പറ്റി. വിപണിയുടെ പൊതുബോധം നിർമിക്കുന്നതിനെപ്പറ്റി, ബൂർഷ്വാസി ലോകത്തെ മാത്രമല്ല മനുഷ്യന്‍റെ ബോധത്തെയും ഭരിക്കുന്നതിനെപറ്റി.. അത് അടിവസ്ത്രത്തിൽപ്പോലും ഗൗരവമാംവിധം മാന്യതയുടെ മുഴക്കോലാകുന്നതിനെപ്പറ്റി… ഇങ്ങനെയൊക്കെ ഭ്രാന്തമെന്ന് നമുക്ക് തോന്നുന്ന അരസികമായ ചിന്തകൾ..

കൺമുന്നിൽ നേരേകാണുന്ന ജീവിതത്തെ ഇങ്ങനെ കാര്യകാരണസഹിതം വിശകലനം ചെയ്യുന്നത്, പ്രായോഗിക ജീവിതത്തിൽ തത്വശാസ്ത്രം കൂട്ടിക്കുഴക്കുന്നത് എന്നും വലിയ വിഡ്ഢിത്തമാണ്.. തത്വശാസ്ത്രം പറച്ചിൽ – അതിൽ മാർക്സിസം പറച്ചിൽ – പൊതുബോധത്തിന് പരിഹാസാർഹമായ ഒരു സംഗതിയാണ്.. അങ്ങനെ ഇതെല്ലാം അവന് തലക്ക് ഒരഞ്ച് പൈസ കുറവുണ്ട് എന്ന ഞങ്ങളുടെ നിഗമനം ഉറപ്പിക്കാൻ കാരണമായി.

അത്രയും പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസംവിട്ട് അയാൾ കട്ടിലിലിലേയ്ക്കിരുന്നു.. ഇവിടെ മുതൽ ഭാഷയ്ക്കൊപ്പം അയാളുടെ കഥയുടെയും കഥനത്തിന്‍റെയും രീതിയും രീതിശാസ്ത്രവും മാറുകയാണ്.

* * * * * *

കഥ തുടരുമ്പോൾ അടപടലം മാർക്സിസ്റ്റ് ഭാഷയിൽ ശാന്തൻ ഒരടിയടിച്ചു…

‘വിദേശിബൂർഷ്വയോ സ്വദേശിബൂർഷ്വയോ, ഞങ്ങള് കമ്യൂണിസ്റ്റ്കാര് പരമാവധി കുത്തക ഉത്പന്നങ്ങൾ ഉപയോഗിയ്ക്കാറില്ല. ചെറുകിടവ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പതിവ്…’

അപരിചിതമായ ഈ മറുഭാഷ ഞങ്ങളെ, ജൂനിയർ സീനിയർ ഭേദമന്യേ അമ്പരിപ്പിച്ച് തൊലച്ചു.. സന്ദേശത്തിൽ കേട്ട ആ ഭാഷ പഠിക്കാൻ പിന്നെയും ശാന്തനൊപ്പം എത്രയോ നാൾ നടക്കേണ്ടി വന്നു.

നിവൃത്തികെട്ടിടത്ത് പീഡനത്തിനെതിരെ ഒരു സിനിമാനർമ്മംകൊണ്ട് പ്രതിഷേധിക്കാനുള്ള ശ്രമമായിരുന്നില്ല അവനത്.. സത്യസന്ധമായും, ഇന്നങ്ങനെ പാർട്ടിക്കാരുൾപ്പെടെ ആരും സൂക്ഷിയ്ക്കുന്നില്ലാത്ത ഒരു പഴയ കമ്യൂണിസ്റ്റ്  ജീവിതരീതിയുടെ ഭാഗം തന്നെയായിരുന്നു…

മുതലാളിത്തത്തെ അടപടലം അട്ടിമറിക്കാനാവാത്ത കാലത്തോളം ഈ തദ്ദേശജട്ടിയുടെ ഉപയോഗവും വർഗസമരംതന്നെ.. ചെറിയ വലിയ കാര്യങ്ങൾ… വിപ്ലവം ആദ്യം ഹൃദയത്തിലും ആത്മാവിലുമായി നടത്തേണ്ടിയിരിക്കുന്നു.

ഈ ചങ്ങായി എന്താണീ ഉദ്ദേശിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഈ ആപത്ത് സമയത്ത് നിലവാരം തീരെകുറഞ്ഞ വളിപ്പടിച്ച് ആളാവാൻ ശ്രമിക്കുന്ന ഈ പരിപാടി ഞങ്ങൾക്കെല്ലാം അരോചകമായി തോന്നി. പക്ഷേ, ആ തോന്നലിന് പിന്നിലും മൂലകാരണം ഞങ്ങളുടെ ഭയമായിരുന്നു.

എന്നാൽ നമ്മുടെ കളിയിൽ, ആദ്യം, സ്വയം പന്ത് എന്ന നിലയിൽ നിന്ന് കളിക്കാരനിലേയ്ക്കും പിന്നീട് പന്ത് കൈയ്യിലെടുക്കുന്നതിലേയ്ക്കും നീങ്ങി ശാന്തൻ…

‘ഗാന്ധിജി സ്വദേശിപ്രസ്ഥാനം പ്രോത്സാഹിപ്പിച്ച കാലത്ത് തുടങ്ങിതാണ്…’

തനിക്ക് മൗലികമായിരുന്ന, പിന്നീട് എനിക്ക് പകർന്നുതന്ന ഈയൊരു അസാധാരണ ഭാഷയിൽ ശാന്തൻ ഒരു പടികൂടി മുന്നോട്ട് കയറിയടിച്ചു. പ്രകോപനം ഒരു മികച്ച സമരായുധമാണ്… അധികാരഹുങ്കിന് നേരെ പരിഹാസം നിറഞ്ഞ പ്രകോപനം.

‘നാടിനോട് അത്രയ്ക്ക് സ്നേഹാണെങ്കിൽ നിനക്ക് കോണാനുടുത്ത് കൂടേ…’

ഉരുളയ്ക്ക് ഉപ്പേരിപോലെവന്ന ആ മറുപടി, ഈ ജാതി സാധനങ്ങൾ അവരുടെ കൂട്ടത്തിലുമുണ്ട് എന്ന് തിരിച്ചറിയിയ്ക്കുന്ന ഒരു മറുപടി, ഒരു നിമിഷം അസ്ത്രപ്രജ്ഞരായി നിന്നുപോയ സീനിയർ ബാച്ചിനെ രക്ഷിച്ചു…

‘അത് കൊള്ളാല്ലോടാ…’

ആ നിർദ്ദേശം പിന്തുണയ്ക്കപ്പെടുക മാത്രമല്ല ആ ജട്ടി കൂടി വലിച്ചൂരി, മുമ്പേ ഉരിഞ്ഞെറിഞ്ഞ മുണ്ട് വലിച്ചുകീറി അവരവനെ കോണകം ചാർത്തിക്കുകയും ചെയ്തു. തുണിയഴിപ്പിക്കലുള്ള – സ്ട്രിപ്പിംഗ് എന്ന വാക്കായിരുന്നു അവരുപയോഗിച്ചിരുന്നത് –   ദിവസങ്ങളിലെല്ലാം അവൻ കോണകംതന്നെ ഉടുത്താൽ മതി എന്ന താക്കീതും. അപ്പോഴാണ് ഇതൊരു സ്ഥിരം പംക്തിയാവാൻ പോകുന്നു എന്ന് ഞങ്ങൾക്ക് മനസിലായത്…

ശേഷം ഏവരും സമ്പൂർണ നഗ്നരാവണമെന്ന് ഉത്തരവ് വന്നു. ശാന്തന്‍റെ അനുഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഞങ്ങളെല്ലാം നാണമാനാദികൾ വെടിഞ്ഞ് ക്ഷണത്തിൽ വിവസ്ത്രരായി. എല്ലാ അഹംബോധങ്ങളും അഴിച്ചുവച്ച് നിസ്വരായി, പിറന്നപടി നില്ക്കേ ഹവ്വയുടെ കുപ്രസിദ്ധ പ്രലോഭനത്തിനും മുൻപ്, ആദിപാപത്തിന്‍റെ അശനിപാതത്തിനും മുൻപ് മനുഷ്യൻ നുകർന്ന സാഹോദര്യത്തിന്‍റെ ഭാവങ്ങൾ അതുവരെയില്ലാത്ത ആഴത്തിൽ ഞങ്ങളെ പുണർന്നു. ചരിത്രത്തിന്‍റെ അനാദിമുതലിന്നോളം വഴിവിട്ട് സ്നേഹിച്ചും പങ്കുവച്ച്കൊടുത്തും പിന്നെ ചിലനേരം പരസ്പരം പിച്ചിച്ചീന്തിപ്പോന്നുംവന്ന മനുഷ്യസന്തതികളെയത്രയും തടുത്തുകൂട്ടി നിർത്തി, പടക്കൊരുക്കിയ, ചരിത്രത്തിൽ വിപ്ലവകാരികളായി മാറിയ സകലവർഗങ്ങളെയും സന്നിഗ്ദ്ധഘട്ടത്തിൽ ഒന്നിപ്പിച്ചു നിർത്തിയ, വിപത്തിന്‍റെ ഐക്യത്തിന് വേണ്ടിയുള്ള ക്ഷണം. അരക്ഷിതാവസ്ഥയോളം ഐക്യബോധം നല്കുന്ന ഗുരു പ്രപഞ്ചത്തിൽ വേറെയാരും ഇല്ലതന്നെ…

ആദിത്യന്‍റെ പൂണൂൽ ഒരു പൂക്കുരവയുടെ അകമ്പടിയോടെ ഉപചാരപൂർവം അഴിച്ച് മാറ്റപ്പെട്ടു. റമീസിനെ ഒരിക്കലും വിട്ടുപിരിയാത്ത തൊപ്പി. ശാന്തൻ അവ രണ്ടും ഏറ്റുവാങ്ങി നെഞ്ചോട് ചേർത്തു. പരിഹാസച്ചിരികളുണ്ടായി… പൂണൂൽ ഭംഗിയായി മടക്കി തൊപ്പിക്കുള്ളിലാക്കി അവൻ കട്ടളപ്പടിക്ക് മുകളിൽവെക്കവേ റമീസും ആദിത്യനും പരസ്പരം നോക്കി കണ്ണീരോടെ ചിരിച്ചു.

പിന്നെ, ബാല്യകാലത്തിന്‍റെ മധുരസ്മരണകൾ ഉണർത്തിക്കൊണ്ട് ഞങ്ങളെ തീവണ്ടിയാക്കി. സാധാരണ തീവണ്ടികളിയിൽ കൈ മുമ്പിൽ നില്ക്കുന്ന ആളുടെ തോളത്ത് പിടിക്കുമെങ്കിൽ, ഇവിടെ കൈകൾ പുറകോട്ട്കെട്ടി പിന്നിൽ നിൽക്കുന്ന ആളുടെ സുനയിലാണ് പിടിപ്പിച്ചത്. അങ്ങനെ സുനത്തീവണ്ടി ഓടിത്തുടങ്ങി.. നീണ്ടമുറിയിൽ വട്ടത്തിലോടി. താളംകിട്ടാതെ സുനകൾ വലിഞ്ഞുമുറുകി… ഉണ്ട പിടുങ്ങി.. സീനിയേഴ്സ്, അവർ എന്തിനോ ആഹ്ലാദത്താൽ ആർത്തുചിരിച്ചു… സുനപ്പിടി വിട്ടവരെ വലിച്ചിട്ട് പൊതിരെത്തല്ലി…

ശാന്തനാണ് മുമ്പിൽ എന്‍റെ സുന പിടിച്ചത്. പിമ്പിൽ ഞാൻ വിപിന്‍റെ സുന പിടിച്ചു. പിറകേ പിറകേ ഇരുപത്തിയേഴ് സുനകൾ.. ഏറ്റവും മുമ്പിൽനിന്ന ശാന്തന്‍റെ സുനമാത്രം അവനെപ്പോലെ സ്വതന്ത്രനായി വിരാജിച്ചു. മുറിയിൽ വച്ചല്ല, ഈ സുനബന്ധത്തിലാണ് ഞങ്ങൾ ശരിക്കും കൂട്ടുകാരായിത്തീർന്നത്…

മനുഷ്യന്‍റെ കരസ്പർശമേറ്റിട്ടും ഉണരാത്ത സുനകൾ പുച്ഛിക്കപ്പെട്ടു. ആണിന്‍റെ എല്ലാ അഭിമാനവും കുടികൊള്ളുന്നത് ഇപ്പറയുന്ന സുനബലത്തിലാണെന്ന് പുരുഷാധിപത്യത്തിന്‍റെ ആദികാലം മുതൽ പരക്കെ വിശ്വസിക്കപ്പെട്ടുവന്നിരുന്നല്ലോ.. അപൂർവം ചില സുനകൾ അവിടംകൊണ്ടും നിർത്തിയില്ല. തീവണ്ടി ഓട്ടം സുനയുടെ ചർമാവരണത്തിൽ ഉളവാക്കിയ പ്രത്യാവർത്തിത ചലനത്തിൽ അവ ശുക്ലം വർഷിച്ചു.. ബീജമാണ് നഷ്ടം.. ആ ശുക്ലം, സൃഷ്ടിപരമായ, ഉത്പാദനപരമായ ഒരു കലാലയജീവിതം പാഴാക്കി കളയുന്ന ഈ ഉത്കൃഷ്ട കലാരൂപത്തിന്‍റെ പ്രതിബിംബമായിത്തീർന്നു.

സ്വേച്ഛക്ക് വിരുദ്ധമായ സ്ഘലനം, അത് സുനയിലും ഹൃദയത്തിലും ഒരുപോലെ വേദന വിതറും.

കളി കഴിയുമ്പോഴേക്കും ആ തീവണ്ടി കുറേക്കാലം പിന്നോട്ടോടിയിരുന്നു.

* * * * *

ഞാൻ ഒമ്പതാംക്ലാസിൽ ആവുമ്പോഴേക്കാണ് അച്ഛന് പൂനെയിൽനിന്ന് കേരളത്തിലേക്കൊരു സ്ഥലംമാറ്റം കിട്ടുന്നത്. അതുവരെയും വീട്ടിൽ ഞാനും അമ്മയും അനിയനും ഒറ്റക്കായിരുന്നു.. നാടും തൊട്ടടുത്ത സ്കൂളുംവിട്ട് ആ വലിയനഗരത്തിലെ ഫ്ളാറ്റിലേയ്ക്ക് പോകുമ്പോൾ ഒരുപാടൊരുപാട് വേർപിരിയലുകളുടെ വേദനകൾക്കപ്പുറം അച്ഛനൊപ്പമുള്ള ജീവിതമെന്ന സന്തോഷമായിരുന്നു. ആ സ്വപ്നം അട്ടിമറിക്കപ്പെട്ടു. ഞങ്ങൾ പുറപ്പെട്ട്പോയത് എന്‍റെ മനസിനെയും ശരീരത്തെയും ആകെ തകിടംമറിക്കുന്ന ഒരു കുരുക്കിലേക്കായിരുന്നു. എന്നാൽ, ആ അട്ടിമറിയും അച്ഛന്‍റെ വകതന്നെയായിരുന്നു. അവിടെ ഏറ്റവും മുന്തിയതെന്ന് പറയപ്പെടുന്ന സി.ബി.എസ്.സി സ്കൂളിൽത്തന്നെ പ്രവേശനം തരപ്പെടുത്തി. അതിന് അച്ഛനെ സ്വാധീനിച്ചത് ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച സ്ഥിരം പൊതുബോധങ്ങൾ മാത്രമല്ല, കൂടെ ജോലി ചെയ്യുന്നവരുടെ മക്കളോട് തട്ടിച്ച് ഉറപ്പുവരുത്തേണ്ട സ്റ്റാറ്റസും ഒരു പ്രശ്നമായിരുന്നു. കന്യാസ്ത്രീയമ്മമാർ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു കുഞ്ഞിലേ.. സ്റ്റേറ്റ് സിലബസ്. അന്ന് വേറെയിടങ്ങളിൽനിന്നൊന്നും വീട്ടിലേക്ക് സ്കൂൾബസില്ല. അതുകൊണ്ടും അന്ന് സി.ബി.എസ്.സി കേരളത്തെ അങ്ങനെ മുഴുവനായി പിടികൂടിയിട്ടില്ലാത്തതിനാലും അതങ്ങനെപോയി. ഞാൻ യു.പിയിലേക്കാവുന്ന അതേ സമയത്താണ് ആ സ്കൂളിൽ സി.ബി.എസ്.സി തുടങ്ങുന്നത്. പള്ളിവക സ്കൂളിന്‍റെ എന്നുമുള്ള സാമാന്യമായ മതസ്വാധീനം ഒഴിച്ചാൽ അവിടെ അത്ര വലിയ ഏനക്കേടുകളൊന്നും ഉണ്ടായിരുന്നില്ല.. എങ്കിലും ഇന്നത്തെ ക്രിസംഘികളുടെ പൂർവസൂരികൾ ചിലരുണ്ടായിരുന്നുവെന്ന് തിരിഞ്ഞ്നോക്കുമ്പോൾ അറിയാം. അവർ മുഖം മറച്ചിരിക്കുകയാരുന്നു..

പുതിയ സ്കൂൾ ആ വക ആയിരുന്നില്ല.. പള്ളി മാറി പകരം, സ്വകാര്യഉടമസ്ഥത വന്നു. പക്ഷേ, അവിടെ സ്വജനപക്ഷപാതിത്വവും വർഗബോധവും കൂടുതൽ മുഴച്ചുവന്നു. ഞങ്ങളുടെ കുടുംബം ഉപരിവർഗത്തിൽ അച്ഛന്‍റെ ജോലിയിലൂടെ കയറിപ്പറ്റിയിരുന്നു എന്നതിനാലും ശാന്തനെപ്പോലുള്ള സുഹൃത്തുക്കളെ കണ്ടുമുട്ടിയിട്ടില്ല എന്നത്കൊണ്ടും വർഗം എന്ന സംഗതിയെപ്പറ്റിത്തന്നെ അന്നെനിക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.. ഏറെക്കുറേ ജാതിയുടെ കാര്യവും അങ്ങനെതന്നെ..

താൻ ഇന്ന മുന്തിയ ജാതിയാണെന്ന് പറഞ്ഞ് ഒരു ടീച്ചർ ക്ലാസിൽ സ്വയം പരിചയപ്പെടുത്തുക തന്നെചെയ്തു. സംവരണമൂലം അവർ നേരിട്ട ഭീകരമായ വിവേചനവും പറഞ്ഞറിയിച്ചു. അവരോട് അമർഷം തോന്നുന്നതിന് പകരം ഞങ്ങൾ ചെയ്യുന്ന ഈ സംവരണപാതകത്തിൽ അപകർഷതയും കുറ്റബോധവും തോന്നുന്നവിധത്തിലാണ് വീട്ടുമുറ്റത്ത്നിന്ന് സ്കൂൾ ബസിൽ പോയി തിരിച്ചെത്തിയിരുന്ന ഞാൻ പരുവപ്പെട്ടിരുന്നത്. അങ്ങനെ നാട്ടിലെ സ്കൂളിൽ, സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും മെച്ചപ്പെട്ട കുടുംബത്തിൽനിന്ന് വരുന്ന കുട്ടി എന്ന പരിഗണനയിൽ നിന്ന് വെറുമൊരു കേന്ദ്രസർക്കാർ ജീവനക്കാരന്‍റെ മകൻ എന്ന അവഗണനയിലേക്ക് ഞാൻ കൂപ്പുകുത്തി. കൂടെയുള്ളവരെല്ലാം വലിയ ബിസിനസുകാരുടെയും ഓഫീസർറാങ്ക് ഉദ്യോഗസ്ഥരുടെയും മക്കളാണ്. മുൻപ് അദ്ധ്യാപകരിൽ നിന്ന് എനിക്ക് ലഭിച്ചിരുന്ന അധികലാളനകളുടെ വൃത്തികെട്ട മറുവശം ഞാൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു. ഒപ്പം, പാതി ഇംഗ്ലീഷ് പാതി മലയാളം എന്ന പഴയ അവസ്ഥയിൽ നിന്ന് മലയാളം സംസാരിച്ചാൽ പിഴകെട്ടുന്ന സാഹചര്യത്തിലേക്കുള്ള മാറ്റത്തിൽ പഠനത്തിലും ഞാൻ പിന്നിൽപ്പോയി. അങ്ങനെ സ്വയം ഉണ്ടായതും മറ്റുള്ളവർ ഉണ്ടാക്കിയതുമായ അപകർഷതാബോധത്തിന്‍റെ പ്രേരണ എന്നെ പിൻബഞ്ചിലേക്ക് നയിച്ചു. അദ്ധ്യാപകർ വല്ലപ്പോഴും ശകാരിക്കാനും മുൻബഞ്ചുകാർ അത് കൺകുളിർക്കെ കാണാനും മാത്രമേ അവിടേക്ക് ശ്രദ്ധ പതിപ്പിക്കൂവെന്ന് അറിയാമല്ലോ. അക്കാര്യത്തിൽ പഴയ സ്കൂളും പുതിയ സ്കൂളും കണക്കായിരുന്നു. ക്ലാസിലും പുറത്തുമായി നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്വം ഈ ബഞ്ചിലുള്ളവർക്ക് നീക്കിവെച്ചിട്ടുള്ളതാണെന്ന് എനിക്ക് മനസിലാവുന്നത് സ്വന്തം അനുഭവം വന്നതിന് ശേഷമാണ്. മുൻപത് ഏറെ തമാശ നിറഞ്ഞ ഒരു കാഴ്ച്ചയായിരുന്നു. ക്ലാസ് സമയത്തെ സംസാരം, മലയാള സംസാരപ്പിഴ, അല്ലറ ചില്ലറ മോഷണംവരെ എന്നിൽ ആരോപിക്കപ്പെട്ടു. ബൗദ്ധികനിലവാരം കുറഞ്ഞ മനുഷ്യരാണ് കുറ്റവാളികൾ എന്നൊരു പൊതുബോധം വിദ്യാലയങ്ങൾക്കകത്ത് കട്ടപിടിച്ചു. പക്ഷേ, ആ ചിന്തക്ക്, സ്കൂളിന്പുറത്തെ വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങളുടെ മുന്നിൽ അങ്ങനെ പിടിച്ചുനില്ക്കാനായില്ല. തങ്ങൾ പകർന്നുകൊടുത്ത മറ്റുപല പിന്തിരിപ്പൻ ബോധ്യങ്ങളുടെയും അത്രകണ്ട് ഈ വിഷയത്തിൽ വിജയിക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞില്ല. അവരുടെ മിടുക്കർ പലരും, പിന്നീട് മിടുക്കരായ കുറ്റവാളിളെന്നും തെളിയിച്ചു. അങ്ങനെ പിൻബഞ്ചിൽ കഴിയുമ്പോഴാണ് കൂട്ടത്തിലൊരു മിടുക്കൻ എനിക്കൊരു പണിയുമായി വരുന്നത്. അതെന്നെ അപ്പാടെ നശിപ്പിച്ച് കളയുന്ന ഒരുഗ്രൻ ജഗല് പണിയായിരുന്നു.

മൊബൈൽഫോൺ നാട്ടിൽ വ്യാപകമായിക്കഴിഞ്ഞു. മുതിർന്നവരിലെ ഊഴം തികച്ച് അത് കുട്ടികളിലേക്ക് വരുന്ന കാലമാണ്. സമ്പന്നരുടെ വിദ്യാലയമായതിനാൽ ഞങ്ങളുടെ സ്കൂളിൽ അത് ആദ്യം തന്നെ സംഭവിച്ചു. കോവിഡിന് മുൻപത്തെ മൊബൈൽ കോളേജിലും സ്കൂളിലും ഒരുപോലെ വിലക്കപ്പെട്ടിരുന്നല്ലോ. വിനാശകാരിയായ ഒരു മാരകായുധമെന്ന നിലക്ക് വീക്ഷിച്ചുപോന്നതിനാൽ കോവിഡിന്‍റെ അനുഗ്രഹം എത്തുന്നതുവരെ വിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കേണ്ടിയിരുന്ന വിപ്ലവകരമായ മാറ്റങ്ങളെല്ലാം നിഷേധിക്കപ്പെട്ട മൊബൈലിന് തന്‍റെ ബാല്യകാലത്ത് വിദ്യാലയത്തിൽ അല്ലറചില്ലറ കുത്സിതപ്രവൃത്തികളിൽ ഒതുങ്ങി നില്ക്കാനായിരുന്നല്ലോ നിയോഗം…

‘ഇനി ഞാനല്പം പ്രത്യയശാസ്ത്രം പച്ചക്ക് പറയട്ടെ..’

അവൻ അവളുടെ നേരേ തിരിഞ്ഞിരുന്നു.

‘അതിപ്പോ, ഇതുവരെപ്പറഞ്ഞതും അഴീക്കോടിന്‍റെ ഭാഷയിൽത്തന്നെ ആയിരുന്നല്ലോ..’

അവളുടെ മറുചോദ്യം… കഥ തുടർന്നു..

‘അതെ, താത്വികമായ ഒരു അവലോകനം. മാർക്സും ഏംഗൽസും മാനിഫെസ്റ്റോയിൽത്തന്നെ പറയുന്നുണ്ട് ബൂർഷ്വാസിയുടെ ഭാഷയിൽ സ്വാതന്ത്ര്യം എന്ന വാക്കിന് അർത്ഥം സ്വതന്ത്രവ്യാപാരമെന്ന് മാത്രമാണ്. ഏത് ഉത്പന്നത്തിന്‍റെയും സേവനത്തിന്‍റെയും നിരുപാധികമായ ക്രയവിക്രയത്തിനുള്ള സ്വാതന്ത്ര്യം. ലൈംഗികതയിലും അയാൾ വലിയ സാധ്യത കണ്ടു. അങ്ങനെ ജന്മിയുടെ അറയിൽ പിടിച്ചുകൊണ്ടുവന്നിരുന്നവർക്ക് ബൂർഷ്വാസിയുടെ വ്യവസ്ഥ സ്വാതന്ത്ര്യം നല്കി. പുതിയവ്യവസ്ഥയിൽ ജന്മിയായാലും പൊന്നുതമ്പുരാനായാലും മടിക്കുത്തിൽ റൊക്കം പൈസയുമായി വീടുവിട്ട് പുറത്തേക്ക് പോകേണ്ടിവന്നു. ചൂഷണം അവസാനിച്ചില്ല. ലൈംഗികതയും ഒരു ചരക്കായി മാറിയപ്പോൾ മുതലാളിത്തവ്യവസ്ഥയിലെ മറ്റേത് ഉത്പന്നത്തെയുംപോലെതന്നെ ഉടമസ്ഥാവകാശം ഉത്പാദകർക്ക് ലഭിച്ചില്ല. ആണുംപെണ്ണുമായ മുതലാളിമാരും ഇടത്തട്ടുകാരുമുണ്ടായി. ആദ്യകാലം തൊഴിലിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും കുത്തകയുണ്ടായിരുന്നു. മുതലാളിത്തംതന്നെ സ്ത്രീകളുടെ മേൽത്തട്ടിന് സാമ്പത്തിക സ്വാതന്ത്ര്യം  നല്കാൻ നിർബന്ധിതരായപ്പോൾ പുരുഷന്മാർക്കും തൊഴിൽ ലഭിച്ചു. അവിടെയും ഇവിടെയുമായി ചില്ലറ ലിംഗസമത്വമുണ്ടായി.

പക്ഷേ, മറ്റ് വ്യവസായരംഗങ്ങളിലെന്നപോലെ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ രംഗത്ത് മുതലാളിത്തത്തിന് പൂർണഅർത്ഥത്തിൽ ഉടമസ്ഥത നേടിക്കൊടുത്തത്. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിമിതമായ തരത്തിലെങ്കിലും ലൈംഗികതയും സൂക്ഷിച്ചുവെക്കാനാവുന്ന ഒരു ചരക്കായി മാറി. അനുഭൂതിപരമായ സംവേദനം ദൃശ്യശ്രാവ്യമാർഗങ്ങളിലൊതുങ്ങിയെന്നത് ശരി. രതിമൂർച്ഛയിലെത്താൻ ഉപഭോക്താക്കൾ അല്പസ്വല്പം സ്വയംപര്യാപ്തത ശീലിക്കേണ്ടിവന്നു എന്നുണ്ട്. മനുഷ്യശരീരത്തിൽ നിന്ന്, അത് മൂലധനത്തിന്‍റെ പുതിയ ഗോഡൗണുകളിലേക്ക് മാറുകയാണ്. അങ്ങനെ, തൊഴിലിന് തൊഴിലാളിയിൽ നിന്നുള്ള അന്യവത്കരണം എന്ന മുതലാളിത്തത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളിലൊന്ന് ഇവിടെയും പൂർത്തിയായി. പിൽക്കാലത്ത് സാംസ്കാരികമായ മേൽപ്പുരയുടെ ബോധങ്ങൾ മാറിമറിയുമ്പോൾ ഈ തൊഴിലാളികൾക്ക് ചിലയിടത്തെങ്കിലും പരിവേഷം മാറുന്നുണ്ട്. ഒരു പ്രോലറ്റേറിയറ്റ് അരിസ്റ്റോക്രസി കടന്ന് സെലിബ്രിറ്റികൾ ജനിക്കുന്നുണ്ട്.. പക്ഷേ, പരമ്പരാഗത തൊഴിലിന്‍റെ അടിപ്പടവുകാർ പഴയതുപോല അസ്പൃശ്യരായി തുടരുന്നുമുണ്ട്.

കഥ പൂർണമായും പ്രഭാഷണമായി മാറിക്കഴിഞ്ഞു. എങ്കിലും അവൾ ശ്രദ്ധയോടെ അവനെത്തന്നെ നോക്കിയിരിക്കുകയാണ്. യുവജനപ്രസ്ഥാനത്തിന്‍റെ ഒരുപാട് നേതൃത്വക്ലാസുകൾ കേട്ടിട്ടുള്ള അവൾ ഇമ്മാതിരി വിശകലനങ്ങൾ ആദ്യമായാണ് കേൾക്കുന്നത്. ഈ പരിഹാസം വ്യവസ്ഥിതിയോടോ അതോ മാർക്സിസ്റ്റ് വിശകലനരീതിയോട് തന്നെയോ എന്ന സംശയം തീരുന്നില്ല. പക്ഷേ, ഇത് മൂർത്തമായ വിശകലനംതന്നെ എന്ന് അവന്‍റെ വിഷാദപൂർണമായ ഗൗരവം.

അവൻ ഏതോ കെട്ട് വിടീക്കാനെന്നെ പെട്ടെന്ന് തല പലതവണ കുടഞ്ഞു. തലമുടി കശക്കി തുടർന്നു..

‘പറഞ്ഞ് കാടുകയറി…’

ബാക്ക് ബെഞ്ച്, ക്ലാസ് സമയത്ത് ഈ കാഴ്ച്ചക്ക് പറ്റിയ ഏക ഇടം. മൊബൈൽഫോൺ ഭദ്രമായി ഡസ്കിന്‍റെ അടിത്തട്ടിലിരിക്കും. മുൻബഞ്ചുകളിൽ നിന്ന് ഇവിടെവന്ന് പ്രദർശനം കണ്ടുപോകുന്നവരും സ്ഥിരംകുറ്റികളുമുണ്ട്. ഞാൻ ജീവിതത്തിൽ ആദ്യമായി തുണ്ട് കാണുന്നതും അവിടെ നിന്നാണ്… ബോധപൂർവ്വവും അല്ലാതെയും കണ്ടു. എനിക്ക് മൊബൈലില്ല. പക്ഷേ, തൊട്ടടുത്ത് പ്രദർശനം നടക്കുമ്പോൾ കണ്ണടച്ചോ മനസ്സടച്ചോ ക്ലാസിൽ  ശ്രദ്ധിച്ചിരിക്കാനാവില്ല. അങ്ങനെ സംഗതികൾ ഭേഷായി നടക്കുമ്പോഴാണ് കൂട്ടത്തിൽ ചിലർക്കെങ്കിലും ഒരു പൂർണതയ്ക്ക് വേണ്ടിയുള്ള ആഗ്രഹം ഉണ്ടാകുന്നത്. അക്കാലത്ത്തന്നെ അവർ സ്വൽപം ഗേസെക്സും കണ്ട് തുടങ്ങിയിരുന്നു. ഈ പ്രദർശനങ്ങൾ മുറക്ക് നടന്നുവരികേ അതിൽ ധീരമായി പങ്കുകൊള്ളാനോ, അല്ലെങ്കിൽ ധീരമായി ഒഴിഞ്ഞുമാറാനോ കഴിയാതെ വീർപ്പുമുട്ടി അസ്വസ്ഥനായി കഴിയുകയായിരുന്നു ഞാൻ. എന്നെ അവർക്ക് ദുർബലനായ ഒരു ഇരയായി തോന്നി. ഒരു ഇന്‍റർവൽ സമയത്ത് മൂത്രപ്പുരയിൽ വച്ച്, ആ കണ്ട കാഴ്ച്ചകളിൽ ചിലത് എന്നിൽ പ്രയോഗിക്കപ്പെട്ടു..

പിന്നെ, സാഹചര്യം ഒത്തുവരുമ്പോൾ അത് മുറക്ക് ആവർത്തിക്കപ്പെട്ടു..

ഫാസിസത്തിന്‍റെ ആൾക്കൂട്ട മനശാസ്ത്രം ഞാൻ അങ്ങനെയാണ് ആദ്യമായി അനുഭവിക്കുന്നത്. കൊല്ലങ്ങൾ കഴിഞ്ഞ് സുനത്തീവണ്ടിയിൽ കയറുമ്പോൾ അത് വീണ്ടും അറിഞ്ഞു.

സ്കൂളിൽ നടന്നുവന്ന ഈ കലാപരിപാടി ഒരിക്കൽ അദ്ധ്യാപകരറിയുന്നുണ്ട്. അന്ന് പക്ഷേ, ഇരയായ ഞാനും ഒരു കൂട്ടുപ്രതിയായി. എന്‍റെ മറുപടികൾ, സമയത്ത് പരാതിപ്പെട്ടില്ല എന്ന കാരണത്താൽ നമ്മൾ കാണുന്നതുപോലെ അസത്യവും ബോധപൂർവമുള്ള സമ്മതം നല്കലും ആയിമാറി. സാമൂഹ്യമൂലധനത്തിന്‍റെ കുറവുകൊണ്ട് ഞാൻ പ്രധാനപ്രതിയുമായി. ജാതി, വർഗം, വർണം, അങ്ങനെ പ്രതിയോടുള്ള സമീപനം നിർണയിക്കപ്പെട്ടു. മുൻബഞ്ചിൽ നിന്നെത്തിയവർ പഠനമികവിന്‍റെ പേരിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.

കൂട്ടുപ്രതികളെ അവരുടെ രക്ഷാകർത്താക്കൾ മറ്റ് വിദ്യാലയങ്ങളിലേക്ക് പറിച്ചുനട്ട് രക്ഷിക്കുകകൂടിച്ചെയ്തപ്പോൾ വിദ്യാർത്ഥികൾക്കിടയിൽ ഞാൻ ഒറ്റപ്പെട്ടു. ക്രൂരമായ ശിക്ഷാ നടപടികളിലൂടെ എന്നെ ശുദ്ധീകരിക്കാനായിരുന്നു അദ്ധ്യാപകരെ അപ്പാടെ വിശ്വസിച്ച അച്ഛന്‍റെ തീരുമാനം. ഒരേസമയം ഇരയും കുറ്റവാളിയുമാവുക. കുറ്റത്തിനും പിന്നെ, ശിക്ഷക്കും വിധേയനാവുക.

പാപിയേയും പാപത്തെയുംപറ്റി കർത്താവ് എത്രയോ പറഞ്ഞിരിക്കുന്നു.. പാപവിധേയനെപ്പറ്റി ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ…

പണിപ്പെട്ട് കുഴിച്ചുമൂടിയ ആ ഓർമ്മകളിലേക്കാണ് സുനത്തീവണ്ടി ഓടിയെത്തിയത്.

* * * * * *

സുനത്തീവണ്ടി തത്കാലം ഓട്ടം നിർത്തി. ആദ്യ ദിവസമായതിനാൽ അന്നത്തെ വേലകൾ അതോടെ കഴിഞ്ഞു. ചിരിയോടെ ഇനിയും വിളിക്കാമെന്നറിയിച്ച് ഞങ്ങളെ തിരിച്ചയിച്ചു. എല്ലാവരും മൂകരായി തിരിച്ച്നടന്നു. ആർക്കും പരസ്പരം നോക്കാനായില്ല. എല്ലാ ശിരസുകളും കുനിഞ്ഞിരുന്നു. നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് പുറകിൽനിന്ന് വിപിൻ ശാന്തന്‍റെ അയടുക്കലേയ്ക്കോടിയെത്തി…

‘ഇങ്ങള് കമ്യൂണിസ്റ്റാ…’  അവൻ ചോദിച്ചു.

‘എന്ന് ചോദിച്ചാൽ പതിവുള്ള അർത്ഥത്തിൽ അതെയെന്ന് പറയാം. പക്ഷേ, അന്തിമമായി അത് നമ്മൾ സ്വയം വിലയിരുത്തേണ്ടതല്ലല്ലോ…’

അയാളുടെ മുഖം പെട്ടെന്ന് പ്രസന്നമായി…

‘ഞാനും.. ബാലസംഘത്തില് തുടങ്ങി. നാട്ടില്, യൂത്ത് ഫെഡറേഷന്‍റെ മേഖലാ പ്രസിഡണ്ടാണ്.  ഇനിയിപ്പോ ഒഴിയണം…’

‘ബാലസംഘം… ഞാൻ, ഞാൻ മാർക്സിസ്റ്റ് പാർട്ടീലല്ല..’

ഒരു ഖേദപ്രകടനംപോലെ ശാന്തൻ പറഞ്ഞു..

‘ഇങ്ങള് സി.പി.ഐയാ…’

അല്പസമയം എന്തോ ആലോചിച്ചിട്ട് വിപിൻ ചോദിച്ചു. പിന്നെ ചിരിച്ചു..

‘അയ്നെന്താ…കമ്യൂണിസ്റ്റാണല്ലോ…’

ശാന്തനും ചിരിച്ചു… ‘ ലാൽ സലാം…’

അവർ മുഷ്ടിചുരുട്ടി പരസ്പരം അഭിവാദ്യം ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് – എനിക്കല്ല, മറ്റുള്ളവർക്കും അവമാനത്തിന്‍റെ ഈ വേളയിൽ എന്താണ് ഇത്ര സന്തോഷിക്കാൻ എന്നത് മനസിലായതേയില്ല. പക്ഷേ, അത് മനസ്സ് അസ്വസ്ഥമായിരുന്നത് കൊണ്ടല്ല. അപരിചിതമായ ആ പുതിയ ബന്ധത്തെ ഉൾക്കൊള്ളുന്നതിനുള്ള സാമൂഹ്യബോധം അതുവരെയുള്ള പൂർവചരിത്രം ഞങ്ങൾക്ക് തന്നിരുന്നില്ല. ഇന്നറിയുന്നുണ്ട്. ഏത് ദുരന്തത്തിന് മുൻപിലും ഒപ്പം നില്ക്കാൻ ചില സഖാക്കളുണ്ട് എന്നറിയുമ്പോൾ, പോരാട്ടത്തിനുള്ള സാധ്യത കാണുമ്പോൾ സിദ്ധാന്തത്തിന് നിരക്കാത്തതെങ്കിലും, വിപ്ലവകാരികൾ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ച് ആഹ്ലാദിച്ചുപോകും.

* * * * * *

തുണിയഴിപ്പിക്കലുള്ള  ദിവസങ്ങളിൽ കോണകംതന്നെ ഉടുക്കണമെന്നായിരുന്നല്ലോ ശാന്തന് കിട്ടിയ കല്പന. പക്ഷേ, പറയുന്നത് അപ്പാടെ അനുസരിച്ച് നടക്കാൻ അവൻ തയ്യാറായിരുന്നില്ല. ഒന്നുകിൽ കളരിയ്ക്ക് പുറത്ത് അല്ലെങ്കിൽ ആശാന്‍റെ നെഞ്ചത്ത് എന്ന ലൈനിൽ എല്ലാ ദിവസവുമങ്ങ് കോണാനാക്കുകയാണ് അവൻ ചെയ്തത്. പോരാ, വെളുപ്പും പച്ചയും ചുവപ്പും നിറത്തിൽ പലപല കോണകങ്ങൾ എം.എച്ചിന്‍റെ വാർക്കപ്പുറത്ത് അഴകെട്ടി  സാറന്മാരടക്കം എല്ലാവരും കാണാൻ പാകത്തിൽ അലക്കി വിരിച്ച് തൂക്കുകയും ചെയ്തു. ഏതാണ്ടൊരു പ്രതിഷേധത്തിന്‍റെ പതാകകൾ പോലെ. വല്ലാത്തൊരു പൂർണത ആഗ്രഹിച്ചിരുന്ന ആളായിരുന്നു അവൻ. എന്ത് ചെയ്താലും അങ്ങേയറ്റത്തേക്കുവെച്ച് ചെയ്യും. എല്ലാ അർത്ഥത്തിലും ഒരു എക്സ്ട്രീമിസ്റ്റ്. പക്കാ തീവ്രവാദി… അങ്ങനെ, കോണകം എന്‍റെയറിവിൽ അന്നാദ്യമായി ശക്തമായ ഒരു സമരായുധമായിമാറി. പക്ഷേ, തന്‍റെ കുന്നത്ത് എക്സ്പോയോടുള്ള സ്നേഹം അവൻ വിട്ടില്ല.. ആഴ്ച്ചയിലൊരിയ്ക്കൽ ഒരു പ്രിയങ്കരനായ സ്നേഹിതനൊപ്പമുള്ള കൂട്ടിരിപ്പ്പോലെ അവനെയിട്ട് ഗൃഹാതുരത്വം പുലർത്തിപ്പോന്നു.

ഒരുതരം ഗാന്ധിമാർഗമായിരുന്നു ശാന്തൻ അനുഷ്ഠിച്ചത്. അത് പക്ഷേ, നിസ്സഹകരണത്തിന്‍റെ നേരെ എതിർവശത്തായിരുന്നു. അമിതാനുസരണത്തിലൂടെ അപാരപരിഹാസം…

സമരത്തിന്‍റെ ലക്ഷ്യം കാണുക എപ്പോഴും അടിയന്തരവിജയത്തിലൂടെയല്ലെന്നും മറിച്ച് ആശയപ്രചരണവും അതിലൂടെ വിപുലപ്പെട്ടുവരുന്ന മുന്നണിയുമാണ് ആരംഭത്തിൽ ഉണ്ടാവേണ്ടതെന്നും നന്നേ ചെറുപ്പത്തിലേ പാർട്ടി കേഡറായി മാറിയ അവനറിയാമായിരുന്നു. വിചാരിച്ചതുപോലെ മാനത്ത് പാറിയ കോണകങ്ങളും കോണകം വന്നവഴിയും അധ്യാപകർക്കിടയിലടക്കം ചർച്ചയായി. പക്ഷേ, അറിഞ്ഞവരെല്ലാം കേട്ട തമാശ  ആസ്വദിച്ച് ചിരിച്ച് കണ്ണടച്ചു. പണിയറിയാവുന്ന ശാന്തന് നിരാശ തോന്നിയിട്ടില്ല. തന്‍റെ ഒറ്റയാൾ സമരം ചർച്ച ചെയ്യപ്പെട്ടതുതന്നെ അയാൾ വിജയമായെണ്ണി.

ഈ കലാലയത്തിന്‍റെ ചരിത്രത്തിൽ അടിവസ്ത്രം ഒരു സമരായുധമാകുന്നത് ഇദം പ്രഥമമല്ല.. ഒരു പഴയ കഥ കേട്ടിട്ടുണ്ട്. കെട്ടുകഥയാകാം. മെൻസ് ഹോസ്റ്റൽ എന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യം – സെബാസ്റ്റ്യൻ ഉറങ്ങുമ്പോഴേക്കും മത്തായിച്ചൻ ഉണർന്നെണീക്കുന്ന ഇവിടെ അധികാരികൾ സ്വപ്നം കണ്ടിരുന്നത് കോളേജ് കോംപൗണ്ടിനകത്ത് തന്നെ സുരക്ഷിതമാക്കിയ ഒരു ലേഡീസ് ഹോസ്റ്റലാണ്. ഒറ്റനോട്ടത്തിൽ അതിൽ ഒരു അനൗചിത്യമുണ്ട്. അതിന്‍റെ പണി തുടങ്ങുകയല്ല, തീരുകയും ചെയ്തു.. പുറത്ത്, കോളേജ്തന്നെ വാടകയ്ക്കെടുത്ത് പ്രവർത്തിപ്പിച്ചിരുന്ന ഒരു കെട്ടിടത്തിലായിരുന്നു അന്നത്തെ എം.എച്ച്… അന്ന് എം.എച്ച് എന്ന പേരുവീണിട്ടുണ്ടാവില്ല. ലേഡീസ് ഹോസ്റ്റലങ്ങനെ പണിയും തീർന്ന് ഉദ്ഘാടനം കാത്ത് കിടക്കുന്നു. ഇന്നത്തെപ്പോലെ വിദ്യാർത്ഥിനികളിൽ ഭൂരിപക്ഷവും അടുത്ത മൂന്ന് കന്യാസ്ത്രീ മഠങ്ങളുടെ ഹോസ്റ്റലിൽ കഴിയുന്നു… അങ്ങനെയിരിക്കെ കേവലം ബോയ്സ് ഹോസ്റ്റൽ മാത്രമായിരുന്ന ആ വാടകക്കെട്ടിടത്തിൽ ഒരു വെളുപ്പാൻ കാലത്ത് തുള്ളി വെള്ളമില്ലാത്ത അവസ്ഥ. അത് കേരളത്തിലെ ഈ കാണായ ഹോസ്റ്റലുകളിലൊന്നും അപൂർവസംഭവമാകാൻ വഴിയില്ല. പല്ലുതേപ്പും കുളിയും നിർബന്ധമല്ല. പക്ഷേ, അസഹിഷ്ണുത സ്വാഭാവികമാണ്. ഏറിയോ കുറഞ്ഞോ പ്രതിഷേധം അനിവാര്യവുമാണ്.. എന്നാൽ സംഭവിച്ചത് അതൊന്നുമല്ല. ആ ആശയം മുന്നോട്ട് വച്ചത് ആരാണാവോ, യാതൊരുവിധ വസ്തുനിഷ്ഠ സാഹചര്യങ്ങളുമില്ലെന്നിരിക്കിലും അവിടെ ഒരു വിപ്ലവത്തിനുള്ള സാധ്യത കാണണമെങ്കിൽ അവൻ മനുഷ്യന്‍റെ ഇച്ഛാശക്തിയിൽ ലെനിനോളംതന്നെ വിശ്വാസമുള്ളനായിരിക്കണം. അന്ന് അവിടെ നടന്നത് ഒരു സാഹസമാണ്. ആ വിദ്യാർത്ഥികൾ ബക്കറ്റും തോർത്തും ഉടുതുണിയുമെടുത്ത് കോളേജിലേക്ക് ഇറങ്ങുകയായി. ആർത്തലച്ച് ഒഴുകിയ ആ ജനക്കൂട്ടം നേരേചെന്ന് പണിതീർത്തിട്ടിരിക്കുന്ന ആ ലേഡീസ് ഹോസ്റ്റൽ ക്ഷണത്തിൽ കയ്യേറി. കുളിയും തേവാരവും കഴിച്ചത് പോരാ.. അന്ന് കോളേജിലെത്തിയ അദ്ധ്യാപകവിദ്യാർത്ഥിസമൂഹം കാണുന്നത് മൂന്നാംനില മുതൽ താഴേക്ക് പാരപ്പെറ്റുകളിൽ തിരുമ്മി വിരിച്ചിരിക്കുന്ന ജട്ടികളാണ്. ഈ ജട്ടികളിലൂടെ ആ കെട്ടിടം അക്ഷണം ഒരു മെൻസ് ഹോസ്റ്റലായിക്കഴിഞ്ഞു. അങ്ങനെ പിടിച്ചെടുത്തതാണ് ആ എം.എച്ച്.

‘ഇത് കഥയോ എന്തോ ആകട്ടെ.. ഇതിലെവിടെ വിപ്ലവം… പുരുഷമേധാവിത്വം സ്ത്രീകളുടെ സ്വത്ത് പിടിച്ചെടുത്ത പുതിയൊരു കഥ.. പുതിയൊരു വഴി. പതിവനുസരിച്ച് നിങ്ങൾക്ക് അതിലും നായകത്വം ആരോപിക്കാം..’

ഒന്നാലോചിച്ച ശേഷം അവളുടെ ആരോപണം അംഗീകരിച്ചെന്നപോലെ അവൻ പുഞ്ചിരിച്ചു.

‘ശരി… ബാക്കി കഥ പോരട്ടെ..’

അങ്ങനെ, കോണകസമരം അല്പം ചർച്ചയായത് മർദ്ദകരെ പ്രകോപിപ്പിച്ചു. അതിലേറെ അവന്‍റെ പരിഹാസം കുറിക്ക്കൊണ്ടു എന്നതായിരുന്നു സത്യം. അങ്ങനെ അവന് കോണകത്തിൽതന്നെ പണി കൊടുക്കാൻ നിശ്ചയിക്കപ്പെട്ടു. അസ്ഥാനത്ത് കാന്താരി മുളക് പൊട്ടിക്കുക. പോരാഞ്ഞ്, ശിക്ഷ നടപ്പിലാക്കാൻ അവർ തെരെഞ്ഞെടുത്തത് സഹമുറിയനായ എന്നെയും. ആരുമറിയാതെ കാര്യം കഴിക്കുക എന്നത് മാത്രമായിരുന്നില്ല ഈ തെരെഞ്ഞെടുപ്പിന് പിന്നിലെ ഉദ്ദേശ്യം ഒരു ഇരട്ടനീക്കത്തിലൂടെ അവന് ശാരീരികവേദന, ഒപ്പം എനിക്ക് ഒറ്റുകാരന്‍റെ മാനസികവ്യഥയും. തന്നെയല്ല, ഞങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രവുമുണ്ട്. ബ്രിട്ടനിൽ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് മനസ്സ് മരവിച്ച് മനുഷ്യത്വം മരിച്ചെത്തിയ പഴയ പട്ടാളക്കാരാണ് ക്യാംപിലെത്തുന്ന പുതിയ കേഡറ്റുകൾക്കായി റാഗിംഗ് എന്ന കലാരൂപം ചിട്ടപ്പെടുത്തിയതെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ആ നിലക്കും അതിന് ചരിത്രപരമായ സാംഗത്യമുണ്ടല്ലേ..

അങ്ങനെ മെസ്സിന്‍റെ പിന്നിൽ ഷിബുച്ചേട്ടൻ നട്ട് വളർത്തിയ ചീനിയിൽ നിന്നടർത്തിയ ഒരുപിടി പഴുത്ത കാന്താരി അവർ എനിക്ക് നീട്ടി. ഞാൻ താഴ്ന്നസ്വരത്തിൽ ഒരൊഴിവ് പറയാൻപോലും മുതിർന്നില്ല. മുറിയിലേക്ക് അവരുംകൂടി വന്നു. ഭിത്തിയലമാരയുടെ ഒരു മൂലക്ക് ശാന്തൻ അലക്കി ഉണങ്ങി മടക്കി വച്ചിരിക്കുന്ന നാലഞ്ച് കോണാനുകൾ. എം.എച്ചിൽ അടുക്കും ചിട്ടയും വൃത്തിയുമുള്ള അപൂർവം ചിലരിലൊരാളാണ് ശാന്തൻ. കോണാനുകൾ ഒന്നൊന്നായി എടുത്ത് സുന വരുന്ന ഭാഗം നോക്കി ഞാൻ കാന്താരികൾ ഞെവടി തേച്ചു. എല്ലാം ഭംഗിയായെന്ന് ഉറപ്പാക്കി സീനിയേഴ്സ് മടങ്ങി.. കുളികഴിഞ്ഞ് വന്ന് ശാന്തൻ സാധനം എടുത്ത് ഉടുത്തു. ഒന്ന് രണ്ട് മിനിട്ട് പുകച്ചിലോടെ എരിപിരികൊണ്ട് നടന്ന് കാണും. പിന്നെ നേരെ കുളിമുറിയിലേക്കോടി. കാര്യം കണ്ടുപിടിച്ച് അവൻ തിരികെവന്നു. ഓരോ കോണാനുകളായി അയാൾ എടുത്തുനോക്കി. ഞാൻ എല്ലാം കണ്ടുകൊണ്ട് കട്ടിലിൽ തലയും കുനിച്ചിരുന്നു..

‘അവന്മാര്ടെ പണി കണ്ടാ..’

മുളകിന്‍റെ അരികൾ കാണിച്ചുകൊണ്ട് അവൻ കോണകം എന്‍റെ നേരേ നീട്ടി. അന്ന് സ്ട്രിപ്പിംഗ് ഉള്ള ദിവസമാണ്. കോണകം നിർബന്ധമുള്ള ദിവസം. എല്ലാ കോണകങ്ങളിലും കാന്താരി. ശിക്ഷ ഉറപ്പാക്കാനാണ് ഈ ദിവസംതന്നെ തിരഞ്ഞെടുത്തത്. തോർത്തും ഉടുത്ത് കുറച്ച് നേരം ശാന്തൻ കട്ടിലിലിരുന്നു. എന്നിട്ട് അവനെന്നോട് ചോദിച്ചു.

‘അവരെന്തായിരിക്കും ഉദ്ദേശിക്കുന്നത്. കോണാൻ ഉടുക്കാതെ ചെല്ലണം. അപ്പോൾ വീണ്ടും തല്ലണം. ഇതൊക്കെ വെറും പുല്ലാണ് എന്ന് പറഞ്ഞങ്ങോട്ട് ചെന്നാലോ..’

ഉശിര് കേറി ചാടിയെണീറ്റ അവൻ വീണ്ടും കോണാനെടുത്ത് ഉടുത്തു.

‘ഹാ…’ പല്ല് കടിച്ചമർത്തി. അവന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. മൂച്ചിൽ ശ്വാസമെടുത്ത് പുകച്ചിലിനെ അതിജീവിച്ച് ചിരിച്ച്കൊണ്ട് എന്നെ നോക്കി. മൂത്ത ഭ്രാന്ത്…

അന്നും തീവണ്ടി ഉണ്ടായിരുന്നു. മുളക് പ്രയോഗത്തിൽ അവർ തോറ്റപോലെ തോന്നി. പരിപാടി കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ അവൻ വിപിനോട് മുളക് കഥ പറഞ്ഞു. ഞാൻ ഒരക്ഷരം മിണ്ടാതിരുന്ന് അത് കേട്ടു..

‘ഞാനിത് ഒന്നൂടി നനച്ചിടാം..’ ഞാൻ പറഞ്ഞു.

‘അയ്യേ.. നീ എന്ത്ന്നാ പറയണേ.. ഇതേ, ഒരു റൗണ്ട് ഇങ്ങനെ പോട്ടെ.. രോഷം കൂടാൻ പുകച്ചില് നല്ലതാ..’ എന്നായിരുന്നു മറുപടി.

അങ്ങനെ അവൻ ആഴ്ച്ച മുഴുവൻ മുളക് തേച്ചുവച്ച കോണാനുകളുമുടുത്ത് നടന്നു. ശാന്തൻ, ആ കോണാനുമുടുത്ത് നടക്കുമ്പോൾ എനിക്ക് ബോക്സറിട്ട് നടക്കാൻ വയ്യ. കുറ്റബോധം മൂർച്ഛിച്ച ഒരു സമയം ഞാനും മുളക് തേച്ചുവച്ചിരുന്ന ഒരു കോണാനെടുത്ത് ഉടുത്തു നോക്കി. ഒരു ഭ്രാന്തമായ പ്രായശ്ചിത്തം. ഞാൻ നക്ഷത്രമെണ്ണി നില്ക്കുന്നത്കണ്ട് അവനെന്നെ അന്തംവിട്ട് നോക്കി.. ഞാനെന്‍റെ പാപഭാരമിറക്കിവച്ചു.

ശാന്തൻ വിഷാദപൂർണമായ ചിരിയോടെ പറഞ്ഞു..

‘നമുക്ക് പൊരുതാം…’

കാലത്തിന് മായ്ക്കാനാകാത്ത ഒരു മുറിവ്, മറക്കാൻ പണിപ്പെട്ട് തോറ്റ ഒരു വേദനയുടെ തനിയാവർത്തനം. പിന്നെയും തെറ്റുകൾക്ക് വഴങ്ങേണ്ടി വരുന്നതിന്‍റെ കുറ്റബോധം. വീണ്ടുമൊരു തകർച്ച തുടങ്ങുകയാണ്. അതിന് മുകളിലായിരുന്നു ശാന്തനോട് ചെയ്ത തെറ്റ്. അതിനെ അവൻ നിസാരമായെണ്ണി. ശാന്തനിൽ ഞാൻ ഒരു മാതൃക കണ്ടു. അവനെപ്പോലെ അവിടെ കോണകം ചുറ്റിച്ചെന്ന് പ്രകോപിപ്പിച്ചാലോയെന്ന് ഒരു നിമിഷം തോന്നി. പക്ഷേ, സ്വാഭാവികമായും ധൈര്യം ഉണ്ടായില്ല. അവിടം മുതലാണ് ഞാൻ അവനെ അനുകരിക്കാൻ തുടങ്ങുന്നത്…

* * * * *

റാഗിംഗ് മുറക്ക് തുടരുന്നു. തുണിയഴിക്കൽ സ്ഥിരം പംക്തി. അത് നടക്കുമ്പോൾ ഞാൻ സ്കൂളിലേക്ക് തിരിച്ചുപോകും. പീഡനങ്ങളിൽ ശ്രേഷ്ഠം ലൈംഗികപീഡനം തന്നെ, ശരീരത്തെയും മനസ്സിനെയും ഇങ്ങനെ ഒരുപോലെ തകർക്കാൻ ശേഷിയുള്ള മറ്റൊരു മർദ്ദനമുറയുമുണ്ടാവില്ല. വർഷമെത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഓരോ ഉണർച്ചകളിലും ആ ഓർമ്മകൾ തികട്ടി വരുന്നു. അന്നൊന്നും ട്രോമ എന്ന വാക്കിന്പോലും ഇത്രയേറെ പ്രചാരമുണ്ടായിട്ടില്ലല്ലോ. പിന്നീട് ട്രെൻഡ് സെറ്റ് ചെയ്ത ലൂപ് ഫിക്ഷനുകളും വരുന്നതേയുള്ളൂ. തങ്ങളെല്ലാം അനുഭവിക്കുന്നതിൽ കൂടുതൽ മറ്റെന്തോ വേദനകൂടി ഞാനിവിടെ അനുഭവിക്കുന്നുണ്ടെന്ന് ആദ്യം മനസിലാക്കുന്നത് വിപിനാണ്. മറ്റുള്ളവരെല്ലാം ഞാൻ അവരേക്കാൾ ദുർബലനാണെന്നേ കണ്ടുള്ളൂ. വിപിനത് ശാന്തനോടും പറഞ്ഞു.

ഒരു ദിവസം പീഡ കഴിഞ്ഞുവന്ന് ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് കിടക്കുകയായിരുന്നു. നല്ല ക്ഷീണമുണ്ടല്ലോ.. ഞാൻ തലയിണ കെട്ടിപ്പിടിച്ച് കണ്ണിറുക്കിയടച്ച് കമിഴ്ന്ന് കിടന്നു. കണ്ണടച്ചാൽ പിന്നെ പഴയ ഓർമകളാണ്. വിപിൻ പതിവ്പോലെ എന്നെ കെട്ടിപ്പിടിച്ച് വലത്തേക്കാൽ എന്‍റെ ദേഹത്ത് കയറ്റിവെച്ച് കിടക്കും. അവനങ്ങനെ ചെയ്യുമ്പോൾ ആ സ്നേഹം പോലും, വിഷം തീണ്ടിയ ഓർമ്മകളിൽ നിന്ന് എന്നിൽ സംശയങ്ങളുണർത്തും. കുറ്റബോധം നിറഞ്ഞ് ഞാൻ വീണ്ടും നീറും. എന്‍റെ മുന്നിലെത്തുന്ന എല്ലാറ്റിനോടും ഈ തെറ്റിന്‍റെ മാനദണ്ഡത്തിൽ നിന്ന് പ്രതികരിക്കാൻ ഞാൻ നിർബന്ധിതനായി. എന്‍റെ ബോധംതന്നെ ഒരു വലിയ തെറ്റിന്‍റെ ഉത്പന്നമായിത്തീർന്നു.

‘ഞാൻ പറഞ്ഞില്ലേ, പാപത്തെയും പാപിയെയും പറ്റി ആരെല്ലാം എന്തെല്ലാം പറഞ്ഞിരിക്കുന്നു. പാപവിധേയനെപറ്റി ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ…’

കൈപ്പത്തികൾ തലയ്ക്ക് പിന്നിൽ കോർത്ത്പിടിച്ച് മലന്ന് കിടന്നാണ് ശാന്തനുറങ്ങുക. ദൃഷ്ടികൾ മേലേക്ക് പോകും. പിന്നെ ചിന്തയിലാഴും.. രാഷ്ട്രീയം പറയും. ലോകത്തെ ഓർത്തുള്ള വിഷാദമാണ്. പിന്നെ, വിപ്ലവത്തിലേക്ക് പോകും. സ്വപ്നം കാണും. അങ്ങനെ ആഹ്ലാദത്തിലേക്ക്.. യാതനകളിലാരംഭിച്ച് ശുഭാപ്തി വിശ്വാസത്തിന്‍റെ ആനന്ദത്തിലേക്ക്.

മറ്റുള്ളവരുടെ വേദനകളിൽ ആനന്ദിക്കാനാവുന്ന എന്തൊരു സംവിധാനമാണ് മനുഷ്യന്‍റെ മസ്തിഷ്കത്തിലുള്ളതെന്ന് അന്നവൻ ചോദിച്ചു. എന്നെ എത്രയോ നാളുകളായി അലട്ടിക്കൊണ്ടിരുന്ന ചോദ്യം. അങ്ങനെ ആ കഥ ഞാനാദ്യമായി പുറത്ത്പറഞ്ഞു.. കരയാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വലതുകാൽ ദേഹത്ത് നിന്നിറക്കിവെച്ച് വിപിൻ കെട്ടിപ്പിടുത്തം ദൃഢമാക്കി. ശാന്തനും കരഞ്ഞ് കഴിഞ്ഞിരുന്നു. രണ്ട് പേരും ഒന്നും മിണ്ടിയില്ല. പൊറുക്കാനാവാത്ത വേദനകളിൽ വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിക്കൽ അപഹസിക്കലാണെന്ന് അറിയാവുന്ന മനുഷ്യർ..

അങ്ങനെ, കാണുന്ന സകലമനുഷ്യരെയും ഭയന്നും ബന്ധങ്ങളെയെല്ലാം സംശയിച്ചും കഴിഞ്ഞ നാല് വർഷങ്ങൾക്ക് അവരിൽ വിരാമമായി.

* * * * *

റാഗിംഗിനെ സംഘം ചേർന്നെതിർക്കാൻ ബാച്ചിനെ സജ്ജമാക്കുന്നതിനുള്ള ശാന്തന്‍റെയും വിപിന്‍റെയും ശ്രമങ്ങൾ വിഫലമായി. ആദ്യം ഭയം മാത്രമായിരുന്നു സംഘടിക്കാനും എതിർക്കാനുമുള്ള പ്രതിബന്ധമായി നിന്നതെങ്കിൽ പതിയെ പലരും ഈ അടിമത്തത്തോട് പൊരുത്തപ്പെടാൻ തുടങ്ങി. ചിലരെങ്കിലും, നാളെ തങ്ങൾക്കും അവസരമുണ്ടെന്ന വാഗ്ദാനം മനസ്സാ സ്വീകരിച്ചു. പക്ഷേ ശാന്തൻ, അവൻ തുടരെ വെടി പൊട്ടിച്ചുകൊണ്ടേയിരുന്നു.

മദ്യത്തിന് വേണ്ടിയുള്ള പണപ്പിരിവ് റാഗിംഗിന്‍റെ ഭാഗമായിരുന്നു. ഇതിന് മാത്രം കൃത്യമായ ചിട്ട ഉണ്ടായിരുന്നില്ല. ദാഹം തോന്നുമ്പോൾ കയ്യിൽ കിട്ടുന്നവരാരോ അവരായിരുന്നു ഇരകൾ. ഒരിക്കൽ ശാന്തനും കയ്യിൽപ്പെട്ടു. പക്ഷേ, അവന്‍റെ കയ്യിൽ നിന്ന് അവർക്കൊന്നും കിട്ടിയില്ല. കമ്മ്യൂണിസ്റ്റുകാർ മദ്യപിക്കുകയോ മദ്യപാനത്തിന് പ്രോത്സാഹനം നല്കുകയോ ചെയ്യില്ലെന്ന് അവനങ്ങ് പ്രഖ്യാപിച്ചു. കിട്ടിയ അടിയത്രയും നിർവികാരനായി ഏറ്റുവാങ്ങി. തല്ലുകൊള്ളുമ്പോൾ ആ കമ്മ്യൂണിസ്റ്റ് ഗുണങ്ങളൊന്നും നിനക്ക് കാണുന്നില്ലല്ലോയെന്നും ജട്ടിയുടെ കാര്യത്തിൽ മാത്രമല്ല, ഇതിലും നീ ഗാന്ധിയനാണല്ലേ എന്നുമുള്ള പരിഹാസം സ്വന്തം ബാച്ചിൽ നിന്ന്തന്നെയുണ്ടായി. സൈദ്ധാന്തികമായി നോക്കിയാൽ ഒരു മാർക്സിസ്റ്റല്ലെങ്കിലും മഹാത്മജി പ്രായോഗികമായി എത്രയോ ഇടതനായിരുന്നു എന്നൊരു വിശദീകരണവും അടിയുടെ ചൂടാറുംമുൻപേ അവൻ  നല്കി.

* * * * *

ഒരു വർഷം നീണ്ടുനിന്ന പീഡാനുഭവങ്ങൾക്ക് ശേഷം ഞങ്ങളും സീനിയേഴ്സായി. എന്തുചെയ്യാം, അത് വിമോചനത്തിന്‍റെ മധുരമായിട്ടല്ല ആഘോഷിക്കപ്പെട്ടത്. ഭൂരിപക്ഷത്തിനും അതുപക്ഷേ പീഡകപദവിയിലേയ്ക്കുള്ള അധികാരാരോഹണത്തിന്‍റെ ആഹ്ലാദമായിരുന്നു. നാളെയൊരിക്കൽ, സീനിയേഴ്സായിക്കഴിയുമ്പോൾ വ്യവസ്ഥിതിയെ മാറ്റിപ്പണിയുന്നതിനെപ്പറ്റി അതുവരെ പലരും പ്രസംഗിച്ചിരുന്നു. അധികാരത്തിനുവേണ്ടി ഒരുക്കുകൂട്ടുന്ന സമയം എല്ലാ വർഗങ്ങളും വിപ്ലവകാരികളാണ്. എന്നാൽ അധികാരത്തിലേറിക്കഴിയുമ്പോൾ അവരും പിന്തിരിപ്പന്മാരായിത്തീരുകയും മർദ്ദകരായി അധഃപതിയ്ക്കുകയും ചെയ്യുന്നു. ജനതകളുടെ ചരിത്രത്തിലുടനീളം ഇതത്രേ കഥ…

പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനം ഉടൻതന്നെ തുടങ്ങും… ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് തീർക്കുക…’ ഇവിടെ കളിയുടെ പ്രാഥമിക നിയമമാണത്. അവർ തങ്ങൾക്കായി ഒരുക്കുന്ന ഇരകളുടെ വരവിനെ കാത്തിരുന്നു..

അവരെത്തി… കലാലയത്തിൽ നിലനിന്നുവരുന്ന കീഴുവഴക്കങ്ങൾ പാലിച്ചുകൊണ്ട്, സ്വാനുഭവത്തിലൂടെ ആർജിച്ച പീഡനമുറകൾ, ചിരകാലമാനിതങ്ങളായ ആചാരങ്ങൾ, അവ ഒന്നൊന്നായി അവരുടെമേൽ പയറ്റപ്പെട്ടു. പുറമേ സ്വന്തം സർഗാത്മകതയ്ക്കൊത്ത് പുതിയ പീഡനമുറകൾ വികസിപ്പിച്ചെടുക്കാനും അവ പരീക്ഷിയ്ക്കാനും ശ്രമിച്ചു. വിജയിച്ചവ പരിരക്ഷിയ്ക്കപ്പെട്ടു… വരുംകാലത്തിന് പകർന്ന് കൊടുക്കേണ്ടതുണ്ട്..

അന്ന്, ശാന്തൻ യാതൊരു മയവുമില്ലാതെയാണ് പ്രതികരിച്ചത്.. അതുവരെക്കണ്ട ശാന്തനെയല്ല അന്ന് കണ്ടത്. പരിഹാസത്തോടെയെങ്കിലും അന്നേവരെ തുടർന്നുവന്ന വിധേയത്വം അയാൾ അവസാനിപ്പിച്ചു… മറ്റുള്ളവരെപ്പോലെ അവന്‍റെയും ശബ്ദത്തിലും പ്രവൃത്തിയിലും അധികാരത്തിന്‍റെ ഭാവം വന്നിരുന്നു. ഭീരുത്വത്തിന്‍റെ അടയാളമാണോ ഈ കണ്ടത് എന്ന് തോന്നി.. ഇക്കണ്ട കാലമത്രയും ചൂഷകരോട് ഭയത്താൽ വിധേയത്വം, ഇപ്പോൾ സൗഹൃദം തരുന്ന ധൈര്യം മൂലം നിസഹകരണം. എന്നാൽ ചരിത്രത്തിൽ ഇതുവരെയും വിപ്ലവം തുടർന്നുവന്നത് ഇതേരീതിയിലാണ്. ഈവിധം, മർദ്ദനോപാധികളുടെ ഭീഷണിക്ക് കീഴെ ഇര നല്കപ്പെടുന്ന അനുവാദത്തോടെയാണ് പണി. കൃത്യമായ നിർവചനം ലെനിന്‍റെ വാക്കുകളിൽ പറഞ്ഞാൽ വിരുദ്ധശക്തികളുടെ സോപാധികമായ ഐക്യത്തിലാണ് ചൂഷണം, ഒപ്പം തുടരുന്ന അവസാനമില്ലാത്ത സംഘട്ടനം. വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ ആനുകൂല്യം ലഭിക്കുമ്പോഴേ വിപ്ലവം പ്രായോഗികമാവൂ…

ശാന്തന്‍റെ അധികാരം മറ്റുള്ളവരുടേത് പോലെയല്ല,  അത് ദൈവദത്തമാണെന്ന് കണ്ടു. എന്തെന്നാൽ അത് സ്നേഹത്തിന്മേൽ അനുവദിച്ച് കിട്ടിയ അധികാരമായിരുന്നു. ശരിയിലേക്ക് പിടിച്ചുവലിക്കാനായി മാത്രം സുഹൃത്തിനുമേൽ സുഹൃത്തിനുള്ളതെന്ന് അവൻ കരുതിപ്പോന്ന ആ അധികാരത്തിന് പൂർണതയിലല്ലെങ്കിലും ഞങ്ങളെ കുറേയേറെ അനുസരിപ്പിയ്ക്കാൻ സാധിച്ചിരുന്നു. വളരെ ചുരുക്കം ചിലർക്കെങ്കിലും അത് തങ്ങളുടെ ചെയ്തികളിൽ വീണ്ടുവിചാരം നല്കി. വിപിനാകട്ടെ റാഗിംഗിലേർപ്പെട്ട സകലരുമായും ഒരകലം പാലിച്ചു, ആ ഒരു വർഷം മുഴുവൻ. ശാന്തന് അതൊട്ടും വയ്യായിരുന്നു. റാഗിങ്ങിൽ നിന്ന് ഒഴിഞ്ഞുനിന്നപ്പോഴും അതിന്‍റെ പൈശാചികത കുറയ്ക്കാനായി മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നതിന് സൗഹൃദം നിലനിർത്തണം എന്നതായിരുന്നു അവന്‍റെ നയം. ഒരുകണക്കിൽ നാട്ടിലെ ബൂർഷ്വാജനാധിപത്യപാർട്ടികളോടുള്ള തങ്ങളുടെ സ്വന്തം കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രപരമായ നയമാണ് അവരിവിടെ ആവർത്തിച്ചത്..

ഇതുവരെ പങ്കെടുക്കുകമാത്രം ചെയ്തുവന്ന ഒരു പരിപാടി, അത് ഏറ്റെടുത്ത് നടത്തിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും ചില പ്രശ്നങ്ങളുണ്ടായി. ചിലർക്ക് ആർത്തിയായിരുന്നു. മറ്റു ചിലർക്ക് സഭാകമ്പവും. ഇരകളെ എണ്ണത്തിലും സമയത്തിലും എല്ലാവർക്കും തുല്യമായി കിട്ടുന്നില്ല എന്ന പരാതിയും വേഗംതന്നെ വന്നുചേർന്നു. അങ്ങനെയാണ് പ്രശ്നപരിഹാരത്തിന് ഒരു യോഗം ചേരുന്നത്. താറാവ് എന്ന് വിളിക്കുന്ന നിതീഷ്, അദ്ദേഹമാണ് ക്ലാസെടുത്തത്. ആളൊരു സാധു. കോൺഗ്രസുകാരനാണെങ്കിലും പലരെയുംപോലെ സംഘപരിവാറുകാരനാണ്. ദോഷം പറയരുതല്ലോ… റാഗിംഗിന് കക്ഷിരാഷ്ട്രീയ ഭേദമേയില്ല..  കലാലയരാഷ്ട്രീയം നിരോധിക്കപ്പെട്ട ഇവിടെ തീരെയില്ല..

‘മയത്തിൽ വേണം തൊടാൻ. ആവേശം പാടില്ല.. ആദ്യം മനസിനെയാണ് കീഴ്പ്പെടുത്തേണ്ടത്.. മനസ് കീഴ്പ്പെട്ടാൽ ശരീരം താനേ കീഴ്പ്പെട്ടോളും.’

‘ നമ്മുടെ സീനിയേഴ്സിന്‍റെ അടവ് തിരിച്ചായിരുന്നു..ശരിയല്ലേ..? ‘

ശംഭു സംശയിച്ചു.

‘അതെ..പക്ഷേ,  ഇവരുടെ അടുത്തത് വിലപ്പോവില്ല.. നമ്മളെപ്പോലല്ല, പ്രതികരണശേഷി കൂടും. കണ്ടില്ലേ..’

മീറ്റിംഗിലേക്ക് വിപിൻ തള്ളിക്കയറിവന്നു. ചൂടായി വലിയ ഒച്ചപ്പാടായി. ശാന്തനും വന്നു. ഒരിക്കൽക്കൂടി സാമം, ദാനം, ഭേദം, ദണ്ഡം എല്ലാം പയറ്റിനോക്കി. ഞാനും എന്തെല്ലാമോ പറഞ്ഞു. ശാന്തനും വിപിനും ഇറങ്ങിപ്പോയി. ആദ്യമായി ഒരു പിളർപ്പ്. ആദർശനിഷ്ഠമായ പിളർപ്പ്.

* * * * *

അക്കാലത്ത് റഫീഖ് എം.എച്ചിലേക്ക് വന്നു. മറ്റ് ജൂനിയേഴ്സിനൊപ്പമല്ല. കോളേജ് തുടങ്ങി അല്പംകഴിഞ്ഞാണ് അവന് എം.എച്ചിൽ അഡ്മിഷൻ കിട്ടുന്നത്. അതുകൊണ്ട് ഞങ്ങളുടെവക പ്രത്യേകസ്വീകരണമുണ്ടായി. ഞാനെന്നും പരിപാടി കാണാൻ പോകും. പക്ഷേ, കൂടില്ല. കണ്ടാസ്വദിക്കാനല്ല.. സങ്കടപ്പെടാൻ.. അത് എന്തൊരുതരം വൈകാരിക പ്രചോദനമായിരുന്നു എന്നറിയില്ല.

റഫീഖിന് എന്നെപ്പോലെ എന്തോ പ്രത്യേകമായൊരു സംഘർഷമുണ്ടെന്ന് എനിക്ക് മനസിലായി. ഒരു ആശ്വാസം നല്കാൻ ഞാനവനോട് സംസാരിച്ചു. ശാന്തനും വിപിനും ആ പണിയുണ്ടായിരുന്നു.. നല്ല വിപുലമായ തോതിൽ. അവർ ജൂനിയേഴ്സിന് ആശ്രയിക്കാനാവുന്ന ചേട്ടന്മാരായിരുന്നു. റാഗിംഗ് കാലത്ത് സീനിയേഴ്സ് സാറന്മാരാണ്. ശാന്തൻ ആ വിളി തിരുത്തിച്ചു. അവന്‍റെ, വിപിന്‍റെ, എന്‍റെ കാര്യത്തിലും. വിപിൻ സ്വയം ഒറ്റയാനായി,  ശാന്തൻ കൂട്ടത്തിൽ ഒറ്റപ്പെട്ടു. ഞാൻ പറ്റിച്ചേർന്നു.

അപ്പോഴാണ് ലാറ്ററൽ എൻട്രിക്കാർ വന്നത്. പിന്നെ, ശാന്തനും വിപിനും അവരോടൊപ്പം പോയി.

റഫീഖ് എന്നെപ്പോലായിരുന്നെങ്കിലും എന്നെപ്പോലെ ആയിരുന്നില്ല. അന്തർമുഖനല്ല. വളരെ നന്നായി എഴുതും..’

അത് കേട്ടപ്പോൾ അവൾ കുറച്ചുകൂടി ശ്രദ്ധയോടെ നിവർന്നിരുന്നു.

‘ശാന്തനും വിപിനും സാഹിത്യമുള്ളതുകൊണ്ട് അവർ അവനോട് കൂട്ടായി. പക്ഷേ, അവന്‍റെ വേദന അവർ തിരിച്ചറിഞ്ഞില്ല. അവരെക്കാണുമ്പോൾ റഫീഖ് സന്തോഷത്തിലേക്ക് പോകും. അവർ രാഷ്ട്രീയവും സിനിമയും കവിതയും കഥയുമെല്ലാം ചർച്ച ചെയ്യും.. ഇതിലൊന്നും ശീലമില്ലാത്ത എന്‍റെ അടുത്ത് അവൻ വിഷണ്ണനായി. ഒരിക്കൽ ഞാൻ അവനോട് എന്‍റെ കഥകൾ പറഞ്ഞു. എന്‍റെ ആശ്വാസത്തിനല്ല. എല്ലാവരും നിന്നെപ്പോലെ ദുഃഖിതരാണെന്നറിയിച്ച്  സ്വാന്ത്വനിപ്പിക്കുന്ന തന്ത്രം. അവൻ… അവൾ തന്‍റെ സ്വത്വം തിരിച്ചറിയുന്ന കാലമായിരുന്നു. ആ സത്യം അവൾ എന്നോട് പറഞ്ഞു..  ഞാൻ ഞെട്ടിപ്പോയി.

കടന്നുപോയ വഴികളാണല്ലോ മനുഷ്യരുടെ ബോധം രൂപപ്പെടുത്തുന്നത്. ചൂട് വെള്ളം തൊട്ട പൂച്ചയാണ്. സത്യം പറഞ്ഞാൽ അന്നെനിക്ക് അറപ്പും വെറുപ്പും തോന്നിയിരുന്നു. ഇന്നതോർക്കുമ്പോൾ എന്നോട്തന്നെ അത് തോന്നുന്നു. ശാന്തനോടും വിപിനോടും അക്കാര്യം പറഞ്ഞു. പരിഷത്ത് പ്രവർത്തകൻ കൂടിയായ വിപിൻ കൃതകൃത്യമായ ഒരു ജൻഡർ അവബോധക്ലാസ്സ് നടത്തി. ഒന്നും എനിക്ക് പിടിച്ചില്ല. ടി.എച്ച്.എസ് കഴിഞ്ഞുവന്ന, ജീവിതത്തിലൊരിക്കലും ബയോളജി പഠിക്കാത്ത ശാന്തൻ അതെല്ലാം ശ്രദ്ധയോടെ കേട്ടു. എല്ലാം എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞെന്ന ധാരണയിൽ വിപിൻ പോയി. ശാന്തൻ പറഞ്ഞു..’

‘ ഇത് വേറാരോടും പറയണ്ട.. അവന്… അവനോ അവളോ..’

പക്ഷേ, അതെന്‍റെ കയ്യിൽ നിന്നില്ല. റഫീഖിന്‍റെ സത്യം എല്ലാവരും അറിഞ്ഞു. റാഗിംഗിൽ അതൊരു പുതിയ സാധ്യതയായി.. ഒടുവിൽ തന്‍റെ സ്വത്വം ധീരതയോടെ പുറത്ത് പറഞ്ഞ് അവൾ എം.എച്ച് വിട്ടു…

വിപിൻ അന്നെന്നെ ശരിക്ക് ചീത്തപറഞ്ഞു. ഞാൻ വാദിച്ചു..

‘ഇതൊക്കെ പ്രാന്താണ്.. എന്നെ ഉപദ്രവിച്ചവരാരും ഗേസെക്സ് തുടരുന്നില്ല. അവർക്കൊക്കെ ഇപ്പോ കാമുകിമാരുണ്ട്.. ഇതൊരു അവസ്ഥയൊന്നും അല്ല..’

ശാന്തൻ ഒന്നും മിണ്ടാതെ അവളെ കാണാൻപോയി.

എനിക്ക് വേണ്ടി മാപ്പ് പറഞ്ഞു. എല്ലാം നല്ലതിനായി, എത്രകാലം അഭിനയിക്കാനാവും എന്നാണ് അവൾ അവനോട് ചോദിച്ചത്.. അവൻ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി. ഞാൻ, തെറ്റിനിരയായി തെറ്റായ ബോധ്യത്തിലേക്ക്, അങ്ങനെ വീണ്ടും തെറ്റിലേക്ക്..’

അവൻ കൈകൾ മെത്തയിൽ മുറുക്കെപ്പിടിച്ച് കണ്ണുകൾ ഇറുക്കി ഇരുന്നു..

‘റഫീഖ് പിന്നെ..’ അവന്‍റെ പുറത്ത് തട്ടിക്കൊണ്ട് അവൾ ചോദിച്ചു..

‘റസിയ… പൊരുതി ജയിച്ചു… കോളേജിലും പുറത്തും..’

അവൾ ഉഷാറായി..

‘എന്നിട്ട്, കഥ പിന്നെ…’

* * * * * *

സുനത്തീവണ്ടി ഓടിക്കൊണ്ടേയിരുന്നു. അത് പിന്നെ നിലയ്ക്കുന്നത് ഞങ്ങളുടെ നല്ലകാലത്താണ്. മൂന്നാമത്തെ കൊല്ലം.. ആ അദ്ധ്യയനവർഷം അവസാനിയ്ക്കാൻ പോകുന്നു. ഞങ്ങളുടെ തൊട്ട് സീനിയേഴ്സ് – അതായത് ഞങ്ങളെ നേരിട്ട് പീഡിപ്പിച്ച ബാച്ച് – അവർ പടിയിറങ്ങാൻ തയ്യാറായെടുത്ത് നില്ക്കുന്നു.. യാത്രയാവുന്നതിന് മുൻപ് ഞങ്ങൾ അവർക്ക് നൽകുന്ന എം.എച്ച് ഫെയർവെൽ പാർട്ടി.. എല്ലായ്പ്പോഴും തൊട്ട് മുതിർന്ന ബാച്ചായിരിക്കും പീഡനത്തിന്‍റെ പ്രായോഗികരംഗത്ത് മുന്നിൽ നില്ക്കുക. സൂപ്പർ സീനിയേഴ്സ്, മൊത്തത്തിലുള്ള നേതൃത്വം നല്കുന്നതിലും ജൂനിയർ പീഡകരുടെ ഇടയിൽ പീഡനത്തിന്‍റെ ആവശ്യകതയും മഹിമകളും വ്യക്തമാക്കുന്ന റാഗിംഗിന്‍റെ ആശയപ്രചരണരംഗത്തും മാത്രമായി ഒതുങ്ങി നില്ക്കും..

പ്രധാനനേതാക്കളിലൊരാളായ കെ.എസ് ആണ് വേദിയിൽ..

‘മറ്റൊരു കലാലയത്തിലും കാണാനാവാത്ത ഒരു ജൂനിയർ – സീനിയർ ബന്ധമുണ്ട് നമുക്ക്…’

വലിയൊരു ദുരുദ്ദേശത്തോടെയാണ് അയാളന്നത് പറഞ്ഞത്. എങ്കിലും ആ പറഞ്ഞത്, തീർത്തും സത്യമായിരുന്നു. ഞാൻ മുൻപ് പറഞ്ഞ ഈ കലാപരിപാടികളെല്ലാംതന്നെ ഒന്നാം വർഷത്തിന്‍റെ അവസാനത്തോടെ കഴിയുകയാണ്. രണ്ടാം വർഷത്തോടെ ജൂനിയർ സീനിയർ ബന്ധത്തിൽ – ഒന്നാം വർഷത്തെ അടിമയുടമ ബന്ധത്തിന് കടകവിരുദ്ധമായ ഒരു മുഖം അത്ഭുതകരമായി ഉരുത്തിരിയപ്പെടുന്നു. എന്‍റെ അറിവിൽ മറ്റൊരു കലാലയത്തിലും കാണാത്ത ഒരു സാഹോദര്യബന്ധത്തിലേയ്ക്ക് അത് വിപ്ലവകരമായ ഒരു പുനരാവിഷ്കാരം നടത്തുന്നു. ഈ ബന്ധത്തിന്‍റെ ദൃഢതയിലാണ് പിന്നെയങ്ങോട്ട് ആ കലാലയം എൻ.എസ്.എസും കേരളത്തിലെ എണ്ണം പറഞ്ഞ ടെക്ഫെസ്റ്റും എല്ലാ വർഷവും സർവകലാശാലാ യുവജനോത്സവം പിടിക്കുന്ന ആർട്സും സ്പോർട്സുമെല്ലാം നടത്തുന്നത്. ഇതിന്‍റെയെല്ലാം നേതൃത്വപരമായ ചുമതല ഇതേ എം.എച്ച് സ്വന്തം ചുമലിൽ ഏറ്റെടക്കുകയും ചെയ്യും. തെരെഞ്ഞെടുപ്പ്പോലും നടത്താതെ രൂപീകരിക്കുന്ന ഒരു സെനറ്റിന്‍റെ കീഴിൽ ഇതെല്ലാം സാധിക്കുന്നുണ്ടെങ്കിൽ കെ.എസ് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു.  പുറത്ത് മറ്റൊരാൾക്ക് പറഞ്ഞ് കൊടുക്കാൻ പോലും ആവാത്ത എന്തോ ഒരു സംഘശക്തി അവിടെ എന്നും പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയാണവിടം വർഷങ്ങളായി സാധാരണ കലാലയങ്ങളിൽ കാണുന്ന ഗ്രൂപ്പ് വഴക്കുകളില്ലാത്ത, ബാച്ച് വിഭാഗീയതകളില്ലാത്ത ഹോസ്റ്റൽവാസികളും ഡേ സ്കോളേഴ്സും തമ്മിൽത്തല്ലാത്ത ഒരിടമായി മാറുന്നത്, ശാന്തി അനുഭവിക്കുന്നത്. കഴിഞ്ഞില്ല, എൻ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ പേരിലും എം.എച്ചിന്‍റെയും സെനറ്റിന്‍റെയും പേരിലും പഠനം കഴിഞ്ഞിറങ്ങിയ ഒരാളും ഇവിടെ നിന്ന് പുറത്താകുന്നില്ല. വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാവരും തറവാട് സന്ദർശിക്കും. പഠനം കഴിഞ്ഞ് പിരിഞ്ഞ്പോയി വർഷങ്ങൾക്ക് ശേഷം ഒരിയ്ക്കൽ തിരിച്ചുചെന്ന് ഒന്ന് ഒത്തുകൂടി പോരേണ്ടവരായി മാറുന്നില്ല ഞങ്ങൾ. ഇറങ്ങിയതിന് ശേഷവും ആഘോഷങ്ങൾ ഓരോന്ന് വരുമ്പോഴും – ആർട്സോ, ടെക്ഫെസ്റ്റോ, എൻ.എസ്.എസ് ക്യാമ്പോ എന്തായാലും ശരി – ജൂനിയേഴ്സ് ഞങ്ങളെ വിളിക്കും. ആ പോക്കിൽ ഞങ്ങൾ പുതിയ സഖാക്കളെ പരിചയപ്പെടും. നമ്മൾ ഇറങ്ങിയ സമയം അവിടെ എത്തിയിട്ട് പോലുമില്ലാത്ത ആളുകൾ, അവരും നമ്മുടെ ജൂനിയേഴ്സാവും. അതങ്ങനെ തുടരും.. എന്നോ പഠനം കഴിഞ്ഞ് പോയവരുമായി ഞങ്ങൾക്കും ബന്ധമുണ്ട്… അങ്ങനെ ആ കുടുംബം വർഷാവർഷം വലുതാവുന്നതല്ലാതെ ആരും യഥാർത്ഥത്തിൽ അവിടെനിന്നങ്ങനെ പിരിഞ്ഞ്പോകുന്നില്ല. എന്ന് കയറിച്ചെന്നാലും അവിടെ നമുക്കൊരിടമുണ്ടാവും.. ഒരിക്കൽ കർമംകൊണ്ട് ആ കലാലയവുമായി ബന്ധപ്പെട്ടവരെല്ലാം എന്നെന്നേക്കും സഹോദരരായിത്തീർന്നുകഴിഞ്ഞു..

പക്ഷേ, ഈ മഹത്വങ്ങൾക്കെല്ലാം കളങ്കമായി നില്ക്കുന്ന ആ ആഭാസത്തെ ഇതിന്‍റെയെല്ലാം കാവൽക്കാരനായി പ്രതിഷ്ഠിക്കുന്ന ഒരു ശീലം അവിടെ നടപ്പിലുണ്ട്. ആ വൃത്തികേടിനൊപ്പം കാലങ്ങളായി ആവർത്തിച്ച് പറഞ്ഞ് സ്വയം അടിച്ചേല്പിച്ച ഒരു വിശ്വാസമാണത്. അതിന് ഒരുങ്ങുകയായിരുന്നു കെ.എസും പോകും മുൻപ് റാഗിംഗിന്‍റെ മഹത്തായ സന്ദേശം പകർന്ന് നല്കുക. അങ്ങനെ മുൻപുള്ളവർ ചെയ്തതുപോലെ മേല്പറഞ്ഞ സാഹോദര്യം ഉരുത്തിരിയുന്നത് റാഗിംഗിലൂടെയാണെന്ന് അദ്ദേഹവും പ്രഖ്യാപിച്ചു. അതോടൊപ്പം റാഗിംഗ് മനുഷ്യനെ ഏത് പ്രതിസന്ധിയെയും കുലുങ്ങാതെ നേരിടുന്ന ധീരനും ബലവാനുമാക്കിത്തീർക്കുന്ന സാംസ്കാരിക പ്രക്രിയതന്നെ എന്ന പൊതുപല്ലവി ചേർത്തുവച്ചു..

‘ഒരു കലാലയത്തിലും കാണാത്ത ഒരു ജൂനിയർ സീനിയർ ബന്ധമുണ്ട് നമുക്ക്.. ഇവിടുത്തെ എന്ത് സവിശേഷതയാണ് നമ്മളെയിങ്ങനെയാക്കിയത്. എങ്ങനെയാണ് ഈ ബന്ധം രൂപപ്പെട്ടത്. ഒരു വർഷം നീണ്ടുനില്ക്കുന്ന റാഗിങ്ങ്, അതിലൂടെ ജൂനിയേഴ്സിനും സീനിയേഴ്സിനും അടുത്ത് ഇടപഴകാൻകിട്ടുന്ന അവസരം… യാതൊരു മറയുമില്ലാതെ നമ്മൾ പരസ്പരം അടുത്തറിയുന്നു… യാതൊരു മറയുമില്ലാതെ…’

‘യാതൊരു മറയുമില്ലാതെ…’  കൂട്ടച്ചിരി..

‘അപ്പോ ഞങ്ങൾക്കൊന്നും ഈ സാഹോദര്യബന്ധം ഇല്ല, എന്നാണോ…’

സാഹചര്യവശാൽ റാഗിങ്ങ് അടക്കമുള്ള അൽക്കുൽത്ത് പണികളിലൊന്നുംപെടാതെ എന്നും മാറിനിന്ന ഒരു വിഭാഗത്തിന്‍റെ പക്ഷത്ത് നിന്നായിരുന്നു ആ ചോദ്യം.. മലപ്പുറത്ത്കാരൻ ഷിഹാബുദ്ദീൻ ആയിരുന്നു അത്… ലാറ്ററൽ എൻട്രിക്കാരായാരുന്നു അവർ. പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞ് എഞ്ചിനീയറിംഗിന്‍റെ രണ്ടാംവർഷത്തേക്ക് അഡ്മിഷൻ വാങ്ങുന്നവർ. ശാന്തൻ ആ പേര് മലയാളീകരിച്ച് അവരെ പാർശ്വപ്രവേശിതസഖ്യം എന്ന് വിളിച്ചുവന്നു… അവർക്ക് നേതാക്കന്മാരില്ല. അവരുടെയിടയിൽ സമ്പൂർണ ജനാധിപത്യമാണ്. അവരായിരുന്നു ഒരർത്ഥത്തിൽ കലാലയത്തിന്‍റെ ആത്മാവും ഹൃദയവുമായിരുന്നത്.. എൻ.എസ്.എസിലും ടെക്ഫെസ്റ്റിലും കലാമേളകളിലും ഹോസ്റ്റൽ കമ്മറ്റികളിലുമെല്ലാം പ്രായോഗികനേതൃത്വം നല്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിരുന്നത് അവരായിരുന്നു. പോളിടെക്നിക്കിലെ അനുഭവപരിചയവും പ്രായത്തിന്‍റെ മൂപ്പും അതിന് സഹായകമായി. രണ്ടാംവർഷം കോളേജിൽ എത്തുന്നവരായതിനാൽ അവർക്ക് റാഗിംഗ് അനുഭവിക്കേണ്ടി വന്നിരുന്നില്ല. അക്കാരണംകൊണ്ട് പീഡകരുടെ വേഷം കെട്ടേണ്ടിയും വരുന്നില്ല.. കാരണം ഒരിക്കലെങ്കിലും ഇരയാവവർക്ക് മാത്രമേ വേട്ടക്കാരനാവാനും അനുവാദമുണ്ടായിരുന്നുള്ളൂ. തികച്ചും ന്യായവും അത്ര ധാർമികവുമായ ഈ നിയമം എത്രയും കർക്കശമായി പാലിക്കപ്പെട്ടിരുന്നു.

     ഷിഹാബിന്‍റെ ചോദ്യംതന്നെ ചിന്തിക്കുന്ന പക്ഷം ഈ പരമ്പരാഗതമായ അന്ധവിശ്വാസത്തെ തിരിക്കാൻ പര്യാപ്തമായിരുന്നു.. പക്ഷേ, അതവിടെവച്ച് തീർന്നില്ല. വിപിൻ നേരേ വേദിയിലേക്ക് ചാടിക്കയറി കെ.എസിനോട് തർക്കിക്കാൻ തുടങ്ങി. വികാരപരമെങ്കിലും തികച്ചും ആശയപരമായ സംവാദം. പക്ഷേ, ഭൂരിപക്ഷം അവർക്കായിരുന്നു.. പക്കാ, ജനാധിപത്യപരമായാണ് ഒരിക്കൽക്കൂടി ഈ പീഡനത്തെ സ്നേഹത്തിന്‍റെ മൂലകാരണമാക്കി പ്രതിഷ്ഠിച്ചത്.

വിരഹവൈകാരികമായ ആ അന്തരീക്ഷത്തിലും പീഡനം അതിന്‍റെ മുറക്ക് നടന്നു. ഒരിടത്ത് യാത്രയയപ്പിന്‍റെ ഈ ആഘോഷം നടക്കുമ്പോൾ മറ്റൊരിടത്ത് ഞങ്ങളുടെ ജൂനിയേഴ്സ് – രണ്ടാം വർഷക്കാർ – അവരുടെ ജൂനിയേഴ്സുമായി പതിവ് കലാപരിപാടി തകർക്കുകയായിരുന്നു. അദ്ധ്യയനവർഷം അവസാനിക്കുന്നു. അക്കൊല്ലത്തെ കളിയുടെ കലാശക്കൊട്ട്… പീഡിതർ മുതിരാൻ പോകുന്നു.. സമയം കഴിയാറായതിനാൽ കളിയ്ക്ക് തീവ്രത കൂടും..

അന്ന് താടനങ്ങൾക്കിടെ ഒരു ജൂനിയറിന്‍റെ വലതുകണ്ണിന് അടിയേറ്റു. അതവന്‍റെ കാഴ്ച്ച നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തി. അന്ന് അതുവരെ കടിച്ചുപിടിച്ച് നിന്നിരുന്ന വിപിൻ ആദ്യമായി ഒരു അക്രമസമരത്തിലേർപ്പെട്ടു. പക്ഷേ, അവൻ തല്ലിയത് തെറ്റ് ചെയ്ത ഞങ്ങളുടെ ജൂനിയേഴ്സിനെയോ അവർക്ക് കൂട്ട്നിന്ന സ്വന്തം ബാച്ച്കാരെയോ അല്ല. തലേദിവസം പ്രസംഗിച്ച കെ.എസിനെ ആയിരുന്നു. അതൊരു വികാരപരമായ പ്രവർത്തനമായിരുന്നു.. ഒരു നിമിഷം എല്ലാവരും അസ്ത്രപ്രജ്ഞരായിപ്പോയി. പിന്നെ, ഏറ്റവും രോഷാകുലരായത് ഞങ്ങളുടെ ബാച്ച്തന്നെ. തക്കസമയത്ത് വീണ്ടും പാർശ്വപ്രവേശിത സഖ്യം ഇടപെട്ടു. പോളിയിൽ കൊണ്ടുംകൊടുത്തും മടുത്തതിന്‍റെയാകാം അവർക്ക് പാകതയും സമാധാനകാംക്ഷയും വന്നിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വിപിനെ അടികൊള്ളാതെ മുറിയിലെത്തിച്ചത്.. ആ സമയം ഞാൻ ശാന്തനെത്തേടി. ഒരു നിസ്സഹായാവസ്ഥയിലാരുന്നു ശാന്തൻ. ഒരുപക്ഷേ, അന്ന് ആദ്യമായി…

ഞാനടക്കം സകലരും വിപിനെ കുറ്റപ്പെടുത്തിയ സമയം. എന്തൊക്കെപ്പറഞ്ഞാലും എല്ലാവരും ഏറെ ബഹുമാനിച്ചിരുന്ന ആളായിരുന്നു കെ.എസ്. നല്ലൊരു നേതാവ്. കോളേജിന്‍റെ പല വിജയങ്ങൾക്കും ചുക്കാൻപിടിച്ച മനുഷ്യൻ..

സമചിത്തത വീണ്ടെടുത്ത് വിപിന്‍റെ പ്രവൃത്തിയെ അനുകൂലിച്ചു ശാന്തൻ. വിപിൻ അടിയും കഴിഞ്ഞുപോയപ്പോൾ അതിന് ഒരു സൈദ്ധാന്തികവിശദീകരണം നല്കിയത് ശാന്തനാണ്. തികച്ചും പ്രതീകാത്മകമായ ഒരു മർദ്ദനമായിരുന്നു അതെന്ന് അവൻ പറഞ്ഞു.. കെ.എസിനെ പീഡനത്തിന്‍റെ ബിംബം എന്നനിലക്ക് തെരെഞ്ഞെടുത്തതാണ്. അതാകട്ടെ തലേദിവസത്തെ ആ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം. വ്യവസ്ഥിതിക്കെതിരായ പ്രതിഷേധത്തിന് അത് നല്ല മാർഗമാണത്രേ…

വിപിനെ മുറിയിലാക്കി ഷിഹാബുദ്ദീൻ ഇറങ്ങി. അപ്പോഴേക്കും ഞാൻ അവിടെയെത്തി. എനിക്ക് അവനോട് ഒന്നും പറയാനായില്ല. എന്തെല്ലാമോ തർക്കമൊക്കെക്കഴിഞ്ഞ് ശാന്തനും വന്നു. ഒന്നും മിണ്ടാതെ കട്ടിലിലിരുന്നു. വിപിൻ കുറ്റബോധം നിറഞ്ഞ മുഖത്തോടെ അവന്‍റെ തോളിൽ കൈവച്ചു. രണ്ട് കൈകൊണ്ടും അവന്‍റെ കൈപ്പത്തിയിൽ പിടിച്ചുകൊണ്ട് ശാന്തൻ വിഷാദംവിടാതെ ഒന്നു ചിരിച്ചു.

‘വലിയ മാറ്റങ്ങൾക്ക് മുൻപ് വലിയ വേദനകളുണ്ടാവും, വലിയ സംഘർഷങ്ങളും…’ പതിവ് നാടകീയതയോടെ അത്രയും പറഞ്ഞ് അവൻ എവിടേക്കോ ഇറങ്ങി. കാലങ്ങളായി നീറിപ്പിടിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നം, അതൊരു പൊട്ടിത്തെറിയാവുമ്പോൾ, ആശയങ്ങൾ തമ്മിലുള്ള സംഘർഷം മറനീക്കി ആഭ്യന്തരസംഘട്ടനമുണ്ടാവുമ്പോഴാണ് മാറ്റത്തിനുള്ള സാധ്യതയും തെളിയുക. ഒരു സംഘർഷവും കൂടാതെ സമാധാനപൂർണ്ണമായി യാതൊരു പ്രശ്നവും ഇന്നുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ വിഷയം വിപ്ലവത്തിനുള്ള വസ്തുനിഷ്ഠ സാഹചര്യം ഒരുക്കിയിരിക്കുന്നു എന്നായിരുന്നു ശാന്തന്‍റെ വിശകലനം.

ഞാനും വിപിനും പുറത്തിറങ്ങുമ്പോൾ അവിടെ ആരെയും കാണാനില്ലായിരുന്നു. എം.എച്ച് ഇത്ര വിജനമായും മൂകമായും ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല. രണ്ടോ മൂന്നോ പേർ വരുന്ന ചില ചെറിയ സംഘങ്ങൾ ഗ്രൗണ്ടിലും മരങ്ങളുടെ ചുവട്ടിലും ഉണ്ട്. അത്തരം ഒരു ചെറിയ സംഘം ഞങ്ങളുടെ നേരെ നടന്നു വരുന്നുണ്ട്. അവർ വിപിനെ ശകാരിച്ചു. അവന് ഒന്നും മിണ്ടാൻ കഴിയുന്നില്ല. ഞാൻ എന്തെല്ലാമോ പറഞ്ഞു. ഉന്തും തള്ളുമായി. പെട്ടെന്നാണ് ദൂരെ നിന്ന് കെ.എസും ശാന്തനുംകൂടി ഓടിവരുന്നത്. പിന്നെ, കെ.എസ്തന്നെ കൂട്ടുകാരെ തള്ളിമാറ്റി.

‘ഇവിടെ ഇന്നേവരെ ജൂനിയേഴ്സും സീനിയേഴ്സും തമ്മിൽ തല്ലിയിട്ടില്ല…’

വൈകാരികമായി അയാൾ കൂട്ടുകാരോട് വിളിച്ചുപറഞ്ഞു. എന്നിട്ട് വിപിന്‍റെ തോളത്ത് തട്ടി.

‘ഞാനത് വിട്ടു…’

അവർ തിരിച്ച് നടന്നു. വിപിൻ കെ.എസിന്‍റെ കൈത്തണ്ടക്ക് പിടിച്ചു നിർത്തി. വേദന നിറഞ്ഞ ഇടറുന്ന സ്വരത്തിൽ ചോദിച്ചു..

‘ഇവിടെ, ജൂനിയേഴ്സും സീനിയേഴ്സും തമ്മിൽ തല്ലാറില്ലേ…’

കെ.എസ് ഒന്നുംമിണ്ടാതെ തലതാഴ്ത്തി നടന്നുപോയി..

ഇതിനിടെ മറ്റേക്കാര്യം ഔദ്യോഗികതലത്തിൽ എത്തി. വിഷയം പോലീസിൽ അറിയിക്കുക, അറിയിക്കാതിരിക്കുക. ധാർമികത എന്ന അമൂർത്ത ആശയത്തിന് മുകളിൽ കലാലയത്തിന്‍റെ സൽപ്പേര് എന്ന യഥാർത്ഥ്യത്തെക്കുറിച്ച് സ്വാഭാവികമായും ആവലാതികളുണ്ടായി. അറിയിച്ചില്ല എങ്കിൽ സ്ഥാപനമേധാവി എവിടെച്ചെന്നിരിക്കും. ഈ ധർമ്മസങ്കടം മൂലം ലഭിച്ച കാലതാമസം പ്രതികളെ രക്ഷിച്ചു. ആ കുട്ടി അപകടനില തരണം ചെയ്തു.. കുറച്ചധികം കുട്ടികളുടെ ഭാവി എന്നെന്നേക്കുമായി അടച്ച് കളയണ്ട എന്നൊരു മഹാമനസ്കത അവന്‍റെ രക്ഷിതാക്കൾ കാണിച്ചതോടെ പ്രശ്നം പ്രശ്നമല്ലാതെ അവസാനിച്ചു.

തലമുറതലമുറയായി കൈമാറി ഒരു സമുദായം ഒന്നടങ്കം ചെയ്തുപോരുന്ന തെറ്റിൽ ഒന്നോ രണ്ടോപേർ മാത്രം ശിക്ഷിക്കപ്പെടുന്നതിൽ വലിയ നീതിയൊന്നുമില്ല എന്നുകൂടി ആ അച്ഛൻ പറഞ്ഞു. ശിക്ഷിക്കപ്പെടേണ്ടത് വ്യവസ്ഥിതിയും ധാരണകളുമാണ്. ശിക്ഷ എന്ന വാക്കിന്‍റെ അർത്ഥംതന്നെ വിദ്യാഭ്യാസം എന്നാണല്ലോ..

പീഡനത്തിനിടയിൽ സംഭവിച്ച മുഖമടച്ചുള്ള ഒരടിയാണ് പരിക്കിന് കാരണമായത്. ഇരയായ പയ്യൻ മുടിനീട്ടി സായിബാബാ സ്റ്റൈലിൽ നടന്ന ഒരു സീനിയറിനെ കളിയാക്കിച്ചിരിച്ചു എന്നതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. അദ്ദേഹം ഇങ്ങനെ ചിരിച്ചതിനും രണ്ട് കൂട്ടുകാരോട് പ്രസ്തുത മുടിയനെച്ചൂണ്ടി തമാശ പറഞ്ഞതിനും സാക്ഷികളുണ്ടായിരുന്നു. സംഭവം പൊളിറ്റിക്കലി ഇൻകറക്ട്. പക്കാ, ബോഡിഷേമിംഗ് തന്നെ. ഒരു തെറ്റ് കണ്ടാൽ ശിക്ഷിക്കാൻ ആൾക്കൂട്ടശക്തിക്ക് അധികാരമുണ്ടല്ലോ. അധികാരം നല്കുന്നത് കക്ഷിരാഷ്ട്രീയമോ തിണ്ണമിടുക്കോ ഇവിടത്തെപ്പോലെ  മൂപ്പിളമയോ എന്തായാലും.

ശാന്തന് ആ പയ്യനെ വലിയ ഇഷ്ടമായിരുന്നു. ആ പയ്യനെ മാത്രമല്ല. അതാത് കാലം റാഗിംഗിനിരയാവുന്ന ജൂനിയേഴ്സിനോട് പ്രത്യേകസൗഹൃദമുണ്ടാക്കുകയെന്നത് അവന്‍റെ ശീലമായിരുന്നു. മറ്റെല്ലാവരും തങ്ങളെ തല്ലാൻ നിക്കുമ്പോൾ അതിനെ എതിർത്ത് സൗഹൃദം സ്ഥാപിക്കാൻവന്ന ചേട്ടനോട് അവർക്ക് വലിയ സ്നേഹമായിരുന്നു.

പിറ്റേന്ന്, ഹോസ്റ്റൽ കമ്മറ്റി നടന്നത് ഇൻചാർജ് സന്ദീപ് മാഷെടെ ഉത്സാഹത്തിലാണ്. മറ്റൊരു ലാറ്ററൽ എൻട്രിക്കാരനും മുന്നേപറഞ്ഞ ഷിഹാബുദ്ദീന്‍റെ സന്തതസഹചാരിയുമായ ഷൗക്കത്താശാനാണ് ഹോസ്റ്റൽ സെക്രട്ടറി.. ലാറ്ററൽസ് റാഗിംഗിനോട് എന്നും കാണിച്ചിരുന്നത് നിഷ്ക്രിയമായ ഒരു വിയോജിപ്പായിരുന്നു. അതായത് റാഗിംഗെനെതിരെ അവർ പ്രത്യക്ഷത്തിൽ നടപടികളൊന്നും സ്വീകരിച്ചില്ല. എന്നാൽ റാഗിംഗ് നടക്കുന്ന മുറികൾതന്നെ അവർ എന്നെന്നേക്കും ബഹിഷ്കരിച്ചു. പലപ്പോഴും അതിനെ രൂക്ഷമായി വിമർശിച്ചു, സൗഹൃദസംഭാഷണങ്ങളിൽ അതിനെതിരെ വൈകാരികമായി സംസാരിച്ചു. റാഗിംഗിന് ഇരയാവാത്തവരാരും അതിൽ കയറി ഇടപെടണ്ട എന്ന നിഷേധാത്മകനിലപാടായിരുന്നു അതിനുകിട്ടിയ പ്രതികരണം. അനുഭവിച്ചവനേ അതിന്‍റെ വേദനയറിയൂ എന്ന്കൂടി പലരും പറഞ്ഞ്കളഞ്ഞു. ആ വേദന ആരുടെയെങ്കിലും നെഞ്ചത്ത് തീർക്കണം എന്ന നിലപാട്.. ആ നിസ്സഹായാവസ്ഥ അവരെ വീണ്ടും നിസ്സംഗതയിലേക്ക് നയിച്ചു. പക്ഷേ, ഇപ്പോൾ ശാന്തൻ പറഞ്ഞതുപോലെ മാറ്റത്തിനുള്ള വസ്തുനിഷ്ഠസാഹചര്യം ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നു. ഈ നെറികേട് ഇപ്പോഴെങ്കിലും അവസാനിപ്പിക്കേണ്ടത് അനിവാര്യമായിത്തീർന്നു. പ്രതിരോധത്തിനുള്ള സമയം സമാഗതമായിരിക്കുന്നുവെന്നും ഇനിയൊരു അവസരം കിട്ടിയെന്നുവരില്ല എന്നുമുള്ള ഉറച്ച ബോധ്യം മറ്റാരിലുമേറെ തങ്ങളുടെ വർദ്ധിച്ച അനുഭവത്തിന്‍റെ വെളിച്ചത്തിൽ ലാറ്ററൽസിന് ഉണ്ടായി. അങ്ങനെയൊരു തീരുമാനത്തിലേക്ക് ഹോസ്റ്റൽകമ്മറ്റിയെ എത്തിക്കുന്നതിനുവേണ്ടി അവരൊരു ഗൂഢാലോചനാ കമ്മറ്റി ചേർന്നു. മൂന്ന് വർഷം വിദ്യാർത്ഥിരാഷ്ട്രീയവും അക്രമരാഷ്ട്രീയവുമുള്ള കലാലയങ്ങളിൽ പണി പഠിച്ചിട്ട് വന്നവരാണല്ലോ.. ഭൂരിപക്ഷവും ഇടതുപക്ഷം തന്നെ. ഷിഹാബുദ്ദീൻ ആശാനാവട്ടെ തിരൂരങ്ങാടി പോളിയിലെ പഴയ യൂണിറ്റ് സെക്രട്ടറി…

വർഗബഹുജനസംഘടനകളുടെയും മറ്റ് പൊതുവേദികളുടെയും നിയന്ത്രണത്തിനുവേണ്ടി നമ്മുടെ പാർട്ടി ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്.. ഫ്രാക്ഷൻ…

ട്രേഡ് യൂണിയനിലും വിദ്യാർത്ഥിസംഘടനയിലുമൊക്കെ തനി പാർട്ടിക്കാർ മാത്രമല്ലല്ലോ ഉണ്ടാവുക. പക്ഷേ, അതാത് സംഘടനകളുടെ കമ്മറ്റികൾക്കുള്ളിൽ എപ്പോഴും പാർട്ടി കേഡർമാരുടേതായ ഒരു സംഘം ഉണ്ടാകും. ഈ സംഘം കമ്മറ്റിക്കുള്ളിൽ ഒരു കുറുകമ്മറ്റിയായി പ്രവർത്തിക്കും. ഈ ഫ്രാക്ഷൻ കമ്മറ്റി യഥാർത്ഥകമ്മറ്റിക്കുള്ളിൽ ബോധപൂർവം സംവാദാത്മകമായും ആവശ്യമായിവന്നാൽ അധികാരമുപയോഗിച്ചും പ്രവർത്തിച്ചുകൊണ്ട് യഥാർത്ഥകമ്മറ്റിയെ മുൻകൂട്ടിയെടുത്ത പാർട്ടി തീരുമാനങ്ങളിലേക്ക് കൊണ്ട്ചെന്നെത്തിക്കും. മിക്കപ്പോഴും നിർണായക തീരുമാനങ്ങളെല്ലാം രൂപംകൊള്ളുന്നത് ഈ ഫ്രാക്ഷനിൽ തന്നെയാണ്. ഇങ്ങനെയൊരു സംവിധാനം പ്രവർത്തിക്കുന്നത് മറ്റ് കമ്മറ്റി അംഗങ്ങൾ സാധാരണഗതിയിൽ അറിയുക പോലുമില്ല. ഈ പണി ഭംഗിയായി നടത്തിയാൽ പോഷകസംഘടനകളെ മാത്രമല്ല വായനശാല മുതൽ അമ്പലക്കമ്മറ്റിവരെ പിടിക്കാം.

ഈ രീതിയാണ് അവർ പയറ്റിയത്. ഒരു ലാറ്ററൽ ഫ്രാക്ഷൻ. അതിലേക്ക് അവർ രണ്ട് പേരെക്കൂടിവിളിച്ചു. ഹോസ്റ്റൽ കമ്മറ്റിയിലെ ഒരു പ്രധാനി എന്ന നിലയിലും ഇതിനകം കോളേജിലെ മറ്റുപല ചുമതലകളിലും എത്തിച്ചേർന്നിരുന്ന സ്വാധീനശക്തി എന്ന നിലയിലും വിപിനെ.. പിന്നെ, അങ്ങനെയൊരു സ്ഥാനങ്ങളുമില്ലാത്ത, ഹോസ്റ്റൽ കമ്മറ്റി അംഗമല്ലാത്ത ഇങ്ങനെയൊക്കെയെങ്കിലും സാധാരണ വിദ്യാർത്ഥികൾക്കിടയിലുണ്ടാക്കിയ ആശയപരമായ സ്വാധീനത്തിന്‍റെ പേരിൽ ശാന്തനെയും. അങ്ങനെ കൃത്യമായ ഒരു പദ്ധതിയുമായാണ് അവർ ഹോസ്റ്റൽ കമ്മറ്റിയിലേക്ക് വന്നത്..

കമ്മറ്റികൂടിയിരുന്ന ഹാളിന് പുറത്ത് ഇടനാഴിയുടെ ഒരറ്റത്ത് ജൂനിയേഴ്സും മറ്റേയറ്റത്ത് സീനിയേഴ്സും കാത്തുനിന്നു. അവർക്കിടയിലായി ശാന്തൻ നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. ഞാൻ ശാന്തന്‍റെ അടുത്ത് ചെന്നുനിന്നു. അവിടെ നിന്നാൽ അകത്ത് പറയുന്നത് അവ്യക്തമായി കേൾക്കാം. എന്നാൽ ശാന്തന്‍റെ മനസ് അവിടെയെങ്ങും ഇല്ല. ഞാൻ കാതോർത്തു. ഹോസ്റ്റൽ വാർഡൻ സന്ദീപ് മാഷിന്‍റെ ശബ്ദമാണ്.

‘തുടങ്ങാം.. മുഖവുരയൊന്നും ആവശ്യമില്ലല്ലോ.. പ്രശ്നങ്ങൾ ചെറുതൊന്നും അല്ല…’

ഷിഹാബുദ്ദീൻ റിപ്പോർട്ട് വായിക്കാൻ തുടങ്ങി. മാഷ് തടഞ്ഞു…

‘ ഔപചാരികതയൊന്നും വേണ്ട. എന്താണ് ഇത്രയും നാൾ ഇവിടെ നടന്നുകൊണ്ടിരുന്നത്.. ‘

‘ഈ സംഭവിച്ചപോലെ ഭീകരപ്രശ്നങ്ങളൊന്നും ഇതുവരെയില്ലായിരുന്നു സാറെ.. പുതിയപിള്ളേരല്ലേ.. തമാശക്ക് ചിലതൊക്കെ ചെയ്യാറിണ്ട്..’

സീനിയറിലൊരാൾ ന്യായീകരണം തുടങ്ങി…

പെട്ടെന്ന് ഭാസി എഴുന്നേറ്റു.. പയ്യന്നൂർക്കാരനാണ്. പക്കാ പാർട്ടിക്കാരൻ. ഈ കോളേജിൽ  അല്ലായിരുന്നുവെങ്കിൽ രാഷ്ട്രീയത്തിലൊക്കെ ശോഭിക്കേണ്ടവനാണ്. കലാസാഹിത്യകാരൻ. മൊത്തത്തിൽ കോളേജിൽ പ്രമുഖനാണ്. സ്വതവേ അവന്‍റെ നേതൃത്വം അവിടെ ഒട്ടേറെപ്പേർ അംഗീകരിച്ചിട്ടുണ്ട്.. റാഗിംഗ് വിഷയത്തിൽ പുള്ളിക്ക് നിഷ്ക്രിയമായ കൂറായിരുന്നു. അനീതിയെന്ന് അവന്  തോന്നുന്ന മറ്റെന്തിലും ശബ്ദം ഉയർത്തിയിരുന്ന പുള്ളി ഒരിക്കലും അതിനെയെതിർത്ത് സംസാരിച്ചിരുന്നില്ല. എന്നാൽ, അവനിതുവരെ സ്വയം ആ പണിചെയ്യാൻ പോയിട്ടുമില്ല.. അതാണ് പറഞ്ഞത് നിഷ്ക്രിയമായ ഒരു കൂറ്..

‘ നടന്നുകൊണ്ടിരുന്നതൊന്നും പുറത്ത് പറയാൻ കൊള്ളുന്നതല്ല..’

അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. പിന്നെ ആ വൃത്തികേടുകൾ അയാൾ ഒന്നൊന്നായി പറഞ്ഞുതുടങ്ങി. തുണിയഴിപ്പിക്കൽ, സുനത്തീവണ്ടി, ചെകിട്ടത്തുള്ള എണ്ണം പറഞ്ഞ അടി.. അതായിരുന്നു മാഷിനും കേൾക്കേണ്ടിയിരുന്നത്. മുഴുവൻ സത്യത്തിന്‍റെയും ഏറ്റുപറച്ചിൽ. ആ ഭീകരത മറനീക്കിപ്പുറത്തുവന്നു. ലാറ്ററൽസ് പറഞ്ഞിരുന്നു എങ്കിൽ അത് ഒരു കുറ്റപ്പെടുത്തലിന്‍റെ രൂപത്തിൽ വായിക്കുമായിരുന്നു മറ്റുള്ളവർ. ഇത് അങ്ങനെയല്ല. ഒപ്പമെന്നു കരുതിയവന്‍റെ  മാനസാന്തരമാണ്. മാപ്പുസാക്ഷിത്വമാണ്… സ്വയംവിമർശനത്തിന് വിമർശനത്തേക്കാളേറെ ശുദ്ധീരണശേഷിയുണ്ട്. തന്‍റെ നിശബ്ദതതയുടെ പിൻതാങ്ങൽ, അവർ ചെയ്തതിലേറെ വലിയ തെറ്റായെന്ന് ഭാസിയ്ക്ക് തോന്നിയിട്ടുണ്ടാകും.. അതങ്ങനെയാണ്. നീതിമാന്‍റെ മൗനമാണ് വ്യവസ്ഥിതിയിലെ അപകടകരമായ കുറ്റം. അത് ജനസമ്മതികൊണ്ടോ സാങ്കേതികത്വംകൊണ്ടോ നേതൃത്വം ഏല്പിക്കപ്പെട്ടവർ ചെയ്യുമ്പോൾ പ്രത്യേകിച്ചും. ഭാസിയുടെ ഈ മൗനസമ്മതിയെ ശാന്തൻ മുൻപേ വിമർശിച്ചിട്ടുള്ളതാണ്. അന്ന്, ഏറ്റവും അനിവാര്യമായ സമയത്ത് അവൻ ആ തെറ്റ് തിരുത്തി. താൻ ഇത്രകാലം വാർഡനായിരുന്ന ഹോസ്റ്റലിൽ നടന്നതെല്ലാം കേട്ട് മാഷ് തലകുനിച്ചു…

ലാറ്ററൽസിന്‍റെ പ്ലാനിംഗിന് വെളിയിലായിരുന്നു ഭാസി. അതവർക്ക് ബോണസായിരുന്നു. അന്നവിടെവച്ച് എം.എച്ചിലെ പീഡനപർവം അവസാനിച്ചു…

‘നമുക്കിത് ഇനിയെങ്കിലും..  നമ്മുടെ ബാച്ചോടെ ഈപ്പണി നിർത്തണം..’

ഭാസി വികാരാധീനനായി പറഞ്ഞു..

‘യാതൊരുവിധ ഭൗതികനേട്ടവുമില്ലെന്നിരിക്കിലും മനുഷ്യൻ മനുഷ്യനെ വേദനപ്പിക്കുക.. എന്തെങ്കിലും മാനദണ്ഡത്തിൽ അപരത്വം സൃഷ്ടിക്കുക. അതിൽ ആനന്ദം കണ്ടെത്തുക. എന്നിട്ടത് സംഘശക്തി വളർത്താനും സംസ്കാരരൂപീകരണത്തിനും വ്യക്തിയെ മനോവീര്യമുള്ളവനുമാക്കിമാറ്റാനാണെന്ന്  നിരന്തരം ന്യായം പറയുക.. ഇതിന്‍റെ പേരാണ് ഫാസിസം.. ചിലർക്ക് നേതൃത്വത്തിന്‍റെ സുഖം നുകരാൻ, അതിനെ ആസ്വദിക്കാൻ ഒരു വഴി വേണമായിരുന്നു. രാജ്യത്ത് ജനാധിപത്യം വന്നിട്ട് കൊല്ലം പത്തെഴുപതായെന്ന് പറയുന്നു.. ജീവിതത്തിലതെവിടെ…’

വിപിൻ നിരാശയോടെ പറഞ്ഞു..

‘തത്വശാസ്ത്രം പറയാൻകൊള്ളാം.. ആളെക്കൂട്ടി കോളേജിലൊരു പരിപാടി നടത്തണമെങ്കിൽ ഇവരെക്കൊണ്ട് പണിയെടുപ്പിക്കണം. പറഞ്ഞാ കേക്കണെങ്കില് ആദ്യം ഇങ്ങനെയൊക്കെ അനുസരണ പഠിപ്പിക്കണം..’

ആരായിരുന്നു അത് പറഞ്ഞത്. പക്ഷേ, ചർച്ച ആ വഴി പോയില്ല. പിന്നീട് ചെയർമാനായി മാറിയ ജതിൻ എണീറ്റു..

‘പല കാരണങ്ങൾ പറഞ്ഞ് നമ്മളിത് നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നമ്മുടെ സാഹോദര്യത്തിനും കോളേജിന്‍റെ വിജയങ്ങൾക്കുമെല്ലാം കാരണം ഇങ്ങനെയുണ്ടാക്കിയ സംഘബലമാണെന്ന് ഞാനും കരുതിയിരുന്നു. ഷിഹാബ് പറഞ്ഞതുപോലെ അത് ശരിയായിരുന്നെങ്കിൽ നമുക്കിടയിൽ ലാറ്ററൽസിന് ഇങ്ങനെ ചേർന്ന് നില്ക്കാനാവില്ലല്ലോ. അല്ല, അതിനി ശരിയാണെങ്കിൽ പോലും, എങ്ങോ വായ്ച്ചിട്ടിണ്ട് സൈനികപരിശീലനം വ്യക്തിയെ പടിപടിയായി നശിപ്പിച്ച് പകരം സംഘബോധം വളർത്തിയെടുക്കുന്ന ഒരു പരിപാടിയാണെന്ന്.  നമുക്ക് അങ്ങനെയൊരു അച്ചടക്കവും ഐക്യവും ഇനി വേണ്ട…’

കുറച്ച് സമയം അവിടെ നിശബ്ദതയായിരുന്നു.

പിന്നെ, ആരോ തുടർച്ചയായി തുടയിൽ അടിക്കുന്ന ശബ്ദം കേട്ടു. ഞാൻ ജനൽ വിടവിലൂടെ നോക്കി.. അത് കെ.എസ് തന്നെയായിരുന്നു. പതുക്കെ ഓരോരുത്തരായി കൈയ്യടിക്കാൻ തുടങ്ങി..

ഒടുവിൽ ഐക്യകണ്ഠമായ ഒരു തീരുമാനമായി…

ശാന്തന്‍റെ രണ്ട് ചുമലിലും പിടിച്ചുകുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു..

‘ റാഗിംഗ് തീർന്നു.. റാഗിംഗ് തീർന്നു.. ‘

അവൻ കണ്ണിറുക്കിയടച്ച് ശാന്തഗംഭീരമായ ഒരു പുഞ്ചിരിയോടെ ഇരുന്നു.. കണ്ണുകളിൽ നിന്ന് ആനന്ദം ഒഴുകിക്കൊണ്ടേയിരുന്നു…

അന്ന് ഞാൻ വീണ്ടും ശുഭാപ്തിവിശ്വാസമുള്ള മനുഷ്യനായി..

അങ്ങനെ, ഒരു കണക്കിൽ ഈ കോണകം ഒരു ഗൃഹാതുരതയാണ്. പക്ഷേ, ഭാവിയിലേക്ക് പ്രതീക്ഷ തരുന്ന, വർത്തമാനത്തിൽ പ്രവർത്തിക്കുന്ന, ഞാൻ ഞാനായ കാലത്തിന്‍റെ ഓർമയുമാണ്.

* * * * * *

കഥയവസാനിച്ചു. അവൾ അവനെ ബലമായി ചേർത്ത്പിടിച്ചു. അവൻ കോണകമഴിച്ച് മാറ്റി. അവർ ഇണചേർന്നു…

ഒരേ സമയം രണ്ട് സൃഷ്ടികൾക്കുള്ള ബീജാണ്ഡസംയോഗം അവിടെ നടന്നിരിക്കുന്നു.. അത് ശാന്തനും വിപിനും സ്വപ്നം കണ്ടിരുന്ന സാമൂഹ്യവിപ്ലവത്തിന്‍റെ ഭാഗം തന്നെയായിരുന്നു.. കവിതയുണ്ടായി.. അവൾക്കെഴുതാൻ പുതിയ കഥയുണ്ടായി.. അവിടെ രതി പ്രേമത്തിന്‍റെ ശരീരഭാഷയായി.. കാമം അതിന്‍റെ കേവലമായ ഉൽപ്രേരകം മാത്രമായി… അങ്ങനെ അവൾ അവന്‍റെ മുറിവിലെ അവസാനത്തെ വടുവും മായ്ച്ചുകളഞ്ഞിരിക്കുന്നു..

(adsbygoogle = window.adsbygoogle || []).push({});

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...